TopTop
Begin typing your search above and press return to search.

ഗോഡ്സെ രാഷ്ട്രീയത്തില്‍ നിന്ന് ഇന്ത്യ തിരിഞ്ഞു നടക്കുമോ? ഈ ചിത്രങ്ങള്‍ പറയും നമ്മുടെ ഭാവി

ഗോഡ്സെ രാഷ്ട്രീയത്തില്‍ നിന്ന് ഇന്ത്യ തിരിഞ്ഞു നടക്കുമോ? ഈ ചിത്രങ്ങള്‍ പറയും നമ്മുടെ ഭാവി

എഡിറ്റോറിയല്‍

ചരിത്രം സമാനതകള്‍ നിറഞ്ഞതാണെന്ന് പലപ്പോഴും നാം പറയാറുണ്ട്. ഹിറ്റ്‌ലറും നാസികളും വംശീയ വെറിയുമൊക്കെ ചരിത്രത്തിലേക്ക് മാഞ്ഞെങ്കിലും ദശകങ്ങള്‍ കഴിയുമ്പോള്‍ അതൊക്കെ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഉയര്‍ത്തെഴുന്നേറ്റു വരുന്നത് നാം കാണുന്നുണ്ട്. മനുഷ്യരാശിയെ ഇല്ലാതാക്കുന്ന വിധത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുടര്‍ച്ചക്കാര്‍ എല്ലാക്കാലത്തും ഉണ്ടെന്നുള്ളതു തന്നെയാണ് അതിലെ വാസ്തവം. എന്നാല്‍ മനുഷ്യകുലത്തിന് മുന്നോട്ടു പോകേണ്ടതുണ്ട്. അതുകൊണ്ടു തന്നെ തിരുത്തലുകളും സംഭവിക്കും. അതും ചരിത്രത്തിലെ സമാനതകളാണ്. ഈയൊരു ചാക്രികമായ സംഭവപരമ്പരകളുടെ ഇടയ്ക്കാണ് പല തലമുറകളായുള്ള നമ്മുടെ ജീവിതം. അല്ലെങ്കില്‍ നാമൊക്കെ അതില്‍ പങ്കാളികളുമാണ്. അതിന്റെ ഏറ്റവും ഒടുവിലുത്തെ ഉദാഹരണമാണ് 2019-ലെ ഇന്ത്യ. അതിന്റെ രണ്ട് വലിയ ഉദാഹരണങ്ങളാണ് മുകളില്‍ കാണിച്ചിരിക്കുന്ന രണ്ടു ചിത്രങ്ങള്‍. അവ നമ്മെ മുറിവേല്‍പ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യുമ്പോള്‍ തന്നെ ചില വഴികളും തുറന്നു തരുന്നുണ്ട് എന്നു കാണാം.

