TopTop
Begin typing your search above and press return to search.

ഇന്ന് ഞാന്‍ നാളെ നീ? കനകപുരയില്‍ ഉയരുന്ന ക്രിസ്തുവിന്റെ പ്രതിമയോട് ആര്‍എസ്‌എസിന് എന്താണ് പ്രശ്നം?

ഇന്ന് ഞാന്‍ നാളെ നീ? കനകപുരയില്‍ ഉയരുന്ന ക്രിസ്തുവിന്റെ പ്രതിമയോട് ആര്‍എസ്‌എസിന് എന്താണ് പ്രശ്നം?

എഡിറ്റോറിയല്‍

സംഘപരിവാറിന്റെ ദക്ഷിണേന്ത്യയിലെ ഹിന്ദുത്വ പരീക്ഷണശാലയാണ് കര്‍ണാടകം. ഒരുപക്ഷേ, രാജ്യത്ത് ആര്‍എസ്‌എസിന് ഏറ്റവും ശക്തിയുള്ള മേഖല ദക്ഷിണ കന്നടയുമാണ്. ദക്ഷിണേന്ത്യയില്‍ ബിജെപി അധികാരം പിടിച്ചിട്ടുള്ള ഏക സംസ്ഥാനവും കര്‍ണാടകമാണ്. ശക്തമായ മതധ്രുവീകരണം നിലനില്‍ക്കുന്ന ഈ സംസ്ഥാനത്ത് ഇടയ്ക്കിടെയുണ്ടാകുന്ന കലാപങ്ങള്‍ക്ക് പിന്നില്‍ വലതുപക്ഷ സംഘടനകളുടെ പങ്ക് പലപ്പോഴും ഉയര്‍ന്നു വന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ മണ്ഡലമായ കനകപുരയില്‍ പുതിയൊരു 'യുദ്ധമുഖം' തുറന്നിരിക്കുകയാണ് ബിജെപി-ആര്‍എസ്‌എസ് ഇപ്പോള്‍.

കനകപുര ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ഹരോബേലെ. ഇവിടുത്തെ 3,500-ഓളം താമസക്കാരില്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ സമുദായക്കാരാണ്. ഈ ഗ്രാമത്തിലെ കപാല്‍ബേട്ട എന്ന കുന്നിനു മുകളില്‍ 114 അടി ഉയരമുള്ള ക്രിസ്തുവിന്റെ ഒരു പ്രതിമ സ്ഥാപിക്കാനുള്ള ഗ്രാമവാസികളുടെ തീരുമാനമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്, അല്ലെങ്കില്‍ വിവാദമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ പ്രതിഷേധവുമായി എത്തിയ ആര്‍എസ്‌എസും അനുബന്ധ സംഘടനകളും ഭീഷണി ഉയര്‍ത്തിയിരിക്കുന്നത് ജനുവരി 25-നുള്ളില്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ തങ്ങള്‍ 'അടുത്ത നടപടി' ആലോചിക്കും എന്നാണ്. ഈ കുന്ന് നേരത്തെ ഹിന്ദുക്കളുടെ ആരാധനാലയമായിരുന്നു എന്നും ഇവിടെ ക്രിസ്തുവിന്റെ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കില്ല എന്നുമാണ് ആര്‍എസ്‌എസ് നേതാവായ കല്ലട്ക പ്രഭാകര്‍ ഭട്ടിന്റെ ഭീഷണി. ഇന്ത്യയെ ഇനിയും വിദേശികള്‍ക്ക് വിട്ടുകൊടുക്കാനുള്ള പരിപാടിയുടെ ഭാഗമാണ് ഇതെന്നും ശിവകുമാര്‍ പ്രതിമ നിര്‍മിക്കാന്‍ കൂട്ടുനില്‍ക്കുന്നത് സോണിയാ ഗാന്ധിയെ പ്രീണിപ്പിക്കാനാണെന്നും ഇയാള്‍ ആരോപിക്കുന്നു. ഈ പ്രദേശത്ത് വന്‍ തോതില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി കൂടിയാണ് പ്രതിമ സ്ഥാപിക്കല്‍ എന്നും ആര്‍എസ്‌എസ് ആരോപിക്കുന്നു.

