എഡിറ്റോറിയല്‍
ത്രസിപ്പിക്കുന്ന നിരത്തുകള്‍, തലയെടുപ്പോടെ ഉയര്‍ന്നു നില്ക്കുന്ന കെട്ടിടങ്ങള്‍, പകിട്ടേറിയ ആരാധനാലയങ്ങള്‍, എപ്പോഴെങ്കിലും ഓള്‍ഡ് ജറുസലേമിന്റെ ഈ പ്രഭയില്‍ മുങ്ങിയിട്ടുള്ളവര്, പക്ഷേ, ഇത്തവണത്തെ ഈസ്റ്ററിന് ഈ സ്ഥലം തിരിച്ചറിയണമെന്നില്ല. ഈസ്റ്റര്‍ മാത്രമല്ല, മുസ്ലീങ്ങളുടെ റംസാനോ ജൂതരുടെ പാസ്ഓവറോ കാണില്ല, അതെല്ലാം ഈ മാസത്തിലാണ് താനും.
കൊറോണ വൈറസ് ഇസ്രായേലിലും പാലസ്തീനിലും പടര്‍ന്നതോടെ, ക്രിസ്ത്യന്‍ സമുദായത്തിന്റെ പ്രശസ്തമായ Church of Sepulchre, അതിന്റെ സംരക്ഷകരായ മുസ്ലീം കുടുംബം ആഴ്ചകള്‍ക്ക് മുമ്പ് തന്നെ അടച്ചിരുന്നു. 100 പേരിലധികം ഈ ഭാഗത്ത് മരിച്ചിരുന്നു. ക്രിസ്ത്യന്‍ വിശ്വാസമനുസരിച്ച്, യേശുവിനെ ക്രൂശിച്ച കാല്‍വരിയും പിന്നീട് ഉയിര്‍ത്തെഴുന്നേറ്റതിനെ തുടര്‍ന്ന് കാലിയായ ശവക്കല്ലറയും സ്ഥിതി ചെയ്യുന്നത് ഈ പള്ളിയിലാണ്.
ദു:ഖവെള്ളിയുടെ അന്ന് പ്രാര്‍ത്ഥനകള്‍ക്കായി പള്ളി തുറന്നപ്പോള്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്തിയ ആര്‍ച്ച് ബിഷപ്പിനെ സഹായിക്കാന്‍ നാല് പുരോഹിതര്‍ മാത്രമാണ് സന്നിഹിതരായിരുന്നത്. ഈ പള്ളിയെ പരിപാലിക്കുന്നവര്‍ നല്കുന്ന വിവരമനുസരിച്ച് യൂറോപ്പിനെയും ഏഷ്യയേയും പിടിച്ചു കുലുക്കിയ 1349-ലെ മഹാമാരിയായ പ്ലേഗിന്റെ സമയത്തു മാത്രമാണ് ഇതിനു മുമ്പ് ഈ പള്ളി അടച്ചിട്ടിട്ടുള്ളത്. അതിനു ശേഷം പള്ളി അടയ്ക്കുന്നത് കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 25-നാണ്.
ഇന്ന് ശൂന്യമായിരിക്കുന്ന അവിടുത്തെ തെരുവുകള്‍ പല കാര്യങ്ങളും വിളിച്ചു പറയുന്നു കൂടിയുണ്ട്. മനുഷ്യരുണ്ടാക്കിയ വിഭജനങ്ങളുടേയും ചോരയുടേയുമായ ചരിത്രം ഒരു വൈറസ് അപ്പാടെ തകിടം മറിച്ചിരിക്കുന്നു. നൂറ്റാണ്ടുകളായി വിവിധ തലമുറകളിലൂടെ കൈമാറിപ്പോരുന്ന വിശ്വാസങ്ങളും അതിനോടൊക്കെ അനുബന്ധിച്ചുള്ള വെറുപ്പുമൊക്കെ ഇന്ന് വഴിമാറിയിരിക്കുന്നു- അവിടെ നിറയുന്നത് സഹാനുഭൂതിയാണ്, ലോകം മുഴുവന്‍ അന്യോന്യം ആശ്വസിപ്പിക്കാന്‍ വെമ്പുന്നതു പോലെ.