നാഥുറാം ഗോഡ്‌സെ

സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (ഭേദഗതി) ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു ഡിഎംകെ എം.പി എ. രാജ ഇന്നലെ ലോക്‌സഭയില്‍. 32 വര്‍ഷം ഗാന്ധിജിയോടുള്ള വിദ്വേഷം ഉള്ളില്‍ പേറി നടന്നതിനു ശേഷമാണ് ഇന്ത്യയുടെ രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയത് എന്നാണ് ഗോഡ്‌സെ മൊഴി കൊടുത്തിട്ടുള്ളത് എന്ന് രാജ ചൂണ്ടിക്കാട്ടി. ഗാന്ധിജിയുടെ ആശയങ്ങളെയാണ് ഗോഡ്‌സെ എതിര്‍ത്തതും കൊലപാതകത്തിന് കാരണമായതും. ഇതുപോലെ ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല അരങ്ങേറി 21 വര്‍ഷങ്ങള്‍ക്ക് ശേഷം 1940-ല്‍ ഉദ്ദം സിംഗ്, മൈക്കല്‍ ഡോയറെ കൊലപ്പെടുത്തിയ ചരിത്രവും രാജ ഉദ്ധരിച്ചു. രാജ പറയാന്‍ ഉദ്ദേശിച്ചത് ഇതാണ്: ഒരാള്‍ ഇല്ലാതായതു കൊണ്ട് അയാള്‍ ഉയര്‍ത്തിയ ഭീഷണികള്‍ ഇല്ലാതാകുന്നില്ല. അതിനുള്ള തെളിവാണ് മുകളിലെ രണ്ടു കാര്യങ്ങളും. അതു കൊണ്ട് ഒരാളുടെ സുരക്ഷ പിന്‍വലിക്കുമ്പോള്‍ ആക്രമണത്തിനുള്ള സാധ്യതകളും പരിശോധിക്കണം. രാജ ഗോഡ്‌സെയുടെ പ്രസ്താവന ഉദ്ധരിക്കവേ, ഭരണപക്ഷത്തു നിന്നും ബിജെപിയുടെ ഭോപ്പാല്‍ എംപി പ്രഗ്യാ സിംഗ് താക്കൂറിന്റെ ശബ്ദമുയര്‍ന്നു. ഗോഡ്‌സെയെ ദേശഭക്തനായി വിശേഷിപ്പിച്ചു കൊണ്ടുള്ളതായിരുന്നു അത്. പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി എഴുന്നേറ്റു. പ്രഗ്യാ സിംഗ് ഇത് പിന്‍വലിക്കണമെന്നും മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു. സ്പീക്കര്‍ ഓം ബിര്‍ളയാകട്ടെ, രാജ പറഞ്ഞതു മാത്രമേ സഭാ രേഖകളില്‍ ഉണ്ടാകൂ എന്ന് വ്യക്തമാക്കി ബഹളം അവസാനിപ്പിച്ചു. പിന്നീട് ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നത്, പ്രഗ്യാ സിംഗിന്റെ വാക്കുകള്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തു എന്നാണ്. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിയാകട്ടെ, പ്രഗ്യാ സിംഗ് തന്നോട് പറഞ്ഞത്, താന്‍ ഉദ്ധം സിംഗിന്റെ കാര്യമാണ് പറഞ്ഞത് എന്നും ആ സമയത്ത് അവരുടെ മൈക്ക് ഓണ്‍ അല്ലായിരുന്നു എന്നുമാണ്. അത് പൂര്‍ണമായും വാസ്തവവിരുദ്ധമാണ്.

ഇതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടിക്കിടെ, പ്രഗ്യാ സിംഗ് ഗോഡ്‌സെയെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയത്. "ഗോഡ്‌സെ എല്ലാക്കാലത്തും ദേശഭക്തനായിരുന്നു, ഇപ്പോഴുമാണ്, ഇനിയും അങ്ങനെ തന്നെയായിരിക്കും. അദ്ദേഹത്തെ ഭീകരവാദി എന്നു വിളിക്കുന്നവര്‍ സ്വയം ആലോചിക്കണം. അവര്‍ക്ക് ഈ തെരഞ്ഞെടുപ്പ് മറുപടി നല്‍കും" - അവര്‍ പറഞ്ഞു. ഈ സമയത്ത് തന്നെ അവര്‍ പുറപ്പെടുവിച്ച മറ്റൊരു പ്രസ്താവന, മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കറെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് തന്റെ 'ശാപം' മൂലമാണ് എന്നായിരുന്നു. പ്രഗ്യയുടെ ഗോഡ്‌സെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇങ്ങനെ പറഞ്ഞു: "ഗാന്ധിജിയെ കുറിച്ചോ ഗോഡ്‌സെയെ കുറിച്ചോ പറഞ്ഞത് വളരെ മോശമാണ്. അത് നമ്മുടെ സമൂഹത്തിന് നല്ലതല്ല. അവര്‍ ഇക്കാര്യത്തില്‍ മാപ്പു ചോദിച്ചിട്ടുണ്ട്. എന്നാല്‍ അവരോട് (പ്രഗ്യ) ഒരിക്കലും ക്ഷമിക്കാന്‍ എനിക്ക് കഴിയില്ല" എന്നായിരുന്നു.

