TopTop
Begin typing your search above and press return to search.

കൊറോണയെ നാം മറികടക്കും; പക്ഷേ ഈ വംശീയ, അപരവിദ്വേഷമോ?

കൊറോണയെ നാം മറികടക്കും; പക്ഷേ ഈ വംശീയ, അപരവിദ്വേഷമോ?

എഡിറ്റോറിയല്‍

കഴിഞ്ഞ നാലു മാസത്തോളമായി വിവിധ രാജ്യങ്ങളിലൂടെ പടരുന്ന കൊറോണ വൈറസ് ബാധിച്ച് 34,000-ത്തോളം പേര്‍ മരിക്കുകയും 7.3 ലക്ഷം പേര്‍ രോഗബാധിതരാകുകയും ചെയ്തിട്ടുണ്ട്. രോഗത്തിന്റെ കാഠിന്യം തുടക്കത്തില്‍ തിരിച്ചറിയാതിരുന്ന പല രാജ്യങ്ങളും അതിനുള്ള വില കൊടുക്കുകയും ചെയ്തു. മനുഷ്യരാശിയുടെ ചരിത്രത്തില്‍ ഇത്തരത്തില്‍ നിരവധി മഹാമാരികള്‍ ഉണ്ടാവുകയും അതിനെയൊക്കെ കീഴടക്കുകയും ചെയ്താണ് മനുഷ്യകുലം മുന്നോട്ടു പോയിട്ടുള്ളത്. കോവിഡ്-19 എന്ന കൊറോണ വൈറസ് ബാധയും നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കുകയും അതിന് ഫലപ്രദമായ ചികിത്സാരീതികള്‍ കണ്ടെത്തുകയും ചെയ്യുമെന്നതിലും സംശയമില്ല. എന്നാല്‍ മനുഷ്യര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത വിധം അപരവിദ്വേഷവും വെറുപ്പും നിറഞ്ഞ ഒരു ലോകത്തേക്ക് കൂടിയാണ് നാം പിച്ചവയ്ക്കുന്നത് എന്നതിനുള്ള നിരവധി തെളിവുകള്‍ പുറത്തുവരുന്നുണ്ട്.

അത് കേരളത്തിലോ, ഇന്ത്യയിലോ മാത്രമൊതുങ്ങുന്നതല്ല. ലോകം മുഴുവന്‍ ഈ അപരവിദ്വേഷത്തിന്റെ പിടിയിലാണ് ഇപ്പോള്‍. അപരനോടുള്ള പേടിയാണ് ഇന്ന് മനുഷ്യരെ നയിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും എല്ലായ്‌പ്പോഴും ഒരു സാങ്കല്‍പ്പിക ശത്രുവിനെ മുന്നില്‍ നിര്‍ത്തി തങ്ങളുടെ പ്രൊപ്പഗണ്ട ഉണ്ടാക്കുന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ നാം കുറെ നാളുകളായി കാണുന്നുണ്ട്. ഇന്ത്യയില്‍ ആ അപരന്‍ എന്നാല്‍ മുസ്ലീമാണ്. ഈ മുസ്ലീം സമുദായത്തെ മുന്നില്‍ നിര്‍ത്തിക്കൊണ്ടാണ് ഇന്ത്യയില്‍ ബിജെപി തങ്ങളുടെ അജണ്ടകള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. അതുപോലെ അപരവിദ്വഷമാണ് അമേരിക്കന്‍ പ്രസിഡന്റിന്റെയും ബ്രസീല്‍ പ്രസിഡന്റിന്റെയുമൊക്കെ പ്രധാന പ്രചരണായുധം. തങ്ങളുടെ ഭരണപരാജയങ്ങള്‍ മറച്ചു വയ്ക്കാനും ജനങ്ങളെ തങ്ങളുടെ വരുതിക്ക് നിര്‍ത്താനും അത് അവര്‍ക്ക് ആവശ്യമാണ്. അതുകൊണ്ടാണ് ഡൊണാള്‍ഡ് ട്രംപ് തുടക്കം മുതല്‍ ഏഷ്യന്‍ വംശജര്‍ക്കെതിരായ നിലപാടുകള്‍ സ്വീകരിക്കുന്നതും ചൈനീസ് വൈറസ് എന്ന വംശീയ വിദ്വേഷം നിര്‍ഞ്ഞ പ്രചരണം നടത്തുകയും ചെയ്യുന്നത്. അത് സാധാരണ ജനങ്ങളിലേക്കും ആഴത്തില്‍ പടര്‍ന്നു കഴിഞ്ഞു എന്നതാണ് കൊറോണ വൈറസ് ബാധയുടെ മറ്റൊരു വശം. വലതുപക്ഷ രാഷ്ട്രീയം അതിന്റെ അജണ്ടകള്‍ മുന്നോട്ടു കൊണ്ടുപോകുന്നത് ഇങ്ങനെയും കൂടിയാണ്.

