TopTop
Begin typing your search above and press return to search.

എഴുപതു തികഞ്ഞ ഭരണഘടനയെ 'കൊല്ലു'മെന്ന് ഹിന്ദുത്വ സംഘടനകള്‍ കൊച്ചിയില്‍, മരിക്കാന്‍ അനുവദിക്കില്ലെന്ന് സുപ്രീം കോടതി മഹാരാഷ്ട്ര കേസില്‍

എഴുപതു തികഞ്ഞ ഭരണഘടനയെ കൊല്ലുമെന്ന് ഹിന്ദുത്വ സംഘടനകള്‍ കൊച്ചിയില്‍, മരിക്കാന്‍ അനുവദിക്കില്ലെന്ന് സുപ്രീം കോടതി മഹാരാഷ്ട്ര കേസില്‍

ഇന്ത്യന്‍ ഭരണഘടന 70 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ഇന്ന്. 1949 നവംബര്‍ 26നാണ് ഭരണഘടന അംഗീകരിച്ചുകൊണ്ടുള്ള തീരുമാനത്തില്‍ അന്നത്തെ പ്രസിഡണ്ട് ഡോ. രാജേന്ദ്ര പ്രസാദ് ഒപ്പ് വെച്ചത്. എഴുപത് വര്‍ഷം മുന്‍പ് അംഗീകരിച്ച നമ്മുടെ ഭരണഘടന നേരിടുന്ന വെല്ലുവിളിയെയും അതിജീവന ശ്രമത്തെയും പ്രതീകവത്ക്കരിക്കുന്ന സംഭവവികാസങ്ങളോടെയാണ് 2019 നവംബര്‍ 26 ആരംഭിച്ചത്. ശബരിമലയിലേക്കുള്ള യുവതീ പ്രവേശനത്തില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി ഏഴംഗ വിശാല ബെഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രീം കോടതിയുടെ സമീപകാല വിധിയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ശബരിമല തീര്‍ഥാടന കാലവും സംഘര്‍ഷ ഭരിതമാകും എന്നു പരക്കെ കരുതപ്പെട്ടിരുന്നു. വിധി വന്ന ഉടന്‍ തന്നെ ആചാര ലംഘനം അനുവദിക്കില്ല എന്നു ഹിന്ദുത്വ സംഘടനകളും മല ചവിട്ടും എന്ന് സ്ത്രീ സംഘടനകളും പ്രഖ്യാപിച്ചിരുന്നു. അതേസമയം മുന്‍ നിലപാടില്‍ നിന്നും വിഭിന്നമായി വിധിയിലെ അവ്യക്തയുടെ ചുവടുപിടിച്ചു ശബരിമല കയറാനെത്തുന്ന യുവതികള്‍ക്ക് പോലീസ് സരക്ഷണം നല്കേണ്ട എന്ന നിലപാടാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഭൂ മാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ഇന്ന് കൊച്ചിയിലെത്തിയത്. ശബരിമലയിലേക്ക് നീങ്ങിയ അവര്‍ പിന്നീട് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചു. തൃപ്തി ദേശായിയുടെ സംഘത്തില്‍ കഴിഞ്ഞ വര്‍ഷം ശബരിമല കയറിയ ബിന്ദു അമ്മിണിയും ഉണ്ടായിരുന്നു. തൃപ്തി ദേശായി എത്തിയ വാര്‍ത്തയറിഞ്ഞു ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സി ജി രാജഗോപാലും ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവായ പ്രതീഷ് വിശ്വനാഥന്‍ അടക്കമുള്ളവര്‍ നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പം കമ്മീഷണര്‍ ഓഫീസില്‍ എത്തുകയും ചെയ്തു. ഇതിനിടയിലാണ് ഏറ്റവും അപലപനീയവും പരിഷ്കൃത സമൂഹത്തിനു അംഗീകരിക്കാന്‍ കഴിയാത്തതുമായ സംഭവം അരങ്ങേറുന്നത്. കമ്മിഷണര്‍ ഓഫീസില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്നിറങ്ങി നടന്നുവരികയായിരുന്ന ബിന്ദു അമ്മിണിയെ മുളക് സ്പ്രേ ചീറ്റിച്ച് ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകനായ ശ്രീനാഥ് ആക്രമിച്ചു. പോലീസ് ഇത് നിഷ്ക്രീയരായി നോക്കിനില്‍ക്കുകയായിരുന്നു. 