TopTop

വംശഹത്യയുടെ പാപഭാരവും പേറി ഓങ് സാന്‍ സ്യൂകി കോടതി മുറിക്കുള്ളില്‍ തല കുമ്പിട്ടു നില്‍ക്കുമ്പോള്‍

വംശഹത്യയുടെ പാപഭാരവും പേറി ഓങ് സാന്‍ സ്യൂകി കോടതി മുറിക്കുള്ളില്‍ തല കുമ്പിട്ടു നില്‍ക്കുമ്പോള്‍

എഡിറ്റോറിയല്‍

- ശിശുമരണ നിരക്കിലുള്ള വര്‍ധനവ്

- രാക്ഷസവത്ക്കരിച്ച സര്‍ക്കാര്‍ പ്രൊപ്പഗണ്ടകള്‍

- നമ്മളും മറ്റുള്ളവരും എന്ന നരേറ്റീവ് ഉണ്ടാക്കുക

- ന്യൂനപക്ഷ 'വിമുക്ത'മായ പഴയകാല പ്രതാപം എന്ന മിത്ത് സൃഷ്ടിക്കുക

- കൈയടി നേടുന്ന സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍

- എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും തകര്‍ക്കുക

- കോടതികളെ ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമായി രാഷ്ട്രീയവത്ക്കരിക്കുക

- ന്യൂനപക്ഷങ്ങളെ നീതി, നിയമ പരിപാലന സംവിധാനങ്ങളില്‍ നിന്ന് ഒഴിവാക്കുക

- മറ്റുള്ളവര്‍ക്കുള്ള അതേ അധികാര, അവകാശങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കില്ല എന്ന് നിയമം മൂലം ഉറപ്പിക്കുക

- ഇടയ്ക്കിടെ ഉണ്ടാകുന്ന 'ആക്‌സമിക'മായ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുക

- ആരോഗ്യ, വിദ്യാഭ്യാസ സംവിധാനങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് അപ്രാപ്യമാക്കുക

- പൊതുസമൂഹത്തില്‍ നിന്ന് ന്യൂനപക്ഷങ്ങളെ നിര്‍ബന്ധിതമായി ഒറ്റപ്പെടുത്തുക

- ന്യൂനപക്ഷങ്ങളാണെന്ന് തിരിച്ചറിയുന്ന വിധത്തില്‍ ചിഹ്‌നങ്ങള്‍ ധരിക്കല്‍ നിര്‍ബന്ധിതമാക്കുക

- ഇടയ്ക്കിടെയുണ്ടാകുന്ന അറസ്റ്റ്

- അനിശ്ചിതമായി ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ അടയ്ക്കുക

- ഈ അതിക്രമങ്ങള്‍ തടയാന്‍ ഏതെങ്കിലും വിദേശ സര്‍ക്കാരുകള്‍ ശ്രമിക്കുന്നുണ്ടോ എന്ന് പരീക്ഷിക്കുക

ഒറ്റ നോട്ടത്തില്‍ നരേന്ദ്ര മോദി-അമിത് ഷാമാരുടെ 'പുതിയ ഇന്ത്യ'യില്‍ നടക്കുന്ന പ്രതിഭാസങ്ങളാണ് ഇവയെന്ന് തോന്നാം. എന്നാല്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ഏകാധിപത്യ ഭരണസംവിധാനങ്ങള്‍ തങ്ങളുടെ നയങ്ങള്‍ നടപ്പാക്കുന്നത് എങ്ങനെയാണ് എന്നതിന്റെ ഒരു രേഖാചിത്രമാണ് ഇത്. അതുകൊണ്ട് തന്നെ ഇത് എല്ലായിടത്തും ബാധകമാണ്. അമേരിക്കയിലെ പ്രമുഖ ട്രാന്‍സ് ആക്ടിവിസ്റ്റും പ്രതിരോധ ശാസ്ത്രജ്ഞയും നാവികസേനാ മുന്‍ പൈലറ്റുമായ ബ്രയന്‍ ടണേഹില്‍ (Brynn Tannehill) വംശഹത്യയുടെ മുന്നറിയിപ്പുകളെ സൂചിപ്പിക്കാനായി മുന്നോട്ടു വച്ച കാര്യങ്ങളാണ് മുകളില്‍ പറഞ്ഞത്. അത് ചിലപ്പോള്‍ നമ്മുടെ ജീവിതപരിസരങ്ങളുമായും ഇണങ്ങി നില്‍ക്കുന്നു എന്നതു കൊണ്ടാണ് ലോകം ജനാധിപത്യത്തില്‍ നിന്ന് അകന്നു പോകുന്നു എന്ന് ഇകണോമിസ്റ്റ് ഇന്റലീജന്‍സ് യൂണിറ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ട തങ്ങളുടെ ജനാധിപത്യ സൂചിക സൂചിപ്പിക്കുന്നതും.