ഇന്ന് മുസ്ലീം മാത്രമല്ല ആ ശത്രുപക്ഷത്ത് നില്‍ക്കുന്നത്. നിലവിലെ പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യയിലെ മധ്യവര്‍ഗ, ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് മുന്നിലേക്ക് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്ന, ടാര്‍ഗറ്റ് ചെയ്യേണ്ട ശത്രുക്കള്‍ എന്നത് പാവപ്പെട്ടവരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്. അതുകൊണ്ടാണ് ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കു നേരെ കാര്‍ക്കിച്ചു തുപ്പലുകളും ആക്രമണവുമുണ്ടാകുന്നത്. ബംഗളുരുവില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ സാധനങ്ങള്‍ വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറ്റുന്നതില്‍ നിന്ന് വിലക്കുന്നത് നാം കണ്ടു. പൂനെയില്‍ ഒരു മധ്യവര്‍ഗ 'ഉത്തമ കുടുംബിനി' വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരു യുവതിയോട് അടുത്തു നിന്ന് മാറിപ്പോകാന്‍ ആക്രോശിക്കുന്നതും അതിന്റെ ഭാഗമാണ്.

അതുകൊണ്ടാണ് കുഞ്ഞുങ്ങളെ ഒരു തോളിലും വസ്ത്രങ്ങളടക്കമുള്ള ബാക്കി സമ്പാദ്യങ്ങള്‍ മുഴുവന്‍ മറ്റേ ചുമലിലും താങ്ങി നൂറുകണക്കിന് കിലോ മീറ്ററുകള്‍ വെള്ളവും ഭക്ഷണവുമില്ലാതെ ഗ്രാമങ്ങളിലേക്ക് നടക്കുന്ന പാവപ്പെട്ട മനുഷ്യര്‍, മുതിര്‍ന്ന ആര്‍എസ്എസ്-ബിജെപി നേതാവ് ബല്‍ബീര്‍ പൂഞ്ചിന്, അവധി ആഘോഷിക്കാന്‍ ഗ്രാമങ്ങളിലേക്ക് പോകുന്നവരായി തോന്നുന്നത്. അതുകൊണ്ടാണ്, മുതിര്‍ന്ന സംവിധായകനും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ രാജസേനന് ഇതര സംസ്ഥാന തൊഴിലാളികള്‍ ശല്യമാണെന്നും അവരെ ഓടിക്കണമെന്നും പച്ചയ്ക്ക് വിളിച്ചു പറയാന്‍ തോന്നുന്നത്. അതുകൊണ്ടാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ കൊറോണ വൈറസ് ബാധിച്ച മുസ്ലീങ്ങളെ മാത്രം ടാര്‍ഗറ്റ് ചെയ്ത് സംസാരിക്കുന്നത്, അതുകൊണ്ടാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവ്‌ദേക്കറിന് 'സ്വസ്ഥമായിരുന്ന്' രാമായണം കാണാനും അത് ലോകത്തോട് വിളിച്ചു പറയാനും സാധിക്കുന്നത്. നമ്മുടെ സമൂഹം തങ്ങളുടെ ആശങ്കകള്‍ക്ക് പഴി ചാരാന്‍, കുറ്റപ്പെടുത്താന്‍, അകറ്റി നിര്‍ത്താന്‍ പുതിയ അപരരെ, ശത്രുക്കളെ തേടുകയാണ്.

