TopTop
Begin typing your search above and press return to search.

കാട്ടുകള്ളന് വനം വകുപ്പ്, കാശ്മീരിലെ ഷിക്കാര എഴുന്നെള്ളിപ്പ്, തകര്‍ന്നടിഞ്ഞ് സമ്പദ്‌വ്യവസ്ഥ, യുപിയിലെ 'സദ്‌ഭരണം'; ഇതാണ് നമ്മുടെ ഒരു ദിവസം

കാട്ടുകള്ളന് വനം വകുപ്പ്, കാശ്മീരിലെ ഷിക്കാര എഴുന്നെള്ളിപ്പ്, തകര്‍ന്നടിഞ്ഞ് സമ്പദ്‌വ്യവസ്ഥ, യുപിയിലെ സദ്‌ഭരണം; ഇതാണ് നമ്മുടെ ഒരു ദിവസം

എഡിറ്റോറിയല്‍

ഒരു ദിവസം പുറത്തിറങ്ങുന്ന ദിനപത്രങ്ങളുടെ മുന്‍പേജിലുടെ കണ്ണോടിച്ചാല്‍ നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള ഒരു ഏകദേശരൂപം ഓരോരുത്തര്‍ക്കും ലഭിക്കും. അതാകട്ടെ, ഒരിക്കലും ചരിത്രത്തില്‍ നിന്ന് മായ്ച്ചു കളയാന്‍ സാധിക്കാത്തതാണ്. നമ്മുടെ ഭരണവ്യവസ്ഥിതി, നമ്മുടെ അയല്‍രാജ്യങ്ങള്‍, നമ്മുടെ ധാര്‍മിക ബോധം, നമ്മുടെ ജീവിത സാഹചര്യങ്ങള്‍, നമ്മുടെ വികസന നയങ്ങള്‍... അങ്ങനെ നമ്മുടെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്ന കാര്യങ്ങളാണ് അവ. സമൂഹത്തിനു നേര്‍ക്ക് പിടിക്കുന്ന കണ്ണാടി കൂടിയാണ് ആ വാര്‍ത്തകള്‍. അവ തമസ്‌കരിച്ചതു കൊണ്ടോ, കണ്ടില്ലെന്ന് നടിച്ചതു കൊണ്ടോ ആ കാര്യങ്ങള്‍ ഇല്ലാതാകില്ല. ചിലതൊക്കെ നാം സ്വയം ചോദിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ്. ഇന്ന് ദേശീയ തലസ്ഥാനത്ത് ഇറങ്ങിയ പ്രധാന ദിനപത്രങ്ങളുടെ മുന്‍പേജിലെ ചില വാര്‍ത്തകളിലൂടെ കടന്നു പോയാല്‍ അക്കാര്യം നിങ്ങള്‍ക്കും ബോധ്യപ്പെടും.

1. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന് ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും കോണ്‍ഗ്രസില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഒന്ന്. രണ്ടാം തവണയാണ് ഒരു സീറ്റ് പോലും നേടാനാകാതെയും വോട്ട് ശതമാനം കുത്തനെ ഇടിഞ്ഞും കോണ്‍ഗ്രസും വന്‍ പ്രതിസന്ധി നേരിട്ടത്. ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതല കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പി.സി ചാക്കോയ്ക്കാണ്. ഡിപിസിസിയുമായി ഇണങ്ങിയും പിണങ്ങിയുമാണ് ഏറെക്കാലമായി ചാക്കോ മുന്നോട്ടു പോകുന്നത്. സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം ചാക്കോയെ മാറ്റണമെന്ന് കഴിഞ്ഞ തവണ ആവശ്യപ്പെട്ടെങ്കിലും പാര്‍ട്ടി ഹൈക്കമാന്‍ഡ് ചാക്കോയ്ക്ക് ഒപ്പം തന്നെ നിന്നു. ഇതിനിടയില്‍ മൂന്നുവട്ടം ഡല്‍ഹി അടുപ്പിച്ച് ഭരിച്ച ഷീലാ ദീക്ഷിത് അന്തരിക്കുകയും ചെയ്തു.

ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം രൂപീകരിച്ച് ബിജെപിയെ നേരിടണമെന്ന പക്ഷക്കാരനായിരുന്നു ചാക്കോ. എന്നാല്‍ ഷീലാ ദീക്ഷിത് ഉള്‍പ്പെടെയുള്ള ഒരു വിഭാഗം അതിന് എതിരുമായിരുന്നു. എന്തായാലും അന്തരിച്ച ഷീലാ ദീക്ഷിതിനെക്കുറിച്ചുള്ള ചാക്കോയുടെ പരാമര്‍ശമാണ് കോണ്‍ഗ്രസില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. 2013 മുതല്‍ ഷീലാ ദീക്ഷിത് അനുവര്‍ത്തിക്കുന്ന കാര്യങ്ങളാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് വോട്ടുകള്‍ മുഴുവന്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക് പോകാന്‍ കാരണമെന്നും ഈ വോട്ടുകള്‍ ഒരിക്കലും പാര്‍ട്ടിയിലേക്ക് തിരികെ വന്നില്ല എന്നും ചാക്കോ ഇന്നലെ പറഞ്ഞത് വലിയ കോളിളക്കം തന്നെയാണ് ഉണ്ടാക്കിയത്. എന്നാല്‍ താന്‍ ഷീലാ ദീക്ഷിതിന്റെ പേരെടുത്ത് റഞ്ഞില്ലെന്നും മറിച്ച് ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ അവസ്ഥ എന്താണ് എന്ന് സത്യസന്ധമായി വ്യക്തമാക്കുകയാണ് ചെയ്തത് എന്നും ചാക്കോ പിന്നീട് പറഞ്ഞു. അന്തരിച്ച ഒരാളെക്കുറിച്ച് ഇത്ര 'നീചമായി' സംസാരിക്കാമോ എന്നാണ് ഷീലാ ദീക്ഷിതിന്റെ മകള്‍ ലതിക ദീക്ഷിതും പാര്‍ട്ടി നേതാക്കളായ പവന്‍ ഖേരയും മിലിന്ദ് ദിയോറയുമൊക്കെ ചോദിച്ചത്.

ഡിപിസിസി പ്രസിഡന്റ് സുഭാഷ് ചോപ്രയ്ക്ക് പിന്നാലെ ചാക്കോയും പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിന് എല്ലാക്കാലത്തും ബലിയാടുകളെ ആവശ്യമാണ്. ചാക്കോ അത് ഷീലാ ദീക്ഷിതില്‍ കണ്ടെങ്കില്‍ ഇപ്പോഴുള്ള നേതൃത്വം അത് കാണുന്നത് ചാക്കോയിലാണ്. കോണ്‍ഗ്രസ് അകപ്പെട്ടിരിക്കുന്ന പ്രതിസന്ധി എന്താണ് എന്ന് കൃത്യമായ ധാരണ പാര്‍ട്ടി നേതൃത്വത്തിന് ഇല്ല എന്നതാണ് പ്രധാന പ്രശ്‌നം. രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുന്നതും ബിജെപി ഇന്ത്യന്‍ ജനാധിപത്യത്തിന് ഉയര്‍ത്തുന്ന ഭീഷണികളെ എങ്ങനെ നേരിടണമെന്ന് അറിയാത്തതും ഇവിടെ പ്രശ്‌നമാണ്. ഭരണം നഷ്ടപ്പെട്ട് ഏഴു വര്‍ഷം കഴിഞ്ഞിട്ടും ഷീലാ ദീക്ഷിതിന്റെ പേരില്‍ ഡല്‍ഹിയില്‍ വോട്ട് ചോദിച്ച കോണ്‍ഗ്രസിന്, പാര്‍ട്ടിയുടേയും രാജ്യത്തിന്റെയും ഭാവിയെക്കരുതി മുമ്പോട്ട് വയ്ക്കാന്‍ എന്താണുള്ളത് എന്ന ചോദ്യമാണ് ചാക്കോയെ ക്രൂശിക്കുന്നതിന് മുമ്പ് അഭിസംബോധന ചെയ്യേണ്ടത്.

2. കാശ്മീര്‍ അടച്ചു പൂട്ടിയിട്ട് ആറു മാസങ്ങള്‍ കഴിഞ്ഞു- അതായത്, ജമ്മു-കാശ്മീരിനെ വെട്ടിമുറിച്ച് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും കാശ്മീരിന് പ്രത്യേകാവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ 370-ാം അനുചേ്ഛദം എടുത്തുകളയുകയും ചെയ്തിട്ട് ഇന്ന് 192 ദിവസമായി. മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള മുഖ്യധാരാ രാഷ്ട്രീയ നേതാക്കള്‍ അനിശ്ചിതകാല തടവിലാണ്. കോടതികളാകട്ടെ, ഹേബിയസ് കോര്‍പസ് ഹര്‍ജികള്‍ പരിഗണിക്കുന്നതിനു പോലും സമയവും മുഹൂര്‍ത്തവും നോക്കുന്നു. കാശ്മീരിന്റെ സമ്പദ്ഘടന തകര്‍ന്നു താറുമാറായി. ടൂറിസത്തിലൂടെയുള്ള വരുമാനം ഇല്ലാതായതും, ആപ്പിള്‍-കുങ്കുമപ്പൂവ് തുടങ്ങിയവയുടെ കയറ്റുമതി ഇല്ലാതായതും വന്‍ പ്രതിസന്ധിയാണ് ജനങ്ങള്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനു പുറമെയാണ് പൗരത്വ അവകാശങ്ങള്‍ നിഷേധിക്കുന്ന കാര്യങ്ങളും. എല്ലാം 'നോര്‍മലാ'ണ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇന്നും ഇന്ത്യയിലെ മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ക്ക് അവിടെ പ്രവേശിക്കണമെങ്കില്‍ ക്രമസമാധാനപാലനത്തിന്റെ പേരില്‍ സര്‍ക്കാര്‍ കണ്ണുരുട്ടും. എന്താണ് കാശ്മീരില്‍ നടക്കുന്നത് എന്നോ, എന്താണ് ജനങ്ങളുടെ അവസ്ഥ എന്നോ ആര്‍ക്കുമറിയില്ല. ഇന്റര്‍നെറ്റ് പേരിനു മാത്രം പുന:സ്ഥാപിക്കുകയും അത് ഇടയ്ക്കിടെ പിന്‍വലിക്കുകയും ചെയ്യുന്നു.

