TopTop
Begin typing your search above and press return to search.

EDITORIAL: അവര്‍ മാധ്യമ പ്രവര്‍ത്തകരല്ല, മനുഷ്യകുലത്തിന്റെ ശത്രുക്കള്‍

EDITORIAL: അവര്‍ മാധ്യമ പ്രവര്‍ത്തകരല്ല, മനുഷ്യകുലത്തിന്റെ ശത്രുക്കള്‍

1980കളോടെ റുവാണ്ടയിലേയും പരിസര പ്രദേശങ്ങളിലേയും അധികാര ഘടനകളില്‍ ആഴ്ന്നിറങ്ങിയ ശതകോടിപതിയായ ഫെലിഷ്യന്‍ കബുഗയുടേത് മനസില്‍ പതിയുന്ന ഒരു വിജയഗാഥയായിരുന്നു. തേയിലത്തോട്ടങ്ങളുടെ ഉടമയായിരുന്ന അദ്ദേഹം 1990 കളില്‍ ഒരു മാധ്യമ സാമ്രാട്ടായി മാറി. ഫ്രീ റേഡിയോ ആന്റ് ടെലിവിഷന്‍ ഓഫ് തൗസന്റ് ഹില്‍സിന്റെയും (റേഡിയോ ടെലിവിഷന്‍ ലിബ്രെ ഡെസ് മില്ലെ കോളിന്‍സ്-ആര്‍ടിഎല്‍എം) കാന്‍ഗുര എന്ന ബഹുഭാഷ മാസികയുടെയും സ്ഥാപകനായിരുന്നു അദ്ദേഹം.

ഭൂരിപക്ഷ വിഭാഗക്കാരായ ഹുട്ടുകള്‍ക്കും ന്യൂനപക്ഷ ടുട്‌സികള്‍ക്കും ഇടയില്‍ വിഭാഗീയത ജ്വലിപ്പിക്കുന്ന വിദ്വേഷത്തിന്റെ സന്ദേശവാഹകരായിരുന്നു ഈ രണ്ട് വേദികളും. 1994 ഏപ്രില്‍ ആറിന്, ഹുട്ടു വിഭാഗത്തില്‍ പെട്ട സ്വേച്ഛാധിപതിയായ പ്രസിഡന്റ് ജുവനല്‍ ഹബിയരിമാന, ബറുണ്ടി പ്രസിഡന്റിനോടൊപ്പം സഞ്ചരിച്ചിരുന്ന വിമാനത്തിന് കിഗാലിക്ക് മുകളില്‍ വച്ച് വെടിയേല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്തതോടെ, വിദ്വേഷത്തിനുള്ള തയ്യാറെടുപ്പുകളും രക്തദാഹവും പരസ്യമാക്കപ്പെട്ടു.

തൊട്ടുടുത്ത ദിവസം മുതല്‍ അടുത്ത മൂന്ന് മാസത്തേക്ക് റുവാണ്ടയില്‍ ഒരു സമൂഹ കൂട്ടക്കൊല അരങ്ങേറുകയും ഏകദേശം പത്ത് ലക്ഷം പേര്‍ കുരുതിയ്ക്ക് ഇരയാവുകയും ചെയ്തു. അവരില്‍ ഭൂരിപക്ഷവും ടുട്‌സികളും കുറച്ച് മിതവാദി ഹുട്ടുകളുമായിരുന്നു. ഹിറ്റ്ലറുടെ നാസി ഭരണത്തില്‍ നടന്നതിനെക്കാള്‍ വേഗത്തിലായിരുന്നു കൊലകള്‍ നടന്നത്.

സൈന്യം, പോലീസ്, രാഷ്ട്രീയ കൂലിപ്പട എന്നിവര്‍ ചേര്‍ന്ന് നടപ്പിലാക്കിയ കൂട്ടക്കൊലയില്‍, ഇരകളെ കണ്ടെത്തിയിരുന്നത് തങ്ങളുടെ വംശം ഏതെന്ന് രേഖപ്പെടുത്തിയിരുന്ന ദേശീയ തിരിച്ചറിയല്‍ കാര്‍ഡിലൂടെയായിരുന്നു. തങ്ങളുടെ സ്വന്തം ഗ്രാമങ്ങളില്‍ അല്ലെങ്കില്‍ പട്ടണങ്ങളില്‍ വച്ച് പ്രധാനമായും വടിവാളുകളും തോക്കുകളും ഉപയോഗിച്ചാണ് ഇരകള്‍ കശാപ്പ് ചെയ്യപ്പെട്ടത്. പള്ളികളിലും സ്‌കൂള്‍ കെട്ടിടങ്ങളിലും ഒളിച്ചിരുന്നവരെ ഹുട്ടു കാപാലിക സംഘങ്ങള്‍ തേടിപ്പിടിച്ചു. ടുട്‌സി ജനസംഖ്യയിലെ ഏകദേശം 70 ശതമാനം തുടച്ചുനീക്കപ്പെടുകയും അഞ്ച് ലക്ഷം സ്ത്രീകള്‍ മാനഭംഗത്തിന് ഇരയാവുകയും ചെയ്തു.

