Top

വില്‍ക്കാനും പണയപ്പെടുത്താനും ഇനി ജനങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ സര്‍; ആ ജിഎസ്ടി നഷ്ടപരിഹാരമെങ്കിലും സംസ്ഥാനങ്ങള്‍ക്ക് നല്‍കണം

വില്‍ക്കാനും പണയപ്പെടുത്താനും ഇനി ജനങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ സര്‍; ആ ജിഎസ്ടി നഷ്ടപരിഹാരമെങ്കിലും സംസ്ഥാനങ്ങള്‍ക്ക് നല്‍കണം

എഡിറ്റോറിയല്‍

കേരളത്തില്‍ സാമ്പത്തിക അടിയന്തരാവസ്ഥയാണെന്നും ധനവകുപ്പ് കുത്തഴിഞ്ഞു കിടക്കുകയാണെന്നും കോണ്‍ഗ്രസ് കഴിഞ്ഞ മാസം ആരോപിച്ചിരുന്നു. നികുതി കുടിശിക പോലും ഫലപ്രദമായി പിരിച്ചെടുക്കാന്‍ കഴിയില്ലെന്നും നികുതി വകുപ്പ് അരാജകത്വത്തിലാണെന്നുമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍ കുറ്റപ്പെടുത്തിയത്. പൊതുകടവും ആളോഹരി കടവും കൂടിയെന്നും സംസ്ഥാനത്തെ വികസന പദ്ധതികളെല്ലാം മുടങ്ങിക്കിടക്കുകയാണെന്നും സതീശന്‍ ആരോപിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമുണ്ട്, പക്ഷേ, സാമ്പത്തിക പ്രതിസന്ധിയില്ല എന്നാണ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവകാശപ്പെട്ടത്. വികസന പദ്ധതികള്‍ മുടങ്ങുന്ന സാഹചര്യമില്ലെന്നും മുന്‍ വര്‍ഷങ്ങളില്‍ ഒക്‌ടോബര്‍ വരെ 40 ശതമാനമായിരുന്നു പദ്ധതി ചെലവ് എങ്കില്‍ ഈ സാമ്പത്തിക വര്‍ഷം അത് 49 ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഐസക് വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം, കേരള ധനമന്ത്രി ഒരുകാര്യം കൂടി വ്യക്തമാക്കി. കേന്ദ്രത്തില്‍ നിന്ന് ജിഎസ്ടി ഇനത്തില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട തുക ഇതുവരെ ലഭിച്ചിട്ടില്ല. അത് ലഭിച്ചാല്‍ സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും.

തോമസ് ഐസക്ക് പറയുന്ന ഇക്കാര്യത്തില്‍ വാസ്തവമുണ്ട്. ജിഎസ്ടി ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതാണെന്നും അത് സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ 'ഒരു രാജ്യം- ഒരു നികുതി' പദ്ധതിയെന്നുമുള്ള സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടിനും ഇടതു സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പിനെയുമൊക്കെ മറികടന്ന് അതിനെ സ്വാഗതം ചെയ്തയാളാണ് ഐസക്. കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി ഗുണകരമാകുമെന്ന നിലപാടാണ് തുടക്കത്തില്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ ഇതിന്റെ ഭവിഷ്യത്തുകള്‍ ഇപ്പോള്‍ കേരളവും അനുഭവിച്ചു തുടങ്ങി. കാരണം, കഴിഞ്ഞ നാലു മാസങ്ങളിലായി ജിഎസ്ടി നടപ്പാക്കിയ ഇനത്തില്‍ വന്ന നഷ്ടം നികത്താനായി കേന്ദ്രം കേരളത്തിന് നല്‍കേണ്ടത് 3229 കോടി രൂപയാണ്. ഇത് ഇതുവരെ ലഭിച്ചിട്ടില്ല.

