TopTop
Begin typing your search above and press return to search.

കൊറോണ: കടുത്ത വെല്ലുവിളികളാണ് നമുക്ക് മുന്നിലുള്ളത്, ഉപേക്ഷയും അലംഭാവവും കാണിക്കാനുള്ള സമയവുമല്ല

കൊറോണ: കടുത്ത വെല്ലുവിളികളാണ് നമുക്ക് മുന്നിലുള്ളത്, ഉപേക്ഷയും അലംഭാവവും കാണിക്കാനുള്ള സമയവുമല്ല

എഡിറ്റോറിയല്‍

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയിലെ ആദ്യ മരണം കര്‍ണാടകത്തിലെ ഗുല്‍ബര്‍ഗിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ഗുരുതരമായ അശ്രദ്ധയും പിഴവുകളുമാണ് ഇയാളുടെ കാര്യത്തില്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത് എന്ന് പറയാതിരിക്കാന്‍ കഴിയില്ല. ഇക്കഴിഞ്ഞ മാര്‍ച്ച് ആറിന് രോഗലക്ഷണങ്ങള്‍ കാണിച്ച ഇയാളെ ഐസൊലേറ്റ് ചെയ്യുന്നതിനു പകരം ഡിസ്ചാര്‍ജ് ചെയ്യുകയാണ് ഉണ്ടായത്. തുടര്‍ന്ന് ഇയാള്‍ റോഡ് മാര്‍ഗം സഞ്ചരിച്ച് ഹൈദരാബാദിലെ മൂന്ന് ആശുപത്രികളില്‍ എത്തി. തുടര്‍ന്ന് അവിടെ നിന്നും ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷം തിരിച്ചെത്തിയപ്പോഴാണ് മരണം സംഭവിക്കുന്നത്. ഇത്തരം മഹാമാരികള്‍ ഉണ്ടാകുമ്പോള്‍ ശവസംസ്‌കാരത്തിലടക്കം ഉണ്ടാകേണ്ട പ്രോട്ടോക്കോളുകള്‍ പാലിക്കാതെ സംസ്‌കാരം നടത്തി. ഇയാളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പിന്നീട് പരിശോധിച്ചപ്പോഴാണ് മരണമുണ്ടായത് കൊറോണ വൈറസ് ബാധ മൂലമാണെന്ന് വ്യക്തമാകുന്നത്. പൊതുഗതാഗത മാര്‍ഗങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവയൊക്കെയായി അതിനകം തന്നെ നൂറുകണക്കിന് മനുഷ്യരുമായി അയാള്‍ക്ക് സമ്പര്‍ക്കമുണ്ടായി. ഇവരെയൊക്കെ കണ്ടെത്തുകയും ഐസൊലേറ്റ് ചെയ്യുകയും ചെയ്യുക എന്ന ഭാരിച്ച ജോലിയാണ് ഇനി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മുന്നിലുള്ളത്.

ഇത്തരത്തിലുള്ള അലംഭാവവും സ്ഥിതിഗതികളെ കാര്യഗൗരവത്തോടെ പരിഗണിക്കാനുമുള്ള സന്നദ്ധതയും നമുക്ക് ഇല്ല എന്നത് ഏറെ ഗുരുതരമായ കാര്യമാണ്. ഇറ്റലിയില്‍ നിന്ന് തിരിച്ചെത്തിയ പത്തനംതിട്ടയിലെ കുടുംബം എല്ലാ നിയന്ത്രണങ്ങളെയും മറികടന്ന് കാണിച്ച അശ്രദ്ധയാണ് ഇന്ന് ഒരു ജില്ല മുഴുവന്‍ പൂര്‍ണമായി സ്തംഭിക്കുന്നതിലേക്ക് നയിച്ചത് എന്ന് സര്‍ക്കാര്‍ തന്നെ പറയുകയുണ്ടായി. ഇതില്‍ നിന്നു വ്യത്യസ്തമായും കാര്യങ്ങള്‍ നടക്കുന്നുണ്ട. ബൈക്കില്‍ ലോകം കറങ്ങുന്ന മലയാളി വേ്‌ളാഗര്‍

