TopTop
Begin typing your search above and press return to search.

കൊറോണ: സോഷ്യല്‍ മീഡിയയല്ല എന്തിനും പരിഹാരമെന്ന് ഡോ. ഷിനു ശ്യാമളനും ഒരു ഡോക്ടറെ കുരിശിലേറ്റുന്നതല്ല പോംവഴിയെന്ന് ആരോഗ്യവകുപ്പും തിരിച്ചറിയണം

കൊറോണ: സോഷ്യല്‍ മീഡിയയല്ല എന്തിനും പരിഹാരമെന്ന് ഡോ. ഷിനു ശ്യാമളനും ഒരു ഡോക്ടറെ കുരിശിലേറ്റുന്നതല്ല പോംവഴിയെന്ന് ആരോഗ്യവകുപ്പും തിരിച്ചറിയണം

എഡിറ്റോറിയല്‍

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഒരു ഡോക്ടറായ ഷിനു ശ്യാമളന്‍ സോഷ്യല്‍ മീഡിയയിലൂടെയും പിന്നാലെ ടെലിവിഷന്‍ ചാനലുകളിലും നടത്തിയ പ്രസ്താവനയും അതിനെ തുടര്‍ന്ന് രൂപപ്പെട്ടിട്ടുള്ള വിവാദങ്ങളും പൊതുചര്‍ച്ചകളും വിരല്‍ ചൂണ്ടുന്നത് ഒരു പ്രധാനപ്പെട്ട കാര്യത്തിലേക്കാണ്. കേരളത്തിലെ പൊതുജന ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് പരിഹരിക്കപ്പെടേണ്ട വിഷയങ്ങള്‍ ഇനിയും ഏറെ ബാക്കിയാണ് എന്നതാണ് അത്. കൊറോണ വൈറസ് ബാധ ലോകം മുഴുവന്‍ പടരുമ്പോള്‍ അതിനെ ഫലപ്രദമായി ചെറുത്തു നില്‍ക്കുന്ന ഒരു സംസ്ഥാനം എന്ന നിലയില്‍ കേരളം പ്രശംസിക്കപ്പെടുന്നുണ്ട്. സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥര്‍ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടേയും ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടേയും ഒപ്പം, പൊതുജനങ്ങളുടേയും സഹകരണവും ഒത്തൊരുമയുമാണ് അതിന് പ്രധാന കാരണം. എന്നാല്‍ ഇപ്പോഴുണ്ടായിട്ടുള്ള നിര്‍ഭാഗ്യകരമായ വിവാദവും അതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിഷയങ്ങളും പരിശോധിച്ചാല്‍ മനസിലാകുന്ന ഒരു കാര്യം ഇതില്‍ ഒരു ഭാഗത്തെ മാത്രമായി കുറ്റപ്പെടുത്താന്‍ സാധിക്കില്ല എന്നതാണ്. ഡോ. ഷിനു ശ്യാമളനും സര്‍ക്കാര്‍ സംവിധാനങ്ങളും കുറെക്കൂടി പക്വതയോടെയും സമചിത്തതയോടെയും കൈകാര്യം ചെയ്യേണ്ട വിഷയമായിരുന്നു ഇത് എന്നതാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.

