TopTop

ഇതാണ്, ഈ വീഡിയോ ദൃശ്യങ്ങളാണ് നമ്മുടെ 'പുതിയ ഇന്ത്യ'; ലജ്ജിക്കുക

ഇതാണ്, ഈ വീഡിയോ ദൃശ്യങ്ങളാണ് നമ്മുടെ

എഡിറ്റോറിയല്‍

പുതിയ ഇന്ത്യ എന്ന വാഗ്ദാനവുമായാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടാം വട്ടവും അധികാരത്തിലേറിയത്. എന്നാല്‍ 2020-ലെ ഇന്ത്യ എവിടെ എത്തി നില്‍ക്കുന്നു എന്ന് തെളിയിക്കുന്ന ഏതാനും ദൃശ്യങ്ങളാണ് ഞങ്ങള്‍ താഴെ കൊടുക്കുന്നത്. വായനക്കാര്‍ക്ക് തങ്ങളുടേതായ നിഗമനത്തില്‍ എത്താം.

1. ഇത് ഉത്തര്‍പ്രദേശിലെ അലഹബാദില്‍ നിന്ന്. ഉന്നതജാതിക്കാരായ താക്കൂര്‍ സമുദായത്തിലെ ചെറുപ്പക്കാര്‍ ദിവസവും തങ്ങള്‍ താമസിക്കുന്നിടത്ത് എത്തി തങ്ങളുടെ പെണ്‍മക്കളെ പിടിച്ചു കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുന്നുവെന്ന് ഒരു സ്ത്രീ കരഞ്ഞു പറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും തയാറാകുന്നില്ലെന്നും അവര്‍ പറയുന്നു. കാരണം? ഇതില്‍ കേസെടുക്കേണ്ട പോലീസ് ഉദ്യോഗസ്ഥന്‍ താക്കൂര്‍ സമുദായക്കാരനാണ്. പ്രതികളും താക്കൂര്‍ സമുദായക്കാരാണ്. അതിനാല്‍ കേസില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്ന പേരിലറിയപ്പെടുന്ന അജയ് സിംഗ് ബിഷ്ഠും താക്കൂര്‍ സമുദായക്കാരനാണ്.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം അലഹബാദിന്റെ പേര് മാറ്റി പ്രയാഗ്‌രാജ് എന്നാക്കിയിരുന്നു. ഈ സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരില്‍ 21 പേരെ വെടിവച്ചു കൊന്നിട്ട് അധികനാളായിട്ടില്ല. ഇപ്പോഴും നിരവധി പേര്‍ ജയിലില്‍ കഴിയുന്നു. കൊല്ലപ്പെട്ടവര്‍ മുസ്ലീങ്ങളാണ്. എന്നാല്‍ മുസ്ലീങ്ങള്‍ക്കെതിരെ മാത്രമാണോ ഇവിടെ അതിക്രമം? അല്ല എന്നതാണ് താഴെക്കൊടുക്കുന്ന ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. താഴ്ന്ന സമുദായക്കാര്‍ക്കെതിരെ വ്യാപക അതിക്രമങ്ങളാണ് യുപിയില്‍ നടക്കുന്നത്. മത, ജാതി അതിക്രമങ്ങളുടെ തലസ്ഥാനമാണ് ഇപ്പോള്‍ യുപി.2. ഇത് പശ്ചിമ ബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പൗരത്വ ഭേദഗതി നിയമവും ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭവും തന്നെയാണ് അയാളുടെയും വിഷയം. ബിജെപി ഭരിക്കുന്നിടത്ത് തങ്ങള്‍ക്കെതിരെ സംസാരിച്ചവരുടെ അവസ്ഥ കണ്ടില്ലേ? പട്ടികളെ പോലെ വെടിവച്ചു കൊന്നു എന്നാണ് അയാള്‍ നടത്തിയ പൊതു പ്രസംഗം. ഓര്‍ക്കണം, രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഒരു സംസ്ഥാനത്തെ അധ്യക്ഷനാണ് മനുഷ്യ ജീവനെക്കുറിച്ച് ഇവ്വിധം സംസാരിക്കുന്നത്. അയാള്‍ക്ക് ഇതുവരെ ഒരു സ്ഥാനചലനവും ഉണ്ടായിട്ടില്ല.ഇത് ആദിത്യനാഥ് മന്ത്രിസഭയിലെ അംഗമായ രഘുരാജ് സിംഗ് നടത്തിയ കൊലവിളിയാണ്. നരേന്ദ്ര മോദിക്കും ആദിത്യനാഥിനും എതിരെ സംസാരിക്കുന്നവരെ ജീവനോടെ കത്തിക്കും എന്നാണ് ഈ മന്ത്രി അലറുന്നത്. മനുഷ്യരെ ജീവനോടെ കത്തിക്കുന്ന കാര്യം ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ക്ക് പുത്തിരിയല്ല. ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള നിരവധി കലാപങ്ങള്‍ അതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്തിനേറെ, നോട്ട് നിരോധനം നടപ്പാക്കിക്കഴിഞ്ഞ് മോദി പറഞ്ഞതും 50 ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാര്യങ്ങള്‍ ശരിയായില്ലെങ്കില്‍ തന്നെ ജീവനോടെ തീ കൊളുത്തിക്കോളൂ എന്നാണ്. വിദ്വേഷവും അക്രമവുമാണ് ഉള്ളിലുള്ള ഏക വികാരം. അതാണ് ഈ വിധത്തില്‍ പുറത്തു വരുന്നത്.ഇനി പ്രബുദ്ധ കേരളത്തിലേക്ക് വരിക. ഇന്നലെ കുറ്റ്യാടിയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു കൊണ്ട് നടന്ന ബിജെപി-ആര്‍എസ്എസ് റാലിയില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടായേക്കില്ല. ആ വാക്കുകള്‍ എടുത്തെഴുതി ഇവിടം ഞങ്ങള്‍ മലിനമാക്കുന്നില്ല. കേട്ടു നോക്കുക.പൗരത്വ ഭേദഗതിയുടെ കാര്യത്തിലായാലും ജെഎന്‍യു അടക്കമുളള വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ കാര്യത്തിലായാലും മോദിയും അമിത് ഷായും തുടര്‍ച്ചയായി ഉപയോഗിക്കുന്ന രണ്ട് പ്രയോഗങ്ങളാണ് 'തുക്‌ടെ തുക്‌ടെ ഗ്യാംഗ്', 'ആന്റി-നാഷണല്‍' എന്നിവ. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച ആര്‍ടിഐ അന്വേഷണങ്ങള്‍ ഇങ്ങനെയാണ്. ആരാണ് തുക്‌ടെ തുക്‌ടെ ഗ്യാംഗ്? ഇവര്‍ക്കെതിരെ എന്തൊക്കെ നടപടിയെടുത്തു? എന്നാണ് ചോദ്യം. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ തലയില്‍ കൈവച്ചിരുന്നുപോയി എന്നാണ് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാരണം, രേഖകള്‍ പ്രകാരം അങ്ങനെയൊന്നില്ല. അതുള്ളത് ബിജെപി നേതാക്കളുടെ പ്രസംഗത്തില്‍ മാത്രമാണ്. തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാന്‍ മോദിയും അമിത് ഷായും തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ എത്ര വേഗമാണ് ഒരു ദേശീയ നരേറ്റീവിന്റെ ഭാഗമാകുന്നത് എന്നു നോക്കൂ.

