TopTop
Begin typing your search above and press return to search.

സാര്‍ക്ക് യോഗം വിളിക്കാനുള്ള മോദിയുടെ തീരുമാനം സ്വാഗതാര്‍ഹം; പിണറായിയേയും താക്കറെയേയും കെജ്രിവാളിനെയുമൊക്കെ ഒരുമിച്ചിരുത്തിയും ചര്‍ച്ചയാവാം

സാര്‍ക്ക് യോഗം വിളിക്കാനുള്ള മോദിയുടെ തീരുമാനം സ്വാഗതാര്‍ഹം; പിണറായിയേയും താക്കറെയേയും കെജ്രിവാളിനെയുമൊക്കെ ഒരുമിച്ചിരുത്തിയും ചര്‍ച്ചയാവാം

എഡിറ്റോറിയല്‍

[നിങ്ങള്‍ക്ക് സുഹൃത്തുക്കളെ മാറ്റാം, പക്ഷേ അയല്‍ക്കാരെ മാറ്റാനാകില്ല- മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി]

കൊറോണ വൈറസ് ലോകമാകെ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സാര്‍ക്ക് രാജ്യങ്ങളുമായി ഇന്നു വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തുകയാണ്. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നിവയാണ് ദി സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഓഫ് റീജിയണല്‍ കോര്‍പറേഷനി (SAARC)-ലെ അംഗരാജ്യങ്ങള്‍. ലോകത്തിലെ ആകെ ഭൂവിഭാഗത്തിന്റെ മൂന്നു ശതമാനവും ആഗോള ജനസംഖ്യയുടെ 21 ശതമാനവും ആഗോള സമ്പദ്‌വ്യവസ്ഥയയുടെ 3.8 ശതമാനവും ഉള്ളത് സാര്‍ക്ക് രാജ്യങ്ങളിലാണ്. എല്ലാ മേഖലകളിലും അംഗരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി 1985 ഡിസംബര്‍ എട്ടിന് നിലവില്‍ വന്ന സാര്‍ക്കിന്റെ സെക്രട്ടറിയേറ്റ് നേപ്പാളിലെ കാഠ്മണ്ഡുവിലാണ്.

എന്നാല്‍ 2016ലെ ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, പാക്കിസ്ഥാനിലെ ഇസ്ലാമാബാദില്‍ ആ വര്‍ഷം നടക്കാനിരുന്ന 19-ാം സാര്‍ക്ക് ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിച്ചു. ഇന്ത്യയ്ക്ക് അയല്‍രാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ചതോടെ ആ വര്‍ഷം ഉച്ചകോടി നടന്നില്ല. ഉറി അടക്കമുള്ള ഭീകരാക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി, ഭീകരര്‍ക്ക് നല്‍കുന്ന സഹായം പാക്കിസ്ഥാന്‍ നിര്‍ത്തിയില്ലെങ്കില്‍ സാര്‍ക്കില്‍ തങ്ങളുടെ സഹകരണം ഉണ്ടാകില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയോടെ 2018-ലും ഉച്ചകോടി നടന്നില്ല. ഈ വര്‍ഷം പാക്കിസ്ഥാനില്‍ വച്ചു തന്നെ ഉച്ചകോടി നടത്തണമെന്ന് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ഈയിടെ ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഫലത്തില്‍ കഴിഞ്ഞ നാലു വര്‍ഷമായി സാര്‍ക്ക് എന്ന കൂട്ടായ്മ മരവിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ കൊറോണയെ നേരിടാന്‍ കൂട്ടായ ശ്രമം വേണമെന്നും ഇതിനായി സാര്‍ക്ക് രാജ്യങ്ങളെ ക്ഷണിക്കുകയും ചെയ്ത മോദിയുടെ നടപടിയെ ഏറെ അത്ഭുതത്തോടെയാണ് അയല്‍രാജ്യങ്ങള്‍ സ്വീകരിച്ചത്. ഇന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാമെന്ന് സാര്‍ക്ക് രാജ്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു. മറ്റ് രാജ്യങ്ങളുടെ തലവന്മാര്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും ഇമ്രാന്‍ ഖാന്‍ പങ്കെടുക്കില്ലെന്നും പകരം ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് സിസ്റ്റം മുന്‍ ഡയറക്ടറും ആരോഗ്യ വിഷയങ്ങളിലുള്ള പ്രധാനമന്ത്രിയുടെ ഉപദേശകനുമായ സഫര്‍ മിര്‍സയായിരിക്കും പങ്കെടുക്കുക എന്നാണ് പാക്കിസ്ഥാന്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഇന്ത്യയില്‍ ഇതുവരെ 84 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പാക്കിസ്ഥാന്‍-30, മാലദ്വീപ്- 8, അഫ്ഗാനിസ്ഥാന്‍- 7, ബംഗ്ലാദേശ്- 3, ശ്രീലങ്ക- 2, നേപ്പാള്‍, ഭൂട്ടാന്‍ - 1 വീതം എന്നിങ്ങനെയാണ് രോഗബാധ.

വികസിതരാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7+1 (കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു.കെ, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവയും കൊറോണ വിഷയം ചര്‍ച്ച ചെയ്യാന്‍ സമാനമായ വിധത്തില്‍ നാളെ യോഗം വിളിച്ചിട്ടുണ്ട്. രോഗബാധ ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ള രാജ്യങ്ങളാണ് ഇവയില്‍ മിക്കതും എന്നതിനാല്‍ ഈ യോഗം ഏറെ പ്രധാനമാണ് എന്നാണ് കണക്കാക്കുന്നത്. ഈ കൂട്ടായ്മയിലെ ക്ഷണിതാവാണ് ഇന്ത്യയും. ഈ യോഗത്തിനു തൊട്ടുമുമ്പായി തെക്കനേഷ്യന്‍ രാജ്യങ്ങളുടെ യോഗം വിളിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഏറെ ശ്ലാഖനീയം തന്നെയാണ്. എന്നാല്‍ മറ്റു ചില യാഥാര്‍ത്ഥ്യങ്ങള്‍ കൂടി പരിശോധിക്കുമ്പോള്‍ ഇതിനാണോ ഇത്രയും പ്രധാന്യം കൊടുക്കേണ്ടത് എന്ന വിഷയവും ഉയര്‍ന്നു വരുന്നുണ്ട്.

കാരണം, ഇന്ത്യയില്‍ അതിവേഗത്തിലാണ് ഇപ്പോള്‍ രോഗം പടരുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കില്‍ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുന്നത് നേരത്തെ ആറു ദിവസം കൊണ്ടായിരുന്നെങ്കില്‍ ഇപ്പോഴത് അഞ്ചുദിവസം കൊണ്ടാണ്. ഈ കണക്കില്‍ രോഗബാധിതരുടെ എണ്ണം വലിയ തോതില്‍ ഉയര്‍ന്നേക്കാമെന്ന് വിദഗ്ധര്‍ അടക്കം മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ഇതുവരെ നമ്മുടെ രാജ്യം കൊറോണ ബാധയെ നേരിടാന്‍ എല്ലാ വിധത്തിലുമുള്ള തയാറെടുപ്പുകള്‍ നടത്തിയിട്ടില്ല എന്ന ആരോപണം പ്രതിപക്ഷം അടക്കം ആരോപിക്കുന്നുമുണ്ട്. ഇപ്പോള്‍ രോഗബാധയുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ കേന്ദ്രീകരിച്ചാണ് ഇന്ത്യയില്‍ കൊറോണ പരിശോധന നടക്കുന്നത്. ഇത് മഹാമാരിയാണെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടും മിക്ക ലോകരാജ്യങ്ങളും ആ വിധത്തിലല്ല പ്രതികരിക്കുന്നത്. വിദേശങ്ങളില്‍ നിന്ന് എത്തുന്നവരും അവരുമായി ബന്ധമുള്ളവരും മാത്രമല്ല, ഇത് വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്ക് പടരുന്ന രീതിയില്‍ മാറ്റം വന്നിട്ടുണ്ട് എന്നും എന്നാല്‍ ഇത് വേണ്ടത്ര വിധത്തില്‍ കണ്ടെത്താന്‍ പറ്റിയിട്ടില്ലെന്നും ആരോഗ്യ വിദഗ്ധരും പറയുന്നു. കേരളത്തിലും മഹാരാഷ്ട്രയിലും മാത്രമാണ് ഇത്തരത്തില്‍ രോഗബാധയുള്ളവരുമായി ബന്ധപ്പെട്ടതെന്ന് സംശയിക്കുന്നവരെ കണ്ടെത്താനും ഐസൊലേറ്റ് ചെയ്യാനുള്ള കാര്യമായ ശ്രമങ്ങള്‍ നടക്കുന്നത്.