ജെറുസലേമിലെ ഈ പഴയ നഗത്തില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട, എന്നാല്‍ അത്ര മാരകമല്ലാത്ത ഈ വൈറസ്, തുറന്നു കാട്ടിയത് നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളുടെ ദൗര്‍ബല്യങ്ങളും ഒപ്പം പടര്‍ന്നുകയറുന്ന ഏകാധിപത്യ പ്രവണതകള്‍ കൂടിയാണ്. അവിടെ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ചാലെത്തുന്ന, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് നാം വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ മതേതര ആശയങ്ങളെ തിരിച്ചുപിടിക്കാന്‍ നാം ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് തെളിയിക്കുന്നതു കൂടിയാണ് കൊറോണ വൈറസ് ഉണ്ടാക്കിയിരിക്കുന്ന പ്രത്യാഘാതങ്ങള്‍.
ആ ജനാധിപത്യ രാജ്യത്തിന്റെ ഏറ്റവുമറ്റത്ത് കിടക്കുന്ന ഒരു ചെറിയ സംസ്ഥാനമായ കേരളമാകട്ടെ, അതിന്റെ എല്ലാ കുറവുകളും നിലനില്‍ക്കെത്തന്നെ, ലോകത്തിന് വലിയൊരു മാതൃക കൂടിയാണ് കാട്ടിക്കൊടുക്കുന്നത്. അത്, സര്‍ക്കാര്‍ മേഖലയിലുള്ള പൊതു ആരോഗ്യ സംവിധാനങ്ങളുടെ ശക്തിയും മതേതര, പുരോഗമന വിദ്യാഭ്യാസവും അതുണ്ടാക്കുന്ന ആശയധാരയും ഒപ്പം, സഹാനുഭൂതിയോടു കൂടി പെരുമാറുന്ന ഒരു ഭരണകൂടവും ഉണ്ട് എന്നതാണ്. സര്‍ക്കാര്‍ എങ്ങനെയാണ് ഓരോ വിവരങ്ങളും സൂക്ഷ്മതയോടെ പരിഗണിക്കുന്നതും അതിനു പരിഹാരമുണ്ടാക്കുന്നതെന്നും പിണറായി വിജയന് എത്രത്തോളം ഫലവത്തായ ഒരു ഭരണാധികാരിയാണ് തുടങ്ങിയ കാര്യങ്ങള്‍ പിന്നീട് നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം. ഇന്നത്തെ ദിവസം, മനുഷ്യകുലത്തെ മാറ്റിയെടുക്കുന്നതിനായി യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റ ഈ ദിവസം, കേരളവും ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി നിലനില്‍ക്കുന്ന വൈരുദ്ധ്യങ്ങളെക്കൂടി ഓര്‍ക്കാനുള്ളതാണ്.
നമ്മുടെ പാശ്ചാത്യ അക്കാദമിക്കുകള്‍ക്കോ, ഒരുപക്ഷേ, മിക്ക ഇന്ത്യക്കാര്‍ക്കും മനസിലാക്കാത്ത കാര്യമാണത്. കാരണം, നമ്മുടെ ഭരണഘടനാ വ്യവസ്ഥാപിത സ്ഥാപനങ്ങളെ തകര്‍ക്കുന്നതിനേക്കാള്‍ ഉപരിയായി, ലോകത്തിലെ ഏറ്റവും വൈവിധ്യം നിറഞ്ഞ ഒരു സമൂഹത്തെ ഭരണകൂടത്തിന്റെ എല്ലാ ആശിസ്സുകളോടും കൂടി എങ്ങനെയാണ് വിഷം വമിപ്പിക്കുന്ന ഒരു സമൂഹമായി മാറ്റിയെടുക്കുന്നത് എന്നതിനു കൂടിയാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സഹവര്‍ത്തിത്വത്തിന്റെ ആശയങ്ങളെ എങ്ങനെയാണ് ജനാധിപത്യ മാര്‍ഗങ്ങളുടെ എല്ലാ വഴികളും ഉപയോഗിച്ച് തന്നെ നശിപ്പിക്കുന്നത് എന്നും നാം കാണുന്നുണ്ട്.
