TopTop
Begin typing your search above and press return to search.

ഡല്‍ഹിയെ മതധ്രുവീകരണത്തിന്റെ 'ഗുജറാത്ത് മോഡലാ'ക്കരുത്

ഡല്‍ഹിയെ മതധ്രുവീകരണത്തിന്റെ ഗുജറാത്ത് മോഡലാക്കരുത്

എഡിറ്റോറിയല്‍

കഴിഞ്ഞ രണ്ടു ദിവസമായി വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ തുടരുന്ന സംഘര്‍ഷങ്ങളിലും കൊള്ളിവയ്പിലും മരിച്ചവരുടെ എണ്ണം അഞ്ചായി. നാല് പ്രദേശവാസികളും ഒരു പോലീസ് ഹെഡ് കോണ്‍സ്റ്റബിളുമാണ് മരിച്ചത്. നിരവധി പേര്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇതില്‍ പലരുടേയും പരിക്ക് വെടിയേറ്റുണ്ടായതുമാണ്. ഞായറാഴ്ച, പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും എന്ന രീതിയിലായിരുന്നു കല്ലേറുണ്ടായത് എങ്കില്‍ തിങ്കളാഴ്ച അത് പൂര്‍ണമായും വര്‍ഗീയമായി ചേരിതിരിഞ്ഞായിരുന്നു. ഇന്നലെ വൈകിട്ടും രാത്രിയുമായി മുസ്ലീങ്ങളുടെ വീടുകളും കടകളും തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും തീ കൊളുത്തുകയും ചെയ്തതിനു പുറമെ മുസ്ലീമെന്ന് സംശയിക്കുന്ന ആര്‍ക്കെതിരെയും ആള്‍ക്കൂട്ടം അക്രമം അഴിച്ചുവിട്ടു. മാധ്യമപ്രവര്‍ത്തകരെയും വെറുതെ വിട്ടില്ല. ഗുജറാത്ത് കലാപ മാതൃകയില്‍ സംഘടിതരായ ഹിന്ദുത്വ ഗുണ്ടകളാണ് ഇന്നലെ ആക്രമണത്തിന് നേതൃത്വം നല്‍കിയത്. അക്രമം തടയാന്‍ ഒന്നും ചെയ്തില്ല എന്നു മാത്രമല്ല, ഈ അക്രമിസംഘത്തിനൊപ്പം ചേര്‍ന്ന് പലയിടത്തും കല്ലേറു നടത്തുന്നതിനും ഡല്‍ഹി പോലീസ് മുന്നിലുണ്ടായിരുന്നു. ഇന്നും രാവിലെയും ചില പ്രദേശങ്ങളില്‍ ചേരി തിരിഞ്ഞ് കല്ലേറുണ്ടായി. ഡല്‍ഹിയിലെ ക്രമസമാധാനപാലനത്തിന്റെയും പോലീസിന്റെയും ചുമതലയുള്ള ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്തുകയും കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

ഡല്‍ഹി പോലീസിന്റെ പങ്കും ഇത്തരം സംഭവങ്ങളില്‍ അവര്‍ പുലര്‍ത്തുന്ന ഉദാസീനതകളും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഭരിക്കുന്ന രാഷ്ട്രീയ യജമാനന്മാരുശട താത്പര്യങ്ങള്‍ക്കനുസരിച്ചാണ് ഡല്‍ഹി പോലീസ് പ്രവര്‍ത്തിക്കുന്നത് എന്നത് നിരവധി തവണ തെളിഞ്ഞു കഴിഞ്ഞു. ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ച എബിവിപി ഗുണ്ടകള്‍ വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും തലയടിച്ചു പൊട്ടിച്ചിട്ട് മാസം രണ്ടാകുന്നു. ആരൊക്കെയാണ് ആക്രമണം നടത്തിയതെന്ന് തെളിവുകള്‍ സഹിതം പുറത്തുവന്നിട്ടും പോലീസ് അനങ്ങിയിട്ടില്ല. ജാമിയ യൂണിവേഴ്‌സിറ്റിയില്‍ ലൈബ്രറിയില്‍ അടക്കം കയറി വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്ത ഡല്‍ഹി പോലീസിനെയും എല്ലാവരും കണ്ടതാണ്. ഇത്തരത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഡല്‍ഹി പോലീസ് ആക്രമണം അഴിച്ചുവിടുന്നത് ആദ്യമല്ല. ഈ ഞായറാഴ്ച ദക്ഷിണ ഡല്‍ഹിയിലെ ഹൗസ്ഖാസ് റാണിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ സ്ത്രീകള്‍ അടക്കമുള്ള ഡല്‍ഹിയിലെ പൗരസമൂഹത്തെ അതിക്രൂരമായാണ് പോലീസ് തല്ലിച്ചതച്ചത്.