ചരക്കു സേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നതു മൂലം സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ കേന്ദ്രം പണം നല്‍കുമെന്നാണ് ജിഎസ്ടി നിയമത്തില്‍ നിയമത്തില്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ജിഎസ്ടി കൗണ്‍സില്‍ സംസ്ഥാനങ്ങളെ അറിയിച്ചത് കഴിഞ്ഞ മാസങ്ങളില്‍ ജിഎസ്ടി വരുമാനത്തില്‍ ഉണ്ടായ കുറവു മൂലം ഇതിന് സാധിക്കുമോ എന്നതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ട് എന്നാണ്. അതായത്, സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നടപ്പാക്കിയ ഇനത്തില്‍ വരുന്ന നഷ്ടം നികത്താനുള്ള പണം ഉടനൊന്നും ലഭിച്ചേക്കില്ല എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനങ്ങളില്‍ ജിഎസ്ടിയില്‍ നിന്നുള്ള നികുതി വരുമാനം 14 ശതമാനത്തില്‍ കുറവായാലാണ് നഷ്ടപരിഹാരം ലഭിക്കുക. ഇതനുസരിച്ച് കേരളത്തിന് ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലെ നഷ്ടപരിഹാരമായി 1636 കോടി രൂപ ഒക്‌ടോബര്‍ ആദ്യം ലഭിക്കേണ്ടതായിരുന്നു. ഇത് ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനു പുറമെ ഇപ്പോള്‍ ഒക്‌ടോബര്‍- നവംബര്‍ മാസങ്ങളില്‍ ലഭിക്കേണ്ട നഷ്ടപരിഹാരമായ 1593 കോടി രൂപ ഈ മാസം ആദ്യം നല്‍കേണ്ടതാണ്. ചുരുക്കത്തില്‍ കേന്ദ്രം ജിഎസ്ടി നഷ്ടപരിഹാര ഇനത്തില്‍ കേരളത്തിന് 3229 കോടി രൂപ നല്‍കണം.

ഇന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ ധനമന്ത്രി നിര്‍മല സീതാരാമനെ കാണുന്നുണ്ട്. ഈ മാസം 18-നാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരുന്നത്. അതിനു മുന്നോടിയായി ജിഎസ്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ ഡിസംബര്‍ ആറിനകം അഭിപ്രായം അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ജിഎസ്ടി വഴിയുള്ള വരുമാനം സംബന്ധിച്ച് തുടര്‍ന്ന് കണക്കെടുക്കും. ഇപ്പോള്‍ ജിഎസ്ടിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള വസ്തുക്കളെ സംബന്ധിച്ച് പുന:പരിശോധന, നികുതി നിരക്ക്, നഷ്ടപരിഹാര നിരക്ക് തുടങ്ങിയവയുടെ പരിശോധന തുടങ്ങിയ കാര്യങ്ങളിലാണ് അഭിപ്രായം അറിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ജിഎസ്ടി നിരക്കുകളില്‍ കുറവ് വരുത്തണമെന്ന് ഒട്ടുമിക്ക മേഖലകളും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ എങ്ങനെ കൂടുതല്‍ നിരക്ക് ഏര്‍പ്പെടുത്താം എന്നതു സംബന്ധിച്ചാണ് ഇപ്പോള്‍ കേന്ദ്രം ആലോചിക്കുന്നത് എന്നാണ് സൂചന. അതിനൊപ്പം, കേരളത്തില്‍ ഇപ്പോള്‍ പെട്രോളിയം ഉത്പന്നങ്ങള്‍, മദ്യം തുടങ്ങിയവ ജിഎസ്ടിയുടെ പുറത്താണ്. അതുകൊണ്ടു തന്നെ ഇവ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ വില്‍പ്പന നികുതി ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കുന്ന വരുമാനവും ഇല്ലാതാകും. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം ഈ രണ്ടു മേഖലകളില്‍ നിന്നുമുള്ള വരുമാനത്തില്‍ സംസ്ഥാനത്ത് കനത്ത ഇടിവും ഉണ്ടായിട്ടുണ്ട് എന്നതും പ്രധാനമാണ്.