ഇതിനിടെയാണ് ഒരു മൂന്നാം വിദേശ സംഘത്തെ ദാല്‍ തടാകത്തില്‍ 'ഷിക്കാര' യാത്ര നടത്താന്‍ സര്‍ക്കാര്‍ ഇന്നലെ കൊണ്ടുവന്നത്. ആദ്യ തവണ സര്‍ക്കാര്‍ നേരിട്ട് ഇടപഴകാതെ ചില ദുരൂഹ സംഘടനകള്‍ വഴിയാണ് യൂറോപ്യന്‍ പാര്‍ലമെന്റിലെ വര്‍ഗീയവാദികളായ ചില വലതുപക്ഷ എംപിമാരെ കൊണ്ടുവന്നത്. തങ്ങള്‍ അയച്ചതല്ല അവരെ എന്ന് യൂറോപ്യന്‍ യൂണിയന്‍ ഇതിനിടെ വ്യക്തമാക്കുകയും ചെയ്തു. രണ്ടാമത് സര്‍ക്കാര്‍ കൊണ്ടുവന്ന സംഘത്തെ സ്വീകരിച്ചതും 'സുരക്ഷ' ഒരുക്കിയതും ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ദാവീന്ദര്‍ സിംഗായിരുന്നു. ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു ഇവരുടെ അറസ്റ്റ് എന്നാണ് ഇപ്പോഴും പുറത്തുവന്നിട്ടുള്ള ഏക കാര്യം. എന്തായിരുന്നു ഇവരുടെ ഡല്‍ഹിയിലെ ദൗത്യം?

ഇതിനിടെയാണ് മൂന്നാമതൊരു സംഘത്തെയും സര്‍ക്കാര്‍ ഇന്നലെ, കാശ്മീര്‍ 'നോര്‍മലാ'ണ് എന്ന് തെളിയിക്കാന്‍ കൊണ്ടുവന്നത്. ജര്‍മനി, കാനഡ, ഫ്രാന്‍സ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംഘത്തിലുണ്ട്. കാശ്മീരില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ പ്രമേയം തയാറാക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് മാര്‍ച്ചില്‍ ഇത് പരിഗണിക്കാനിരിക്കുകയുമാണ്.

കാശ്മീര്‍ നമ്മുടെ അഭിവാജ്യഘടകമാണെന്ന് രാഷ്ട്രീയ നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കാറുണ്ട്. തീര്‍ച്ചയായും ജമ്മു-കാശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യഘടകം തന്നെയാണ്. കാശ്മീരില്‍ പാക്കിസ്ഥാന്‍ നടത്തുന്ന നിഴല്‍യുദ്ധങ്ങള്‍ എല്ലാവിധത്തിലും എതിര്‍ത്ത് തോല്‍പ്പിക്കുകയും വേണം. അതുപോലെ കാശ്മീരികളും ഇന്ത്യന്‍ ജനതയുടെ ഭാഗമാണ്. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന ജനാധിപത്യാവകാശങ്ങള്‍ കാശ്മീരി ജനങ്ങള്‍ക്കും ബാധകമാണ്. അത് എത്രയും വേഗം പുന:സ്ഥാപിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ദേശീയ അഖണ്ഡതയ്ക്കും ഐക്യത്തിനും അത് ആവശ്യമാണ്.

