TopTop
Begin typing your search above and press return to search.

അമേരിക്ക എന്ന കഴുകന് തലവച്ചു കൊടുക്കുമ്പോള്‍ ഇന്ത്യ വളരെ സൂക്ഷിക്കേണ്ടതുണ്ട്

അമേരിക്ക എന്ന കഴുകന് തലവച്ചു കൊടുക്കുമ്പോള്‍ ഇന്ത്യ വളരെ സൂക്ഷിക്കേണ്ടതുണ്ട്

എഡിറ്റോറിയല്‍

നിരവധി കാര്യങ്ങളില്‍ സമാനതകളുള്ള രണ്ടു നേതാക്കളാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും. ഇന്ന് ഉച്ചയോടെ അഹമ്മദാബാദിലെത്തുന്ന ട്രംപിനെയും ഭാര്യ മെലാനിയ ട്രംപിനെയും സ്വീകരിക്കാന്‍ വലിയ ഒരുക്കങ്ങളാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. അഹമ്മദാബാദിലെ റോഡ് ഷോയും തുടര്‍ന്നുള്ള നമസ്‌തേ ട്രംപ് പരിപാടിയും കഴിഞ്ഞ് യുപിയിലെ ആഗ്രയും തജ്മഹലും സന്ദര്‍ശിക്കുന്ന ട്രംപ് സംഘം രാത്രി ഡല്‍ഹിയിലെത്തും. നാളെ ഇന്ത്യയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളും പൂര്‍ത്തിയാക്കി രാത്രിയോടെ മടങ്ങുന്ന രീതിയിലാണ് സന്ദര്‍ശനം വിഭാവനം ചെയ്തിട്ടുള്ളത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരുടെ വോട്ട് ഉറപ്പാക്കാനുള്ള പരിപാടിയായി മാത്രം ഇത് മാറരുതെന്നും ഇന്ത്യന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള കാര്യങ്ങള്‍ ഉണ്ടാവണമെന്നും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യ-അമേരിക്ക ഉഭയകക്ഷി ബന്ധത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാകും, എന്തൊക്കെ ഇന്ത്യന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടും തുടങ്ങിയ കാര്യങ്ങള്‍ ഈ സന്ദര്‍ശനത്തിലെ പ്രധാന കാര്യങ്ങളാണ്.

ഐസന്‍ഹോവറിനും റിച്ചാര്‍ഡ് നിക്‌സനും ജിമ്മി കാര്‍ട്ടറിനും ശേഷം അമേരിക്കന്‍ പ്രസിഡന്റുമാര്‍ സ്ഥിരമായി ഇന്ത്യയിലെത്തിത്തുടങ്ങിയത് എ.ബി വാജ്‌പേയിയുടെ കാലം മുതലാണ്. ക്ലിന്റണിനു ശേഷം ജോര്‍ജ് ബുഷും ബരാക് ഒബാമ രണ്ടു തവണയും ഇപ്പോള്‍ തന്റെ ആദ്യ പ്രസിഡന്റ് കാലാവധി അവസാനിക്കാനിരിക്കെ, ട്രംപും ഇന്ത്യയിലെത്തുന്നു. ശീതയുദ്ധത്തിന് അന്ത്യമായതും ചൈന അമേരിക്കയെ വെല്ലുവിളിക്കുന്ന രീതിയില്‍ വളര്‍ന്നതും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഉദാരീകരിച്ചതിനു ശേഷം ഉണ്ടായിട്ടുള്ള വളര്‍ച്ചയുമാണ് ഇന്ത്യയോടുള്ള ഈ അമേരിക്കന്‍ താത്പര്യത്തിനു പിന്നിലുള്ള കാര്യങ്ങള്‍. കഴിഞ്ഞ രണ്ടു ദശകത്തിലധികമായി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലുണ്ടായിട്ടുള്ള വളര്‍ച്ച തന്നെയാണ് അമേരിക്കയ്ക്ക് ഇവിടേക്ക് കണ്ണയയ്ക്കാനും അതുപോലെ തന്നെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പ്രധാനപ്പെട്ട ഒരു സ്ഥാനത്തേക്ക് പിടിച്ചുകയറാന്‍ ഇന്ത്യയെ സഹായിച്ചിട്ടുള്ളതും. അതുകൊണ്ടു തന്നെ ട്രംപ് സന്ദര്‍ശനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യവും ഈ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ടാണ്.

