TopTop
Begin typing your search above and press return to search.

ബിജെപി വലിയ വില കൊടുക്കേണ്ടി വരും

ബിജെപി വലിയ വില കൊടുക്കേണ്ടി വരും

എഡിറ്റോറിയല്‍

മഹാരാഷ്ട്രയില്‍ കഴിഞ്ഞ ഒരുമാസമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കാണ് ഇപ്പോള്‍ ഏറെക്കുറെ തിരശീല വീണിരിക്കുന്നത്. കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യം തിങ്കളാഴ്ച വൈകിട്ട് തങ്ങളുടെ എംഎല്‍എമാരെ അണിനിരത്തുകയും ബുധനാഴ്ച സഭയില്‍ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച ഉത്തരവിടുകയും ചെയ്തതോടെയാണ് ഇക്കാര്യങ്ങള്‍ക്ക് വേഗത വര്‍ധിച്ചത്. പിന്നാലെ അജിത് പവാര്‍ രാജി വയ്ക്കുകയും അത് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ രാജിയിലും കലാശിക്കുകയായിരുന്നു. മഹാരാഷ്ട്രയില്‍ ഇന്ന് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുകയാണ്. നാളെ (നവംബര്‍ 28-ന്) വൈകിട്ട് ആറുമണിക്ക് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാല്‍ ആറു മാസത്തിനകം ഉദ്ധവ് താക്കറെ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെടുകയും വേണം.

ഇത്രയും സാങ്കേതികമായി സംഭവിച്ച കാര്യങ്ങള്‍. എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും രാഷ്ട്രീയ ധാര്‍മികതകള്‍ക്കുമേറ്റ കനത്ത ആഘാതമായിക്കൂടി വേണം മഹാരാഷ്ട്രയിലെ സംഭവികാസങ്ങളെ കാണാന്‍. കാരണം, ഇത് അധികാരത്തിനു വേണ്ടി ഏതാനും രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ കടിപിടി കൂടിയ വിഷയം മാത്രമല്ല, രാഷ്ട്രപതി പദം മുതല്‍ താഴേക്കുള്ള എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും പദവികളും എങ്ങനെ ദുര്‍വിനിയോഗം ചെയ്യാന്‍ ഭരിക്കുന്ന ഒരു പാര്‍ട്ടിക്ക് കഴിയും എന്നതിന്റെ തെളിവുകള്‍ കൂടിയാണ്. അതിനും പുറമെ, നിലവില്‍ ഭരിക്കുന്ന നരേന്ദ്ര മോദിക്കും ബിജെപി സര്‍ക്കാരിനുമുള്ള ചില മുന്നറിയിപ്പുകള്‍ കൂടി മഹാരാഷ്ട്ര മുന്നോട്ടു വയ്ക്കുന്നുണ്ട്.

എല്ലാ വിധത്തിലും ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനാ തത്വങ്ങളെയും അട്ടിമറിക്കുന്ന രീതിയിലാണ് മഹാരാഷ്ട്രയില്‍ എന്‍സിപി നേതാവ് അജിത് പവാറിനെ കൂട്ടി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതെന്ന് നാം കണ്ടു കഴിഞ്ഞു. ഇത് ഏറെക്കുറെ ശരിവയ്ക്കുന്ന രീതിയിലായിരുന്നു ഇന്നലെ സുപ്രീം കോടതി ഇക്കാര്യത്തില്‍ നല്‍കിയ ഉത്തരവും. "വിവിധ പാര്‍ട്ടികള്‍ അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തില്‍ ഭരണഘടനാ ധാര്‍മികതയും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു" - സുപ്രീം കോടതി പറഞ്ഞു. "തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരു മാസം കഴിഞ്ഞിട്ടും എംഎല്‍എഎമാര്‍ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല എന്ന സാഹചര്യം നിലനില്‍ക്കുന്നതിനാലും ഉയര്‍ന്നുവരുന്ന വസ്തുതകളും സാഹചര്യങ്ങളും കണക്കാക്കിയാല്‍, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളായ കുതിരക്കച്ചവടം പോലുള്ളവ ഒഴിവാക്കുന്നതിനും സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ രൂപീകരിച്ച് നിലവിലുള്ള അനിശ്ചിതത്വം ഒഴിവാക്കുന്നതിനും അതുവഴി ജനാധിപത്യത്തിന്റെ സുഗമമായ ഒഴുക്കിനും കോടതിയുടെ ഇപ്പോഴുള്ള ഇടപെടല്‍ അത്യാവശ്യമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു" . തുടര്‍ന്നാണ് പിറ്റേന്ന് സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനും ഇതിന് പ്രോ-ടേം സ്പീക്കറെ നിശ്ചയിക്കാനും വോട്ടെടുപ്പ് പരിപാടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാനും കോടതി നിര്‍ദേശിച്ചത്.