3. കര്‍ണാടകത്തിലെ പുതിയ വനം, പരിസ്ഥിതി മന്ത്രിയായി ആനന്ദ് സിംഗിനെ മുഖ്യമന്ത്രി ബിഎസ് യദിയൂരപ്പ നിയമിച്ചതാണ് മറ്റൊരു വാര്‍ത്ത. ചില്ലറക്കാരനല്ല ആനന്ദ് സിംഗ്. കോണ്‍ഗ്രസിന്റെ എംഎല്‍എയും മന്ത്രിയുമായിരുന്ന ആനന്ദ് സിംഗ്, കോണ്‍ഗ്രസ്-ജെഡി(എസ്) സര്‍ക്കാരിനെ താഴെയിറക്കാന്‍ പാലം വലിച്ച 17 എംഎല്‍എമാരില്‍ ഒരാള്‍ കൂടിയാണ്. തുടര്‍ന്ന് 2019-ലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ വിജയിച്ചു. ആദ്യം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നല്‍കിയെങ്കിലും ഇത് ഇഷ്ടപ്പെടാതിരുന്ന സിംഗിനെ വനം-പരിസ്ഥിതി വകുപ്പ് നല്‍കിയാണ് യദിയൂരപ്പ പ്രീതിപ്പെടുത്തിയത്. ഇത്രയും കാര്യങ്ങളില്‍ വലിയ കുഴപ്പമില്ല. പ്രശ്‌നം അവിടെയല്ല, അനധികൃത ഖനനം, വന വിഭവങ്ങള്‍ അനധികൃതമായി കടത്തിയത്, ക്രിമിനല്‍ ഗൂഡാലോന, വിശ്വാസ വഞ്ചന, തട്ടിപ്പ് തുടങ്ങിയവ അടക്കം 15 കേസുകളില്‍ പ്രതിയാണ് ആനന്ദ് സിംഗ്. ഇതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന ചില കേസുകളില്‍ പ്രതിയാണ് ഇയാള്‍. മറ്റു ചില കേസുകള്‍ ഈ മാസം 28-ന് കര്‍ണാടകയിലെ പ്രത്യേക കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിനിടെയാണ്, കള്ളനെ കാവലേല്‍പ്പിക്കുന്നതു പോലെ യദിയൂപ്പ ഇയാളെ വനം, പരിസ്ഥിതി മന്ത്രിയാക്കിയിരിക്കുന്നത്.

ബിജെപിയുടെ മുന്‍ മന്ത്രിയും ബെല്ലാരിയിലെ ഖനന മേഖലകള്‍ അടക്കിവാഴുന്ന റെഡ്ഡി സഹോദരങ്ങളുടെ അടുത്ത അനുയായിയുമാണ് ആനന്ദ് സിംഗ്. ആയിരക്കണക്കിന് കോടികളുടെ ദേശീയ സ്വത്താണ് ഇവര്‍ അനധികൃതമായി ഖനനം ചെയ്ത് കടത്തിയിട്ടുള്ളത്. ഇതിനു പുറമെയാണ് തടി അടക്കമുള്ള വനവിഭവങ്ങള്‍ അനധികൃതമായി മുറിച്ചു കടത്തിയിട്ടുള്ളതും. രാഷ്ട്രീയക്കാര്‍ക്ക് ധാര്‍മികതയില്ലെന്ന് നാം പൊതുവെ പറയാറുണ്ട്. എന്നാല്‍ നഗ്നമായ രീതിയില്‍, ജനങ്ങളെയും ജനാധിപത്യത്തെയുമൊക്കെ പരിഹസിക്കുന്ന ഇത്തരം നടപടികള്‍ നമ്മുടെ കണ്‍മുന്നില്‍ അരങ്ങേറിയിട്ടും ആര്‍ക്കും യാതൊരു പ്രശ്‌നവുമില്ല. ഇത്തരം കാര്യങ്ങള്‍ വരുമ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ആ ധാര്‍മികതയുടെ അളവുകോല്‍ എടുക്കാന്‍ പറ്റില്ല എന്നതു തന്നെയാണ് പ്രശ്‌നം. കാരണം, ഇത്രനാളും ആനന്ദ് സിംഗുമാരെ സംരക്ഷിച്ചിരുന്നത് കോണ്‍ഗ്രസായിരുന്നു. ഇന്ന് ബിജെപി അത് ചെയ്യുന്നു.

4. ഭീകരപ്രവര്‍ത്തനത്തിന് ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സംഘടനകളുടെ നിരന്തരമായ നിരീക്ഷണത്തിലാണ് കുറെക്കാലമായി പാക്കിസ്ഥാന്‍. പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്തുന്ന കാര്യം പരിഗണിക്കാന്‍ പാരീസ് കേന്ദ്രമായുള്ള ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക്‌ഫോഴ്‌സ് ഈ ഞായറാഴ്ച ആറുദിവസത്തെ യോഗം ചേരാനിരിക്കെ, ലാഹോറിലെ ഒരു ഭീകരവിരുദ്ധ കോടതി മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഇന്ത്യയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുള്ളയാളുമായ ലഷ്‌കര്‍-ഇ-തൊയ്ബ തലവന്‍ ഹാഫിസ് സയീദിനെ, രണ്ട് ഭീകര കേസുകളിലായി അഞ്ചര വര്‍ഷം തടവിനും 15,000 രൂപ പിഴയ്ക്കും ശിക്ഷിച്ച വാര്‍ത്തയാണ് മറ്റൊന്ന്.

