TopTop
Begin typing your search above and press return to search.

ബിജെപിയെ തറപറ്റിച്ച് ആം ആദ്മി പാര്‍ട്ടി; ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രം

ബിജെപിയെ തറപറ്റിച്ച് ആം ആദ്മി പാര്‍ട്ടി; ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രം

എഡിറ്റോറിയല്‍

ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി മൂന്നാം തവണയും അധികാരം പിടിച്ചിരിക്കുകയാണ്. ആദ്യ തവണ കോണ്‍ഗ്രസിന്റെ പിന്തുണയോടെ 49 ദിവസം ഭരിച്ച ശേഷം 2015-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 67 സീറ്റുകള്‍ നേടി അധികാരത്തില്‍ വരികയും 2019-ല്‍ 70-അംഗ നിയമസഭയില്‍ 62 സീറ്റുകള്‍ നിലനിര്‍ത്തുകയും ചെയ്തു ആം ആദ്മി പാര്‍ട്ടി. ഏഴു വര്‍ഷം പഴക്കം മാത്രമുള്ള ഒരു പാര്‍ട്ടിയേയും അതിന്റെ അമരത്തിരിക്കുന്ന മുന്‍ ഐഐടിക്കാരന്‍ അരവിന്ദ് കെജ്‌രിവാളിനെയും സംബന്ധിച്ചിടത്തോളം അതത്ര ചെറിയ കാര്യവുമല്ല; ഇന്ത്യ പോലൊരു രാജ്യത്ത് പ്രത്യേകിച്ചും. എന്തുകൊണ്ട് ബിജെപിക്കും കോണ്‍ഗ്രസിനും മേല്‍ ഡല്‍ഹിയിലെ രണ്ടു കോടിക്ക് അടുത്തു വരുന്ന ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിയെ തെരഞ്ഞെടുത്തു എന്നത് ഒരു പ്രധാനപ്പെട്ട ചോദ്യമാണ്.

ബിജെപിയുടെ അതിതീവ്ര ദേശീയതയ്ക്കും ഹിന്ദുത്വ ആശയങ്ങള്‍ക്കും പ്രചരണത്തിന്റെ മറവില്‍ സൃഷ്ടിച്ച മതധ്രുവീകരണത്തിനും ഏറ്റ തിരിച്ചടിയായാണ് പലരും ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലത്തെ കാണുന്നത്. എന്നാല്‍ അത് പൂര്‍ണമായും ശരിയല്ല. 1993-നു ശേഷം ബിജെപിക്ക് ഡല്‍ഹി പിടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നു പറയുമ്പോള്‍ തന്നെ ഓരോ തെരഞ്ഞെടുപ്പിലും ബിജെപിയുടെ വോട്ട് വിഹിതത്തില്‍ കൃത്യമായ വര്‍ധനവ് വരുന്നതു കാണാം. 2013-ല്‍ അവരുടെ വോട്ട് ശതമാനം 33 ആയിരുന്നെങ്കില്‍ കെജ്‌രിവാളും കൂട്ടരും ഡല്‍ഹി തൂത്തുവാരിയ 2015-ല്‍ ബിജെപി 32.2 ശതമാനം വോട്ട് നേടി. ഇത്തവണയാകട്ടെ, അത് 38.51 ശതമാനം ആയി വര്‍ധിപ്പിച്ചു. ബിജെപി ഈ തെരഞ്ഞെടുപ്പില്‍ ആയുധമാക്കിയ, ഷഹീന്‍ബാഗിനെ മുന്‍നിര്‍ത്തി, പൗരത്വ ഭേദഗതി നിയമം-എന്‍ആര്‍സിയുടെ പേരില്‍ പാക്കിസ്ഥാന്‍-മുഗള്‍ഭരണം-മുസ്ലീം പ്രീണനം-രാജ്യദ്രോഹം എന്ന നരേറ്റീവും, കാശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ എടുത്തു കളഞ്ഞതും രാമക്ഷേത്ര നിര്‍മാണവും തുടങ്ങിയ അജണ്ടകളില്‍ ജനം കൊത്തിയില്ല എന്നതു നേരു തന്നെ. പക്ഷേ, ഈ ആശയങ്ങള്‍ക്കൊന്നും ആവശ്യക്കാരില്ല എന്നത് ശരിയല്ല, കാരണം, ഇന്നും ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ ഡല്‍ഹിയിലെ ഏഴു സീറ്റുകളും ബിജെപി വിജയിക്കാനുള്ള സാധ്യതകള്‍ വളരെയധികമാണ്. ബിജെപി മുന്നോട്ടു വച്ച മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും മുനനിര്‍ത്തി തന്നെ ജനങ്ങള്‍ വോട്ടുചെയ്യുകയും ചെയ്യും. അതാണ് ഒമ്പത് മാസം മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ 65 നിയമസഭാ മണ്ഡലങ്ങളിലും ഭൂരിപക്ഷം നേടാന്‍ ബിജെപിക്കായത്.

