TopTop
Begin typing your search above and press return to search.

സ്ത്രീകളെ ആണുങ്ങള്‍ സംരക്ഷിക്കുമെന്ന് പറയുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു; ഇന്ത്യ മാറിയത് ഇങ്ങനെയുമാണ്‌

സ്ത്രീകളെ ആണുങ്ങള്‍ സംരക്ഷിക്കുമെന്ന് പറയുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു; ഇന്ത്യ മാറിയത് ഇങ്ങനെയുമാണ്‌

എഡിറ്റോറിയല്‍

ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് രാഷ്ട്രപതിയാണ് രാജ്യത്തിന്റെ തലവന്‍. ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകനും പരിപാലകനും ഭരണഘടനയെ പ്രതിരോധിക്കുന്ന ആളുമാണ് രാഷ്ട്രപതി. സായുധ സൈന്യത്തിന്റെ തലവനും രാഷ്ട്രപതിയാണ്. പ്രധാനമന്ത്രിയുടേയും ക്യാബിനറ്റിന്റേയും ശുപാര്‍ശകള്‍ അനുസരിച്ചാണ് രാഷ്ട്രപതി പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ ആ ശുപാര്‍ശകള്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെങ്കില്‍ അത് തള്ളിക്കളയുകയും ഭരണഘടനയെ സംരക്ഷിക്കുകയും ചെയ്യേണ്ടത് രാഷ്ട്രപതിയുടെ ചുമതലയാണ്. രാഷ്ട്രപതിയുടെ അഭാവത്തില്‍ ഇക്കാര്യങ്ങള്‍ ചെയ്യാനാണ് ഉപരാഷ്ട്രപതി എന്ന പദവി ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ തലവനായിരുന്ന ഡോ. ബിആര്‍ അംബേദ്ക്കര്‍ രാഷ്ട്രപതി പദവിയെ നിര്‍വചിച്ചിരിക്കുന്നത് ഇങ്ങനെയാണ്: "രാഷ്ട്രപതി രാജ്യത്തിന്റെ തലവനാണ്, പക്ഷേ, ഭരണനിര്‍വഹണ സംവിധാനത്തിന്റെയല്ല. രാഷ്ട്രപതിയാണ് രാജ്യത്തെ പ്രതിനിധീകരിക്കുന്നത്, പക്ഷേ, രാജ്യം ഭരിക്കുന്നത് രാഷ്ട്രപതിയല്ല. രാഷ്ട്രപതിയാണ് രാജ്യത്തിന്റെ ചിഹ്‌നം. രാജ്യത്തിന്റെ തീരുമാനം എന്താണ് എന്നത് ഒപ്പുവയ്ക്കുന്ന ഒരു ആലങ്കാരിക പദവിയാണ് ഭരണത്തില്‍ രാഷ്ട്രപതിക്കുള്ള സ്ഥാനം" . രാഷ്ട്രപതി രാജി വയ്ക്കുകയോ അന്തരിക്കുകയോ തുടങ്ങിയ അപൂര്‍വ സാഹചര്യങ്ങളില്‍ ആ ചുമതലകള്‍ വഹിക്കുന്ന ആളായിരിക്കും ഉപരാഷ്ട്രപതി. ആലങ്കാരിക പദവികളാണെങ്കിലും രാജ്യത്തിന്റെ ഭരണഘടനയുടെ സൂക്ഷിപ്പുകാരായാണ് ഇരു പദവികളും വിഭാവനം ചെയ്തിട്ടുള്ളത്. ഭരണഘടനയില്‍ അധിഷ്ഠിതമായ ജനാധിപത്യ സംവിധാനത്തില്‍ എക്‌സിക്യൂട്ടീവും ലജിസ്ലേച്ചറും ജുഡീഷ്യറിയും എന്ന മൂന്ന് സംവിധാനങ്ങള്‍ നിലനില്‍ക്കുന്നതിന്റെ ഭാഗമായാണ് ഈ പദവികള്‍ സൃഷ്ടിച്ചിട്ടുള്ളത്. ഈ മൂന്നു സംവിധാനങ്ങളും ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസൃതമായാണോ പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പിക്കാനുള്ള ഇന്ത്യന്‍ ഭരണഘടനയുടെ കാവല്‍ക്കാരാണ് ഈ പദവികളില്‍ ഇരിക്കുന്നവര്‍. അതുപോലെ തന്നെയാണ് സംസ്ഥാന ഗവര്‍ണര്‍മാരുടെ സ്ഥാനവും.