മോദി പ്രഗ്യാ സിംഗ് താക്കുറിനോട് ക്ഷമിച്ചില്ല. പകരം, പാര്‍ലമെന്റിന്റെ പ്രതിരോധ കാര്യങ്ങള്‍ക്കായുള്ള കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയില്‍ അവരെ അംഗമായി ഈ മാസം ഉള്‍പ്പെടുത്തി. ഭീകരപ്രവര്‍ത്തിന് കുറ്റം ചുമത്തിയിട്ടുള്ള ഒരാള്‍ക്ക് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കി എന്നു മാത്രമല്ല, അവരെ രാജ്യത്തിന്റെ പ്രതിരോധ മന്ത്രി അധ്യക്ഷനായ, അതും ഒരു പാര്‍ലമെന്ററി സമിതിയില്‍ ഉള്‍പ്പെടുത്തുകയാണ് ബിജെപിയും പ്രധാനമന്ത്രിയും ചെയ്തത്. ഇതിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും സര്‍ക്കാര്‍ ഇത്ര ദിവസവും തുറന്നില്ല. ഒടുവില്‍ ഇന്നലത്തെ പ്രസ്താവന കൂടി വന്നതോടെയാണ് പ്രതിരോധ സമിതിയില്‍ നിന്ന് ഒഴിവാക്കി കൊണ്ട് അല്‍പ്പം മുമ്പ് തീരുമാനമെടുത്തത്. ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും ഇത്രത്തോളം അപഹസിക്കാന്‍ എങ്ങനെയാണ് സാധിക്കുന്നത് എന്നതിന് ഈ സര്‍ക്കാരിനോളം മികച്ച ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. രാജ്യം ഭരണഘടനാദിനം ആഘോഷിച്ചതിന്റെ തൊട്ടു പിറ്റേന്നായിരുന്നു രാഷ്ട്രപിതാവിനെക്കുറിച്ചുള്ള ഒരു എംപിയുടെ അതും, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് കുറ്റം ചുമത്തിയിട്ടുള്ള ഒരാളുടെ പ്രസ്താവന ഉണ്ടായത് എന്നത് ലജ്ജിപ്പിക്കേണ്ടതാണ്. അതിനെ പരോക്ഷമായി അനുവദിക്കുന്ന ഭരണപക്ഷത്തിന്റെ മൗനവും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അപ്പോള്‍ ചോദ്യം വരുന്നത്, എന്തുകൊണ്ട് പ്രഗ്യാ സിംഗിന് മത്സരിക്കാന്‍ ബിജെപി ടിക്കറ്റ് നല്‍കി എന്നതു കൂടിയാണ്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായിയുടെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ '2019: How Modi Won India' എന്ന പുസ്തകത്തില്‍ ഒരു കാര്യം അദ്ദേഹം പറയുന്നുണ്ട്. പ്രഗ്യാ സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റ്‌ലി, രാജ്ദീപിനോട് ഇങ്ങനെ പറഞ്ഞു: "പ്രഗ്യാ സിംഗിനെ പോലൊരാള്‍ക്ക് നമ്മള്‍ ഒരിക്കലും ടിക്കറ്റ് നല്‍കരുത്. അത് വളരെ മോശം സന്ദേശമാണ് നല്‍കുക. പ്രത്യേകിച്ച് മധ്യവര്‍ഗക്കാര്‍ക്കിടയില്‍" . ആരാണ് ജയ്റ്റ്‌ലിയുടെ ഈ അഭിപ്രായത്തെ മറികടന്നതെന്ന് രാജ്ദീപ് ചോദിക്കുന്നു. പ്രഗ്യയോട് ഒരിക്കലും ക്ഷമിക്കില്ല എന്നു പറഞ്ഞ മോദി പിന്നെ എങ്ങനെയാണ് അവരെ പാര്‍ലമെന്ററി സമിതിയില്‍ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കിയത്? ആരാണ് പ്രഗ്യാ സിംഗ് താക്കൂര്‍ അപ്പോള്‍?

