TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ ജനതയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്, മി. മോദി; താങ്കള്‍ ഈ മതേതര, ജനാധിപത്യ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രിയാണ്

ഇന്ത്യന്‍ ജനതയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്, മി. മോദി; താങ്കള്‍ ഈ മതേതര, ജനാധിപത്യ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രിയാണ്

എഡിറ്റോറിയല്‍

ജനാധിപത്യത്തില്‍ മറ്റു പോംവഴികളില്ല. എത്രയൊക്കെ കണ്ടില്ലെന്നു നടിച്ചാലും, വളച്ചൊടിച്ചാലും സത്യം / വാസ്തവം ഒരുനാള്‍ പുറത്തു വരിക തന്നെ ചെയ്യും. ജനാഭിപ്രായം രൂപപ്പെടുത്തുന്ന കാര്യത്തിലും അതിനെ വളച്ചൊടിക്കുന്നതിലും ഉണ്ടാകുന്ന താത്കാലിക വിജയങ്ങളും അങ്ങനെയൊക്കെ തന്നെയാണ്. അതുകൊണ്ടു തന്നെ ഭരണാധികാരികള്‍ക്ക് ഏറ്റവും പ്രധാനമായി വേണ്ടതും ജനങ്ങള്‍ എന്തു പറയുന്നു, എങ്ങനെ ചിന്തിക്കുന്നു, എന്താണ് അവര്‍ക്ക് ആവശ്യമായത് എന്നു മനസിലാക്കുകയും അതിനോട് നീതി പുലര്‍ത്തുകയുമാണ്. അവിടെയാണ് ഒരു ഭരണാധികാരിയുടെ മാറ്റ് തെളിഞ്ഞുവരുന്നത്. എന്നാല്‍, ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, നരേന്ദ്ര മോദി, പ്രധാനമന്ത്രി എന്ന നിലയില്‍ താങ്കള്‍ സ്വയം പരാജയപ്പെടുക മാത്രമല്ല, 130 കോടി ജനങ്ങളുടെ ആത്മാഭിമാനത്തെ കൂടിയാണ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്.

രാംലീല മൈതാനി ഇതിനു മുമ്പും ചരിത്രപരമായ പല സമ്മേളനങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ തടിച്ചു കൂടിയ ലക്ഷക്കണക്കിന് മനുഷ്യര്‍ തന്നെ ചോദ്യം ചെയ്യുകയാണെന്ന് മനസിലാക്കിയതോടെയാണ് അന്നു രാത്രി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. എന്നാല്‍ പിന്നീട് എന്തുണ്ടായി എന്നു നാം കണ്ടു. ഇന്ദിരാ ഗാന്ധി പരാജയം ഏറ്റുവാങ്ങുക മാത്രമല്ല, ജനങ്ങള്‍ ഈ ജനാധിപത്യ രാജ്യത്തെ തിരിച്ചുപിടിക്കുകയും ചെയ്തു. വിഭജനമുണ്ടാക്കിയ മുറിവുകള്‍ക്ക് ശേഷം ഇന്ത്യ എന്ന ജനാധിപത്യ, മതേതര റിപ്പബ്ലിക് നേരിടുന്ന ഏറ്റവും വലിയൊരു ഭീഷണിയുടെ നടുവിലാണ് ഇന്നലെ നരേന്ദ്ര മോദി രാംലീല മൈതാനിയില്‍ ബിജെപി യോഗത്തില്‍ പങ്കെടുത്തതും. പൗരത്വ ദേഭഗതി നിയമവും എന്‍ആര്‍സിയും ജനങ്ങളിലുണ്ടാക്കിയ അരക്ഷിതാവസ്ഥയും അതിനെ ചോദ്യം ചെയ്തുകൊണ്ട് ലക്ഷക്കണക്കിന് മനുഷ്യര്‍ രാജ്യമെമ്പാടും രംഗത്തു വരികയും ചെയ്ത സാഹചര്യത്തില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം എന്തു പറയും എന്നത് മുഴുവന്‍ ജനങ്ങളും ഉറ്റു നോക്കിയിരുന്നു. മോദി മികച്ച പ്രാസംഗികനാണ്. ജനങ്ങളുമായി എങ്ങനെ സംവദിക്കണമെന്നറിയാവുന്ന നേതാവ്. അവരെ കൈയിലെടുക്കാന്‍ അറിയാവുന്ന ആള്‍. ഇന്നലെ രാംലീല മൈതാനിയിലും മോദി അത്തരമൊരു പെര്‍ഫോമന്‍സ് തന്നെയാണ് കാഴ്ച വച്ചത്. പക്ഷേ, നിലനില്‍പ്പിനായി പൊരുതുന്ന ജനങ്ങളെ കബളിപ്പിക്കുന്നതു മാത്രമായിപ്പോയി അത്.