കോണ്‍ഗ്രസിനെ പൂര്‍ണമായി തഴഞ്ഞ് ന്യൂനപക്ഷങ്ങള്‍ ഒറ്റക്കെട്ടായി ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്തതാണ് ബിജെപിയുടെ തകര്‍ച്ചയ്ക്ക് കാരണമെന്നും ചില വിലയിരുത്തലുകളുണ്ട്. തീര്‍ച്ചയായും ന്യൂനപക്ഷ വോട്ടുകള്‍- പ്രത്യേകിച്ച് മുസ്ലീം സമുദായത്തിന്റെ വോട്ടുകള്‍ വലിയ തോതില്‍ തന്നെ ആം ആദ്മി പാര്‍ട്ടി നേടിയിട്ടുണ്ട്. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങള്‍ മാത്രമല്ല, ഹിന്ദു സമുദായങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിലും 50 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാണ് അവര്‍ വിജയിച്ചിരിക്കുന്നത്. ബിജെപിയുടെ ഉറച്ച കോട്ടയെന്ന് കരുതപ്പെടുന്ന കൃഷ്ണനഗര്‍ മണ്ഡലത്തില്‍ പോലും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി 49 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിക്ക് ലഭിച്ചത് 46.38 ശതമാനം വോട്ടുകള്‍ മാത്രമാണ്. ഇതിനര്‍ത്ഥം ബിജെപി മുന്നോട്ടു വയ്ക്കുന്ന ആശയധാരകളെ ഡല്‍ഹി പൂര്‍ണമായി തള്ളിക്കളഞ്ഞു എന്നാണോ? അല്ല. ബിജെപി പ്രചരിപ്പിക്കുന്നതിലും വാഗ്ദാനം ചെയ്യുന്നതിലും മികച്ച ഭരണ സാഹചര്യങ്ങളാണ് തങ്ങളുടെ ജീവിതപരിസരങ്ങള്‍ക്ക് ചേരുന്നത് എന്ന തിരിച്ചറിവില്‍ നിന്നാണ് ഡല്‍ഹിയിലെ ജനങ്ങള്‍ വിധിയെഴുതിയത്.