ആരാണ് പ്രഗ്യാ സിംഗ് താക്കുര്‍

മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലുള്ള ഒരു പരമ്പരാഗത ആര്‍എസ്എസ് കുടുംബത്തില്‍ നിന്നു വരുന്ന പ്രഗ്യ എബിവിപി പ്രവര്‍ത്തകയായിരുന്നു. കോളേജ് വിദ്യാഭ്യസത്തിനു ശേഷം സാധ്വി ഋതംബര, ഉമാഭരതി തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി ഹിന്ദുത്വയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ വീടുവിട്ടു. പിന്നീട് മധ്യപ്രദേശിലെ വിവിധ ജില്ലകളിലായിരുന്നു പ്രവര്‍ത്തനം. 2008 ഒക്‌ടോബറില്‍ മഹാരാഷ്ട്രയിലെ മലേഗാവില്‍ 10 പേരുടെ മരണത്തിനും 85 പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ ബോംബ് സ്‌ഫോടനത്തില്‍ പ്രതിയാക്കി ഹേമന്ദ് കര്‍ക്കയുടെ നേതൃത്വത്തില്‍ അവരെ അറസ്റ്റ് ചെയ്തു. പിന്നീട് എന്‍ഐഎ കോടതി അവരുടെ പേരിലുള്ള കര്‍ശനമായ മഹരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമംം (MCOCA) അനുസരിച്ചുളള കേസുകള്‍ എടുത്തുകളഞ്ഞു. 2017-ല്‍ ബോംബെ ഹൈക്കോടതി ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം അനുവദിച്ചു. യുഎപിഎ അടക്കമുള്ള ഇപ്പോഴുമുള്ളതിനാല്‍ കേസില്‍ വിചാരണ നേരിടുകയാണ് സാധ്വി പ്രഗ്യ. ഇതിനിടയില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ അംഗത്വമെടുത്തു. ഭോപ്പാലില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിംഗിനെ തോല്‍പ്പിച്ച് ലോക്‌സഭയില്‍ എത്തുകയും ചെയ്തു.