എം. വെങ്കയ്യ നായിഡുവാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ഉപരാഷ്ട്രപതി. ഇന്ത്യയുടെ രാഷ്ട്രപതി, ഉപരാഷ്ട്രപതി പദവികളിലെത്തിയവരില്‍ ഭൂരിപക്ഷത്തിനും രാഷ്ട്രീയ പശ്ചാത്തലമുണ്ട്. എന്നാല്‍ ഈ പദവികളിലേക്ക് എത്തിക്കഴിഞ്ഞാല്‍ അവര്‍ പക്ഷപാതരഹിതമായും ഭരണഘടനയനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടവരാണ്. അവര്‍ ഏതെങ്കിലും പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുകയോ ഏതെങ്കിലും പ്രത്യയശാസ്ത്രമനുസരിച്ച് പ്രവര്‍ത്തിക്കുകയോ ചെയ്യാന്‍ പാടില്ല എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഭരണഘടനയോട് മാത്രമായിരിക്കും അവരുടെ കൂറ്. മറ്റ് ഉപരാഷ്ട്രപതിമാരെപ്പോലെ വെങ്കയ്യ നായിഡുവിനും രാഷ്ട്രീയ പശ്ചാത്തലമുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകനായി തുടങ്ങി എബിവിപിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി, ബിജെപിയുടെ പ്രസിഡന്റും എ.ബി വാജ്‌പേയി മന്ത്രിസഭയില്‍ അംഗവുമായിരുന്നു അദ്ദേഹം. 2017-ല്‍ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് 2014-ല്‍ അധികാരത്തില്‍ വന്ന നരേന്ദ്ര മോദി മന്ത്രിസഭയിലും അംഗമായിരുന്നു.

ഭരണഘടനയനുസരിച്ച് സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന സഭയാണ് രാജ്യസഭ. ഈ രാജ്യസഭയുടെ അധ്യക്ഷനും ഉപരാഷ്ട്രപതിയാണ്. ഉപരിസഭ എന്നറിയപ്പെടുന്ന രാജ്യസഭ അനുമതി നല്‍കിയെങ്കില്‍ മാത്രമേ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഏതൊരു ബില്ലും നിയമമാവുകയുള്ളൂ. അതുകൊണ്ടു തന്നെ രാജ്യസഭ ചെയര്‍മാന്‍ എന്ന പദവിയാണ് പലപ്പോഴും ഉപരാഷ്ട്രപതിമാരുടെ പ്രധാന ചുമതലകളില്‍ ഒന്ന്. ഇനി കഴിഞ്ഞ കുറച്ചു നാളുകളായി വെങ്കയ്യ നായിഡു പുറപ്പെടുവിക്കുന്ന പ്രസ്താവനകളും അദ്ദേഹത്തിന്റെ നടപടികളും നോക്കുക. ഇന്നലെ ഗുജറാത്തിലെ ആനന്ദില്‍ നടന്ന ഒരു ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ട് സംസാരിക്കുമ്പോള്‍ അദ്ദേഹം ഒരു കാര്യം പറഞ്ഞു. മഹാത്മാ ഗാന്ധി രണ്ടു കാര്യങ്ങളാണ് സ്വാതന്ത്ര്യത്തിനു ശേഷം പറഞ്ഞത്. ഒന്ന്, കോണ്‍ഗ്രസ് പിരിച്ചു വിടണം, രണ്ട്, ഗ്രാമങ്ങളിലേക്ക് മടങ്ങണം. കോണ്‍ഗ്രസ് പിരിച്ചു വിടണമെന്ന് ഗാന്ധിജി പറഞ്ഞതായുള്ള വെങ്കയ്യ നായിഡുവിന്റെ പ്രസ്താവന ഇന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗാന്ധിജിയെ ഉദ്ധരിച്ച് വെങ്കയ്യ നായിഡുവിന് ഇത്തരമൊരു പ്രസ്താവന നടത്തുന്നതിന് കുഴപ്പമില്ല. പക്ഷേ, ഉപരാഷ്ട്രപതി പദവിയിലിരിക്കുന്ന ആള്‍ ഇത്തരമൊരു പ്രസ്താവന നടത്തുന്നത് ശരിയായ നടപടിയല്ല. അത് ഒരു സമൂഹത്തില്‍ അനാവശ്യമായ കുഴപ്പങ്ങളുണ്ടാക്കുന്നതും ഭണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ പക്ഷംപിടിച്ച് സംസാരിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കുകയും ചെയ്യും. ആത്യന്തികമായി ഇത്തരം പ്രസ്താവനകളില്‍ നിന്നും നടപടികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയും അതുപോലെ, സമൂഹത്തിന്റെ പൊതുവായ പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയും അതിന് പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയുമൊക്കെ ചെയ്യുകയാണ് അദ്ദേഹം വേണ്ടത്.

