TopTop
Begin typing your search above and press return to search.

ഷെയ്ൻ നിഗം എന്ന 23-കാരനല്ല പ്രശ്നം, മലയാള സിനിമയിലെ പ്രവണതകളാണ്; വിലക്ക് ഒരു പരിഹാരവുമല്ല

ഷെയ്ൻ നിഗം എന്ന 23-കാരനല്ല പ്രശ്നം, മലയാള സിനിമയിലെ പ്രവണതകളാണ്; വിലക്ക് ഒരു പരിഹാരവുമല്ല

ഇതരഭാഷാ സിനിമകളെ അപേക്ഷിച്ച് ഇന്നും ഏറ്റവും ചെറുതും വില്‍പ്പന മൂല്യം കുറഞ്ഞതുമായ മാര്‍ക്കറ്റാണ് മലയാള സിനിമയുടേത്. പുലിമുരുകനും ലൂസിഫറും മധുരാജയുമൊക്കെ എതിര്‍വാദത്തിനുകൊണ്ടു വരികയാണെങ്കില്‍ പോലും, പത്തിറക്കി നൂറു വാരുന്ന തലത്തിലേക്കൊന്നും മലയാളം ഇന്‍ഡസ്ട്രി വലുതായിട്ടില്ല. വര്‍ഷം ശരാശരി നൂറിനും നൂറ്റമ്പതിനും ഇടയില്‍ സിനിമകളിറങ്ങുമ്പോള്‍ അവയിലെത്ര ടേബിള്‍ പ്രോഫിറ്റ് ആയെന്നു നോക്കിയാല്‍ ഞെട്ടും! സാമ്പത്തികമായി ഒട്ടും സുരക്ഷിതത്വമില്ലാത്ത ഒരു ബിസിനിസ് തന്നെയാണ് ഇന്നും മലയാള സിനിമ. അങ്ങനെയുള്ളൊരിടത്ത് പരസ്പരമുള്ള ഈഗോയും വാശികളും എത്രത്തോളം അപകടമുണ്ടാക്കുമെന്നു ചിന്തിച്ചു നോക്കുമ്പോള്‍ ഉണ്ടാകുന്ന ആശങ്കയാണ് 'ഷെയ്ന്‍ നിഗം' വിവാദം സമ്മാനിക്കുന്നത്.

നൂറു കോടി ക്ലബ്ബില്‍ കയറിയെന്നു പറയുന്ന മലയാളത്തിലെ ഒരു സീനിയര്‍ നായക നടന്റെ സിനിമ ആകെ കളക്ട് ചെയ്തത് അതിന്റെ മൊത്തം ബഡ്ജറ്റില്‍ നിന്നും ഇരുപത് കോടി രൂപയാണ്. കോടികള്‍ ലാഭം കിട്ടിയല്ലോ എന്നു ചിന്തിക്കാം. യാഥാര്‍ത്ഥ്യം മറിച്ചാണ്. ആ സിനിമയ്ക്ക് ആകെ ചെലവായ തുക നിര്‍മാതാവ് മുടക്കിയത് മീറ്റര്‍ പലിശയ്ക്ക് കടം വാങ്ങിയാണ്. പണം വാങ്ങുന്ന അന്നു മുതല്‍ പലിശ കണക്കുകൂട്ടും. ഒരു ബിഗ് ബഡ്ജറ്റ് സിനിമ പൂര്‍ത്തിയായി തീയേറ്ററില്‍ എത്താന്‍ കുറഞ്ഞത് നാലഞ്ച് മാസം എടുക്കും. ഇത്രയും കാലത്തിനിടയില്‍ കടമെടുത്ത പണത്തിന്റെ പലിശ അടയ്ക്കേണ്ടതുണ്ട്. ചുരുക്കം പറഞ്ഞാല്‍, ഈ നൂറു കോടി ക്ലബ് പടം അതിന്റെ നിര്‍മാതാവിന് നേടിക്കൊടുത്തത് രണ്ടോ മൂന്നോ കോടി മാത്രമാണ്! ഇതൊരാളുടെ മാത്രം കഥയല്ല, ഒരുപാട് പേരുടെയാണ്.

