TopTop
Begin typing your search above and press return to search.

നമ്മുടെ ചിന്തകളെ പോലും പേടിക്കണം, മോദി രാഷ്ട്രീയം നാളെ അതില്‍ ഒരു ശത്രുവിനെ കണ്ടെത്തിയേക്കാം

നമ്മുടെ ചിന്തകളെ പോലും പേടിക്കണം, മോദി രാഷ്ട്രീയം നാളെ അതില്‍ ഒരു ശത്രുവിനെ കണ്ടെത്തിയേക്കാം

എഡിറ്റോറിയല്‍

നരേന്ദ്ര മോദി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന്റെ അടിസ്ഥാനമെന്നത് എല്ലായ്‌പ്പോഴും ഒരു 'ശത്രു'വിനെ മുന്‍നിര്‍ത്തിയുള്ളതാണ്. അത് ആരുമാകാം, മുസ്ലീങ്ങള്‍, 'അര്‍ബന്‍ നക്‌സലുക'ള്‍, ഭീകരവാദികള്‍, കാശ്മീരികള്‍, മതേതരവാദികള്‍.. ആ പട്ടിക വളരെ നീണ്ടതാണ്; സാഹചര്യങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും അനുസരിച്ച് ഓരോ വിഭാഗങ്ങളെ ശത്രുക്കളായി മുന്നില്‍ നിര്‍ത്തിയാണ് മോദി രാഷ്ട്രീയം മുന്നോട്ടു പോകുന്നത്. ഒരു സാധാരണ മനുഷ്യനെ മുന്നില്‍ നിര്‍ത്തി നോക്കൂ, മോദി പ്രതിനിധീകരിക്കുന്ന രാഷ്ട്രീയം എത്ര വേഗമായിരിക്കും അയാളെ ശത്രുവെന്ന് മുദ്രകുത്തുന്നത് എന്നു നമ്മള്‍ കാണുന്നുണ്ട്. ഇതിനൊക്കെയായി അവര്‍ നട്ടെല്ലില്ലാത്ത പോലീസ് വിഭാഗങ്ങളെയും ഇന്റലീജന്‍സ് ഏജന്‍സികളെയുമൊക്കെ കൊണ്ട് കല്‍പ്പിത കഥകള്‍ ഉണ്ടാക്കിക്കും. പിന്നീട് അവരെ ആക്രമിക്കാനായി തങ്ങളുടെ 'ഹിറ്റ്മാന്‍' സംഘത്തെ അയയ്ക്കും. പിന്നാലെ അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന നാണംകെട്ട മാധ്യമങ്ങളെ കൊണ്ട് കള്ളം പ്രചരിപ്പിക്കും.

ഇത് ഒരു പാറ്റേണാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയം മുതല്‍ അനുവര്‍ത്തിച്ചു വരുന്നത്. അതു കഴിഞ്ഞ് ഒന്നര ദശകത്തിനു ശേഷം ഡല്‍ഹിയില്‍ അധികാരത്തിലേറുമ്പോള്‍ മോദി മുഴക്കിയ മുദ്രാവാക്യം സബ്കാ സാത്ത്, സബ്കാ വികാസ് എന്നായിരുന്നു. പലരും കരുതിയത്, ശത്രുക്കളെ സൃഷ്ടിച്ച് അവരില്‍ കൂടി മുന്നോട്ടു പോകുന്ന ഗുജറാത്ത് മോഡല്‍ രാഷ്ട്രീയത്തിന് അതോടെ അറുതി വരും എന്നായിരുന്നു. എന്നാല്‍ അതുണ്ടായില്ല എന്നു മാത്രമല്ല, ഗുജറാത്തിലെ ഒരു ചെറിയ വിഭാഗം വരുന്ന ജനങ്ങളില്‍ നിന്ന്, ഇന്നത് രാജ്യത്തെ 130 കോടി ജനങ്ങളെയും ബാധിക്കുന്ന വിധത്തിലുള്ള രോഗാതുരമായ ഒന്നായി മാറിയിരിക്കുന്നു. പോലീസും ഇന്റലീജന്‍സ് ഏജന്‍സികളും അല്ലെങ്കില്‍ നാണംകെട്ട മാധ്യമ സമൂഹവുമൊക്കെ ഈ കല്‍പ്പിത ശത്രുക്കളെക്കുറിച്ച് വാതോരാതെ സംസാരിക്കുമ്പോള്‍ മോദി മൗനത്തിലായിരിക്കും. ഇക്കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ എതിര്‍പ്പായാണ് അത് വ്യാഖ്യാനിക്കാറ്. ഈഡിപ്പസ് കോംപ്ലെക്‌സ് പിടിച്ച നമ്മുടെ രാജ്യത്തെ ലിബറലുകളാകട്ടെ, മോദി എന്നാല്‍ രാജ്യത്തിന്റെ പിതാവ് എന്നതു പോലെ മൗനംകൊണ്ട് അതിനെ പിന്തുണയ്ക്കുകയും ചെയ്യും.

