TopTop
Begin typing your search above and press return to search.

ബി-5, 64-ാം നമ്പര്‍ സീറ്റ് ശിവക്ഷേത്രം; ഇനി ട്രെയിനില്‍ പളളിയും മോസ്‌കും ഗുരുദ്വാരയുമൊക്കെ വരുമോ?

ബി-5, 64-ാം നമ്പര്‍ സീറ്റ് ശിവക്ഷേത്രം; ഇനി ട്രെയിനില്‍ പളളിയും മോസ്‌കും ഗുരുദ്വാരയുമൊക്കെ വരുമോ?

എഡിറ്റോറിയല്‍

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ റെയില്‍വേ നെറ്റ്‌വര്‍ക്കാണ് ഇന്ത്യന്‍ റെയില്‍വേ. ദിനംപ്രതി 20 കോടിയോളം മനുഷ്യരാണ് ദീര്‍ഘദൂര ട്രെയിനുകളും സബര്‍ബന്‍ ട്രെയിനുകളും അടക്കമുള്ള 20,000 യാത്രാ ട്രെയിനുകളിലായി ദിവസവും സഞ്ചരിക്കുന്നത്. ഇന്ത്യയുടെ ജീവനാഡി, അല്ലെങ്കില്‍ തെക്ക്-വടക്കും കിഴക്ക്-പടിഞ്ഞാറുമായി ഇന്ത്യ എന്ന ആശയത്തെ കോര്‍ത്തിണക്കുന്ന വലിയൊരു ശൃംഖലയാണ് റെയില്‍വേ.

സാധാരണ മനുഷ്യരുടെ ഏറ്റവും വലിയ യാത്രോപാധിയാണ് ട്രെയിനുകള്‍. ചെറിയ നിരക്കില്‍ സൗകര്യപ്രദമായി യാത്ര ചെയ്യാന്‍ ആളുകളെ സഹായിക്കുന്ന ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവത്ക്കരിക്കാന്‍ മുമ്പുണ്ടായിരുന്ന സര്‍ക്കാരുകളുടെ ഭാഗത്തു നിന്നും ശ്രമങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ റെയില്‍വേ തൊഴിലാളികളുടേയും രാജ്യത്തെ തൊഴിലാളി സംഘടനകളുടേയും മറ്റും കടുത്ത എതിര്‍പ്പിനൊടുവില്‍ അത് നടന്നില്ല. ഇതിനു പുറെമയാണ് റെയില്‍വേയുടെ പക്കലുള്ള ഭൂമിയും മറ്റ് സ്വത്തുവകകളും സ്വകാര്യവത്ക്കരിക്കാനുള്ള നീക്കവും. എന്തായാലും നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യന്‍ റെയില്‍വെയെ കൂടുതല്‍ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോവുക തന്നെയാണ്. തുടക്കത്തില്‍ 150 ട്രെയിനുകളും 50 റെയില്‍വേ സ്‌റ്റേഷനുകളും സ്വകാര്യവത്ക്കരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

രണ്ട് താജ് എക്‌സ്പ്രസുകള്‍ ഇതിനകം തന്നെ സര്‍ക്കാര്‍ സ്വകാര്യവത്ക്കരിച്ചു കഴിഞ്ഞിരുന്നു. റെയില്‍വേയുടെ ഉപകമ്പനിയായ ഐആര്‍സിറ്റിസിയാണ് ഈ ട്രെയിനുകള്‍ ഓടിക്കുന്നത്. ഇപ്പോള്‍ മറ്റ് ട്രെയിനുകളില്‍ ലഭിക്കുന്ന സബ്‌സിഡി നിരക്കിലുള്ള ടിക്കറ്റുകള്‍ക്ക് പകരം പൂര്‍ണമായും വാണീജ്യനിരക്കിലാണ് ഈ ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ കഴിയൂ. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകരങ്ങളും ഈ ട്രെയിനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനു പുറമെയാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മണ്ഡലമായ വരാണസി സന്ദര്‍ശനത്തിനിടെ മറ്റൊരു ട്രെയിനു കൂടി പച്ചക്കൊടി കാണിച്ചത്. വരാണസി-ലക്‌നൗ-ഇന്‍ഡോര്‍ റൂട്ടിലോടുന്ന മഹാകാല്‍ എക്സ്പ്രസ് എന്ന ഈ ദീര്‍ഘദൂര ട്രെയിനിലും സ്വകാര്യമേഖയിലെ നിരക്ക് തന്നെയാണ് ഈടാക്കുക. ഐആര്‍സിറ്റിസി തന്നെയാണ് ഈ ട്രെയിനുകളുടെയും നിയന്ത്രണം.