ഇതോടെയാണ് ബിജെപി സര്‍ക്കാരിന്റെ തകര്‍ച്ച പൂര്‍ണമായത്. കാരണം, സുപ്രീം കോടതി ഉത്തരവ് പുറത്തു വന്നുകഴിഞ്ഞും ബിജെപി നേതാക്കള്‍ അവകാശപ്പെട്ടത് തങ്ങള്‍ക്ക് വോട്ടെടുപ്പില്‍ വിജയിക്കാന്‍ കഴിയുമെന്നാണ്. എന്നാല്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് ഇക്കാര്യം നേരത്തെ ബോധ്യപ്പെട്ടിരുന്നു എന്നാണ് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രഹസ്യവോട്ടെടുപ്പ് നടത്തേണ്ടെന്ന് കോടതി നിര്‍ദേശിച്ചപ്പോള്‍ തന്നെ വിധി കുറിക്കപ്പെട്ട കാര്യം ബിജെപി നേതൃത്വം മനസിലാക്കിയിരുന്നു. കാരണം, തനിക്കൊപ്പം, 30-ഓളം എംഎല്‍എമാര്‍ വരും എന്നായിരുന്നു അജിത് പവാര്‍, ഫഡ്‌നാവിസിനും അമിത് ഷാ പ്രത്യേകമായി നിയോഗിച്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ഭൂപേന്ദ്ര യാദവിനോടും പറഞ്ഞിരുന്നത്. ഒപ്പം, ചില സ്വതന്ത്ര എംഎല്‍എമാരെയും ചെറുപാര്‍ട്ടികളെയും കൂടെക്കൂട്ടാമെന്നും ഫഡ്‌നാവിസും സംഘവും കരുതി. കാരണം, ഇതേ വിധത്തിലാണ് പാര്‍ട്ടി മണിപ്പൂരിലും ഗോവയിലും അധികാരം പിടിച്ചത്. ഇതേ വിധത്തില്‍ എംഎല്‍എമാരെ അടര്‍ത്തി മാറ്റിയാണ് കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.