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം പ്രവഹിക്കുന്ന സാഹചര്യം തടയാന്‍ പാക്കിസ്ഥാന്‍ ഒന്നും ചെയ്യുന്നില്ല എന്ന ആരോപണം വളരെ ശക്തമായ സാഹചര്യമാണ് നിലവിലുള്ളത്. ഒടുവില്‍ എല്ലാ മാര്‍ഗങ്ങളും അടഞ്ഞ് കരിമ്പട്ടികയില്‍ പെടുത്തുമെന്ന സാഹചര്യമാണ് മുന്നിലുള്ളതും. ഈയൊരു സാഹചര്യത്തില്‍ മാത്രമാണ് പാക്കിസ്ഥാന്‍ ഇത്തരമൊരു കാര്യത്തിന് മുതിര്‍ന്നിരിക്കുന്നത് എന്നതാണ് പ്രധാനം. കാരണം, ഹാഫിസ് സയീദ് ആണെങ്കിലും ജയ്‌ഷെ-ഇ-മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ആണെങ്കിലും ഇന്ത്യക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ നടത്താന്‍ ചുക്കാന്‍ പിടിക്കുന്നവരാണ്. കാശ്മീരിലും ഇവരുടെ ഇടപെടലുകള്‍ ശക്തമാണ്. പാക്കിസ്ഥാന്‍ സര്‍ക്കാരും സൈന്യവും ഇവരോട് മൃദുസമീപനം സ്വീകരിക്കുന്നു എന്ന ആരോപണവും ശക്തമാണ്. എന്തായാലും, സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാക്കിസ്ഥാന്‍, അതിന്റെ പേരിലാണെങ്കില്‍ പോലും, ഒടുവില്‍ ഈ ഭീകരര്‍ക്കും ഭീകര സംഘടനകള്‍ക്കും എതിരെ നടപടികള്‍ സ്വീകരിക്കുന്നു എന്നത് സ്വാഗതാര്‍ഹമാണ്. ഭീകര പ്രവര്‍ത്തനങ്ങളുടെ ഇരകളായി ആയിരക്കണക്കിന് നിരപരാധികളായ മനുഷ്യരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. പാക്കിസ്ഥാന്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ കുറെക്കൂടി ശക്തമാക്കുകയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ശാന്തിയും സമാധാനവും കൊണ്ടുവരാന്‍ അത് കാരണമാവുകയും ചെയ്യട്ടെ.

5. വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നമ്മുടെ രാജ്യം കടന്നു പോകുന്നത് എന്നതിന്റെ പുതിയൊരു കണക്ക് കൂടി പുറത്തു വന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ ഡിസംബറില്‍ ഫാക്ടറി ഉത്പാദനം കുത്തനെ ഇടിഞ്ഞു എന്നും ചില്ലറ വില്‍പ്പന മേഖലയിലെ പണപ്പെരുപ്പം കഴിഞ്ഞ ആറുമാസമായി കുത്തനെ കൂടി എന്നതുമാണ് പുതിയ വാര്‍ത്ത. രാജ്യത്തെ വ്യാവസായികോത്പാദനം നവംബറില്‍ 1.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെങ്കില്‍ ഡിസംബറില്‍ അത് 0.3 ശതമാനം കുറവ് രേഖപ്പെടുത്തി എന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. അതുപോലെ പണപ്പെരുപ്പം, ഡിസംബറില്‍ 7.35 ശതമാനം ആയിരുന്നെങ്കില്‍ ജനുവരിയില്‍ അത് 7.59 ശതമാനമായി വര്‍ധിച്ചു എന്നതാണ് പുതിയ കണക്ക്. പച്ചക്കറി, മുട്ട, ഇറച്ചി, മത്സ്യം തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടേയും ഇന്ധനത്തിന്റെയും വില കുതിച്ചു കയറിയതാണ് പണപ്പെരുപ്പം കൂടാന്‍ കാരണം.

