TopTop
Begin typing your search above and press return to search.

21-ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തിന് ഒരു മാനിഫെസ്‌റ്റോ | ജോസി ജോസഫ്

21-ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തിന് ഒരു മാനിഫെസ്‌റ്റോ | ജോസി ജോസഫ്

മനുഷ്യ ചരിത്രത്തെ അടിസ്ഥാനപരമായി രണ്ടായി വിഭജിക്കാം. സാഹസികമായി മുന്നേറുന്ന ഒരു വിഭാഗത്തിന്റെയും വ്യവസ്ഥയോട് പൊരുത്തപ്പെട്ട് വിരസതയില്‍ കഴിയുന്ന മറ്റൊരു കൂട്ടരുടെയും ചരിത്രമാണത്. അജ്ഞാതമായവയെക്കുറിച്ചുള്ള ഭയം കൊണ്ട് മരവിച്ചിരിക്കുന്നവരും അസ്വസ്ഥകരമെങ്കിലും നിലവില്‍ ലഭ്യമായ ഉറപ്പുകളില്‍ ശാന്തി കണ്ടെത്തുന്നവരും പക്ഷേ, അവസാനിക്കുന്നത് പിന്തിരിപ്പന്‍ ആശയങ്ങളിലും നമ്മളില്‍ തന്നെയുള്ള ഏറ്റവും മോശമായ മനുഷ്യര്‍ എന്ന നിലയിലുമാണ്. അത്തരത്തില്‍ ഏകതാനമായ നിശ്ചിതാവസ്ഥ നമ്മളെ എത്തിക്കുക ഏറ്റവും ആക്രമോത്സുകവും അസഹിഷ്ണുതയും നിറഞ്ഞ ഒരു സമൂഹത്തിലാണ്.

എന്നാല്‍ അജ്ഞാതമായവയെ തേടിയുള്ള സാഹസിക പ്രയാണം ചെയ്യുന്നവര്‍ ചരിത്രത്തെ പൊളിച്ചെഴുതുന്നു, പുതിയ പ്രദേശങ്ങള്‍ കണ്ടെത്തുന്നു, പുതിയ സാങ്കേതിക വിദ്യകള്‍ കണ്ടെത്തുന്നു, മനുഷ്യരാശിക്കാകെ ഉത്തേജനം നല്‍കുന്ന പരീക്ഷണങ്ങള്‍ നടത്തുന്നു; അത്തരത്തില്‍ മാനവരാശിയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും മഹത്തായ പരീക്ഷണങ്ങളിലൊന്നാണ് ഇന്ത്യന്‍ ജനാധിപത്യം.

30 കോടി ജനങ്ങളില്‍ വെറും 15 ശതമാനം മാത്രമേ വിദ്യാഭ്യാസം നേടിയിരുന്നുള്ളൂ എങ്കിലും എഴുതപ്പെട്ട ഭരണഘടനയുടെ അടിസ്ഥാനത്തില്‍ സമാധാനപൂര്‍ണമായി ജീവിക്കുന്ന, എല്ലാ പൗരന്മാര്‍ക്കും നീതിയും സ്വാതന്ത്ര്യവും തുല്യതയും സാഹോദര്യവും ഉറപ്പാക്കുന്ന വിധത്തില്‍ ഇന്ത്യ എന്ന സ്വതന്ത്ര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കിനോട് പ്രതിബദ്ധതയുള്ള ഒന്നായിരുന്നു 1947-ല്‍ ആരംഭിച്ച ആ പരീക്ഷണം; അല്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം.

എന്നാല്‍ വിശ്രുതമായ ആ ഭരണഘടനയും അത് വിഭാവനം ചെയ്യുന്ന പ്രതിബദ്ധതകളുമെല്ലാം ഇന്ന് മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ആക്രമണം നേരിടുകയാണ്, അതിലെ ഭൂരിഭാഗവും തകര്‍ന്നും കഴിഞ്ഞു. ഇതേ ഭരണഘടനയെ ചൊല്ലി പ്രതിജ്ഞയെടുത്ത കുറച്ച് മനുഷ്യര്‍ തന്നെയാണ് ആ ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്. ആഗോള തലത്തില്‍ തന്നെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്ന സ്വതന്ത്രമായ ഇന്ത്യന്‍ ജുഡീഷ്യറി ഇന്ന്, നീതി ആവശ്യപ്പെടുന്ന മനുഷ്യരേക്കാള്‍ ഭരണകൂടത്തില്‍ സ്വാസ്ഥ്യം കണ്ടെത്തിയിരിക്കുന്നു. സ്വതന്ത്രമായ മാധ്യമങ്ങള്‍ ഇന്ന് ആ ഭൂതകാലത്തിന്റെ നിഴല്‍ മാത്രമായിരിക്കുന്നു, അത് ചിലപ്പോള്‍ സര്‍ക്കാരിന്റെ വെറുമൊരു പി.ആര്‍ ഉപകരണമോ അല്ലെങ്കില്‍ പ്രൊപ്പഗണ്ട പ്രചരിപ്പിക്കാനുള്ള വേദിയോ ആയി മാറിയിരിക്കുന്നു. അടിച്ചമര്‍ത്തലിന്റെയും അനധികൃത ഫോണ്‍ ചോര്‍ത്തലിന്റെയും ഭയപ്പെടുത്തലിന്റെയും വാര്‍ത്തകളാണ് ഇന്ന് ദേശീയ തലസ്ഥാനത്ത് റോന്ത് ചുറ്റുന്നത്.