അതിന് ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാവുന്നത് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ്. രാജ്യത്തെ മാധ്യമ മേഖലയില്‍ നിലനില്‍ക്കുന്ന 'പെയ്ഡ് ന്യൂസ്' എന്ന വിപത്തിനെ കുറിച്ച് ആദ്യമായി സംസാരിക്കുന്ന ആളുകളിലൊരാള്‍ അദ്ദേഹമാണ്. മംഗളം ദിനപത്രത്തിന്റെ സ്ഥാപകനായ എം.സി വര്‍ഗീസിന്റെ സ്മരണാര്‍ത്ഥം ആരംഭിച്ച പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പെയ്ഡ് ന്യൂസ് വിഷയം രാജ്യസഭ ചര്‍ച്ച ചെയ്ത സമയത്ത് അന്‍സാരി ഇക്കാര്യം പറഞ്ഞത് അംഗങ്ങള്‍ അവിടെ പരാമര്‍ശിക്കുകയും അത് ഇന്ത്യന്‍ പാര്‍ലമെന്ററി രേഖകളുടെ ഭാഗമാവുകയും ചെയ്തു.

പാര്‍ലമെന്ററി നടപടികളും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷതകളും ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ചതാണ് ലോക്‌സഭാ ടി.വിയും രാജ്യസഭാ ടി.വിയും. മുമ്പ് ദൂരദര്‍ശനിലൂടെ ലോക്‌സഭയില്‍ നടക്കുന്ന ചര്‍ച്ചകളും മറ്റും തെരഞ്ഞെടുത്ത് കാണിച്ചിരുന്നെങ്കില്‍, 2006-ല്‍ മുഴുവന്‍ സമയവും സഭാ നടപടികള്‍ ജനങ്ങള്‍ക്ക് കാണാനായി ലോക്‌സഭാ ടി.വി നിലവില്‍ വന്നു. രാജ്യസഭാ ടി.വി 2011-ലും. സമ്മേളന സമയം തത്സമയം സംപ്രേക്ഷണം ചെയ്യുകയും സമ്മേളനം ഇല്ലാത്ത സമയങ്ങളില്‍ ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചും പാര്‍ലമെന്ററി സംവിധാനങ്ങളെക്കുറിച്ചുമുള്ള പരിപാടികള്‍, വിജ്ഞാനപ്രദമായ കാര്യങ്ങള്‍ ഒക്കെ സംപ്രേക്ഷണം ചെയ്യുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. തങ്ങളെ പ്രതിനിധീകരിക്കുന്നവര്‍ എന്താണ് സഭയില്‍ ചെയ്യുന്നത് എന്ന് ജനങ്ങള്‍ കാണുന്നത് ഒരേ സമയം ജനാധിപത്യത്തെ ശാക്തീകരിക്കുകയും പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് തങ്ങളുടെ ചുമതലകളെ കുറിച്ച് കൂടുതല്‍ ഉത്തരവാദിത്തമുണ്ടാവുകയും ചെയ്യും.