പ്രസിഡന്റിന്റെ മരണത്തിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ കൂട്ടക്കൊലയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടന്നിരുന്നതായി പിന്നീടുള്ള അന്വേഷണങ്ങളില്‍ തെളിഞ്ഞു. 1993 ജനുവരിക്കും 1994 മാര്‍ച്ചിനും ഇടയില്‍, മാധ്യമ മാടമ്പിയായ കബുഗ ചൈനയില്‍ നിന്നും 500,000 വടിവാളുകള്‍ ഇറക്കുമതി ചെയ്തിരുന്നു. രാജ്യത്തെ മുതിര്‍ന്ന മൂന്ന് ഹുട്ടു വംശത്തില്‍പ്പെട്ടവന് ഒന്ന് വീതമായിരുന്നു ഇത്.

ആ മൂന്ന് മാസത്തെ ഭ്രാന്തിനെ കുറിച്ച് ലോകം അന്വേഷിക്കാന്‍ തുടങ്ങിയതോടെ കബുഗ അപ്രത്യക്ഷനായി. അയാളുടെ തലയ്ക്ക് അഞ്ച് ദശലക്ഷം ഡോളറിന്റെ അമേരിക്കന്‍ പാരിതോഷികവും മറ്റ് ഇനാമുകളുമുള്ള ലോകത്തില്‍ ഏറ്റവും വിലയുള്ള കുറ്റവാളിയാണ് ഇപ്പോഴുമയാള്‍. അയാള്‍ കെനിയയില്‍ ഒളിവിലാണെന്ന് ചില ഊഹാപോഹങ്ങളുണ്ട്. താന്‍ സൃഷ്ടിച്ച രക്തച്ചൊരിച്ചിലിലൂടെ ദശലക്ഷങ്ങളെ വേട്ടയാടിയതില്‍ നിന്നും കബുഗയ്ക്ക് എന്ത് പ്രയോജനമാണുണ്ടായത്?

കബുഗയും വിദ്വേഷവും റുവാണ്ടയില്‍ മാത്രമുള്ള ഒറ്റപ്പെട്ട പ്രതിഭാസമല്ല. കബുഗകളെയും മാധ്യമങ്ങള്‍ എന്ന വ്യാജേന വിദ്വേഷം തുപ്പുന്ന വേദികളെ ഇന്ത്യ ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. വിദ്വേഷം സമൂഹത്തിലേക്ക് ഇറ്റുവീഴുമ്പോള്‍, അധികപക്ഷവും അതിന് വലിയ പിന്തുണയാണ് ലഭിക്കാറ്. യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷം നിശബ്ദരാവും. നമ്മള്‍ അത് റുവാണ്ടയില്‍ കണ്ടു. ഇപ്പോള്‍ ഇന്ത്യയില്‍ കണ്ടുകൊണ്ടിരിക്കുന്നു.

വ്യാപാരി എന്ന നിലയില്‍ വലിയ വിജയങ്ങള്‍ നേടിയ ഹരിയാനയില്‍ നിന്നുള്ള സമ്പന്ന കച്ചവടക്കാരനും ഇപ്പോള്‍ ബിജെപിയുടെ രാജ്യസഭ അംഗവുമായ സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള വ്യാപാര സാമ്രാജ്യത്തിന്റെ ഭാഗമാണ് സീ ന്യൂസ്. ഒരിക്കല്‍ ശ്രദ്ധിക്കപ്പെട്ടിരുന്ന ദിനപത്രമായിരുന്ന ഡിഎന്‍എയുടെ സഹ ഉടമയുമായിരുന്നു അദ്ദേഹം. 2012ല്‍ കവര്‍ച്ച കുറ്റത്തിന് രണ്ട് മാസം തിഹാര്‍ ജയിലില്‍ അടയ്ക്കപ്പെട്ട സുധീര്‍ ചൗധരി എന്നൊരാളുടെ ദൈനം ദിന പ്രകടനത്തിന് മാത്രമുള്ള സ്ഥാപനമായി ഇപ്പോള്‍ അത് മാറിയിരിക്കുന്നു