പൗരത്വ ഭേദഗതി നിയമം-എന്‍ആര്‍സിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളും ചര്‍ച്ചകളും വിവാദങ്ങളുമൊക്കെ കാണുക. എന്‍ആര്‍സി കൊണ്ടുവന്ന് 'കീട'ങ്ങളായ നുഴഞ്ഞു കയറ്റക്കാരെ മുഴുവന്‍ പുറത്താക്കുമെന്ന് തുടര്‍ച്ചയായി പ്രഖ്യാപിക്കുക, പൗരത്വ ഭേദഗതി ബില്‍ പാസാക്കി മുസ്ലീങ്ങള്‍ ഒഴികെയുള്ള മുഴുവന്‍ പേരെയും സംരക്ഷിക്കുമെന്ന് പിന്നാലെ വ്യക്തമാക്കുക, ജനങ്ങള്‍ അരക്ഷിതാവസ്ഥയിലാകുമ്പോള്‍ അവര്‍ പ്രതികരിക്കുകയും ആ പ്രതികരണത്തെ അടിച്ചമര്‍ത്തി ഹിന്ദു-മുസ്ലീം എന്ന വിധത്തില്‍ ധ്രുവീകരിക്കുകയും ചെയ്യുക, അതുവഴി വോട്ടുകളും തങ്ങളുടെ അടിത്തറയും ഉറപ്പാക്കുക എന്നതാണ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. എന്തെങ്കിലും തിരിച്ചടിയുണ്ടായാല്‍ 'ശത്രുരാജ്യ'മായ പാക്കിസ്ഥാനെ അപ്പോള്‍ എതിര്‍പക്ഷത്ത് നിര്‍ത്തി സംവാദങ്ങള്‍ വഴിതിരിച്ചുവിടും. മതത്തിന്റെ അടിസ്ഥാനത്തിലുള്ള പാക്കിസ്ഥാനല്ല, മതനിരപേക്ഷ ഇന്ത്യയാണ് വേണ്ടതെന്ന് വാദിക്കുന്നവരെ അപഹസിക്കുകയും ആക്രമിക്കുകയും ചെയ്യും. ഈ ഒരു പാറ്റേണാണ് മോദി-ഷാ ഭരണകൂടം തുടര്‍ച്ചയായി പിന്തുടരുന്നതെന്ന് അവരുടെ അടുത്തകാല ചെയ്തികള്‍ തന്നെ തെളിവാണ്.

പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട് ആദ്യമായി പരസ്യമായി പ്രതികരിച്ച രാംലീലാ മൈതാനിയിലെ പ്രസംഗത്തിലും മോദി ആവര്‍ത്തിച്ചത് 'അര്‍ബന്‍ നക്‌സലുക'ളും മറ്റും ജനങ്ങളെ വഴി തെറ്റിക്കുന്നു എന്നാണ്. ഡല്‍ഹി തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള ഒരുക്കങ്ങളുടെ ഭാഗമായിരുന്നു അത്. അതായത്, ആരൊക്കെയോ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ജനങ്ങള്‍ക്കിടയില്‍ ഭീതി വളര്‍ത്തുക, അതുവഴി തങ്ങള്‍ക്കൊപ്പം അവരെ ഉറപ്പിച്ചു നിര്‍ത്തുക. അതിനായി കള്ളങ്ങളും വാസ്തവവിരുദ്ധമായ കാര്യങ്ങളുമൊക്കെ അവര്‍ പറയും. എന്‍ആര്‍സിയുമായി ബന്ധപ്പെട്ട് തന്റെ സര്‍ക്കാര്‍ ചര്‍ച്ച പോലും ചെയ്തിട്ടില്ലെന്നാണ് മോദി പറഞ്ഞത്. അത് പൂര്‍ണമായും വാസ്തവവിരുദ്ധമാണെന്ന് നാം കണ്ടുകഴിഞ്ഞു. മോദി മന്ത്രിസഭയിലെ മിക്ക മന്ത്രിമാരും തുടര്‍ന്നും ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. രാജ്യം മുഴുവന്‍ പ്രതിഷേധം പടരുമ്പോഴും അതിനെ ഒരു 'മുസ്ലീം പ്രതിഷേധ'മായി ചുരുക്കി മുതലെടുക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. രാജ്യത്തെ 80 ശതമാനത്തോളം വരുന്ന ഹിന്ദു സമുദായത്തിനുള്ളില്‍ 'ഹിന്ദുക്കള്‍ തകരുന്നു' എന്ന ഭീതി വളര്‍ത്താനുള്ള ഒരു ഉപാധിയായിരുന്നു അത്.

ജെഎന്‍യുവില്‍ നടക്കുന്നതും വ്യത്യസ്തമല്ല. മോദി ഭരണകൂടം 2014-ല്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ആ സര്‍വകലാശാലയെ 'രാജ്യദ്രോഹികളുടെ കൂടാര'വും അവിടുത്തെ വിദ്യാര്‍ത്ഥികളെ 'രാജ്യദ്രോഹിക'ളും 'അര്‍ബന്‍ നക്‌സലുകളു'മാക്കല്‍. തുടര്‍ച്ചയായി നടന്നു കൊണ്ടിരിക്കുന്ന ആ പരിപാടിയുടെ ഏറ്റവും ഒടുവിലുത്തേതായിരുന്നു ജനുവരി അഞ്ചിന് നൂറോളം വരുന്ന മുഖം മറച്ച ഗുണ്ടകള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരേയും ആക്രമിച്ച സംഭവവും. ബിജെപി-ആര്‍എസ്എസുമായി ബന്ധപ്പെട്ട, എബിവിപി പ്രവര്‍ത്തകര്‍ കൂടി ഉള്‍പ്പെട്ടതാണ് ആ അക്രമികളെന്ന് ലോകത്തിന് മുഴുവന്‍ ബോധ്യമായിട്ടും അമിത് ഷാ പിറ്റേന്ന് ഡല്‍ഹിയില്‍ പ്രസംഗിച്ചത്, ജെഎന്‍യുവിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഇന്ത്യയെ തകര്‍ക്കുമെന്ന് മുദ്രാവാക്യം വിളിച്ചെന്നും അവരെ ജയിലില്‍ അടയ്‌ക്കേണ്ടതില്ലേ എന്നുമാണ്. ജെഎന്‍യുവില്‍ അക്രമം നടത്തുന്നതിന് തൊട്ടു തലേന്നും സമാനമായ പദാവലികള്‍ കൊണ്ട് സമ്പന്നമായിരുന്നു അമിത് ഷായുടെ പ്രസംഗം. ഇതിന് അനുകൂലമായി മോദി-ഷാ ഭരണകൂടത്തിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന മാധ്യമങ്ങള്‍ ജെഎന്‍യുവിനെ ഏറ്റവും വലിയ ഭീഷണിയായി പൊതുസമൂഹത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പടര്‍ത്തുന്ന വെറുപ്പും ഭീതിയും ആക്രമണോത്സുകതയും കലര്‍ന്ന നുണപ്രചരണങ്ങള്‍ വേറെ. ഇവിടെയും പാറ്റേണ്‍ വ്യത്യസ്തമല്ല എന്നു കാണാം.