ഫഡ്‌നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ തന്നെ കാര്യങ്ങളുടെ പോക്ക് ഏകദേശം വ്യക്തമായിരുന്നു. ആദ്യം ശിവസേനയിലും പിന്നീട് കോണ്‍ഗ്രസിലും ഇപ്പോള്‍ ബിജെപിയിലുമെത്തിയ നാരായണ്‍ റാണെയുടെ നേതൃത്വത്തില്‍ ബിജെപി നാലംഗ സംഘത്തെ എംഎല്‍എമാരെ 'പിടിക്കാനായി' നിയോഗിച്ചു. എന്നാല്‍ സത്യപ്രതിജ്ഞ ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കാര്യങ്ങള്‍ എന്‍സിപി തലവന്‍ ശരത് പവാറിന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞിരുന്നു. സത്യപ്രതിജ്ഞ വാര്‍ത്ത പുറത്തുവന്നയുടന്‍ പവാര്‍ തന്റെ എംഎല്‍എമാരെ മുഴുവന്‍ നേരിട്ടു വിളിച്ചു. അജിത് പവാറിനൊപ്പം സത്യപ്രതിജ്ഞാ ചടങ്ങിനു പോയ നാല് എംഎല്‍എമാരെ ഉദ്ധവ് താക്കറെയ്‌ക്കൊപ്പമുള്ള പത്രസമ്മേളനത്തില്‍ അണിനിരത്തിയ പവാര്‍, തനിക്ക് മേലുള്ള ഗൂഡാലോചനാ ആരോപണവും അവസാനിപ്പിച്ചു. പിന്നീടായിരുന്നു എംഎല്‍എമാരെ ഒരുമിപ്പിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നത്. ഇതിനായി എന്‍സിപിയുടേയും ശിവസേനയുടെയും പാര്‍ട്ടി പ്രവര്‍ത്തകരെ തുല്യമായി വീതിച്ചു. ഒരു എംഎല്‍എയുടെ 'സഹായ'ത്തിനും 'സുരക്ഷയ്ക്കു'മായി നാലു പേരെയാണ് നിയോഗിച്ചത്. ഇതോടെ എംഎല്‍എമാരിലേക്ക് എത്തുക എന്നത് ബിജെപി നേതാക്കള്‍ക്ക് കഴിയാതെയായി. ശരത് പവാര്‍ വിചാരിച്ചാല്‍ തങ്ങളുടെ രാഷ്ട്രീയ കരിയര്‍ ഇല്ലാതാക്കാനും ഉണ്ടാക്കിയെടുക്കാനും കഴിയുമെന്നറിയാവുന്ന, അജിത് പവാറിനോട് കൂറുള്ള എംഎല്‍എമാര്‍ പോലും ശരത് പവാറിനൊപ്പം ഉറച്ചു നിന്നു.

അതിനു ശേഷമായിരുന്നു നിര്‍ണായകമായ മറ്റൊരു കാര്യം നടന്നത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം എന്‍സിപിയുടെ ഒമ്പത് എംഎല്‍എമാരെ ഡല്‍ഹിക്ക് കൊണ്ടു പോകാന്‍ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള വിമാനം ബിജെപി തയാറാക്കിയിരുന്നു. എന്നാല്‍ കൊണ്ടുപോകാന്‍ സാധിച്ചത് നാലു പേരെ മാത്രമാണ്. അവരെ ന്യൂഡല്‍ഹി വിമാനത്താവളത്തിനു സമീപമുള്ള എയ്‌റോ സിറ്റിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ അഞ്ചാം നിലയിലെ മുറിയിലടച്ചു. പോലീസിന്റെയും ഗുണ്ടകളുടേയും നിരീക്ഷണവും ഏര്‍പ്പെടുത്തി. മറ്റ് എന്‍സിപി എംഎല്‍എമാര്‍ കൂടി ഇവര്‍ക്കൊപ്പം ഉടന്‍ ചേരുമെന്നായിരുന്നു ഇവരെ അറിയിച്ചിരുന്നത്. എന്നാല്‍ അന്നു വൈകിട്ടോടെ കാര്യങ്ങള്‍ മാറുന്നത് ഇവര്‍ക്ക് മനസിലായി. മിക്ക എംഎല്‍എമാരും ശരത് പവാറിന്റെ അടുക്കല്‍ തിരിച്ചെത്തിയെന്നും തങ്ങള്‍ മാത്രമേ പുറത്തുള്ളൂ എന്നും മനസിലാക്കിയതോടെ ഇവര്‍ എന്‍സിപി നേതൃത്വത്തെ ബന്ധപ്പെട്ടു. എന്നാല്‍ ബിജെപി ഏര്‍പ്പെടുത്തിയ കാവല്‍ ഭേദിച്ച് പുറത്തു പോവുക ഇവര്‍ക്ക് എളുപ്പമായിരുന്നില്ല. തുടര്‍ന്ന് പവാര്‍ ഇക്കാര്യം ഡല്‍ഹിയിലെ എന്‍സിപി പ്രവര്‍ത്തകരെ ഏല്‍പ്പിച്ചു. ഒപ്പം, ഡല്‍ഹിയില്‍ തനിക്കുള്ള 'മറ്റു ബന്ധങ്ങളും'. ബിജെപി പ്രവത്തകരുടെ കാവല്‍ ഇല്ലാത്ത ഹോട്ടലിന്റെ ഒരു ഭാഗത്ത് എംഎല്‍എമാരോട് എത്തിച്ചേരാന്‍ പറയുകയും അവിടെ നിന്ന് എന്‍സിപി പ്രവര്‍ത്തകര്‍ ഇവരെ വിമാനത്താവളത്തിലേക്ക് കൊണ്ടു പോവുകയുമായിരുന്നു. ഒരു എംഎല്‍എയെ തത്കാലം ഡല്‍ഹിയില്‍ തന്നെ എന്‍സിപി പ്രവര്‍ത്തകരുടെ സംരക്ഷണയിലുമാക്കി.