അതിലേക്ക് വരുന്നതിനു മുമ്പ് പരിശോധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് ട്രംപിന്റെ ആഭ്യന്തര-വിദേശ നയങ്ങളുമായി ബന്ധപ്പെട്ടാണ്. വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ് ഈ രണ്ടു കാര്യങ്ങളുമെന്നതിന് കൃത്യമായ തെളിവുകളുണ്ട്. കാരണം, ആഗോളവത്ക്കരണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളും ഇതുമൂലം ഏറ്റവും കൂടുതല്‍ സമ്പത്ത് കുന്നുകൂട്ടുകയും ചെയ്തിട്ടുള്ള രാജ്യവും അമേരിക്ക ആയിരിക്കുമ്പോള്‍ തന്നെ, ഈ ആഗോളവത്ക്കരണത്തെ ഏറ്റവും ശക്തമായി തള്ളിപ്പറഞ്ഞിട്ടുള്ള നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട അമേരിക്കന്‍ നയങ്ങളെ തലകീഴാക്കുന്ന പ്രചരണപരിപാടികളാണ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ നടപ്പാക്കിയത്. അതായത്, ആഗോളവത്ക്കരണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ അമേരിക്ക ആയിരിക്കുമ്പോള്‍ തന്നെ ഈ സമ്പത്ത് കുന്നുകൂടിയതത്രയും ഒരു വിഭാഗം സമ്പന്നരായ അമേരിക്കക്കാരിലേക്കാണ്. ഒരു സാധാരണ അമേരിക്കന്‍ പൗരന് ഇതുമൂലം വലിയ ഗുണങ്ങളുണ്ടായിട്ടുമില്ല. ഈ അസമത്വം ട്രംപിന്റെ പ്രചരണങ്ങളിലെ വലിയൊരു വിഷയമായിരുന്നു. ഭരണത്തില്‍ വന്നതിനു ശേഷം നാറ്റോയില്‍ നിന്ന് പിന്മാറുമെന്ന ട്രംപിന്റെ പ്രഖ്യാപനങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്ക ഏര്‍പ്പെട്ടിരിക്കുന്ന യുദ്ധങ്ങളില്‍ നിന്ന് സൈനികരെ പിന്‍വലിച്ച് ചെലവ് കുറയ്ക്കുമെന്ന കാര്യവുമൊക്കെ ഇതിന്റെ ഭാഗമായിരുന്നു. അതായത്, അമേരിക്കയുടെ ചിലവില്‍ ഇനിയാരും കാര്യങ്ങള്‍ നടത്തേണ്ടതില്ല. ഈ പ്രഖ്യാപനങ്ങള്‍ക്ക് അമേരിക്കന്‍ സമൂഹത്തില്‍ വലിയ പിന്തുണ നേടിയെടുക്കാനും ട്രംപിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ നിന്ന് പിന്‍വലിയുമ്പോള്‍ തന്നെ മിക്ക രാജ്യങ്ങളുമായും ഉഭയകക്ഷി കരാറുകള്‍ ഉണ്ടാക്കി അമേരിക്കന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കാനും ട്രംപ് ശ്രമിക്കുന്നതു കാണാം. അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനവും അതിന്റെ ഭാഗമായി വേണം കാണാന്‍.

ആഗോളവത്ക്കരണം മൂലം അമേരിക്കക്കാരുടെ തൊഴിലുകള്‍ നഷ്ടമാകുന്നുവെന്ന് പ്രചരിപ്പിക്കുന്ന ഒരാള്‍ കൂടിയാണ് ട്രംപ് എന്നും ഇവിടെ കാണാം. ഇന്ത്യക്കാരും ചൈനക്കാരുമാണ് ഇവിടെ കൂടുതലായി പ്രതിക്കൂട്ടിലാകുന്നത് എന്ന വൈരുദ്ധ്യവും ഇവിടെയുണ്ട്. എല്ലാ വലതുപക്ഷ നേതാക്കളെയു പോലെ എല്ലായ്‌പ്പോഴും ഒരു ശത്രുവിനെ മുന്‍നിര്‍ത്തിയുള്ളതാണ് ട്രംപിന്റെ നയങ്ങള്‍, മോദിയുടേതും. അവരുടെ നയതന്ത്ര ബന്ധങ്ങളെന്നത് വലിയ ആഘോഷപൂര്‍വം നടത്തപ്പെടുന്ന ഒന്നാണ്. ഇത് ഇരുകൂട്ടര്‍ക്കും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വലിയ ഗുണവും കൊണ്ടുവരുന്നുണ്ട്. വാചോടോപം ഇരു നേതാക്കളുടേയും രാഷ്ട്രീയത്തിന്റെ അടിത്തറിയില്‍പ്പെട്ടതാണ്. ഹൗഡി മോദി ആണെങ്കിലും നമസ്‌തേ ട്രംപ് ആണെങ്കിലും ഈ വലിയ കാഴ്ചവിരുന്നിനെ മുന്‍നിര്‍ത്തി രാഷ്ട്രീയ മേല്‍ക്കോയ്മ ഉണ്ടാക്കാന്‍ ഇരു നേതാക്കളും മിടുക്കരാണ്. ട്രംപിന്റെ വരവ് കൊണ്ട് ട്രംപിനും മോദിക്കും രാഷ്ട്രീയമായി ഗുണമുണ്ടാവുകയും ചെയ്‌തേക്കാം. എന്നാല്‍ അതിനുമപ്പുറം ഇന്ത്യക്ക് ഇതുകൊണ്ട് എന്തു ഗുണമുണ്ടാകും എന്നത് വലിയൊരു ചോദ്യമാണ്.

