TopTop
Begin typing your search above and press return to search.

ഇന്ത്യയിലെ ക്ഷീര കര്‍ഷകര്‍ക്ക് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ എന്താണ് കാര്യം?

ഇന്ത്യയിലെ ക്ഷീര കര്‍ഷകര്‍ക്ക് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ എന്താണ് കാര്യം?

എഡിറ്റോറിയല്‍

ഡല്‍ഹി കലാപം നടക്കുന്നതിനിടയിലും യാതൊരു തടസവും കൂടാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ഇന്ത്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്കാകട്ടെ, ട്രംപ് കൃത്യമായി വഴുതി മാറുകയും ചെയ്തു. ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി രണ്ടു ദിവസം പൂര്‍ണമായി ഇന്ത്യയില്‍ തങ്ങി, യാത്രകള്‍ ചെയ്തതിന്റെ ഒക്കെ പ്രധാന ലക്ഷ്യം അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍-അമേരിക്കക്കാരുടെ വോട്ട് ഉറപ്പിക്കുക എന്നതാണ് എന്ന വിലയിരുത്തലുകളും പുറത്തു വന്നിരുന്നു. ഇത് ഏറെക്കുറെ ശരിയാണ്, ഇത് ശരിയാണ് എന്നു മാത്രമല്ല, ചില പ്രധാന സംസ്ഥാനങ്ങളിലെ ഇന്ത്യന്‍-അമേരിക്കന്‍ വോട്ടര്‍മാരുടെ വോട്ട് ട്രംപിന് രണ്ടാം തവണയും വൈറ്റ് ഹൗസിലേക്കുള്ള വഴി തുറക്കും. അതാകട്ടെ, ഇന്ത്യയിലെ ക്ഷീരോത്പാദകരുടെ വയറ്റത്തടിച്ചു കൊണ്ടാകുമോ എന്നതാണ് പ്രധാന ചോദ്യം.

ഇന്ത്യയിലെ ക്ഷീരോത്പാദക, ചിക്കന്‍ വിപണിയിലേക്ക് അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രവേശനം നല്‍കുക എന്നതാണ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വ്യാപാര കരാറുകളിലെ പ്രധാന കാര്യങ്ങളിലൊന്ന് എന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ ചൊല്ലി വിവിധ മേഖലകളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയരുകയും ചെയ്യുന്നുണ്ട്. ഈ എതിര്‍പ്പുകള്‍ക്ക് കാരണമുണ്ട് എന്നതാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തു വരുന്ന ഈ സാഹചര്യത്തില്‍ വ്യക്തമാകുന്നത്. അതിന് ആദ്യം ഇന്ത്യയിലെ ക്ഷീരോത്പാദക മേഖലയും അമേരിക്കന്‍ പാല്‍, ഉപോത്പന്ന കമ്പനികള്‍ കടന്നു വന്നാല്‍ എന്തു സംഭവിക്കും എന്ന് മനസിലാക്കേണ്ടതുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്

അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടുകള്‍ നേടുന്നയാള്‍ വിജയിക്കുമെന്നാണ് കണക്കാക്കുന്നത് എങ്കിലും ശരിക്കും ഇലക്ടറല്‍ വോട്ടുകളാണ് ഇവിടെ വിജയിയെ നിശ്ചയിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ വസ്തുത. കാരണം, കൂടുതല്‍ വോട്ടുകള്‍ കിട്ടിയതു കൊണ്ട് മാത്രം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിക്കില്ല. 2016-ല്‍ ഹിലാരി ക്ലിന്റണ്‍ ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ പോലുള്ള വലിയ സംസ്ഥാനങ്ങള്‍ അടക്കം 20 ഇടങ്ങളില്‍ വിജയിക്കുകയും 28.5 ലക്ഷം മില്യണ്‍ കൂടുതല്‍ വോട്ടുകള്‍ നേടുകയും ചെയ്‌തെങ്കിലും വിജയം ട്രംപിനൊപ്പം നിന്നു. കാരണം, ട്രംപ് 30 ചെറിയ സംസ്ഥാനങ്ങളില്‍ ചെറിയ ഭൂരിപക്ഷത്തിനാണെങ്കിലും വിജയിക്കുകയും അതുവഴി ആകെ ആവശ്യമുള്ളതിലുമധികം ഇലക്ടറല്‍ വോട്ടായ 270 മറികടക്കുകയും ചെയ്തു. ഇത് മനസിലാകണമെങ്കില്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ എങ്ങനെയാണ് എന്നറിയേണ്ടതുണ്ട്. 40 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ അമേരിക്കക്കാര്‍ യു.എസ് ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ്. മൂന്നു കോടി വരുന്ന ആഫ്രിക്കന്‍-അമേരിക്കക്കാരെയോ 3.2 കോടി വരുന്ന ഹിസ്പാനിക്കുകളെയോ വച്ചു നോക്കിയാല്‍ ഇതൊന്നുമല്ല. മാത്രമല്ല, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 80 ശതമാനത്തോളം ഇന്ത്യന്‍-അമേരിക്കക്കാരും വോട്ട് ചെയ്തത് ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ്. അതുകൊണ്ടു തന്നെ ഓരോ സംസ്ഥാനത്തു നിന്നും ലഭിക്കുന്ന ഇലക്ടറല്‍ വോട്ടുകള്‍ ട്രംപിന് പ്രധാനമാണ്. അത് ലഭിക്കണമെങ്കില്‍ അതത് സംസ്ഥാങ്ങള്‍ പിടിക്കണം. അതിന് ഓരോ വോട്ടും പ്രധാനമാണ്. പ്രത്യേകിച്ച് മൂന്നു സംസ്ഥാനങ്ങള്‍- മിഷിഗണ്‍, വിസ്‌കോണ്‍സിന്‍, പെന്‍സില്‍വാനിയ.

ഓരോ സംസ്ഥാനത്തിനും ഉള്ള ഇലക്ടറല്‍ വോട്ടുകളുടെ എണ്ണം അതത് സംസ്ഥാനത്തു നിന്നുള്ള ഹൗസ് ഓഫ് റെപ്രസെന്റേറ്റീവുകളുടേയും സെനറ്റര്‍മാരുടെയും ആകെ എണ്ണമാണ്. ആകെയുള്ള 538 ഇലക്ടറല്‍ വോട്ടുകളില്‍ 270 എണ്ണത്തില്‍ വിജയിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിക്കുകയുള്ളൂ. അതായത്, അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള കാലിഫോര്‍ണിയ സംസ്ഥാനത്ത് ആകെയുള്ളത് 55 ഇലക്ടറല്‍ വോട്ടുകളാണ്. ഇവിടെ വന്‍ ഭൂരിപക്ഷത്തിന് ഹിലരി ക്ലിന്റണ്‍ വിജയിക്കുകയും 55 ഇലക്ടറല്‍ വോട്ടുകള്‍ നേടുകയും ചെയ്തു. എന്നാല്‍ ട്രംപ് ചെയ്തതാകട്ടെ, വളരെ കുറഞ്ഞ ഭൂരിപക്ഷത്തിന് ഫ്ളോറിഡയില്‍ വിജയിക്കുകയും അതുവഴി അവിടുത്തെ 29 ഇലക്ടറല്‍ വോട്ടുകള്‍ നേടുകയും ചെയ്തു. അതുപോലെ തന്നെയാണ് മിഷിഗണില്‍ വെറും 10,000 വോട്ടിനും വിസ്‌കോണ്‍സിനില്‍ 23,000 വോട്ടിനും പെന്‍സില്‍വാനിയയില്‍ 56,000 വോട്ടിനും ട്രംപ് വിജയിക്കുന്നത്. ഈ മൂന്നു സംസ്ഥാനങ്ങളും ചേര്‍ന്ന് 46 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപിന് നേടിക്കൊടുത്തത്. ഫലം ട്രംപിന് ആകെ 306 ഇലക്ടറല്‍ വോട്ടുകളും ഹിലാരിക്ക് 232 വോട്ടുകളും ലഭിച്ചു. ജനങ്ങള്‍ ആകെ ചെയ്ത പോപ്പുലര്‍ വോട്ടില്‍ 29 ലക്ഷത്തോളം വോട്ടുകള്‍ക്ക് മുന്നില്‍ വന്നിട്ടും മൂന്നു സംസ്ഥാനങ്ങളില്‍ നിന്ന് ഒരു ലക്ഷത്തില്‍ താഴെ വോട്ടുകള്‍ക്ക് ജയിച്ച് ഇലക്ടറല്‍ വോട്ടുകളില്‍ മുമ്പിലെത്തിയ ട്രംപ് പ്രസിഡന്റാകുകയും ചെയ്തു. ഈ മൂന്ന് സംസഥാനങ്ങളും ട്രംപിന് നഷ്ടമായിരുന്നെങ്കില്‍ അല്ലെങ്കില്‍ ഈ വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടാല്‍ എന്തു സംഭവിക്കും? 278-260 എന്ന വ്യത്യാസത്തില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി പ്രസിഡന്റാകും.