എന്നാല്‍ ഈ വിധത്തില്‍ കാര്യങ്ങള്‍ നടന്നിട്ടു പോലും സ്ഥിതിഗതികള്‍ മാറുന്നത് ബിജെപി നേതൃത്വത്തിന് മനസിലായില്ല. ബിജെപി പദ്ധതി പരാജയപ്പെടുത്തുമെന്ന് തീരുമാനിച്ചുറപ്പിച്ചു തന്നെയായിരുന്നു പവാറും ഉദ്ധവ് താക്കറെയും എന്നതിനെ ബിജെപി നേതൃത്വം അവസാന നിമിഷം വരെയും ഗൌരവകരമായി കാര്യമാക്കിയില്ല. എംഎല്‍എമാരെ അടര്‍ത്തി മാറ്റാം എന്നു തന്നെയായിരുന്നു അവസാന നിമിഷം വരെ അവര്‍ കണക്കാക്കിയതും. എന്നാല്‍ അതൊന്നും സംഭവിച്ചില്ല. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട് എന്നത് പ്രവര്‍ത്തന പരിചയവും ദീര്‍ഘവീക്ഷണവുമുള്ള ഏതു രാഷ്ട്രീയ നേതാവിനു മനസിലാകുന്നതാണ്. അര്‍ധരാത്രിയില്‍ ഗവര്‍ണറെ കൊണ്ട് രാഷ്ട്രപതി ഭരണം അവസാനിപ്പിക്കാന്‍ ശിപാര്‍ശ വാങ്ങിപ്പിക്കുകയും മന്ത്രിസഭയെ മറികടന്ന് പ്രധാനമന്ത്രി പ്രത്യേക അധികാരം വഴി അതിന് അനുമതി നല്‍കുകയും തുടര്‍ന്ന് ഇതിന് രാഷ്ട്രപതിയുടെ ഒപ്പ് വാങ്ങിക്കുകയും ആഭ്യന്തര മന്ത്രാലയം മിനിറ്റുകള്‍ക്കുള്ളില്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ഒക്കെ ചെയ്യുമ്പോള്‍ സമയം വെളുപ്പിനെ 5.47 ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. രാവിലെ 7.50-ന് സത്യപ്രതിജ്ഞ കഴിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ മോദി ഫഡ്‌നാവിസിനും അജിത് പവാറിനും അഭിനന്ദന ട്വീറ്റും ചെയ്തു. ലോകം മാസ്റ്റര്‍സ്‌ട്രോക്ക് എന്ന് പുകഴ്ത്തി. എന്നാല്‍ ഭരണഘടനാ സ്ഥാപനങ്ങളെ ഈ വിധം ദുരുപയോഗം ചെയ്യുകയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിലവാരം പോലും ഇല്ലാതാക്കുകയും ചെയ്തിട്ടും മുമ്പോട്ടു വരാന്‍ പോകുന്ന രാഷ്ട്രീയ നീക്കങ്ങള്‍ മോദിയോ അമിത് ഷായോ കണ്ടില്ല. അതിനെ നേരിടാനുള്ള രാഷ്ട്രീയ തന്ത്രങ്ങളൊന്നും അവരില്‍ അവശേഷിച്ചിരുന്നുമില്ല. കാരണം, അധികാരം, പണം, ഇതിനെ ചുറ്റി നിലനില്‍ക്കുന്ന അന്വേഷണ ഏജന്‍സികള്‍; ഇതു മാത്രമായിരുന്നു മോദി-ഷാ ദ്വന്ദത്തിന്റെ രാഷ്ട്രീയ മൂലധനം എന്നതു കൊണ്ടാണ് മഹാരാഷ്ട്രയില്‍ അടിയറവ് പറയേണ്ടി വന്നത്.

