TopTop
Begin typing your search above and press return to search.

കൊക്കൂണൂകളില്‍ സുരക്ഷിതരാകുന്ന വരേണ്യരും നിരത്തിലേക്കെറിയപ്പെടുന്ന പാവപ്പെട്ടവരും; ലോകം ഇനിയൊരിക്കലും പഴയതുപോലെയായേക്കില്ല

കൊക്കൂണൂകളില്‍ സുരക്ഷിതരാകുന്ന വരേണ്യരും നിരത്തിലേക്കെറിയപ്പെടുന്ന പാവപ്പെട്ടവരും; ലോകം ഇനിയൊരിക്കലും പഴയതുപോലെയായേക്കില്ല

എഡിറ്റോറിയല്‍

നമ്മുടെ നഗരങ്ങള്‍ ഇപ്പോള്‍ ശാന്തമാണ്, അവിടെ നിങ്ങള്‍ക്ക് പക്ഷികള്‍ കരയുന്നത് കേള്‍ക്കാം, നിരത്തുകള്‍ മുമ്പത്തേക്കാള്‍ വൃത്തിയായിരിക്കുന്നു, തടാകങ്ങളും നദികളുമൊക്കെ ഉള്‍ക്കൊള്ളുന്ന മലിനജലത്തില്‍ കുറവുണ്ട്, മരങ്ങള്‍ക്കൊക്കെ പുതുജീവന്‍ കിട്ടിയതുപോലെ... അടുത്ത കാലത്തൊന്നും വസന്തം ഇത്രമേല്‍ സുന്ദരമായിരുന്നിരിക്കില്ല, പൂക്കളില്‍ നിന്ന് പൊടികളൊക്കെ ഒഴിഞ്ഞുപോയി വിടര്‍ന്നു നില്‍ക്കുന്നു, അങ്ങനെ നോക്കുമ്പോള്‍ കാര്യങ്ങളൊക്കെ നന്നായി പോകുന്നുവെന്ന് പറയാം.

റസ്‌റ്റോറന്റുകളും സിനിമാ തീയേറ്ററുകളുമൊക്കെ അടച്ചിരിക്കുന്നു, മറ്റുള്ളവരില്‍ നിന്ന് നിശ്ചിത അകലം സൂക്ഷിക്കുക എന്നതാണ് പുതിയ നിയമം, പതുക്കെ പുതിയ ജീവിതരീതിയായി അത് മാറിക്കൊണ്ടുമിരിക്കുന്നു. കൊറോണ വൈറസ് എന്ന മഹാമാരി നമ്മുടെയൊക്കെ ജീവിതത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങള്‍ ഇപ്പോള്‍ തന്നെ ദൃശ്യമാണ്. അതിവേഗത്തില്‍ പാഞ്ഞുകൊണ്ടിരുന്ന ആധുനിക ജീവിതത്തിന് ഒരു തട വീണിരിക്കുന്നു. കുറച്ചു പേരെങ്കിലും പ്രകൃതിയെ അറിഞ്ഞുള്ള, ധൃതി കുറഞ്ഞ, കുടുംബത്തെ അടിസ്ഥാനമാക്കിയുള്ള ജീവിതത്തിന്റെ താളത്തെ പതുക്കെ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു.

സ്വന്തമായി ഭക്ഷണം തയാറാക്കുന്നതിനെക്കറിച്ച് മനുഷ്യര്‍ക്കുള്ള മതിപ്പ് വര്‍ധിച്ചു വരുന്നു. റസ്‌റ്റോറന്റുകളും ടേക്-എവേകളും ആധിപത്യം പുലര്‍ത്തിയിരുന്ന ഭക്ഷണശീലത്തില്‍ നിന്ന് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം തിരികെ വരുന്നു. മുമ്പ് പോയിരുന്നതു പോലെ ചിലപ്പോള്‍ ഇനി നാം തീയേറ്റുകളിലേക്ക് പോകണമെന്നില്ല. വീട്ടിലിരുന്ന് ഇതൊക്കെ ആസ്വദിക്കാന്‍ അവസരം നല്‍കുന്ന നെറ്റ്ഫ്‌ളിക്‌സും ആമസോണ്‍ പ്രൈമും ഹോട്ട്‌സ്റ്റാറുമൊക്കെയായിരിക്കും ഇനി കൂടുതലായി നമ്മുടെ ആനന്ദവേളകളില്‍ ഉണ്ടാവുക. തീയേറ്ററുകളില്‍ നിന്ന് ഇത്തരം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലേക്ക് സിനിമകളുടെ റിലീസിംഗ് പോലും മാറ്റിയേക്കാം.