അമേരിക്കയിലെ ഒരു ആക്ടിവിസ്റ്റ് വംശഹത്യയെ കുറിച്ച് പറയുന്നതും അത് ഇന്ത്യയിലെ സാഹചര്യങ്ങള്‍ക്ക് സമാനമെന്ന് നമുക്ക് തോന്നുന്നതും മ്യാന്‍മാറില്‍ ഓങ് സാന്‍ സ്യൂകി ഭരണകൂടത്തെ ഐക്യരാഷ്ട്ര സഭ പ്രതിക്കൂട്ടില്‍ കയറ്റി നിര്‍ത്തിയിരിക്കുന്നതും ഒരുപോലെ ബന്ധപ്പെട്ടതാണ്. മ്യാന്‍മാറിലെ രോഹിംഗ്യ വംശഹത്യ തടയാന്‍ സ്യൂകി ഭരണകൂടം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഇത് എങ്ങനെയാണ് നടപ്പാക്കുന്നത് എന്ന് വ്യക്തമാക്കണമെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര നീതിന്യായ കോടതി (International Court of Justice) ഇന്നലെ വ്യക്തമാക്കിയത്. ലോകത്തെ ഒരുവിധപ്പെട്ട വികസ്വര, വികസിത രാജ്യങ്ങളെല്ലാം - അതില്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയും ഏറ്റവും പഴയ ജനാധിപത്യ രാജ്യമായ അമേരിക്കയും എണ്ണപ്പണമൊഴുകുന്ന മുസ്ലീം - മധ്യേഷ്യന്‍ രാജ്യങ്ങളും ഒക്കെ ഉള്‍പ്പെടും- മ്യാന്‍മാറിലെ ന്യൂനപക്ഷ മുസ്ലീങ്ങള്‍ക്കെതിരെ അവിടുത്തെ ബുദ്ധിസ്റ്റ് ഏകാധിപത്യ ഭരണൂടം നടത്തുന്ന വംശഹത്യയ്ക്ക് നേരെ കണ്ണടയ്ക്കുകയായിരുന്നു ഇത്രയും നാള്‍. അവിടെ ഈ വംശഹത്യയെ ചോദ്യം ചെയ്ത് യു.എന്നിലെത്തിയത് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഒരു കുഞ്ഞ് രാജ്യമായ ഗാംബിയയാണ്. ഇന്ത്യയുമായി 1,643 കിലോ മീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യം കൂടിയാണ് മ്യാന്‍മാര്‍.

രോഹിംഗ്യകളെ ഒരു വംശമെന്ന നിലയില്‍ കൊന്നൊടുക്കാനാണ് മ്യാന്‍മാര്‍ ഭരണകൂടം ശ്രമിക്കുന്നതെന്ന് 15 അംഗ കോടതി മുമ്പാകെ ഗാംബിയ പരാതിപ്പെട്ടു. എത്രയും വേഗം മ്യാന്‍മാര്‍ സൈന്യം നടത്തി വരുന്ന വംശഹത്യാ പരിപാടികള്‍ നിര്‍ത്തി വയ്ക്കണമെന്നും ഇത് നടപ്പാക്കുന്നുവെന്നുള്ള തെളിവുകള്‍ അവര്‍ യു.എന്നില്‍ ഹാജരാക്കണമെന്നുമാണ് ആ ആഫ്രിക്കന്‍ രാജ്യം ആവശ്യപ്പെട്ടത്. വംശഹത്യയുടെ പേരില്‍ മ്യാന്‍മാര്‍ ഭരണകൂടത്തെ പ്രതികളാക്കി വിചാരണ ചെയ്യണമെന്ന പ്രധാന ആവശ്യം ഇതുവരെ കോടതി പരിഗണിച്ചിട്ടില്ല. അത് വിചാരണ നടത്തി വിധി വരാന്‍ വര്‍ഷങ്ങളെടുക്കുമെങ്കിലും ഗ്ലോബല്‍ ജസ്റ്റിസ് സെന്ററിലെ അകില രാധാകൃഷ്ണന്‍ ഇതിനെക്കുറിച്ച് പറഞ്ഞത്, "കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായി ഇതിനെക്കുറിച്ച് പറയുന്നല്ലോ, ഇത് അത്ര എളുപ്പമുള്ള ഒരു കേസ് അല്ല, അതുകൊണ്ട് ഒരു നീണ്ട പോരാട്ടത്തിന് തയാറെടുത്തു കൊള്ളൂ" എന്നാണ്. പ്രധാന കേസ് പരിഗണിക്കുന്നത് നീണ്ടു പോകുമെങ്കിലും ഇപ്പോള്‍ വന്നിട്ടുള്ള ഉത്തരവ് മ്യാന്‍മാര്‍ ഭരണകൂടത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ളതാണ്.