ജിഎസ്ടി നഷ്ടപരിഹാര തുക മുടങ്ങുന്നത് സംസ്ഥാനങ്ങളുടെ നട്ടെല്ലൊടിക്കുമെന്നതിനാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇതൊരു രാഷ്ട്രീയ വിഷയമായി കൂടിയാണ് കണക്കാക്കുന്നത്. ഐസക്കിന്റെ മുന്‍കൈയില്‍ കേരളം, ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ കഴിഞ്ഞ മാസം യോഗം ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കാരണം, ജിഎസ്ടി ഒരു ഭരണഘടാ സംവിധാനമാണ്. ഇതനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രം ബാധ്യസ്ഥരാണ്. ഇത് ലംഘിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും മന്ത്രിമാര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. "ഇത് സംസ്ഥാനങ്ങളുടെ ധനവകുപ്പില്‍ പ്രതിസന്ധിയുണ്ടാക്കുന്ന കേന്ദ്രത്തിന്റെ നടപടിയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്തരമൊരു കാര്യമുണ്ടായിട്ടില്ല. എന്തെങ്കിലും കാര്യമായി ചെയ്‌തേ പറ്റൂ"- ഐസക് പറഞ്ഞു

കേരളത്തിന് 1636 കോടി രൂപയായിരുന്നു ഒക്‌ടോബറില്‍ ലഭിക്കേണ്ടിയിരുന്നത് എങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാളിന് 1500 കോടി രൂപയും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിന് കുടിശികയടക്കം 2,100 കോടി രൂപയും ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ഡല്‍ഹിക്ക് 2,355 കോടി രൂപയുമാണ് ലഭിക്കേണ്ടത്. കേന്ദ്ര സര്‍ക്കാരാകട്ടെ, രാജ്യം മുഴുവന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍, വളര്‍ച്ചാ നിരക്ക് കഴിഞ്ഞ 26 വര്‍ഷത്തെ ഏറ്റവും കുറവായ 4.5 ശതമാനത്തില്‍. എല്ലാ മേഖലകളിലും വളര്‍ച്ചാ മുരടിപ്പ് നിലനില്‍ക്കുന്നു. പ്രത്യക്ഷ നികുതി വരുമാനത്തിലും ജിഎസ്ടി അടക്കമുള്ളവയുടെ വരുമാനത്തിലും കനത്ത ഇടിവാണ് കേന്ദ്രം നേരിട്ടു കൊണ്ടിരിക്കുന്നത്. ജിഎസ്ടിയെ 'ഗബ്ബാര്‍ സിംഗ് ടാക്‌സ്' എന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി വിശേഷിപ്പിച്ചു കൊണ്ടിരിക്കുന്നത്. കാരണം, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന രണ്ടു കാര്യങ്ങളായിരുന്നു നോട്ട് നിരോധനവും പിന്നാലെ നടപ്പാക്കിയ ജിഎസ്ടിയും. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തു തന്നെ ജിഎസ്ടി നടപ്പാക്കാനുള്ള ആലോചനകളും ചര്‍ച്ചകളും സജീമായിരുന്നെങ്കിലും മോദി അധികാരത്തില്‍ വന്നതിനു പിന്നാലെ വേണ്ടത്ര കൂടിയാലോചനകളോ ചര്‍ച്ചകളോ ഇല്ലാതെ ജിഎസ്ടി ധൃതി പിടിച്ച് നടപ്പാക്കുകയായിരുന്നു എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. ഇത് ഏറെക്കുറെ വാസ്തവുമാണ്. കാരണം, നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ഏതു വിധത്തില്‍ ബാധിക്കുമെന്നത് സംബന്ധിച്ച് യാതൊരു പഠനങ്ങളും നടത്തിയിരുന്നില്ല എന്നു മാത്രമല്ല, അവസാന നിമിഷം റിസര്‍വ് ബാങ്ക് ബോര്‍ഡ് ഉയര്‍ത്തിയ ആശങ്ക പോലും പരിഗണിച്ചില്ല (റിസര്‍വ് ബാങ്ക് ആശങ്ക ഉയര്‍ത്തിയെങ്കിലും സര്‍ക്കാര്‍ പറയുന്നിടത്ത് ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു). ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഉടന്‍ തന്നെ കണ്ടു തുടങ്ങുകയും ചെയ്തു. ഉത്പാദനം കുറഞ്ഞു, ജനങ്ങളുടെ കൈയില്‍ പണമില്ലാതായി, തൊഴിലുകള്‍ നഷ്ടപ്പെട്ടു, വ്യവസായ സ്ഥാപനങ്ങളും ഫാക്ടറികളുമൊക്കെ അടച്ചുപൂട്ടി, നോട്ട് നിരോധനത്തിന്റെ മൂന്നാം വര്‍ഷം രാജ്യം എത്തി നില്‍ക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

