TopTop
Begin typing your search above and press return to search.

'സബ്‌ കാ സാത്ത്, സബ് കാ വികാസ്, സബ് കാ വിശ്വാസ്' - ഡല്‍ഹി

സബ്‌ കാ സാത്ത്, സബ് കാ വികാസ്, സബ് കാ വിശ്വാസ് - ഡല്‍ഹി

എഡിറ്റോറിയല്‍

എന്താണ് രാഷ്ട്രീയം? ഒരു രാജ്യമെന്ന നിലയിലും ഓരോ മനുഷ്യരുടേയും ജീവിതത്തിലും നിരന്തരം ഇടപെടുന്ന, സമൂഹത്തെ കൂടുതല്‍ നന്നാക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകാന്‍ വിവിധ ഘടകങ്ങള്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന, കാര്യക്ഷമമായ ഭരണസംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ സൃഷ്ടിക്കുന്ന ഒന്നായാണ് നാം രാഷ്ട്രീയത്തെ വിഭാവനം ചെയ്തിട്ടുള്ളത്. എന്നാല്‍ അത് മറന്നേക്കൂ. ആ രാഷ്ട്രീയം ഇനിയില്ല. ഇന്ന് ഇന്ത്യയിലുള്ളത് വെറുപ്പിന്റെയും വിദ്വേഷത്തിന്റേയും ഭൂരിപക്ഷതാവാദത്തിന്റെയും കളങ്കിതമായ രാാഷ്ട്രീയമാണ്. നമ്മുടെ മഹത്തായ ജനാധിപത്യ റിപ്പബ്ലിക്കിന്റെ അടിവേര് അറുത്തുകൊണ്ട് ഇന്ന് ആ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത് രണ്ടു പേരാണ്- നരേന്ദ്ര മോദിയും അമിത് ഷായും.

ബാക്കിയുള്ളവരൊക്കെ വെറും കാഴ്ചക്കാര്‍ മാത്രമാണ്. രാജ്യം നിര്‍ണായകമായ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്ബോള്‍ പതിവു പോലെ രാഹുല്‍ ഗാന്ധി വിദേശത്താണ്. തലേന്നുവരെ സഹോദരങ്ങളെ പോലെ കഴിഞ്ഞിരുന്ന മനുഷ്യര്‍ കൊലവിളികളുമായി തങ്ങളുടെ അയല്‍വീടുകള്‍ക്ക് തീയിടുകയും മനുഷ്യരെ പച്ചയ്ക്ക് കത്തിക്കുകയും ചെയ്യുമ്ബോള്‍ ആ അക്രമങ്ങള്‍ക്ക് ശമനം വരുത്താന്‍ നിരത്തിലേക്കിറങ്ങേണ്ടതിനു പകരം രാജ്ഘട്ടില്‍ കുത്തിയിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടിയും അവരുടെ നേതാക്കളും. ഡല്‍ഹി പോലീസ് അമിത് ഷായുടെ നിയന്ത്രണത്തിലാണെന്ന് പരാതി പറയുന്നതിനു പകരം, തങ്ങളുടെ 62 എംഎല്‍എമാരും ആയിരക്കണക്കിന് അനുയായികളുമായി ഈ അക്രമം നടക്കുന്ന മേഖലകളില്‍ പോയി ഗാന്ധി സൂക്തങ്ങള്‍ ഉരുവിടാന്‍ അരവിന്ദ് കെജ്‌രിവാളിനെ എന്താണ് തടഞ്ഞത്? അതോ ബിജെപിയുടെ ബി ടീം എന്ന ആരോപണം അര്‍ത്ഥവത്താക്കുകയാണോ ആം ആദ്മി പാര്‍ട്ടിയും ചെയ്തത്?

എവിടെയായിരുന്നു കോണ്‍ഗ്രസ്? മൂന്നു ദിവസം ഡല്‍ഹി കത്തിയെരിഞ്ഞപ്പോള്‍ അവരും ചിത്രത്തില്‍ നിന്ന് അപ്രത്യക്ഷരായിരുന്നു. നിര്‍ണായകമായ വിധത്തില്‍ ഇന്നലെ ഇടപെടല്‍ നടത്തുകയും അമിത് ഷായുടെ രാജി ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ ഈ സര്‍ക്കാരിനെ അക്കൗണ്ടബിള്‍ ആക്കാന്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ഭരിച്ച കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ടോ? ഏതു വിധത്തിലാണ് മോദിയും അമിത് ഷായും ചേര്‍ന്ന് ഈ രാജ്യത്തെ മാറ്റിയെടുക്കുന്നത് എന്ന് കണ്ടറിയാനുള്ള രാഷ്ട്രീയ വിദ്യാഭ്യാസം കോണ്‍ഗ്രസിന് ഇനിയും ഉണ്ടായിട്ടില്ലേ?