മ്യാന്‍മാറില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഗാംബിയയുടെ പരാതി കേള്‍ക്കാന്‍ തങ്ങള്‍ക്ക് നിയമപരമായ അധികാരമുണ്ടെന്ന് കോടതി ഇന്നലെ വ്യക്തമാക്കി. വംശഹത്യ തടയുന്ന ഉടമ്പടി (Genocide Convention)-യുടെ അടിസ്ഥാനത്തില്‍ രോഹിംഗ്യകളെ പരിരക്ഷിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചതായ തെളിവുകള്‍ തങ്ങള്‍ക്ക് മുമ്പാകെ വയ്ക്കാന്‍ മ്യാന്‍മാറിന് ആയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ രോഹിംഗ്യകള്‍ യഥാര്‍ത്ഥത്തിലുള്ളതും മാരകവുമായ ഭീഷണി നേരിടുന്നുണ്ടെന്നും കോടതി പറഞ്ഞു. രോഹിംഗ്യകളെ കൊലപ്പെടുത്തല്‍, ശാരീരികവും മാനസികമായ പരിക്കുകള്‍ ഉണ്ടാക്കല്‍, അവരെ ഇല്ലാതാക്കുന്ന വിധത്തില്‍ കണക്കുകൂട്ടിയുള്ള നയപരിപാടികള്‍ നടപ്പാക്കല്‍, ജനന നിയന്ത്രണം നടപ്പാക്കല്‍ എന്നീ കാര്യങ്ങള്‍ തടയുന്നതിന് തങ്ങളുടെ അധികാര പരിധിക്കുള്ളില്‍ മ്യാന്‍മാര്‍ നടപടികള്‍ സ്വീകരിക്കണണമെന്നും കോടതി നിര്‍ദേശിച്ചു.

മ്യാന്‍മാര്‍ ഭരണകൂടത്തിന് എതിരെയുള്ള വംശഹത്യാ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ അന്താരാഷ്ട്ര കോടതി മുമ്പാകെ എത്തിയത് ഒരുകാലത്ത് ലോകം ആദരപൂര്‍വം കണ്ടിരുന്ന, ജനാധിപത്യത്തിന്റെ പതാകവാഹയായിരുന്ന, സമാധാന നോബല്‍ സമ്മാന നേതാവ് കൂടിയായ മ്യാന്‍മാറിലെ ഓങ് സാന്‍ സ്യൂകിയായിരുന്നു എന്നോര്‍ക്കണം. 2017-ല്‍ മ്യാന്മാര്‍ സൈന്യം അവിടുത്തെ രാഖിന്‍ സംസ്ഥാനത്ത് നടത്തിയ അതിക്രമങ്ങള്‍ തള്ളിക്കളഞ്ഞ സ്യൂകി, "വംശഹത്യ എന്നത് അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനിക്കാന്‍ പറ്റില്ല" എന്നുമാണ് കോടതി മുമ്പാകെ പറഞ്ഞത്. മ്യാന്‍മാര്‍ പട്ടാളം 2016-17ല്‍ ഇവിടെ നടത്തിയ അതിക്രമങ്ങള്‍ക്ക് പിന്നാലെ ഏഴര ലക്ഷത്തോളം രോഹിംഗ്യ മുസ്ലീങ്ങളാണ് ബംഗ്ലാദേശില്‍ അഭയം തേടിയത്. കൂട്ട ബലാത്സംഗങ്ങളും കൂട്ടക്കൊലകളും വ്യാപകമായ വസ്തുവകകള്‍ നശിപ്പിക്കലുമാണ് സൈന്യം അവിടെ നടപ്പാക്കിയത് എന്ന് രക്ഷപെട്ടു വന്നവരിലൂടെ പിന്നീട് ലോകമറിഞ്ഞു.