അതിന് തെളിവുകളുണ്ട്, കാരണം, ലോക്‌സഭാ - നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടന്ന ഒഡീഷയില്‍ ബിജെപി 21-ല്‍ എട്ട് സീറ്റുകള്‍ ലോക്‌സഭയിലേക്ക് നേടിയപ്പോള്‍ നിയമസഭയില്‍ അവര്‍ക്ക് ലഭിച്ചത് 47-ല്‍ 23 സീറ്റുകള്‍ മാത്രമാണ്. ഝാര്‍ഖണ്ഡില്‍ ഇത്തവണ 14 സീറ്റുകളില്‍ 11 എണ്ണവും വിജയിച്ചെങ്കിലും ആറു മാസത്തിനുള്ളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം നഷ്ടപ്പെട്ടു. ഡല്‍ഹി പോലെ തന്നെ ബിജെപിയുടെ ഹിന്ദുത്വ ആശയങ്ങള്‍ പ്രചരണ വിഷയങ്ങളായ സംസ്ഥാനങ്ങളായിരുന്നു ഹരിയാനയും മഹാരാഷ്ട്രയും. ഹരിയാനയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും മഹാരാഷ്ട്രയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് കുറയുകയും ഒടുവില്‍ ഭരണം നഷ്ടമാവുകയും ചെയ്തു. അപ്പോള്‍, ബിജെപിയോട് ജനങ്ങള്‍ക്ക് തൊട്ടുകൂടായ്മയില്ല എന്നു മാത്രമല്ല, രാജ്യം ഭരിക്കേണ്ട സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പിലും ജനം അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തിട്ടുണ്ട്. അത് നരേന്ദ്ര മോദി എന്ന ശക്തനാായ നേതാവിന്റെ കെട്ടിപ്പൊക്കിയ പ്രതിച്ഛായയെ അടിസ്ഥാനപ്പെടുത്തിയുളളതാണ് എന്നു കാണാം. അവിടെ, കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതോ പൗരത്വ ഭേദഗതി നിയമം കൊണ്ടുവരുന്നതോ ഭൂരിഭാഗം ഇന്ത്യന്‍ വോട്ടര്‍മാര്‍ക്കും പ്രശ്‌നമുള്ള കാര്യമല്ല, മറിച്ച്, ഇന്ത്യ എന്ന നരേറ്റീവ് മാറ്റിയെഴുതാന്‍ ബിജെപിക്ക് കഴിഞ്ഞു, അത് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു എന്നതിന്റെ തെളിവാണ്. നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് അതില്‍ വലിയ തിരിച്ചടികള്‍ ഉണ്ടാകാനുള്ള സാധ്യതകളും കുറവാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് ഇവിടെ: കാശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ എടുത്തു കളഞ്ഞ മോദി സര്‍ക്കാരിന്റെ തീരുമാനത്തെ സര്‍വാത്മനാ സ്വാഗതം ചെയ്ത പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടിയും.

ആം ആദ്മി പാര്‍ട്ടിയും അത് കണ്ടറിഞ്ഞു തന്നെയാണ് തങ്ങളുടെ കരുക്കള്‍ നീക്കിയത്. ബിജെപി മുന്നോട്ടു വച്ച വിവാദ വിഷയങ്ങളിലൊന്നും കാര്യമായ കൊത്തിയില്ല എന്നു മാത്രമല്ല, മികച്ച ഭരണം എന്ന അജണ്ട കൃത്യമായി പ്രചരിപ്പിക്കുകയും ചെയ്തു. മികച്ച സ്‌കൂളുകള്‍, ആശുപത്രി സേവനം, സബ്‌സിഡി നിരക്കിലുള്ള വൈദ്യുതി, വെള്ളം എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള 'മികച്ച ഭരണം' എന്നതില്‍ മാത്രമൂന്നിയുള്ളതായിരുന്നു അവരുടെ പ്രചരണങ്ങളത്രയും. രാജ്യം മുഴുവന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുകയും തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമാവുകയും ചെയ്യുമ്പോള്‍ മിച്ചം പിടിക്കുന്ന 100 രൂപ പോലും ജനത്തിന് വലിയ തുകയാണ്. അതാണ്, വോട്ടായി ആം ആദ്മി പാര്‍ട്ടിയുടെ പെട്ടിയില്‍ വീണത്. ഇതില്‍ നിന്നു വിരുദ്ധമായി ഷഹീന്‍ബാഗ് സമരത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച മുതിര്‍ന്ന നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ അതിനുള്ള 'വില' കൊടുക്കുകയും ചെയ്തു. മുഖ്യമന്ത്രി കെജ്‌രിവാള്‍ ആണെങ്കിലും ഡല്‍ഹിയുടെ 'ഡി-ഫാക്‌ടോ ചീഫ് മിനിസ്റ്റര്‍' എന്നറിയപ്പെടുന്നത് മികച്ച പ്രതിച്ഛായയുള്ള സിസോദിയയാണ്. കഴിഞ്ഞ രണ്ടു തവണയായി പ്രതിനിധീകരിക്കുന്ന കിഴക്കന്‍ ഡല്‍ഹിയിലെ പട്പര്‍ഗഞ്ചില്‍ ഇത്തവണ അറ്റപ്പറ്റയാണ് സിസോദിയ വിജയിച്ചത്. കഴിഞ്ഞ തവണ ഭൂരിപക്ഷം 28791 ആയിരുന്നെങ്കില്‍ ഇത്തവണ ഭൂരിപക്ഷം 3207 ആയി കുറയുകയും ചെയ്തു. ബിജെപിയുടെ പ്രചരണ തന്ത്രങ്ങള്‍ക്ക് അനുസൃതമായി തങ്ങളുടെ പ്രചരണങ്ങളെ മാറ്റരുത് എന്ന് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള പാഠം കൂടിയാണ് ഇത്.