മലേഗാവ് സ്‌ഫോടനത്തിനും വളരെ മുമ്പു തന്നെ പോലീസ് റഡാറില്‍ പ്രഗ്യ സിംഗ് ഉണ്ടായിരുന്നു. 2003-ല്‍ ആദിവാസി നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പ്യാര്‍ സിംഗ് നേനമയേയും മകന്‍ മഹേഷ് നേനമയേയും വീട്ടില്‍ കയറി ആക്രമിച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു അത്. തങ്ങളുടെ ഗ്രാമത്തില്‍ ആര്‍എസ്എസസ് ശാഖ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്യാര്‍ സിംഗ് ഉയര്‍ത്തിയ എതിര്‍പ്പ് ഒടുവില്‍ കയ്യാങ്കളിയിലെത്തുകയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരെ മാര്‍ച്ച് നടത്തുകയും ചെയ്തു. പ്യാര്‍ സിംഗ് ഇവരെ സംരക്ഷിക്കുന്നു എന്നതായിരുന്നു ആരോപണം. ഒടുവില്‍ 15-അംഗ സംഘം ഇവരുടെ വീടാക്രമിച്ച് പ്യാര്‍ സിംഗിനെയും മകനെയും കൊലപ്പെടുത്തി. ഈ കേസില്‍ പോലീസ് പ്രധാന പ്രതിയായി ചേര്‍ത്തയാളായിരുന്നു സുനില്‍ ജേഷി. സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനും ഈ മേഖലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ആളുമായിരുന്നു ഇയാള്‍. ഈ കേസില്‍ ജോഷി അറസ്റ്റ് ചെയ്യപ്പെട്ടില്ല. പകരം അയാള്‍ ഒളിവില്‍ പോയി. ഈ ഒളിവില്‍ കഴിയുന്ന കാലത്താണ് സംഝോത എക്‌സ്പ്രസ് സ്‌ഫോടനം, ഹൈദരാബാദ് മെക്ക-മസ്ജിദ് സ്‌ഫോടനം, അജ്മീര്‍ ദര്‍ഗ സ്‌ഫോടനം തുടങ്ങിയവ ഉണ്ടാകുന്നത്. ഈ സ്‌ഫോടനങ്ങളുടെ ഒക്കെ ഉത്തരവാദിത്തം സുനില്‍ ജോഷി ഏറ്റെടുത്തു എന്നാണ് കേസില്‍ മുഖ്യ പ്രതിയാവുകയും എന്‍ഐഎ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത സ്വാമി അസീമാനന്ദ് പറഞ്ഞിട്ടുള്ളത് (എന്‍ഐഎ ഈ കേസുകളില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രേസിക്യൂട്ടറായിരുന്ന രോഹിണി സാല്യന്‍ ആരോപിച്ചിരുന്നു). ഈ കേസുകളിലൊക്കെ പ്രഗ്യ സിംഗിന്റെ പങ്കും ആരോപണ വിധേയമായിരുന്നു. 2007-ല്‍ സുനില്‍ ജോഷി കൊല്ലപ്പെട്ടു. സംഘപരിവാര്‍ നേതൃത്വം ഇയാളുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിമിക്കാണെന്ന് പ്രസ്താവിച്ചു. തുടര്‍ന്ന് രണ്ടു സിമി പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടു. ഈ കേസിലെ നാലു പ്രതികളെയും കോടതി വെറുതെ വിട്ടു. പിന്നീട് പ്രഗ്യ സിംഗ് അടക്കം നാലു പേരെ സുനില്‍ ജോഷിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ് ചെയ്‌തെങ്കിലും തെളിവുകളില്ല എന്ന പേരില്‍ കോടതി വിട്ടയച്ചു. സംഝോത സ്‌ഫോടനം അടക്കമുള്ളവയിലെ തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായി സുനില്‍ ജോഷിയെ കൊലപ്പെടുത്തുകയായിരുന്നു എന്നായിരുന്നു കേസ്. എന്നാല്‍ സുനില്‍ ജോഷി കൊല്ലപ്പെട്ട ദിവസം പ്രഗ്യാ സിംഗ് അവരുടെ വീട്ടിലെത്തുകയും വീടിനുള്ളില്‍ കയറി ഒരു സ്യൂട്ട്‌കേസ് നിറയെ സാധനങ്ങള്‍ എടുത്ത് സ്ഥലം വിടുകയും ചെയ്തിരുന്നുവെന്ന് ജോഷിയുടെ മരുമുകള്‍ ചഞ്ചല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസ് അന്വേഷിച്ച ലോക്കല്‍ പോലീസോ പിന്നീട് എന്‍ഐഎയോ ചഞ്ചലില്‍ നിന്ന് ഒരിക്കലും മൊഴിയെടുത്തില്ല. കേസ് എങ്ങുമെത്തിയില്ല.