Also Read:

നാല് ദശകത്തിലെ ഏറ്റവും വലിയ പട്ടിണിയാണ് ഇന്ത്യന്‍ ഗ്രാമങ്ങളില്‍; കണക്കുകള്‍ പൂഴ്ത്തിക്കൊണ്ട് ഒരു രാജാവിനും നഗ്നത മറയ്ക്കാന്‍ കഴിയില്ല

ഇത്രയും രാഷ്ട്രീയം. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയപരിപാടികളാണ് ഈ വിധത്തില്‍ ബിജെപിയെ എത്തിച്ചിരിക്കുന്നത് എന്നതിനും തെളിവ് മഹാരാഷ്ട്ര തന്നെയാണ്. രാജ്യം അസാധാരണമായ വിധത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും കൂടുതല്‍. എല്ലാ മേഖലകളും തകര്‍ച്ചയെ നേരിടുന്നു. കയറ്റുമതി ഇടിഞ്ഞു. രൂപയുടെ മൂല്യം കുറഞ്ഞു. അവശ്യവസ്തുക്കളായ പച്ചക്കറികള്‍ക്കും മറ്റും തീവില. പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു വരുന്നു. ഇതൊക്കെ സൂചിപ്പിക്കുന്ന സര്‍ക്കാരിന്റെ തന്നെ ഔദ്യോഗിക കണക്കുകള്‍ പൂഴ്ത്തിവയ്ക്കുന്നു. തങ്ങളുടെ നയപരിപാടികള്‍ വന്‍ വിജയങ്ങളാണെന്ന് വീമ്പു പറയുന്നു. അതിനായി കണക്കുകള്‍ (ഡാറ്റ) തിരുത്തുന്നു. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കിട്ടാനാണ് തങ്ങള്‍ക്ക് കക്കൂസ് ഇല്ലെന്ന് ജനങ്ങള്‍ പറയുന്നതെന്ന് ഔദ്യോഗിക സര്‍വെ റിപ്പോര്‍ട്ടില്‍ എഴുതി വയ്ക്കുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിംഗില്‍ സുതാര്യത കൊണ്ടുവരാനാണ് ഇലക്ട്രല്‍ ബോണ്ട് ഏര്‍പ്പെടുത്തിയതെന്ന് ഉളുപ്പില്ലാതെ നുണ പറയുന്നു, അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ഭരണഘടനാ അട്ടിമറിക്ക് നേതൃത്വം നല്‍കിയതിനു ശേഷം, ഭരണഘടന പവിത്രവും അതിനെ മാനിക്കേണ്ടതുമാണെന്ന് വിളിച്ചു പറയുന്നു. ഇങ്ങനെയുള്ള ഒരു പരിസരത്തു നിന്നു കൊണ്ടു കൂടി വേണം മഹാരാഷ്ട്ര സംഭവവികാസങ്ങളെ നോക്കിക്കാണാന്‍.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ എല്ലാ കോര്‍പറേറ്റ് സ്ഥാപനങ്ങളും വലിയ പ്രതീക്ഷയിലും സന്തോഷത്തിലുമായിരുന്നു. എന്നാല്‍ ഇന്ന് അതെല്ലാം തകര്‍ന്നിരിക്കുന്നു. വന്‍ കമ്പനികള്‍ അടക്കം അടച്ചുപൂട്ടലിന്റെ വക്കിലാണ്. മികച്ച രീതിയില്‍ നടത്തിക്കൊണ്ടിരുന്ന സ്ഥാപനങ്ങളുടെ ഉടമകള്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്നു. ഇന്ത്യന്‍ വ്യവസായ മേഖലയില്‍ എങ്ങും ഭയവും ആശങ്കകളുമാണ്. അതിന്റെ കൂടി പ്രതിഫലനമാണ് മഹാരാഷ്ട്രയില്‍ സംഭവിച്ചത് എന്നാണ് ബിജെപി നേതൃത്വം തന്നെ ഇപ്പോള്‍ മനസിലാക്കുന്നത്. അതിന്റെ ഒരു ഉദാഹരണം ഇതാ: ഒരു കേന്ദ്രമന്ത്രിയെ ഉദ്ധരിച്ചു കൊണ്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ രാധിക രാമശേഷന്‍ മുംബൈ മിററില്‍