ജനങ്ങളുടെ ശ്രദ്ധയത്രയും പരസ്യക്കാര്‍ക്ക് വില്‍ക്കുന്ന, ഇന്ന് നിലനില്‍ക്കുന്ന മാധ്യമ മാതൃകയാണ് മാധ്യമ സ്വാതന്ത്ര്യത്തിന്റെ കഴുത്തില്‍ച്ചുറ്റിയിരിക്കുന്ന ഏറ്റവും വലിയ ഭീഷണി. സര്‍ക്കാരും സംശയാസ്പദമായ പശ്ചാത്തലങ്ങളുള്ള കോര്‍പറേറ്റുകളുമാണ് രാജ്യത്തെ ഏറ്റവും വലിയ പരസ്യദാതാക്കള്‍. മറ്റൊരു മാര്‍ഗവുമില്ലാത്ത മാധ്യമങ്ങളാകട്ടെ, ആ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള വേഷങ്ങളാടുന്നു.

നിലവാരമുള്ള മാധ്യമപ്രവര്‍ത്തനം ഏറെ ചെലവേറിയതുമാണ്. ഒരു നല്ല അന്വേഷണാത്മക റിപ്പോര്‍ട്ട് തയാറാക്കണമെങ്കില്‍ ചിലപ്പോള്‍ മാസങ്ങള്‍ വേണ്ടി വരും, സൂക്ഷ്മമായി പഠിച്ച് തയാറാക്കുന്ന ഒരു ന്യൂസ് റിപ്പോര്‍ട്ടിന് ചിലപ്പോള്‍ ദിവസങ്ങളെടുത്തേക്കും. അത്തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനം ചെയ്യുമ്പോള്‍, നിങ്ങള്‍ അന്വേഷിക്കുന്ന പ്രബലരായ ആളുകള്‍ തിരിച്ചു പ്രതികരിച്ചേക്കാം, തുടര്‍ന്നുണ്ടാകുന്ന നിയമ പോരാട്ടങ്ങളും മറ്റുമാകട്ടെ, വളരെയേറെ ചെലവേറിയതുമാണ്.

നിലവാരമുള്ള മാധ്യമ പ്രവര്‍ത്തനം ചെയ്യാന്‍ ഇന്ത്യന്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ വളരെക്കുറച്ച് വിഭവങ്ങളും പ്രോത്സഹനജനകമല്ലാത്ത അന്തരീക്ഷവുമാണ് പൊതുവേയുള്ളത്. വാര്‍ത്താ ചാനലുകളാകട്ടെ, പുതിയൊരു മാതൃക കണ്ടെത്തിയിരിക്കുകയാണ്: അതിഥികളെ സ്റ്റുഡിയോയില്‍ പിടിച്ചിരുത്തി അവതാരകര്‍ കൃത്രിമമായ സംഘര്‍ഷം സൃഷ്ടിക്കുകയും വ്യാജമായ ധാര്‍മിക രോഷ പ്രകടനങ്ങളും വിധിനിര്‍ണയവുമുക്കെ നടത്തുകയും ചെയ്യുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കാകട്ടെ, ഓരോ ക്ലിക്കും തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളുമാണ് ബിസിനസ്. ദിനപത്രങ്ങളാകട്ടെ, സര്‍ക്കാരിന്റെയും കോര്‍പറേറ്റുകളുടെയുമൊക്കെ അവകാശവാദങ്ങള്‍ യാതൊരു വിധത്തിലുള്ള പരിശോധനയും കൂടാതെ പൊലിപ്പിച്ച് അച്ചടിക്കുന്നു. ഈ വിധത്തില്‍ ഓരോ ദിവസവും വായനക്കാരും കാഴ്ചക്കാരുമൊക്കെ ഉറങ്ങാന്‍ പോകുന്നത് ഏതോ വിധത്തിലുള്ള നീതി തങ്ങള്‍ക്ക് ലഭ്യമായെന്നുമുള്ള തെറ്റായ ധാരണയോടെയാണ്. ഈ മാധ്യമ നാടകത്തിലെ കാണികളായി വായനക്കാര്‍ തങ്ങളുടെ ഭാഗം ആടുന്നതോടെ അധികാരം കൈയാളുന്ന മേലാളന്മാര്‍ നമ്മുടെ എല്ലാ ഭരണഘടനാമൂല്യങ്ങളെയും കാറ്റില്‍പ്പറത്തുകയും നമ്മുടെ ഭാവി തട്ടിയെടുക്കുകയും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കേണ്ട വസന്തങ്ങളെ മുളയിലേ നുള്ളുകയും ചെയ്യുന്നു.

