TopTop
Begin typing your search above and press return to search.

മറ്റുള്ളവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നോക്കലല്ല സ്ത്രീകളുടെ പണി

മറ്റുള്ളവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നോക്കലല്ല സ്ത്രീകളുടെ പണി

എഡിറ്റോറിയല്‍

രാജ്യം കത്തിയെരിയുമ്പോഴും നാടകീയതയ്ക്ക് യാതൊരു കുറവും വരുത്താറില്ല എന്നതാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിരമായി ചെയ്യുന്ന ഒരു കാര്യം. അതിനി, ഒരു ഫോട്ടോ സെഷനാണെങ്കിലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പൂര്‍ണമായി തകര്‍ത്തെറിഞ്ഞ നോട്ട് നിരോധനം പ്രഖ്യാപിക്കുന്ന കാര്യത്തിലായാലും ഈ നാടകീയത കാണാം. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു എന്നതായിരുന്നു ഞായറാഴ്ച രാത്രി നടത്തിയ പ്രഖ്യാപനം. കേട്ടപാതി ഇന്ത്യന്‍ മാധ്യമ ലോകവും ആരാധകവൃന്ദവും കളത്തിലിറങ്ങി. മോദി സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നോ എന്നതായി രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം.

പിന്നാലെ തിങ്കളാഴ്ച മറ്റൊരു കാര്യം കൂടി അദ്ദേഹം പ്രഖ്യാപിച്ചു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഞായറാഴ്ച, വനിതാ ദിനമായ മാര്‍ച്ച് എട്ടിന് തെരഞ്ഞെടുത്ത സ്ത്രീകള്‍ക്ക് വിട്ടുനല്‍കുമെന്നതായിരുന്നു അത്. തങ്ങളെ പ്രചോദിപ്പിച്ച സ്ത്രീകളുടെ പേരുകള്‍ ആളുകള്‍ക്ക് നിര്‍ദേശിക്കാമെന്നും മോദി ട്വിറ്ററില്‍ കൂടി പ്രഖ്യാപിച്ചു. ഈ സമയം കൂടി ഒന്ന് ആലോചിക്കേണ്ടതുണ്ട്. ഡല്‍ഹി കത്തിയെരിയുകയും 48 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ട് അധികദിവസമായില്ല. ഇപ്പോഴും ഡല്‍ഹിയുടെ പലഭാഗങ്ങളിലും ജനങ്ങള്‍ പേടിച്ചാണ് കഴിയുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. ഇതിനു പുറമെ കൊറോണ വൈറസ് ഭീഷണിയും. കൊറോണ ഭീഷണിയില്‍ നിന്ന് കുറച്ചൊക്കെ വിമുക്തമാണ് ഇന്ത്യ എന്ന് കരുതിയിരിക്കുമ്പോഴാണ് പുതിയ കേസുകള്‍ ഡല്‍ഹിയില്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതും പോരാഞ്ഞ്, ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷന്‍ ദേശീയ പൗരത്വ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുക കൂടി ചെയ്ത സമയമാണിത്. ഒരുപക്ഷേ, ഐക്യരാഷ്ട്ര സഭ ഇത്തരത്തില്‍ ഇന്ത്യയില്‍ ഇടപെട്ട അപൂര്‍വ സംഭവമായിരുന്നു അത്.