ഒരു നടന്‍ ബിനാമി നിര്‍മാതാവായി ചെയ്ത ഒരു സിനിമ ജൂലൈ മാസത്തില്‍ തീയേറ്ററില്‍ എത്തി അമ്പേ പരാജയപ്പെട്ടിരുന്നു. നാലു കോടി രൂപയായിരുന്നു സിനിമയുടെ ബഡ്ജറ്റ്. മൂന്നു കോടിയില്‍ തീര്‍ക്കാന്‍ ഉദ്ദേശിച്ച സിനിമയ്ക്കാണ് ഒരു കോടി അധികം മുടക്കേണ്ടി വന്നത്. ഒരാഴ്ച്ചപോലും തികച്ചോടാതിരുന്ന ആ സിനിമ നിര്‍മാതാവിന് ഉണ്ടാക്കിയ നഷ്ടം കനത്തതാണ്. കോമഡി സിനിമകളുടെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ മൂന്നാര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ഏറ്റവും പുതിയ ചിത്രവും നിര്‍മാതാവിന് സാമ്പത്തിക നഷ്ടം മാത്രം സമ്മാനിച്ചാണ് തീയേറ്റര്‍ വിട്ടത്. ഈ സിനിമകളെല്ലാം തന്നെ തീരുമാനിച്ചുറപ്പിച്ച ബഡ്ജറ്റില്‍ തന്നെ തീര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അത്രയെങ്കിലും ആശ്വാസം നിര്‍മാതാവിന് ഉണ്ടാകുമായിരുന്നു.

വളരെ അപൂര്‍വമായി മാത്രമാണ് തീരുമാനിച്ചുറപ്പിച്ച ബഡ്ജറ്റില്‍ മലയാളത്തില്‍ സിനിമകള്‍ പൂര്‍ത്തിയാകുന്നത്. കടലാസ് പണികള്‍ തുടങ്ങുന്ന സമയം തൊട്ട് നിര്‍മാതാവിന്റെ പോക്കറ്റില്‍ നിന്നും പണം ഇറങ്ങി തുടങ്ങുകയാണ്. സിനിമ തീയേറ്ററില്‍ എത്തി ഒന്നോ രണ്ടോ ആഴ്ച്ചകള്‍ കഴിയുമ്പോള്‍ മാത്രമാണ് പോക്കറ്റ് അടയ്ക്കാന്‍ കഴിയുന്നത്. അതുവരെ അയാള്‍ക്ക് ചെലവാകുന്നതിന്റെ നൂറിലൊന്നുപോലും തിരിച്ചു കിട്ടാത്ത കഥകളാണ് കൂടുതലും. മിനിമം ബഡ്ജറ്റില്‍ (പരമാവധി മൂന്ന് കോടി) ചെയ്യുന്ന സിനിമയ്ക്കു പോലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയാക്കി തീയേറ്ററില്‍ എത്തിക്കാന്‍ 45 ദിവസങ്ങളെങ്കിലും വേണം. ഏറ്റവും ചുരുങ്ങിയത് 50 പേരെങ്കിലും ഒരു സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഷൂട്ടിംഗ് സെറ്റില്‍ ഒരു ദിവസം 30 പേരെങ്കിലും ഉണ്ടാകും. (ബിഗ് ബഡ്ജറ്റ് സിനിമകളുടെ കണക്ക് ഇതിന്റെ പലയിരട്ടിയാണ്). ഇവരുടെ ഭക്ഷണം, യാത്ര ചെലവ്, താമസം എന്നിവയെല്ലാം നിര്‍മാതാവിന്റെ കാശാണ്. ജോലി സമയം ക്ലിപ്തപ്പെടുത്തിയിട്ടുള്ളതിനാല്‍ ഒരു മെസ് ജീവനക്കാരനുപോലും അധിക ഡ്യൂട്ടി ചെയ്യേണ്ടി വന്നാല്‍ കൂലി കൂടുതല്‍ കൊടുക്കണം. രാത്രികാലങ്ങളില്‍ ജോലി ചെയ്യുന്നതിന് പ്രത്യേക ബാറ്റ നല്‍കണം. ഒരു ദിവസം മിനിമം മൂന്നുലക്ഷം രൂപയാണ് ശരാശരി ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയ്ക്കു ചെലവാകുന്നത്. അതുപോലെയാണ് ഷൂട്ടിംഗ് ലൊക്കേഷനുകള്‍ക്ക് മുടക്കുന്ന തുകയും. ലക്ഷങ്ങള്‍ നല്‍കിയായിരിക്കും ഹോട്ടലുകള്‍, എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഷൂട്ടിംഗ് അനുമതി വാങ്ങുന്നത്. ഡേറ്റ് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ നിര്‍മാതാവിന് ഇരട്ടി നഷ്ടം.