അപ്പോള്‍ വിസ്‌കോണ്‍സിന്‍ പോലുള്ള ഒരു സംസ്ഥാനത്തെ കൂടെ നിര്‍ത്താന്‍ ട്രംപ് എന്തും ചെയ്യും. അതിനു വേണ്ടി ഇന്ത്യയില്‍ വന്ന് കോമാളിത്തരങ്ങള്‍ കാണിക്കുന്നതിനോ മോദിയെ പുകഴ്ത്തുന്നതിനോ അയാള്‍ക്ക് മടിയില്ല. കാരണം, ന്യൂയോര്‍ക്കില്‍ 50,000 ഇന്ത്യന്‍-അമേരിക്കക്കാര്‍ തനിക്ക് വോട്ടു ചെയ്താലും ട്രംപിന് കാര്യമില്ല. കാരണം, എത്ര വോട്ടുകള്‍ ചെയ്താലും മറിയാന്‍ സാധിക്കാത്ത വിധം ഡെമോക്രാറ്റ് സംസ്ഥാനമാണ് അത്. എന്നാല്‍ കഴിഞ്ഞ തവണ വെറും 10,000 വോട്ടിന് വിജയിച്ച മിഷിഗണില്‍ 5,000 ഇന്ത്യക്കാര്‍ ട്രംപിന് വോട്ടു ചെയ്താലോ? അത് ട്രംപിന് ഒരു സംസ്ഥാനവും അതുവഴി ഇലക്ടറല്‍ വോട്ടുകളും ലഭിക്കാന്‍ കാരണമാകും, പ്രസിഡന്റ് പദവിയിലേക്ക് ഒന്നുകൂടി അടുക്കാനും. മിഷിഗണ്‍, വിസ്‌കോണ്‍സിന്‍, പെന്‍സില്‍വാനിയ തുടങ്ങിയ സംസ്ഥാനങ്ങള്‍ പൊതുവെ ഡെമോക്രാറ്റുകളോട് ചായ്‌വുള്ള സംസ്ഥാനങ്ങള്‍ ആയതിനാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഹിലാരി ക്ലിന്റണ്‍ കാര്യമായി ശ്രദ്ധ കൊടുത്തില്ല. വിസ്‌കോണ്‍സിന്‍ അവര്‍ സന്ദര്‍ശിക്കുക പോലും ചെയ്തില്ല. ഈ മേഖലയിലാണ് അമേരിക്കയിലെ പാല്‍ ഉത്പാദനവും അതുപോലെ വാഹന നിര്‍മാണ മേഖലകളൊക്കെ സ്ഥിതി ചെയ്യുന്നത്. തൊഴില്‍ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും മൂലം ഏറെ തളര്‍ന്ന ഈ മേഖലയില്‍ 'സ്വദേശി തൊഴിലാളി സ്‌നേഹം' ഉയര്‍ത്തി ട്രംപ് വിജയിക്കുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ തവണത്തെ തെറ്റ് ഇത്തവണ പറ്റരുത് എന്ന വാശിയിലാണ് ഡെമോക്രാറ്റുകള്‍. ജൂലൈയില്‍ നടക്കുന്ന ദേശീയ കണ്‍വെന്‍ഷന്‍ ഇത്തവണ വിസ്‌കോണ്‍സിനിലാണ് അവര്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഇവിടെയായിരിക്കും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയുടെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുക. മിഷിഗണില്‍ ആഫ്രിക്കന്‍-അമേരിക്കക്കാരെ ഒപ്പം നിര്‍ത്താന്‍ മിഷേല്‍ ഒബാമയും ഇത്തവണ രംഗത്തുണ്ട്. അതുകൊണ്ട് തന്നെ ട്രംപിനും ഇവിടെ മത്സരം കടുത്തതാണ്. അപ്പോള്‍ വോട്ടു നേടാനുള്ള തന്ത്രങ്ങളും മാറും. കാരണം, അമേരിക്കയിലെ ഏറ്റവും വലിയ പാല്‍ ഉത്പാദക സംസ്ഥാനമാണ് വിസ്‌കോണ്‍സിന്‍. മിഷിഗണും പെന്‍സില്‍വാനിയയും പിന്നിലല്ല. അതുകൊണ്ടു തന്നെ ട്രംപിന് ഈ മേഖലയുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചേ മതിയാകൂ. അതിന് ഇന്ത്യന്‍ വിപണി തുറന്നു കിട്ടുകയും ഒപ്പം, ഇന്ത്യന്‍ അമേരിക്കക്കാരെ ഒപ്പം നിര്‍ത്തുകയും വേണം. ഇന്ത്യന്‍ പാല്‍ വിപണി തുറന്നു കിട്ടുന്നതു വഴി ഈ സംസ്ഥാനങ്ങളിലെ സാമ്പത്തിക പ്രതിസന്ധി കുറയ്ക്കാന്‍ കഴിയുക എന്നതാണ് വ്യാപാര കരാറിലെ പ്രധാനം. മോദിയുടെ ജനപ്രീതി ഉപയോഗിച്ച് കിട്ടാവുന്നത്ര ഇന്ത്യന്‍-അമേരിക്കന്‍ വോട്ടുകള്‍ നേടുക എന്നതാണ് ഇന്ത്യക്കാരോടുള്ള സ്‌നേഹത്തിനു പിന്നില്‍.

