TopTop
Begin typing your search above and press return to search.

പ്രധാനമന്ത്രി ഫസല്‍ ബിമാ യോജന: ഒരു പദ്ധതിക്ക് കൂടി ചരമക്കുറിപ്പെഴുതുമ്പോള്‍; ഇത്തവണ ഇരകള്‍ കര്‍ഷകര്‍

പ്രധാനമന്ത്രി ഫസല്‍ ബിമാ യോജന: ഒരു പദ്ധതിക്ക് കൂടി ചരമക്കുറിപ്പെഴുതുമ്പോള്‍; ഇത്തവണ ഇരകള്‍ കര്‍ഷകര്‍

എഡിറ്റോറിയല്‍

കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു സാമൂഹിക സുരക്ഷാ പദ്ധതിക്ക് കൂടി ഇന്നലെ ചരമക്കുറിപ്പെഴുതിയിരിക്കുകയാണ്. കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് 2016-ല്‍ പ്രഖ്യാപിച്ച ഇന്‍ഷ്വറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ബിമാ യോജന (PMFBY)യില്‍ ഇനി താത്പര്യമുണ്ടെങ്കില്‍ മാത്രം അംഗമായാല്‍ മതിയാവും. മറ്റൊന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രീമിയം ഇനത്തില്‍ നല്‍കിയിരുന്ന 50 ശതമാനം സബ്‌സിഡി തുകയില്‍ കേന്ദ്രം ഇനി മുതല്‍ 25 ശതമാനം മാത്രമേ നല്‍കൂ. ഫലത്തില്‍ പദ്ധതി ഇല്ലാതാകുകയാണ് ചെയ്യുക എന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച ബിജെപി പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നായിരുന്നു PMFBY താത്പര്യമുള്ളവര്‍ക്ക് മാത്രം ചേരാവുന്ന വിധത്തിലാക്കും എന്നത്. രണ്ട് സീസണുകളിലായി (റാബി, ഖാരിഫ്) പ്രകൃതിക്ഷോഭവും കീടങ്ങളും നിമിത്തം വിളനാശം സംഭവിച്ചാല്‍ കര്‍ഷര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്ന പദ്ധതിയാണ് ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പ്രഖ്യാപിച്ചത്. അതുവരെ നിലനിന്നിരുന്ന നാഷണല്‍ അഗ്രികള്‍ച്ചറല്‍ ഇന്‍ഷ്വറന്‍സ് സ്‌കീം, മോഡിഫൈഡ് നാഷണല്‍ അഗ്രികള്‍ച്ചറല്‍ ഇന്‍ഷ്വറന്‍സ് സ്‌കീം എന്നീ പദ്ധതികള്‍ വേണ്ടെന്നു വച്ചിട്ടായിരുന്നു പുതിയ പദ്ധതി. അതനുസരിച്ച് കാര്‍ഷിക വായ്പ എടുക്കുന്ന കര്‍ഷകര്‍ വായ്പാ തുകയുടെ രണ്ടു ശതമാനം ഖാരിഫ് വിളകള്‍ക്കും ഒന്നര ശതമാനം റാബി വിളകള്‍ക്കും അഞ്ചു ശതമാനം നാണ്യവിളകള്‍ക്കു പ്രീമിയം ഇനത്തില്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് നല്‍കണം. എത്ര ഹെക്ടര്‍ സ്ഥലമാണ് ഇന്‍ഷ്വര്‍ ചെയ്യുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ ബാക്കി വരുന്ന പ്രീമിയം തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി വീതിക്കും എന്നതായിരുന്നു പദ്ധതി. കാര്‍ഷിക വായ്പ എടുക്കാത്ത കര്‍ഷകര്‍ക്കും ഇതേ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കുമായിരുന്നു.

ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാകട്ടെ, ഇതില്‍ കാര്യമായ പരിഷ്‌കരണം പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇനി മുതല്‍ കാര്‍ഷിക വായ്പ എടുക്കുന്നവര്‍ നിര്‍ബന്ധിതമായി ഈ പദ്ധതിയില്‍ അംഗമാകേണ്ടതില്ല. അവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മാത്രം പദ്ധതിയില്‍ ചേരുകയും പ്രീമിയം തുക നല്‍കുകയും ചെയ്താല്‍ മതി. അതിനൊപ്പം, കേന്ദ്രം നല്‍കിയിരുന്ന പ്രീമിയം തുക 50 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറയ്ക്കുകയും ചെയ്യും. കര്‍ഷകര്‍ നിര്‍ബന്ധിതമായി ഈ പദ്ധതിയില്‍ ചേരേണ്ട സാഹചര്യമുള്ളപ്പോള്‍ പോലും പദ്ധതി നടത്തിപ്പിനെ ചൊല്ലി ഏറെ പരാതികള്‍ ഉയര്‍ന്നിരുന്നു. അതില്‍ പ്രധാനം ഇന്‍ഷ്വറന്‍സ് കമ്പനികള്‍ കര്‍ഷകരുടെ വിള നാശത്തിന് സമയത്തിന് പണം നല്‍കുന്നില്ല എന്നതാണ്. വിളനാശം സംഭവിച്ചു കഴിഞ്ഞാല്‍ ഇത് രേഖപ്പെടുത്തി രണ്ടു മാസത്തിനകം ഇന്‍ഷ്വറന്‍സ് തുക നല്‍കണം എന്നാണ് നിയമം. എന്നാല്‍ അടുത്ത വിള വിതയ്ക്കുന്ന സമയത്തു പോലും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാതെ വന്നതോടെ സര്‍ക്കാര്‍ 12 ശതമാനം പിഴത്തുക ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് ചുമത്തി.

എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ പ്രീമിയം തുക നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നതാണ് തങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുന്ന കാലതാമസത്തിന് കാരണമെന്നാണ് ഇന്‍ഷ്വറന്‍സ് കമ്പനികളുടെ പരാതി. സ്വകാര്യ, പൊതുമേഖലയിലുള്ള 18 കമ്പനികളാണ് ഈ പദ്ധതിയുടെ ഭാഗമായി ഉള്ളതെങ്കിലും ഇവയില്‍ ചിലവയ്ക്ക് ചില സംസ്ഥാന സര്‍ക്കാരുകള്‍ വിലക്കേര്‍പ്പെടുത്തുന്ന സാഹചര്യവുമുണ്ട്. ചില കമ്പനികള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതിന് കാലതാമസം വരുത്തുന്നത് ചൂണ്ടിക്കാട്ടി പിഴ ഏര്‍പ്പെടുത്തുകയും ചെയ്തു. പദ്ധതി ആരംഭിച്ച് രണ്ടു വര്‍ഷം കൊണ്ട് 10 സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ 16,000 കോടി രൂപ ലാഭമുണ്ടാക്കിയെങ്കില്‍ ഇപ്പോള്‍ തങ്ങള്‍ നഷ്ടത്തിലാണ് എന്നാണ് അവരുടെ വാദം. 49,000 കോടി രൂപയോളമാണ് 2016-17, 2017-18 വര്‍ഷങ്ങളിലായി 10.6 ലക്ഷം കര്‍ഷകരുടെ പേരില്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ പ്രീമിയം ഇനത്തില്‍ പിരിച്ചെടുത്തത്. എന്നാല്‍ അവര്‍ നല്‍കിയ നഷ്ടപരിഹാരമാകട്ടെ, 4.27 കോടി കര്‍ഷകര്‍ക്കായി 33,000 കോടി രൂപയും.