നവംബറിലെ ഉത്സവകാല കച്ചവടത്തെ തുടര്‍ന്നായിരുന്നു വ്യാവസായികോത്പാദനത്തില്‍ ചെറിയ മുന്നേറ്റം രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് പൊടുന്നനെ അവസാനിച്ചു എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത്, ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരില്ല എന്ന അവസ്ഥ. എന്തുകൊണ്ടാണ് ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരില്ലാത്തത്? ജനങ്ങളുടെ കൈയില്‍ പണമില്ല എന്നതാണ് അതില്‍ പ്രധാനം. ജനങ്ങളിലേക്ക് പണമെത്താനും അത് ചെലവഴിക്കാനുമുള്ള മാര്‍ഗങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത് എന്ന് നിരവധി സാമ്പത്തിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടിയിട്ടും കഴിഞ്ഞ ബജറ്റില്‍ പോലും ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ജനങ്ങള്‍ക്ക് ഉത്പന്നങ്ങളിന്മേലുള്ള ആവശ്യം കുറയുക എന്നാല്‍ ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കുക എന്നതു കൂടിയാണ്. ഇതനുസരിച്ച് കമ്പനികളും ഉത്പാദനം കുറയക്കും. ഇതനുസരിച്ച് തൊഴില്‍ ദിനങ്ങളുടെ എണ്ണം കുറയും. ഈ സ്ഥിതി രൂക്ഷമാകുമ്പോള്‍ കമ്പനികള്‍ അടച്ചുപൂട്ടുകയും തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാവുകയും ചെയ്യും. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇന്ത്യ നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിഭാസമാണിത്. എന്നാല്‍ ഇതിനെ അഭിസംബോധന ചെയ്യാന്‍ സര്‍ക്കാരിന്റെ പക്കല്‍ നിന്നും യാതൊരു നടപടികളും ഉണ്ടാകുന്നില്ല എന്നതാണ് ഖേദകരം.

തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തോതിലാണ്. ജനങ്ങളുടെ ഉപഭോഗം ഏറ്റവും കുറവ് അളവിലുമാണ്. ഇത് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് ഇന്ത്യന്‍ ഗ്രാമങ്ങളിലാണ്. എന്നാല്‍ ഈ വിവരങ്ങള്‍ പറയുന്ന ഡേറ്റകള്‍ പൂഴ്ത്തി വയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് നാം കണ്ടു കഴിഞ്ഞു.

ഡേറ്റകള്‍ പൂഴ്ത്തിയതു കൊണ്ടോ

രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ കുറിച്ച് മൗനം പാലിച്ചതുകൊണ്ടോ ഒരു പ്രശ്‌നവും ഇല്ലാതാകില്ല. നാലു നേരവും പാക്കിസ്ഥാന്‍, ഹിന്ദു-മുസ്ലീം എന്ന് മൈക്ക് കെട്ടി അലറി വിളിച്ചതു കൊണ്ടും ജനങ്ങളുടെ വിശപ്പ് അടക്കാനാകില്ല. സാമ്പത്തിക മേഖലയില്‍ കാര്യപ്രാപ്തിയുള്ള വിദഗ്ധരുടെ സേവനം തേടുകയും ഇപ്പോള്‍ അകപ്പെട്ടിരിക്കുന്ന അവസ്ഥയില്‍ കരകയാറാനുള്ള മാര്‍ഗങ്ങള്‍ എത്രയും വേഗം കണ്ടെത്തുകയും ചെയ്തില്ലെങ്കില്‍ രാജ്യം വലിയ അരക്ഷിതാവസ്ഥയിലേക്കായിരിക്കും പോകുന്നത്.

6. ഡേറ്റയുമായി ബന്ധപ്പെട്ട് ഇതിനേക്കാള്‍ വലിയൊരു ഭീഷണിയാണ് രാജ്യത്തിന്റെ മുന്‍ ചീഫ് സ്റ്റാറ്റിസ്റ്റഷ്യനും അടുത്തിടെ നിയമിതനായ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഓണ്‍ ഇകണോമിക് സ്റ്റാറ്റിസ്റ്റിക്‌സിന്റെ തലവനുമായ പ്രണോബ് സെന്‍ ചൂണ്ടിക്കാട്ടുന്നത്. പൗരത്വ ഭേദഗതി നിയമം-ദേശീയ പൗരത്വ രജിസ്റ്റര്‍- ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയുമായി ബന്ധപ്പെട്ട് രാജ്യമൊട്ടാകെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ വെളിച്ചത്തിലും സര്‍ക്കാരിന്റെ കടുംപിടുത്തത്തിന്റെ പശ്ചാത്തലത്തിലും അദ്ദേഹം നല്‍കുന്ന മുന്നറിയിപ്പ് ഇതാണ്: കൃത്യമായ ഡേറ്റ സംഭരിക്കാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത 10 വര്‍ഷത്തേക്ക് രാജ്യത്തെ പദ്ധതി നടത്തിപ്പ് അടക്കമുള്ള മുഴുവന്‍ കാര്യങ്ങളും അവതാളത്തിലാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അദ്ദേഹം നല്‍കുന്ന പോംവഴി എല്ലാ സമയത്തും എടുക്കാറുള്ള സെന്‍സസിലെ അവശ്യ വിവരങ്ങള്‍ മാത്രം ശേഖരിക്കുക എന്നതാണ്.