കോണ്‍ഗ്രസ് എംപിയും വ്യവസായിയുമായ നവീന്‍ ജിണ്ടാലിന്റെ പരാതിയെ തുടര്‍ന്ന് 2012 നവംബറില്‍, കവര്‍ച്ച കുറ്റം ചാര്‍ത്തി ചൗധരിയും അയാളുടെ സഹപ്രവര്‍ത്തകന്‍ സമീര്‍ അലുവാലിയെയും അറസ്റ്റിലായിരുന്നു. കല്‍ക്കരി കുംഭകോണവുമായുള്ള ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ പങ്കുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മറച്ചുവെക്കുന്നതിന് പകരമായി തന്റെ കമ്പനിയില്‍ നിന്നും പരസ്യ ഇനത്തില്‍ നൂറു കോടി രൂപ പിടിച്ചു പറിയ്ക്കാന്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചതായി ജിന്‍ഡാല്‍ ആരോപിച്ചു. തങ്ങളുടെ എഫ്‌ഐആറില്‍ ഡല്‍ഹി പോലീസ് സുഭാഷ് ചന്ദ്രയുടെയും സീ എന്റര്‍ടെയ്ന്‍മെന്റിന്റെ മാനേജിംഗ് ഡയറക്ടറും ചന്ദ്രയുടെ മകനുമായ പുനിത് ഗോയങ്കയുടെയും പേരുകള്‍ ചേര്‍ത്തിരുന്നു. എന്നാല്‍ വിചിത്രമായ ഒരു നീക്കത്തിലൂടെ, പത്രപ്രവര്‍ത്തകര്‍ക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കാനും കേസ് അവസാനിപ്പിച്ചതായി കോടതിയെ അറിയിക്കാനും അഭ്യര്‍ത്ഥിച്ചുകൊണ്ട് ജിന്‍ഡാല്‍ ഗ്രൂപ്പ് 2018 ജൂലൈയില്‍ കത്തെഴുതി. കോടതി വ്യവഹാരങ്ങളെ അട്ടിമറിയ്ക്കുന്ന ഈ പ്രവണത മോദി യുഗത്തിന്റെ ഒരു സ്വഭാവ സവിശേഷതയാണ്.

സ്പഷ്ടമായ മാനനഷ്ട കേസുകള്‍ സീ ന്യൂസ് പലപ്പോഴും നേരിട്ടുണ്ട്. പിടിക്കപ്പെടുമ്പോള്‍ സ്ഥിരമായി മാപ്പു പറയുകയാണ് രീതി. എന്നാല്‍, ഹിന്ദി ഹൃദയഭൂമിയിലെ ഏറ്റവും വലിയ ശബ്ദമായി തുടരുന്ന അവര്‍, ദിവസവും മുസ്ലീങ്ങള്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും എതിരായി വിദ്വേഷം കുത്തിവെക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അഭിമുഖങ്ങളിലൂടെയും സംവാദങ്ങളിലൂടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ബിജെപി നേതാക്കളും ചാനലിന് വിശ്വാസ്യത നല്‍കിക്കൊണ്ടുമിരിക്കുന്നു.

ഇന്ത്യയിലെ വിഷലിപ്ത വിദ്വേഷത്തിന്റെ ഏക കാര്യക്കാരനാണ് സീ ന്യൂസ് എന്ന് കരുതരുത്. ഏഷ്യാനെറ്റിന്റെ ഉടമസ്ഥന്‍ രാജീവ് ചന്ദ്രശേഖരന്‍ സ്ഥാപിച്ച അര്‍ണാബ് ഗോസ്വാമിയുടെ റിപബ്ലിക് ചാനലും മറ്റ് നിരവധി ചാനലുകളും തതുല്യ നിലയില്‍ ശോചനീയ വിദ്വേഷ വ്യാപാരികളായി തുടരുന്നു.

അവര്‍ ചെയ്യുന്നത് മാധ്യമ പ്രവര്‍ത്തനമല്ല.

എന്താണ് മാധ്യമ പ്രവര്‍ത്തനമെന്ന് അമേരിക്കന്‍ എഴുത്തുകാരന്‍ ആര്‍തര്‍ മില്ലര്‍ സംക്ഷിപ്തമായി രേഖപ്പെടുത്തിയിട്ടുണ്ട്: 'ഒരു നല്ല വര്‍ത്തമാന പത്രമെന്നാല്‍ ഒരു രാജ്യം അതിനോട് തന്നെ സംസാരിക്കുന്നതാണ്.' പക്ഷെ സുധീര്‍ ചൗധരിയുടെയും അര്‍ണാബ് ഗോസ്വാമിയുടെയും ലോകത്തില്‍, പരസ്പരം എങ്ങനെ വെറുക്കാമെന്ന് ഒരു രാഷ്ട്രത്തെ പഠിപ്പിക്കുന്ന ധാര്‍മ്മിക സേനാധിപന്മാരാണ് അവര്‍. സംസ്‌കാരമില്ലാത്ത അധിക്ഷേപങ്ങളുടെയും അധഃപതിച്ച അവകാശവാദങ്ങളുടെയും വാദ്യവൃന്ദത്തിന്റെ സംവിധായകരാണവര്‍.