എന്‍ആര്‍സി- ആരാണ് കള്ളം പറയുന്നത്?

അവാസ്തവങ്ങളും കള്ളങ്ങളും ദുരുപധിഷ്ഠിതമായ കുറ്റാരോപണങ്ങളും നിറഞ്ഞതായിരുന്നു ഇന്നലെ മോദി നടത്തിയ പ്രസംഗം എന്ന് പല കോണുകളില്‍ നിന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. വസ്തുതകള്‍ പരിശോധിച്ചാല്‍ അവയൊക്കെ ശരിയാണെന്ന് മനസിലാവുകയും ചെയ്യും. ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി)യെക്കുറിച്ച് 2014-ല്‍ തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം യാതൊരു ചര്‍ച്ചയും ഉണ്ടായിട്ടില്ല, യാതൊരു കാര്യവും പ്രഖ്യാപിച്ചിട്ടില്ല. ബാക്കിയൊക്കെ "കള്ളമാണ്, കള്ളമാണ്, കള്ളമാണ്" എന്നാണ് മോദി പ്രസംഗിച്ചത്. പാര്‍ട്ടി പ്രസിഡന്റായിരിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം മൂന്നോളം തവണയും ആഭ്യന്തര മന്ത്രി കൂടി ആയതിനു ശേഷം രണ്ടു തവണ പാര്‍ലമെന്റിലും ബംഗാളിലും ഝാര്‍ഖണ്ഡിലുമടക്കം താങ്കളുടെ ആഭ്യന്തര മന്ത്രി അമിത് ഷാ നിരവധി തവണയും ആവര്‍ത്തിച്ചു പറഞ്ഞത് പൗരത്വ ഭേദഗതി നിയമത്തിനു പിന്നാലെ എന്‍ആര്‍സിയും നടപ്പാക്കും എന്നു തന്നെയാണ്. ഇപ്പോത്തെ പ്രതിരോധ മന്ത്രിയും മുന്‍ ആഭ്യന്തര മന്ത്രിയുമായ രാജ്‌നാഥ് സിംഗും ഇക്കാര്യം നിരവധി തവണ ആവര്‍ത്തിച്ചിട്ടുണ്ട്. എന്തിനേറെ നിലവിലെ വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ കഴിഞ്ഞ ദിവസം കൂടി ആവര്‍ത്തിച്ചത് സിഎഎ-എന്‍ആര്‍സി നടപ്പാക്കും എന്നു തന്നെയാണ്. അതും കഴിഞ്ഞ്, രണ്ടാം തവണ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച ജൂണ്‍ 20-ന് താങ്കളും സന്നിഹിതനായിരുന്നു. അദ്ദേഹവും ഇക്കാര്യം ആവര്‍ത്തിച്ചു. 2019-ലെ ബിജെപി പ്രകടനപത്രിക താങ്കളുടെ കൂടി അനുമതിയോടു കൂടിയായിരിക്കാം തയാറാക്കപ്പെട്ടത്. അതിലും ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ട്. അപ്പോള്‍ പ്രധാനമന്ത്രി, താങ്കള്‍ എന്തുകൊണ്ടാണ് അതല്ല വാസ്തവം എന്നു പ്രസംഗിച്ചത്? ആരെയാണ് താങ്കള്‍ വിഡ്ഡിയാക്കാന്‍ ശ്രമിക്കുന്നത്?

ഡിറ്റന്‍ഷന്‍ സെന്റര്‍ - ആരാണ് കള്ളം പറയുന്നത്?