എന്നാല്‍ ഇക്കഴിഞ്ഞ സമ്മേളനത്തില്‍ നാലു തവണ രാജ്യസഭാ ടി.വിയുടെ പ്രവര്‍ത്തനം വെങ്കയ്യ നായിഡു നിര്‍ത്തിവച്ചു. നാലു തവണയും പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധിക്കുന്ന സമയത്തായിരുന്നു ഇത് നിര്‍ത്തിവച്ചത്. തെരഞ്ഞെടുപ്പ് ബോണ്ട് വിഷയത്തിലും പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാനുള്ള തീരുമാനത്തിനെതിരെയും പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്ന നവംബര്‍ 21-ന്, മൂന്നു മിനിറ്റ് നേരമാണ് സഭാ നടപടികളുടെ സംപ്രേക്ഷണം നിര്‍ത്തിവയ്ക്കാന്‍ വെങ്കയ്യ നായിഡു നിര്‍ദേശം നല്‍കിയത്. ഡിസംബര്‍ 10-ന്, ബംഗാള്‍ ഗവര്‍ണര്‍ അനാവശ്യമായി സംസ്ഥാന ഭരണത്തില്‍ ഇടപെടുന്നതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചപ്പോഴും അദ്ദേഹം ടി.വി സംപ്രേക്ഷണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഡിസംബര്‍ 11-ന്, ആഭ്യന്തര മന്ത്രി അമിത് ഷാ പൗത്വ ഭേദഗതി ബില്‍ അവതരിപ്പിക്കുന്ന സമയത്ത് പ്രതിഷേധവുമായി അസമില്‍ നിന്നുള്ള എം.പിമാര്‍ രംഗത്തെത്തിയതോടെ രണ്ടു തവണ സംപ്രേക്ഷണം നിര്‍ത്തി വയ്ക്കാന്‍ വെങ്കയ്യ നായിഡു നിര്‍ദേശിച്ചു.

സഭാ അധ്യക്ഷനെന്ന നിലയില്‍ സഭയില്‍ എന്തു നടക്കണം എന്നു തീരുമാനിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. എന്നാല്‍ നിയമം മൂലം നിലവില്‍ വന്നിട്ടുള്ള പൊതുസ്ഥാപനമായ രാജ്യസഭാ ടി.വിയില്‍ സഭയില്‍ നടക്കുന്ന ചില കാര്യങ്ങള്‍ കാണിക്കേണ്ടതില്ല എന്ന തീരുമാനം ജനാധിപത്യ വ്യവസ്ഥയ്ക്ക് എതിരാണ്. ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റില്‍ എല്ലാ അംഗങ്ങളും തുല്യരാണ്. അവിടെ ഭരിക്കുന്ന പാര്‍ട്ടിയും പ്രതിപക്ഷവുമൊക്കെ തുല്യരാണ്. സര്‍ക്കാരിന്റെ നയപരിപാടികളെയും പദ്ധതികളെയുമൊക്കെ ചോദ്യം ചെയ്യാനും സര്‍ക്കാരിനെ അവരുടെ നടപടികളില്‍ അക്കൗണ്ടബിള്‍ ആക്കാനുമുള്ള സംവിധാനമാണ് സഭാ സമ്മേളനം. അവിടെയാണ് അംഗങ്ങള്‍ രാജ്യത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. അവിടെ മറുപടി പറയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരുമാണ്. എന്നാല്‍ അത്തരം കാര്യങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുമ്പോള്‍, അല്ലെങ്കില്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യുമ്പോള്‍ അത് ജനങ്ങള്‍ കാണേണ്ടതില്ല എന്നു തീരുമാനിക്കുന്നതില്‍ ജനാധിപത്യ വിരുദ്ധതയുണ്ട്. അത് പക്ഷപാതിത്വം കാണിക്കല്‍ കൂടിയാണ്. പാര്‍ലമെന്റില്‍ ബഹളം നടക്കുന്നു, സഭയുടെ നടുത്തളത്തിലിറങ്ങുന്നു എന്നൊക്കെ ചൂണ്ടിക്കാട്ടിയാണ് പലപ്പോഴും ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. എന്നാല്‍ അതുകൂടി ഉള്‍പ്പെട്ടതാണ് ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങള്‍. അവിടെ എന്തു നടന്നാലും അത് ജനങ്ങള്‍ കാണുക തന്നെ വേണം.