തുടര്‍ന്നാണ് 2008 ഒക്‌ടോബറില്‍ മലേഗാവ് സ്‌ഫോടനത്തിന്റെ പേരില്‍ പ്രഗ്യ സിംഗ് അറസ്റ്റിലാകുന്നത്. സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബ് ഘടിപ്പിച്ചിരുന്നത് പ്രഗ്യ സിംഗിന്റെ ബൈക്കിലായിരുന്നു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. നമ്പര്‍ പ്ലേറ്റ് വ്യാജമായിരുന്നു. ആ വര്‍ഷം നവംബറില്‍ പ്രഗ്യാ സിംഗ് ഒരു സത്യവാങ്മൂലം നല്‍കി. ആ ബൈക്ക് തന്റേത് തന്നെയായിരുന്നുവെന്നും എന്നാല്‍ അത് 2003-ല്‍ സുനില്‍ ജോഷി എന്നയാള്‍ക്ക് വിറ്റിരുന്നു എന്നുമാണ് അവര്‍ പറഞ്ഞത്. ആ സുനില്‍ ജോഷിയാണ് 2007-ല്‍ കൊല്ലപ്പെട്ടത്. സുനില്‍ ജോഷിയും പ്രഗ്യ സിംഗും ഗുജറാത്തില്‍ സ്വാമി അസീമാനന്ദിന്റെ നിത്യസന്ദര്‍ശകരുമായിരുന്നു. ഈ കേസുകളൊക്കെ തന്നെ തേഞ്ഞു മാഞ്ഞു പോവുകയും പ്രതികളൊക്കെ കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ സുനില്‍ ജോഷി പ്രതിയായിരുന്ന 2003-ലെ പ്യാര്‍ സിംഗിന്റെ കൊലപാതകം അന്വേഷിച്ചിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ 2007-ല്‍ പറഞ്ഞത് സുനില്‍ ജോഷിയുടെ അടുത്ത കൂട്ടാളിയായിരുന്നു പ്രഗ്യാ സിംഗ് എന്നാണ്. ആ പ്രഗ്യ സിംഗാണ് ഇപ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെ അലങ്കരിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ കൊലപാതകിയെ ദേശഭക്തന്‍ എന്ന് ആ പാര്‍ലമെന്റില്‍ ഇരുന്ന് വിശേഷിപ്പിക്കുന്നത്. ( അവലംബം- ലീന രഘുനാഥ്/കാരവന്‍, ഗ്രീഷ്മ കുത്താര്‍/ഫസ്റ്റ് പോസ്റ്റ്‌ )

താക്കറെമാര്‍

1966 ജൂണ്‍ 19-ന് ബാല്‍ താക്കറെ ശിവസേന രൂപീകരിക്കുന്നത് ബോംബയിലുള്ള ദാദറിലെ ശിവാജി പാര്‍ക്കിലാണ്. 2012-ല്‍, ആധുനിക ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആദ്യകാല പ്രയോക്താക്കളില്‍ ഒരാളായ താക്കറെ അന്തരിച്ചപ്പോള്‍ സംസ്‌കരിച്ചതും ഇവിടെയാണ്. ആ ശിവാജി പാര്‍ക്കിലാണ് അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ ശിവസേന തലവനുമായ ഉദ്ധവ് താക്കറെ ഇന്ന് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തുന്ന സേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തെ ഏറെ വിചിത്രമായ ഒന്നായാണ് മിക്കവരും കണക്കുകൂട്ടുന്നത്. അതുകൊണ്ടു തന്നെ ഇതിന്റെ ഭാവി എന്താണെന്നതിലും മിക്കവര്‍ക്കും ആശങ്കയും സംശയവുമുണ്ട്. കാരണം, ബിജെപിക്കും മുമ്പേ ഹിന്ദുത്വ അജണ്ട തങ്ങളുടെ രാഷ്ട്രീയ ആശയമായി സ്വീകരിച്ചവരാണ് ശിവസേന. പ്രധാനമായും ദക്ഷിണേന്ത്യക്കാരെയും പിന്നെ ഗുജറാത്തികളെയും മാര്‍വാഡിളെയും ലക്ഷ്യമിട്ട് ആരംഭിക്കുകയും അന്നത്തെ ബോംബെയിലെ തുണിമില്ലുകള്‍ അടക്കമുള്ളവ അടച്ചു പൂട്ടുന്നതിലേക്ക് നയിച്ച, ഇടതുപക്ഷ ട്രേഡ് യൂണിയന്‍ സംഘടനകളെ ഇല്ലാതാക്കുകയും നേതാക്കളെ കൊലപ്പെടുത്തി വളരുകയും, പിന്നീട് ന്യൂനപക്ഷ വിരോധവും പാക്കിസ്ഥാന്‍ വിരുദ്ധതയും ആയുധമാക്കി ചുവടുറപ്പിക്കുകയും, രാമജന്മഭൂമി പ്രക്ഷേഭത്തില്‍ പങ്കെടുക്കുകയും, 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ വിജയാഹ്‌ളാദത്തിനു പിന്നാലെ ബോംബെയില്‍ നൂറുകണക്കിന് മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട കലാപം അഴിച്ചു വിടുകയും ചെയ്ത സംഘടനയാണത്. ആര്‍എസ്എസുമായി പ്രത്യക്ഷത്തില്‍ സംഘടനാപരമായി ബന്ധമില്ലെങ്കിലും ആശയപരമായി ഒരേ തോണിയില്‍ സഞ്ചരിക്കുന്നവര്‍. ഒരു ഹിന്ദുത്വ ഫ്രിഞ്ച് സംഘടന എന്നതില്‍ നിന്ന് മുംബൈ ഭരിക്കാന്‍ മാത്രം ശേഷിയുള്ള മുഖ്യധാരാ സംഘടനയായി ശിവസേന ഇതിനിടയില്‍ മാറുകയും ചെയ്തു. കോണ്‍ഗ്രസുമായി ആദ്യകാലത്ത് പ്രാദേശിക തലങ്ങളിലുണ്ടായ കൂട്ടുകെട്ടുകള്‍ ഒഴിവാക്കിയാല്‍ അവരുമായി നിത്യശത്രുതയില്‍, പ്രത്യേകിച്ച് സോണിയാ ഗാന്ധിയേയും നെഹ്‌റു-ഗാന്ധി കുടുംബത്തെയും ബദ്ധശത്രുക്കളായി കാണുന്നവര്‍ കൂടിയാണ് അവര്‍. ആ ശിവസേനയാണ് ഇപ്പോള്‍ കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്ന് ബിജെപിയെ അധികാരത്തിനു പുറത്തു നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ മതേതര സ്വഭാവത്തിന് ചേരുന്നതല്ല ഈ കൂട്ടുകെട്ട് എന്നു വിമര്‍ശനം ഉയരുമ്പോള്‍ തന്നെ തങ്ങളുടെ ആശയത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സേന തയാറാകുമോ എന്നതും പ്രധാനമാണ്.