യു.എന്നിന്റെ വസ്തുതാ അന്വേഷണ സംഘവും മ്യാന്‍മാറില്‍ നടന്നത് വംശഹത്യ തന്നെയാണെന്ന് സ്ഥിരീകരിച്ചിരുന്നു. രാഖിന്‍ സംസ്ഥാനത്ത് ഇന്നും തുടരുന്ന രോഹിംഗ്യകളുടെ അവസ്ഥ ജയിലിനേക്കാള്‍ പരിതാപകരമാണെന്നും സഞ്ചാര, വിദ്യാഭ്യാസ, ആരോഗ്യ സംവിധാനങ്ങള്‍ക്ക് പോലും നിയന്ത്രണങ്ങളുണ്ടെന്നും അവര്‍ കണ്ടെത്തി. "അന്താരാഷ്ട്ര കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ ഞങ്ങളെ കൂടുതല്‍ ശക്തരും അത് ഞങ്ങളെ കൂടുതല്‍ ഒരുമിപ്പിക്കുകയും ചെയ്യുന്നു"- നീതിക്കായി പോരാടുന്ന ഒരുകൂട്ടം രോഹിംഗ്യ സ്ത്രീകള്‍ വിധിക്ക് മുമ്പായി ഒരു പ്രസ്താവനയില്‍ പറഞ്ഞു. മ്യാന്‍മാറിന്റെ അഖണ്ഡതയേയും സുരക്ഷയേയും ചോദ്യം ചെയ്തതാണ് രാഖിനിലെ സൈനിക ഇടപെടലിന് കാരണമെന്നാണ് മ്യാന്‍മാര്‍ സര്‍ക്കാര്‍ പ്രധാനമായും വാദിച്ചത്. എന്നാല്‍ ഗാംബിയ വാദിച്ചത് യു.എന്‍ വസ്തുതാന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തിയതാണ്. രാഖിനില്‍ രോഹിംഗ്യകള്‍ക്കെതിരെ നടന്ന ആക്രമണവും ലൈംഗികാതിക്രമണങ്ങളും മുന്‍കൂട്ടി തയാറാക്കിയതാണെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും യു.എന്‍ സമിതി കണ്ടെത്തിയിരുന്നു. "രോഹിംഗ്യകളുടെ സാമൂഹികമായ യോജിപ്പ് തകര്‍ക്കുന്നതിനും ഒരു വംശമെന്ന നിലയില്‍ അവരെ ഇല്ലാതാക്കുന്നതിനും രോഹിംഗ്യകളുടെ ജീവിതരീതികളെ തകര്‍ക്കുന്നത് ലക്ഷ്യമിട്ടുമാണ് ഈ ആക്രമണങ്ങളും ലൈംഗികാതിക്രമങ്ങളും നടന്നത്" എന്നും യുഎന്‍ വസ്തുതാന്വേഷണ സംഘം പറയുന്നു.

ഏതു വിധത്തിലാണ്, മ്യാന്‍മാര്‍ രോഹിംഗ്യ മുസ്ലീങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്താനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതെന്ന് നാലു മാസത്തിനുള്ളില്‍ അന്താരാഷ്ട്ര കോടതിയെ അറിയിക്കണം. തുടര്‍ന്ന് ഓരോ ആറു മാസം കൂടുമ്പോഴും ഇത് അറിയിച്ചു കൊണ്ടിരിക്കണം. തങ്ങളുടെ തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള അധികാരം കോടതിക്ക് ഇല്ലെങ്കിലും തങ്ങളുടെ തീരുമാനം കോടതി യു.എന്‍ സുരക്ഷാ കൗണ്‍സിലിന് അയച്ചു കൊടുക്കും. കോടതി ഉത്തരവ് പാലിക്കാന്‍ മ്യാന്‍മാര്‍ വിസമ്മതിക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ പ്രമേയം പാസാക്കുകയോ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യാന്‍ സുരക്ഷാ കൗണ്‍സിലിന് സാധിക്കും.