മുസ്ലീങ്ങളെ ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ അടയ്ക്കും എന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസും അവരുടെ ഉപകക്ഷികളുംം 'അര്‍ബന്‍ നക്‌സലുക'ളും പ്രചരിപ്പിക്കുന്നു, ന്യൂനപക്ഷങ്ങളെ പേടിപ്പിക്കുന്നു, പക്ഷേ, ഇവിടെ എവിടെയും അത്തരം ഡിറ്റന്‍ഷന്‍ സെന്ററുകള്‍ ഇല്ല എന്നാണ് മോദി ഇന്നലെ പ്രസംഗിച്ചത്. അസമിലെ ഗോള്‍പാരയിലുള്ള മാട്യയില്‍ ഏഴ് ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളുടെ വലിപ്പത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഡിറ്റന്‍ഷന്‍ സെന്ററിനെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും ഇന്ത്യയിലെ ഒരുവിധപ്പെട്ട മാധ്യമങ്ങളുമെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. അതേ ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ അടയ്ക്കപ്പെടാന്‍ പോകുന്ന, രേഖകളോ ജീവിത മാര്‍ഗങ്ങളോ പോകാന്‍ ഇടമോ ഇല്ലാത്ത പാവപ്പെട്ട മനുഷ്യര്‍ തന്നെയാണ് തങ്ങള്‍ക്കുള്ള തടങ്കല്‍പ്പാളയം നിര്‍മിച്ചു കൊണ്ടിരിക്കുന്നത് എന്ന വാര്‍ത്തകളും പുറത്തു വന്നിട്ടുള്ളതാണ്. അസമില്‍ നിലവില്‍ ആറ് ഡിറ്റന്‍ഷന്‍ സെന്റ്‌റുകളുണ്ട്. ഇതിനുപുറമെയാണ് 10 എണ്ണം കൂടി നിര്‍മിക്കാന്‍ പദ്ധതിയുള്ളത്. ബാംഗ്ലൂരിലെ നീലമംഗല, നവി മുംബൈയിലെ നെരൂല്‍ എന്നിവിടങ്ങളിലും ഡിറ്റന്‍ഷന്‍ സെന്ററുകള്‍ പണിയുന്നതായ വാര്‍ത്തകള്‍ ചിത്രങ്ങള്‍ സഹിതം മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്തിനേറെ താങ്കളുടെ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കഴിഞ്ഞ ജൂലൈ 24-ന് രാജ്യസഭയില്‍ പ്രസ്താവിച്ചത് എല്ലാ സംസ്ഥാനങ്ങളിലും ഡിറ്റന്‍ഷന്‍ സെന്ററുകള്‍ നിര്‍മിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ ജനുവരി ഒമ്പതിനു തന്നെ നല്‍കിക്കഴിഞ്ഞുവെന്നും ഗോള്‍പാരയില്‍ നിര്‍മിക്കുന്ന തടങ്കല്‍പ്പാളയത്തിനായി 46 കോടി രൂപ വകയിരുത്തിയിട്ടുണ്ട് എന്നുമാണ്. രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയില്‍ താങ്കള്‍ ഇതൊന്നും അറിയാതിരിക്കാന്‍ വഴിയില്ല.

പ്രകോപനം- ആരാണ് കള്ളം പറയുന്നത്?

