Top

'ഹമാര ബജാജ്' ഒരു പരസ്യവാചകം മാത്രമല്ല; മോദിയുടെ ഇന്ത്യയില്‍ വിമര്‍ശനം സാധ്യമാണോ?

എഡിറ്റോറിയല്‍

["ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, പക്ഷേ അഭിപ്രായം പ്രകടിപ്പിച്ചു കഴിഞ്ഞ് ആ സ്വാതന്ത്ര്യം ഉണ്ടാകുമോ എന്ന് എനിക്ക് ഉറപ്പ് പറയാന്‍ കഴിയില്ല"- ഈദി അമീന്‍ പറഞ്ഞതായി പറയപ്പെടുന്നത്]

നരേന്ദ്ര മോദി സര്‍ക്കാരുമായി ബന്ധപ്പെട്ടുയര്‍ന്നിട്ടുള്ള 'ഹമാര ബജാജ്' ചര്‍ച്ചകള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല എന്നു മാത്രമല്ല, കൂടുതല്‍ വിവാദങ്ങള്‍ക്കും ഇത് കാരണമായേക്കാം. കാരണം രാജ്യത്തെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വ്യവസായ കുടുംബങ്ങളിലൊന്നിന്റെ തലവനായ രാഹുല്‍ ബജാജിന്റെ വാക്കുകള്‍ സര്‍ക്കാരിനെ അത്രയേറെ വിറളി പിടിപ്പിച്ചിരിക്കുന്നു.

ഇനി മറ്റു ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാം.

2017- മാര്‍ച്ചില്‍ ടൈംസ് ഓഫ് ഗ്രൂപ്പ് സംഘടിപ്പിച്ച തങ്ങളുടെ അഭിമാന പദ്ധതികളിലൊന്നായ ഇകണോമിക് ടൈംസ് ഗ്ലോബല്‍ ബിസിനസ് ഉച്ചകോടി ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. എന്നാല്‍ പരിപാടി തുടങ്ങുന്നതിന് തൊട്ടു മുമ്പ് ഇതില്‍ പങ്കെടുക്കുന്നതില്‍ നിന്നും മോദിയും അദ്ദേഹത്തിന്റെ മന്ത്രിമാരും പിന്മാറി. തുടര്‍ന്ന് കമ്പനിയുടെ ഉടമസ്ഥരായ ജയിന്‍ കുടുംബക്കാര്‍ അന്ന് പാര്‍ട്ടി അധ്യക്ഷനായ അമിത് ഷായ്ക്കരികിലേക്ക് ഓടി. ഇതിനെക്കുറിച്ച് ഡല്‍ഹിയിലെ മാധ്യമവൃത്തങ്ങളില്‍ പ്രചരിക്കുന്ന കാര്യം ഇതാണ്. അമിത് ഷാ കാര്യം വ്യക്തമാക്കി. മോദി വരില്ല. കാരണം, ആ വര്‍ഷം നടന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്കും അഖിലേഷ് യാദവിനും അനുകൂലമായി ടൈംസ് ഗ്രൂപ്പ് വാര്‍ത്തകള്‍ നല്‍കി. ടൈംസ് ഗ്രൂപ്പ് തലവന്‍ വിനീത് ജയിന്‍ നോട്ട് നിരോധനത്തെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചതടക്കമുള്ള കാര്യങ്ങളും അമിഷാ കാരണമായി ചൂണ്ടിക്കാട്ടി എന്നാണ് വിവരം. ടൈംസ് ഓഫ് ഗ്രൂപ്പിനെ പോലെയുള്ള രാജ്യത്തെ ഏറ്റവും വലിയ ഒരു മാധ്യമ സ്ഥാപനത്തിന്റെ അടിത്തറ തന്നെ ഇളകിപ്പോകുന്ന വിധത്തിലുള്ള ഒരു നീക്കമായിരുന്നു അത്. പിന്നീട് ഏതെങ്കിലും സമയത്ത് ടൈംസ് ഗ്രൂപ്പ് മോദി സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. [ഞങ്ങള്‍ ഇതിനെക്കുറിച്ച് നേരത്തെ എഴുതിയിട്ടുണ്ട്. അത് ഇവിടെ വായിക്കാം: ടൈംസ് ഓഫ് ഇന്ത്യ പരിപാടി മോദി ബഹിഷ്ക്കരിച്ചെങ്കില്‍ അതൊരു വലിയ മുന്നറിയിപ്പാണ്}