അതേ സമയം, ഡല്‍ഹി തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നിരന്ത വര്‍ഗീയപരാമര്‍ശങ്ങള്‍ നടത്തിയ പാര്‍ട്ടി എംപി പര്‍വേഷ് സാഹിബ് സിംഗ് വര്‍മ, മുന്‍ എംഎല്‍എ കപില്‍ മിശ്ര, പ്രതിഷേധക്കാരെ വെടിവച്ച് കൊല്ലാന്‍ മുദ്രാവാക്യം വിളിച്ചു കൊടുത്ത കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ തുടങ്ങിയവര്‍ക്ക് നേരെ യാതൊരു നടപടികളും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല, ബിജെപിയുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ദേശദ്രോഹികളും തുക്‌ടേ തുക്‌ടേ ഗ്യാംഗ് എന്നുമൊക്കെ പ്രതിഷേധക്കാരെയും വിദ്യാര്‍ത്ഥികളെയും അധിക്ഷേപിക്കുകയും 'ഒരു പാഠം പഠിപ്പിക്കണ'മെന്നും ആക്രോശിക്കുകയാണ് അമിത് ഷാ ചെയ്തത്. രാജ്യം മുഴുവന്‍ കലാപക്കളമായിട്ടും ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അമിത് ഷായും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ചെയ്യുന്ന കാര്യങ്ങളാണ് ഇവ. അതിനിടെയാണ്, ഷഹീന്‍ബാഗ് മാതൃകയില്‍ സമരം വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സമരം ആരംഭിച്ചവര്‍ക്കതിരെ തുടങ്ങിയ ആക്രമണം ഇപ്പോള്‍ പൂര്‍ണ വര്‍ഗീയകലാപമായി മാറിയിരിക്കുന്നതും.

ഈ കലാപത്തിന് തിരി കൊളുത്തിയതില്‍ കപില്‍ മിശ്രയ്ക്കുള്ള പങ്ക് ചെറുതല്ല. ഞായറാഴ്ച വടക്കുകിഴക്കന്‍ മേഖലാ ഡിസിപിയെ ഒപ്പം നിര്‍ത്തിക്കൊണ്ടാണ്, ഡല്‍ഹി പോലീസിന് തങ്ങള്‍ മൂന്നു ദിവസത്തെ സമയം നല്‍കുകയാണെന്നും അതു കഴിഞ്ഞാല്‍ കാര്യങ്ങള്‍ തങ്ങള്‍ തീരുമാനിക്കുമെന്നും കപില്‍ മിശ്ര പ്രസംഗിച്ചതും പിന്നീട് ഇതേ കാര്യം ട്വീറ്റ് ചെയ്തതും. കപില്‍ മിശ്രയ്‌ക്കെതിരെ എന്തെങ്കിലും നടപടി എടുക്കാന്‍ സര്‍ക്കാരോ ബിജെപിയോ തയാറായിട്ടില്ല. ഡല്‍ഹിയുടെ പല ഭാഗങ്ങളില്‍ നിന്നും തൊഴിലില്ലാതെ നടക്കുന്ന ചെറുപ്പക്കാരെ 'സിഎഎ അനുകൂല സമക്കാര്‍' എന്ന വ്യാജേനെ കൊണ്ടുവന്നിറക്കുന്നതും ഹെല്‍മറ്റ് ധരിച്ച അവര്‍ ആക്രമണം അഴിച്ചുവിടുന്നതും കടകളും വീടുകളും കത്തിക്കുന്നതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