ആലോചിച്ചു നോക്കുക. ബുദ്ധിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്നുവെന്ന് പറയുന്ന ഒരു ഭരണകൂടം ദരിദ്രരില്‍ ദരിദ്രരും അരക്ഷിതരുമായ തങ്ങളുടെ രാജ്യത്തെ ന്യൂനപക്ഷങ്ങളോട് എങ്ങനെയാണ് പെരുമാറുന്നത് എന്ന്. ഇത് ഒറ്റയടിക്ക് ഉണ്ടായ കാര്യവുമല്ല. പടിപടിയായാണ് അവിടെ രോഹിംഗ്യന്‍ മുസ്ലീങ്ങളെ രണ്ടാംകിടക്കാരാക്കിയത്. ഈ എഡിറ്റോറിയലിന്റെ തുടക്കത്തില്‍ പറഞ്ഞ കാര്യങ്ങളിലൂടെ മ്യാന്‍മാര്‍ വളരെ മുമ്പേ കടന്നു പോയിരുന്നു. ഇന്ത്യ ഇപ്പോള്‍ അതിന്റെ സൂചനകള്‍ കാട്ടിത്തുടങ്ങിയിരിക്കുന്നു. 1970-കളില്‍ തന്നെ രോഹിംഗ്യകള്‍ക്കെതിരെയുള്ള വിവേചനങ്ങള്‍ അന്ന് ബര്‍മ എന്നറിയപ്പെട്ടിരുന്ന മ്യാന്‍മാറില്‍ ആരംഭിച്ചിരുന്നു. സുന്നി മുസ്ലീങ്ങളായ, സൂഫി ജീവിതരീതികളുള്ള രോഹിംഗ്യകള്‍ മ്യാന്‍മാറിലെ തദ്ദേശീയ മുസ്ലീം സമൂഹമാണ്. ഇന്ന് ലോകമെമ്പാടുമായി 35 ലക്ഷം രോഹിംഗ്യകള്‍ ജീവിക്കുന്നു. പീഡനങ്ങള്‍ ഏറിയതോടെ അവരില്‍ കൂടുതലും ബംഗ്ലാദേശിലും കടല്‍ കടന്ന് ഇന്‍ഡോനേഷ്യയിലും മലേഷ്യയിലും തായ്‌ലണ്ടിലുമായാണ് ജീവിക്കുന്നത്. ഒരു ചെറിയ വിഭാഗം ഇന്ത്യയിലും അഭയാര്‍ത്ഥികളായി കഴിയുന്നുണ്ട്. 18,000 പേരാണ് യുഎന്‍ ഏജന്‍സി വഴി അഭയാര്‍ത്ഥികളായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും 40,000 പേരോളം ഇന്ത്യയിലുണ്ട് എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇവരെ എത്രയും വേഗം പുറത്താക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്‍ുകന്ന ബിജെപിയുടെ ആവശ്യം.

15-ാം നൂറ്റാണ്ടിലാണ് ആയിരക്കണക്കിന് രോഹിംഗ്യ മുസ്ലീങ്ങള്‍ ഈ മുന്‍ അരാക്കാന്‍ സാമ്രാജ്യത്തിലെത്തുന്നത്. തുടര്‍ന്ന് 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലും നിരവരി പേര്‍ ഇവിടെയെത്തി. ഇതില്‍ കൂടുതല്‍ പേരും ജീവിക്കുന്നത് മുമ്പ് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന രാഖിന്‍ സംസ്ഥാനത്താണ്. 1948-ല്‍ സ്വാതന്ത്ര്യം കിട്ടിയ ബര്‍മ, 1989-ലാണ് മ്യാന്‍മാര്‍ എന്ന് പേര് മാറ്റുന്നത്. തുടര്‍ന്നു വന്ന സര്‍ക്കാരുകളൊക്കെ തന്നെ മ്യാന്‍മാറിലെ 135 വംശീയ സമുദായങ്ങളിലൊന്നായി രോഹിംഗ്യകളെ അംഗീരിക്കാന്‍ വിസമ്മതിച്ചു. നൂറ്റാണ്ടുകള്‍ മുമ്പ് അവിടെ എത്തിയതാണെങ്കിലും ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായാണ് മ്യാന്‍മാര്‍ ഭരണകൂടം രോഹിംഗ്യകളെ കാണുന്നത്. മ്യാന്‍മാറിലെ ഭൂരിപക്ഷ സമുദായമായ ബുദ്ധിസ്റ്റുകളുടെ വംശീയവും ഭാഷാപരവും മതപരവുമായ മേല്‍ക്കോയ്മയെ രോഹിംഗ്യകളും ചെറുത്തു പോന്നു. തങ്ങള്‍ അവിടുത്തെ യഥാര്‍ത്ഥ ജനങ്ങളാണെന്നും ആ ഭൂമി തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണ് എന്നുമാണ് രോഹിംഗ്യകള്‍ പറയുന്നത്. തായ്‌ലണ്ട് കേന്ദ്രമായ അരാക്കാന്‍ പ്രോജക്ട് എന്ന അഡ്വേക്കസി ഗ്രൂപ്പിന്റെ തലവന്‍ ക്രിസ് ലേവ പറയുന്നത്, അരാക്കന്‍ സാമ്രാജ്യം ഒരുകാലത്ത് രോഹിംഗ്യ മുസ്ലീങ്ങളുടെ അധീനതയിലായിരുന്നു എന്നുമാണ്. അവിടെയാണ് ഇന്ന് രണ്ടാംകിട പൗരന്മാരും പൗരത്വമില്ലാത്തവരുമായി രോഹിംഗ്യകള്‍ നരകിക്കുന്നത്.