മറ്റൊരു സംഭവം: കടക്കെണിയിലായ ഒരു മാധ്യമ ഗ്രൂപ്പിനെ 'സഹായിക്കാ'നും ഏറ്റെടുക്കാനുമായി ഇന്ത്യയിലെ ഒരു ബിസിനസ് ഗ്രൂപ്പ് ആ കമ്പനിയില്‍ പണം നിക്ഷേപിക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ "എവിടെ വേണമെങ്കിലും പണം നിക്ഷേപിച്ചുകൊള്ളൂ, ആ കമ്പനിയില്‍ പാടില്ല" എന്ന് ആ ബിസിനസ് ഗ്രൂപ്പിന്റെ തലവനെ വിളിച്ചു മുന്നറിയിപ്പ് നല്‍കിയത് ഒരു മുതിര്‍ന്ന കേന്ദ്രമന്ത്രി തന്നെയാണ് എന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ നല്‍കുന്ന വിവരം. ആ നിക്ഷേപവും ഏറ്റെടുക്കലുമൊന്നും എന്തായാലും ഇതുവരെ നടന്നിട്ടില്ല.

ഇതാണ് മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനരീതിയുടെ ഒരു മാനദണ്ഡം. ഇത് ശരിയാണോ എന്നറിയാന്‍ ഇന്ന് ദേശീയ തലത്തിലുള്ള ഇംഗ്ലീഷ്, ഹിന്ദി ന്യൂസ് ചാനലുകളും മറ്റും ശ്രദ്ധിച്ചാല്‍ മതിയാകും. മാധ്യമങ്ങളാണോ ഭരിക്കുന്ന പാര്‍ട്ടിയുടെ മുഖപത്രമാണോ എന്നു തോന്നുംവിധമാണ് അതിലെ പരിപാടികള്‍. രാജാവിനേക്കാള്‍ വലിയ രാജഭക്തി പ്രകടിപ്പിക്കുന്ന ഈ മാധ്യമങ്ങളാകട്ടെ, എല്ലാവിധത്തിലുള്ള വിദ്വേഷ പ്രചരണങ്ങള്‍ക്കും കുടപിടിക്കുകയും മാധ്യമ ധാര്‍മികത എന്നത് ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത വിധത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് നാം കാണുന്നുണ്ട്.

ഇതിന് ഒരു മറുപുറവും കൂടിയുണ്ട്. സര്‍ക്കാരിനെ വിമര്‍ശിക്കണമെങ്കില്‍, ഒന്നുകില്‍ ആ വിമര്‍ശനം ഉള്‍ക്കൊള്ളാനുള്ള വിശാലതയും അതിനുള്ള പക്വതയും ഉള്ളവരാകണം ആ സര്‍ക്കാര്‍. അങ്ങനെയുള്ളപ്പോള്‍ സുതാര്യമായ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കും, അഭിപ്രായ സ്വാതന്ത്ര്യം എന്ന് ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാകും. ജനാധിപത്യം മെച്ചപ്പെടും. ഇനി ഇതില്ലാത്ത സര്‍ക്കാര്‍ ആണെങ്കിലോ? മാധ്യമങ്ങള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയും സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ക്ക് ഇരയാകുകയും അതിനോട് പൊരുതുകയും ചെയ്യണം. മറ്റൊരു വഴിയുള്ളത്, സര്‍ക്കാരിനു വേണ്ടി, സര്‍ക്കാരിനാല്‍ ഭരിക്കപ്പെടുന്ന, സര്‍ക്കാരിന്റെ നാവാവുക. ഇതില്‍ രണ്ടാമത്തേതാണ് 2014-നു ശേഷം ഇന്ത്യയിലെ മിക്ക മാധ്യമ ഗ്രൂപ്പുകളും സ്വീകരിച്ചിരിക്കുന്ന നയം.

2018 ഏപ്രിലില്‍ മോദി ലണ്ടനില്‍ പ്രസംഗിച്ചത് "തന്റെ സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് തനിക്ക് വേണ്ടതെന്നും അത് ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തും" എന്നുമാണ്.എന്നാല്‍ മോദിയുടെ ഇന്ത്യയില്‍ വിമര്‍ശനം സാധ്യമാണോ? സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കുമപ്പുറം എത്ര പേര്‍ മോദി സര്‍ക്കാരിന്റെ നയപരിപാടികളെ വിമര്‍ശിക്കുന്നുണ്ട്? ആരൊക്കെയാണ മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അര്‍ഹര്‍?