ഒന്നും ഒറ്റ രാത്രി കൊണ്ട് സംഭവിച്ചതല്ല. സ്വാതന്ത്ര്യപ്പുലരിയില്‍ ചോരയില്‍ ചവിട്ടി തുടങ്ങിയ ഈ രാജ്യം ഉയര്‍ത്തെഴുന്നേറ്റത് നിരവധി ദശകങ്ങള്‍ കൊണ്ടാണ്. അങ്ങനെ നിരവധി ദശകങ്ങള്‍ക്കൊണ്ട് പടുത്തുയര്‍ത്തിയ ഈ ജനാധിപത്യ രാജ്യം ഈ വിധത്തില്‍ മാറിത്തുടങ്ങിയിട്ട് കുറെയേറെ വര്‍ഷങ്ങളായി. അത് ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദി ആദ്യമായി അധികാരം നുണഞ്ഞു തുടങ്ങിയപ്പോള്‍ മുതല്‍ ആരംഭിച്ചതാണ്. ഒരു കാര്യം ഓര്‍ത്തു നോക്കുക, 2014-ല്‍ ഡല്‍ഹിയില്‍ അധികാരത്തിലേറുമ്ബോള്‍ ഈ ആര്‍എസ്‌എസ് പ്രചാരകന്‍ ഇന്ത്യന്‍ ജനതയ്ക്ക് മുമ്ബാകെ വച്ച വാഗ്ദാനങ്ങള്‍ എന്തൊക്കെയായിരുന്നു എന്ന്. എല്ലാ മേഖലയിലുമുള്ള രാജ്യത്തിന്റെ വളര്‍ച്ച, മികച്ച സാമ്ബത്തിക അടിത്തറ, വര്‍ഷം രണ്ടു കോടി തൊഴില്‍, അഴിമതി മുക്തവും കാര്യക്ഷമവുമായ ഭരണം- ഇതൊക്കെ ചേര്‍ന്ന 'പുതിയ ഇന്ത്യ'.

ഇനി അവിടെ നിന്ന് നിങ്ങളുടെ ഓരോരുത്തരുടേയും സ്വീകരണ മുറികളില്‍ തെളിഞ്ഞ ദൃശ്യങ്ങളിലേക്ക്, ഓരോരുത്തരുടേയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സ്‌ക്രോള്‍ ചെയ്തു വരുന്ന ദൃശ്യങ്ങളിലേക്ക് നോക്കൂ. 16-ഉം 17-ഉം 18-ഉം ഒക്കെ പ്രായമുള്ള, ഇന്നും കുട്ടിത്തം മാറാത്ത ആ ചെറുപ്പക്കാര്‍ കൊലവിളികളുടെ രൂപത്തില്‍ ജയ് ശ്രീറാം വിളികളുമായി തെരുവുകളില്‍ അഴിഞ്ഞാടുന്നത് കാണുന്നില്ലേ? അവരുടെ കൊലക്കത്തിക്ക് ഇരയാകുന്ന മനുഷ്യര്‍... അവര്‍ സമൂഹത്തിലേക്ക് പ്രസരിപ്പിക്കുന്ന വെറുപ്പും വിദ്വേഷവും തെറിവിളികളും... ഒന്നാലോചിച്ചു നോക്കൂ, ഇന്ത്യയുടെ ഒരറ്റത്ത്, കേരളം പോലെ കുറഞ്ഞ തോതിലെങ്കിലും മനുഷ്യര്‍ സമാധാനത്തോടെ കഴിയുന്ന ഒരു നാട്ടില്‍ പോലും ഇത്രയേറെ വെറുപ്പും അന്യമത വിദ്വേഷവും വച്ചു പുലര്‍ത്തുന്ന, അത് പരസ്യമായി വിളിച്ചു പറയുന്ന മനുഷ്യര്‍ എങ്ങനെയുണ്ടായി? എങ്ങനെയാണ് ഈ മനുഷ്യരൊക്കെ ഇങ്ങനെയായത്? അതിന്റെ പ്രധാന കാരണം, ആ മുകളില്‍ പറഞ്ഞ വാഗ്ദാനങ്ങളുടെ ലംഘനം തന്നെയാണ്. ഇന്ന് ഇന്ത്യയുടെ ചെറുനഗരങ്ങളിലും വന്‍ നഗരങ്ങളുടെ പോക്കറ്റുകളിലുമൊക്കെ തൊഴിലില്ലാതെ അലഞ്ഞു തിരിയുന്ന ചെറുപ്പക്കാരുടെ മനസില്‍ ആകെയുള്ള വികാരം വെറുപ്പും വിദ്വേഷവും മാത്രമാണ്. അത് പടിപടിയായി അവരുടെ ഉള്ളില്‍ കുത്തിവച്ചതാണ്. ആ മാനസികാവസ്ഥയുള്ള ചെറുപ്പക്കാരുടെ കൈയിലാണ് തോക്കും വാളും വടികളുമൊക്കെ കൊടുത്ത് വിദ്വേഷത്തിന്റെ അപ്പോസ്തലന്മാര്‍ അവരെ തെരുവിലേക്ക് ഇറക്കി വിടുന്നത്. ആ ചെറുപ്പക്കാരുടെ കൂട്ടത്തില്‍ നിങ്ങള്‍ അമിത് ഷായുടെ മകനെ കണ്ടിട്ടുണ്ടോ? അനുരാഗ് താക്കൂറിന്റെ? കപില്‍ മിശ്രയുടെ? കേരളത്തിലെ ഏതെങ്കിലും തീവ്ര വര്‍ഗീയവാദികളായ രാഷ്ട്രീയക്കാരുടെ മക്കള്‍?