കേരളത്തിലോ? മിക്ക സംസ്ഥാനങ്ങളിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും താരതമ്യേനെ മികച്ച വേതനവും ജീവിത സാഹചര്യങ്ങളും അവര്‍ക്ക് കേരളത്തില്‍ ലഭിക്കുന്നുണ്ട്. അത് പൂര്‍ണമാണ് എന്ന് അവകാശപ്പെടാനും സാധിക്കില്ല. എന്നാല്‍ കൊറോണ വൈറസ് പടര്‍ന്നു പിടിച്ചപ്പോള്‍ അതിനെ മുതലെടുക്കാന്‍, ഈ പാവപ്പെട്ട മനുഷ്യര്‍ക്കിടയില്‍ അശാന്തിയും ആശങ്കയും പടര്‍ത്താന്‍ ആര്‍ക്കായിരുന്നു ഉത്സാഹം? തീവ്രമതചിന്താഗതിക്കാരും ലിബറല്‍ ആശയങ്ങളില്‍ അടിസ്ഥാനപ്പെടുത്തി സമൂഹം മുന്നോട്ടു പോകുന്നതില്‍ വിറളി പൂണ്ടവരുമായ മനുഷ്യരും സംഘടനകളും എന്തുകൊണ്ടാണ് ഇത്തരം ദുരന്ത സമയങ്ങള്‍ തന്നെ തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കാനായി ശ്രമിക്കുന്നത്? അവരും ശ്രമിക്കുന്നത് സമൂഹത്തിന് ശത്രുക്കളായി മുന്നില്‍ നിര്‍ത്താന്‍ ഒരു വിഭാഗത്തെ സൃഷ്ടിക്കുകയാണ്. അത് ആപത്താണ്.

ലോകം അത്രവേഗം ഒരു മെച്ചപ്പെട്ട സമൂഹമായി മാറുമെന്ന് നമുക്ക് കരുതാന്‍ സാധിക്കില്ല. അന്ധവിശ്വാസങ്ങളും മതാധിഷ്ഠിത ചിന്താഗതികളും നമ്മുടെ ശാസ്ത്രീയ ബോധത്തേയും ജ്ഞാനവ്യവഹാരങ്ങളെയുമെല്ലാം മറികടന്ന് മുന്നേറിക്കൊണ്ടിരിക്കുകയാണ്. പൗരന്മാര്‍ക്ക് ശാസ്ത്രീയാഭിമുഖ്യം, മനോഭാവം ഉണ്ടാകണമെന്ന് ഭരണഘടനയില്‍ എഴുതിവച്ചിട്ടുള്ള ഒരേയൊരു രാജ്യമാണ് ഇന്ത്യ. ഭരണഘടനയുടെ 51 എ (എച്ച്) അക്കാര്യം കൃത്യമായി പറയുന്നുണ്ട്. എന്നാല്‍ അതില്‍ നിന്ന് ഓരോ നിമിഷവും നാം പിന്നോട്ട് നടന്നു കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ പദ്ധതികളില്‍ ഇത്തരം ശാസ്ത്രീയ വിജ്ഞാനങ്ങള്‍ ഇടംപിടിക്കുകയും ലിബറല്‍ ആര്‍ട്‌സ് വിഷയങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ഒരു സമൂഹമായി മാറുകയും ചെയ്താല്‍ മാത്രമേ നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. അല്ലെങ്കില്‍ മനുഷ്യര്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ഇരയാകുന്ന, വംശീയവിദ്വേഷവും വെറുപ്പും മാത്രം ബാക്കിയായ ഒരു പ്രാകൃതസമൂഹമായി നാം മാറാന്‍ അധികകാലം വേണ്ടിവരില്ല.


Next Story

Related Stories