ഓരോ ദിവസവും എന്താണ് സംഭവിക്കുന്നത് എന്നതാണ് ഇന്ന് വാര്‍ത്തകളാകുന്നത്. അല്ലാതെ ഓരോ ദിവസത്തിന്റെയും പുറകില്‍ എന്താണ് സംഭവിക്കുന്നത് എന്നല്ല; അന്നന്നത്തെ കാലാവസ്ഥ റിപ്പോര്‍ട്ട് അല്ലാതെ ജീവിതം മാറ്റിമറിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ച് അവര്‍ മിണ്ടില്ല. വലിയ ക്രിമിനല്‍ ഗൂഡാലോചനകള്‍, കോര്‍പറേറ്റ് അഴിമതി, രാഷ്ട്രീയ പക്ഷപാതിത്വങ്ങള്‍ ഒക്കെ മാധ്യമങ്ങള്‍ക്ക് താത്പര്യം നഷ്ടപ്പെട്ട വിഷയങ്ങളായിക്കഴിഞ്ഞിരിക്കുന്നു. കാരണം, അവയൊക്കെ തങ്ങളടെ പരിതസ്ഥിതികളില്‍ അസ്വസ്ഥതയുണ്ടാക്കുന്നതും തിരിച്ചടികളുണ്ടായാല്‍ വലിയ വില കൊടുക്കേണ്ടി വരുന്നതുമാണ്. അതുകൊണ്ട് അവര്‍ സംഭവങ്ങളെക്കുറിച്ച് മാത്രം റിപ്പോര്‍ട്ട് ചെയ്യും. പട്ടിണി കിടക്കുന്ന ഒരു മനുഷ്യന്‍ ഒരു പാവപ്പെട്ട നായയെ പിടിച്ചു കടിച്ചു എന്നതുപോലുള്ള വാര്‍ത്തകള്‍ക്കായുള്ള തെരച്ചിലിലാണ് അവര്‍. അത് ലഭിച്ചു കഴിഞ്ഞാല്‍ ബാക്കിയാവുക ആ നായയും ആ സംഭവത്തെ ചുറ്റിയുണ്ടാക്കുന്ന സെന്‍സേഷണലിസവും അതിലെ പരിഹാസ്യമായ അയുക്തികളുമായിരിക്കും, അടിസ്ഥാന കാര്യങ്ങളിലേക്ക് ഒരിക്കലും അവര്‍ കടക്കില്ല. അങ്ങനെ വരുന്നതോടെ നമ്മുടെ ജനാധിപത്യത്തിലും ആ മാറ്റം സംഭവിക്കുകയായി. പിന്നീട് അവരാണ്, ആ സാഹചര്യങ്ങളാണ് നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തിയെടുക്കുന്നത്.

അവഹേളനപരമായ തലക്കെട്ടുകള്‍, അവാസ്തവങ്ങളായ അവകാശവാദങ്ങള്‍, പച്ചനുണ തുടങ്ങി ശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയില്‍ പല വിധത്തിലുള്ള മാര്‍ഗങ്ങളും ഇന്ന് അവലംബിക്കുന്നുണ്ട്, മാധ്യമ വ്യവസായത്തിലെ ലാഭം നിശ്ചയിക്കുന്നത് ഇന്ന് ഈ കാര്യങ്ങളാണ്. പേടിയും മനോവിഭ്രാന്തിയും വംശീയവിദ്വേഷവുമൊക്കെ ഇന്ന് ആളുകളുടെ ശ്രദ്ധയെ ആകര്‍ഷിക്കാനായി മാധ്യമ വ്യവസായത്തില്‍ ഉപയോഗിക്കപ്പെടുന്ന പ്രധാനപ്പെട്ട ചേരുവകളാണ്. അവര്‍ അറിയിക്കുന്നതിനു പകരം ഞെട്ടിക്കുകയും ധരിപ്പിക്കുന്നതിനു പകരം തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.