കരുതിയതിനേക്കാള്‍ പണം തന്റെ കൈയില്‍ നിന്നു പോകുമ്പോഴും ഒരു നിര്‍മാതാവിന്റെ പ്രതീക്ഷ താന്‍ ചെയ്യുന്ന സിനിമയാണ്, അത് തീയേറ്ററില്‍ വിജയിച്ച് കിട്ടുന്ന പണം കൊണ്ട് നഷ്ടങ്ങളും കടങ്ങളും തീര്‍ക്കാമെന്നയാള്‍ പ്രതീക്ഷിക്കും. എന്തു വന്നാലും സിനിമ പൂര്‍ത്തിയാക്കാന്‍ അയാളെ പ്രേരിപ്പക്കുന്നതും ആ പ്രതീക്ഷയാണ്. ആ സിനിമ പാതിയില്‍ മുടങ്ങിയാലോ തീയേറ്ററില്‍ പരാജയപ്പെട്ടാലോ നിര്‍മാതാവിന്റെ അവസ്ഥ എന്തായിരിക്കും? മലയാളത്തിലെ മുഖ്യധാരാ അഭിനേതാക്കള്‍ക്കെല്ലാം കൈനിറയെ സിനിമകളുണ്ട്. അവരുടെ എത്ര സിനിമകള്‍ സാമ്പത്തികമായി വിജയിച്ചു എന്നു കണക്കെടുത്താല്‍ തമാശയും തോന്നും. എന്നാലും അവരൊക്കെ ഇപ്പോഴും തിരക്കുള്ള അഭിനേതാക്കളാണ്. അവരെ വച്ച് സിനിമ ചെയ്ത നിര്‍മാതാക്കളോ? നടനോ സംവിധായകനോ രണ്ട് പരാജയങ്ങള്‍ ഉണ്ടായാലും കുഴപ്പമില്ല, അടുത്തൊരു വിജയം കൊണ്ട് അവരുടെ മാര്‍ക്ക് വാല്യു തിരിച്ചു പിടിക്കാം, അല്ലെങ്കില്‍ കൂട്ടാം. എന്നാല്‍ ഒരു പരാജയം പോലും ഒരു നിര്‍മാതാവിനെ പിന്നീടൊരിക്കലും തിരിച്ചുവരാനാവാത്തവിധം തകര്‍ത്തു കളയും.