ഷക്കീര്‍

ഇറാനില്‍ പോയ കാര്യം സ്വയം വെളിപ്പെടുത്തി മൂന്നു ദിവസം ഐസൊലേഷനില്‍ കിടക്കുകയും രോഗബാധയില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് മാത്രം വീട്ടിലേക്ക് പോവുകയും ചെയ്തതാണ് ഒരു സംഭവം. മറ്റൊന്ന്, ഇറ്റലിയില്‍ പഠിക്കാന്‍ പോയി തിരികെയെത്തിയ മകള്‍ക്ക് യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതിരുന്നിട്ടും എല്ലാവിധ നിയന്ത്രണങ്ങളും പാലിച്ച് വീട്ടില്‍ സ്വയം ഒറ്റപ്പെട്ട് കഴിയാന്‍ കോട്ടയത്തെ ഒരു ടീച്ചറും കുടുംബവും തീരുമാനിച്ചതാണ്. അതൊരു വലിയ മാതൃകയാണ്. എന്നാല്‍ അതിനോട് നമ്മുടെ സമൂഹം പ്രതികരിച്ചതോ? മാധ്യമ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ ആ കുടുംബത്തിനെതിരെ വലിയ കുപ്രചരണങ്ങളാണ് ഒരു വിഭാഗം ജനങ്ങളില്‍ നിന്നുണ്ടാകുന്നത്. രോഗബാധയുടെ പേരില്‍ ഒരാളെയും സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താനും അവരെ അവമതിക്കാനുമല്ല നാം ശ്രമിക്കേണ്ടത്. മറിച്ച് ശാസ്ത്രീയമായ രീതിയില്‍ നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കുന്നവരെ ആദരിക്കുകയാണ് നമ്മുടെ സമൂഹം ചെയ്യേണ്ടത്. കാരണം, അതൊരു വലിയ ഉത്തരവാദിത്തമാണ്. ഇപ്പോള്‍ കൂടുതലായും വിദേശരാജ്യങ്ങളില്‍ യാത്ര ചെയ്തു വന്നവര്‍ക്കാണ് അസുഖ ബാധ കണ്ടെത്തിയിട്ടുള്ളതെങ്കിലും അത് സമൂഹത്തില്‍ നിയന്ത്രണമില്ലാതെ പടര്‍ന്നു പിടിച്ചാല്‍ ഉണ്ടാകുന്ന അവസ്ഥ അതീവ ഗുരുതരമായിരിക്കും. അത് തടയാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ഐസൊലേഷനും മറ്റ് നിയന്ത്രണങ്ങളുമെന്ന് എല്ലാവരും മനസിലാക്കുകയാണ് വേണ്ടത്.