ഭയം കൊണ്ടാണോ അതോ എന്തെങ്കിലും പ്രലോഭനങ്ങളുടെ പേരിലാണോ അതുമല്ലെങ്കില്‍ തങ്ങള്‍ പറയുന്ന കാര്യങ്ങളില്‍ അവര്‍ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നതു കൊണ്ടാണോ മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിക്കുകയും ഭരിക്കുന്ന സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തകരാകാന്‍ ഈ പറയുന്ന ആളുകള്‍ തീരുമാനിച്ചതെന്ന് നമുക്ക് ഒരിക്കലും അറിയാന്‍ സാധിക്കില്ല. അതെന്തായാലും, ഇന്ത്യന്‍ ഭരണഘടനയുടെ മേലുള്ള ഒരു കടന്നാക്രമണമാണ് അവര്‍ നടത്തുന്നത്. ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപബ്ലിക്കായ ഇന്ത്യയെന്ന ലോകത്തിലെ ഏറ്റവും മനോഹരമായ പരീക്ഷണത്തെ നിശിപ്പിക്കുന്നതിനുള്ള ക്രിമിനല്‍ ഗൂഢാലോചനയാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

അവര്‍ മാധ്യമ പ്രവര്‍ത്തകരല്ല എന്ന് പ്രഖ്യാപിക്കുന്നതില്‍ അഴിമുഖത്തില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ ഒരു നിമിഷം പോലും ശങ്കിക്കുന്നില്ല. അതിന്റെ എല്ലാ ഗൗരവത്തോടെയും ഞങ്ങളുടെ വാമൂടിക്കെട്ടാനും ഞങ്ങളെ ഭയപ്പെടുത്താനും ഞങ്ങളെ നിശബ്ദരാക്കാനും തങ്ങളുടെ അധികാരങ്ങള്‍ ദുരുപയോഗിച്ച സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കും എതിരായി ഞങ്ങള്‍ നടത്തിയ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിലുമാണ് ഞങ്ങളിത് പറയുന്നത്.

വിദ്വേഷപൂരിതമായ പ്രചാരണങ്ങള്‍ക്കും സമൂഹത്തില്‍ വിഭാഗീയത പരത്തുന്നതിനും നിലവിലുള്ള നിയമങ്ങള്‍ക്കനുസരിച്ചുള്ള നടപടികള്‍ അവര്‍ നേരിടേണ്ടതുണ്ട്. പി ഗവാസിനെ പോലെയുള്ള അഭിഭാഷകരുടെ ശ്രമങ്ങള്‍ പ്രശംസനീയമാണ്. സമീപ ഭാവിയില്‍, ഈ ദിവസങ്ങളുടെ ഭ്രാന്ത് കെട്ടടങ്ങുകയും പ്രതീക്ഷാനിര്‍ഭരമായ രീതിയില്‍ കൂടുതല്‍ പക്വതയുള്ള ജനാധിപത്യ ഇടമായി ഇന്ത്യ മാറുകയും ചെയ്യുമ്പോള്‍, ഈ ദിവസങ്ങളുടെ ചരിത്രം രചിക്കപ്പെടുമ്പോള്‍, ഭിന്നാഭിപ്രായം രേഖപ്പെടുത്തിയവര്‍ എന്ന നിലയില്‍, നായകന്മാരായി തന്നെ ഗവാസിനെ പോലെയുള്ളവര്‍ വാഴ്ത്തപ്പെടും എന്ന കാര്യത്തില്‍ ഒരു സംശയത്തിനും അവകാശമില്ല. അന്ന് നമ്മളെ വിഭജിച്ചതിന്റെ പേരില്‍, നമ്മളെ കൂട്ടക്കൊല ചെയ്തതിന്റെ പേരില്‍, ഭരണഘടനാ ധ്വംസനം നടത്തിയതിന്റെ പേരില്‍ വിചാരണ ചെയ്യപ്പെടുന്നവരുടെ കൂട്ടത്തില്‍ സീ ന്യൂസിനെയും റിപബ്ലിക് ടിവിയെയും പോലുള്ളവര്‍ ഉണ്ടാവും. ഇന്ത്യയ്ക്ക് വേണ്ടിയുള്ള കണക്കെടുപ്പിന്റെ ഈ നിമിഷത്തില്‍ ആരോടൊപ്പമാണ് നിലകൊള്ളുന്നത് എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരു സംശയവുമില്ല.


Next Story

Related Stories