സിനിമ മൂലധനം ആവശ്യമുള്ളൊരു കച്ചവടമാണ്. മൂലധനം മുടക്കാന്‍ ആളുണ്ടെങ്കിലും കച്ചവടം വിജയിക്കാന്‍ ഒരാള്‍ മാത്രം വിചാരിച്ചാല്‍ പോരാ എന്നൊരു കുഴപ്പം കൂടി ഇവിടെയുണ്ട്. കൂട്ടായ പ്രയത്നമാണ് സിനിമ. അതിന് തയ്യാറാകാതിരുന്നിടത്താണ് മറ്റ് പല കാരണങ്ങളും ന്യായീകരിക്കാന്‍ ഉണ്ടെങ്കിലും, ഷെയ്ന്‍ നിഗത്തോട് വിയോജിക്കേണ്ടി വരുന്നത്. സിനിമയില്‍ ഒരാളോട് പ്രതിഷേധം കാണിച്ചാല്‍, അത് ബാധിക്കുന്നത് ഒരുപാട് പേരെയാണ്. ഷെയ്ന്‍ കാരണം ഒരു ദിവസത്തെ ഷൂട്ടിംഗ് മുടങ്ങിയിട്ടുണ്ടെങ്കില്‍ അത് നിര്‍മാതാവിന് ലക്ഷങ്ങളുടെ അധിക ബാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്. പത്തു മുപ്പതോളം പേരുടെ ജോലിയാണ് നഷ്ടമാക്കിയത്. ദിവസം അഞ്ച് ലക്ഷം എന്ന കണക്കില്‍ കാള്‍ ഷീറ്റുകള്‍ നല്‍കുന്ന സഹനടന്മാരുണ്ട്. ഷൂട്ടിംഗ് മുടങ്ങിയെന്നു കരുതി അവരുടെ കൂലി കൊടുക്കാതിരിക്കാന്‍ കഴിയില്ല. ഡേറ്റുകള്‍ തെറ്റിയാല്‍ സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് വേറെയാണ്. മറ്റ് പല സിനിമകളെയും ബാധിക്കുമെന്നു മാത്രമല്ല, അതിന്റെ നിര്‍മാതാക്കള്‍ക്കും നഷ്ടമുണ്ടാക്കും. ഇക്കാര്യങ്ങളൊക്കെ മനസിലാക്കാന്‍ 22 വയസ് ധാരളമാണ്. എന്നെ മാര്‍ക്കറ്റ് ചെയ്തല്ലേ നിങ്ങള്‍ സിനിമ ഓടിക്കുന്നതെന്നു പറയുന്ന നായകന്മാര്‍ ഷെയ്നെ കൂടാതെ വേറെയുമുണ്ട് മലയാളത്തില്‍. തന്റെ മാര്‍ക്കറ്റിന് അനുസരിച്ച് ഓരോ സിനിമയ്ക്കും മുന്‍പ് വാങ്ങിയതിന്റെ അഞ്ചും പത്തും ഇരട്ടി കൂടുതല്‍ പ്രതിഫലം പറയുന്നവരുമുണ്ട്. ഏതെങ്കിലുമൊരു വ്യക്തിയുടെ പ്രശ്നമല്ല, ഇതൊരു പ്രവണതയാണ്. ഇവിടുത്തെ നിര്‍മാതാക്കളും സംവിധായകരുമെല്ലാം ചേര്‍ന്ന് ഉണ്ടാക്കി കൊടുത്ത പ്രവണത. മാറേണ്ടത് ഷെയന്‍ മാത്രമല്ല, മലയാള സിനിമയെ മോശമായി ബാധിച്ചിരിക്കുന്ന പലതുമാണ്. ദുര്‍ബലമായ ഈ ഇന്‍ഡസ്ട്രി നിലനിന്നു പോകാന്‍ മാറ്റങ്ങള്‍ വന്നേ മതിയാകൂ. അതുപക്ഷേ വിലക്കിന്റെ രാഷ്ട്രീയം വച്ച് ഉണ്ടാക്കാനും ശ്രമിക്കരുത്.