മോദി ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തനായ നേതാവായി നിലനില്‍ക്കുമ്പോള്‍ തന്നെ ഡല്‍ഹി വോട്ടര്‍മാരുടെ മുന്നിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കെജ്‌രിവാളായിരുന്നു. കോണ്‍ഗ്രസിനോ ബിജെപിക്കോ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നുമില്ല. ബിജെപി 6,577 പൊതുയോഗങ്ങളാണ് ഡല്‍ഹിയില്‍ നടത്തിയത്. ഇതില്‍ പൊതുയോഗങ്ങളായും റോഡ് ഷോകളായും 52 എണ്ണത്തില്‍ പങ്കെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രചരണം നയിക്കുകയും ചെയ്തു. 30 സ്ഥലങ്ങളില്‍ അമിത് ഷാ പ്രസംഗിച്ചപ്പോള്‍ മോദി രണ്ടിടത്ത് പ്രസംഗിച്ചു. ഇതിനു പുറമേ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മുന്‍ മുഖ്യമന്ത്രിമാരും, 200-ലേറെ എംപിമാര്‍ ഒക്കെ പ്രചരണത്തിനിറങ്ങി. ഷഹീന്‍ബാഗിന് അടുത്ത് വന്ന് യോഗി ആദിത്യനാഥ് പതിവ് പോലെ വിഷം തുപ്പി. ഇതെല്ലാം ഉള്ളപ്പോഴും ബിജെപിക്ക് കെജ്‌രിവാളിനെ പോലെ ഒരു നേതാവിനെ മുന്നില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല. അഴിമതി വിരുദ്ധ പോരാട്ടം നയിച്ച, മികച്ച വിദ്യാഭ്യാസമുള്ള, ഹനുമാന്‍ ചാലിസ ചൊല്ലുന്ന, കുടുംബസ്ഥനായ കെജ്‌രിവാള്‍ എന്ന മധ്യവര്‍ഗ പ്രതിച്ഛായ, ആം ആദ്മി പാര്‍ട്ടി വളരെ മികച്ച രീതിയില്‍ മുന്നോട്ടു വയ്ക്കുകയും ചെയ്തു. മോദി എന്ന ബിംബത്തെ രൂപപ്പെടുത്തിയ പ്രശാന്ത് കിഷോറിന്റെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയുടെ തന്ത്രങ്ങള്‍ ഇതിനു പിന്നിലുണ്ടായിരുന്നു താനും.

ആം ആദ്മി പാര്‍ട്ടി നല്‍കിയ സൗജന്യങ്ങളാണ് അവരെ മികച്ച വിജയത്തിലേക്ക് നയിച്ചത് എന്ന വിലയിരുത്തലുകളും ധാരാളമായുണ്ട്. എന്നാല്‍ മികച്ച ജീവിത സാഹചര്യങ്ങള്‍ ലഭിക്കുക എന്നത് ജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമുള്ള കാര്യവും അവരുടെ അവകാശവുമാണ്. സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുകയും ആയുഷ്മാന്‍ ഭാരത് പോലെ, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് പണം കൊയ്യാനുള്ള വഴിയായി പൊതുജനാരോഗ്യം ഉള്‍പ്പെടെയുള്ളവ 'സ്വകാര്യവത്കരിക്കുക'യും ചെയ്യുമ്പോള്‍ ജനം ഈ സൗജന്യങ്ങളെ പൂര്‍ണമായും ആശ്രയിക്കും. പക്ഷേ, ഒന്നോര്‍ക്കണം, ഈ സൗജന്യങ്ങള്‍ നല്‍കുന്നത് അതേ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു തന്നെയാണ്. അപ്പോള്‍ അത് സൗജന്യമല്ലാതായി മാറുകയും മറിച്ച്, സാമൂഹിക ക്ഷേമ മേഖലകളില്‍ സര്‍ക്കാരുകള്‍ കൂടുതലായി ഇടപെടുകയും ജനങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട് എന്നതു കൂടിയാണ് ആം ആദ്മി പാര്‍ട്ടിയുടെ നയപരിപാടികള്‍ ഓര്‍മിപ്പിക്കുന്നത്.