കുറച്ചധികം സമയത്തേക്കെങ്കിലും ഹോട്ടലുകളും വിമാനത്താവളങ്ങളും പഴയ രീതിയില്‍ പ്രവര്‍ത്തിച്ചേക്കില്ല. ലോകമെമ്പാടും ടൂറിസം മേഖല തിരിച്ചു വരാന്‍ മാസങ്ങളെടുത്തേക്കും. നാം നിത്യേനെ പോയ്‌ക്കൊണ്ടിരുന്ന തിരക്കു നിറഞ്ഞ നമ്മുടെ മാര്‍ക്കറ്റുകളില്‍ ഇനി കുറെയധികം കാലത്തേക്ക് ആ തിരക്കുകള്‍ കണ്ടേക്കില്ല. നമ്മുടെ ആരാധനാലയങ്ങളും മറ്റും കുറെക്കാലത്തേക്ക് കൂടി ശൂന്യമായേക്കാം. എന്നാല്‍ മാനവരാശിയെ ബാധിച്ചിട്ടുള്ള ആപത്തുകളില്‍ നിന്ന് രക്ഷതേടി കൂടുതല്‍ മനുഷ്യര്‍ കൂടുതലായി മതബോധമുള്ളവരും മറ്റുമായി തീര്‍ന്നേക്കാം.

ഈ മാറ്റങ്ങളൊക്കെ തന്നെ മനുഷ്യപുരോഗതിക്ക് വലിയ തിരിച്ചടിയാണ് എന്ന് കരുതേണ്ടതില്ല. ഈ മാറ്റങ്ങള്‍ ഒരുപക്ഷേ, പുതിയൊരു ജീവിതശൈലിക്കുള്ള തുടക്കമാവാം, സാമ്പത്തികവും സാമൂഹികവുമായി കൂടുതല്‍ സഹിഷ്ണുത നിറഞ്ഞ ഒന്ന്. പക്ഷേ, കൊറോണ വൈറസ് ഭീഷണി ബാക്കി വയ്ക്കുന്ന വലിയ അപകടങ്ങള്‍ വേറെയുണ്ട്.

ഏകാധിപത്യത്തിന്റേയും പുതിയൊരു കൂട്ടം വരേണ്യവര്‍ഗത്തിന്റേയും ഉയര്‍ച്ചയും ജനാധിപത്യത്തിന്റെ തകര്‍ച്ച മുതല്‍ വംശീയവിദ്വേഷത്തിന്റെ വളര്‍ച്ച വരെയും, അങ്ങനെ പുതിയൊരു അപകടരമായ യാഥാര്‍ത്ഥ്യത്തിലേക്ക് കൂടിയാണ് നാം കടക്കുന്നത്.

വൈറസ് ബാധയെ നേരിടാന്‍ സ്വകാര്യതയെ യാതൊരു വിധത്തിലും മാനിക്കേണ്ടതില്ലെന്ന് ചൈനയിലെ ഏകാധിപത്യ ഭരണകൂടം കാണിച്ചുകഴിഞ്ഞു. ആളുകളുടെ വീടിനു പുറത്ത് സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ച് ലക്ഷക്കണക്കിന് മനുഷ്യരുടെ ഓരോ നീക്കവും ഒപ്പിയെടുത്തും മാസ്‌ക് ധരിക്കാത്തവരെ കണ്ടെത്താന്‍ ഡ്രോണുകള്‍ വിന്യസിച്ചുമൊക്കെയാണ് ചൈന ഈ ഭീഷണിയെ നേരിടുന്നത്. മനുഷ്യരെ ട്രാക്ക് ചെയ്യാന്‍ ഇസ്രായേല്‍ ചെയ്യുന്നതാകട്ടെ, ഭീകരവിരുദ്ധ കാര്യങ്ങള്‍ക്കുപയോഗിക്കുന്ന സോഫ്റ്റ്‌വേറുകളാണ്. ദക്ഷിണ കൊറിയ പൊതുജനങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവും ഫോണിന്റെ ലൊക്കേഷനും ആരോഗ്യവുമൊക്കെ നിരന്തരം നിരീക്ഷിക്കുന്നു.