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടിന്റെ ചരിത്രമെടുത്താല്‍, മലയാള സിനിമയില്‍ ഉണ്ടായതുപോലെ വിലക്കുകള്‍ മറ്റേതെങ്കിലും ഇന്‍ഡസ്ട്രിയില്‍ നടന്നിട്ടുണ്ടോയെന്ന് സംശയമാണ്. കുടുംബപാരമ്പര്യവും രാഷ്ട്രീയബന്ധങ്ങളും അധോലോക ഇടപെടലുകളും എല്ലാം നിറഞ്ഞു നില്‍ക്കുന്ന ബോളിവുഡില്‍ പോലും കാണാത്ത തരത്തില്‍ ഒരാളെ നിശബ്ദനാക്കാന്‍ മലയാളം ഇന്‍ഡസ്ട്രി വാശി പിടിച്ചിട്ടുണ്ട്. തങ്ങളുടെ അസാന്നിധ്യം കൊണ്ടു പോലും ശ്രദ്ധ നേടാന്‍ കഴിയുന്ന തരത്തില്‍ പ്രാധാന്യമുള്ളവരായിരുന്നപ്പോള്‍ തന്നെയാണ് ജഗതിയേയും തിലകനെയും വിനയനെയുമൊക്കെ സിനിമയില്‍ നിന്നും പുറത്താക്കാന്‍ ഇവിടുത്തെ സംഘടനകള്‍ ശ്രമിച്ചത്. അവര്‍ക്കത് വ്യക്തിപരമായി ഉണ്ടാക്കിയതിനെക്കാള്‍ വലുതായിരുന്നു, അവര്‍ക്ക് മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ സിനിമയ്ക്ക് ഉണ്ടായ നഷ്ടം. ഒരു തൊഴില്‍ മേഖലയില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് സംഘടനകള്‍ രൂപം കൊള്ളുന്നത്. മലയാള സിനിമയുടെ ഓരോ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇന്നു സംഘടനകളുണ്ട്. പക്ഷേ, അവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാനെന്നപോലെയാണ്. രണ്ടു വ്യക്തികള്‍ തമ്മിലുണ്ടാകുന്ന പിണക്കമോ തര്‍ക്കമോ, ഒരു വിഷയത്തില്‍ അപരന് ദഹിക്കാത്ത വണ്ണം പറയുന്ന പ്രതികരണമോ ഒക്കെയാണ് വിലക്കിലേക്ക് എത്തിയിട്ടുള്ളത്. ജനാധിപത്യബോധം തീരെ ഇല്ലാത്തവിധം പെരുമാറുന്നവരാണ് നേതൃത്വത്തിലെ ഭൂരിഭാഗവും. എഎംഎംഎ (അമ്മ) രൂപീകരിക്കാന്‍ കൂട്ടത്തില്‍ നിന്നൊരാളായിരുന്നു ജഗതി ശ്രീകുമാര്‍; അതേ ജഗതിയെ വിലക്കിയത് സംഘടനയിലെ ചിലര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത ഒരു പ്രതികരണത്തിന്റെ പേരിലായിരുന്നു. മാക്ട ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന വിനയന്‍ ചെയ്ത തെറ്റ്, ഒരു നായക നടനും സംവിധായകനും തമ്മിലുണ്ടായ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടതായിരുന്നു. സംഘടനയല്ല, അതിലെ ചില വ്യക്തികള്‍ അവരുടെ ഈഗോ ജയിക്കാന്‍ വേണ്ടി പിടിവാശി നടത്തിയപ്പോഴാണ് ജഗതിയും വിനയനുമെല്ലാം കുറ്റക്കാരായി മാറിയത്. ഒരാള്‍ക്ക് തൊഴില്‍ നിഷേധിക്കുന്നത് തെറ്റാണെന്നു പറയുകയും നീതി നിഷേധിക്കപ്പെട്ടവന്റെ കൂടെ നിന്നതുകൊണ്ടുമാണ് തിലകനെ വിലക്കിയത്. ഒരു മേശയ്ക്ക് ഇരുപുറവുമിരുന്ന് പറഞ്ഞു തീര്‍ക്കാവുന്ന പല വിഷയങ്ങളും ഒരു ഭാഗത്തിന്റെ വാശിയും അഹങ്കാരവും കൊണ്ടുമാത്രം വഷളായിപ്പോയ ചരിത്രം മാത്രമേയുള്ളൂ ഓരോ വിലക്കിനു പിന്നിലും. ഷെയ്ന്‍ നിഗത്തിന്റെ കാര്യത്തിലും മറിച്ചല്ല.