രാജ്യമൊട്ടാകെ പൗരത്വ നിയമ ഭേദഗതിക്കും എന്‍ആര്‍സിക്കുമെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. തുടക്കത്തില്‍ ഉത്തര്‍ പ്രദേശ് പോലെ ചില പ്രദേശങ്ങളില്‍ ഒഴിച്ചാല്‍ പ്രതിഷേധങ്ങള്‍ പൂര്‍ണമായും സമാധാനപൂര്‍ണമായിരുന്നു. ദേശീയ പതാകയും കൈയിലേന്തി, ദേശീയ ഗാനവും പാടി, ഭരണഘടനയുമായി തെരുവില്‍ നില്‍ക്കുന്ന ജനങ്ങളുടെ ചിത്രം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി തന്നെ വിളിച്ചോതുന്നതുമാണ്. എന്നാല്‍ ഇക്കൂട്ടത്തിലും കുളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. അവരാണ് പ്രശ്‌നകാരികള്‍. ഷഹീന്‍ബാഗിലെ സ്ത്രീകള്‍ ബിജെപിയും സംഘപരിവാറും ഡല്‍ഹി പോലീസും ഒരുക്കിയ കെണിയില്‍ വീഴാതെ ഇപ്പോഴും പിടിച്ചു നില്‍ക്കുന്നത് അവര്‍ മുന്നോട്ടുവയ്ക്കുന്ന സമരമാതൃക കൊണ്ടാണ്. എന്നാല്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ അതല്ല ഉണ്ടായതെന്നത് വ്യക്തമാണ്. പോലീസിന്റെ മൗനാനുവാദത്തോടെ വലതുപക്ഷ അക്രമികള്‍ അഴിഞ്ഞാടുകയും അതിനോട് പ്രതിഷേധക്കാരിലെ ചെറുപ്പക്കാര്‍ അടക്കമുള്ളവര്‍ പ്രതികരിക്കുകയും ചെയ്‌തോടെ യാതൊരു വിധത്തിലും നിയന്ത്രിക്കാന്‍ കഴിയാത്ത വിധം അക്രമം പടരുകയും ചെയ്തു. പോലീസിനെ വെല്ലുവിളിച്ച് തോക്കുമായി പരസ്യമായി അഴിഞ്ഞാടിയ ഷാരൂഖ് എന്ന 'പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന' ആള്‍, ദേശീയ തലത്തില്‍ തന്നെയുള്ള വലതുപക്ഷ മാധ്യമങ്ങള്‍ക്കും സംഘപരിവാറിന്റെ വാട്‌സ്ആപ് ഗ്രൂപ്പുകള്‍ക്കും വലിയ ഇന്ധനം തന്നെയാണ് നല്‍കിയിരിക്കുന്നത്. ആക്രമണം അഴിച്ചുവിട്ട് അത് കലാപമാക്കി മാറ്റുകയും അങ്ങനെ സമരം തന്നെ ഇല്ലാതാക്കുകയും ചെയ്ത ചരിത്രം നാം നിരവധി സമയങ്ങളില്‍ കണ്ടിട്ടുണ്ട്. രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങളുടെ സത്ത തന്നെ ഇല്ലാതാക്കുന്ന വിധത്തില്‍ 'നിയമം കൈയിലെടുക്കു'ന്നത് ആ പ്രതിഷേധത്തെ തന്നെ ഇല്ലായ്മ ചെയ്യും. സംഘപരിവാറിന് ഇന്ധനം ഉണ്ടാക്കിക്കൊടുക്കാന്‍ ഏതെങ്കിലും തീവ്ര മുസ്ലീം സംഘടനകള്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് ആ സമുദായത്തിനോട് കൂടി ചെയ്യുന്ന ദ്രോഹമാണ്.

വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ മിക്ക മേഖലകളിലും ഹിന്ദു-മുസ്ലീം സമുദായക്കാര്‍ ഒുമിച്ച് താമസിക്കുന്ന മേഖലകളാണ്. എന്നാല്‍ ഹിന്ദു വീടുകള്‍ക്ക് മുകളില്‍ കാവിക്കൊടി കെട്ടുന്നതും ക്ഷേത്രത്തില്‍ നിന്നുള്ള അനൗണ്‍സ്‌മെന്റുമൊക്കെ ഗുജറാത്ത് മോഡലിന്റെ അതേ ഓര്‍മപ്പെടുത്തലാണ് ഉണ്ടാക്കുന്നത്. വാഹനങ്ങളില്‍ കല്ലുകള്‍ കൊണ്ടുവന്ന് ഇറക്കുന്നതും അക്രമികളെ അയല്‍ പ്രദേശങ്ങളില്‍ നിന്ന് കൊണ്ടുവന്ന് ഹെല്‍മെറ്റും ധരിപ്പിച്ച് ജയ് ശ്രീറാം വിളികളോടെ കൊള്ളയ്ക്കും കൊലയ്ക്കും ഇറക്കിവിടുന്നതും മുമ്പു കണ്ടിട്ടുള്ളതാണ്. അതേ മാതൃകയാണ് ഇവിടെയും സംഭവിക്കുന്നത്. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ സാമുദായിക ചേരിതിരിവിലേക്ക് വഴി തിരിച്ചുവിടാന്‍ കപില്‍ മിശ്രയെപ്പോലുള്ളവരും ഗിരിരാജ് സിംഗിനെപ്പോലുള്ള തീവ്രവര്‍ഗീയവാദികളായ നേതാക്കളുമൊക്കെ ശ്രമിച്ചിട്ടും ഇന്നും പൗരസമൂഹത്തിന്റെയും വിദ്യാര്‍ത്ഥികളുടേയും വലിയ പിന്തുണ ഈ സമരങ്ങള്‍ക്കുണ്ട്. എന്നാല്‍ അത് അവസാനിപ്പിച്ച്, പ്രതിഷേധം ഭൂരിപക്ഷ സമുദായത്തിന് എതിരാണ് എന്ന രീതിയിലേക്ക് കൊണ്ടുവരാന്‍ വലതുപക്ഷ സംഘടനകള്‍ നടത്തുന്ന നീക്കം വിജയിക്കുന്നു എന്നു കൂടിയാണ് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.

ബിഹാര്‍-കിഴക്കന്‍ യുപിയില്‍ നിന്നുള്ളവരായ പൂര്‍വാഞ്ചലികള്‍ താമസിക്കുന്ന മേഖലകള്‍ കൂടിയാണ് ഇപ്പോള്‍ കലാപമുണ്ടായ പ്രദേശം. അടുത്തു നടക്കാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പിലേക്കുള്ള ധ്രുവീകരണമായി കൂടി ഇപ്പോഴത്തെ കലാപത്തെ കാണുന്നതിലും തെറ്റില്ല. അതിനുള്ള വഴിമരുന്നിടലാണോ കപില്‍ മിശ്രയപ്പോലുള്ളവരെ മുന്‍നിര്‍ത്തി ആസൂത്രണം ചെയ്തിരിക്കുന്നത് എന്നതും അന്വേഷണവിധേയമാക്കേണ്ട കാര്യമാണ്.