അഭയാര്‍ത്ഥികള്‍ക്ക് എന്നും അഭയം നല്‍കിയിട്ടുള്ള രാജ്യമാണ് എന്നും മോദി പ്രസംഗിച്ചു. താന്‍ അത് തുടരുമെന്നും മോദി പറഞ്ഞത് മഹാത്മാ ഗാന്ധിയെ ഉദ്ധരിച്ചു കൊണ്ടാണ്. എന്നാല്‍ മോദി പ്രസംഗിച്ച മറ്റൊരു കാര്യം, നുഴഞ്ഞു കയറ്റക്കാരെയും അഭയാര്‍ത്ഥികളെയും തമ്മില്‍ തിരിച്ചറിയാമെന്നും അഭയാര്‍ത്ഥികള്‍ തങ്ങള്‍ എവിടെ നിന്നാണ് വന്നത് എന്നു പറയുമെന്നും നുഴഞ്ഞു കയറ്റക്കാര്‍ അത് പറയില്ല എന്നുമാണ്. രാജ്യത്ത് നിന്ന് മുഴുവന്‍ നുഴഞ്ഞു കയറ്റക്കാരെയും പുറത്താക്കുമെന്നും എന്നാല്‍ ഹിന്ദു, സിക്ക്, ബുദ്ധമതക്കാര്‍ പേടിക്കേണ്ടതില്ല, അവരെ പൗരത്വ നിയമം ഭേദഗതി ചെയ്ത് സംരക്ഷിക്കുമെന്നും താങ്കളുടെ ആഭ്യന്തര മന്ത്രി പറഞ്ഞതും ഇതും തമ്മില്‍ എന്താണ് വ്യത്യാസം? അതായത്, പൗരത്വ ഭേദഗതിയില്‍ മോദി സര്‍ക്കാര്‍ ആകെ ഒഴിവാക്കിയിട്ടുള്ളത് മുസ്ലീം സമുദായത്തെയാണ്. അപ്പോള്‍ നുഴഞ്ഞു കയറ്റക്കാരെന്ന് ഇന്ത്യന്‍ മുസ്ലീങ്ങളെ പറയാതെ പറയുന്ന ഈ നടപടി ഒരു ഭരണാധികാരിക്ക് ചേരുന്നതാണോ? നൂറ്റാണ്ടുകളായി ജീവിക്കുന്ന തങ്ങളുടെ സ്വന്തം മണ്ണില്‍ നിന്ന് നുഴഞ്ഞു കയറ്റക്കാരായി മുദ്ര കുത്തി ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ അടയ്ക്കപ്പെടാന്‍ പോവുകയാണ് എന്ന് ഈ മനുഷ്യരെ ആരാണ് ഭയപ്പെടുത്തുന്നത്? അത് താങ്കളുടെ സര്‍ക്കാര്‍ തന്നെയാണ് എന്നതിന് ഇതില്‍ കൂടുതല്‍ എന്താണ് തെളിവ് വേണ്ടത്? അവരെ ആര് പ്രകോപിപ്പിച്ചു എന്നാണ് താങ്കള്‍ പറയുന്നത്? ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയില്‍ ഭരണഘടയെ മുന്നില്‍ നിര്‍ത്തി, രാജ്യത്തിന്റെ പതാക കൈയിലേന്തിയാണ് അവര്‍ തുല്യത ആവശ്യപ്പെടുന്നത്. അത് ആരുടേയും ഔദാര്യമല്ല എന്നു താങ്കള്‍ മനസിലാക്കണം.

'അര്‍ബന്‍ നക്സല്‍'- ആരാണ് കള്ളം പറയുന്നത്?

'മണ്ണിന്റെ മക്കളായ' മുസ്ലീങ്ങളെ കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും 'അര്‍ബന്‍ നക്‌സലുക'ളും ചേര്‍ന്ന് വഴി തെറ്റിക്കുകയും തെറ്റിദ്ധരിപ്പിക്കുകയുമാണ് എന്നാണ് മോദി ഉന്നയിച്ച മറ്റൊരു ആരോപണം. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സംസ്ഥാനങ്ങളില്‍ എതിര്‍പ്പുയര്‍ത്തുന്നുണ്ട്. എന്നാല്‍ ഈ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, സിവില്‍ സൊസൈറ്റി എന്നിവര്‍ വിവിധ നഗരങ്ങളില്‍ അണിനിരക്കുന്നത് അവര്‍ 'അര്‍ബന്‍ നക്‌സലുകള്‍' ആയതുകൊണ്ടാണോ? താങ്കളുടെ നയപരിപാടികളെ എതിര്‍ക്കുന്നവര്‍ മുഴുവന്‍ എങ്ങനെയാണ് 'അര്‍ബന്‍ നക്‌സലുകള്‍' ആകുന്നത്? ജനാധിപത്യത്തില്‍ ഭരണഘടന അനുവദിച്ചിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവുമുള്ള, അത് പ്രകടിപ്പിക്കുന്ന മനുഷ്യരെ 'അര്‍ബന്‍ നക്‌സലുകളും' 'ഇന്ത്യാ വിരുദ്ധരു'മായി ഒക്കെ മുദ്രകുത്തുന്നത് ഏകാധിപത്യ പ്രവണതയാണ്. ഭിന്നാഭിപ്രായങ്ങളോട് സഹിഷ്ണുതയില്ലാത്ത, ഇന്ത്യയുടെ വൈവിധ്യത്തോടും നാനാത്വത്തോടും ബഹുമാനമില്ലാത്ത, ഇടുങ്ങിയ ചിന്താഗതിക്കാര്‍ മറ്റുള്ളരെ നേരിടാന്‍ ഉപയോഗിക്കുന്ന വിലകുറഞ്ഞ പദപ്രയോഗങ്ങളാണത്. അത് ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുന്ന ആള്‍ ഉപയോഗിക്കേണ്ടതല്ല. കാരണം, മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം തീരുമാനിക്കപ്പെടുന്ന, ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന പ്രമാണത്തെ ലംഘിക്കുന്ന നടപടികള്‍ ചോദ്യം ചെയ്യുന്നവര്‍ എങ്ങനെയാണ് 'അര്‍ബന്‍ നക്‌സലുകള്‍' ആകുന്നത്? അല്ലെങ്കില്‍ ആരാണ് ഈ അര്‍ബന്‍ നക്‌സലുകള്‍ എന്ന് മുദ്രകുത്തി താങ്കളുടെ ഭരണകൂടം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്? ഇവിടുത്തെ വിദ്യാര്‍ത്ഥികളെ, യുവാക്കളെ, ശാസ്ത്രജ്ഞരെ, സാമൂഹിക പ്രവര്‍ത്തകരെ, എഴുത്തുകാരെ, ചലച്ചിത്ര താരങ്ങളെ...?