സമകാലിക ഇന്ത്യയില്‍ ഈയൊരു മാതൃക, മാധ്യമങ്ങളെ തങ്ങളുടെ പ്രാഥമിക ദൗത്യം ചെയ്യുന്നതില്‍ നിന്നും മാറി നില്‍ക്കാനും സഹായിക്കുന്നു: അധികാരത്തിലുള്ളവരെ ചോദ്യം ചെയ്യാനും അധികാരം കൈയാളുന്ന ഏതൊരു ശക്തിക്കും വഴങ്ങാത്ത വിധത്തില്‍ എതിര്‍പ്പുയര്‍ത്താനുമുള്ള പ്രാഥമിക ജോലി അവരിന്ന് പിന്തുടരുന്നതേയില്ല. കാരണം, അത്തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനം വളരെ ചെലവേറിയതും ആപത്കരവുമായ ബിസിനസാണ്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം ഓരോ ദിവസവും താഴേക്ക് പൊയ്ക്കാണ്ടിരിക്കുകയാണ്. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ 142-ആം സ്ഥാനവുമായി വളരെ പുറകിലാണ് നാം. മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റും പീഡനവും ഇടയ്ക്കുണ്ടാകുന്ന കൊലപാതകങ്ങളുമൊക്കെ ഇന്ന് പതിവ് സംഭവമായി മാറിയിരിക്കുന്നു. അന്വേഷണ ഏജന്‍സികളെയും കോടതിയലക്ഷ്യവും മറ്റ് ഭീഷണ നടപടികളും ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകരെയും മാധ്യമ സ്ഥാപനങ്ങളെയും വേട്ടയാടുന്നത് രാജ്യം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലാണ് ഇന്ന്.


മാധ്യമ മേഖലയെ ബാധിച്ചിരിക്കുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാനുള്ള മാര്‍ഗങ്ങള്‍ ഞങ്ങള്‍ക്കു മുന്നിലില്ല. ജനാധിപത്യത്തെ പുന:സ്ഥാപിക്കാനും മെച്ചപ്പെട്ട ഒരു സര്‍ക്കാരുണ്ടാക്കാനുമുള്ള അധികാരവും ഞങ്ങള്‍ക്കില്ല. പക്ഷേ, ഇന്ത്യ ഒരു ലിബറല്‍ ജനാധിപത്യ രാജ്യമായി മാറുമെന്ന, കാല്‍പ്പനികമെങ്കിലും കര്‍ക്കശവും അചഞ്ചലവുമായ പ്രതീക്ഷ ഉള്ളവരാണ് ഞങ്ങള്‍. തെറ്റുകള്‍ വരുത്തുമ്പോള്‍ അത് അംഗീകരിക്കാനും തിരുത്താനും ഞങ്ങള്‍ തയാറാണ്. ഞങ്ങളുടെ തെറ്റുകളെ അംഗീകരിക്കണമെന്ന് ഒരിക്കലും ശാഠ്യം പിടിക്കില്ല. പക്ഷേ സത്യത്തിന്റെയും അരികുവത്ക്കരിക്കപ്പെട്ടവരുടേയും ഒപ്പമായിരിക്കും ഞങ്ങളുടെ പിന്തുണ എന്നത് ഇളക്കമില്ലാത്ത നിലപാടായിരിക്കും.

വ്യത്യസ്ത അഭിപ്രായങ്ങള്‍ക്ക് ഞങ്ങള്‍ ഇടം കൊടുക്കും, പക്ഷേ, ഒരിക്കലും വെറുപ്പോ ഭിന്നതയോ സമൂഹത്തില്‍ പടര്‍ത്തുന്നതിന് അഴിമുഖം ഇടംകൊടുക്കില്ല. ഞങ്ങള്‍ക്ക് യോജിക്കാന്‍ കഴിയാത്തതാണെങ്കില്‍ കൂടി നിങ്ങള്‍ക്ക് ഒരു അഭിപ്രായം ഉണ്ട് എന്നതിനെ മാനിക്കാന്‍ ഞങ്ങള്‍ പ്രതിബദ്ധരാണ്.