2018 സെപ്തംബര്‍ 28നു ഭരണഘടനാബെഞ്ച് തങ്ങളുടെ വിധിയിലൂടെ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചത് തുല്യനീതിയായിരുന്നു. ഭരണാഘടനാപരമായ ഈ അടിസ്ഥാന തത്വത്തെയാണ് പുനഃപരിശോധന ഹര്‍ജി പരിഗണിച്ച സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് ഇരുട്ടത്തു നിര്‍ത്തിയത്. ആ അവ്യക്തതയില്‍ കിട്ടിയ വര്‍ദ്ധിത വീര്യമാണ് പ്രവീണ്‍ തൊഗാഡിയയുടെ പിന്‍മുരാകാരനായ പ്രതീഷ് വിശ്വനാഥനും സംഘത്തിനും പകല്‍ വെളിച്ചത്തില്‍ നിയമപാലകരുടെ മൂക്കിന് താഴെ നിയമം ലംഘിക്കാനും ഭാരണഘടനയ്ക്ക് തങ്ങള്‍ കീറക്കടലാസിന്റെ വില പോലും നല്‍കുന്നില്ല എന്നു പ്രഖ്യാപിക്കാനും സാധിച്ചത്. സ്ത്രീ എന്ന നിലയില്‍ നിയമം നല്‍കുന്ന സര്‍വ്വ പരിരക്ഷയുമാണ് ഇവിടെ കാറ്റില്‍ പറത്തപ്പെട്ടിരിക്കുന്നത്. വിയോജന വിധി പ്രഖ്യാപിച്ചുകൊണ്ട് എഫ് എ നരിമാനും ഡി വൈ ചന്ദ്രചൂഡും മുന്‍ വര്‍ഷം ശബരിമലയില്‍ നടന്ന പ്രക്ഷോഭങ്ങള്‍ ഭരണഘടനയ്ക്കെതിരായ നീക്കമായിട്ടാണ് വിലയിരുത്തിയത്. അതേ നിലപാട് തന്നെ തങ്ങള്‍ തുടരും എന്നാണ് ഭരണഘടനാ ദിനത്തില്‍ ഒരു സ്ത്രീയെ ആക്രമിച്ചുകൊണ്ട് ഹിന്ദുത്വ സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഇന്ന് 10.30 സുപ്രീം കോടതിയില്‍ നിന്നും പുറത്തുവന്ന മറ്റൊരു വാര്‍ത്ത ഭരണഘടനയുടെ അടിസ്ഥാന ശീലകളെ സംരക്ഷിക്കാന്‍ ജുഡീഷ്യറി പ്രതിജ്ഞാബദ്ധമാണ് എന്നു തെളിയിക്കുന്നതായി. മഹാരാഷ്ട്രയില്‍ രാഷ്ട്രീയ കുതിരക്കച്ചവടം അനുവദിക്കില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് നാളെ തന്നെ സഭാതലത്തില്‍ വിശ്വാസ വോട്ട് തേടാനാണ് ദേവേന്ദ്ര ഫദ്നാവിസിനോട് ജസ്റ്റീസ് എന്‍ വി രമണ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. രഹസ്യ ബാലറ്റ് അനുവദിക്കില്ലെന്നും വോട്ടെടുപ്പ് തത്സമയ സംപ്രേക്ഷണം ചെയ്യണമെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലം മുതലിങ്ങോട്ട് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ പല രീതിയില്‍ അസ്ഥിരപ്പെടുത്തി അട്ടിമറിക്കുന്ന രീതിയാണ് ബിജെപി കൈക്കൊണ്ടുവരുന്നത്. അതിനു വേണ്ട ഒത്താശകള്‍ ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. എന്നാല്‍ ഓപ്പറേഷന്‍ കമല കര്‍ണ്ണാടകത്തില്‍ വാടിക്കരിഞ്ഞത് ബിജെപി അപ്രതീക്ഷിത തിരിച്ചടിയായി. സഭയില്‍ വിശ്വാസം തെളിയിക്കണം എന്ന സുപ്രീം കോടതിയുടെ വിധിയുടെ മുന്‍പില്‍ യെദിയൂരപ്പയ്ക്ക് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വന്നു. അതേ സാഹചര്യമാണ് ഇപ്പോള്‍ മഹാരാഷ്ട്രയിലും ഉരുത്തിരിഞ്ഞുവന്നിരിക്കുന്നത്. ഭരണഘടനാ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കണം എന്നാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. രണ്ടിടത്തും ഭരണഘടനാ വിരുദ്ധ നിലപാട് കൈക്കൊണ്ടിരിക്കുന്നത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയും സംഘ പരിവാര സംഘടനകളും ആണെന്നത് ഞെട്ടിക്കുന്നതാണ്. ഇതേ പാര്‍ട്ടിയുടെ സ്പീക്കര്‍ ഇന്നലെ ലോകസഭയില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ്സ് എം പി മാരായ ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍ എന്നിവരെ അഞ്ചു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്ന വാര്‍ത്തകളും പുറത്തുവരുന്നത് ഈ ഭരണഘടനാ ദിനത്തെ ഒട്ടും ആഹ്ലാദകരമാക്കുന്നില്ല എന്ന് മാത്രമല്ല, ഭരണഘടനയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാണ് എന്ന സൂചനയാണ് നല്‍കുന്നത്.


Next Story

Related Stories