രോഗം സമൂഹത്തിലേക്ക് വ്യാപകമായി പടര്‍ന്നാല്‍ ഇവരെ പ്രവേശിപ്പിക്കാന്‍ ആവശ്യമായ ആശുപത്രി സൗകര്യങ്ങള്‍ പോലും രാജ്യത്ത് ഇല്ല എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ദക്ഷിണ കൊറിയ രോഗബാധയെ നേരിടുന്ന രീതിയില്‍ എല്ലാവര്‍ക്കും സൗജന്യ പരിശോധന എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയില്ലെങ്കില്‍ കാര്യങ്ങള്‍ ഗുരുതരമാകും എന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി തലത്തില്‍ തന്നെ ഉണ്ടാകേണ്ട പ്രധാനപ്പെട്ട കാര്യം എല്ലാ മുഖ്യമന്ത്രിമാരുടേയും യോഗം വിളിക്കുകയാണ്. വീഡിയോ കോണ്‍ഫറന്‍സ് വഴി എല്ലാ മുഖ്യമന്ത്രിമാരുടേയും യോഗം വിളിക്കുകയും കൊറോണ ബാധയെ നേരിടാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിലയിരുത്തുകയും ആവശ്യമായ കൂടുതല്‍ കാര്യങ്ങള്‍ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്യുകയുമാണ്. ഈ ചര്‍ച്ചയില്‍ ഓരോ സംസ്ഥാനത്തേയും സാമ്പത്തിക നിലയും ചര്‍ച്ചയുടെ ഭാഗമാക്കുകയും കൊറോണ ഉണ്ടാക്കിയിട്ടുള്ള പ്രതിസന്ധിയില്‍ എങ്ങനെ സമ്പദ്‌വ്യവസ്ഥയെ കരകയറ്റാമെന്ന് ചര്‍ച്ച നടത്തുകയും ചെയ്യാവുന്നതാണ്. കാരണം, നാം കരുതുന്നതിനേക്കാള്‍ വലിയ വിപത്താന്‍ കൊറോണ ബാധ എന്നത് ഒരു വസ്തുതയാണ്.

അതുപോലെ മോദിയുടെ ജനപ്രീതി കണക്കിലെടുത്ത് അദ്ദേഹത്തിന് ജനങ്ങളെ അഭിസംബോധന ചെയ്യുകയും രോഗത്തെ എങ്ങനെ പ്രതിരോധിക്കണമെന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയും ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ വലിയൊരു പ്രതിസന്ധി മുന്നില്‍ നില്‍ക്കുമ്പോള്‍ തങ്ങളെ നയിക്കാന്‍ ഒരാള്‍ ഉണ്ട് എന്ന് ഇന്ത്യന്‍ ജനതയ്ക്ക് നല്‍കുന്ന തോന്നല്‍ വലിയ ആശ്വാസമാണ്.