ഡോ. ഷിനു ശ്യാമളന്‍ പറയുന്നത്

കഴിഞ്ഞ ദിവസം താന്‍ ജോലി ചെയ്യുന്ന സ്വകാര്യ ക്ലിനിക്കില്‍ പനിയുമായി എത്തിയ രോഗിയെ പരിശോധിച്ചപ്പോള്‍ മുതല്‍ കൊറോണ ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് അയാളോട് അന്വേഷിച്ചിരുന്നു എന്നാണ് ഡോ. ഷിനു ഫേസ്ബുക്കിലൂടെ പങ്കുവച്ച തന്റെ വീഡിയോ കുറിപ്പില്‍ പറയുന്നത്. ഖത്തറില്‍ ജോലി ചെയ്യുന്ന ആള്‍ എന്ന നിലയില്‍ അയാള്‍ നാട്ടിലെത്തിയ ദിവസത്തെക്കുറിച്ചു വരെ പരസ്പര വിരുദ്ധമായ രീതിയില്‍ അയാളും ഭാര്യയും മറുപടി പറഞ്ഞപ്പോള്‍ ഡോക്ടര്‍ എന്ന നിലയില്‍ തനിക്ക് സംശയം തോന്നിയിരുന്നു എന്നും ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ചിരുന്നില്ല എന്നാണ് അയാള്‍ പറഞ്ഞത് എന്നും ഡോ. ഷിനു തുടര്‍ന്ന് പറയുന്നുണ്ട്. തുടര്‍ന്ന് ഇക്കാര്യം തൃശൂര്‍ ജില്ലാ ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ കാര്യമായ നടപടികളൊന്നും സ്വീകരിച്ചില്ല എന്നും ഷിനു പറയുന്നു. പിന്നീട് സ്വന്തം നിലയില്‍ താന്‍ അന്വേഷിച്ചപ്പോള്‍ ഇയാള്‍ ഖത്തറിലേക്ക് മടങ്ങിയെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് പറയുന്ന ഡോ. ഷിനു, താന്‍ ഇക്കാര്യങ്ങള്‍ ചില മാധ്യമ സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു എന്നും പറയുന്നുണ്ട്. ഇയാള്‍ ആഗ്രയിലും ഡല്‍ഹിയിലുമെല്ലാം യാത്ര ചെയ്തിരുന്നു എന്നും ഖത്തറില്‍ നിന്ന് വന്നിട്ട് ഒരു മാസത്തില്‍ കൂടുതലായെങ്കിലും ക്ലിനിക്കില്‍ പനിയുമായി എത്തിയ ഇയാള്‍ക്ക് രോഗബാധ ഉണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാതെ ഖത്തറിലേക്ക് മടങ്ങാന്‍ ആരാണ് അനുമതി നല്‍കിയത് എന്നും രോഗബാധ ഉള്ളവര്‍ ഇങ്ങനെയാണോ ഉത്തരവാദിത്തമില്ലാതെ പെരുമാറേണ്ടത് എന്നും ഡോ. ഷിനു ചോദിക്കുന്നു. കൊറോണ വൈറസ് ബാധയുണ്ടോ എന്ന് സംശയിക്കുന്നയാളുമായി അടുത്തിടപഴകിയയ സാഹചര്യത്തില്‍ സ്വന്തം കുട്ടിയുമായി പോലും അകന്നാണ് താന്‍ കഴിയുന്നതെന്നും ഏറെ വിഷമത്തോടെ ഡോ. ഷിനു പറയുന്നുണ്ട്.

ഇക്കാര്യങ്ങള്‍ ഉടനടി മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ഡോ. ഷിനു ചാനലുകളില്‍ പ്രത്യക്ഷപ്പെടുകയും സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കെടുകാര്യസ്ഥതയ്ക്കും ഉത്തരവാദിത്തമില്ലായ്മയ്ക്കുമെതിരെ ചില ചാനല്‍ അവതാരകര്‍ ആഞ്ഞടിക്കുക്കുകയും ചെയ്തു. ഇതിനു പിന്നാലെ, അടുത്ത ദിവസം ഡോ. ഷിനു ശ്യാമളനെ അവര്‍ ജോലി ചെയ്തിരുന്ന സ്വകാര്യ ക്ലിനിക്കില്‍ നിന്നു പിരിച്ചു വിട്ടു. അവര്‍ക്കെതിരെ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചതിനും ജനങ്ങളില്‍ രോഗഭീതി വളര്‍ത്താന്‍ ശ്രമിച്ചതിനും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ആരോഗ്യവകുപ്പ് മേധാവി വ്യക്തമാക്കകയും ചെയ്തു. തൃശൂര്‍ ജില്ലാ കളക്ടറും ഡോ. ഷിനു ശ്യാമളനെതിരെ രംഗത്തെത്തി. ഇതിനു പ്രതികരണവുമായും ഡോ. ഷിനു സോഷ്യല്‍ മീഡിയില്‍ പ്രതികരിച്ചിരുന്നു. താന്‍ എന്തു തെറ്റു ചെയ്തിട്ടാണ് തന്നെ പിരിച്ചു വിട്ടതെന്ന് അവര്‍ ചോദിക്കുന്നു.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും കളക്ടറുടേയും പ്രതികരണം