എന്നാല്‍ യുഎഇയിലും അമേരിക്കയിലും അമ്ബലം നിര്‍മിക്കാമെങ്കില്‍ എന്തുകൊണ്ടാണ് ക്രിസ്തുവിന്റെ ഒരു പ്രതിമ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ പറ്റാത്തതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ യു.ടി ഖാദര്‍ ചോദിക്കുന്നു. വിവാദങ്ങളെ ശിവകുമാറും തള്ളിക്കളഞ്ഞു. താന്‍ അവരുടെ എംഎല്‍എയാണെന്നും അവര്‍ക്ക് ഒരു പ്രതിമ സ്ഥാപിക്കണമെങ്കില്‍ താനല്ലാതെ മറ്റാരാണ് അവരെ സഹായിക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു. കഴിഞ്ഞ ദിവസം ദി ഹിന്ദു പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച്‌ ഇവിടെ താമസിക്കുന്ന ഹിന്ദുക്കള്‍ക്ക് അവിടെ ക്രിസ്തുവിന്റെ പ്രതിമ സ്ഥാപിക്കുന്നതില്‍ പ്രശ്‌നമില്ല. നൂറ്റാണ്ടുകളായി ഒരുമയോടെ കഴിയുന്നവരാണ് ക്രിസ്ത്യാനികളും ഹിന്ദുക്കളും ഇവിടെയെന്നും അനാവശ്യമായ വിവാദമാണ് ഇപ്പോള്‍ ഉണ്ടാക്കുന്നതെന്നും അവര്‍ പറയുന്നു. ഇവിടെ ഉണ്ടായിരുന്ന ചെറിയൊരു ഹിന്ദു ആരാധനാലായം അടുത്തൊരു ഡാം നിര്‍മിച്ചപ്പോള്‍ 1970-കളില്‍ മുങ്ങിപ്പോയെന്നും ഇപ്പോള്‍ ക്രിസ്തുവിന്റെ പ്രതിമ സ്ഥാപിക്കുന്ന കുന്നും ഇതും തമ്മില്‍ വ്യത്യാസമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സത്യത്തില്‍ ക്രിസ്തുമതത്തിന്റെ വലിയ ചരിത്രമുള്ള ഗ്രാമമാണ് ഹാരാബെലേ. 1662-ല്‍ ഇവിടെയത്തിയ പോര്‍ട്ട്ഗീസ് മിഷണറിയായ ഫാ. സിമാവോ മാര്‍ട്ടിനെസാണ് ആദ്യമായി മതം ഇവിടെ പ്രചരിപ്പിച്ചത്. ഇവിടെ നിന്ന് ഇതുവരെ 112 കന്യാസ്ത്രീകളും 36 പുരോഹിതരും ഉണ്ടായിട്ടുമുണ്ട്. ഇത്രയേറെ ചരിത്രമുള്ള ഒരു പ്രദേശത്താണ് സംഘപരിവാര്‍ സംഘടനകള്‍ ഇപ്പോള്‍ സംഘര്‍ഷവുമായി എത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഇന്ത്യയൊട്ടാകെ പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കുമെതിരായ പ്രതിഷേധങ്ങള്‍ അരങ്ങേറുന്ന സമയത്തു കൂടിയാണ് ന്യൂനപക്ഷ സമുദായമായ ക്രിസ്ത്യാനികള്‍ക്കെതിരെ കൊലവിളി ഉയര്‍ത്തുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. പൗരത്വ നിയമ ഭേദഗതിയില്‍ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുളള ക്രിസ്ത്യാനികള്‍ക്കും ഇന്ത്യയില്‍ പൗരത്വം നല്‍കും എന്നാണ് പറയുന്നത്. മുസ്ലീങ്ങളെ മാത്രമാണ് അവിടെ ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ കാണിക്കുന്നത് ക്രിസ്ത്യാനികളെ ഇന്ത്യന്‍ പൗരന്മാരായി കണക്കാക്കും എന്ന പ്രഖ്യാപനമൊക്കെ മുസ്ലീം സമുദായത്തെ ഒറ്റപ്പെടുത്തുന്നതിനു വേണ്ടിയുള്ള താത്കാലിക കാര്യമാണ് എന്നതാണ്.

സാമുദായിക വേര്‍തിരിവ് സൃഷ്ടിക്കുന്ന ഒന്നല്ലെങ്കില്‍ മറ്റൊരു വിഷയം സംഘപരിവാര്‍ എല്ലായ്‌പ്പോഴും കണ്ടെത്തിക്കൊണ്ടിരിക്കും. ഒഡീഷയിലും മധ്യപ്രദേശിലും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്ബ് ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കെതിരെ നടന്ന കലാപങ്ങള്‍ ഓര്‍മയുണ്ടാവും. ഇപ്പോഴും മതപരിവര്‍ത്തനത്തിന്റെ പേരില്‍ ക്രിസ്ത്യന്‍ സമുദായക്കാര്‍ക്കെതിരെ ആരോപണങ്ങളും നുണപ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നുണ്ട്. അതിന്റെ ഏറ്റവുമൊടുവിലുത്തേതാണ് ഇപ്പോള്‍ കര്‍ണാടകയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ന് മുസ്ലീങ്ങളാണെങ്കില്‍ നാളെ ക്രിസ്ത്യാനികള്‍ ആയിരിക്കും, അതു കഴിഞ്ഞാല്‍ അവര്‍ മറ്റുള്ളവരെ ശത്രുക്കളായി കണ്ടെത്തും. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആരാധന നടത്താനും ഭരണഘടന അനുവദിച്ചിട്ടുള്ള ഒരു രാജ്യത്താണ് ഇത്തരത്തില്‍ ജനങ്ങളെ വീണ്ടും ഭിന്നിപ്പിക്കുന്ന രീതിയിലുള്ള നിലപാടുകള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയും അവരുടെ പ്രത്യയശാസ്ത്രവും സ്വീകരിച്ചിട്ടുളളത് എന്നത് ഖേദകരമാണ്.

********

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള പ്രചരണ പരിപാടിയുടെ ഭാഗമായി ബിജെപി നേതാക്കളില്‍ നിന്ന് പ്രചരണ നോട്ടീസ് കൈപ്പറ്റിയ സീറോ മലബാര്‍ സഭാ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഈ നിയമത്തെ കുറിച്ച്‌ മനസിലാക്കിയിട്ടു തന്നെയാണോ ആ കാര്യം ചെയ്തത്? അതോ ഭൂമി ഇടപാട് കേസ്‌അടക്കമുള്ള നിരവധി ആരോപണങ്ങളുടെ പേരില്‍ ആദായനികുതി വകുപ്പിന്റേയും മറ്റ് അന്വേഷണ ഏജന്‍സികളുടേയുമൊക്കെ മുട്ട് വാതില്‍ക്കല്‍ കേള്‍ക്കുന്നതു കൊണ്ടാണോ?


Next Story

Related Stories