<blockquote class="twitter-tweet"> <p lang="en" dir="ltr">This evening I sought blessings and good wishes from <a href="https://twitter.com/INCIndia?ref_src=twsrc^tfw">@INCIndia</a> President Smt. Sonia Gandhi ji & former prime minister Dr. Manmohan Singh ji for the Maha Vikas Aghadi. <a href="https://t.co/X2ABqR2jxb">pic.twitter.com/X2ABqR2jxb</a></p>— Aaditya Thackeray (@AUThackeray) <a href="https://twitter.com/AUThackeray/status/1199734508922310656?ref_src=twsrc^tfw">November 27, 2019</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

ഹിന്ദുത്വ ആശയങ്ങള്‍ എന്ന് ഉദ്ധവ് താക്കറെ തന്റെ കഴിഞ്ഞ ദിവസങ്ങളിലെ പ്രസംഗങ്ങളിലും ആവര്‍ത്തിച്ചിരുന്നു. ബിജെപി കള്ളവും വഞ്ചനയും നടത്തുന്ന പാര്‍ട്ടിയാണെന്നും അത് തന്റെ ഹിന്ദുത്വമല്ലെന്നുമാണ് അദ്ദേഹം ആവര്‍ത്തിച്ചത്. ശിവസേനയ്ക്ക് ഒരു മധ്യമാര്‍ഗം തെരഞ്ഞെടുക്കേണ്ടി വരുമോ എന്ന് സംശയിക്കുന്നവരും കുറവല്ല. കാരണം, ബിജെപിയും ആര്‍എസ്എസും ഉയര്‍ത്തുന്ന, അതിതീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തില്‍ മറ്റുള്ളവര്‍ക്ക് സ്ഥാനമില്ല. അതിന്റെ കടിഞ്ഞാണ്‍ തങ്ങളില്‍ നിക്ഷിപ്തമായിരിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ആ തീവ്രഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള ഒരു പരീക്ഷണമാണ് പ്രഗ്യ സിംഗ് താക്കൂറിനെപ്പോലുള്ളവരെ ഇറക്കി അവര്‍ പരീക്ഷിക്കുന്നത്. ഒറ്റ രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്നതൊക്കെ പോലെ തന്നെ ഒറ്റ പാര്‍ട്ടി എന്നതും അവരുടെ ലക്ഷ്യമാണ്. അവിടെ ആശയപരമായി എത്ര അടുപ്പമുണ്ടെങ്കിലും ശിവസേനയുടെ പോലും മേല്‍ക്കോയ്മ അംഗീകരിക്കാന്‍ അവര്‍ തയാറല്ല. അതാണ് ഇന്ന് ശിവസേന ബിജെപിയോട് എതിരിടുന്നതിന് പ്രധാന കാരണവും. അപ്പോള്‍ സേനയ്ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുമോ?