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ തീരുവ ഇളവുകള്‍ ലഭിക്കുന്ന ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സില്‍ (GSP) നിന്ന് ഇന്ത്യയെ അമേരിക്ക ഒഴിവാക്കിയത് അമേരിക്കന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധത്തില്‍ ഇന്ത്യന്‍ വിപണി അമേരിക്കയ്ക്ക് പൂര്‍ണമായി തുറന്നു കൊടുക്കാനുള്ള സമ്മര്‍ദ്ദമെന്ന നിലയ്ക്ക് കൂടിയാണ്. GSP പുന:സ്ഥാപിക്കണമെന്ന ഇന്ത്യന്‍ ആവശ്യത്തോട് ട്രംപ് ഇതുവരെ പ്രതികരിച്ചതാകട്ടെ, കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യയില്‍ ആകെ 2676 ആളുകള്‍ മാത്രം വാങ്ങിയ- അഞ്ചു ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വിലയുള്ള- ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കിനുള്ള ഇറക്കുമതി തീരുവ കുറച്ചു തരാം എന്ന വാഗ്ദാനമാണ്. ഒരുപക്ഷെ ഇതിനു പകരമായി വാഹന വിപണിയില്‍ അമേരിക്ക ചോദിക്കാന്‍ സാധ്യതയുള്ള ഒന്ന്, ഇന്ത്യന്‍ നിരത്തുകളില്‍ തീരെയില്ലാത്ത അമേരിക്കന്‍ വാഹനങ്ങള്‍ക്ക് ലഭിക്കേണ്ട ഇറക്കുമതി ഇളവുകള്‍ ആയേക്കാം. ഡെട്രോയിറ്റിലെ തകര്‍ന്നു കിടക്കുന്ന വാഹനവിപണി ചൂണ്ടിക്കാട്ടിയുള്ള പ്രചാരണം 2016-ല്‍ ട്രംപിനെ ഏറെ സഹായിച്ച ഒന്നാണ്. ആ മേഖലയില്‍ ഇന്ത്യന്‍ വിപണി തുടര്‍ന്ന് കിട്ടുക എന്നത് ട്രംപിന് പ്രധാനമാണ്. എന്നാല്‍ ഇപ്പോള്‍ തന്നെ സാമ്പത്തിക മാന്ദ്യം വലിയ തോതില്‍ ബാധിച്ചിട്ടുള്ള ഇന്ത്യന്‍ വാഹനവിപണിയെ ഇത് എങ്ങനെ ബാധിക്കും എന്നത്‌ മുഖ്യമാണ്. അതുപോലെ, തകര്‍ന്നു കിടക്കുന്ന ഇന്ത്യന്‍ വിപണിയില്‍, തീരുവ എത്ര കുറച്ചാലും വാങ്ങാന്‍ ആളുണ്ടാകുമോ എന്നതും ശ്രദ്ധേയമായ കാര്യമാണ്. അമേരിക്കയെ പോലെ സ്വന്തം കച്ചവട താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന ഒരു രാജ്യത്തിന് മുന്നില്‍ തലവച്ചു കൊടുക്കുന്നതിനു മുമ്പ് ഇന്ത്യന്‍ നയരൂപകര്‍ത്താക്കള്‍ ശരിക്കും തലപുകയ്ക്കേണ്ടി വരും. അമേരിക്കന്‍ കാര്‍ഷിക, പാല്‍, കോഴി ഉത്പന്നങ്ങളൊക്കെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനുള്ള കരാറുകളും ഈ സന്ദര്‍ശനത്തിന്റെ ഭാഗമായുണ്ട് എന്നതാണ് റിപ്പോര്‍ട്ടുകള്‍. ഈ ഉത്പന്നങ്ങളുടെ ഡമ്പിംഗ് സ്‌റ്റേഷനുകളാകും ഇന്ത്യയെന്ന വാദവും ഇന്ത്യന്‍ കാര്‍ഷിക മേഖലയ്ക്കടക്കം വലിയ തിരിച്ചടികള്‍ ഉണ്ടാക്കുന്നതാണ് കരാര്‍ എന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആസിയാനും മറ്റ് തെക്കുകിഴക്കന്‍ രാജ്യങ്ങളുമായുള്ള റീജിയണല്‍ കോംപ്രിഹെന്‍സീവ് ഇകണോമിക് പാര്‍ട്ട്ണര്‍ഷിപ്പില്‍ (RCEP) നിന്ന് ഒപ്പുവയ്ക്കാതെ ഇന്ത്യ കഴിഞ്ഞ വര്‍ഷം പിന്മാറിയത്. അതിനു പകരം അമേരിക്കയ്ക്ക് മുന്നില്‍ ഇന്ത്യ വാതില്‍ തുറന്നു കൊടുക്കുമോ എന്നതും പ്രധാനമാണ്.

