എഡിറ്റോറിയല്‍
ചരിത്രത്തിലെ ഏറ്റവും പ്രത്യേകതകളുള്ള മെയ് ദിനമാണ് ലോകത്തെമ്പാടമുള്ള തൊഴിലാളികള്‍ ഇത്തവണ നേരിടുന്നത്. കോവിഡ്-19 കാരണം തീവ്രമാക്കപ്പെട്ട സാമ്പത്തിക പ്രതിസന്ധി തൊഴില്‍ നഷ്ടത്തിന്റെ സമീപകാലത്തൊന്നുമില്ലാത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എട്ട് മണിക്കൂര്‍ തൊഴിലവകാശം നേടിയതിന്റെ വാര്‍ഷിക ദിനത്തില്‍, എങ്ങനെ തൊഴിലെടുത്ത് ജീവിക്കുമെന്ന വെല്ലുവിളിയാണ് തൊഴിലാളി വര്‍ഗത്തിന് മുന്നില്‍ ഉയര്‍ന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ തൊഴിലവകാശങ്ങളുടെ മേലുള്ള കൈയേറ്റങ്ങള്‍ക്ക് മുന്നില്‍ അവര്‍ നിസഹായരാവുകയും ചെയ്യുന്നു.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക വ്യവസ്ഥയായ അമേരിക്കയില്‍ മൂന്ന് കോടി ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടമായെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റ് വികസിത സമ്പദ് വ്യവസ്ഥകളിലെ അവസ്ഥയും വ്യത്യസ്തമല്ല. കോവിഡ് -19 ഉയര്‍ത്തുന്ന സാഹചര്യം ഉപയോഗിച്ച് ലോകത്തെമ്പാടുള്ള വിവിധ സര്‍ക്കാരുകള്‍ തൊഴിലവകാശങ്ങള്‍ക്ക് മേല്‍ വലിയ തോതിലുള്ള കൈയേറ്റങ്ങള്‍ നടത്തി കൊണ്ടിരിക്കുകയും ചെയ്യുന്നു. തൊഴിലു പോലുമില്ലാതാകുന്ന സാഹചര്യത്തില്‍ ഇതിനെയൊന്നും ചെറുക്കാന്‍ പോലുമാകാതെ നിസഹായരാക്കപ്പെടുന്ന തൊഴിലാളികളാണ് ഇത്തവണത്തെ മെയ് ദിനം ആചരിക്കുന്നത്. രാജസ്ഥാനും ഹരിയാനയും 1948-ലെ ഫാക്ടറീസ് ആക്ട് ഭേദഗതി ചെയ്ത് തൊഴില്‍ സമയം എട്ടുമണിക്കൂറില്‍നിന്ന് 12 മണിക്കൂറാക്കി വര്‍ധിപ്പിച്ചത് ഈയിടെയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തൊഴിലവകാശങ്ങൾക്കു മേലുള്ള കൈയ്യേറ്റങ്ങളെ ചെറുക്കാൻ പോലും പറ്റാത്ത സാഹചര്യമാണ് തൊഴിലാളികൾക്ക് മുന്നിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അസംഘടിത മേഖലയില്‍ മാത്രമല്ല, തൊഴിലവകാശങ്ങളുടെ മേല്‍ കൈയേറ്റം ഉണ്ടാകുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങളും ഇല്ലാതാക്കപ്പെടുകയാണ്. കോവിഡിന്റെ മറവിലാണ് കേന്ദ്ര സര്‍ക്കാര്‍ ഡിഎ മരവിപ്പിച്ചത്. എന്തിന്, കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ പോലും ഒരു മാസത്തെ ശമ്പളം പിടിക്കാന്‍ വേണ്ടി ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരിക്കയാണ്. വിവിധ കമ്പനികള്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം മറികടന്നുകൊണ്ട് ജീവനക്കാരെ ലേ ഓഫ് ചെയ്യുകയും ശമ്പളം വെട്ടിക്കുറയ്ക്കകുയും ചെയ്യുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം അതിലേറെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലുമാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ 20-കളുടെ അവസാനത്തിലുണ്ടായ സാമ്പത്തിക മാന്ദ്യത്തിന് സമാനമായ അവസ്ഥയിലേക്കാണ് ലോകം പോകുന്നതെന്നാണ് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ ഇല്ലാത്തത് ഇന്ത്യയില്‍ കോവിഡ് കാലത്ത് സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ വലുതാണ്. തൊഴില്‍ നഷ്ടമായവര്‍ക്ക് ആശ്വാസ നടപടികള്‍ ഫലപ്രദമായി എത്തിക്കുന്നതിന് പോലും ഇതുമൂലം സാധിക്കാത്ത അവസ്ഥയുണ്ട്. 