ഒരു ജനാധിപത്യ സമൂഹത്തില്‍ പുലരേണ്ട സാമാന്യ മര്യാദകള്‍ പോലും കാറ്റില്‍പ്പറത്തിയാണ് കേന്ദ്ര സര്‍ക്കാരും പോലീസുമൊക്കെ, സമാധാനപരമായ സമരങ്ങളെ നേരിടുന്നത്. പൗരത്വ ഭേദഗതി നിയമത്തിന്റെയും മറ്റും പേരില്‍ ആശങ്കയുള്ളവര്‍ തന്നെയാണ് പ്രതിഷേധിക്കാനായി തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. കാരണം, രാജ്യം മുഴുവന്‍ എന്‍ആര്‍സി നടപ്പാക്കും എന്ന് നിരവധി തവണ ആവര്‍ത്തിച്ചത് അമിത് ഷാ തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് പറയുമ്പോഴും വസ്തുതകള്‍ അങ്ങനെയല്ല. അസമില്‍ എന്‍ആര്‍സി നടപ്പാക്കിയതിന്റെ ഫലം കാണുന്ന, 19 ലക്ഷം മനുഷ്യര്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് പോകാന്‍ നാളെണ്ണി കഴിയുന്നത് കാണുന്ന മനുഷ്യര്‍ തന്നെയാണ് പ്രതിഷേധിക്കാനിറങ്ങിയത്. അവരുടെ ആശങ്കകളെ ഏതെങ്കിലും വിധത്തില്‍ തള്ളിക്കയാനാകില്ല. എന്നാല്‍ ഒരുവിധത്തിലും ഇവരെ കേള്‍ക്കില്ല എന്നാണ് സര്‍ക്കാരിന്റെ വാശി. മറിച്ച് പോലീസിനെ കയറൂരി വിട്ട് സമരം അടിച്ചമര്‍ത്താനും രാജ്യദ്രോഹ കുറ്റം ചുമത്താനും വസ്തുവകകള്‍ പിടിച്ചെടുക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ വിധത്തില്‍ സമരം പൂര്‍ണമായി ഇല്ലാതായിക്കൊള്ളും എന്നായിരുന്നു സര്‍ക്കാരിന്റെ ധാരണ.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശന സമയത്ത് പ്രശ്‌നമുണ്ടാക്കി ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത് എന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരുടെ ഗൂഡാലോചനയാണ് കലാപമെന്നുമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡിയും കപില്‍ മിശ്രയുമൊക്കെ ആരോപിക്കുന്നത്. ഇത് ബിജെപി ഉപയോഗിച്ച് പഴകിപ്പൊളിഞ്ഞ ഒരു വാദം തന്നെയാണ്. കുറ്റക്കാര്‍ സ്വന്തം കൂട്ടത്തില്‍ തന്നെ ഉള്ളപ്പോള്‍, അതിനെ മറച്ചു വയ്ക്കാനും ആവലാതികള്‍ ഉള്ളവര്‍ ഉയര്‍ത്തുന്ന കാര്യങ്ങളെ അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ നടത്തിയതു കൊണ്ട് കാര്യമില്ല. കേന്ദ്രം ഭരിക്കുന്നവര്‍ക്കാണ് ഡല്‍ഹിയിലെ ക്രമസമാധാനത്തിന്റെ ചുമതല. അമേരിക്കന്‍ പ്രസിഡന്റ് ഡല്‍ഹിയിലുള്ളപ്പോള്‍ അവിടെ കലാപം നടക്കുകയെന്നാല്‍ രാജ്യതലസ്ഥാനം പോലും സംരക്ഷിക്കാന്‍ കെല്‍പ്പില്ലാത്തവരാണ് ഭരിക്കുന്നത് എന്നാണര്‍ത്ഥം. രാജ്യത്ത് കഴിഞ്ഞ കുറെ മാസങ്ങളായി നടക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അത് പ്രധാനമായും അമിത് ഷായ്ക്കാണ്. മറ്റേതെങ്കിലും സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ ആഭ്യന്തര മന്ത്രി എന്നേ പദവി ഒഴിയേണ്ടി വരുമായിരുന്നു.