അങ്ങനെ നോക്കുമ്പോള്‍ നാം ആദ്യം കൈചൂണ്ടുന്നത് ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളെയാണ്. അവരൊക്കെ സോഷ്യല്‍ മീഡിയയില്‍ വിവിധ വിഷയങ്ങളില്‍ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് അടക്കം ഈ വിമര്‍ശനങ്ങളെ ജനാഭിപ്രായം രൂപീകരിക്കുന്നതിനോ ജനകീയ മുന്നേറ്റം സാധ്യമാക്കുന്ന വിധത്തിലോ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നില്ല എന്നത് നാം കാണുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമാണോ ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ഭരിക്കുന്ന സര്‍ക്കാരിന്റെ നയപരിപാടികളെ വിമര്‍ശിക്കാനും വിലയിരുത്താനും ഉത്തരവാദിത്തം. അല്ല, സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഉള്ളവര്‍ക്ക് അതുണ്ട്. എന്നാല്‍ എല്ലാം രാഷ്ട്രീയക്കാരുടെ തലയില്‍ കെട്ടിവച്ച് മിക്കവരും മാറി നില്‍ക്കുന്നതാണ് നാം കാണുന്നത്. അതുകൊണ്ടാണ് എഴുത്തുകാര്‍ ഉള്‍പ്പെടെ തങ്ങളുടെ പ്രതിഷേധമായി അവാര്‍ഡ് വാപ്പസി നടത്തിയപ്പോള്‍ നാം അത്ഭുതം കൂറിയതും ഇത് തങ്ങള്‍ക്കെതിരെ മാത്രമുള്ള ഒരു പ്രതിഷേധമായി സര്‍ക്കാര്‍ വ്യാഖ്യാനിച്ചതും. കോണ്‍ഗ്രസില്‍ അടുത്തു ചേരുകയും മാസങ്ങള്‍ക്കുള്ളില്‍ രാജി വയ്ക്കുകയും ചെയ്ത ബോളിവുഡ് നടി ഊര്‍മിള മഡോദ്ക്കര്‍ ഈ ഇരട്ടത്താപ്പ്, ഹമാര ബജാജ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. അഭിനേതാക്കളും എഴുത്തുകാരുമൊന്നും പ്രതികരിക്കുന്നില്ലെന്ന് വിമര്‍ശനമുയരുമ്പോള്‍ എവിടെയാണ് ഇവിടുത്തെ വ്യവസായ ലോകം എന്നാണ് അവര്‍ ചോദിച്ചത്.എവിടെയാണ് ഇവിടുത്തെ വ്യവസായ ലോകം? അതൊരു പ്രധാന ചോദ്യമാണ്. 2014 -ല്‍ ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭ അധികാരത്തില്‍ വന്നതു മുതല്‍ മറ്റെല്ലാ മേഖലയേയും പോലെ വ്യവസായ ലോകവും മൗനത്തിലാണ്. സര്‍ക്കാരിന്റെ കോപം ഭയന്ന് ഒരാളും വിമര്‍ശനങ്ങള്‍ ഉന്നയിക്കില്ല. വിമര്‍ശനങ്ങള്‍ ഉണ്ടായാല്‍ ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും ഒക്കെ തങ്ങളുടെ പടിക്കല്‍ എത്തുമെന്ന ഭീതി തന്നെയാണ് പലരേയും അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. കാരണം, പലര്‍ക്കും പലതും ഒളിക്കാനുണ്ട് എന്നതു വാസ്തവമാണ്. സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ 26 കൊല്ലത്തെ ഏറ്റവും താഴെപ്പോയി 4.5 ശതമാനത്തില്‍ എത്തി നില്‍ക്കുന്നു. കമ്പനികള്‍ അടച്ചുപൂട്ടുന്നു, വ്യവസായ സ്ഥാപനങ്ങളുടെ ലാഭവിഹിതത്തില്‍ കുറവ് വരുന്നു. പൊതുമേഖലയിലോ സ്വകാര്യ മേഖലയിലോ നിക്ഷേപങ്ങള്‍ ഉണ്ടാകുന്നുമില്ല. ഈ സാഹചര്യത്തില്‍ ഏതൊരു വ്യവസായ മേഖലയിലും ഉണ്ടാകേണ്ടിയിരുന്ന പൊട്ടിത്തെറികള്‍ പക്ഷേ, ഇന്ത്യന്‍ വ്യവസായ മേഖലയില്‍ ഉണ്ടായില്ല. സര്‍ക്കാരിനെ ഭയന്നു തന്നെയായിരുന്നു അത്. അവിടെയാണ് ഒരു അപവാദം എന്നോണം രാഹുല്‍ ബജാജ് എഴുന്നേറ്റു നിന്ന് അമിത് ഷായോട് കാര്യം പറഞ്ഞത്. ആ പരിപാടിയും ടൈംസ് ഓഫ് ഗ്രൂപ്പിന്റെ ഭാഗമായി നടന്നതായിരുന്നു. വേദിയില്‍ ഉണ്ടായിരുന്നത് അമിത് ഷായ്ക്ക് പുറമെ ധനമന്ത്രി നിര്‍മല സീതാരാമന്‍, റെയില്‍, വാണീജ്യമന്ത്രി പീയൂഷ് ഗോയല്‍ എന്നിവര്‍.