2008-ല്‍ പാസ്സാക്കിയ അണ് ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്സ് സോഷ്യല്‍ സെക്യൂരിറ്റി ആക്ട് അനുസരിച്ച് അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന് ഏര്‍പ്പെടുത്തേണ്ടതായിരുന്നു. ആ നിയമം സര്‍ക്കാര്‍ വകുപ്പുകള്‍ കര്‍ശനമായി നടപ്പിലാക്കിയിരുന്നുവെങ്കില്‍ കൊറോണ കാലത്ത് തൊഴിലാളികള്‍ക്കിടയിലെ ദുരിതാശ്വാസ പ്രവര്‍ത്തനം കൂടുതല്‍ ശാസ്ത്രീയമായി നടപ്പിലാക്കാന്‍ കഴിയുമായിരുന്നുവെന്നാണ് വിദഗ്ദര്‍ പറയുന്നത്. പതിനായിരക്കണക്കിന് അന്തര്‍ സംസ്ഥാന തൊഴിലാളികളാണ് ഇപ്പോഴും നാട്ടില്‍ പോകാനാകാതെ ഇന്ത്യയുടെ വിവിധ നഗര പ്രാന്തങ്ങളില്‍ കഴിയുന്നത്. തൊഴില്‍ സംരക്ഷണവും സുരക്ഷിതത്വവുമെന്ന കാര്യങ്ങള്‍ മറിച്ചുവെച്ചുള്ള സാമ്പത്തിക മുന്നേറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടക്കുന്നതും. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മെയ്ക്ക് ഇന്‍ ഇന്ത്യ അടക്കമുള്ള പരിപാടികള്‍ നടപ്പിലാക്കിയത് തൊഴിലാളി അനുകൂല നിയമങ്ങളില്‍ ഇളവു വരുത്തിയായിരുന്നു. അഞ്ച് ലക്ഷം കോടിയുടെ സാമ്പത്തിക വ്യവസ്ഥ എന്ന ലക്ഷ്യത്തിനായി ആവിഷ്ക്കരിക്കുന്ന പരിപാടികളിലും തൊഴിലാളി സുരക്ഷിതത്വം മുതല്‍ അവകാശങ്ങള്‍ വരെയാണ് ബലി കൊടുക്കപ്പെടുന്നത്. ലോകത്തെമ്പാടുമായി 200 കോടിയോളം പേര് അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നുവെന്നാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടന (ILO) കണക്കാക്കുന്നത്. ഐഎല്‍ഒയുടെ റിപ്പോര്‍ട്ട് പ്രകാരം കോവിഡ്-19 ലോക തൊഴില്‍ ശക്തിയില്‍ നിന്ന് 6.7 ശതമാനത്തെ പുറന്തള്ളുമെന്നും ആശങ്കപ്പെടുന്നു. അതും ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ മാത്രം. അതായത് 19.5 കോടിയോളം ആളുകള്‍ക്ക് തൊഴില്‍ നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ലോകത്തെ തൊഴിലാളി വര്‍ഗം കോവിഡ്-19 നെ തൊഴില്‍പരമായ രോഗമായിട്ടാണ് വിശേഷിപ്പിക്കുന്നത്. അത് അംഗീകരിച്ചുകൊണ്ട് ലോകത്തെമ്പാടുമുള്ള പൊതു ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്ന ആവശ്യവും അവര്‍ മുന്നോട്ടുവെയ്ക്കുന്നു. കോവിഡിന് മുന്നില്‍ അമേരിക്കയെ പോലുള്ള വന്‍ സമ്പദ് വ്യവസ്ഥകള്‍ തകര്‍ന്നുപോയത് പൊതു ആരോഗ്യ സംവിധാനത്തിന്റെ അഭാവമാണെന്ന് ഇന്ന് പൊതുവില്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഇതിന്റെ ദുരന്തവും ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്നത് തൊഴിലാളികളാണ്. ഇന്ത്യയില്‍ തന്നെ പൊതു ആരോഗ്യമേഖല ശക്തമായ കേരളം പോലുള്ള പ്രദേശങ്ങളിലാണ് കോവിഡിനെ ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞതെന്നതും ശ്രദ്ധേയമായ കാര്യമാണ്. തൊഴിലവകാശത്തിനൊപ്പം തൊഴിലിനുവേണ്ടിയും പോരാടേണ്ടി വരുന്ന തൊഴിലാളികളാണ് ഇത്തവണ മെയ് ദിനം ആചരിക്കുന്നത്. എല്ലാ ദുരന്തങ്ങളും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് തൊഴിലാളികളെ ആണെന്നതാണ് കോവിഡുമായി ബന്ധപ്പെട്ടെ സ്ഥിതിഗതികളും ചൂണ്ടിക്കാട്ടുന്നത്. ഇതിനെ തൊഴിലാളികള്‍ക്ക് എങ്ങനെ നേരിടാന്‍ കഴിയുന്നുവെന്നത് ലോകത്തിന്റെ അതിജീവനത്തിന്റെ കൂടി ഭാഗമായ കാര്യമാണ്. എല്ലാവര്ക്കും മെയ് ദിനാശംസകള്‍.