1971ലെ ഒരു ദിവസം അലഹബാദിലെ സിവില്‍ ലൈന്‍സിലുള്ള ശാന്തി ഭൂഷന്റെ ബംഗ്ലാവിലേക്ക് ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തിലെ തമാശ കഥാപാത്രവും ഗുസ്തിക്കാരനുമൊക്കെയായ രാജ് നാരായണ്‍ കടന്നുവന്നു. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് ക്രമക്കേടിന്റെ പേരില്‍ കേസ് കൊടുക്കണം എന്നതായിരുന്നു രാജ് നാരായന്റെ ആവശ്യം. അടുത്തു സമാപിച്ച ലോക്സഭാ തെരഞ്ഞെടുപ്പില്‍ റായ് ബറേലിയില്‍ ഇന്ദിരാ ഗാന്ധിയുടെ എതിരാളിയായിരുന്നു അദ്ദേഹം.
1975 ആയപ്പോഴേക്കും ആ കേസ് നാടകീയ സംഭവങ്ങള്‍ക്ക് വഴിതെളിച്ചു. അലഹബാദ് ഹൈക്കോടതിയിലെ 24-ാം നമ്പര്‍ കോടതി മുറി അന്നൊരു വിശിഷ്ട വ്യക്തിക്ക് വേണ്ടി രൂപമാറ്റം വരുത്തി. ചരിത്രത്തില്‍ ആദ്യമായി ഒരു പ്രധാനമന്ത്രി കോടതിയില്‍ ഹാജരാകുന്ന ദിവസമായിരുന്നു അത്. ജസ്റ്റിസ് ജഗ്മോഹന്‍ലാല്‍ സിന്‍ഹയുടെ കോടതി മുറി അങ്ങനെ രൂപമാറ്റം വരുത്തുന്നതിന്റെ ഭാഗമായി സാക്ഷിക്കൂട് നീക്കം ചെയ്ത് പകരം അവിടെ ഒരു തട്ട് സ്ഥാപിക്കുകയും ചെയ്തു. പ്രധാനമന്ത്രി സാക്ഷിയായി ഹാജരാകുന്നതിനാല്‍ അഭിഭാഷകര്‍ ഇരിക്കുന്നതിനേക്കാള്‍ അല്‍പ്പം കൂടി ഉയരത്തില്‍ ജഡ്ജിമാര്ക്കൊപ്പമായിരുന്നു തട്ട്. അതിലൊരു കസേരയുമിട്ടു. അഭിഭാഷകരേക്കാള്‍ ഉയരത്തിലും ജഡ്ജിമാര്‍ക്ക് ഒപ്പവുമായിരിക്കണം പ്രധാനമന്ത്രി ഇരിക്കേണ്ടതെന്നും അവരെ സാക്ഷിക്കൂട്ടില്‍ നിര്‍ത്തി വിസ്തരിക്കേണ്ടതില്ലെന്നുമായിരുന്നു കോടതിയുടെ നിലപാട്. എന്നാല്‍ അതൊന്നും തന്നെ ജസ്റ്റിസ് സിന്‍ഹയെ ഭയപ്പെടുത്തിയില്ല.
കോടതി മുറിക്കുള്ളില്‍ ശാന്തി ഭൂഷന് നടത്തുന്ന നിയമപോരാട്ടം സാകൂതം വീക്ഷിച്ച് നാണം കുണുങ്ങിയായ ഒരു ചെറുപ്പക്കാരനും അവിടെയുണ്ടായിരുന്നു അദ്ദേഹത്തിന്റെ മകന് പ്രശാന്ത് ഭൂഷന്. തന്റെ കോളേജ് പഠനകാലത്ത് തൊട്ടടുത്ത വീട്ടിലെ വയോധികയുമായി പാശ്ചാത്യ തത്വശാസ്ത്രത്തെക്കുറിച്ച് പ്രശാന്ത് ഭൂഷന് ചര്‍ച്ച ചെയ്യുകയും പഠിക്കുകയും ചെയ്യുമായിരുന്നു. അലഹബാദ് ഹൈക്കോടതിയില്‍ നടന്ന ആ നിയമ പോരാട്ടത്തെക്കുറിച്ചുള്ള പ്രശാന്ത് ഭൂഷന്റെ കുറിപ്പുകള്‍ പിന്നീട് പുസ്തകമായി പുറത്തുവന്നു: 'ഇന്ത്യയെ പിടിച്ചു കുലുക്കിയ കേസ്' (The Case That Shook India).