ഒരു വെള്ളിയാഴ്ച്ചകൊണ്ട് ഒരാളുടെ തലവര മാറ്റിയെഴുതാന്‍ സിനിമയ്ക്ക് കഴിയുമെന്ന് പറയാറുണ്ട്. 23 വയസ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരനാണ് ഷെയന്‍. അയാള്‍ ഈ ഇന്‍ഡസ്ട്രിയിലേക്ക് വന്നിട്ട് ആറു വര്‍ഷമേ ആയിട്ടുള്ളൂ. മുന്‍നിര നായകനായി മാറിയത് കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ടും. ഇന്നയാള്‍ക്ക് തന്റെതായൊരു മാര്‍ക്കറ്റ് ഉണ്ട്. ഒരു അഭിനേതാവ് വില്‍പ്പന മൂല്യമുള്ള ഉത്പന്നമായി മാറുന്നത് പ്രേക്ഷകര്‍ക്ക് സ്വീകാര്യനാകുന്നതുകൊണ്ടാണ്. ആ സ്വീകാര്യത ഷെയ്‌നുണ്ട്. അയാളെ കൂടെ നിര്‍ത്തുകയെന്നതാണ് മലയാള സിനിമ വ്യവസായത്തിനും അഭികാമ്യം. വിപണയില്‍ ഡിമാന്‍ഡ് ഉള്ള ഉത്പന്നമാണിന്നയാള്‍. പക്ഷേ, നിര്‍മാതാക്കള്‍ പറയുന്നത്, തങ്ങള്‍ക്ക് അയാളെ ആവശ്യമില്ലെന്നാണ്. ഒന്നോ രണ്ടുപേരുടെ ഈഗോയ്ക്ക് വേണ്ടി ആവര്‍ത്തിക്കുന്ന ബുദ്ധിശൂന്യത. ഇവിടെ ആദ്യമായി ഒരു ഷെയ്ന്‍ നിഗം കാരണമല്ല സിനിമകള്‍ മുടങ്ങിയിട്ടുള്ളത്. ഇന്നിപ്പോള്‍ ഷെയ്‌നെ ഉപദേശിക്കാന്‍ മാതൃകകളായി കൊണ്ടു വരുന്ന സൂപ്പര്‍ താരങ്ങള്‍ കാരണം മുടങ്ങിപ്പോയ സിനിമകളും കുഴപ്പത്തിലായ നിര്‍മാതാക്കളും സംവിധായകരുമൊക്കെ നിരവധിയുണ്ട്. അവരില്‍ പലരും ഇപ്പോഴും ജീവനോടെയുമുണ്ട്. മെഗാസ്റ്റാറുകളെ സൃഷ്ടിച്ച സംവിധായകരും നിര്‍മാതാക്കളും എഴുത്തുകാരും ഇന്നിപ്പോള്‍ അവരെയൊന്നു നേരില്‍ കാണാന്‍ പോലും അനുവാദം കിട്ടാതെ അപമാനിക്കപ്പെട്ടും നില്‍പ്പുണ്ട്. ആ താരങ്ങളോടൊന്നും ഇല്ലാത്ത പ്രതിഷേധവും വാശിയും ഷെയ്‌നെ പോലുള്ള പുതുതലമുറക്കാരോട് മാത്രം കാണിക്കുന്നതിലെ ധാര്‍മികത എന്താണെന്നു മനസിലാകുന്നുമില്ല.