ഫോണുകളില്‍ നിന്നുള്ള ബ്ലൂടൂത്ത് സിഗ്നലുകള്‍ വഴി കൊറോണ വൈറസ് ബാധിച്ചവരുമായി മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കമുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള TraceTogether എന്ന ആപ്പ് സിംഗപ്പൂരില്‍ ഉപയോഗിക്കുന്നു. ഹോങ്കോംഗില്‍ മൊബൈല്‍ ആപ്പുമായി ബന്ധിച്ചിട്ടുള്ള, ഒരു റിസ്റ്റ്ബാന്‍ഡ് വഴി ക്വാറന്റൈന്‍ തെറ്റിക്കുന്ന മനുഷ്യരെ തിരിച്ചറിയാന്‍ മനുഷ്യര്‍ ഉപയോഗിക്കുന്നു.

ഇത്തരത്തില്‍ സ്വകാര്യതയെ പൂര്‍ണമായി ലംഘിച്ചു കൊണ്ടു തന്നെ പല ഭരണകൂടങ്ങളും, പ്രത്യേകിച്ച് ചൈനയെ പോലുള്ളവര്‍, തെളിയിക്കുന്നത് പല ജനാധിപത്യ രാജ്യങ്ങളും ചെയ്യുന്നതിനേക്കാള്‍ ഫലപ്രദമായി കൊറോണയെ പ്രതിരോധിക്കാം എന്നാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നിഷ്ഠൂരമായ ഏകാധിപത്യ ഭരണകൂടങ്ങള്‍, പേരിനു മാത്രം ജനാധിപത്യമുള്ള ഭരണകൂട ക്രമങ്ങളെപ്പോലെ തന്നെ ശക്തി തെളിയിക്കുന്നു.

ജനാധിപത്യത്തിന്റെ പരാജയം എന്നത് ആ വ്യവസ്ഥ സൃഷ്ടിച്ചിട്ടുള്ള സിസ്റ്റത്തിന്റെ തകര്‍ച്ചയല്ല, മറിച്ച് നമുക്കുള്ള നേതാക്കള്‍ എങ്ങനെയാണ് വലിയ പരാജയമാകുന്നത് എന്നതിന്റെ ദു:ഖകരമായ യാഥാര്‍ത്ഥ്യമാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് അമേരിക്ക. ആഗോള സാമ്പത്തിക വ്യവഹാരങ്ങളുടെ ആസ്ഥാനമായ ന്യൂയോര്‍ക്ക് കൊറോണ വൈറസിന്റെ ഏറ്റവും വലിയ പ്രഭവകേന്ദ്രമായി മാറുമ്പോള്‍ അതിനോട് മുഖം തിരിച്ച ഡൊണാള്‍ഡ് ട്രംപിലൂടെ ജനാധിപത്യം വലിയ തിരിച്ചടി നേരിടുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെയാണ്, ദേശീയതലത്തില്‍ ഉയര്‍ന്ന വെല്ലുവിളികളെ നേരിടുന്ന സാഹചര്യത്തില്‍ സ്വയം ക്വാറൈന്റന് പോകേണ്ടി വന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റേതും, ഇറ്റലിയുടേയും സ്‌പെയിനിന്റേയും നേതാക്കളുടെ കാര്യവും വ്യത്യസ്തമല്ല, ജനാധിപത്യത്തെ കൂടുതല്‍ കൂടുതല്‍ പരിക്കേല്‍പ്പിക്കുന്നതു തന്നെയാണ് അത്.