സെന്‍സസിനു പുറമെ എന്‍പിആറിനു വേണ്ട വിവരങ്ങള്‍ കൂടി ശേഖരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതി ഇട്ടിരിക്കുന്നത്. ഇതിനു പുറമെ നിരവധി സര്‍വെകളും നടക്കുന്നുണ്ട്. ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് സര്‍വെ ഇതില്‍ പ്രധാനമാണ്. വീടുകളുടെ എണ്ണവും കുടുംബാംഗങ്ങളുടെ എണ്ണവുമാണ് സെന്‍സസില്‍ പ്രധാനമായി കണക്കാക്കുന്നത്. ജനങ്ങളുടെ ഉപഭോക്തൃ സൂചിക, ഉപഭോക്തൃ ചെലവ് എന്നിവയൊക്കെ കണക്കാക്കാനുള്ള സര്‍വെ എന്‍സ്ഒ നടത്തുന്നുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനം സെന്‍സസ് ഡേറ്റ ശേഖരിക്കുക എന്നതാണ്. എന്നാല്‍ സിഎഎ-എന്‍ആര്‍സി-എന്‍പിആര്‍ ഭീതി ജനങ്ങളില്‍ വളര്‍ന്നതോടെ സര്‍വെയ്‌ക്കെത്തിയവര്‍ക്കു നേരെ കേരളം, ഉത്തര്‍ പ്രദേശ്, ആന്ധ്രാ പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആക്രമണമുണ്ടായിരുന്നു. ഇതിന്റെ ഫലമായി സംഭവിക്കുന്നത്, ഓരോ പത്തു വര്‍ഷവും കൂടുമ്പോള്‍ നടത്തുന്ന സെന്‍സസ് പോലും അസാധ്യമാകുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു എന്നാണ്.

ജനങ്ങളെ മാത്രമായി ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല. കാരണം, ജനങ്ങളും ഭരണസംവിധാനങ്ങളുമായി അത്രയേറെ അവിശ്വാസം രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പ്രണോബ് സെന്‍ തന്നെ പറയുന്നത് മുമ്പും സര്‍വെ നടത്തുന്നവര്‍ക്കു നേരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതാകട്ടെ, വരുമാനത്തെക്കുറിച്ചും മറ്റുമുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ചിലരിലുണ്ടാകുന്ന പ്രതികരണങ്ങളാണ്. അതാകട്ടെ, ഒറ്റപ്പെട്ടതുമാണ്. എന്നാല്‍ ഇത്തവണ സ്ഥിതിഗതികള്‍ വ്യത്യസ്തമാണ്. ജനങ്ങള്‍ സത്യസന്ധമായി വിവരങ്ങള്‍ നല്‍കുമെന്ന് യാതൊരു ഉറപ്പുമില്ല. അതാകട്ടെ, കാര്യങ്ങള്‍ മുഴുവന്‍ അവതാളത്തിലാക്കുകയും ചെയ്യും. പദ്ധതി നിര്‍വഹണവും അതിന്റെ നടത്തിപ്പുമാണ് ഒരു രാജ്യത്തെ മുന്നോട്ടു നയിക്കുന്നത്. ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് അത് തയാറാക്കുന്നത്. ഇതാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ കടുംപിടുത്തവും ഈഗോയും മര്‍ക്കടമുഷ്ടിയും മൂലം പ്രശ്‌നത്തിലായിരിക്കുന്നത്. സര്‍വെ നടത്തുന്നവര്‍ക്കൊപ്പം, പോലീസിനെ അയയ്ക്കാനുള്ള നിര്‍ദേശങ്ങളും അദ്ദേഹം തള്ളിക്കളയുന്നു. ഇത് ജനങ്ങളില്‍ അവിശ്വാസം കൂട്ടാനേ ഉപകരിക്കൂ എന്നും ജനങ്ങളും സര്‍വെ നടത്തുന്നവരും തമ്മിലുള്ള പരസ്പര വിശ്വാസമാണ് എല്ലാ സര്‍വെകളുടേയും അടിസ്ഥാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇത് നരേന്ദ്ര മോദി-അമിത് ഷാമാര്‍ കേള്‍ക്കുന്നുണ്ടോ? സെന്‍സസിനൊപ്പം എന്‍പിആറും നടത്തുമെന്ന പ്രഖ്യാപനമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. എന്‍പിആര്‍ ആകട്ടെ, എന്‍ആര്‍സിയിലേക്കുള്ള ആദ്യപടിയാണെന്ന് സര്‍ക്കാര്‍ രേഖകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അപ്പോള്‍ ജനങ്ങള്‍ പ്രതിഷേധിക്കും. അവര്‍ വിവരങ്ങള്‍ നല്‍കില്ല, ചിലയിടങ്ങളില്‍ ആക്രമണമുണ്ടാകും, അതാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇക്കാര്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് വേണ്ടത് ഒരു തുറന്ന മനസാണ്. സ്വന്തം ജനങ്ങളോട് യുദ്ധം ചെയ്യാതെ ജനങ്ങളെ വിശ്വാസത്തിലെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അവരെ പാക്കിസ്ഥാന്‍ അനുയായികള്‍ എന്നും ദേശദ്രോഹികള്‍ എന്നും രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെന്നും വെടിവച്ചു കൊല്ലണമെന്നുമൊക്കെ ആക്രോശിക്കുന്നത് ഭരണാധികാരികള്‍ക്ക് ചേര്‍ന്നതല്ല. രാജ്യം ഇപ്പോള്‍ തന്നെ മുള്‍മുനയിലാണ്. ഇനിയും കാര്യങ്ങള്‍ വഷളാകുന്നതിന് മുമ്പ് സര്‍ക്കാര്‍ തന്നെ പ്രശ്‌നപരിഹാരങ്ങള്‍ക്ക് വഴി കണ്ടെത്തുകയാണ് വേണ്ടത്. ഓര്‍ക്കേണ്ടത്, ഇന്ത്യ എന്നത് വിവിധ ജാതി, മത, ഭാഷ, ലിംഗ, ഭക്ഷണ, വസ്ത്ര വൈവിധ്യങ്ങളുള്ള മനോഹരമായ ഒരു ആശയമാണ്. അത് മാനിച്ചു കൊണ്ടുള്ള ജനാധിപത്യപരമായ മാര്‍ഗങ്ങളാണ് ആവശ്യം.