എഴുതുന്നു

: "മുംബൈയിലെ ഹോട്ടലുകള്‍ ആ എംഎല്‍എമാരെ സ്വീകരിച്ചത് കണ്ണു തുറപ്പിക്കേണ്ടതാണ്. ഒരു ഹോട്ടലാകട്ടെ, എംഎല്‍എമാരെ മുഴുവന്‍ അണിനിരത്താന്‍ പോലും സൗകാര്യം ചെയ്തു കൊടുത്തു. മുമ്പ് ഞങ്ങള്‍ ഞങ്ങളുടെ എംഎല്‍എമാരെ ഈ വിധത്തില്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഫൈവ് സ്റ്റാറോ ഫോര്‍ സ്റ്റാറോ എന്തുമാകട്ടെ, തങ്ങളുടെ വാതിലുകള്‍ തുറന്നു തരാന്‍ ഹോട്ടലുകള്‍ മടിച്ചിരുന്നു. കാരണം, ഭരിക്കുന്ന പാര്‍ട്ടിയെ പിണക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. ഇപ്പോഴത്തെ കാര്യങ്ങള്‍ സൂചിപ്പിക്കുന്നത് കോര്‍പറേറ്റ് മേഖല കൂടുതല്‍ ചങ്കൂറ്റമുള്ളവരായിരിക്കുന്നു എന്നാണ്. അവര്‍ ഞങ്ങളെ പേടിക്കുന്നില്ല എന്നും. ഇത് ഞങ്ങളുടെ പ്രവര്‍ത്തന രീതി മാറ്റണമെന്നുമുള്ള ഒരു മുന്നറിയിപ്പാണ്. അതുപോലെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തണമെന്നും. അല്ലെങ്കില്‍ ഈ കാര്യങ്ങളായിരിക്കും ഇനി എല്ലായിടത്തും സംഭവിക്കാന്‍ പോകുന്നത്" .

Also Read:

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ കുംഭകോണമാണ് മോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ബോണ്ട് കച്ചവടം; ജെപിസി അന്വേഷണം അത്യാവശ്യമാണ്