രാജ്യത്തിന് വലിയ സ്വപ്നങ്ങള്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയതിനു ശേഷം സംഭവിക്കുന്നത് നേരെ തിരിച്ചാണ് എന്നാണ് പറഞ്ഞു വരുന്നത്. അതിന്റെ ഭാഗമായാണ് നമ്മുടെ എല്ലാ ഭരണഘടനാ, വ്യവസ്ഥാപിത സ്ഥാപനങ്ങളും തകര്‍ക്കുന്നത്, ഭിന്നാഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയും വിദ്യാര്‍ത്ഥികളെയും യുവാക്കളെയും രാജ്യദ്രോഹികളെന്ന് മുദ്രകുത്തി ആക്രമിക്കുകയും തുറങ്കലിലടയ്ക്കുകയും ചെയ്യുന്നത്. അങ്ങനെ യാതൊരു വിധത്തിലും ചോദ്യങ്ങള്‍ ഉയരാത്ത വിധത്തില്‍, തങ്ങളെ അന്ധമായ വിധത്തില്‍ പിന്തുടരുന്ന ചാവേറുകളായി മനുഷ്യരെ മാറ്റിയെടുക്കുയാണ് ചെയ്യുന്നത്. അതിനായി, പഴയ സാമുദായിക ചേരിതിരിവുകള്‍ വീണ്ടും വീണ്ടും കുത്തിപ്പൊക്കിയും അതിനെ പ്രധാന വിഷയമാക്കി അവതരിപ്പിച്ചും വെറുപ്പ് മാത്രം നിറഞ്ഞ തലച്ചോറുകള്‍ മാത്രമേ സമൂഹത്തിലുള്ളൂ എന്ന് ഉറപ്പാക്കും. തങ്ങളുടെ രാഷ്ട്രീയത്തിന് എതിരു നില്‍ക്കുന്ന രാഷ്ട്രീയ ധാരകളേയും എന്തിന്, രാഷ്ട്രീയ നേതാക്കളെ പോലും ഇല്ലാതാക്കും, അവരെ അപ്രസക്തരാക്കും. സ്വാതന്ത്ര്യ സമര സേനാനികളെ രാജ്യദ്രോഹികളെന്നു മുദ്രകുത്തും. ഹിന്ദു-മുസ്ലീം സമാധാനത്തിന്റെ ഏറ്റവും വലിയ പ്രചാരകനായിരുന്ന മഹാത്മാ ഗാന്ധിയെ റോഡ് വൃത്തിയാക്കുന്നതിനെക്കുറിച്ചുള്ള ഉപന്യാസ രചനാ വിഷയം മാത്രമാക്കും.