അപ്പോള്‍ എന്താണ് ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രം?

1. മികച്ച ഭരണം കാഴ്ച വയ്ക്കുക എന്നത് എല്ലായ്‌പ്പോഴും നല്ല ആശയമാണ്. ആ ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം എന്നതും പ്രധാനമാണ്.

2. മധ്യവര്‍ഗ സമൂഹവും താഴേക്കിടയിലുള്ള മധ്യവര്‍ഗവും ഇന്നും സര്‍ക്കാര്‍ സൗജന്യ സേവനങ്ങളെ ഏറെ മതിപ്പോടെ കാണുന്നവരാണ്. പാവപ്പെട്ടവരേക്കാള്‍ അവര്‍ കൂടുതലായി ഇക്കാര്യങ്ങള്‍ക്ക് പ്രചരണം നല്‍കുകയും ചെയ്യും.

3. ഐഐടി പോലെയുള്ളിടങ്ങളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ മതവിശ്വാസിയായ ഒരാള്‍, അത് പ്രകടിപ്പിക്കാനും തയാറാണ് എന്നതാണ് ഇന്നത്തെ നമ്മുടെ രാഷ്ട്രീയ വ്യവഹാരത്തെ രൂപപ്പെടുത്തുന്നത്. അത് പൂര്‍ണമായും തള്ളിക്കളയേണ്ടതുമില്ല, അതൊരു ആക്രമാത്മക അധിനിവേശമായി രൂപപ്പെടുത്തിടത്തോളം കാലം - അവിടെയാണ് ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ വ്യത്യാസപ്പെട്ടത്.

4. ജനക്കൂട്ടത്തോട് ഇന്നും ഏറ്റവും നന്നായി സംവദിക്കാന്‍ കഴിയുന്ന നേതാവാണ് മോദിയെങ്കിലും അദ്ദേഹത്തെ എതിരിടാന്‍ കഴിയും, പക്ഷേ, അതിന് കൃത്യമായ രാഷ്ട്രീയ പദ്ധതികള്‍ വേണമെന്നതും ഡല്‍ഹി തെരഞ്ഞെടുപ്പ് നല്‍കുന്ന പാഠമാണ്.

5. കഴിഞ്ഞ തവണത്തെ 32.2 ശതമാനത്തില്‍ നിന്ന് ബിജെപി ഇത്തവണ വോട്ട് വിഹിതം 38.51 ശതമാനമായി വര്‍ധിപ്പിച്ചത് ഇന്നും ഹിന്ദുത്വ ആശയങ്ങളില്‍ അധിഷ്ഠിതമായ ഒരു പാര്‍ട്ടിയായി മുന്നോട്ട് പോകാന്‍ ബിജെപിക്ക് എല്ലാ സാധ്യതകളും നിലനില്‍ക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ്.

അതുകൊണ്ട്, ബിജെപിയുടെ ജനവിരുദ്ധ ആശയങ്ങളും മതേതര മൂല്യങ്ങളെ വെല്ലുവിളിക്കുന്നതും ഇന്ത്യയെ ഒരു ഹിന്ദു പാക്കിസ്ഥാനാക്കാന്‍ ശ്രമിക്കുന്നതും സാമ്പത്തിക മേഖലയിലെ പിഴവുകളും ഒക്കെ ഒരു ഡല്‍ഹി തെരഞ്ഞെടുപ്പ് കൊണ്ട് ഇല്ലാതായി എന്ന് വിചാരിക്കുന്നത് വിഡ്ഡിത്തമായിരിക്കും. മറിച്ച്, കൂടുതല്‍ സമഗ്രമായ ആശയ പോരാട്ടങ്ങളും ദേശീയ തലത്തില്‍ തന്നെ പ്രതിപക്ഷത്തിന്റെ ഏകോപനവും കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട് എന്നാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലവും നല്‍കുന്ന സൂചനകള്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അധികാരത്തില്‍ വരികയും ചെയ്യുന്ന ഒരു അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിയെ ഡല്‍ഹി തെരഞ്ഞെടുപ്പ് എന്തെങ്കിലും പഠിപ്പിക്കുന്നുണ്ടോ എന്ന് നമുക്ക് കാത്തിരുന്നു കാണാം.

Next Story

Related Stories