വിസ്‌കോണ്‍സിനിലെ ക്ഷീര 'കര്‍ഷക മുതലാളിമാര്‍'

വിസ്‌കോണ്‍സിനില്‍ മാത്രം ഓരോ ദിവസവും മൂന്ന് ചെറുകിട പാല്‍ ഉത്പാദകര്‍ക്ക് തങ്ങളുടെ ബിസിനസ് അടച്ചു പൂട്ടേണ്ടി വരുന്നു എന്നാണ് കണക്കുകള്‍. 1970-കളില്‍ ഈ സംസ്ഥാനത്ത് 75,000 ഡയറികള്‍ ഉണ്ടായിരുന്നു എങ്കില്‍ ഇന്നത് വെറും 7,400 ആയി തീര്‍ന്നിരിക്കുന്നു. വിസ്‌കോണ്‍സിനിന്റെ തൊട്ടടുത്തു കിടക്കുന്ന സംസ്ഥാനമായ മിന്നസോട്ടയിലെ പാല്‍ ഉത്പാദകര്‍ക്ക് 2017-ല്‍ ലഭിച്ചിരുന്ന വരുമാനം 44,000 ഡോളര്‍ ആയിരുന്നെങ്കില്‍ 2018-ല്‍ ഇത് 14,697 ഡോളറായി ഇടിഞ്ഞു. ആയിരക്കണക്കിന് ഡയറികളാണ് ഇവിടെ അപ്രത്യക്ഷമാകുന്നത്. ഇങ്ങനെ ചെറുകിട പാല്‍ ഉത്പാദകര്‍ അടച്ചു പൂട്ടുന്നതോടെ ബാക്കിയാകുന്നത് വ്യാവസായികാടിസ്ഥാനത്തില്‍ വന്‍തോതില്‍ പാലും പാലുത്പന്നങ്ങളും നിര്‍മിക്കുന്ന കമ്പനികളാണ്. അവര്‍ വിപണി പിടിച്ചടക്കുകയും വില വിവരങ്ങള്‍ അടക്കമുള്ളവ നിശ്ചയിക്കുകയും ലാഭം കുന്നുകൂട്ടുകയും ചെയ്യും.