കേരളം പൊതുവെ ഇക്കാര്യത്തില്‍ വലിയ ശ്രദ്ധയും കാര്യക്ഷമതയും കാണിക്കുന്നുണ്ട്. എന്നാല്‍ ഇത് കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന കാര്യമല്ല. അമേരിക്കയില്‍ രോഗബാധ ഉണ്ടായാലും അത് കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ വരെ എത്തിയേക്കാം എന്ന സ്ഥിതിവിശേഷം നിലനില്‍ക്കുന്നതു കൊണ്ടാണ് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന (WHO) ഇതിനെ മഹാമാരിയായി വിശേഷിപ്പിച്ചത്. അത് വളരെ പ്രധാനമാണ്. കാരണം, ചൈനയില്‍ ഡിസംബര്‍ പകുതിയോടെ രോഗബാധ സ്ഥിരീകരിച്ചു കഴിഞ്ഞ ശേഷം ജനുവരി 30-ന് ലോകരോഗ്യ സംഘടന രോഗബാധയുടെ ഗൗരവാവസ്ഥ കാര്യമായി തന്നെ വ്യക്തമാക്കിയിരുന്നു. 'ആഗോള തലത്തില്‍ പൊതുജന ആരോഗ്യത്തിന് ആശങ്കയുണ്ടാക്കുന്ന കാര്യമാണ് ഇത്' എന്നാണ് ഡബ്ല്യുഎച്ച്ഒ അന്ന് വ്യക്തമാക്കിയത്. തുടന്ന് ഫെബ്രുവരി 22-നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. 'രോഗബാധ നിയന്ത്രിക്കാനുള്ള അവസരങ്ങള്‍ കുറഞ്ഞു വരികയാണ്' എന്നതായിരുന്നു ആ മുന്നറിയിപ്പ്. എന്നാല്‍ ലോകം ഇത് കേട്ടോ? ഇല്ല എന്നതാണ് ഉത്തരം. കാരണം, ജനുവരിയിലെ മുന്നറിയിപ്പ് പുറത്തു വന്നതിനു ശേഷം ഫെബ്രുവരി മൂന്നാമത്തെ ആഴ്ചയില്‍ രോഗം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നു. മരണസംഖ്യ കൂടി. ഫെബ്രുവരി അവസാന ആഴ്ചയിലും മാര്‍ച്ച് ആദ്യവുമായി രോഗം പടര്‍ന്നത് 13 മടങ്ങാണ്. ഇപ്പോള്‍ 114 രാജ്യങ്ങളിലായി 4,718 പേരാണ് മരിച്ചത്. 1.27 ലക്ഷം മനുഷ്യര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടായ ഉപക്ഷേയാണ് ഇക്കാര്യത്തില്‍ എടുത്തു പറയേണ്ടത്. ലോകത്ത് അതിവേഗത്തില്‍ രോഗം പടര്‍ന്നു പിടിച്ചിട്ടും മാര്‍ച്ച് എട്ട് വരെ വെറും 1707 പേരില്‍ മാത്രമാണ് അമേരിക്ക കൊറോണ വൈറസ് ബാധയുണ്ടോ എന്ന പരിശോധന നടത്തിയത്. രോഗം 'സ്വയം അപ്രത്യക്ഷമായിക്കൊള്ളും' എന്നും വലിയ 'അത്ഭുതം' സംഭവിച്ച് രോഗം മാറുമെന്നും 'വിദേശ വൈറസ്' അമേരിക്കയെ ബാധിക്കില്ല എന്നുമൊക്കെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിടുവായത്തരം പറയുമ്പോള്‍ രോഗം വലിയ തോതില്‍ പടര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. എന്തിനേറെ അമേരിക്കയില്‍ തിരികെയെത്തിയ ഇന്ത്യക്കാരില്‍ പോലും രോഗം സ്ഥിരീകരിക്കപ്പെട്ടു.

കര്‍ണാടകത്തില്‍ മരിച്ച ഒരാളും കേരളത്തില്‍ രോഗം ബാധിച്ച 19 പേരും ഉള്‍പ്പെടെ ഇന്ത്യയില്‍ ആകെ 79 പേര്‍ക്കാണ് രോഗബാധ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ലോകാരോഗ്യ സംഘടനയുടെ അവസാന മുന്നറിയിപ്പുകള്‍ പുറത്തു വരുന്നതിനോട് അനുബന്ധിച്ചാണ് കേന്ദ്ര സര്‍ക്കാരും കൊറോണ വൈറസിന്റെ ഭീഷണി എന്നത് കാര്യമായി പരിഗണിക്കാന്‍ തുടങ്ങിയത് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. സന്ദര്‍ശക വിസ അടക്കമുള്ളവ നിര്‍ത്തി വച്ചും വിദേശങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവരെ നിര്‍ബന്ധിത പരിശോധനയ്ക്ക് വിധേയമാക്കിയുമൊക്കെ ഇപ്പോള്‍ നമ്മുടെ രാജ്യം കുറെയൊക്കെ രോഗബാധയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ മാര്‍ച്ച് അഞ്ചിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു കാര്യം, വിദേശത്ത് നിന്ന് വന്നവര്‍ക്ക് മാത്രമല്ല, അവരില്‍ നിന്ന് അസുഖം പടര്‍ന്നിട്ടുള്ള മറ്റുള്ളവരും ഉണ്ട് എന്നതായിരുന്നു അത്. അത് ഏറെ ആശങ്കപ്പെടുത്തുന്നതുമായിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ഇക്കാര്യം വിശേഷിപ്പിച്ചത്, നിയന്ത്രണങ്ങളില്ലാതെ പടരുന്നു എന്നതല്ല ആ പ്രസ്താവന കൊണ്ട് വ്യക്തമാക്കിയതെന്നും മറിച്ച് രോഗബാധ പിടിപെടുന്നവരെ കണ്ടെത്താന്‍ സാധിക്കുന്നുണ്ട് എന്നുമാണ്. എന്നാല്‍ മുകളില്‍ പറഞ്ഞ കര്‍ണാടകയിലെ രോഗിയുടെ കാര്യത്തില്‍ സംഭവിച്ചതു പോലുള്ള പിഴവുകള്‍ എത്രയെന്ന് നമുക്ക് ഇപ്പോള്‍ പറയാറായിട്ടില്ല. കാരണം, നമ്മുടെ രാജ്യത്തെ പൊതുജനാരോഗ്യ മേഖല എന്നത് യാതൊരു വിധത്തിലും പുരോഗമിച്ചിട്ടില്ല. ഇത്തരത്തിലുള്ള പിഴവുകളിലൂടെ ഒരു രോഗിയില്‍ നിന്നു പോലും നൂറുണക്കിന് മനുഷ്യരിലേക്ക് രോഗം പടരാം എന്നതുകൊണ്ട് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ തന്നെയാണ് ആവശ്യം. ഡല്‍ഹിയില്‍ സ്‌കൂളുകളും തീയേറ്ററുകളും ഒക്കെ അടച്ചിട്ടുള്ള നടപടി അതിന്റെ ഭാഗമായിരുന്നു. ഇത് ഒരുപക്ഷേ, എല്ലായിടത്തും ആവശ്യവുമായി വന്നേക്കാം.