ലോകത്തെ പല രാജ്യങ്ങളിലും റെയില്‍വേ മേഖല സ്വകാര്യവത്ക്കരിച്ചതിന്റെ ചുവടു പിടിച്ചാണ് ഇന്ത്യന്‍ റെയില്‍വേയും ഈ മേഖലയില്‍ നീങ്ങുന്നത്. എന്നാല്‍ ഫിന്‍ലാന്‍ഡില്‍ ഒഴിച്ച് മറ്റൊരിടത്തും- യു.കെ, ഫ്രാന്‍സ്, ജപ്പാന്‍- സ്വകാര്യവത്ക്കരണം വേണ്ട വിധത്തില്‍ വിജയം കണ്ടിട്ടില്ല. യു.കെയില്‍ റെയില്‍വേയെ വീണ്ടും പൊതുമേഖലയിലേക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യം കഴിഞ്ഞ വര്‍ഷം ഉയര്‍ന്നിരുന്നു. എന്നാല്‍ പുതുതായി അധികാരത്തില്‍ വന്ന ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ ഇതിനു തുനിഞ്ഞേക്കില്ല എന്നും സൂചനകളുണ്ട്. ജനങ്ങളുടെ ജീവനോപാധിയായി കണക്കാക്കുന്ന കാര്യങ്ങള്‍ സ്വകാര്യമേഖലയ്ക്ക് വിട്ടു നല്‍കുമ്പോള്‍ ഗുണങ്ങളും ദോഷങ്ങളും ചൂണ്ടിക്കാട്ടാറുണ്ട്. അതില്‍ പ്രധാനം, സര്‍ക്കാര്‍ സംവിധാനങ്ങളുടെ അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ സംവിധാനങ്ങളില്‍ നിന്ന് റെയില്‍വേ മോചിതമാകും എന്നും യാത്രക്കാര്‍ക്ക് വൃത്തിയും വെടിപ്പുമുള്ള കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാകും എന്നുമാണ്. മറ്റൊന്ന്, സര്‍ക്കാര്‍ സബ്‌സിഡി നല്‍കി കൂടുതല്‍ കാലം ഈ മേഖല നിലനിര്‍ത്താന്‍ സാധിക്കില്ലെന്നും മറിച്ച് ഇത്തരം കാര്യങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോവുകയും സ്വകാര്യമേഖലയുടെ പങ്കാളിത്തം ഇക്കാര്യത്തില്‍ തേടണം എന്നുമാണ്.

യാത്രാ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യത്തിലും സ്വകാര്യമേഖല തന്നെയാണ് മികച്ചത് എന്ന വാദവുമുണ്ട്. ഇന്ത്യയിലെ ട്രെയിന്‍ അപകടങ്ങള്‍ നാം നിരന്തരമെന്നോണം കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകളിലൊന്നാണ്. നിരവധി പേര്‍ ഇതിലൊക്കെ കൊല്ലപ്പെടാറുമുണ്ട്. 1990-95 കാലഘട്ടത്തില്‍ ശരാശരി 500 അപകടങ്ങളും 2400-ഓളം മരണങ്ങളും ഉണ്ടായിട്ടുള്ളിടത്ത് 2013-2018 ആകുമ്പോള്‍ അപകട നിരക്ക് ശരാശരി 110-ഉം മരണ നിരക്ക് 990-ഉം ആയി മാറിയിരുന്നു. ഓരോ ദശകം കഴിയുമ്പോഴും റെയില്‍വേയുമായി ബന്ധപ്പെട്ട അപകട നിരക്കുകള്‍ കുറച്ചു കൊണ്ടുവരാന്‍ കഴിയുന്നുണ്ട്. 2017-18-ല്‍ ഉണ്ടായത് 73 അപകടങ്ങളാണ്. 2019-20-ലെ ഏറ്റവും വലിയ നേട്ടം യാത്രാ ട്രെയിനുകളൊന്നും തന്നെ വലിയ അപകടങ്ങളില്‍ പെട്ടിട്ടില്ല എന്നതാണ്. ഒരു യാത്രക്കാരന്‍ പോലും ട്രെയിന്‍ അപകടങ്ങളില്‍ കൊല്ലപ്പെടാതിരുന്ന വര്‍ഷം കൂടിയാണ് 2019. ഈ മേഖല സ്വകാര്യവത്ക്കരിക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തപൂര്‍ണമായ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടാക്കാന്‍ നിര്‍ബന്ധിതമാകുമെന്നും വാദങ്ങളുണ്ട്.