പത്തു കോടി കര്‍ഷകരെയെങ്കിലും 2019-20 ആകുമ്പോഴേക്കും പദ്ധതിയില്‍ അംഗമാക്കും എന്നായിരുന്നു മോദി സര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍ 2016-17ല്‍ 5.7 കോടി കര്‍ഷകരായിരുന്നു പദ്ധതിയില്‍ അംഗങ്ങളെങ്കില്‍ 2017-8ല്‍ ഇത് 4.8 കോടി കര്‍ഷകരായി കുറഞ്ഞു. 206-17ല്‍ 4.4 കോടി കര്‍ഷകര്‍ കാര്‍ഷിക വായ്പ എടുക്കുകയും നിര്‍ബന്ധിതമായി പദ്ധതിയില്‍ അംഗമാവുകയും ചെയ്തവരായിരുന്നു എങ്കില്‍ 1.4 കോടി കര്‍ഷകര്‍ പദ്ധതിയില്‍ താത്പര്യപൂര്‍വം അംഗങ്ങളാകുകയാണ് ചെയ്തത്. അടുത്ത വര്‍ഷം വായ്പ എടുത്തവര്‍ 3.5 കോടിയായി കുറഞ്ഞു. വായ്പ എടുക്കാതെ പദ്ധതിയില്‍ അംഗങ്ങളായവര്‍ 1.4 കോടിയായി തന്നെ നിലനില്‍ക്കുകയും ചെയ്തു. പദ്ധതി പ്രധാനമായും വിഭാവനം ചെയ്തിരിക്കുന്നത് കാര്‍ഷിക വായ്പ എടുക്കുന്നവരെ ഉദ്ദേശിച്ചാണ് എന്നതിനാല്‍ 75 ശതമാനത്തോളം കര്‍ഷകരും ഈ ഇനത്തില്‍ വരുന്നവരാണ്. എന്നാല്‍ ഇത് നിര്‍ബന്ധിതമാക്കാതാകുന്നതോടെ കാര്‍ഷിക വായ്പ എടുത്ത് പദ്ധതിയില്‍ അംഗമാകുന്നവരുടെ എണ്ണം 10 ശതമാനമെങ്കിലുമായി കുറയുമെന്നും ഫലത്തില്‍ ഇത് പദ്ധതിക്ക് തന്നെ അവസാനമാകുന്നതിന് കാരണമാകുമെന്നും ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. മൃഗങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതിയും ഇതുപോലെ നിര്‍ബന്ധിതമാക്കാതായതോടെ പദ്ധതി തന്നെ ഇല്ലാതായതും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതുപോലെ, ഇനി മുതല്‍ തങ്ങള്‍ക്ക് വിളനാശം സംഭവിക്കുമെന്നും അതുകൊണ്ട് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുമെന്നും ഉറപ്പുള്ളവര്‍ മാത്രമേ പദ്ധതിയില്‍ അംഗമാവുകയുള്ളൂ. അതാകട്ടെ, തീര്‍ച്ചയായും പണം നല്‍കേണ്ടി വരുന്നതിനാല്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കും ബാധ്യതയാണ്. അതുകൊണ്ട് ഇന്‍ഷ്വര്‍ ചെയ്യുന്ന തുകയുടെ 80 ശതമാനമെങ്കിലും ഈടാക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതമാകുമെന്നും വിദഗ്ധര്‍ പറയുന്നു. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം 25 ശതമാനമായി കുറച്ചതോടെ ഇതും കര്‍ഷകരുടെ തലയില്‍ ആവാനുള്ള സാധ്യതയാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. 27 ശതമാനം തുകയും ഇനി പ്രീമിയം ഇനത്തില്‍ കര്‍ഷകര്‍ നല്‍കേണ്ടി വരുമെന്നാണ് കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം മേധാവി രണ്‍ദീപ് സിംഗ് സുര്‍ജേവാല പ്രതികരിച്ചത്.