ഈ നോട്ട് നിരോധനം നടപ്പാക്കിയതിനു തൊട്ടു പിന്നാലെയാണ് ജിഎസ്ടിയും കൊണ്ടു വന്നത്. ഇതാകെട്ടെ, നോട്ട് നിരോധനം തകര്‍ത്തെറിഞ്ഞ ചെറുകിട വ്യാപാര മേഖലയേയും അസംഘടിത മേഖലയേയും കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിയിടുന്നതായിരുന്നു. ഇത് ജിഎസ്ടി വരുമാനത്തിലും പ്രതിഫലിച്ചു. കഴിഞ്ഞ ഒക്‌ടോബറില്‍ 91,916 കോടിയാണ് ജിഎസ്ടിയില്‍ നിന്നുള്ള ആകെ വരുമാനം. ഒക്‌ടോബറില്‍ ഇത് 95,380 കോടിയായി. ഈ നവംബറിലാണ് നാലു മാസങ്ങള്‍ക്ക് ശേഷം ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടക്കുന്നത്- 1.03 ലക്ഷം കോടി. ഇത് സാമ്പത്തിക മേഖലയില്‍ ഉണ്ടായിട്ടുള്ള ഉണര്‍വിന്റെ ഭാഗമാണെന്നും ആഭ്യന്തര വിപണിയില്‍ ജിഎസ്ടി 12 ശതമാനം വളര്‍ച്ചാ നിരക്ക് കാണിച്ചുവെന്നും ധനമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. പക്ഷേ, പ്രശ്‌നങ്ങള്‍ അതുകൊണ്ട് പരിഹരിക്കപ്പെടുന്നില്ല. 14 ശതമാനത്തില്‍ താഴെ സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ കുറവുണ്ടായാല്‍ കേന്ദ്രം നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാര ഇനത്തില്‍ കേന്ദ്രം ഏപ്രില്‍-നവംബര്‍ വരെയുള്ള സമയത്ത് പിരിച്ചത് 64,528 കോടി രൂപയാണ്. എന്നാല്‍ ഏപ്രില്‍-ജൂലൈ വരെയുള്ള സമയത്ത് ആകെ നല്‍കിയത് 45,744 കോടി രൂപയും. ഇനി ആ ഇനത്തില്‍ കേന്ദ്രത്തിന്റെ പക്കലുള്ളത് 18,784 കോടി രൂപയാണ്. ഇതാണ് ഓഗസ്റ്റ് മുതല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരമായി ലഭിക്കേണ്ടത്. എന്നാല്‍ ജിഎസ്ടി, പ്രത്യക്ഷ നികുതി ഇനത്തിലൊക്കെ ഉണ്ടാകുന്ന വരുമാനം സംബന്ധിച്ച് കേന്ദ്രത്തിന് ഇപ്പോഴും സംശയം നിലനില്‍ക്കുന്നതിനാല്‍ ഈ പണം പിടിച്ചു വച്ചിരിക്കുകയാണ്.