ഇതിനുള്ള മറുവാദമായി ചൂണ്ടിക്കാട്ടുന്നത് റെയില്‍വേ ജീവനക്കാരുടേയും തൊഴിലാളികളുടെയും തൊഴില്‍ സുരക്ഷയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ദാതാവാണ് റെയില്‍വേ. ഇത് സ്വകാര്യമേഖലയ്ക്ക് വിട്ടു നല്‍കുന്നതിലൂടെ വലിയ തൊഴില്‍ നഷ്ടം സംഭവിക്കുമെന്നും തൊഴില്‍ സുരക്ഷ ഇല്ലാതാകുമെന്നും തൊഴിലാളി യൂണിയനുകള്‍ അടക്കം ചൂണ്ടിക്കാട്ടുന്നു. മറ്റൊന്ന്, യാത്രാ നിരക്കുകളില്‍ അടക്കമുണ്ടാകുന്ന വര്‍ധനവാണ്. ഇപ്പോള്‍ ചെറിയ നിരക്കില്‍ എല്ലാവര്‍ക്കും യാത്ര ചെയ്യാവുന്ന സംവിധാനം മാറ്റി സ്വകാര്യ മേഖല നിശ്ചയിക്കുന്ന നിരക്കിലേക്ക് കാര്യങ്ങള്‍ മാറുമ്പോള്‍ അത് ഇന്ത്യന്‍ റെയില്‍വേയെ ഏറ്റവുമധികം ആശ്രയിക്കുന്ന പാവപ്പെട്ടവരും ഇടത്തരക്കാരുമായ യാത്രക്കാരെ കൂടുതലായി ബാധിക്കും എന്നതാണ്. റോഡ് ഗതാഗതക്കുരുക്കുകളും റോഡിലെ സമയനഷ്ടവും മറ്റ് പൊതുഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതകളുമാണ് ആളുകളെ പ്രധാനമായി റെയിവേയിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. എന്നാല്‍ നിരക്കുകളില്‍ വന്‍ വര്‍ധനവ് ഉണ്ടാകുന്നതോടെ ട്രെയിന്‍ യാത്രകള്‍ ജനങ്ങള്‍ക്ക് താങ്ങാനാവാതെ വരികയും അത് റോഡ് ഗതാഗതം കൂടുതല്‍ രൂക്ഷമാകുന്നതിലേക്ക് കാര്യങ്ങള്‍ നയിക്കുമെന്നും ഭയക്കുന്നവരുണ്ട്. ഇപ്പോള്‍ വിമുക്തഭടന്മാര്‍, സര്‍വീസിലുള്ളവര്‍, മുതിര്‍ന്ന ആളുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ റെയില്‍വേ കണ്‍സഷന്‍ അനുവദിക്കാറുണ്ട്. റെയില്‍വേ സ്വകാര്യവത്ക്കരിക്കുന്നതോടെ ഇതൊക്കെ ഇല്ലാതാകും.

ഇപ്പോള്‍ ഐആര്‍സിറ്റിസിയാണ് ട്രെയിനുകള്‍ സ്വകാര്യനിരക്കുകളില്‍ ഓടിക്കുന്നതെങ്കിലും വരുംനാളുകളില്‍ സ്വകാര്യ കമ്പനികള്‍ ഇതേറ്റെടുക്കും എന്നതില്‍ യാതൊരു സംശയവുമില്ല. ഇന്ത്യയിലെ മറ്റ് ഉദാഹരണങ്ങള്‍ കാണിക്കുന്നതും ഇതു തന്നെയാണ്. അങ്ങനെ വരുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം പൂര്‍ണമായി സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്നതിലേക്ക് കാര്യങ്ങള്‍ മാറും. കടക്കെണിയിലായ സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ രാജ്യത്തെ പല പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്ക്കരിക്കുന്ന തിരക്കിലാണ്. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത് 2.10 ലക്ഷം കോടി രൂപ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ സമാഹരിക്കും എന്നാണ്. ഇതില്‍ എയര്‍ ഇന്ത്യ പൂര്‍ണമായി വില്‍ക്കാനും ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയായ എല്‍ഐസിയുടെയും എണ്ണക്കമ്പനിയായ ബിപിസിഎല്ലിന്റെയും ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനമുണ്ട്. ഇതിനു പിന്നാലെയാണ് റെയില്‍വേയെ പടിപടിയായി സ്വകാര്യവത്ക്കരിക്കുന്ന തീരുമാനവും.