ജനങ്ങളുടെ അവസാന ആശ്രയമാണ് കോടതികള്‍. സുപ്രീം കോടതി പോലും ഇന്ന് ഒതുക്കപ്പെട്ടിരിക്കുന്നു എന്ന ആരോപണം ശക്തമാണ്. തങ്ങളുടെ താത്പര്യങ്ങളിലേക്ക് ഹൈക്കോടതികളെയും കീഴ്‌ക്കോടതികളെയും മെരുക്കാന്‍ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യുന്നു. ജസ്റ്റിസ് കെ.എം ജോസഫിനെ പോലൊരു ജഡ്ജി സുപ്രീം കോടതിയില്‍ എത്താതിരിക്കാന്‍ പരമാവധി ശ്രമിക്കും. ഹൈക്കോടതി ജഡ്ജിമാരുടെ നിയമനങ്ങളില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ കലരുന്നു എന്ന പരാതി വ്യാപകമാണ്. സുപ്രീം കോടതി ജഡ്ജിമാരെക്കുറിച്ച്‌ നിറംപിടിപ്പിച്ച കഥകളും അവരുടെ ദൗര്‍ബല്യങ്ങളും പ്രചരിപ്പിക്കും. ജഡ്ജിമാരെ അന്വേഷണ ഏജന്‍സികളെ വച്ച്‌ നിരീക്ഷിക്കുന്നു എന്ന് ജസ്റ്റിസ് മദന്‍ ലോക്കൂറിന് തുറന്നടിക്കേണ്ട സാഹചര്യം പോലുമുണ്ടായി. നിലവിലെ ഭൂരിപക്ഷതാവാദത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയിട്ടുള്ള ഭരണവര്‍ഗ താത്പര്യങ്ങള്‍ക്ക് കുടപിടിക്കാത്ത ജഡ്ജിമാരെ വേട്ടയാടും. ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധറാണ് അതിന്റെ ഏറ്റവും ഒടുവിലുത്തെ ഉദാഹരണം.

നമ്മുടെ പോലീസ് സംവിധാനത്തിലേക്ക് നോക്കൂ. കുറഞ്ഞ പക്ഷം ദേശീയ തലസ്ഥാനത്തും ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ജീവിക്കുന്ന ഉത്തര്‍ പ്രദേശിലെ പോലീസും ഇന്ന് ഏറ്റവും കളങ്കിതരായ നിയമപരിപാലകരാണ്. മുസ്ലീം വിരോധം പ്രചരിപ്പിക്കുകയും എല്ലാ വിധ അക്രമങ്ങള്‍ക്കും ഒത്താശ ചെയ്യുന്ന വിധത്തില്‍ ഭരണകൂടത്തിന്റെ കളിപ്പാവകളാണ് അവരിന്ന്. ഐപിഎസ് എന്നാല്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ സര്‍വീസ് എന്നാണ് ഇന്ന് മാറ്റി എഴുതേണ്ടത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കൊല്ലപ്പെട്ടവരുടേയും വീടുകളും കടകളുമൊക്കെ തകര്‍ക്കപ്പെട്ടവരുമായ മുസ്ലീങ്ങളുടെ അടുക്കല്‍ ചെന്ന് പറയുന്നത്, എല്ലാ മറന്നേക്കൂ, നമുക്ക് മുന്നോട്ടു പോകണം എന്നാണ്. അതാണ് നീതിയെക്കുറിച്ചുള്ള അവരുടെ മനോഭാവം. അതുകൊണ്ടാണ്, വിദ്വേഷ പ്രചാരകരായ ഭരണ പാര്‍ട്ടിയുടെ നേതാക്കള്‍ക്കെതിരെ 'ഇപ്പോള്‍ കേസെടുക്കാന്‍ പറ്റുന്ന സമയമല്ല' എന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറയുന്നത്.

