TopTop
Begin typing your search above and press return to search.

നമ്മുടെയൊക്കെ ജീവിതങ്ങളില്‍ നിന്ന് വെളിച്ചം അണഞ്ഞു പോയ്‌ക്കൊണ്ടിരിക്കുന്നു

നമ്മുടെയൊക്കെ ജീവിതങ്ങളില്‍ നിന്ന് വെളിച്ചം അണഞ്ഞു പോയ്‌ക്കൊണ്ടിരിക്കുന്നു

എഡിറ്റോറിയല്‍

സുഹൃത്തുക്കളേ, സഖാക്കളേ,

എല്ലായിടത്തും ഇരുട്ടാണ്, നമ്മുടെയൊക്കെ ജീവിതങ്ങളില്‍ നിന്ന് വെളിച്ചം അണഞ്ഞു പോയ്‌ക്കൊണ്ടിരിക്കുന്നു. എന്താണ് നിങ്ങളോട് പറയേണ്ടതെന്നോ, അതെങ്ങനെ പറയണമെന്നോ ഞങ്ങള്‍ക്കറിയില്ല. ഒരു സമൂഹമെന്ന നിലയില്‍ നമുക്കുള്ള കൂട്ടായ ധാര്‍മികബോധത്തെക്കുറിച്ചും, അവകാശങ്ങളെയും ചുമതലകളെയും കുറിച്ചൊക്കെ എഴുതി വച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും മഹത്തായ ഒന്ന്, നമ്മുടെ ജീവനാഡിയായ ഭരണഘടന ഇന്ന് മരണക്കിടക്കയിലാണ്. ഒരുപക്ഷേ, ഇത്രത്തോളം പറയാമോ എന്ന് ഞങ്ങള്‍ക്കറിയില്ല. പക്ഷേ, വാസ്തവം അതല്ലാതാകുന്നില്ല, കാരണം, ഏതാനും വര്‍ഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തെളിയിക്കുന്ന ഒന്ന്, ജീവസുറ്റ, സജീവമായ ആ ഭരണഘടന ഇനി നമുക്ക് കാണാന്‍ കഴിയില്ല എന്നു തന്നെയാണ്. കോടതികളാണ് നമ്മുടെ അവസാന ആശ്രയം. രാജ്യത്തെ എല്ലാ കോടതികളില്‍ നിന്നും അവര്‍ നമുക്ക് വാഗ്ദാനം ചെയ്യുന്ന സാന്ത്വനം ലഭിക്കുമോ എന്ന് ഉറപ്പു തരാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ലക്ഷക്കണക്കിന് മനുഷ്യരെ നേരിട്ട് ബാധിക്കുന്ന കാര്യം കൂടിയാണ് അത്.

വെളിച്ചം അണഞ്ഞു പൊയ്‌ക്കോണ്ടിരിക്കുകയാണ് എന്ന് ഞങ്ങള്‍ പറഞ്ഞു, ഒരു പക്ഷേ, അതും തെറ്റായേക്കാം. കാരണം, ഈ രാജ്യത്തെ പ്രകാശിപ്പിക്കുന്ന ആ വെളിച്ചം അത്ര സാധാരണമായ ഒന്നല്ല. വര്‍ഷങ്ങളോളം ഈ രാജ്യത്തെ ശോഭിപ്പിച്ചിരുന്ന ആ വെളിച്ചം വര്‍ഷങ്ങളോളം ഇനിയും നിലനിന്നേക്കാം. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ രാജ്യത്ത് നിന്ന് പ്രസരിക്കുന്ന ആ വെളിച്ചം ലോകം കണ്ടേക്കാം, അതൊരുപാട് മനുഷ്യരുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്‌തേക്കാം. ആ വെളിച്ചം പക്ഷേ, ഇന്ന് നമ്മള്‍ കടന്നു പോകുന്ന കാലത്തിന്റെയല്ല. മറിച്ച്, ജീവിതത്തിന്റെ, ആത്യന്തികമായ സത്യത്തിന്റെ, നേരായ വഴികളുടെ, തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകുന്ന മനോഭാവത്തിന്റെ, അങ്ങനെ മഹത്തായ ഈ സംസ്‌കൃതിയെ, ഈ മഹത്തായ റിപ്പബ്ലിക്കിനെ എല്ലാ വിധത്തിലുമുളള സ്വാതന്ത്ര്യത്തിലേക്ക് കൈപിടിച്ചു നടത്തുന്നതിന്റെ വെളിച്ചമായിരിക്കും അത്.