ജനങ്ങളും സര്‍ക്കാരുകളും ഈ ആഴ്ചകളില്‍ എടുക്കുന്ന തീരുമാനങ്ങളായിരിക്കും വരുംകാലത്തെ എങ്ങനെയായിരിക്കും രൂപപ്പെടുത്തുക എന്ന് നിര്‍ണയിക്കുക എന്നാണ് ഇസ്രായേല്‍ ചരിത്രകാരനും പ്രശസ്ത എഴുത്തുകാരനുമായ യുവാല്‍ നോഹ് ഹരാരി പറയുന്നത്. അവര്‍ രൂപപ്പെടുത്തുക നമ്മുടെ ആരോഗ്യമേഖല മാത്രമായിരിക്കില്ല, മറിച്ച് നമ്മുടെ സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയവും സംസ്‌കാരവുമാണ്. "അടിയന്തിരമായി നടപ്പാക്കുന്ന പല താത്കാലിക നടപടികളും ജീവിതത്തിന്റെ ഭാഗമായേക്കാം. അതാണ് അടിയന്തിരാവസ്ഥയുടെ ഒരു സ്വഭാവം. അവര്‍ ചരിത്രപരമായ നടപടിക്രമങ്ങളെ അതിവേഗം മുന്നോട്ടോടിക്കും. വര്‍ഷങ്ങള്‍ കൊണ്ട് സാധാരണ ജീവിതത്തില്‍ നാം രൂപപ്പെടുത്തിയെടുത്തിട്ടുള്ള വ്യവഹാരങ്ങള്‍ ഇനി മുതല്‍ മണിക്കൂറുകള്‍ കൊണ്ട് തീരുമാനിക്കപ്പെടാം. ഒന്നും ചെയ്യാതിരിക്കുക എന്നതിന്റെ അപകടം വളരെ വലുതായതു കൊണ്ട് വളരെ അപക്വവും അതേ സമയവും അപകടരവുമായ പല സാങ്കേതികവിദ്യകളും നിലവില്‍ വരാം. വലിയ അളവിലുള്ള സാമൂഹിക പരീക്ഷണത്തിന് മുഴുവന്‍ രാജ്യങ്ങളും ഗിനിപ്പന്നികളായി മാറാം" - എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

കൊറോണ വൈറസ് ബാധയ്‌ക്കെതിരെ ലോകമെമ്പാടും വലിയ പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. ഇതില്‍ ശ്രദ്ധിക്കേണ്ടതാണ് ഒരുകൂട്ടം പുത്തന്‍കൂറ്റുകാരായ വരേണ്യവര്‍ഗത്തിന്റെ ഉയര്‍ച്ച. അത് ഇന്ത്യയില്‍ വളരെയധികം ദൃശ്യവുമാണ്. ലോകത്തിന്റെ ഏതു കോണിലേക്കും എന്തു ദുരിതാശ്വാസ സഹായവും എത്തിക്കാന്‍ കഴിയുന്ന, ലോകത്തിന്റെ ഏതു കോണിലും ഒറ്റപ്പെട്ടു പോയ ആയിരക്കണക്കിന് പേരെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ കഴിയുന്ന ഒരു രാജ്യം, അതിന്റെ പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തിന് മിനിമം അന്തസ് പോലും നല്‍കുന്നില്ല എന്ന യാഥാര്‍ത്ഥ്യമാണ് നമ്മുടെ കണ്‍മുന്നിലുളളത്. തങ്ങളുടെ അനിശ്ചിതത്വം നിറഞ്ഞ ജീവിതങ്ങളില്‍ നിന്ന് അവര്‍ നഗരങ്ങളിലെ നിരത്തുകളിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. അവരെക്കാത്ത് ഭരണകൂടത്തിന്റെ ആജ്ഞാനുവര്‍ത്തികളായ പോലീസുകാര്‍ ലാത്തി ചുഴറ്റി നില്‍ക്കുന്നു.

ഇന്ത്യയില്‍, അല്ലെങ്കില്‍ ഇന്ത്യ പോലെയുള്ള രാജ്യങ്ങള്‍ ഇനി മുതല്‍ മാറാന്‍ പോകുന്നത് ഒരു വരേണ്യ വര്‍ഗം സ്വന്തം കൊക്കൂണുകള്‍ പണിത്, സ്വയം സുരക്ഷിതരാകാന്‍ ശ്രമിക്കുന്നു എന്നതാണ്. അവരുടെ കാണാമറയത്തു നിന്ന് തന്നെ ഒഴിഞ്ഞു നില്‍ക്കുന്ന പാവപ്പെട്ടവര്‍ കൂടുതല്‍ അനിശ്ചിതത്വങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നു.

കൊറോണ വൈറസ് ഭീഷണി ഒരുപക്ഷേ വൈദ്യശാസ്ത്രത്തിന് അധികം വൈകാതെ പരിഹരിക്കാന്‍ പറ്റിയേക്കും. പക്ഷേ, അത് ഓരോ മനുഷ്യരുടേയും ജീവിതത്തിലുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ വളരെ, വളരെക്കാലം നീണ്ടുനില്‍ക്കാന്‍ പോന്നതാണ്.


Next Story

Related Stories