നമ്മുടെ മാധ്യമ മേഖയിലേക്ക് നോക്കൂ. നമുക്കിന്ന് മുഖ്യധാരാ മാധ്യമങ്ങളില്ല. ഭരണവര്‍ഗത്തിന്റെ കുഴലൂത്തുകാരും വെറുപ്പും വ്യാജ വാര്‍ത്തകളും നുണകളും മാത്രം പ്രചരിപ്പിക്കുകയും ചെയ്യുന്ന നാലാംകിട കൂട്ടിക്കൊടുപ്പുകാരാണ് അവരിന്ന്. അവര്‍ ഡല്‍ഹിയിലെ കൂട്ടക്കൊലയെ വിശേഷിപ്പിക്കുന്നത്, പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്യുന്ന 'പ്രതിഷേധക്കാര്‍' തമ്മിലുള്ള ഏറ്റുമുട്ടലായാണ്. പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമത്തിന് 'അനുകൂല'മായി കുറെപ്പേര്‍ 'പ്രതിഷേധിക്കുന്നു' എന്ന വിരോധാഭാസം നിങ്ങള്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? അവരൊരിക്കലും സിഎഎ വിരുദ്ധ പ്രക്ഷോഭകരും ഹിന്ദുത്വ ഗുണ്ടകളും തമ്മിലുള്ള ഏറ്റുമുട്ടലാണ് എന്നെങ്കിലും പറയുമോ? ഇല്ല. എല്ലാ വിധത്തിലും കാര്യങ്ങളെ ബാലന്‍സ് ചെയ്യാനാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ കാര്യങ്ങള്‍ തന്നെ പക്ഷപാതപരമാണ് എന്നു വരുമ്ബോള്‍ എന്താണ് ഈ ബാലന്‍സിംഗിന്റെ അര്‍ത്ഥം? രാഷ്ട്രീയ യജമാനന്മാരുടെ പ്രീതിക്ക് പാത്രമാവുകയും അതുവഴി ലഭിക്കുന്ന എല്ലിന്‍കക്ഷണങ്ങള്‍ക്കും വേണ്ടി ഈ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ രാജ്യത്തെ പൂര്‍ണമായി തകര്‍ക്കാന്‍ ഒത്താശ ചെയ്യുകയാണ് ചെയ്യുന്നത് എന്നതിന് ഈ കാലഘട്ടത്തിലും വലിയ ഉദാഹരണം എന്താണുള്ളത്?

ഡല്‍ഹിയില്‍ മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്ക് കൃത്യമായ ആസൂത്രണമുണ്ട്. കാരണം, ഇത് ഇനിയും ആവര്‍ത്തിക്കപ്പെടാം. സമാധാനപരമായ പ്രക്ഷോഭങ്ങളെ, എതിര്‍പ്പുകളെ ഭരണകൂടത്തിന് പേടിയാണ്. പ്രത്യേകിച്ച്‌ സ്ത്രീകളുടെ മുന്‍കൈയില്‍ നടക്കുന്ന സമരങ്ങള്‍ക്ക് മുന്നില്‍ അവര്‍ അടിപതറും. അത് ഒഴിവാക്കാന്‍ അവര്‍ക്ക് അക്രമം വേണം. ഇനി സംഭവിക്കുക എല്ലാ സമരങ്ങളെയും ആക്രമിക്കുകയും അത് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള അക്രമമായി പ്രചരിപ്പിച്ച്‌ അടിച്ചമര്‍ത്തുകയും ചെയ്യും എന്നതാണ്. അക്രമം അവസാനിപ്പിച്ചിട്ടു വരൂ, എന്നിട്ട് ആലോചിക്കാം എന്നാണ് അനീതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികളോട് കോടതികള്‍ പോലും പറയുന്നത്. സമാധാനപൂര്‍ണമായ ഒരു നാളെ എന്നത് മറന്നേക്കൂ. കാരണം, നമ്മുടെയൊക്കെ ഭാവി എല്ലായ്‌പ്പോഴും അനിശ്ചിതത്വം നിറഞ്ഞതായിരിക്കണമെന്നും അത് കൂടുതല്‍ കുഴപ്പത്തിലാവണമെന്നതും ഭരണകൂടത്തിന്റെയും അവര്‍ നിയന്ത്രിക്കുന്ന ഇന്‍സ്റ്റിറ്റ്യൂഷനുകളുടെയുമൊക്കെ ആവശ്യമാണ്. അതിനായി ഭയവും മാനഹാനിയുമൊക്കെ അവര്‍ ഉപയോഗപ്പെടുത്തും.

എങ്ങനെയാണ് നാം ഇങ്ങനെയായത്?

മുകളില്‍ പറഞ്ഞതുപോലെ ഇതൊന്നും ഒറ്റ ദിവസം കൊണ്ടോ പൊടുന്നനെയോ ഉണ്ടായതല്ല. ഡല്‍ഹിയെ കത്തിക്കാനുള്ള കാര്യങ്ങള്‍ കുറെയേറെ നാളുകള്‍ക്കൊണ്ട് രൂപപ്പെടുത്തിയതാണ്.