7. അവസാനമായി, ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഒരു വാര്‍ത്തയാണ്. ഒരു വാര്‍ത്ത എന്നു പറയാന്‍ പറ്റില്ല, കാരണം, ഓരോ ദിവസവും പത്രങ്ങളുടെ മൂന്‍പേജുകളില്‍ തന്നെ ഈ സംസ്ഥാനത്തുനിന്നുള്ള വാര്‍ത്തകള്‍ ഇടംപിടിക്കാറുണ്ട്. അതില്‍ 99 ശതമാനവും ഒരു പക്വതയെത്തിയ ജനാധിപത്യ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന കാര്യങ്ങള്‍ തന്നെയാണ് താനും. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ 'ഒളിവിലായിരുന്ന' പ്രതി വെടിവച്ചു കൊന്ന സംഭവുമായി ബന്ധപ്പെട്ടാണിത്. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കീഴില്‍ സ്ത്രീകള്‍ക്കും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളുടെ ഏറ്റവും ഒടുവിലുത്തെ ഉദാഹരണം കൂടിയാണിത്. ബലാത്സംഗ കുറ്റത്തിന് ജയിലിലായിരുന്ന ബിജെപിയുടെ മൂന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദിന് ജാമ്യം ലഭിച്ച് പുറത്തു വന്നതിനെ തുടര്‍ന്ന് ആഘോഷമായി സ്വീകരിച്ചത് കഴിഞ്ഞ ദിവസമാണ് എന്നതും ഇത്തരുണത്തില്‍ ഓര്‍ക്കണം.

കഴിഞ്ഞ ഓഗസ്റ്റിലാണ് ഫിറോസാബാദ് സ്വദേശിയായ 15 വയസുകാരിയെ അച്മാന്‍ ഉപാധ്യായ എന്ന 'ഉന്നതകുലജാതന്‍' ബലാത്സംഗം ചെയ്യുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയും പിതാവും പോലീസില്‍ പരാതിപ്പെടാനെത്തിയെങ്കിലും അവര്‍ പരാതി സ്വീകരിച്ചില്ല. ഒടുവില്‍ മൂന്നു ദിവസം കഴിഞ്ഞ് മറ്റൊരു പോലീസ് സ്‌റ്റേഷനിലാണ് അവര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഉപാധ്യായ ഒളിവില്‍ പോയി. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ ഇയാള്‍ തിരികെ എത്തിയെന്നും പല ദിവസങ്ങളിലായി ഇയാളെ തങ്ങളുടെ വീടിനു മുന്നില്‍ കണ്ടെന്നും പെണ്‍കുട്ടിയുടെ കുടുംബം പോലീസിനെ അറിയിച്ചു. ഇതിനിടെ, ഒരു ദിവസം ഇയാള്‍ പെണ്‍കുട്ടിയെ വീണ്ടും ഭീഷണിപ്പെടുത്തി. കേസ് പിന്‍വലിച്ചില്ലെങ്കില്‍ കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്തും എന്നായിരുന്നു ഭീഷണി. ഇക്കാര്യം പോലീസില്‍ അറിയിച്ചെങ്കിലും അവര്‍ കുറ്റവാളിയെ പിടികൂടാന്‍ ശ്രമിക്കുകയോ പെണ്‍കുട്ടിക്കും കുടുംബത്തിനും സംരക്ഷണം നല്‍കുകയോ ചെയ്തില്ല. തുടര്‍ന്നാണ് കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിയുടെ പിതാവ് ജോലി കഴിഞ്ഞ് വരുന്ന വഴി ഉപാധ്യായ തടഞ്ഞു നിര്‍ത്തി വെടിവച്ച് കൊല്ലുന്നത്. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്.

Next Story

Related Stories