മറ്റു ചില വസ്തുതകളും ഇവിടെ നിലനില്‍ക്കുന്നുണ്ട് എന്നത് പരിശോധിക്കേണ്ടതുണ്ട്. പാക്കിസ്ഥാനുമായി എല്ലാക്കാലത്തും ശക്തമായ ബന്ധം പുലര്‍ത്തുന്നവരാണ് മാറിമാറി വന്നിട്ടുള്ള അമേരിക്കന്‍ സര്‍ക്കാരുകള്‍. ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ താലിബാനുമായി ഉണ്ടാക്കിയിട്ടുള്ള 'സമാധാന കരാര്‍' നിലവില്‍ വരണമെങ്കിലും അത് നിലനില്‍ക്കണമെങ്കിലും അമേരിക്കയ്ക്ക് ഏറ്റവും പ്രധാനമായി വേണ്ട സഹായം പാക്കിസ്ഥാനില്‍ നിന്നാണ്. അതുള്ളപ്പോള്‍ തന്നെയാണ്, കാശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ എടുത്തുകളഞ്ഞ മോദി സര്‍ക്കാര്‍ നടപടിക്കെതിരെ കാര്യമായ എതിര്‍പ്പുകള്‍ അമേരിക്ക ഉയര്‍ത്താത്തതും എന്നത് ശ്രദ്ധേയമാണ്. മനുഷ്യാവകാശത്തിന്റേയും പൗരസ്വാതന്ത്ര്യങ്ങളുടേയും പേരില്‍ ഇടയ്ക്ക് ചില സമ്മര്‍ദ്ദങ്ങളുണ്ടാക്കുന്നുണ്ട് എന്നല്ലാതെ അമേരിക്ക ഔദ്യോഗികമായി മോദി സര്‍ക്കാരിന്റെ നയപരിപാടികളെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നതും. എന്നാല്‍ ഈ കാശ്മീര്‍ പിന്തുണയ്ക്ക് പകരമായി ഇന്ത്യ എന്തു നല്‍കും എന്നതു മാത്രമാണ് ഈ ഇടയ്ക്കിടെയുണ്ടാകുന്ന സമ്മര്‍ദ്ദ പരിപാടികള്‍. അതാണ് ട്രംപിന്റെ കച്ചവട താത്പര്യങ്ങളും. ഇതും ഈ സന്ദര്‍ശനത്തിലെ പ്രധാന വിഷയമാണ്.