ഇന്ത്യയുടെ തലസ്ഥാന നഗരമാണ് ഡല്‍ഹി എന്നോര്‍ക്കണം. പ്രധാനമന്ത്രിയും തലസ്ഥാനത്തെ ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള ആഭ്യന്തര മന്ത്രിയും ഒക്കെ ഇരിക്കുന്ന, രാജ്യത്തിന്റെ ചുക്കാന്‍ പിടിക്കുന്ന സ്ഥലം. അവിടെ 30-ലേറെപ്പേര്‍ കൊല്ലപ്പെടുകയും നൂറു കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ആയിരക്കണക്കിന് കടകളും വീടുകളുമൊക്കെ അഗ്നിക്കിരയാക്കുകയും മുസ്ലീം പള്ളികള്‍ തകര്‍ക്കുകയും ഒക്കെ ചെയ്യാന്‍ എങ്ങനെയാണ് സാധിക്കുക? അതും മൂന്നു ദിവസം യാതൊരു തടസവുമില്ലാതെ ഈ കൊല്ലും കൊലയും തുടരാന്‍ അനുവദിച്ചത് എങ്ങനെ? എന്തുകൊണ്ടാണ് അക്രമത്തെ അപലപിച്ചു കൊണ്ട് ഒരു പ്രസ്താവന പോലും ഇറക്കാതെ, ഭരിക്കുന്ന മന്ത്രിമാരും നേതാക്കളുമൊക്കെ മൗനം പാലിച്ചത്? അതുകൊണ്ടു തന്നെ ഇതൊന്നും ഒറ്റ രാത്രി കൊണ്ട് സംഭവിച്ചതല്ല എന്നു തന്നെ പറയാന്‍ പറ്റും. അതായത്, നിസഹായരായ മുസ്ലീങ്ങള്‍ക്ക് നേരെ ഹിന്ദുത്വ ഗുണ്ടകളെ അഴിച്ചു വിട്ടത് ഒറ്റ രാത്രി കൊണ്ടല്ല. പോലീസ് അക്രമികള്‍ക്ക് നേരെ കണ്ണടയ്ക്കുകയും അവര്‍ക്കൊപ്പം ചേര്‍ന്ന് അക്രമം അഴിച്ചു വിട്ടതും ഒറ്റ രാത്രികൊണ്ടുണ്ടായ കാര്യമല്ല. ഒറ്റ ദിവസം കൊണ്ടല്ല നമ്മുടെ നീതിന്യായ വ്യവസ്ഥകളെ ചൊല്‍പ്പടിക്കാക്കുന്നത്. ഒറ്റ രാത്രി കൊണ്ടല്ല മാധ്യമങ്ങളെ തങ്ങളുടെ പ്രൊപ്പഗണ്ടകള്‍ പ്രചരിപ്പിക്കുന്ന വിധത്തിലേക്ക് മാറ്റിയെടുത്തത്. അത് ഒരുപാട് നാളത്തെ ശ്രമഫലമായി ഉണ്ടായതാണ്.

ഡല്‍ഹിയില്‍ നടക്കുന്നത് എന്താണ് എന്നതിന്റെ പൂര്‍ണമായ ചിത്രം ഒരു പക്ഷേ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്ക് മനസിലായിക്കൊള്ളണമെന്നില്ല. അതുപോലെ തന്നെ മോദിയും അമിത് ഷായും ചേര്‍ന്ന് നടത്തുന്ന ഭരണത്തെക്കുറിച്ചും മുഴുവനായി മനസിലാക്കാന്‍ സാധിച്ചേക്കില്ല. ഒരു കാര്യം മാത്രം പറയാം, കഴിഞ്ഞ ആറ് ദശകങ്ങള്‍ക്കൊണ്ട് ഈ രാജ്യം എന്തൊക്കെ നേടിയോ അതിനെയൊക്കെ തകര്‍ക്കുകയാണ് ഈ ആറു വര്‍ഷങ്ങള്‍ക്കൊണ്ട് ചെയ്യുന്നത്. ഈ തകര്‍ന്ന കാര്യങ്ങള്‍ പുന:സ്ഥാപിക്കണമെങ്കില്‍, ഇന്ത്യയെ വീണ്ടെടുക്കണമെങ്കില്‍ എത്ര നൂറ്റാണ്ടുകള്‍ വേണ്ടി വരും എന്നാണ് ആലോചിക്കേണ്ടത്. അങ്ങനെയൊരു വീണ്ടെടുപ്പ് ഇനി നമുക്ക് സാധ്യമാണോ എന്നതാണ് വലിയ, വലിയ ചോദ്യം.


Next Story

Related Stories