*********

കഴിഞ്ഞ ദിവസം എന്‍ഡിടിവി നടത്തിയ ഒരു അവലോകനത്തില്‍ പറയുന്നത് പൗരത്വ ഭേദഗതി നിയമത്തിനു ശേഷം നേതാക്കള്‍ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങള്‍ 700 ശതമാനം വര്‍ധിച്ചു എന്നാണ്. സോഷ്യല്‍ മീഡിയകളിലും മറ്റും പടച്ചുവിടുന്ന പ്രൊപ്പഗണ്ടകളും കള്ളങ്ങളും വെറുപ്പ് നിറഞ്ഞ കാര്യങ്ങള്‍ക്കും പുറമെയാണിത്.

ഒരു ആധുനിക ജനാധിപത്യ രാജ്യം എന്ന നിലയില്‍ ഇന്ത്യ എന്തായിരുന്നോ അത് മുഴുവന്‍ നമുക്ക് കൈമോശം വന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് വെറുപ്പ് പടര്‍ത്തുന്ന, മറ്റുള്ളവര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന, മനുഷ്യരെ തല്ലിക്കൊല്ലുന്ന, ഭിന്നാഭിപ്രായങ്ങളെ ശത്രുതയോടെ കാണുന്ന, ശാസ്ത്രീയ വിജ്ഞാനങ്ങളും പഠനവുമൊക്കെ അലര്‍ജിയായ, എല്ലാ സാംസ്കാരിക മൂല്യങ്ങളും നഷ്ടപ്പെട്ട അപരിഷ്കൃതരായ ഒരുകൂട്ടം കോമാളിക്കൂട്ടങ്ങളായി നാം അധ:പതിച്ചിരിക്കുന്നു.


Next Story

Related Stories