അമേരിക്കയിലെ 53 ശതമാനം പാലും ഉത്പാദിപ്പിക്കുന്നത് മൂന്നു ശതമാനം വരുന്ന വന്‍കിട സ്ഥാപനങ്ങളാണ്. ചെറുകിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതോടെ സംഭവിക്കുന്നത് ഇതാണ്. ഇവര്‍ വന്‍തോതില്‍ ഉത്പാദനം നടത്തുകയും ചെയ്യുന്നതോടെ അമേരിക്ക ഉപയോഗിക്കുന്നതിലും അധികം പാലും പാലുത്പന്നങ്ങളും ഉത്പാദിപ്പിക്കപ്പെടും. 2019-ല്‍ മാത്രം അധികമായി ഉത്പാദിപ്പിച്ച പാല്‍ക്കട്ടി (ചീസ്) 1.4 ബില്യണ്‍ പൗണ്ടിന്റെയാണ്. ഇപ്പോള്‍ നിലവിലുള്ള യുഎസ്-മെക്‌സിക്കോ-കാനഡ കരാര്‍ വഴി കനേഡിയന്‍ വിപണിയിലെ 3.6 ശതമാനം അമേരിക്കയ്ക്ക് തുറന്നു കിട്ടിയിട്ടുണ്ട്. എന്നാല്‍ കാനഡയിലെ പാല്‍ വിപണി എന്നത് വെറും 18 ബില്യണ്‍ ഡോളറിന്റെയാണെങ്കില്‍ വിസ്‌കോണ്‍സിനില്‍ മാത്രം ഉത്പാദിപ്പിക്കുന്ന പാലും പാലുത്പന്നങ്ങളും 45 ബില്യണ്‍ ഡോളറിന്റെയാണ്. അതുകൊണ്ടു തന്നെ അവിടെ വെറും 3.6 ശതമാനം മാത്രം വിപണി പ്രവേശനം എന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം കാര്യമായ ഒന്നല്ല. അതുകൊണ്ടു തന്നെ അമേരിക്കക്ക് തങ്ങളുടെ തകര്‍ന്നു കിടക്കുന്ന പാല്‍ വിപണിയെ മെച്ചപ്പെടുത്താന്‍ പുതിയ വിപണികള്‍ ആവശ്യമാണ്. അവിടെയാണ് അമേരിക്കയിലെ ഏറ്റവും വലിയ പാലുത്പാദക സംസ്ഥാനമായ വിസ്‌കോണ്‍സിനും ഇന്ത്യയിലെ പാല്‍ ഉത്പാദന മേഖലയുമായുള്ള ബന്ധം.

മറ്റൊന്ന് ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി, ട്രംപ് ഇന്ത്യക്ക് നികുതി കുറച്ച് വില്‍ക്കാന്‍ തീരുമാനിച്ച ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ നിര്‍മിക്കുന്നതും വിസ്‌കോണ്‍സിനിലാണ്. അതുകൊണ്ടു തന്നെ വിസ്‌കോണ്‍സിനിലെ താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് വളരെ പ്രധാനമാണ് എന്നു കാണാം. കാരണം, 2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ വിജയിപ്പിക്കാന്‍ കാരണമായ ഇലക്ടറല്‍ വോട്ടുകള്‍ ലഭിച്ചത് ഈ സംസ്ഥാനങ്ങളില്‍ നിന്നാണ് എന്നതാണ് പ്രധാന കാരണം.

ഇതെങ്ങനെ ഇന്ത്യയിലെ സാധാരണ കര്‍ഷകരെ ബാധിക്കും?