മൂന്നു കാര്യങ്ങളാണ് പ്രധാനമായും രാഹുല്‍ ബജാജ് പറഞ്ഞത്: 1. ഇവിടെയിരിക്കുന്ന എന്റെ സുഹൃത്തുക്കളായ വ്യവസായികളാരും ഇത് പറയില്ല എന്നറിയാം. കാരണം, ഈ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഞങ്ങള്‍ക്ക് ഭയമുണ്ട്, വിമര്‍ശനത്തെ നിങ്ങള്‍ ഉള്‍ക്കൊള്ളുമോ എന്ന് ഞങ്ങള്‍ക്ക് സംശയമുണ്ട്. മുന്‍ യുപിഎ സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ ആ പേടി ഞങ്ങള്‍ക്കില്ലായിരുന്നു. രാജ്യത്ത് പേടിയുടേയും ആശങ്കയുടേയുമായ ഒരു അന്തരീക്ഷം നിറഞ്ഞു നില്‍ക്കുന്നു. ഇതിന് ഒരു മാറ്റമുണ്ടാകണം. 2. ഗാന്ധിജിയെ കൊലപ്പെടുത്തിയ ഗോഡ്‌സയെ പുകഴ്ത്തിയ പ്രഗ്യാ സിംഗ് താക്കൂറിന് മത്സരിക്കാന്‍ ബിജെപി ടിക്കറ്റ് നല്‍കുക മാത്രമല്ല, അവരെ പാര്‍ലമെന്റിന്റെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയിലും ഉള്‍പ്പെടുത്തി. അവര്‍ പിന്നീടും ഗോഡ്സെ പ്രസ്താവന ആവര്‍ത്തിച്ചു. 3. രാജ്യത്ത് ഉണ്ടാകുന്ന ആള്‍ക്കൂട്ട കൊലകളില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇത് പരിഹരിക്കാനുള്ള മാര്‍ഗങ്ങളൊന്നും കാണുന്നില്ല. അമിത് ഷാ മറുപടിയും പറഞ്ഞു. മുമ്പ് ഇത്തരത്തിലുള്ള ആള്‍ക്കൂട്ട കൊലകള്‍ കൂടുതലായി ഉണ്ടായിരുന്നു, ഇപ്പോള്‍ കുറവാണ് എന്നും പ്രഗ്യാ സിംഗ് താക്കൂറിന്റെ പ്രസ്താവനയെ തങ്ങള്‍ അംഗീകരിക്കുന്നില്ല എന്നും രാജ്യത്ത് ഭയത്തിന്റേതായ ഒരു അന്തരീക്ഷം നിലനില്‍ക്കുന്നില്ല. ആരും പേടിക്കേണ്ടതില്ല. ഇനി കൂടുതല്‍ മെച്ചപ്പെടുത്തണമെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാം എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇതിന്റെ തൊട്ടുതലേന്നാണ് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. സാമ്പത്തിക വളര്‍ച്ച എന്നത് സാമ്പത്തിക നയപരിപാടികളുടെ മാത്രം കാര്യമല്ല എന്നും സാമൂഹികമായി മെച്ചപ്പെട്ട അവസ്ഥ ഉണ്ടായെങ്കില്‍ മാത്രമേ സാമ്പത്തിക വളര്‍ച്ചയും സാധ്യമാകൂ എന്നാണ് ഡോ. സിംഗ് പറഞ്ഞത്. സംശയത്തിന്റെയും പേടിയുടേയുമൊക്കെ അന്തരീക്ഷം സമൂഹത്തില്‍ നിന്ന് മാറ്റുന്നതിനും അതുവഴി വ്യവസായ മേഖലയ്ക്ക് ഉണര്‍വ് നല്‍കുന്നതിനും സര്‍ക്കാരിന് കഴിയണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഇത് മാധ്യമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതിനു പിറ്റേന്നാണ് രാഹുല്‍ ബജാജിന്റെ ചോദ്യങ്ങളും പുറത്തുവന്നത്.