മനുഷ്യര്‍ ഒറ്റക്കെട്ടായി ഒരു മഹാമാരിയെ എങ്ങനെ പ്രതിരോധിക്കണമെന്ന വെല്ലുവിളിയാണ് ഇന്ന് നിലവിലുള്ളത്. രോഗം ബാധിച്ച് മനുഷ്യര്‍ മരിക്കുന്നതു മാത്രമല്ല നമുക്ക് മുന്നിലുള്ള വെല്ലുവിളി. ആഗോളാടിസ്ഥാനത്തില്‍ സമ്പദ്‌വ്യവസ്ഥ തകര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലാകട്ടെ, നരേന്ദ്ര മോദി സര്‍ക്കാരിന്റെ കുത്തഴിഞ്ഞ നയങ്ങള്‍ മൂലം ഇതിനകം തന്നെ തകര്‍ന്നു തരിപ്പണമായ സമ്പദ്‌വ്യവസ്ഥയ്ക്ക് മേലുള്ള ഇരട്ടപ്രഹരണമാണ് കൊറോണ വൈറസ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു രാജ്യം അടച്ചിടുക എന്നതിന് അര്‍ത്ഥം അവിടുത്തെ ഉത്പാദന, സേവന മേഖലകളെയെല്ലാം അത് ബാധിക്കും എന്നതും കൂടിയാണ്. ഇവിടെ കൂടുതല്‍ തൊഴില്‍ നഷ്ടവും കൂടുതല്‍ പ്രതിസന്ധിയും ഉണ്ടാകും. എന്നാല്‍ ഇതിനെ ഏതെങ്കിലും വിധത്തില്‍ നേരിടാനുള്ള ശ്രമങ്ങളോ പ്രഖ്യാപനങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല. രണ്ടാം ദിവസവും ഓഹരി വിപണി കൂപ്പുകുത്തിയിരിക്കുകയാണ്. ലക്ഷക്കണക്കിന് കോടി രൂപയാണ് ഒഴുകിപ്പോയത്. ടൂറിസത്തേയും സേവന മേഖലയേയും വലിയ തോതില്‍ ആശ്രയിക്കുന്ന കേരളവും സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടാകാന്‍ പോകുന്ന തിരിച്ചടികളെ എങ്ങനെ മറികടക്കും എന്ന് ആലോചിക്കേണ്ടതുണ്ട്. വെല്ലുവിളികളെ നേരിടാന്‍ ഒരു ജനത സന്നദ്ധമായാല്‍ അവര്‍ അതിജീവിക്കും എന്നതിന് യാതൊരു സംശയവുമില്ല.

Next Story

Related Stories