മോദിക്ക് പക്ഷേ, ഇതൊന്നും ബാധകമല്ല. ഫെബ്രുവരി 23-ന് വടക്കു-കിഴക്കന്‍ ഡല്‍ഹിയില്‍ കലാപം തുടങ്ങി 24-നും 25-നും അക്രമികള്‍ അഴിഞ്ഞാടിയിട്ടും മോദി സര്‍ക്കാാരിലെ ഒരാള്‍ പോലും വാ തുറന്നില്ല. ആഭ്യന്തര മന്ത്രി അമിത് ഷായുടെ കീഴിലുള്ള ഡല്‍ഹി പോലീസ് ആകട്ടെ, ഒന്നുകില്‍ അക്രമികള്‍ക്കൊപ്പം നിലകൊള്ളുകയോ അല്ലെങ്കില്‍ അക്രമികളേക്കാള്‍ ക്രൂരമായി ജനങ്ങളെ ആക്രമിക്കുകയും ചെയ്തു. ഈ സമയത്ത് മോദി ചെയ്ത ട്വീറ്റുകള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കെട്ടിപ്പിടിക്കുന്നതിന്റെയും ഇന്ത്യ-അമേരിക്ക ബന്ധത്തിലെ 'ഊഷ്മളത'യെക്കുറിച്ചൊക്കെയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരുകയും അമിത് ഷായുടെ രാജി സോണിയാ ഗാന്ധി തന്നെ ആവശ്യപ്പെടുകയും ചെയ്തതിനു ശേഷം മാത്രമാണ് മോദി ഡല്‍ഹിയിലെ അക്രമങ്ങളോട് പ്രതികരിച്ചത്. അതും ഏതാനും ട്വീറ്റുകളായി മാത്രം. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുള്ള അമിത് ഷായാകട്ടെ, ഒന്ന് അപലപിക്കാന്‍ പോലും തയാറായില്ല. പകരം, ഒഡീഷയിലും ബംഗാളിലും പോയി രാഷ്ട്രീയ പ്രസംഗം നടത്തുകയാണ് അയാള്‍ ചെയ്തത്. മോദി യുപിയില്‍ രണ്ടു പൊതുയോഗങ്ങളെ അഭിസംബോധന ചെയ്‌തെങ്കിലും ഡല്‍ഹി കലാപത്തെക്കുറിച്ച് വാ തുറന്നതേയില്ല.

കൊറോണ ഭീഷണിയെക്കുറിച്ച് രാഹുല്‍ ഗാന്ധി ഇന്നലെ ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് മോദി ഇക്കാര്യത്തില്‍ പ്രതികരിച്ചത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. എന്താണ് തങ്ങളുടെ പ്രിയോറിറ്റി എന്നതാണ് ഓരോ നടപടികളിലൂടെയും ഈ സര്‍ക്കാര്‍ തെളിയിച്ചു കൊണ്ടിരിക്കുന്നത്. സഹാനുഭൂതിയും ദയയും മര്യദയുമുള്ള ഏതാരു ഭരണാധികാരിയും ഡല്‍ഹിയില്‍ നടന്ന കാര്യങ്ങളോട് ഇങ്ങനെ ആയിരിക്കില്ല പ്രതികരിക്കുക. 48 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ഡല്‍ഹിയില്‍ കണ്ടെടുത്തിട്ടുള്ളത്. അഴുക്കുചാലുകളില്‍ കൊന്ന് താഴ്ത്തിയവര്‍ എത്രയുണ്ടെന്ന് എങ്ങനെയറിയും? എല്ലാ രേഖകളും സ്വത്തും വീടും തൊഴിലും നഷ്ടപ്പെട്ടവര്‍ ഇനി എന്തു ചെയ്യും? ജനങ്ങളുടെ ഭീതിയെ അകറ്റാനെങ്കിലും രണ്ടു വാക്ക് പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും പറഞ്ഞു കൂടെ? പാര്‍ലമെന്റില്‍ ഹോളി കഴിഞ്ഞിട്ട് ചര്‍ച്ച നടത്താമെന്നാണ് സര്‍ക്കാര്‍ പറയുന്നത്? എത്രത്തോളം ഇന്‍സെന്‍സിറ്റീവാകാന്‍ സാധിക്കും എന്നതാണ് ഈ സര്‍ക്കാര്‍ കാണിച്ചു തരുന്നത്.