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളാണ് ഡോ. ഷിനു പ്രചരിപ്പിച്ചത് എന്നാണ് കളക്ടര്‍ എസ്. ഷാനവാസ് പറയുന്നത്. ഡോക്ടര്‍ക്കെതിരെ നിയമനടപടി തുടങ്ങിയതായും ഇതേ കാര്യങ്ങള്‍ പ്രചരിപ്പിച്ച ചാനലിനെതിരെയും നടപടി ഉണ്ടാകുമെന്നും കളക്ടര്‍ പറയുന്നു.

ഇതിലേറെ ഗുരുതരമായ ആരോപണങ്ങളാണ് ആരോഗ്യ വകുപ്പ് ഡോക്ടര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ജനുവരി 31-നാണ് പ്രവാസി ഖത്തറില്‍ നിന്ന് എത്തിയത്. തുടര്‍ന്ന് നിര്‍ബന്ധിത നിരീക്ഷണ സമയവും കേരളത്തില്‍ പ്രത്യേകമായി ഏര്‍പ്പെടുത്തിയിട്ടുള്ള 28 ദിവസത്തെ നിരീക്ഷണ സമയവും (ക്വാറന്റൈന്‍) സമയവും കഴിഞ്ഞ ആളാണ് ഇയാളെന്നും തുടര്‍ന്ന് രോഗബാധയില്ല എന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു എന്നും തൃശൂര്‍ ജില്ലാ ആരോഗ്യവകുപ്പ് പറയുന്നു. അതും കഴിഞ്ഞ് പത്തു ദിവസത്തോളം കഴിഞ്ഞാണ് ഇയാള്‍ പനിയുമായി ക്ലിനിക്കിലെത്തിയത്. തന്റെ അടുക്കലെത്തിയ രോഗി കൊറോണ ബാധിതന്‍ എന്ന രീതിയില്‍ ഡോക്ടര്‍ വ്യാജ പ്രചരണം നടത്തി എന്നും പനി ഏതൊരു രോഗത്തിന്റെയും ലക്ഷണം മാത്രമാണ് എന്ന് തിരിച്ചറിയേണ്ടത് ചികിത്സിക്കുന്ന ഡോക്ടറാണ് എന്നും ഇക്കാര്യത്തില്‍ ഡോക്ടറുടെ ഭാഗത്തു നിന്ന് ഗുരുരത വീഴ്ചയാണ് വന്നിരിക്കുന്നത് എന്നും ആരോഗ്യ വകുപ്പ് പറയുന്നു. പനിയുമായി വന്നയാള്‍ക്ക് കൊറോണ ഉണ്ട് എന്ന നിഗമനത്തില്‍ എത്തുന്നത് ആ രോഗിയെ അപമാനിക്കുന്നതും സമൂഹത്തിനു മുന്നില്‍ ഒറ്റപ്പെടുത്തുന്നതുമാണ്. കൊറോണ ബാധയുമായി ഇയാള്‍ ഖത്തറിലേക്ക് കടന്നു എന്നും പ്രചരിപ്പിച്ചു. എന്നാല്‍ കൊറോണ ബാധയുമായി ബന്ധപ്പെട്ട് ഓരോ രാജ്യങ്ങളും സ്വീകരിച്ചു വരുന്ന നടപടികളെ കുറിച്ച് ഡോക്ടര്‍ക്ക് ധാരണയില്ല. ഇക്കാര്യത്തില്‍ ഡോക്ടര്‍ അപ്‌ഡേറ്റഡ് അല്ല. കാര്യങ്ങളെക്കുറിച്ച് ബോധ്യമില്ലാത്തതോ ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ പ്രശസ്തിക്കായി ഉപയോഗിക്കുകയോ ആണ് ഡോക്ടര്‍ ചെയ്തത് എന്നും തൃശൂര്‍ ഡിഎംഒ പറയുന്നു.