കാരണം, കേന്ദ്ര ബജറ്റില്‍ വിഭാവനം ചെയ്തിരിക്കുന്ന ധനക്കമ്മി ആദ്യ ഏഴു മാസത്തിനുള്ളില്‍ തന്നെ മറികടന്നു കഴിഞ്ഞു എന്നതാണ് പ്രശ്‌നം. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഒക്‌ടോബര്‍ വരെയുള്ള സമയത്ത് ധനക്കമ്മി 7.2 ലക്ഷം കോടി രൂപയായി. ബജറ്റില്‍ നിശ്ചയിച്ച പരിധിയുടെ 102.4 ശതമാനം. അതായത്, കേന്ദ്രം ഇപ്പോള്‍ തന്നെ ഏഴു ലക്ഷം കോടി രൂപ കുറവിലാണ് ഓടിക്കൊണ്ടിരിക്കുന്നത് എന്നു സാരം. ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെ കേന്ദ്രത്തിന് നികുതി ഇനത്തില്‍ ആകെ ലഭിച്ച വരുമാനം 6.83 ലക്ഷം കോടി രൂപയാണ്. ഇതിനു പുറമെ 2.24 ലക്ഷം കോടി നികുതി ഇതര വരുമാനവും വായ്പാ തിരിച്ചു പിടിക്കല്‍ അടക്കമുള്ള നോണ്‍-ഡെബ്റ്റ് കാപ്പിറ്റല്‍ മാര്‍ഗങ്ങളിലൂടെ 27,000 കോടി രൂപയും ഓഹരി വിറ്റഴിക്കല്‍ വഴി 17,365 കോടി രൂപയും അടക്കം ആകെയുണ്ടായ വരുമാനം 9.34 ലക്ഷം കോടി രൂപ. എന്നാല്‍ സര്‍ക്കാര്‍ ചെലവഴിച്ചതാകട്ടെ, 16.55 ലക്ഷം കോടി രൂപയും. ഇതില്‍ 2.9 ലക്ഷം കോടി രൂപ പലിശ ഇനത്തിലും 2.27 ലക്ഷം കോടി രൂപ വിവിധ സബ്‌സിഡികള്‍ക്കായും ചെലവഴിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ആകെ നികുതി വിഹിതമായി 3.67 ലക്ഷം കോടി രൂപയും നല്‍കി. ഇതാകട്ടെ, കഴിഞ്ഞ വര്‍ഷം ഈ സമയത്ത് നല്‍കിയതിനേക്കാള്‍ 10,205 കോടി രൂപ കുറവുമാണ്.

ജിഎസ്ടി ഇനത്തില്‍ ഈ സാമ്പത്തിക വര്‍ഷം ബജറ്റ് വിഭാവനം ചെയ്തിരിക്കുന്നത് 6.63 ലക്ഷം കോടി രൂപയാണെങ്കില്‍ ആദ്യ എട്ടു മാസങ്ങളില്‍ ഇതിന്റെ 50 ശതമാനം മാത്രമേ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. നഷ്ടപരിഹാര ഇനത്തില്‍ 1.09 ലക്ഷം കോടി രൂപ ലക്ഷ്യമിട്ടിടത്ത് ലഭിച്ചതാകട്ടെ, 64,528 കോടി രൂപയും. ജിഎസ്ടിയിലുണ്ടായിട്ടുള്ള തിരിച്ചടിക്ക് പുറമെ പ്രത്യക്ഷ നികുതി ഇനത്തിലും ഉണ്ടായിട്ടുളള തിരിച്ചടിയാണ് കേന്ദ്രം നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്ന്. കഴിഞ്ഞ വര്‍ഷം പ്രത്യക്ഷ നികുതി ഇനത്തില്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ 63,000 കോടി രൂപ കുറവാണ് ലഭിച്ചത്. 2018-19-ല്‍ ഈയിനത്തില്‍ ആദ്യം നിശ്ചയിച്ചിരുന്നത് 11.5 ലക്ഷം കോടി രൂപയായിരുന്നു. പിന്നീട് ഇത് പുതുക്കി 12 ലക്ഷം കോടി രൂപയാക്കി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലഭിച്ചതാകട്ടെ, 11.37 ലക്ഷം കോടി രൂപയും. കഴിഞ്ഞ വര്‍ഷം നികുതി വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്ന നികുതി വരുമാനത്തില്‍ കുറഞ്ഞ ലക്ഷ്യമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലെ ഇടക്കാല ബജറ്റില്‍ നിശ്ചയിച്ചിരുന്ന പ്രത്യക്ഷ വരുമാനം 13.8 ലക്ഷം കോടി രൂപ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഇത് 45,000 കോടി രൂപ കുറച്ച് 13.35 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ പറ്റുമോ എന്നാണ് സര്‍ക്കാര്‍ നോക്കുന്നത്.