ഇസ്ലാമോഫോബിയയ്ക്ക് ഇന്ന് ഭരിക്കുന്ന പാര്‍ട്ടിയുടെ എല്ലാ പിന്തുണയും ആശീര്‍വാദവുമുണ്ട്. പ്രധാനമന്ത്രിയുടെ മൗനം പോലും, ഒരുപക്ഷേ അതിനെ പിന്തുണയ്ക്കുന്നതാണ്. ഈ ഇസ്ലാമോഫോബിയ പടര്‍ത്തുന്ന സംസ്കാരശൂന്യരായ മനുഷ്യര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് സംസ്കാരമുള്ള ഒരു സമൂഹത്തിനു മുമ്പാകെ അദ്ദേഹവും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളുമെല്ലാം കുറ്റക്കാരാണ്.
ഇസ്ലാമോഫോബിയ എന്നത് ഇന്ന് രാഷ്ട്രീയത്തിലേയും മാധ്യമ മേഖലയിലേയും ഏറ്റവും വലിയ മുഖ്യധാരാ വിഷയമാണ്. അതിന് കാരണമെന്നത്, ഈ മേഖലകളൊയൊക്കെ നിയന്ത്രിക്കുന്ന- മോദി സര്‍ക്കാര്‍, ജുഡീഷ്യറി, മാധ്യമങ്ങള്‍ ഒക്കെ- എല്ലാ സംവിധാനങ്ങളും അതിന് ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്യുന്നുണ്ട്. അയോധ്യ വിധി മുതല്‍, 'കലാപകാരികളെ ധരിച്ചിരിക്കുന്ന വസ്ത്രം കൊണ്ട് തിരിച്ചറിയാ'മെന്ന മോദിയുടെ പ്രസ്താവനയും നാണക്കേടുണ്ടാക്കുന്ന വിധത്തിലുള്ള ചില 'ഇന്‍വെസ്റ്റിഗേറ്റീവ്' ജേര്‍ണലിസവും ഒക്കെ ചേര്‍ന്ന് ഭൂരിപക്ഷതാവാദത്തിന്റെ ഏറ്റവും മോശമായ ഒരവസ്ഥയിലേക്കാണ് രാജ്യത്തെ കാര്യങ്ങളെത്തിച്ചിരിക്കുന്നത്. മുസ്ലീങ്ങള്‍ക്കെതിരെ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന വെറുപ്പ് പടര്‍ത്തലും അവര്‍ക്കെതിരെയുള്ള ആക്രമണങ്ങളും നിത്യേനെയെന്നോണം നമ്മുടെ കണ്മുന്നില് അരങ്ങേറുന്നു.
ഇന്ത്യയെ കൂടുതല്‍ വിഭജിക്കുന്ന വിധത്തില്‍ കൊറോണ കാലത്തുണ്ടാകുന്ന ഇക്കാര്യങ്ങള്‍ മുസ്ലീങ്ങള്‍ക്കെതിരെ മാത്രമല്ല സംഭവിക്കുന്നത്. അത് നമ്മുടെ വരേണ്യവര്‍ഗം എത്രത്തോളം നിര്‍ദ്ദയരും സംസ്കാരശൂന്യരുമാണ് എന്നതു കൂടിയാണ് തെളിയിക്കുന്നത്. പാത്രം കൊട്ടാനും വിളക്ക് തെളിയിക്കാനുമൊക്കെയുള്ള അസംബന്ധ പ്രഖ്യാപനങ്ങള്‍ നടത്തുന്ന മോദി സര്‍ക്കാര്‍ വ്യക്തമാക്കുന്നത്, സഹാനുഭൂതിയും ദയയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല എന്നാണ്. നോട്ട് നിരോധനം കരുതിക്കൂട്ടിയല്ലെങ്കില്‍ പോലും പാവപ്പെട്ടവര്‍ക്ക് മേലുണ്ടാക്കിയ ദുരിതങ്ങള്‍ക്ക് കൈയും