രോഹിംഗ്യകള്‍ക്ക് പൗരത്വാവകാശം നിഷേധിക്കുകയാണ് മ്യാന്‍മാര്‍ ഭരണകൂടം ആദ്യം ചെയ്തത്. ഇതോടെ വലിയൊരു വിഭാഗം വേരുകള്‍ അറ്റവരായി. 1948-ലെ മ്യാന്‍മാര്‍ പൗരത്വ നിയമം തന്നെ വിവേചനങ്ങള്‍ നിറഞ്ഞതാണ്. ഇന്ത്യയിലേതു പോലെ എല്ലാ മത, ജാതി, വംശ, ഭാഷാ, ലിംഗ വിഭാഗങ്ങള്‍ക്കും തുല്യാവകാശം നല്‍കുന്നതായിരുന്നില്ല മ്യാന്‍മാറിലെ പൗരത്വ നിയമം. രണ്ടു ദശകത്തിനു ശേഷം, 1962-ല്‍ അധികാരം പിടിച്ച മിലിട്ടറി ജുണ്ട (സൈനിക ഭരണകൂടം), രോഹിംഗ്യകള്‍ക്ക് മുഴുവന്‍ പൗരത്വം ലഭിക്കുന്ന നിയമങ്ങള്‍ എടുത്തുകളഞ്ഞു. അടുത്തിടെ വരെ, രോഹിംഗ്യകള്‍ക്ക് ആകെ ലഭിക്കുന്നത് താത്കാലിക താമസക്കാര്‍ എന്ന രേഖ മാത്രമാണ്. 1990-കളില്‍ ജുണ്ട ഈ വിധത്തില്‍ രോഹിംഗ്യകളും അല്ലാത്തവരുമായ മുസ്ലീങ്ങള്‍ക്ക് 'വൈറ്റ് കാര്‍ഡ്' പദ്ധതി നടപ്പാക്കി. ഇതനുസരിച്ച് അവര്‍ക്ക് പരിമിതമായ അവകാശങ്ങള്‍ മാത്രമേ ആ രാജ്യത്ത് ഉണ്ടാവുകയുള്ളൂ, പൗരത്വാവകാശം ഉണ്ടായിരിക്കുകയുമില്ല. ഈ സൈനിക ഭരണകൂടത്തിനെതിരെ പടപൊരുതി വര്‍ഷങ്ങളോളം ജയില്‍ വാസം അനുഭവിച്ച സ്യൂകിയാണ് ഇന്ന് വംശഹത്യയുടെ പേരില്‍ ലോകത്തിനു മുമ്പാകെ തല കുമ്പിട്ടു നില്‍ക്കുന്നത്.