അക്രമം- ആരാണ് കള്ളം പറയുന്നത്

യുപിയില്‍ 16, അസമില്‍ അഞ്ച് , കര്‍ണാടകത്തില്‍ രണ്ട് പേര്‍ പോലീസിന്റെ വെടിയേറ്റും മറ്റുമായി കഴിഞ്ഞ ഒരാഴ്ചയ്ക്കുളളില്‍ കൊല്ലപ്പെട്ടു. സ്വന്തം നാട്ടില്‍ നിന്ന് കുടിയിറക്കപ്പെടാന്‍ പോകുന്ന മനുഷ്യര്‍, ഇന്ത്യ എന്ന ആശയം തകരുന്നത് കണ്ടു നില്‍ക്കാന്‍ കഴിയാതെ തെരുവിലിറങ്ങിയ മനുഷ്യര്‍ സമരം ചെയ്യുമ്പോള്‍ അത് എന്തിനെന്ന് മനസിലാക്കാന്‍ പോലും ശ്രമിക്കാതെ പോലീസിനെ ഉപയോഗിച്ച് ക്രൂരമായി അടിച്ചമര്‍ത്താനാണ് താങ്കളുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ശ്രമിച്ചത്. യുപിയില്‍ കൊല്ലപ്പെട്ടത് ഒരു എട്ടു വയസുകാരന്‍ ഉള്‍പ്പെടെയാണ്. 800-ലധികം പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു, 5,000-ത്തിലധികം പേര്‍ കസ്റ്റഡിയിലാണ്. മുസഫര്‍നഗറില്‍ മുസ്ലീങ്ങളുടെ കടകള്‍ പോലീസ് സീല്‍ ചെയ്യുന്നു, മുസ്ലീങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ കടന്നുകയറി അതിക്രമങ്ങള്‍ നടത്തുന്നു. ഇതൊക്കെ ദൃശ്യങ്ങളായി തന്നെ പുറത്തു വന്നുകൊണ്ടിരിക്കുന്നുണ്ട്. തീര്‍ച്ചയായും ഒരു സമരത്തില്‍ മുതലെടുപ്പുകാര്‍ ഉണ്ടായേക്കാം. അവരെ കണ്ടെത്തുകയും അക്രമങ്ങള്‍ അമര്‍ച്ച ചെയ്യുകയുമാണ് പോലീസിന്റെ നടപടി. പക്ഷേ, എന്തുകൊണ്ടാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം അക്രമങ്ങള്‍ ഉണ്ടാകുന്നത്? മുഖംമറച്ച ഏതാനും പേര്‍ കരുതിക്കൂട്ടി കുഴപ്പങ്ങളുണ്ടാക്കിയതാണ് യുപിയിലെ പലയിടത്തും മംഗലാപുരത്തും സംഭവിച്ചതെന്ന ആരോപണങ്ങള്‍ പലയിടത്തു നിന്നും ഉയരുന്നുണ്ട്. പക്ഷേ, താങ്കള്‍ പ്രസംഗിച്ചത് സ്വാതന്ത്ര്യത്തിനു ശേഷം 35,000-ത്തോളം പോലീസുകാര്‍ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ്. ക്രമസമാധാന പാലനത്തിനിടയില്‍ നിരവധി പോലീസുകാര്‍ക്ക് ജീവഹാനി സംഭവിക്കുന്നുണ്ട്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അത്. എന്നാല്‍ അതിനെ അപലപിച്ച അതേ നാവു കൊണ്ട്, പൗരത്വ നിയമ ഭേദഗതി പ്രശ്‌നത്തില്‍ സമരം ചെയ്ത 23 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് അപലപിക്കാന്‍ എന്തുകൊണ്ട് താങ്കള്‍ക്ക് സാധിച്ചില്ല? അതോ, കൊല്ലപ്പെട്ടവര്‍ ഇന്ത്യന്‍ പൗരന്മാരല്ല എന്നുണ്ടോ? എല്ലാ ഭരണാധികാരികളും അധികാരത്തിലേറുന്നത് എല്ലാ ജനങ്ങള്‍ക്കും തുല്യനീതിയും നിയമവും ഉറപ്പാക്കുമെന്നും അതില്‍ പക്ഷഭേദങ്ങള്‍ ഉണ്ടാകില്ലെന്നും സത്യപ്രതിജ്ഞ ചെയ്തു കൊണ്ടാണ് എന്നതും താങ്കള്‍ മറക്കരുത്.