അടിയന്തരാവസ്ഥയുടെ ആ ദിനങ്ങള്‍ മുതല്‍ ഇന്ത്യന്‍ പൊതുജീവിതത്തില്‍ പ്രകാശഭരിതമായ ഒരു സാന്നിധ്യമായി പ്രശാന്ത് ഭൂഷന് നിലകൊള്ളുന്നുണ്ട്. പാവപ്പെട്ടവര്‍ക്കും അരികുവത്ക്കരിക്കപ്പെട്ടവര്‍ക്കും സഹായിയാകുന്ന അഭിഭാഷകനായി, ഈ ജനാധിപത്യത്തിന്റെ ജീവാത്മാവ് നിലനിര്‍ത്താനായി, അധികാര സ്ഥാനത്തിരിക്കുന്നവരോട് സത്യം വിളിച്ചുപറയുന്ന ഭയരഹിതനായ മനുഷ്യനായി ഒക്കെ അദ്ദേഹമുണ്ട്. നിയമ പോരാട്ടം നടത്തേണ്ടി വരുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റവുമാദ്യം ഓടിയെത്തുന്ന ആളാണ് പ്രശാന്ത് ഭൂഷന്. വളരെ പ്രധാനപ്പെട്ട രേഖകള്‍ പുറത്തെത്തിക്കാന്‍ വിസില്ബ്ലോവേഴ്സിനു വിശ്വാസ്യതയുള്ള ആളും, ഈ മഹാരാജ്യത്തിന്റെ വിവിധ കോണുകളില്‍ നിരവധി വിഷയങ്ങളില്‍ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന മനുഷ്യര്ക്കൊക്കെയുള്ള അത്താണിയുമാണ് അദ്ദേഹം. പ്രശാന്ത് ഭൂഷന്റെ നിയമപോരാട്ടത്തിന്റെ ഗുണഫലം അനുഭവിക്കാത്തതായി ഇന്ത്യയില്‍ ഒരു പ്രദേശം പോലുമുണ്ടാകില്ല. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ക്ക് സാക്ഷ്യം വഹിക്കാത്ത പ്രതിഷേധങ്ങളുമുണ്ടാകാറില്ല.
അദ്ദേഹത്തെ വ്യക്തിപരമായി അറിയാവുന്നരോട് നിങ്ങള്‍ സംസാരിച്ചു നോക്കൂ, എത്രത്തോളം സത്യസന്ധനും സാധാരണ പ്രകൃതക്കാരനും മനുഷ്യരില്‍ വലിയ വിശ്വാസമുള്ളയാളുമാണ് അദ്ദേഹമെന്ന് അപ്പോള്‍ മനസിലാകും. ചിലപ്പോഴൊക്കെ ആളുകള്‍ അദ്ദേഹത്തെ തങ്ങളുടെ ഉപജാപങ്ങള്‍ക്ക് കരുവാക്കാറുണ്ട്. എന്നാല്‍ അതൊന്നും മനുഷ്യരിലുള്ള അദ്ദേഹത്തിന്റെ വിശ്വാസങ്ങള്‍ക്ക് പോറലേല്‍പ്പിച്ചിട്ടില്ല. ഓഫീസിലുള്ള എല്ലാ ദിവസവും ഉച്ചസമയത്ത് തന്റെ വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഉച്ചയൂണിന്റെ വലിയ പാത്രം അദ്ദേഹം തുറക്കും. തന്റെ സഹപ്രവര്‍ത്തകരുമായി ആ ആഹാരം പങ്കുവച്ചു കഴിക്കുകയും ചെയ്യും. ഊഹിക്കാനാവാത്തത്ര പൊതുതാത്പര്യ ഹര്‍ജികളില്‍ അദ്ദേഹം നിയമപോരാട്ടം നടത്തുന്നുണ്ട്. അദ്ദേഹം ഏറ്റെടുക്കുന്ന 90 ശതമാനം കേസുകളിലും പ്രതിഫലമൊന്നും വാങ്ങാറില്ല. ബാക്കി വരുന്ന 10 ശതമാനം കേസുകളില്‍ നിന്നു ലഭിക്കുന്ന ഫീസില്‍ നിന്നാണ് തന്റെ ജൂണിയേഴ്സിനും മറ്റ് ഓഫീസ് സ്റ്റാഫുകള്‍ക്കുമുള്ള ശമ്പളമടക്കം നല്‍കുന്നത്.