2014-ല്‍ 30 വര്‍ഷത്തിനുശേഷം ആദ്യമായി യു.എന്നിന്റെ പിന്തുണയോടെ സര്‍ക്കാര്‍ ഇവിടെ സെന്‍സസ് നടപ്പാക്കി. മുസ്ലീം ന്യൂനപക്ഷങ്ങളെ രോഹിംഗ്യകളെന്ന് അടയാളപ്പെടുത്താമെന്ന് തുടക്കത്തില്‍ സമ്മതിച്ചെങ്കിലും ഭൂരിപക്ഷമായ ബുദ്ധിസ്റ്റുകള്‍ സെന്‍സസ് നടപടികള്‍ ബഹിഷ്‌കരിക്കുമെന്ന് ഭീഷണി മുഴക്കിയതോടെ, രോഹിംഗ്യകള്‍ക്ക് തങ്ങള്‍ 'ബംഗാളി'ള്‍ എന്ന് എന്ന് മാത്രമേ അടയാപ്പെടുത്താന്‍ സാധിക്കൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 2008-ലെ ഭരണഘടനാ റഫറണ്ടത്തിലും 2010-ലെ പൊതു തെരഞ്ഞെടുപ്പിലും വൈറ്റ് കാര്‍ഡ് ഉള്ള ന്യൂനപക്ഷങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിച്ചിരുന്നെങ്കില്‍, 2015-ലെ ഭരണഘടനാ റഫറണ്ട സമയത്ത് ബുദ്ധിസ്റ്റ് ദേശീയവാദികള്‍ വീണ്ടും എതിര്‍പ്പുമായി രംഗത്തു വന്നതോടെ സര്‍ക്കാര്‍ രോഹിംഗ്യകള്‍ക്കുള്ള ഈ അവകാശവും എടുത്തു കളഞ്ഞു. അന്താരാഷ്ട്ര സംഘടനകളുടെ നിരീക്ഷണത്തിനു കീഴില്‍ നടന്ന 2015-ലെ പൊതുതെരഞ്ഞെടുപ്പില്‍ മുസ്ലീം മതവിശ്വാസികളാരും മത്സരരംഗത്തും ഉണ്ടായിരുന്നില്ല.

ഈയടുത്ത് രോഹിംഗ്യകള്‍ക്ക് നാഷണല്‍ വേരിഫിക്കേഷന്‍ കാര്‍ഡുകള്‍ ഉണ്ടായിരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധം പിടിച്ചു. ഇതാകട്ടെ, അവരെ വിദേശികളായി മുദ്രകുത്തുന്നതും പൗരത്വ അവകാശം പൂര്‍ണമായി ഇല്ലാതാക്കുന്നതുമാണ്. പൗരത്വം നല്‍കാനുള്ള നടപടികളുടെ ആദ്യപടിയാണ് ഈ കാര്‍ഡ് എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത് എങ്കിലും രോഹിംഗ്യകള്‍ എന്ന തങ്ങളുടെ സ്വത്വം തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ പരിഷ്‌കാരമെന്നും തങ്ങള്‍ക്കുള്ള അവകാശങ്ങള്‍ പൂര്‍ണമായി എടുത്തുകളയുന്നതിന്റെ ബാക്കിയാണ് ഇതെന്നും ന്യൂനപക്ഷങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പടിപടിയായാണ് രോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനം നടപ്പാക്കിയതെന്ന് മുകളില്‍ പറഞ്ഞു വിവാഹം, കുടുംബാസൂത്രണം, ജോലി, വിദ്യാഭ്യാസം, മത സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം ഈ കാര്യങ്ങളിലൊക്കെ രോഹിംഗ്യകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില സംസ്ഥാനങ്ങളില്‍ രോഹിംഗ്യകള്‍ക്ക് രണ്ടു കുട്ടികളില്‍ കൂടുതല്‍ പാടില്ല. വിവാഹം കഴിക്കണമെങ്കില്‍ അധികൃതര്‍ക്ക് വന്‍ തുക കോഴ നല്‍കി അവരുടെ അനുമതി നേടിയിരിക്കണം. അവരുടെ മതവിശ്വാസങ്ങള്‍ക്ക് വിരുദ്ധമായി തലയിലെ തുണി മാറ്റിയുള്ള വധുവിന്റെ ചിത്രവും ക്ലീന്‍ ഷേവ് ചെയ്ത വരന്റെ ചിത്രവും അധികൃതര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യണം. പുതിയ ഒരു വീട്ടിലേക്ക താമസം മാറ്റണമെങ്കിലോ തങ്ങളുടെ പട്ടണത്തിനു പുറത്തേക്ക് സഞ്ചരിക്കണമെങ്കിലോ രോഹിംഗ്യകള്‍ക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.