ഈ കാര്യങ്ങളൊക്കെ സംഭവിക്കുന്നത് എപ്പോഴാണ് എന്നു കൂടി ഓര്‍ക്കുക. ഭരണഘടന എന്നത് അനാവശ്യമാണെന്നോ, അല്ലെങ്കില്‍ ഭരണഘടന അതിന്റെ ദൗത്യം നിര്‍വഹിച്ചു കഴിഞ്ഞു എന്നോ ഒരിക്കലും നമുക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. കാരണം, അമേരിക്കയിലെ ആകെ ജനസംഖ്യയുടെ അത്ര ആളുകള്‍ ഇന്നും നമ്മുടെ രാജ്യത്ത് പട്ടിണിയില്‍ കഴിയുന്നവരാണ്, അവര്‍ക്ക് കിടപ്പാടങ്ങളില്ല, അവരുടെ കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്നവരാണ്, അവര്‍ക്ക് നീതിക്ക് വേണ്ടി പോരാടാനോ ഭരണനിര്‍വഹണങ്ങളില്‍ പങ്കാളിയാകാനോ കഴിയുന്നില്ല. ന്യൂനപക്ഷങ്ങള്‍ മറ്റൊരിക്കലും നേരിട്ടില്ലാത്ത വിധത്തില്‍ തുടര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നു. അതിനുമപ്പുറം, ഇന്ന് എല്ലാ വിധത്തിലുമുള്ള പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ ആ ഭരണഘടനയിലേക്ക് ഉറ്റു നോക്കാന്‍ മാത്രമേ നമുക്ക് സാധിക്കുന്നുള്ളൂ എന്നത് ദുരിതങ്ങളെ പതിന്മടങ്ങാക്കുകയാണ് ചെയ്യുന്നത്.

ഭ്രാന്ത് പിടിച്ച മനുഷ്യര്‍ ആ ഭരണഘടനയ്ക്ക് ചരമക്കുറിപ്പ് എഴുതുകയാണ്. കാരണം, ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് അവര്‍ ഈ രാജ്യത്തേക്ക് ഒഴുക്കിവിട്ട വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷം അത്രത്തോളമാണ്. അതാണ് ഇന്ന് മനുഷ്യരുടെ ഉള്ളില്‍ നിറഞ്ഞിരിക്കുന്നത്. നമുക്ക് ആ വിഷം നിറഞ്ഞ സമൂഹത്തെ, ആ മനുഷ്യരെയൊക്കെ നേരിട്ടേ പറ്റൂ, പക്ഷേ, അവര്‍ ചെയ്യുന്നതു പോലെ ഭ്രാന്തമായ രീതിയിലോ വെറുപ്പും വിദ്വേഷവും കൊണ്ടോ അക്രമം കൊണ്ടോ അല്ല. മറിച്ച്, നമ്മുടെ രാഷ്ട്രപിതാവ്, മഹാത്മാ ഗാന്ധി തെളിച്ചു തന്ന വഴിയുണ്ട് നമുക്ക് മുന്നില്‍. അതാണ് ഈ ഭ്രാന്തന്‍ രാഷ്ട്രീയത്തെ നേരിടാനുള്ള വഴി.