റെയിവേ ഭൂമി വികസിപ്പിക്കുന്നതടക്കം റെയില്‍വേയുമായി ബന്ധപ്പെട്ട് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിരവധി പദ്ധതികള്‍ മുമ്പുള്ള സര്‍ക്കാരുകളും കൊണ്ടുവന്നിട്ടുണ്ട്. റെയില്‍വേയെ കുറച്ചെങ്കിലും സ്വകാര്യവത്ക്കരിക്കാതെ പിടിച്ചു നില്‍ക്കാന്‍ പറ്റില്ലെന്നും വാദങ്ങളുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തെ ഏറ്റവും മോശമായ ഓപ്പറേറ്റിംഗ് റേഷ്യോ ആണ് റെയില്‍വേ 2017-18ല്‍ അഭിമുഖീകരിച്ചത് എന്ന് കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടില്‍ സിഎജി ചൂണ്ടിക്കാട്ടിയിരുന്നു. അതായത്, വരുമാന ഇനത്തിലുള്ള ഓരോ രൂപയ്ക്കും പകരം എത്ര രൂപ ചെലവഴിക്കേണ്ടി വരുന്നു എന്ന കണക്ക് 98.44 ശതമാനമാണ് എന്നതാണ് സിഎജി വ്യക്തമാക്കിയത്. ഇത് എത്രത്തോളം കുറഞ്ഞിരിക്കുന്നോ അത്രത്തോളം സാമ്പത്തിക സ്ഥിതി മെച്ചമാണ് എന്നാണര്‍ത്ഥം. ഈ നഷ്ടം മറികടക്കാനും കൂടിയുള്ള വഴിയായാണ് റെയില്‍വേയില്‍ സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാനും റെയില്‍വേയുടെ ഭൂമി അടക്കമുള്ള സ്വത്തുക്കള്‍ കൂടുതലായി സ്വകാര്യമേഖലയ്ക്ക് വില്‍ക്കാനുമുള്ള തീരുമാനം.

ഇന്ത്യ പോലൊരു വിശാലമായ രാജ്യത്ത് സര്‍ക്കാര്‍ എല്ലാ മേഖലകളിലും ഇടപെടുകയും പൊതുസംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യണമെന്ന വാദം ശരിയല്ലെന്ന് സ്വകാര്യവത്ക്കരണത്തെ അനുകൂലിക്കുന്നവര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്, എന്തിനാണ് നഷ്ടം സഹിച്ച് സര്‍ക്കാര്‍ എയര്‍ ഇന്ത്യ പോലെ ഒരു വിമാന കമ്പനി നടത്തുന്നത് എന്നതാണ്. ഇത് പൂര്‍ണമായി തള്ളിക്കളയാന്‍ പറ്റില്ലെങ്കിലും റെയില്‍വേയും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും അതേ വിധത്തില്‍ സ്വകാര്യവത്ക്കരിക്കാന്‍ തുനിഞ്ഞാല്‍ അത് സമൂഹത്തിലെ പാവപ്പെട്ടവരേയും ഇടത്തരക്കാരെയും ഏറ്റവും പ്രതികൂലമായി ബാധിക്കും എന്നതില്‍ സംശയമില്ല. ഇന്ത്യയുടെ ശരാശരി ആളോഹരി വരുമാനമെന്നത് മാസം ഇപ്പോഴും 11,000 രൂപയ്ക്കടുത്താണ്. 35 കോടിയോളം മനുഷ്യര്‍ ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്നു. ഈ സാഹചര്യത്തില്‍ സ്വകാര്യമേഖലയുടെ കഴുത്തറപ്പന്‍ നയങ്ങള്‍ക്ക് റെയില്‍വേയെ തീറെഴുതുക എന്നത് ഈ രാജ്യത്തെ ഏറ്റവും സുശക്തമായി ബന്ധിപ്പിക്കുന്ന കണ്ണിയില്‍ നിന്ന് വലിയൊരു വിഭാഗം ജനങ്ങളെ മാറ്റി നിര്‍ത്തുക എന്നതായിരിക്കും. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യ ബോധത്തോടു കൂടിയ നയങ്ങളാണ് സര്‍ക്കാരിന് ആവശ്യം.