ഡോ. ഷിനു ശ്യാമളന്‍ പറയുന്ന ആളെക്കുറിച്ച് ആരോഗ്യ വകുപ്പിന് അറിവുള്ളയാളാണ്. എന്നാല്‍ ഇത് മറച്ചു വയ്ക്കുകയാണ് ഡോക്ടര്‍ ചെയ്തത് എന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശ പ്രകാരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അന്വേഷിക്കുകയും ചികിത്സ തേടിയ ആളെ കണ്ടെത്തുകയും ഇക്കാര്യം ഡോക്ടറെ അറിയിക്കുകയും ചെയ്തതാണ്. പിന്നീട് ഇയാള്‍ രോഗബാധയുമായി ഗള്‍ഫിലേക്ക് പോയി എന്നും ഇക്കാര്യം ആരോഗ്യവകുപ്പിനെ അറിയിച്ചതിന്റെ പേരില്‍ ജോലി പോയി എന്നും പ്രചരിപ്പിക്കുന്നത് ശരിയല്ല. അയാള്‍ ഖത്തറിലേക്ക് മടങ്ങിയത് ആരോഗ്യ വകുപ്പിന്റെ പരിശോധനകള്‍ ഒക്കെ പൂര്‍ത്തിയാക്കിയ ശേഷമാണ്. ഖത്തറിലെത്തുന്ന ഏതൊരാളെയും അവിടെ നിര്‍ബന്ധിത 14 ദിവസത്തെ നിരീക്ഷണത്തിന് വിധേയമാക്കും എന്നതിനാലാണ് അയാളെ അവിടുത്തെ അധികൃതര്‍ നിരീക്ഷിക്കുന്നത്. ഇതിനെക്കുറിച്ച് അറിവില്ലാതെയാണ് ശരിയല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്നും ആരോഗ്യ വകുപ്പ് പറയുന്നു.

ഡോ. ഷിനു ശ്യാമളനോട് പറയാനുള്ളത്

കേരളത്തിന്റെ പൊതു ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് നിരന്തരം ഇടപെട്ട് പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഡോ. ഷിനു ശ്യാമളന്‍. സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടു തന്നെ ഇക്കാര്യത്തില്‍ നടത്തുന്ന ഇടപെടലുകള്‍ സ്വാഗതാര്‍ഹവുമാണ്. അതേ സമയം, തന്നെ ഡോക്ടര്‍ തിരിച്ചറിയേണ്ട ഒരു കാര്യം സോഷ്യല്‍ മീഡിയ അല്ല രോഗികളെ ചികിത്സിക്കുന്നത് എന്നതാണ്. പകര്‍ച്ചവ്യാധികള്‍ പോലെ - ഇപ്പോള്‍ ലോകം മുഴുവന്‍ ആശങ്കയിലായിട്ടുള്ള കൊറോണ വൈറസ് ബാധ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ - ഒരാളെ മാത്രം ബാധിക്കുന്ന കാര്യവുമല്ല. സോഷ്യല്‍ മീഡിയകളിലൂടെ ശരിയായതും അല്ലാത്തതുമായ നിരവധി കാര്യങ്ങള്‍ പ്രചരിക്കാറുണ്ട്. എന്നാല്‍ പൊതു ആരോഗ്യ സംവിധാനത്തില്‍ ഏറെ നിര്‍ണായകമായ സ്ഥാനമുള്ളവരാണ് ഡോക്ടര്‍മാര്‍ എന്നതിനാല്‍ ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടത് സമചിത്തതയും പക്വതയുമാണ്.