അദ്ദേഹത്തെ അടുത്തറിയാന്‍ സാധിച്ചവര്‍ക്ക് മനസിലാകുന്ന ഒന്ന്, ജനാധിപത്യത്തോട് അങ്ങേയറ്റം പ്രതിജ്ഞാബദ്ധനും അതിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഭയരഹിതനുമാണ് അദ്ദേഹമെന്നതാണ്. എന്നാല്‍ ആ പ്രതിബദ്ധത സുപ്രീം കോടതിക്കും ഭരിക്കുന്ന സര്‍ക്കാരിനും അങ്ങേയറ്റം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നത് കൂടിയാണ് ഇന്നുണ്ടായിരിക്കുന്ന സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായിരിക്കും പ്രശാന്ത് ഭൂഷനെ കോടതിയലക്ഷ്യ കേസില്‍ ശിക്ഷിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ തീരുമാനം. എന്നാല്‍ അതൊരിക്കലും ഒറ്റപ്പെട്ട ഒന്നല്ല. ഇന്നത്തെ ഇന്ത്യ എന്താണ് എന്നതിന്റെ ഏറ്റവും വലിയ സാക്ഷ്യം കൂടിയാണ് ഈ ശിക്ഷാവിധി. ജനാധിപത്യത്തിലേക്ക് ഇരുട്ട് അതിവേഗം വ്യാപിക്കുന്നതിന്റേയും ഒരു മെജോറിറ്റേറിയന്‍ സര്‍ക്കാരും ദുര്‍ബലരായ ജുഡീഷ്യറിയും വിദ്വേഷ, നുണ പ്രചാരകരായ മാധ്യമങ്ങളും ചേര്‍ന്ന് നമ്മുടെ എല്ലാ ഇടങ്ങളും പിടിച്ചടക്കുന്നതിന്റെയും സാക്ഷ്യം കൂടിയാണത്. ഞങ്ങള്‍ ഈ പറയുന്ന കാര്യങ്ങളോട് ആര്‍ക്കും മറുവാദങ്ങള്‍ ഉന്നയിക്കാം, തര്‍ക്കിക്കാം; പക്ഷേ, വന്‍ ഭൂരിപക്ഷത്തോട് കൂടി നരേന്ദ്ര മോദി 2014-ല്‍ ന്യൂഡല്‍ഹിയില്‍ അധികാരമേറ്റത് ഈ ബഹുസ്വര ജനാധിപത്യത്തെ അവസാനിപ്പിക്കാനുള്ള ദൃഡനിശ്ചയത്തോടെയാണ് എന്ന വസ്തുതയില്‍ യാതൊരു മാറ്റവുമില്ല. അതിനെ ഏകാധിപത്യം എന്ന് വിളിക്കണോ എന്നത് മാത്രമാണ് ചോദ്യം. അതുകൊണ്ട് തന്നെ ആ ഒരു ഉദ്യമത്തിന്റെ ബാക്കിപത്രം മാത്രമാണ് ഇന്ന് പ്രശാന്ത് ഭൂഷനെ ശിക്ഷിച്ചു കൊണ്ടുള്ള ഈ വിധി. അല്ലാതെ, ഒറ്റപ്പെട്ട ഒന്നല്ല.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍, ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം ഇല്ലാതാക്കാനുള്ള എല്ലാ വിധ ശ്രമങ്ങളും നടത്തുന്നുണ്ട്. അതിനെ തുടര്‍ന്ന് വരുന്ന ഉത്തരവുകളാകട്ടെ, ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തെ എല്ലാവിധത്തിലും പരിപോഷിപ്പിക്കാന്‍ ഉതകുന്നതുമാണ്. അതിന്റെ ഏറ്റവുമൊടുവിലുത്തെ ഉദാഹരണമാണ് ഇന്നത്തെ വിധി. കാരണം, ജുഡീഷ്യറിക്കുള്ളിലെ അഴിമതിക്കാരും കളങ്കിതരായവര്ക്കും മാത്രമല്ല പ്രശാന്ത് ഭൂഷന് പ്രശ്നക്കാരനാകുന്നത്, ഇന്ത്യന്‍ ജനാധിപത്യത്തെ ഏതുവിധേനെയും തകര്‍ത്തു തരിപ്പണമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും അദ്ദേഹം ഒരു തലവേദനയാണ്.