എന്നാല്‍ ഇത് സാധ്യമാകുമോ എന്ന് സംശയമാണ്. കാരണം, പ്രത്യക്ഷ നികുതി വരുമാനത്തില്‍ 17.3 ശതമാനം ഉണ്ടാകുമെന്നാണ് ബജറ്റില്‍ വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍-ഒക്‌ടോബര്‍ വരെയുള്ള ഏഴു മാസങ്ങളില്‍ ഉണ്ടായിട്ടുള്ള നികുതി വരുമാനത്തിലെ വളര്‍ച്ചയാകട്ടെ, വെറും 3.5 ശതമാനം മാത്രമാണ്- അതായത്, 5.18 ലക്ഷം കോടി രൂപ. ലക്ഷ്യമിട്ടിരിക്കുന്ന 13.5 ലക്ഷം കോടി രൂപ ഇനി അടുത്ത അഞ്ചു മാസം കൊണ്ട് സമാഹരിക്കുക എന്നത് ഇന്നത്തെ സാഹചര്യത്തില്‍ സാധ്യമാകാത്ത ഒരു കാര്യമാണ്. അതിന്റെ പ്രത്യാഘാതം, രാജ്യം കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നും ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലൂടെ സംസ്ഥാനങ്ങളുടെ നിലനില്‍പ്പും പ്രതിസന്ധിയിലാവും എന്നതാണ്.

സാമ്പത്തിക വളര്‍ച്ചയും സാമൂഹികാന്തരീക്ഷവും തമ്മില്‍ ഏറെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് സാമ്പത്തിക വിദഗ്ധര്‍ പറയാറുണ്ട്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് കഴിഞ്ഞ ദിവസം സര്‍ക്കാരിനെ ഉപദേശിച്ചതും അതാണ്. ആദ്യം രാജ്യത്തെ സാമൂഹികാവസ്ഥ മെച്ചപ്പെടുത്തുവെന്നും നിക്ഷേപകര്‍ക്കും ജനങ്ങള്‍ക്കുമൊക്കെ 'സമാധാന'മുണ്ടാവുകയും അരക്ഷിതാവസ്ഥ മാറുകയും ചെയ്താല്‍ സാമ്പത്തിക വളര്‍ച്ചയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2016 നവംബര്‍ എട്ടിന് രാജ്യത്തെ കോടിക്കണക്കിന് മനുഷ്യരെ തെരുവിലിറക്കിയ ഒരു സര്‍ക്കാര്‍ അന്നുമുതല്‍ നടപ്പാക്കുന്ന നയങ്ങളും പദ്ധതികളുമൊക്കെ രാജ്യത്തെ സാമൂഹിക, സാമ്പത്തിക സംവിധാനങ്ങളെ കൂടുതല്‍ തകരാറിലാക്കിയിട്ടേ ഉള്ളൂ. ബാങ്കിംഗ് അടക്കം എല്ലാ ഇന്‍സ്റ്റിറ്റ്യൂഷനുകളിലും ഉള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. ഇപ്പോഴുണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധി സാമൂഹികമായ അരക്ഷിതാവസ്ഥയുടെ ബാക്കിപത്രം കൂടിയാണെങ്കില്‍, ഈ സാമ്പത്തിക പ്രതിസന്ധി സാമൂഹികമായ അരക്ഷിതാവസ്ഥ കൂടുതല്‍ രൂക്ഷമാക്കുമെന്ന ആനുപാതികമായ പ്രശ്‌നവുമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിച്ചും റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം പിടിച്ചുവാങ്ങിയുമൊക്കെ എത്രനാള്‍ മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് കഴിയും എന്നതാണ് ചോദ്യമായി നില്‍ക്കുന്നത്. അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനുള്ള പണവും ഇതിനിടയില്‍ കണ്ടെത്തണം. ഒപ്പം, വിവിധ സംസ്ഥാനങ്ങളിലായി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുള്ള വിവിധ പ്രതിമകളുടെ കാര്യത്തിലും ജനത്തിന്റെ പോക്കറ്റ് തന്നെ പിഴിയേണ്ടി വരും.

പിഎസ്: 51 പേര്‍ 66 കേസുകളിലായി 17,900 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടു, അവരെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്; കേന്ദ്ര ധന സഹമന്ത്രി അനുരാഗ് താക്കൂര്‍ ഇന്നലെ രാജ്യസഭയെ അറിയിച്ചത്.


Next Story

Related Stories