ഒരുപക്ഷേ ലോക സിനിമയില്‍ തന്നെ സ്വന്തം സഹപ്രവര്‍ത്തകയോട് ക്രൂരത കാണിച്ച സിനിമ ഇന്‍ഡസ്ട്രി മലയാളം മാത്രമായിരിക്കും. ആ ക്രൈമിനു പിന്നില്‍ നിന്ന വ്യക്തിയോട് പോലും ചേര്‍ന്ന് നിന്ന് ഐക്യദാര്‍ഢ്യം പ്രകടപ്പിച്ചവരാണ് ഒരു 23-കാരന്റെ ആവേശത്തെ ചോദ്യം ചെയ്തതും വിചാരണപോലും കൂടാതെ ശിക്ഷ വിധിച്ചതും. ഒരു കൊലയാളിക്ക് പോലും തന്റെ ഭാഗം വാദിക്കാനുള്ള അവസരം നല്‍കുന്ന ജനാധിപത്യമാണ് നമ്മുടെ രാജ്യത്തുള്ളത്. ഷെയ്‌ന് ആ അവകാശം പോലും സിനിമ സംഘടനകള്‍ കൊടുത്തിട്ടില്ല. കഞ്ചാവ് പുകയുള്ള തലമുറയെന്ന് ഇന്നത്തെ യുവാക്കളെ അധിക്ഷേപിക്കുന്നവര്‍ തന്നെയാണ് 'കാരവാന്‍ സംസ്‌കാര'ത്തിലേക്ക് മലയാള സിനിമയെ കൂട്ടിക്കൊടുത്തതെന്നും മറക്കരുത്. ലൈംഗിക ചൂഷണവും തൊഴില്‍ നിഷേധങ്ങളും നടക്കുന്ന ഇന്‍ഡസ്ട്രിയെന്ന കുപ്രസിദ്ധിയിലേക്ക് മലയാള സിനിമ എത്തിയത് ഷെയ്‌നോ അയാളെപ്പോലുള്ള പുതുതലമുറ നടീനടന്മാരോ വന്നതിനുശേഷമല്ലെന്നും ഓര്‍ക്കണം. മറിച്ച്, അവരെപ്പോലെ പുതുതലമുറ നടീ, നടന്മാരാണ് പലപ്പോഴും അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടുള്ളതും. തൊഴിലിടത്തില്‍ തങ്ങള്‍ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് പരാതി പറഞ്ഞവരെയെല്ലാം പുച്ഛിച്ച അതേ സംഘടനകള്‍ തന്നെയാണ് ഇന്നത്തെ ചെറുപ്പക്കാരുടെ പെരുമാറ്റവും സ്വഭാവവും സംസാരവും ശരിയല്ലെന്നു പറയുന്നതെന്നും ഓര്‍ക്കണം. സ്വന്തം പല്ലിട കുത്തി മറ്റുള്ളവരെ മണപ്പിക്കുന്ന പ്രതികരണങ്ങള്‍ നടത്തുന്നവരെല്ലാം തന്നെ സെല്‍ഫ് ഓഡിറ്റിംഗ് നടത്തിയാല്‍ ഷെയ്ന്‍ ഒരു തെറ്റേയല്ലെന്നു മനസിലാക്കാവുന്നതേയുള്ളൂ.

ഷെയ്‌ന് വീഴ്ച്ച പറ്റിയിട്ടില്ലെന്നല്ല, അക്ഷന്തവ്യമായ അപരാധമൊന്നും അയാള്‍ ചെയ്തിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതുള്‍ക്കൊണ്ട് കാര്യങ്ങള്‍ വീക്ഷിച്ച് ഇപ്പോഴത്തെ വിവാദങ്ങളെല്ലാം അവസാനിപ്പിക്കാന്‍ മലയാള സിനിമ തയ്യാറാകണം. തെറ്റുകള്‍ തെറ്റുകളായി തന്നെ നിലനിര്‍ത്തിപ്പോകാനാണ് ശ്രമിക്കുന്നതെങ്കില്‍, മലയാള സിനിമ മേഖല ഇപ്പോഴുള്ളതിനെക്കാള്‍ വലിയ പ്രതിസന്ധികളിലേക്ക് വീഴുമെന്നതില്‍ സംശയമില്ല. ഡബ്ല്യുസിസി നിലവില്‍ വരാനുണ്ടായ കാരണങ്ങളും അതിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചതുമൊക്കെ ഓര്‍മയിലുണ്ടായിരിക്കുന്നതും നല്ലതാണ്.

Next Story

Related Stories