**********

ഒരുകാര്യം ഓര്‍ക്കേണ്ടതുണ്ട്. വെറുപ്പും ക്രോധവും ഉള്ളില്‍ നിറഞ്ഞിരിക്കുന്ന മനുഷ്യരോട് മോശം രീതിയില്‍ ഇടപെട്ടിട്ട് യാതൊരു കാര്യവുമില്ല. മറിച്ച് ശക്തരും തീരുമാനിച്ചുറപ്പിച്ചതുമായ മനോഭാവങ്ങളോടെ വേണം നമുക്ക് അവരോട് പെരുമാറാന്‍. നമ്മെ ചുറ്റി നില്‍ക്കുന്ന എല്ലാ ആപത്കരമായ കാര്യങ്ങളെയും നേരിടാന്‍, ഭരണഘടന വിഭാവനം ചെയ്യുന്ന കാര്യങ്ങളെ മുന്നോട്ടു കൊണ്ടുപോകാന്‍, ഗാന്ധിജി തെളിച്ചു തന്ന വഴികളെ മുറുകെ പിടിക്കാന്‍ അതു മാത്രമാണ് വഴി. അതു നമുക്ക് തരിക വലിയ ഊര്‍ജമാണ്, നമ്മുടെ ധാര്‍മികതയെ, നമ്മുടെ വഴികളെ അത് കൂടുതല്‍ പ്രകാശിപ്പിക്കുകയും ചെയ്യും. ഏതൊരു വിധത്തിലുള്ള അക്രമങ്ങളും ആ വഴികള്‍ നമുക്ക് മുന്നില്‍ അടച്ചു കളയും എന്ന സ്ഥിരമായ ഓര്‍മ ഉള്ളിലുണ്ടാവണം.

അതൊരിക്കലും നമ്മുടെ ദൗര്‍ബല്യമല്ല. മറിച്ച് നമ്മുടെ മുന്നിലുള്ള പ്രതിസന്ധികളെ നേരിടാന്‍ നമ്മെ കരുത്തരും ഐക്യമുള്ളവരുമാക്കുകയേ ചെയ്യുകയുള്ളൂ. മുന്നില്‍ വന്നു നില്‍ക്കുന്ന വലിയ ദുരന്തങ്ങളെ നേരിടുമ്പോള്‍ നമ്മുടെ ചെറിയ വഴക്കുകള്‍, ബുദ്ധിമുട്ടുകള്‍, വ്യത്യാസങ്ങളൊക്കെ മാറ്റി വയ്ക്കുകയും ഒറ്റക്കെട്ടായി തോളോടു തോള്‍ ചേര്‍ന്ന് നില്‍ക്കുകയും ചെയ്യേണ്ടതുണ്ട്. നേരിടുന്ന വലിയ ദുരന്തങ്ങള്‍ മറ്റു ചില കാര്യങ്ങള്‍ കൂടി നമ്മെ ഓര്‍മിപ്പിക്കും. ചെറിയ ചെറിയ കാര്യങ്ങളിലേക്കായി നാം അനാവശ്യമായി ചെലവഴിക്കുന്ന ഊര്‍ജം എത്രത്തോളമുണ്ട് എന്നതു കൂടിയാണത്. മരണക്കിടക്കയില്‍ കിടന്നു കൊണ്ട് ആ ഭരണഘടന നമ്മെ ഓര്‍മിപ്പിക്കുന്നത് ജീവിതത്തിലെ വലിയ വലിയ ലക്ഷ്യങ്ങളെക്കുറിച്ച്, സത്യത്തെക്കുറിച്ച് കൂടിയാണ്. അത് നമുക്ക് ഓര്‍ക്കാന്‍ സാധിച്ചാല്‍, അത് നമ്മുടെ മഹത്തായ രാജ്യത്തിന് ഗുണകരമായി മാത്രമേ സംഭവിക്കൂ.

ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതപ്പെട്ടിട്ടുള്ള നമ്മുടെ ഭരണഘടനയുടെ യഥാര്‍ത്ഥ പ്രതി, പാര്‍ലമെന്റ് ലൈബ്രറിക്കുള്ളിലെ ഹീലിയം നിറച്ച പെട്ടിക്കുള്ളില്‍ ഇരിപ്പുണ്ട് എന്നത് പ്രതീകാത്മകമായി ഓര്‍ക്കാം. ഒരിക്കലും അതിന് അന്ത്യാഭിവാദ്യം നേരാന്‍ തോന്നാത്ത വിധത്തില്‍ അത് കോടിക്കണക്കിന് മനുഷ്യരെ പ്രചോദിപ്പിച്ചിട്ടുണ്ട്. ഈ ഭരണഘടന ലംഘിക്കപ്പെടുകയാണെങ്കില്‍ അത് ആദ്യം കത്തിക്കുന്ന ആള്‍ താനായിരിക്കുമെന്ന് ഡോ. അംബേദ്ക്കര്‍ പറഞ്ഞിട്ടുണ്ട്. "അതുമായി മുന്നോട്ടു പോകണമെങ്കില്‍ ഒരു കാര്യം അവര്‍ മറന്നു പോകരുത്. അവിടെ ഭൂരിപക്ഷ സമൂഹവും ന്യൂനപക്ഷ സമൂഹവുമുണ്ടെന്നും, 'നിങ്ങളെ കണക്കിലെടുക്കുന്നത് ജനാധിപത്യത്തിന് ദോഷം ചെയ്യുമെ'ന്ന് പറഞ്ഞ് ന്യൂനപക്ഷങ്ങളെ അവഗണിക്കരുത് എന്നതാണ് അത്. ന്യൂനപക്ഷങ്ങളെ അപകടത്തിലാക്കുന്നതാണ് ഏറ്റവും വലിയ ദ്രോഹമെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു" , അദ്ദേഹം പറഞ്ഞു. ജീവിക്കാനും തുല്യനീതിക്കും ആവിഷ്‌കാരത്തിനും സ്വാതന്ത്ര്യം മുന്നോട്ടു വയ്ക്കുന്ന ഭരണഘടന പക്ഷേ, ഇന്ന്, ഭൂരിഭാഗം മനുഷ്യര്‍ക്കും ആ കാര്യങ്ങളൊന്നും യഥാര്‍ത്ഥത്തില്‍ ലഭിക്കാത്ത ഒരു രേഖ മാത്രമായി തീര്‍ന്നിരിക്കുന്നു.

**********

"സത്യത്തെ മുറുകെ പിടിച്ചു കൊണ്ടും തത്വദീക്ഷയോടെയും ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയിലെ ഓരോ പൗരനും ഇപ്പോള്‍ നമ്മുടെ സ്വന്തം സ്വന്തം മന:സാക്ഷിക്ക് വേണ്ടി പൊരുതുക. എപ്പോഴെല്ലാം ആവശ്യമായി വരുന്നോ അപ്പോഴെല്ലാം പ്രതിഷേധിക്കുക. പക്ഷേ, അത് സമാധാനപൂര്‍ണമായിരിക്കണം. വീടുകളിലോ പുറത്തോ, എവിടെയാണെങ്കിലും യാതൊരു വിധത്തിലുമുള്ള അക്രമങ്ങളും ഇല്ലാതെ അവര്‍ അവിടെയുണ്ടാകും എന്നത് വിശ്വസിക്കാന്‍ നമുക്ക് കഴിയണം. ഈ ജനാധിപത്യത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന, അതിനെ മുറുകെപ്പിടിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച വഴിയാണ് അത്.

ഈ മഹത്തായ ഭരണഘടന എന്തിനൊക്കെ വേണ്ടിയാണോ നിലകൊള്ളുന്നത്, അധികാരം കൊണ്ട് ചിലര്‍ അതിനെ പിച്ചിച്ചീന്തുമ്പോള്‍, സത്യത്തോട് അങ്ങേയറ്റം പ്രതിബദ്ധതയുള്ളവരായി നമ്മെ തന്നെ സമര്‍പ്പിക്കുക എന്നതാണ് നമുക്ക് വാഗ്ദാനം ചെയ്യാന്‍ പറ്റുന്ന വലിയ പ്രാര്‍ത്ഥന.

നമ്മുടെ ഭരണഘടനയ്ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ പ്രാര്‍ത്ഥനയും അതാണ്. ഇന്ത്യക്കും നമുക്കൊക്കെ വേണ്ടിയും ചെയ്യാന്‍ കഴിയുന്ന പ്രാര്‍ത്ഥനയും അതു തന്നെയാണ്.

ജയ് ഹിന്ദ്"

(1948 ജനുവരി 30-ന് മഹാത്മാ ഗാന്ധി വെടിയേറ്റ് മരിച്ചതിനു തൊട്ടുപിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആകാശവാണിയിലൂടെ നടത്തിയ പ്രസംഗത്തെ അവലംബിച്ചെഴുതിയത്)

Next Story

Related Stories