അഴിമുഖം അതിന്റെ പ്രവര്‍ത്തനമേഖലകള്‍ വ്യാപിപ്പിക്കുകയാണ്, ഒപ്പം, മാധ്യമ സ്വാതന്ത്ര്യത്തോടുള്ള പ്രതിബദ്ധത മുന്നില്‍ നിര്‍ത്തി മാധ്യമ മേഖലയില്‍ കൂടുതല്‍ സാധ്യതകള്‍ ആവിഷ്‌കരിക്കാനുമുള്ള ശ്രമത്തിലാണ്. ആഗോള മാധ്യമ മേഖലയിലെ മികച്ച മാധ്യമ മാതൃകകള്‍, എക്‌സ്‌ക്ലൂസീവുകള്‍, വിശകലനങ്ങള്‍, ഉള്‍ക്കാഴ്ചയുള്ള നീണ്ട ലേഖനങ്ങള്‍, ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. ഞങ്ങള്‍ അതില്‍ വിജയിച്ചാല്‍, അത് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ജനാധിപത്യമൂല്യങ്ങളെ നിലനിര്‍ത്തുന്നതും അതില്‍ മാധ്യമങ്ങള്‍ വഹിക്കേണ്ട ആ വലിയ പങ്കിനെ ഉയര്‍ത്തിപ്പിടിക്കുന്നതുമാകും. അവിടെ, ഭരണഘടനയില്‍ മുദ്രണം ചെയ്തിട്ടുള്ള വാക്കുകള്‍ ഒരിക്കലും പൊള്ളയാകില്ല.

അഴിമുഖത്തിന്റെ മുന്നോട്ടുള്ള ഈ പ്രയാണത്തില്‍ ഒപ്പം ചേരാന്‍ ഞാന്‍ എല്ലാവരേയൂം ക്ഷണിക്കുകയാണ്. അതിനൊപ്പം ഫ്രണ്ട്‌സ് ഓഫ് അഴിമുഖത്തിന്റെ ഭാഗമാകാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മികച്ച കുറച്ച് പുസ്തകങ്ങളും ഞങ്ങള്‍ ചെയ്യുന്ന നിലവാരമുള്ള മാധ്യമ പ്രവര്‍ത്തനവും ലഭ്യമാകുമെന്നതു മാത്രമല്ല, ഞാനുള്‍പ്പെടെ അഴിമുഖത്തിന്റെ ഭാഗമായുള്ള എല്ലാ എഡിറ്റര്‍മാരുമായി സംവദിക്കാനും സാധിക്കും.

ഇത് അവസാനിപ്പിക്കുന്നതിനു മുമ്പ് ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ, ഞങ്ങള്‍ക്കാരു വിശുദ്ധ ഗ്രന്ഥമുണ്ട് - ഇന്ത്യന്‍ ഭരണഘടന. ഞങ്ങള്‍ക്കൊരു ആശയമുണ്ട് - സത്യം പറയുക. ഞങ്ങള്‍ക്കൊരു ലക്ഷ്യമുണ്ട് - ഞങ്ങളുടെ വായനക്കാരുടെ വിശ്വാസ്യത നേടിയെടുക്കുക. ഞങ്ങള്‍ക്കൊരു പ്രതിബദ്ധതയുണ്ട് - ഒറ്റയ്ക്കായിപ്പോയാലും ഉറച്ചതും ഭയരഹിതവുമായ നിലപാടുകള്‍ മുറുകെ പിടിക്കുക.

അഴിമുഖത്തിലേക്ക് സ്വാഗതം

ജോസി ജോസഫ്

ചെയര്‍മാന്‍

അഴിമുഖം മീഡിയ പ്രൈവറ്റ് ലിമിറ്റഡ്
ജോസി ജോസഫ്

ജോസി ജോസഫ്

ചെയര്‍മാന്‍, അഴിമുഖം മീഡിയ പ്രൈ.ലിമിറ്റഡ്; ഡല്‍ഹി കേന്ദ്രമായി കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചുവരുന്ന രാജ്യത്തെ പ്രമുഖ അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍. രാംനാഥ് ഗോയങ്ക, പ്രേം ഭാട്യ പുരസ്‌ക്കാര ജേതാവ്. 'ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്‌സ്, ഹിഡന്‍ ബിസിനസ് ഓഫ് ഡെമോക്രസി ഇന്‍ ഇന്ത്യ' എന്ന പുസ്തകത്തിന്റെ രചയിതാവ്. ഡല്‍ഹി മിഡ് ഡേ, ദി ഏഷ്യന്‍ ഏജ്, ദി ബ്ലിസ്റ്റ്, റീഡിഫ്.കോം, ഇന്ത്യ എബ്രോഡ്, ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. 2019-ല്‍ കോണ്‍ഫ്ലുവന്‍സ് മീഡിയ എന്ന സ്ഥാപനം ആരംഭിച്ചു.

Next Story

Related Stories