ട്രംപിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ നീട്ടിയെറിയലായും അവരുടെ വ്യാപാര നയത്തെ കാണാന്‍ കഴിയും. ഇതും ഇന്ത്യ നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളികളിലൊന്നാണ്. 'സ്വദേശിവത്ക്കരണം', പുറത്തു നിന്നുള്ള ആളുകള്‍ ജോലി തട്ടിയെടുക്കുന്നു തുടങ്ങിയ വാചോടോപങ്ങള്‍ ട്രംപിന്റെ രാഷ്ട്രീയത്തെ നിലനിര്‍ത്താന്‍ സഹായിക്കുമ്പോള്‍ തന്നെയാാണ് മിക്ക രാജ്യങ്ങളുമായും വ്യാപാര യുദ്ധങ്ങളില്‍ ഏര്‍പ്പെടാനും, അതുവഴി സ്ഥിരമായി ഒരു ശത്രുവിനെ മുന്‍നിര്‍ത്തി നയരൂപീകരണം നടത്താനും ട്രംപ് ശ്രമിക്കുന്നത്. ഇന്ത്യക്കുള്ള ജിഎസ്പി പിന്‍വലിച്ചതു തന്നെ അതിലെ വലിയൊരു സൂചനയാണ്. ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് നല്‍കുന്ന എച്ച്1ബി വിസ വെട്ടിക്കുറച്ചതും ഇന്ത്യ ഒരു 'വികസിത രാജ്യ'മായി എന്ന പ്രഖ്യാപനവുമൊക്കെ ഇതിന്റെ ഭാഗമാണ്. ഒരു വികസ്വര രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് ലഭിക്കുന്ന ഇളവുകള്‍ പൂര്‍ണമായി ഇല്ലാതാവും എന്നതാണ് വികസിത രാജ്യമെന്ന പ്രഖ്യാപനത്തിലൂടെ സംഭവിക്കുന്നത്. മോദിക്ക് കീഴില്‍ ഇന്ത്യ വികസിത രാജ്യമായി എന്ന് അമേരിക്കന്‍ പ്രസിഡന്റു പോലും പറഞ്ഞല്ലോ എന്ന വാചാടോപം വാട്‌സ്ആപ് ഫോര്‍വേഡുകളായി മോദിക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഗുണം ചെയ്യുമെങ്കിലും ആത്യന്തികമായി അത് ഇന്ത്യന്‍ താത്പര്യങ്ങള്‍ക്ക് എതിരായിരിക്കും. ഈ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെടാതെ ഇന്ത്യന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതു തന്നെയായിരിക്കും ഇന്ത്യക്ക് മുന്നിലുള്ള വലിയ വെല്ലുവിളികള്‍.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി അമേരിക്കന്‍ പ്രസിഡന്റുമാര്‍ സ്ഥിരമായി ഇന്ത്യയിലെത്തുന്നുണ്ട് എന്ന് മുകളില്‍ പറഞ്ഞു. എന്തുകൊണ്ടായിരിക്കും അത്? അതില്‍ പ്രധാനപ്പെട്ട ഒരു കാര്യം ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ച തന്നെയാണ്. രണ്ടു തവണ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 10 ശതമാനത്തിനു മുകളില്‍ വളര്‍ന്നിട്ടുമുണ്ട്. ശക്തമായ ഒരു ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തന്നെയാണ് അമേരിക്കയെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കാരണം. കാരണം, 10 ശതമാനത്തിലേറെ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുന്ന ചൈനയെ ഏതെങ്കിലും വിധത്തില്‍ സമ്മര്‍ദ്ദത്തിലാക്കണമെങ്കില്‍ ഇന്ത്യ ശക്തമാകേണ്ടതുണ്ട്. അങ്ങനെ ശക്തമായ ഒരു സമ്പദ്‌വ്യവസ്ഥ ഉണ്ടെങ്കില്‍ മാത്രമേ ഇന്ത്യയുടെ വിലപേശല്‍ ശക്തി കൂടുകയുള്ളൂ; ഇന്ത്യയെ ആരെങ്കിലും കെല്‍പ്പുള്ള ഒരു രാജ്യമായി പരിഗണിക്കുകയുള്ളൂ. അതുണ്ടാകണമെങ്കില്‍ ശക്തമായ ഒരു സാമ്പത്തിക നയം രാജ്യത്തിന് കൂടിയേ കഴിയൂ. എന്നാല്‍ ഇന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഏറ്റവും വലിയ തകര്‍ച്ചയിലാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി സര്‍ക്കാര്‍ വിവിധ പ്രഖ്യാപനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അവസ്ഥ കൂടുതല്‍ മോശമായി വരികയാണ് എന്നാണ് വിവിധ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിലപേശല്‍ ശേഷി നിലനിര്‍ത്തുന്ന വിധത്തില്‍ ആഭ്യന്തരമായി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്നതു തന്നെയാണ് മോദി സര്‍ക്കാരിനുള്ള വലിയ വെല്ലുവിളി. അതല്ല എങ്കില്‍, ട്രംപ് അല്ല, അതിനേക്കാള്‍ ശേഷി കുറഞ്ഞ ഒരു അമേരിക്കന്‍ പ്രസിഡന്റ് വന്നാലും ഇന്ത്യന്‍ താത്പര്യങ്ങള്‍ ഹനിക്കപ്പെടും. റാലികളും സ്‌റ്റേഡിയം മീറ്റിംഗുകളും ആളെക്കൂട്ടാന്‍ ഉപകരിക്കുമെങ്കിലും യഥാര്‍ത്ഥ വെല്ലുവിളി അതാണെന്ന് കണ്ടുള്ള നയപരിപാടികളാണ് രാജ്യത്തിന് ആവശ്യം.

Next Story

Related Stories