അതിന്റെ തെളിവ് മുകളിലെ ഭൂപടം നല്‍കും. കാരണം, ബീഹാറില്‍ ഭരിക്കുന്ന സഖ്യകക്ഷിയായ ജെഡി(യു), പഞ്ചാബിലെ പ്രതിപക്ഷ പാര്‍ട്ടിയായ അകാലിദള്‍ എന്നിവ ഒഴിച്ചാല്‍ ഇപ്പോള്‍ ബിജെപിക്ക് കൊള്ളാവുന്ന ഒരു സഖ്യകക്ഷിയില്ല. ബിജെപി 11 സംസ്ഥാനങ്ങള്‍ ഭരിക്കുന്നുണ്ടെങ്കിലും യുപി, ഗുജറാത്ത്, കര്‍ണാടകം എന്നിവയൊഴിച്ച് ബാക്കിയൊക്കെ ചെറിയ സംസ്ഥാനങ്ങളാണ്. അരുണാചല്‍ പ്രദേശ്, അസം, ഗോവ, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, മണിപ്പൂര്‍, ത്രിപുര, ഉത്തരഖാഖണ്ഡ് എന്നിവയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍. ഇതില്‍ കര്‍ണാടക ഭരണം എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാവുന്ന അവസ്ഥയിലാണ്. കാരണം, ഡിസംബര്‍ അഞ്ചിന് 15 സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഏഴെണ്ണത്തില്‍ എങ്കിലും വിജയിച്ചില്ലെങ്കില്‍ ബി.എസ് യദിയൂരപ്പ സര്‍ക്കാര്‍ താഴെപ്പോകും. ഹരിയാനയില്‍ കഴിഞ്ഞ തവണ ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടായിരുന്നെങ്കില്‍ ഇത്തവണ ജെജെപിയുടെ പിന്തുണ ആവശ്യമായി വന്നു. ഇവിടെ മാത്രമാണ് ഏതെങ്കിലും സഖ്യകക്ഷികയുടെ സഹായത്തോടെ ബിജെപി ഭരിക്കുന്ന സ്ഥലം. ആറു സംസ്ഥാനങ്ങളില്‍ ബിജെപിയുടെ സഖ്യകക്ഷികളാണ് ഭരിക്കുന്നത്- ഇതില്‍ ബിഹാര്‍ ഒഴികെയുള്ളിടത്ത് ബിജെപിക്ക് യാതൊരു സ്വാധീനവുമില്ല. തമിഴ്‌നാട്, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം, മിസോറം എന്നിവയാണ് സഖ്യകക്ഷികള്‍ ഭരിക്കുന്നത്. ഏതു സമയത്തും മാറി മറിയാവുന്നതുമാണ് തമിഴ്നാട് ഒഴികെയുള്ള ഈ ചെറുസംസ്ഥാനങ്ങളിലെ രാഷ്ട്രീയ കണക്കുകള്‍.

ബിജെപി അധികാരത്തിലിരുന്ന സംസ്ഥാനങ്ങളായിരുന്നു ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവ. എന്നാല്‍ ഡല്‍ഹിയില്‍ ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയാണ് ഭരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിന് ബിജെപി ഇപ്പോള്‍ തന്നെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും മിക്കവരും സാധ്യത കല്‍പ്പിക്കുന്നത് അരവിന്ദ് കെജ്‌രിവാളിന്റെ പാര്‍ട്ടിക്ക് തന്നെയാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തു. സഖ്യകക്ഷികള്‍ക്കൊപ്പം ബിജെപി ഭരിച്ചിരുന്ന ആന്ധ്ര പ്രദേശ്, ജമ്മു-കാശ്മീര്‍, ഒഡീഷ, പഞ്ചാബ്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഇന്ന് പാര്‍ട്ടിക് ഭരണമില്ല. പഞ്ചാബില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത്. അതായത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ വലിയ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന്റെ പക്കലാണുള്ളത്. അതിനൊപ്പമാണ് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉള്‍പ്പെടുന്ന, കാശൊഴുകുന്ന മഹാരാഷ്ട്രയും ബിജെപിക്ക് നഷ്ടപ്പെടുന്നത്. കേരളം, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ബിജെപി സഖ്യകക്ഷികളുടെ സഹായത്തോടെ പോലും ഭരണത്തില്‍ വന്നിട്ടുമില്ല- ഇതിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം:

മഹാരാഷ്ട്രയിലെ സംഭവവികാസങ്ങള്‍ ജനാധിപത്യത്തിന് ഗുണകരവും മോദി-അമിത് ഷാ കാലത്തെ ബിജെപിക്ക് തിരിച്ചടിയുമാകുന്നത് ഇങ്ങനെയാണ്

ഫോട്ടോ കടപ്പാട്: ഔട്ട്ലുക്ക്

Next Story

Related Stories