കണക്കുമില്ല. എന്നാല്‍ കൊറോണ വൈറസിനെ നേരിടാന്‍ നടപടികള്‍ സ്വീകരിച്ചപ്പോഴാകട്ടെ, യാതൊരു വിധത്തിലും ഈ പാവപ്പെട്ട മനുഷ്യരെ പരിഗണിക്കാനും നമ്മുടെ സംവിധാനങ്ങള്‍ തയാറായില്ല. കൊടും വെയിലത്ത് തെരുവുകളിലൂടെ നൂറുകണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള തങ്ങളുടെ ഗ്രാമങ്ങള്‍ ലക്ഷ്യമാക്കി നടക്കുന്ന മനുഷ്യര്‍, മരിച്ചു പോയ തന്റെ കുഞ്ഞിനെ കൈകളിലേന്തി എങ്ങോട്ടെന്നറിയാതെ നടക്കുന്ന ഒരമ്മ, മകനെ കൂട്ടാനായി നൂറുകണക്കിന് കിലോമീറ്ററുകള്‍ വണ്ടിയോടിക്കുന്ന മറ്റൊരു സ്ത്രീ, പോലീസുകാരുടെ ലാത്തിക്കും തെറിവിളികള്‍ക്കും ഇരകളായി റോഡിലൂടെ ഇഴയേണ്ടി വരുന്ന മനുഷ്യര്‍... ഈ ജനാധിപത്യ രാജ്യത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍... പക്ഷേ, ഇന്ന് നാം കാണുന്നത് അവരുടെ ഈ അവകാശങ്ങളെല്ലാം പിടിച്ചുവാങ്ങുന്നു എന്നതാണ്.
ഈ ഈസ്റ്ററിന്, ഈ ഭൂമിയിലെ പീഡിതര്‍, പാവപ്പെട്ടവര്‍, യാതൊരു അവകാശ, അധികാരങ്ങളുമില്ലാത്ത മനുഷ്യര്‍, തങ്ങളെ അടക്കം ചെയ്തിരിക്കുന്ന വെറുപ്പിന്റെയും പട്ടിണിയുടേയും ശവകുടീരങ്ങളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് വരട്ടെയെന്ന് നമുക്ക് ആശിക്കാം. ഭൂരിപക്ഷതാവാദത്തിന്റെ കൊള്ളക്കൊടുക്കലുകാരുടേയും സംസ്കാരശൂന്യവും അശ്ലീലവും നിറഞ്ഞ വരേണ്യവര്‍ഗക്കാരുടെ ഹുങ്കുകളില്‍ നിന്നും മോചിപ്പിക്കപ്പെട്ട് അവര്‍ ഈ ജനാധിപത്യ രാജ്യം തിരിച്ചു പിടിക്കട്ടെ.
ഈ ഈസ്റ്ററിന്, യേശുവില്‍ വിശ്വസിക്കുന്നവരും അല്ലാത്തവരുമായ എല്ലാ മനുഷ്യരും ഒരു കാര്യം ഓര്‍ക്കുക, നമുക്ക് മുമ്പാകെയുള്ളത് വിശുദ്ധമായ ഒരു ഗ്രന്ഥമാണ്. ഇന്ത്യന്‍ ഭരണഘടന. അതിന്റെ സത്ത ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞയെടുക്കുന്നതാകട്ടെ ഈ ഞായര്‍. കേരളത്തില്‍ നിന്ന് നമുക്ക് ആ മാറ്റങ്ങള്‍ക്ക് വേണ്ടി ചുക്കാന്‍ പിടിക്കാം, ഒരു പക്ഷേ, അത്രയെളുപ്പമായേക്കില്ല. ജൂത ക്രൂരതയ്ക്കും അധികാര ധാര്‍ഷ്ട്യത്തിനും ഇരയാകുന്ന ജെറുസലേമിലെ ഒരു ചെറുപ്പക്കാരനെ പോലെ, അത്രയെളുപ്പം മറികടക്കാവുന്ന ഒന്നല്ല നാം അകപ്പെട്ടിരിക്കുന്ന അവസ്ഥയും.