ഇത് സര്‍ക്കാരിനെ എത്രത്തോളം ബാധിച്ചു എന്നറിയണമെങ്കില്‍ മന്ത്രിമാര്‍ കൂട്ടത്തോടെ പ്രതികരണവുമായി ഇറങ്ങിയതും അതിലെ മുന്നറിയിപ്പുുകളും ശ്രദ്ധിച്ചാല്‍ മതിയാകും. നിര്‍മല സീതാരാമന്‍ ഇങ്ങനെ പ്രതികരിച്ചു. പക്ഷേ, ആ പ്രതികരണത്തിന്റെ അടിസ്ഥാന സ്വഭാവം ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ രാജ്യതാത്പര്യത്തിന് എതിരാണ് എന്നു തന്നെയാണ്.നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഒരു പടി കൂടി കടന്ന്, 'അച്ചടക്കമില്ലാത്ത ഒരു സമൂഹ'ത്തെക്കുറിച്ചാണ് വാചാലനായത്.
പീയൂഷ് ഗോയലും അനുരാഗ് താക്കൂറുമൊക്കെ പ്രതികരണങ്ങളുമായി വന്നു. ഇതിന്റെയൊക്കെ അടിസ്ഥാനം രാജ്യത്ത് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല, ഭയത്തിന്റേതായ അന്തരീക്ഷമില്ല. അതുകൊണ്ടാണ് രാഹുല്‍ ബജാജിന് ഇങ്ങനെ വിമര്‍ശിക്കാന്‍ പറ്റിയത് എന്നാണ്.

എന്നാല്‍ കാര്യങ്ങള്‍ അവിടംകൊണ്ടും നിന്നില്ല. എന്താണ് വിമര്‍ശിച്ചാല്‍ ഫലം എന്നത് തെളിയിച്ചത് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ്. രാഹുല്‍ ബജാജിന്റെ മുന്‍കാല ചരിത്രങ്ങള്‍ ചികഞ്ഞു പോയ മാളവ്യ, അദ്ദേഹം മുന്‍പ് രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിയിട്ടുണ്ടെന്നും അതുകൊണ്ട് കോണ്‍ഗ്രസിന്റെ ഒരു ഒത്താശക്കാരന്‍ തങ്ങളെ വിമര്‍ശിക്കേണ്ടതില്ല എന്നുമൊക്കെ നിരവധി ട്വീറ്റുകളിായി പറഞ്ഞു.

താന്‍ ഒരു രാഷ്ട്രീയക്കാരുടേയും പിന്നാലെ പോയിട്ടില്ല എന്നു കൂടി രാഹുല്‍ ബജാജ് അമിത് ഷായോട് പറഞ്ഞിരുന്നു. എന്നാല്‍ മാളവ്യ ഇതിന്റെ മുന്‍കാല ചരിത്രമൊക്കെ ചികഞ്ഞ് പണ്ട് ബജാജ് തന്റെ രാഷ്ട്രീയ സ്വാധീനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട് എന്ന ആരോപണമൊക്കെ ഉയര്‍ത്തിക്കൊണ്ടു വന്നു.


എന്നാല്‍, 2006-ല്‍ ബിജെപി, ശിവസേന, എന്‍സിപി പിന്തുണയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചാണ് രാഹുല്‍ ബജാജ് രാജ്യസഭയില്‍ എത്തിയത് എന്ന കാര്യം ബിജെപി നേതാക്കള്‍ സൗകര്യപൂര്‍വം മറന്നു. മുന്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെയും ബജാജ് രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട് എന്ന കാര്യവും.