ഇന്ത്യന്‍ പാല്‍ ഉത്പാദന മേഖല ഇതുവരെ പുറംവിപണിക്ക് തുറന്നു കൊടുത്തിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉത്പാദകരായ ഇന്ത്യയില്‍ എട്ടു കോടിയോളം ഗ്രാമീണ കുടുംബങ്ങളാണ് ഈ മേഖലയിലുള്ളത്. പാല്‍ ഇറക്കുമതിക്ക് ഇപ്പോഴുള്ള 100 ശതമാനം നികുതിക്ക് പകരം 25 ശതമാനമായി അത് കുറയ്ക്കാമെന്ന വാഗ്ദാനം ഇന്ത്യന്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ടെന്നും എന്നാല്‍ അത് 10 ശതമാനമായി കുറയ്ക്കണമെന്നാണ് അമേരിക്കുടെ ആവശ്യമെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതുപോലെ അമേരിക്കന്‍ കോഴിക്കാലുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനും വലിയ നികുതി ഇളവ് നല്‍കുന്ന കാര്യവും ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായിരുന്നു.

ഈ വിധത്തില്‍ പാലുത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ സംഭവിക്കുന്നത് ഗ്രാമീണ മേഖലയില്‍ വലിയ തോതില്‍ തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടാവുകയും ഈ മേഖല തന്നെ തകര്‍ന്നു പോവുകയും ചെയ്യുക എന്നതാണ്. ഒരുദാഹരണം ചൂണ്ടിക്കാട്ടിയാല്‍ കാര്‍ഷിക, കാര്‍ഷിക അനുബന്ധ മേഖലകളിലെ ഗ്രോസ് വാല്യു ആഡഡ് (GVA- ഒരു മേഖലയിലെ ഉത്പാദനത്തിന്റെ മൂല്യം അളക്കുന്നതിനുള്ള അളവുകോല്‍. ഇത് ജിഡിപിയുമായും ബന്ധപ്പെട്ടിരിക്കുന്നു). 2014-ല്‍ 18.2 ശതമാനമായി ആയിരുന്നെങ്കില്‍ 2017 ആയപ്പോഴേക്കും 17.2 ശതമാനമായി കുറഞ്ഞു. എന്നാല്‍ പാല്‍ ഉത്പാദന മേഖലയില്‍ ഈ കാലയളവില്‍ ജിവിഎ 4.4 ശതമാനത്തില്‍ നിന്ന് 4.9 ശതമാനമായി വര്‍ധിച്ചു. കാര്‍ഷിക, അനുബന്ധ മേഖലയിലെയും ഏറ്റവും പ്രധാന ഘടകങ്ങളിലൊന്ന് കന്നുകാലികള്‍, പാല്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവ ചേര്‍ന്ന 67.2 ശതമാനമാണ്.

അതുകൊണ്ട് തന്നെ ഈ മേഖലയ്ക്ക് തളര്‍ച്ചയുണ്ടായാല്‍ ഗ്രാമീണ മേഖലയിലെ പട്ടിണി വര്‍ധിക്കുകയും ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഉറപ്പുള്ള ഭക്ഷ്യ സുരക്ഷ ഇല്ലാതാവുകയും ചെയ്യും. അഗ്രികള്‍ച്ചര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കണക്ക് അനുസരിച്ച് ഗ്രാമീണ മേഖലയിലെ ആകെ തൊഴില്‍ ദിനങ്ങളുടെ 90-120 ദിവസങ്ങള്‍ മാത്രമാണ് പരമ്പരാഗത കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടുള്ളത്. ബാക്കിയുള്ള തൊഴില്‍, ഗ്രാമീണ മേഖലയില്‍ സൃഷ്ടിക്കുന്നതില്‍ പാലുത്പാദന മേഖലയ്ക്ക് വലിയ പങ്കാണുള്ളത്. ഇതാകട്ടെ, വര്‍ഷം മുഴുവന്‍ നിലനില്‍ക്കുകയും ചെയ്യുന്ന ഒന്നാണ്. ലോകത്തിലെ ആകെ പാലുത്പാദനത്തിന്റെ 21 ശതമാനവും ഇന്ത്യയിലാണ്. നിലവില്‍ ഇന്ത്യന്‍ പാലുത്പാദകര്‍ക്ക് ഉപഭോക്താക്കള്‍ വാങ്ങുന്ന ഉത്പന്നത്തിന്റെ 60 ശതമാനവും തിരിച്ചു കിട്ടുന്നുണ്ട്. എന്നാല്‍ അമേരിക്കയിലാകട്ടെ, നാലു ലക്ഷം പാലുത്പാദകര്‍ക്ക് പാലു തരുന്ന 240 പശുക്കള്‍ വീതമെങ്കിലും ഉണ്ട്. അത് വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നതുമാണ്. അതുകൊണ്ടു തന്നെ അവര്‍ക്ക് ലഭിക്കുന്നതാകട്ടെ, ഉപഭോക്താക്കള്‍ നല്‍കുന്ന വിലയുടെ 43 ശതമാനം മാത്രമാണ്. അമേരിക്കയിലെ പശുക്കള്‍ ഉത്പാദിപ്പിക്കുന്ന പാലിന്റെ അളവും ഇന്ത്യയുമായി കണക്കാക്കിയാല്‍ പതിന്മടങ്ങാണ്. പശുക്കളുടെ കുറഞ്ഞ പാലുത്പാദനവും ചെറുകിട, ഭൂരഹിതരായ എട്ടു കോടിയോളം മനുഷ്യരാണ് ഇതില്‍ ഏര്‍പ്പെട്ടിരിക്കുന്നതെങ്കിലും കുറഞ്ഞ നിരക്കില്‍ പാലുത്പാദിപ്പിക്കാന്‍ ഇന്ത്യക്ക് ഇപ്പോള്‍ കഴിയുന്നുണ്ട്.