**********

മുതലാളിത്ത നയങ്ങള്‍ എങ്ങനെയാണ് കടുത്ത വലതുപക്ഷ നയങ്ങള്‍ പുലര്‍ത്തുന്ന ഭരണകൂടങ്ങള്‍ക്ക് കീഴില്‍ തടിച്ചു കൊഴുക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം കൂടിയാണ് കാശി മഹാകാല്‍ എക്‌സ്പ്രസ്. ഹിന്ദുമതവുമായി ബന്ധപ്പെട്ട മൂന്ന് ജ്യോതിര്‍ലിംഗങ്ങള്‍ സ്ഥിതി ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങളാണ് ഇന്‍ഡോറിലെ ഓംകാറേശ്വര്‍, ഉജ്ജ്വയിനിലെ മഹാകാളീശ്വര്‍, വരാണസിയിലെ കാശി വിശ്വനാഥ് എന്നിവ. തീര്‍ത്ഥാടന കേന്ദ്രങ്ങളുമായും ടൂറിസം കേന്ദ്രങ്ങളുമായുമൊക്കെ ബന്ധിപ്പിച്ച് ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങുന്നതും പുതിയ കാര്യമല്ല. ആയിരക്കണക്കിന് മനുഷ്യര്‍ വന്നു ചേരുന്ന ഇത്തരം സ്ഥലങ്ങളില്‍ കാര്യക്ഷമമായ ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങുകയും ചെയ്യേണ്ടതുണ്ട്. ഇവിടെയാണ് രണ്ടു തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതത്.

ഇത്തരം തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് പ്രവഹിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ പാവപ്പെട്ടവരും കുറഞ്ഞ വരുമാനമുള്ള ഇടത്തട്ടുകാരുമാണ് എന്നാണ് കണക്കുകള്‍. ഈ യാത്രക്കാര്‍ക്ക് വേണ്ട യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ, സ്വകാര്യമേഖലയ്ക്ക് ലാഭം കൊയ്യാനുള്ള ഒന്നായി ഭക്തിയെ മാറ്റിയെടുക്കുകയാണ് സര്‍ക്കാര്‍ ഇവിടെ ചെയ്യുന്നത്. ഭക്തി പൂര്‍ത്തീകരണത്തിനായി ജനം എത്ര പണം വേണമെങ്കിലും ചെലവഴിക്കാന്‍ തയാറാണ് എന്ന യാഥാര്‍ത്ഥ്യം തന്നെയാണ് ഇതിനു പിന്നില്‍.

മറ്റൊന്ന് ഇന്ത്യ പോലൊരു മതേതര രാജ്യത്ത് ഒരു മതത്തിന്റെ ചിഹ്‌നങ്ങള്‍ മാത്രമുള്‍പ്പെടുത്തിക്കൊണ്ട് ഒരു പൊതുഗതാഗതം ഏര്‍പ്പെടുത്താന്‍ പാടുണ്ടോ എന്ന ചോദ്യമാണ്. മഹാകാല്‍ എക്‌സ്പ്രസ് പരമശിവനെ അടിസ്ഥാനപ്പെടുത്തിയാണ് രൂപം കൊടുത്തിരിക്കുന്നത്. ഇതിലെ ബി5 കോച്ചിലെ 65-ാം നമ്പര്‍ സീറ്റ് പരമശിവനു വേണ്ടി പ്രത്യേകം മാറ്റിവച്ചിരിക്കുന്നു. ശിവന്റെ പ്രതിഷ്ഠയോടു കൂടിയ ഈ ബര്‍ത്ത് ഒരു ചെറിയ ക്ഷേത്രം തന്നെയായി മാറ്റി വച്ചിരിക്കുകയാണ് റെയില്‍വേ. എല്ലാ മതങ്ങള്‍ക്കും ജാതികള്‍ക്കും ലിംഗങ്ങള്‍ക്കും വംശങ്ങള്‍ക്കും ഭാഷകള്‍ക്കുമെല്ലാം തുല്യത കല്‍പ്പിക്കപ്പെടുന്ന ഇന്ത്യന്‍ ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണ് പൊതുഗതാഗത സംവിധാനങ്ങള്‍ ഇത്തരം മതപരമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. അത് ഇന്ത്യ എന്ന സത്തയ്ക്ക് ചേര്‍ന്നതല്ല.

Next Story

Related Stories