അരവിന്ദ് കെജ്‌രിവാള്‍ എന്ന നവരാഷ്ട്രീയക്കാരന്‍ ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പിച്ചവച്ചു നടക്കുന്ന ആളല്ല. രണ്ടാം തവണയും വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ കെജ്‌രിവാള്‍ അക്രമസംഭവങ്ങളെ അപലപിച്ചു കൊണ്ട് കരയ്ക്കിരുന്നു കളി കാണുന്നത് ഒട്ടും ഉചിതമല്ല. ഡല്‍ഹിയിലെ പോലീസും ക്രമസമാധാനപാലനും കേന്ദ്രത്തിന്റെ ചുമതലയാണെങ്കില്‍ ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ചുമതലയിലാണ്. ഡല്‍ഹിയിലെ ജനങ്ങള്‍ വിശ്വസിക്കുന്നത് കെജ്‌രിവാളിനെയാണ് എന്നതു കൊണ്ടാണ് അവര്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്തത്. കലാപ സമയത്ത് തന്റെ മന്ത്രിമാരെയും എംഎല്‍എമാരെയും കൂട്ടി അവിടങ്ങള്‍ സന്ദര്‍ശിക്കാനും ജനങ്ങളോട് ശാന്തരാകാന്‍ അഭ്യര്‍ത്ഥിക്കാനും സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുക്കാനും കെജ്‌രിവാളിനെ ആരെങ്കിലും തടഞ്ഞിരുന്നോ? അതോ, ഹിന്ദു സമൂഹത്തിന്റെ വോട്ട് നഷ്ടപ്പെടും എന്നു കരുതി, ഡല്‍ഹി പോലീസ് ജാമിയയിലും ജെഎന്‍യുവിലും ജമാ മസ്ജിദിലും ഡല്‍ഹിയിലെ മറ്റ് ഭാഗങ്ങളിലുമൊക്കെ അഴിഞ്ഞാടിയപ്പോള്‍, ഒരു ഭീരുവിനെ പോലെ ഒളിച്ചിരുന്ന രാഷ്ട്രീയക്കാരനെയല്ല ഡല്‍ഹിക്ക് ആവശ്യം.

കലാപമുണ്ടായിരിക്കുന്നത് രാജ്യതലസ്ഥാനത്താണ്. ഇപ്പോള്‍ തന്നെ അഞ്ചു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. കോടികളുടെ സ്വത്തുക്കളാണ് അക്രമികള്‍ നശിപ്പിച്ചിരിക്കുന്നത്. ട്രംപ് വരും പോകും. എന്നാല്‍ രാജ്യതലസ്ഥാനത്ത് ഈ വിധം കലാപങ്ങളുണ്ടാകുന്നത് തടയാന്‍ പോലും കഴിയുന്നില്ല എങ്കില്‍ വലിയ നാണക്കേടു തന്നെയാണ്. ഇത് രാഷ്ട്രീയ മുതലെടുപ്പാക്കാന്‍ നോക്കുന്നതിനു പകരം, കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അഭിസംബോധന ചെയ്യുകയും ജനങ്ങളുടെ ആശങ്കയകറ്റുകയുമാണ് ചെയ്യേണ്ടത്. പുറംമോടികളും വാചോടോപങ്ങളും കൊണ്ട് കെട്ടിപ്പൊക്കിയ എന്തും അതിന്റെ ഉള്ള് പൊള്ളയാണ് എന്നതുകൊണ്ട് തന്നെ തകര്‍ന്നു വീഴും എന്നതാണ് ആത്യന്തികമായി സംഭവിക്കുക.


Next Story

Related Stories