കര്‍ഷകര്‍ക്ക് വിളനാശം ഉണ്ടാകാത്തതു കൊണ്ടാണോ പദ്ധതി പരാജയപ്പെടുന്നത്? അല്ല എന്നാണ് കണക്കുകള്‍. 2018-ല്‍ രാജ്യത്തെ മിക്ക മേഖലകളും വലിയ തോതിലുള്ള വരള്‍ച്ച നേരിട്ടെങ്കില്‍ 2019-ല്‍ വെള്ളപ്പൊക്കവും കൊടുംമഴയും നിമിത്തവും വിളനാശം ഉണ്ടായിട്ടുണ്ട്. 2014-15, 2015-16 സമയത്ത് അപ്പോള്‍ നിലവിലുണ്ടായയിരുന്ന പദ്ധതികള്‍ പ്രകാരം 10,560 കോടി രൂപ പ്രീമിയം ഇനത്തില്‍ പിരിച്ചെടുക്കുകയും 28,564 കോടി രൂപ നഷ്ടപരിഹാരം ഇനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു എന്ന പശ്ചാത്തലം ആലോചിച്ചാല്‍ PMFBY എത്രത്തോളം കര്‍ഷക വിരുദ്ധമായിരുന്നു എന്നു മനസിലാക്കാന്‍ സാധിക്കും. പുതിയ പദ്ധതിക്ക് കീഴില്‍ 16,000 കോടി രൂപയാണ് സ്വകാര്യ കമ്പനികള്‍ പ്രീമിയം ഇനത്തില്‍ രണ്ടു വര്‍ഷം കൊണ്ട് ലാഭമുണ്ടാക്കിയത് എന്ന് മുകളില്‍ പറഞ്ഞു. എന്നാല്‍ 2019 ആയപ്പോഴേക്കും വലിയ തോതില്‍ വിളനാശം സംഭവിക്കുകയും കര്‍ഷകര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തില്‍ വലിയ തോതിലുള്ള ഉയര്‍ച്ച ഉണ്ടാവുകയും ഇത് നല്‍കുന്നത് തങ്ങള്‍ക്ക് നഷ്ടം വരുത്തി വയ്ക്കുമെന്നും അതിനാല്‍ തുക നല്‍കാന്‍ കമ്പനികള്‍ താമസം വരുത്തുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. പൊതുമേഖലയിലുള്ള ജനറല്‍ ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ 2018-19ലെ മൂന്നാം സാമ്പത്തിക പാദത്തില്‍ 233 കോടി രൂപ ലാഭമുണ്ടാക്കിയെങ്കില്‍ 2019-20ല്‍ ആ സമയത്ത് 1,398 കോടി രൂപ നഷ്ടമുണ്ടാക്കുകയാണ് ചെയ്തത്. ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കമ്പനികള്‍ എല്ലാംകൂടി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20,293 കോടി രൂപയാണ് പ്രീമിയം ഇനത്തില്‍ പിരിച്ചതെങ്കില്‍ നഷ്ടപരിഹാരമായി നല്‍കേണ്ട ഇന്‍ഷ്വറന്‍സ് തുക 27,550 കോടി രൂപയാണ്. ഇത് നല്‍കാന്‍ താമസം വരുന്നതോടെ പിഴത്തുക കൂടി ഏര്‍പ്പെടുത്തിയത് ചില കമ്പനികളെ പദ്ധതിയില്‍ നിന്ന് പിന്മാറാനും കാരണമാക്കി. ഇതോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതി ഇനി മുതല്‍ നിര്‍ബന്ധമാക്കുന്നില്ല എന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 'ആയുഷ്മാന്‍' ആരോഗ്യ പദ്ധതി പോലെ, സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് പണം കൊയ്യാനുള്ള വഴിയാരുന്നു PMFBY എന്ന ആരോപണം മുമ്പു തന്നെ ഉയര്‍ന്നിരുന്നു. കര്‍ഷകര്‍ക്ക് പദ്ധതിയെക്കുറിച്ച് വേണ്ടത്ര അവബോധം ഇല്ലാത്തതും തങ്ങളുടെ വിളനാശത്തിന് അര്‍ഹമായതും കാലതാമസമില്ലാതെയും നഷ്ടപരിഹാരം ലഭിക്കുന്നത് ഇല്ലാതാകുകയും ചെയ്തതോടെയാണ് കര്‍ഷകര്‍ പരാതി ഉയര്‍ത്തിയതും. ഇപ്പോഴാകട്ടെ, പദ്ധതി തന്നെ പടിപടിയായി ഇല്ലാതാക്കുന്ന വിധത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന ഇന്ത്യന്‍ കര്‍ഷകന് ഇനി എന്താണ് ബാക്കിയുള്ളത് എന്നാണ് ഉയര്‍ന്നു വരുന്ന ചോദ്യം. പദ്ധതികള്‍ ജനങ്ങളെ ലക്ഷ്യമാക്കി ആവിഷ്‌കരിക്കുകയും മികച്ച രീതിയില്‍ നടപ്പാക്കുകയും ചെയ്യുന്നതിനു പകരം സ്വകാര്യകമ്പനികള്‍ക്ക് കുത്തകലാഭമുണ്ടാക്കുന്ന വിധത്തില്‍ നടത്തുന്നത് എങ്ങനെയാണ് തിരിച്ചടിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നു കൂടിയാണ് പ്രധാനമന്ത്രി ഫസല്‍ ബിമാ യോജന.


Next Story

Related Stories