ഇനി മ്യാന്‍മാറിലെ രോഹിംഗ്യകളുടെ സ്ഥാനത്ത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെയും, പ്രത്യേകിച്ച് മുസ്ലീങ്ങളെ, ദളിതരേയും ആദിവാസികളേയും കണക്കാക്കി നോക്കുക. കഴിഞ്ഞ ദിവസമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ണാടകയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുമായി ജോലി തേടി ബാംഗ്ലൂരിലെത്തി, അവിടുത്തെ പ്രാന്തപ്രദേശങ്ങളില്‍ ജീവിക്കുന്ന സാധാരണ ഇന്ത്യന്‍ പൗരന്മാരുടെ കുടിലുകള്‍ അനധികൃത കുടിയേറ്റക്കാരാണെന്നാരോപിച്ച് ഇടിച്ചു നിരത്തിയത്. 100-ഓളം വീടുകളാണ് ഇത്തരത്തില്‍ ബ്രഹത് ബംഗളുരു മഹാനഗര പാലിക അധികൃതര്‍ അനധികൃത കുടിയേറ്റക്കാര്‍ താമസിക്കുന്നു എന്ന വ്യാജ പ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ ഇടിച്ചു നിരത്തിയത്. ഇത് പ്രചരിപ്പിച്ചവരില്‍ പ്രധാനപ്പെട്ട ഒരാള്‍ പ്രാദേശിക എംഎല്‍എയും ബിജെപി നേതാവുമായ അരവിന്ദ് ലിംബാവലിയാണ്. നിങ്ങള്‍ ദരിദ്രരും ദളിതരും ആദിവാസികളും മുസ്ലീങ്ങളുമാണെങ്കില്‍ എല്ലായ്‌പ്പോഴും സംശ നിഴലിലാണ് എന്നാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കും പിന്നാലെ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍ആര്‍സി)യും നടപ്പാക്കി 'ചിതലു'കളെ ഇവിടെ നിന്ന് ഓടിക്കും എന്ന് അമിത് ഷാ ആക്രോശിക്കുന്നത്. സിഎഎയും എന്‍ആര്‍സിയുമായി ബന്ധമില്ലെന്ന് അവകാശപ്പെടുമ്പോഴും 'ക്രൊണോളജി' മനസിലാക്കാനുള്ള അമിത് ഷായുടെ പ്രസംഗം ഇന്നും ജനമധ്യത്തിലുണ്ട്. ഭരണഘടനയ്ക്ക് വിരുദ്ധമാണ് പുതിയ നിയമം എന്നതിനു പുറമെ ഈ രാജ്യത്ത് നൂറ്റാണ്ടുകളായി ജീവിക്കുന്ന മുസ്ലീം ജനതയെ രണ്ടാംകിട പൗരന്മാരാക്കാനുള്ള നടപടികളുടെ ഭാഗം കൂടിയാണ് ഇത് എന്നത് അറിയാവുന്നതു കൊണ്ടാണ് മുസ്ലീം സ്ത്രീകളും രാജ്യത്തെ കലാലയങ്ങളിലുള്ള വിദ്യാര്‍ത്ഥികളും യുവജനതയും തെരുവിലിറങ്ങിയിരിക്കുന്നത്. ഫാസിസവും വംശഹത്യയും പടിപടിയായി പിടിമുറുക്കുന്നതിന് മ്യാന്‍മാര്‍ ഇന്ന് നമുക്ക് മുന്നില്‍ ഉദാഹരണമായുണ്ട്. ആ വഴിയില്‍ തന്നെയാണ് ഇന്ത്യയും ചലിക്കുന്നത്. ഇന്ന് കോടതി മുറിക്കുള്ളില്‍ വംശഹത്യയുടെ പാപഭാരം നില്‍ക്കേണ്ടി വന്നത് ഓങ് സാന്‍ സ്യൂകിയാണ്....

*******

തന്റെ വീട്ടില്‍ ജോലിക്ക് വന്ന ചില അന്യസംസ്ഥാനക്കാര്‍ ബംഗ്ലാദേശികളാണെന്ന് തനിക്ക് സംശയമുണ്ടെന്ന് മധ്യപ്രദേശിലെ മുന്‍ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കൈലാശ് വിജയ്‌വര്‍ഗിയ. അവരുടെ ഭക്ഷണ രീതി കൊണ്ടാണ് അങ്ങനെ തോന്നിയത് എന്നും അവര്‍ വെറും 'പോഹ' (അവല്‍) മാത്രമാണ് കഴിക്കുന്നത് എന്നുമാണ് വിജയവര്‍ഗിയ കണ്ടെത്തിയത്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേയും, എന്തിന് മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിലെ പോലും ദരിദ്രരുടേയും സാധാരണക്കാരുടേയും ഭക്ഷണമാണ് ഈ പോഹ. അത് ഇന്ന് ബിജെപി നേതാവിന് 'ബംഗ്ലാദേശി' ഭക്ഷണമാണ്.

ബീഫില്‍ നിന്ന് പോഹയിലേക്ക്...


Next Story

Related Stories