എന്നാല്‍ പുതിയ കരാര്‍ നിലവില്‍ വന്നു കഴിഞ്ഞാല്‍ ഇന്ത്യയിലേക്കുള്ള പാല്‍ ഇറക്കുമതി 100 മില്യണ്‍ ഡോളറിന്റെ വരെയാകാം എന്നാണ് കണക്കുകള്‍. ഇതാകട്ടെ, 2018-19ല്‍ പാല്‍ ഉത്പാദന മേഖലയില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ലാഭം 14.71 മില്യണ്‍ ഡോളറിന്റെ ആണെങ്കില്‍ ഇപ്പോഴത്തെ കണക്കില്‍ അത് 85 മില്യണ്‍ ഡോളര്‍ വ്യാപാര കമ്മിയായി തീരുമെന്നും വിദഗ്ധര്‍ പറയുന്നു. ഇന്ത്യന്‍ പാലുത്പാദന മേഖലയേയും ഇന്ത്യന്‍ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയേയും വലിയ തോതില്‍ ബാധിക്കുന്നതാണ് ഇത്. പ്രത്യേകിച്ച് സ്ത്രീകളുടെ തൊഴില്‍ നഷ്ടവും വലുതായിരിക്കും. ഇപ്പോള്‍ തന്നെ തകര്‍ന്നു കിടക്കുന്ന ഗ്രാമീണ സമ്പദ്‌വ്യവസ്ഥയും തൊഴില്‍ നഷ്ടവും കാരണം വലിയ തോതിലുള്ള സാമൂഹിക പ്രത്യാഘാതങ്ങള്‍ ഇന്ത്യ അനുഭവിച്ചു വരികയാണ്. അതിനു പിന്നാലെയാണ് പാല്‍ ഉത്പാദന മേഖല തുറന്നു കൊടുത്താല്‍ ഉണ്ടാകാന്‍ പോകുന്ന വലിയ തിരിച്ചടികള്‍. നോക്കൂ, എങ്ങനെയാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ചില സംസ്ഥാനങ്ങളില്‍ വിജയിക്കാനും അതുവഴി പ്രസിഡന്റ് സ്ഥാനം ഉറപ്പാക്കാനുമുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയെ പൂര്‍ണമായി തകര്‍ക്കുന്നതിലേക്ക് എത്തിക്കുന്നത് എന്ന്.

അവലംബം: ഇകണോമിക് ടൈംസ്, ഹിന്ദു ബിസിനസ് ലൈന്‍ ലേഖനങ്ങള്‍, ട്വിറ്റര്‍

Next Story

Related Stories