സാര്‍ക്ക് രാജ്യങ്ങളുമായുള്ള യോഗം ഒരു പി.ആര്‍ എക്‌സര്‍സൈസ് മാത്രമാണ് എന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കാരണം, ഭൂട്ടാനും നേപ്പാളുമായി മാത്രമാണ് ഇന്ത്യക്ക് തുറന്ന അതിര്‍ത്തികളുള്ളത്. അവിടെ കാര്യമായ ജാഗ്രതാ നിര്‍ദേശം നിലവില്‍ ഉണ്ട് എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതിനപ്പുറം, കൊറോണ ബാധയുമായി ബന്ധപ്പെട്ട് സാര്‍ക്ക് രാജ്യങ്ങളുമായി നടത്തുന്ന ചര്‍ച്ച കൊണ്ട് വലിയ മെച്ചമൊന്നും ഉണ്ടാകുന്നില്ല എന്നതാണ് വസ്തുതയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കൊറോണയുടെ സാഹചര്യത്തിലാണെങ്കിലും സാര്‍ക്ക് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടു വരാനും സഹകരണം ശക്തമാക്കാനും ഈ നടപടി ഉപകരിക്കുമെങ്കില്‍ അത് വളരെ നല്ലതാണ്. പൗരത്വ ഭേദഗതി നിയമത്തിന്റെയും പൗരത്വ രജിസ്റ്ററിന്റെയൂം പേരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ അയല്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ട് വഷളായിട്ടുള്ള ബന്ധം ശക്തമാക്കാനും ഈ സാഹചര്യം ഉപയോഗപ്പെട്ടേക്കും. വാജ്‌പേയി ചൂണ്ടിക്കാട്ടിയതു പോലെ അയല്‍രാജ്യങ്ങളെ നമുക്ക് മാറ്റാനാകില്ല. പകരം, സമവായത്തിലൂടെയും സഹകരണത്തിലൂടെ പരസ്പര വിശ്വാസം വളര്‍ത്താനും സമാധാനം പുലര്‍ത്താനുമുള്ള ശ്രമങ്ങളുടെ കൂടി ഭാഗമാവട്ടെ മോദിയുടെ ഭാഗത്തു നിന്നുണ്ടായ ഈ നീക്കം.

********

സാര്‍ക്ക് രാജ്യങ്ങളുമായി ചര്‍ച്ച നടത്തി കാര്യങ്ങള്‍ തീരുമാനിക്കുന്നതിക്കേള്‍ യാഥാര്‍ത്ഥ്യ ബോധത്തോടു കൂടിയതാണ് കേരളത്തിന്റെ അതിര്‍ത്തിയില്‍ പ്രവേശിക്കുന്ന ട്രെയിനുകളിലും മറ്റ് വാഹനങ്ങളിലും പരിശോധന നടത്താനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം. എങ്ങനെ രോഗബാധ തടയാന്‍ സാധിക്കുമെന്നുള്ള ഈ കേരള മോഡല്‍ രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്നതുമാണ്.

********

മാളുകളും തിയേറ്ററുകളും സ്‌കൂളുകളുമൊക്കെ അടച്ച് ജനങ്ങള്‍ ഒത്തുകൂടുന്നത് തടയാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുമ്പോള്‍ ഇതൊന്നുമില്ലാത്ത ഒരിടമാണ് മധ്യപ്രദേശ്. അവിടെ നാളെത്തന്നെ വിശ്വാസ വോട്ട് തേടണമെന്നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി കമല്‍നാഥിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 'വിമത' എംഎല്‍എമാര്‍ ബാംഗ്ലൂരില്‍ നിന്നാണ് ഭോപ്പാലില്‍ എത്തുന്നത്. കോണ്‍ഗ്രസ് ഒളിപ്പിച്ച തങ്ങളുടെ എംഎല്‍എമാര്‍ ജയ്പൂരില്‍ നിന്നും എത്തും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് യാതൊരു പരിശോധനകളും നിയന്ത്രണങ്ങളുമില്ലാതെ എംഎല്‍എമാര്‍ ഇങ്ങനെ ഒത്തു ചേരുന്നതില്‍ യാതൊരു പ്രശ്‌നവും കേന്ദ്ര സര്‍ക്കാരിന് തോന്നിയിട്ടില്ല.

********

പശുമൂത്രം കുടിച്ചും യോഗ ചെയ്തുമൊക്കെ കൊറോണ വൈറസ് ബാധയെ അകറ്റാമെന്ന് പ്രചരിപ്പിക്കുന്നവരെ എത്രയും വേഗം തുറുങ്കലിലടയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതുതന്നെ വലിയൊരു പ്രതിരോധ പ്രവര്‍ത്തനമാണ്.

Next Story

Related Stories