ഇക്കഴിഞ്ഞ ദിവസം അവസാനിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലാണ് വെങ്കയ്യ നായിഡുവിന്റേതായി മറ്റൊരു പ്രസ്താവന ഉണ്ടായത്. ആയുധ (ഭേദഗതി) നിയമം രാജ്യസഭ ചര്‍ച്ച ചെയ്യുന്ന വേളയില്‍ രണ്ട് വനിതാ അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പേരു നല്‍കിയിരുന്നു. എന്നാല്‍ ചര്‍ച്ച നടക്കുന്ന സമയത്ത് വെങ്കയ്യയില്‍ നിന്ന് ഒരു പ്രസ്താവനയുണ്ടായി. "സ്ത്രീകള്‍ ആയുധം ഉപയോഗിക്കേണ്ടതില്ല. അവരെ മറ്റുള്ളവര്‍ സംരക്ഷിച്ചു കൊള്ളും" എന്നായിരുന്നു അത്. സമയപരിമിതി ചൂണ്ടിക്കാട്ടിയായിരുന്നു ഈ പ്രസ്താവനയെങ്കിലും നമ്മുടെ സമൂഹത്തില്‍ പുരുഷാധിപത്യ വ്യവസ്ഥ എത്രത്തോളം ആഴത്തില്‍ വേരോടിയിട്ടുണ്ട് എന്ന് തെളിയിക്കുന്ന ഒന്നുകൂടിയായിരുന്നു അത്. ദിനംപ്രതി ബലാത്സംഗങ്ങളും ചുട്ടുകൊല്ലലുമൊക്കെ നടക്കുന്ന ഒരു സമൂഹത്തില്‍ പുരുഷന്‍ സ്ത്രീയെ സംരക്ഷിച്ചു കൊള്ളുമെന്നും സ്ത്രീക്ക് അതിനുള്ള കെല്‍പ്പില്ല, അവര്‍ ആയുധം ഉപയോഗിക്കേണ്ടവരല്ല എന്നുമൊക്കെയാണ് നമ്മുടെ ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവര്‍ വരെ പറയുന്നത്. ഓരോ സമയത്തും സ്ത്രീകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് സാക്ഷ്യം വഹിക്കുന്ന ഒരു രാജ്യം കൂടിയാണ് നമ്മുടേത്. നൂറ്റാണ്ടുകളായി നേരിടുന്ന അടിച്ചമര്‍ത്തലുകളെയും അതുണ്ടാക്കിയിരിക്കുന്ന വ്യവസ്ഥിതിയേയുമൊക്കെ ചോദ്യം ചെയ്തും നേരിട്ടുമാണ് ഓരോ സ്ത്രീയും സമൂഹത്തിന്റെ മുന്നിലേക്ക് കടന്നു വന്നിട്ടുള്ളത്. അവിടെ, സ്ത്രീകളെ 'അടക്കിയിരുത്താ'നും 'വീട്ടിലെ കാര്യങ്ങള്‍ നോക്കാനു'മൊക്കെ ഉപദേശിക്കുന്ന അഹന്ത നിറഞ്ഞ ആണ്‍സ്വരം മാത്രമാണ് വെങ്കയ്യ നായിഡുവില്‍ നിന്നുണ്ടായതും. 2014-ലും 2019-ലും തനിച്ച് ഭരിക്കാന്‍ ഭൂരിപക്ഷം ലഭിച്ചിട്ടും സ്ത്രീകള്‍ക്ക് നിയമനിര്‍മാണ സഭകളില്‍ തുല്യ പങ്കാളിത്തം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്ലിനെ കുറിച്ച് ബിജെപി കമാന്ന് മിണ്ടിയിട്ടില്ല എന്നുമോര്‍ക്കണം.