തുല്യത - ആരാണ് കള്ളം പറയുന്നത്?

ഉജ്വല പദ്ധതി, ഡല്‍ഹിയില്‍ അനധികൃത കോളനികള്‍ക്ക് അനുമതി, ആയുഷ്മാന്‍ പദ്ധതി, പാവപ്പെട്ടവര്‍ക്ക് വീട് ഉണ്ടാക്കി നല്‍കുന്ന പദ്ധതി ഒക്കെ താങ്കളുടെ സര്‍ക്കാര്‍ നടപ്പാക്കിയെന്നും അത് ചെയ്തപ്പോള്‍ ആരുടേയും മതമോ ജാതിയോ അന്വേഷിച്ചിട്ടില്ല എന്നുമാണ് മോദി ഒരു ക്രെഡിറ്റ് എന്ന നിലയില്‍ പ്രസംഗിച്ചത്. ഈ പദ്ധതികള്‍ ഒക്കെ നടപ്പാക്കുക പ്രധാനമന്ത്രി എന്ന നിലയില്‍ താങ്കളുടെ ഉത്തരവാദിത്തമാണ്. ഭരണഘടനയെ മുന്‍നിര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത ഒരു ഭരണാധികാരി ഉറപ്പാക്കേണ്ട കാര്യമാണ് മതമോ ജാതിയോ ലിംഗമോ ഭാഷയോ വംശമോ ഒന്നിന്റെയും അടിസ്ഥാനത്തില്‍ വിവേചനം ഉണ്ടാകാന്‍ പാടില്ല എന്നത്. അങ്ങനെ വിവേചനം ഉണ്ടായി എങ്കില്‍ അത് ഭരണഘടനാ ലംഘനമാകുമായിരുന്നു. അങ്ങനെ ചെയ്തില്ല എന്നത് താങ്കള്‍ ഇരിക്കുന്ന പദവി ആവശ്യപ്പെടുന്ന മിനിമം ബാധ്യതയാണ്. അത് ലംഘിച്ചില്ലല്ലോ എന്ന് അലമുറയിടുന്നത് ഒരു ഭരണാധികാരിക്ക് ചേരുന്ന കാര്യവുമല്ല. അത് ലംഘിച്ചാല്‍ ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് പ്രധാനമന്ത്രി പദത്തില്‍ ഇരിക്കാന്‍ യോഗ്യനല്ല എന്നാണ് അര്‍ത്ഥം. അതിനൊപ്പം തന്നെ, ഈ പദ്ധതികളൊക്കെ തങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ തങ്ങള്‍ക്ക് വേണ്ടി, ജനങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്ന ഒരു സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങളാണ്. അത് ആ സര്‍ക്കാര്‍ ചെയ്യുന്നുണ്ട് എന്ന് ജനങ്ങള്‍ക്കുള്ള ആകെ ഉറപ്പാണ് ഭരണഘടന. അത് ഒരു സര്‍ക്കാരിന്റേയും ഔദാര്യമല്ല താനും.

അഭയാര്‍ഥികള്‍ - ആരാണ് കള്ളം പറയുന്നത്?