അതായത്, സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് പേടിയുണ്ടെന്നും രാജ്യത്ത് അസഹിഷ്ണുതയുടേതായ അന്തരീക്ഷം നിലനില്‍ക്കുന്നുണ്ടെന്നും പറഞ്ഞ രാഹുല്‍ ബജാജിന് അതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങളും ഭീഷണികളും ദുഷ്പ്രചരണങ്ങളുമൊക്കെ എണ്ണമറ്റതാണ്. പിന്നാലെ ഐ.ടി, ഇ.ഡി, സി.ബി.ഐ ഒക്കെ ബജാജ് ഓഫീസുകളിലേക്ക് എത്തുമോ എന്നതാണ് ഇനി അറിയേണ്ടത്.

ബജാജ് ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് വൊഡാഫോണ്‍ സി.ഇ.ഒ സര്‍ക്കാരിന് നിരുപാധികം മാപ്പപേക്ഷ നല്‍കിയത്. ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തില്‍ തന്നെ തിരിച്ചടിയുണ്ടാകുന്ന ഒരു കാര്യത്തിലേക്ക് തങ്ങള്‍ പോവുകയാണെന്നും ഇവിടെ ബിസിനസ് നടത്തുക അത്രയേറെ ദുഷ്‌കരമാണെന്നും സി.ഇ.ഒ പറഞ്ഞതാണ് സര്‍ക്കാരിന്റെ കോപത്തിന് ഇരയാക്കിയത്. അതായത്, രാജ്യത്തെ വ്യാവസായികാന്തരീക്ഷം ഇത്തരത്തില്‍ ആണെങ്കില്‍ വോഡാഫോണ്‍ ഇന്ത്യ വിടേണ്ടി വരും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് സര്‍ക്കാരിലെ ഉന്നതരെ അലോസരപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണ് എന്നു പറഞ്ഞ് തലയൂരേണ്ടി വന്നു സി.ഇ.ഒ നിക്കോളാസ് റീഡിന്. മോദി സര്‍ക്കാര്‍ എങ്ങനെയാണ് വിമര്‍ശനങ്ങളെ കൈകാര്യം ചെയ്യുന്നത് എന്നതിന്റെ ഒരുദാഹരണമാണത്. അതാണ് ബജാജ് പിന്നാലെ ചൂണ്ടിക്കാട്ടിയതും. എന്നാല്‍ അതിനെ അതിന്റേതായ രീതിയില്‍ സ്വീകരിക്കാനും തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് തിരുത്താനും ശ്രമിക്കുന്നതിനു പകരം, നിലനില്‍ക്കുന്ന പേടിപ്പിലക്കിന്റേയും ഭീഷണിയുടേയും ഒക്കെ മാര്‍ഗം തന്നെ പിന്തുടരാനാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് മന്ത്രിമാരുടെയും മറ്റും പ്രസ്താവനകള്‍ തന്നെ തെളിയിക്കുന്നത്.

അപ്പോള്‍ എന്താണ് ബാക്കിയായിട്ടുള്ളത്? നിലനില്‍ക്കുന്ന ഒരു വ്യവസ്ഥയേയോ ഭരണകൂടത്തേയോ വിമര്‍ശിക്കുന്നതിന് മുമ്പ് നിങ്ങള്‍ ഒരു നിമിഷം ആലോചിക്കുന്നു എങ്കില്‍ അതിനെയാണ് ഭയം എന്നു പറയുന്നത്. ജനാധിപത്യത്തില്‍ അതിന് സ്ഥാനമില്ല. കാരണം, വിമര്‍ശനവും ഭിന്നാഭിപ്രായങ്ങളും സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ സാധിക്കുന്നിടത്തു മാത്രമേ ജനാധിപത്യത്തിന് നിലനില്‍പ്പുള്ളൂ. അതില്ല എന്നതുകൊണ്ടാണ് രാഹുല്‍ ബജാജ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ കൊള്ളരുതായ്മകളെ, ഈ ഭരണത്തിന് കീഴില്‍ നിലനില്‍ക്കുന്ന ഭയത്തിന്റെ അന്തരീക്ഷത്തെ വിമര്‍ശിക്കുമ്പോള്‍ അതൊരു ധീരപ്രവര്‍ത്തിയായി നമുക്ക് തോന്നുന്നത്. അത് ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന ഒരുപാട് വാതിലുകള്‍ നമുക്ക് മുന്നില്‍ അടഞ്ഞു കഴിഞ്ഞു എന്നതിന്റെ സൂചന കൂടിയാണ്.Next Story

Related Stories