മോദി വനിതാദിനം ആഘോഷിക്കുകയാണെങ്കില്‍ ചെയ്യേണ്ടത് സോഷ്യല്‍ മീഡിയയിലെ പൊറാട്ട് നാടകങ്ങള്‍ ഉപേക്ഷിച്ച് ഷഹീന്‍ബാഗില്‍ സമരമിരിക്കുന്ന സ്ത്രീകളെ പോയി കാണുകയാണ് വേണ്ടത്. അവര്‍ പ്രതിഷേധിക്കുന്നത് ഈ രാജ്യത്തെ ഭരണഘടനയെ സംരക്ഷിക്കാനാണ്, തുല്യനീതിക്കു വേണ്ടിയാണ്. ഡല്‍ഹിയിലെ കൊടുംതണുപ്പിലും വെയിലിലും കൂസാതെ, ഒരു കൈയില്‍ ഭരണഘടനയും മറുകൈയില്‍ ദേശീയപതാകയുമേന്തി സമരം ചെയ്യുന്ന സ്ത്രീകളിലും വലിയ പ്രചോദനം എന്താണുള്ളത്? അല്ലെങ്കില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ നയിക്കുന്ന സ്ത്രീകളെ അഭിസംബോധന ചെയ്യുകയാണ് അദ്ദേഹം ചെയ്യേണ്ടത്. അല്ലെങ്കില്‍ വടക്കു-കിഴക്കന്‍ ഡല്‍ഹിയില്‍ ഭര്‍ത്താക്കന്മാരും മക്കളും സഹോദരങ്ങളും നഷ്ടപ്പെട്ട സ്ത്രീകളെ കാണുകയാണ് വേണ്ടത്, അവരെ സഹായിക്കാനായി അഹോരാത്രം കഷ്ടപ്പെടുന്ന സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളും മറ്റുമുണ്ട്. അല്ലെങ്കില്‍ തലയ്ക്ക് 19 തുന്നിക്കെട്ടുകളുമായി മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്ന് അനീതിക്ക് കീഴടങ്ങില്ലെന്ന് വ്യക്തമാക്കിയ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഐഷി ഘോഷിനെ മോദിക്ക് ക്ഷണിക്കാവുന്നതാണ്. യുപിയില്‍ ബിജെപി എംഎല്‍എയും എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ശ്രമിച്ചിട്ടും തളരാതെ പൊരുതുന്ന ഉന്നാവോയിലെ പെണ്‍കുട്ടി ഒരു പ്രചോദനമല്ലേ? അല്ലെങ്കില്‍ മോദിക്ക് വ്യക്തമായി അറിയാവുന്ന നിരവധി പേരുകള്‍ വേറെയുമുണ്ട്. സാക്കിയ ജാഫ്രി, ബില്‍ക്കിസ് ബാനു, ശ്വേത സഞ്ജീവ് ഭട്ട്....

സ്ത്രീകള്‍ക്ക് വേണ്ടത് താങ്കളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഒരു ദിവസത്തേക്ക് കൈകാര്യം ചെയ്യാനുള്ള ഔദാര്യമല്ല. അവര്‍ക്ക് അന്തസോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള സാഹചര്യമാണ് ഈ രാജ്യത്ത് ഉണ്ടാകേണ്ടത്. നിയമനിര്‍മാണ സഭകളിലും മറ്റ് ഭരണഘടനാ സ്ഥാപനങ്ങളിലും മതിയായ പ്രതിനിധ്യം ഉറപ്പുവരുത്തുകയും നയരൂപീകരണ പ്രക്രിയകളില്‍ അവരുടെ പങ്കാളിത്തം ഉറപ്പാക്കുകയുമാണ് വേണ്ടത്. അല്ലാതെ മറ്റുള്ളവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നോക്കലല്ല സ്ത്രീകളുടെ പണി.

ബിജെപിക്ക് ഭൂരിപക്ഷം ഇല്ലാത്തതു കൊണ്ടാണോ കേട്ടിഘോഷിക്കപ്പെട്ട വനിതാ സംവരണ ബില്‍ പാസാക്കാത്തത്?

Next Story

Related Stories