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനേയും സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെയുമൊക്കെ മോദി പ്രസംഗത്തില്‍ ഉദ്ധരിച്ചു. ഇരുവരും ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കണം എന്നു വാദിച്ചിട്ടുണ്ട് എന്നും ഇപ്പോള്‍ ഇരട്ടത്താപ്പ് കാട്ടുകയാണ് എന്നുമാണ് മോദി പറഞ്ഞത്. എന്നാല്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ കൈയടി കിട്ടാനും വാട്‌സ്ആപ് ഫോര്‍വേഡുകളായി പ്രചരിപ്പിക്കാനും പാര്‍ട്ടി പ്രവര്‍ത്തകനായ നരേന്ദ്ര മോദിക്ക് സാധിക്കും, പക്ഷേ, പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ആള്‍ക്ക് ചേരുന്നതല്ല അത്. എ.ബി വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് മന്‍മോഹന്‍ സിംഗ് രാജ്യസഭയില്‍ പ്രസംഗിച്ചതും 2012-ല്‍ പ്രകാശ് കാരാട്ട് അന്ന് പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിംഗിന് കത്തെഴുതിയതും ഒരിക്കലും മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കണമെന്ന് പറഞ്ഞിട്ടല്ല. മറിച്ച് അഭയാര്‍ത്ഥികള്‍ളെ ഉള്‍ക്കൊള്ളുന്നതില്‍ സര്‍ക്കാര്‍ കുറെക്കൂടി ഉദാരമായ സമീപനം സ്വീകരിക്കണമെന്നാണ്. മുസ്ലീം സമുദായത്തെ മാറ്റി നിര്‍ത്തണമെന്ന് ഒരിക്കലും ഇരു നേതാക്കളും പറഞ്ഞിട്ടില്ല എന്നിരിക്കെ, ഇന്നലെ മോദി പ്രസംഗിച്ചത് വാസ്തവവിരുദ്ധമായ കാര്യമാണ് എന്ന് കോണ്‍ഗ്രസും സിപിഎമ്മും ഒക്കെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുകളില്‍ പറഞ്ഞതു പോലെ ജനാധിപത്യത്തില്‍ മറ്റു പോവംഴികളില്ല. അവാസ്തവമായ കാര്യങ്ങളും കള്ളങ്ങളും കൊണ്ട് ഒരു ജനതയെ എല്ലാക്കാലത്തും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. മോദിയും ബിജെപിയും ആര്‍എസ്എസും ഇന്ത്യയിലെ വിദ്യാര്‍ത്ഥികളെ നോക്കൂ, യുവാക്കളെ നോക്കൂ, അവര്‍ ഒരു കൈയില്‍ ഇന്ത്യന്‍ പതാകയും മറുകൈയില്‍ ഭരണഘടനയും കൈയിലേന്തിയാണ് തെരുവില്‍ നില്‍ക്കുന്നത്. അവര്‍ അക്രമാസക്തമായ സമരങ്ങള്‍ക്കായി മുറവിളി കൂട്ടുന്നില്ല, ആരേയും കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്നില്ല. മറിച്ച് ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കണം എന്നാണ് ആവശ്യപ്പെടുന്നത്. അതിനോട് എത്രനാള്‍ കണ്ണടച്ചിരിക്കും? എത്രനാള്‍ ജനങ്ങളെ തല്ലിച്ചതച്ചും തടങ്കലിലാക്കിയും വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിചേ്ഛദിച്ചും കള്ളങ്ങള്‍ പ്രചരിപ്പിച്ചും പിടിച്ചു നില്‍ക്കും? കണ്ണുതുറക്കേണ്ട സമയമാണിത്. അതിന് ആദ്യം വേണ്ടത്, പൊതുമൈതാനത്ത് മൈക്ക് കെട്ടി ഒരുകൂട്ടം മതഭ്രാന്തന്മാരായ മനുഷ്യരെ തൃപ്തിപ്പെടുത്താന്‍ വിളിച്ചു പറയുന്ന കാര്യങ്ങളല്ല. ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്തിട്ടുള്ള, ജനാധിപത്യ മാര്‍ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ജനങ്ങളോടുള്ള ഉത്തരവാദിത്തമാണ്. പൗരത്വ ഭേദഗതി നിയമം പിന്‍വലിച്ചു കൊണ്ടുളളതാകട്ടെ അതിലെ ആദ്യ നടപടി.

Next Story

Related Stories