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ ദേശദ്രോഹികളായി അവതരിപ്പിച്ച് ഒരു സാങ്കല്‍പ്പിക ശത്രുവിനെ ജനങ്ങള്‍ക്ക് മുന്നില്‍ നിര്‍ത്തി തങ്ങള്‍ക്കനുകൂലമായി അവരെ മാറ്റിയെടുക്കുക എന്നതു തന്നെയാണ് ഇവിടെയും ചെയ്തിരിക്കുന്നത്. ഇതിന്റെ തുടക്കം തന്നെ നോക്കുക, മോദിയുടെ പ്രചരണകാലം മുതല്‍ ഈ ഭീതി പടര്‍ത്തല്‍ ഉണ്ട് എന്നുകാണാം. അധികാരത്തില്‍ വന്നതിനു പിന്നാലെയാണ് രാജ്യത്തുടനീളം പശുവിന്റെ പേരിലും കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിലുമൊക്കെ അക്രമങ്ങള്‍ ആരംഭിക്കുന്നത്, ആളുകളെ കൊലപ്പെടുത്തുന്നത്, കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു എന്ന വ്യാജപ്രചരണം അഴിച്ചു വിട്ട് അപരിചിതരായ മനുഷ്യരെ തല്ലിക്കൊല്ലുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത്, എവിടെയും വെറുപ്പും ശത്രുതയും പടര്‍ത്തുകയും അതില്‍ നിന്നുണ്ടാകുന്ന മനുഷ്യരുടെ അരക്ഷിതാവസ്ഥ മുതലെടുത്ത് കൂടുതല്‍ അക്രമങ്ങള്‍ നടത്തി തങ്ങള്‍ക്ക് അനുകൂലമായ വിധത്തിലുള്ള രാഷ്ട്രീയകാലാവസ്ഥ ഉണ്ടാക്കിയെടുക്കുക എന്ന ഫാസിസ്റ്റ് തന്ത്രമാണ് തുടര്‍ച്ചയായി അവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എന്നു കാണാം.

കഴിഞ്ഞ ദിവസം ദക്ഷിണ ഡല്‍ഹിയിലെ ലാജ്പത് നഗറില്‍ ഉണ്ടായ സംഭവം കേള്‍ക്കുക. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുകൊണ്ടുള്ള റാലിയെ അഭിസംബോധന ചെയ്യാന്‍ അമിത് ഷാ വരുന്ന സമയത്ത് രണ്ട് പെണ്‍കുട്ടികള്‍ തങ്ങളുടെ എതിര്‍പ്പ് അറിയിച്ചു കൊണ്ട് തങ്ങളുടെ വീടിന്റെ ബാല്‍ക്കണിയില്‍ പോസ്റ്റര്‍ ഉയര്‍ത്തി. ജനക്കൂട്ടം അവരെ കൊല്ലാന്‍ വീട് തകര്‍ക്കാന്‍ നോക്കി എന്നു മാത്രമല്ല, മണിക്കൂറുകളോളം അവരെ പുറത്തിറങ്ങാന്‍ അനുവദിച്ചുമില്ല. വീട്ടുടമസ്ഥന്‍ അവരെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇങ്ങനെയാണ് ഭയം പടര്‍ത്തുന്നത്. നാളെ നിങ്ങളുടെ വീടിനുള്ളില്‍ എന്തു സംസാരിക്കുന്നുവെന്ന് വരെ അറിയാന്‍ അവര്‍ ശ്രമിക്കും. നിങ്ങള്‍ അവര്‍ക്ക് അഹിതമായ കാര്യങ്ങളാണ് സംസാരിക്കുന്നതെങ്കില്‍ വീടിനുള്ളില്‍ പോലും ഒരാളും സുരക്ഷിതരല്ലെന്ന് അവര്‍ ഉറപ്പാക്കും. എന്തിനേറെ, നിങ്ങളുടെ ചിന്തകളെ പോലും ഇനി പേടിക്കണം, അതില്‍ ഒരു പക്ഷേ, മോദി രാഷ്ട്രീയം ഒരു ശത്രുവിനെ കണ്ടെത്തിയേക്കാം.


Next Story

Related Stories