വന്നേക്കും എന്നതു തന്നെയാണ് ഉദ്ധവ് താക്കറെയുടെ മകനും ആദ്യതവണ എംഎല്‍എയുമായ ആദിത്യ താക്കറെ ഇന്നലെ സോണിയാ ഗാന്ധിയേയും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനേയും സന്ദര്‍ശിച്ച് അനുഗ്രഹാശംസകള്‍ തേടിയത് തെളിയിക്കുന്നത്. അതിനുമപ്പുറം, ആ ചിത്രം ശ്രദ്ധിച്ചു നോക്കിയാല്‍ മനസിലാകുന്ന ഒരു കാര്യം അത് നിര്‍ബന്ധിതമായ ഒരു ഒത്തുതീര്‍പ്പ് എന്നതിനേക്കാള്‍ ഉള്‍ക്കൊള്ളലിന്റേതായ ഒരു രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന സജീവത അതിനുണ്ട് എന്നതാണ്. കാരണം, ശിവസേനയ്ക്ക് മേല്‍ മുന്‍കാല രാഷ്ട്രീയത്തിന്റെ ഒരുപാട് ഭാരങ്ങളുണ്ട്. ഒരു ആധുനിക ജനാധിപത്യ സമൂഹത്തിന് ചേരുന്നതല്ല അതൊന്നും എന്ന തിരിച്ചറിവ് ആധുനികകാല താക്കറെമാര്‍ക്ക് ഉണ്ടാകുന്നുണ്ട് എന്നതെങ്കിലും മഹാരാഷ്ട്ര രാഷ്ട്രീയം ബാക്കിവയ്ക്കുമെങ്കില്‍ ചരിത്രം തിരുത്തലുകളുടേതും കൂടിയാണ് എന്ന് നമുക്ക് വ്യക്തമായി പറയാനാകും. വിദേശജന്മ പ്രശ്‌നത്തിലും ഒരു സ്ത്രീയെന്ന നിലയിലുമൊക്കെ ഇത്രയേറെ അപഹസിക്കപ്പെട്ട സോണിയാ ഗാന്ധിയില്‍ നിന്ന് ബാല്‍ താക്കറെയുടെ ചെറുമകന്‍ അനുഗ്രഹാശംസകള്‍ തേടുന്നുണ്ടെങ്കില്‍ അത് മനുഷ്യരെന്ന നിലയില്‍ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രധാനമാണ്.

******

ബാല്‍ താക്കറെയെക്കുറിച്ച് ആ പാര്‍ട്ടിയിലെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമില്ലാത്ത ആശങ്കയാണ് ഹിന്ദുത്വവാദികള്‍ക്ക് എന്ന് ആദിത്യ താക്കറെയുടെ ചിത്രങ്ങള്‍ക്ക് താഴെയുള്ള കമന്റുകള്‍ തെളിയിക്കുന്നുണ്ട്. അത്രയേറെ വെറുപ്പും വിദ്വേഷവുമാണ് അതിലൂടെ പ്രസരിക്കുന്നത്. അതിലേക്ക് ശിവസേന നേതൃത്വം മടങ്ങിപ്പോകുമോ അതോ തങ്ങളുടെ അണികളെ കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യരാക്കി മാറ്റാന്‍ അവര്‍ക്ക് കഴിയുമോ എന്നും കാത്തിരുന്നു കാണാം.

Next Story

Related Stories