ഭരണഘടനയും ജനാധിപത്യവും ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിടുന്ന സമയം കൂടിയാണ് ഇത്. അപ്പോള്‍ ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവര്‍ പക്ഷപാതരഹിതമായും മുഖം നോക്കാതെയും പ്രവര്‍ത്തിക്കുകയും ഏതെങ്കിലും പ്രത്യയശാസ്ത്രത്തിനോ ആശയത്തിനോ അടിപ്പെട്ട് പ്രവര്‍ത്തിക്കാതിരിക്കുകയുമാണ് ചെയ്യേണ്ടത്. അത് അവര്‍ ഇരിക്കുന്ന പദവികളോട് കാണിക്കേണ്ട മിനിമം ഉത്തരവാദിത്തമാണ്.

******

2015-ലെ റിപ്പബ്ലിക് ദിനത്തില്‍ അന്ന് ഉപരാഷ്ട്രപതിയായിരുന്ന ഹമീദ് അന്‍സാരി സല്യൂട്ട് ചെയ്തില്ല എന്നതിന്റെ പേരില്‍ ആര്‍എസ്എസും ബിജെപിയും ശക്തമായ ആക്രമണവും അധിക്ഷേപവുമാണ് അദ്ദേഹത്തിനെതിരെ നടത്തിയത്. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള പൊതുപ്രസ്താവനകള്‍ നടത്തുകയോ വിവാദ പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്യാതെ ഹമീദ് അന്‍സാരി അന്തസോടെയാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ ഓഫീസ് ഇക്കാര്യത്തില്‍ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു. റിപ്പബ്ലിക് ദിന സമയത്ത് പതാക ഉയര്‍ത്തുമ്പോള്‍ യൂണിഫോമിലുള്ളവര്‍ മാത്രമാണ് സല്യൂട്ട് ചെയ്യേണ്ടത് എന്നാണ് പ്രോട്ടോക്കോള്‍. അവിടെയുള്ള സൈനികരും സൈന്യാധിപന്‍ എന്ന നിലയില്‍ രാഷ്ട്രപതിയുമാണ് ആ സമയത്ത് സല്യൂട്ട് ചെയ്യേണ്ടത്. അതുകൊണ്ടു തന്നെ ഉപരാഷ്ട്രപതി എന്ന നിലയില്‍ അദ്ദേഹം പതാകയെ സല്യൂട്ട് ചെയ്യാതെ അപമാനിച്ചിട്ടില്ല എന്നായിരുന്നു ആ കുറിപ്പ്. ബരാക് ഒബാമയായിരുന്നു അന്ന് മുഖ്യാതിഥി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സല്യൂട്ട് ചെയ്തത് ഉയര്‍ത്തിപ്പിടിച്ചായിരുന്നു ആര്‍എസ്എസ്-ബിജെപി നേതാവ് രാം മാധവ് ഉള്‍പ്പെടെ പരസ്യമായി ഹമീദ് അന്‍സാരിയെ അധിക്ഷേപിച്ചത്. കാരണം, അന്‍സാരിയുടെ മുസ്ലീം പേരായിരുന്നു ആര്‍എസ്എസ്-ബിജെപിക്കാര്‍ക്ക് പ്രശ്‌നമായത്.

Next Story

Related Stories