ഇത്തരം രോഗങ്ങളുണ്ടാകുമ്പോള്‍ പലരും അഭിപ്രായം പറയും. ഡോക്ടര്‍മാര്‍ പറയുമ്പോള്‍ അത് ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന വിശ്വാസ്യത വലുതാണ്. അപ്പോള്‍ യാതൊരു സ്ഥിരീകരണവുമില്ലാത്ത കാര്യങ്ങള്‍, കേവലം സംശയത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയകളില്‍ കൂടി പുറത്തു വിടുന്നത് വലിയ സാമൂഹിക അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും നിലവില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്വീകരിക്കുന്ന നടപടികളെ ഒക്കെ തകിടം മറിക്കുകയും ചെയ്യും. അത്തരത്തില്‍ ജനങ്ങളെ ആശങ്കയിലാക്കുന്ന നടപടികളായിരുന്നു ഡോ. ഷിനു ശ്യാമളന്റെ ഭാഗത്തു നിന്നുണ്ടായത് എന്നതില്‍ സംശയമില്ല. കാരണം, തനിക്ക് സോഷ്യല്‍ മീഡിയ നല്‍കുന്ന പ്രിവിലേജുകള്‍ ഉപയോഗിക്കുമ്പോള്‍ അതെങ്ങനെയാണ് സമൂഹത്തില്‍ ബാധിക്കുക എന്നത് അറിയേണ്ടത് ഈ സ്ഥാനത്തിരിക്കുന്ന ഒരാളുടെ ബാധ്യതയാണ്. രോഗഭീതി വര്‍ധിപ്പിക്കാനല്ല, മറിച്ച് ഇല്ലാതാക്കാനാണ് ഒരു ഡോക്ടര്‍ ശ്രമിക്കേണ്ടത്. താന്‍ യാതൊരു കാര്യത്തിലും സ്ഥിരീകരണം നടത്താത്ത ഒരു കാര്യം മാധ്യമങ്ങളെ അറിയിക്കുകയും അതുവഴി, താന്‍ അറിയാതെയോ അല്ലാതെയോ അതിന് പ്രചരണം കൊടുക്കുകയോ ആണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ വഴി സംഭവിക്കുന്നത് എന്ന് എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. അത് ഒരാളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന കാര്യവുമല്ല.

സംസ്ഥാന ആരോഗ്യവകുപ്പിനോട് പറയാനുള്ളത്

നിപ ബാധയുമായും പിന്നീട് കൊറോണ വൈറസ് ബാധയുമായും ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ സ്വാഗതാര്‍ഹമാണ് എന്നതില്‍ സംശയമില്ല. അതുപോലെ തന്നെ പ്രധാനമാണ് ഈ മേഖലയില്‍ താഴേത്തട്ടു മുതല്‍ മുകള്‍ത്തട്ടു വരെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കുക എന്നതും. ഇവിടെ ഡോ. ഷിനു ശ്യാമളന്‍ ശ്രമിച്ചത് കൊറോണ വൈറസ് ബാധയെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളെ ഇല്ലാതാക്കാനല്ല. മറിച്ച് ഒരു സ്ത്രീ എന്ന നിലയിലും ഒരു അമ്മ എന്ന നിലയിലും അതിലുപരി ഒരു ഡോക്ടര്‍ എന്ന നിലയിലും ഈ രോഗബാധയുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ സംശയത്തെ സംസ്ഥാന ആരോഗ്യവകുപ്പിനെ അറിയിക്കാനാണ് അവര്‍ ആദ്യം തന്നെ ശ്രമിച്ചത് എന്നതാണ്. അത് പ്രധാനമാണ് താനും. സംസ്ഥാന ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചു എന്നു പറയുന്നുണ്ട്. എന്നാല്‍ ഈ രോഗിയെ പരിശോധിച്ച ആള്‍ എന്ന നിലയില്‍, അയാള്‍ക്ക് രോഗബാധയുണ്ടോ എന്ന് സംശയം പ്രകടിപ്പിച്ച ഡോക്ടര്‍ എന്ന നിലയില്‍ അവരെ കൃത്യവും വ്യക്തവുമായി അതിന്റെ തുടര്‍ കാര്യങ്ങള്‍ ധരിപ്പിക്കേണ്ട ബാധ്യത ജില്ലാ ഭരണകൂടത്തിനുണ്ട്. കാരണം, നാളെയും സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുടെ അടുക്കല്‍ രോഗികള്‍ എത്തും. ഇത്തരത്തില്‍ ശിക്ഷണ നടപടികള്‍ കൊണ്ടാണ് ആരോഗ്യവകുപ്പ് ഇക്കാര്യങ്ങള്‍ നേരിടുന്നത് എങ്കില്‍ അത് പ്രതികൂലമായിട്ടായിരിക്കും ഭാവിയില്‍ സംഭവിക്കുക. നാളെ എത്തുന്ന ഒരു രോഗിക്ക് രോഗബാധ ഉണ്ടെന്നു തോന്നിയാലും ഡോക്ടര്‍മാര്‍ അത് റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍ ഉണ്ടാവുക വലിയ പ്രത്യാഘാതമായിരുക്കും.

ഇത്തരത്തില്‍ നല്ല ഉദ്ദേശശുദ്ധിയോടു കൂടി ഒരു കാര്യം ചെയ്യാന്‍ ശ്രമിച്ച ഒരു ഡോക്ടറുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുന്നത് അവരുടെ മനോവീര്യത്തെ തകര്‍ക്കുന്നതുമാകും. താന്‍ ഈ വിവരങ്ങള്‍ അറിയിച്ച ശേഷവും ജില്ലാ ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ള പ്രതികരണം അത്ര വ്യക്തതയില്ലാത്തതായിരുന്നു എന്ന് ഡോ. ഷിനു ശ്യാമളന്റെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്. അപ്പോള്‍ അവിടെയുണ്ടായിട്ടുള്ള തെറ്റിദ്ധാരണ നീക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്, മറിച്ച് അവരെ ശിക്ഷാനടപടികള്‍ക്ക് വിധേയയാക്കുകയോ പ്രശസ്തിക്ക് വേണ്ടി ഇക്കാര്യങ്ങള്‍ ഉപയോഗിച്ചു എന്ന് ആക്ഷേപിക്കുകയോ അല്ല. അത് നല്‍കുന്നത് തെറ്റായ സന്ദേശമായിരിക്കും.

പരസ്പരവിശ്വാസത്തോടെ വിവിധ മേഖലകള്‍, വിവിധ തട്ടുകളിലുള്ളവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ഇത്തരം മഹാമാരികളെ നമുക്ക് നേരിടാന്‍ സാധിക്കൂ. അതിന് നമുക്ക് ഡോ. ഷിനു ശ്യാമളനെ പോലെയുള്ളവരും വേണം സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കര്‍മനിരതമായ പ്രവര്‍ത്തനങ്ങളും ആവശ്യമാണ്. റബറിന്റെ കുമിള്‍രോഗം മുതല്‍ റോക്കറ്റ് വിക്ഷേപണം വരെയുള്ള കാര്യങ്ങളെക്കുറിച്ച് ആധികാരികതയോടെ സംസാരിക്കുന്നവരാണ് കേരളത്തിലെ വലിയൊരു വിഭാഗം മാധ്യമലോകം. അതിനു പകരം, ഏതൊക്കെ രീതിയിലാണ് ഇക്കാര്യങ്ങള്‍ സമൂഹത്തെ അറിയിക്കേണ്ടത്, പൊതുജന ആരോഗ്യ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടത് എന്നതിനെ കുറിച്ചാണ് നാം ആലോചിക്കുകയും പ്രതിവിധികള്‍ കണ്ടെത്തുകയും ചെയ്യേണ്ടത്. തന്റെ അടുക്കലെത്തുന്ന ഒരു രോഗിക്ക് കൊറോണ ബാധയുണ്ടോ എന്ന് ഒരു ഡോക്ടര്‍ക്ക് സംശയം തോന്നിയാല്‍ അതില്‍ കൃത്യമായ മാര്‍ഗത്തിലൂടെ സമയബന്ധിതമായി നിവാരണം നടത്താന്‍ നിലവിലെ സംവിധാനങ്ങളില്‍ പോരായ്മകളുണ്ട് എന്നതാണ് ഡോ. ഷിനു ശ്യമളനുമായി ബന്ധപ്പെട്ട ഈ വിഷയം വ്യക്തമാക്കുന്ന കാര്യം. ആ പ്രശ്‌നം പരിഹരിക്കാന്‍ ഉതകുന്നതാകട്ടെ ഈ അവസരം, അല്ലാതെ വ്യക്തികളെ വേട്ടയാടാനുള്ളതാകരുത്.


Next Story

Related Stories