TopTop
Begin typing your search above and press return to search.

ആനന്ദ് ഭരദ്വാജ് എന്ന 'ഡല്‍ഹി യുവാവ്'

ആനന്ദ് ഭരദ്വാജ് എന്ന ഡല്‍ഹി യുവാവ്

എഡിറ്റോറിയല്‍

മുകളില്‍ കാണിച്ചിരിക്കുന്ന ചിത്രം ആനന്ദ് ഭരദ്വാജ് എന്ന ചെറുപ്പക്കാരന്റേതാണ്. ഉത്തരേന്ത്യയിലെ ഉന്നതജാതിക്കാരനായ ഒരാളാണ് ഇയാള്‍ എന്ന് പേരില്‍ തന്നെ വ്യക്തമാണ്. ഏറിയാല്‍ 25-26 പ്രായവും കണ്ടേക്കും. സോഷ്യല്‍ മീഡിയയില്‍ ഇയാളുടെ പ്രൊഫൈല്‍ പരിശോധിച്ചാല്‍ വലിയ തെറ്റില്ലാത്ത ഇംഗ്ലീഷില്‍ എഴുതുന്നതു കാണാം. അതിനര്‍ത്ഥം, മികച്ച വിദ്യാഭ്യാസവും ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ ഉന്നത-മധ്യവര്‍ഗ കുടുംബങ്ങളിലൊന്നില്‍ നിന്നു വരുന്ന, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഉദാരവത്ക്കരിച്ചതിനു ശേഷമുള്ള വിഭവവിതരണത്തിലും ഇന്ത്യന്‍ സാമൂഹിക ജീവിതത്തിലും ഉള്ള എല്ലാ പ്രിവിലേജുകളുമുള്ള ഒരാള്‍ എന്ന് നിസംശയം പറയാം.

ഇത് ഇവിടെ പറയാന്‍ കാരണമുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാളുട ചിത്രങ്ങളും എഴുത്തുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ എന്നാല്‍, ഡല്‍ഹിയില്‍ കലാപം ആരംഭിച്ച ഫെബ്രുവരി 23 ഞായറാഴ്ച മുതല്‍. അന്ന് മുതല്‍ ഇയാള്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അപ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ഡല്‍ഹിയില്‍ മുസ്ലീങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ ഉടനടി ഉണ്ടായ കാരണം ബിജെപി നേതാവായ കപില്‍ മിശ്രയുടെ കലാപാഹ്വാനമായിരുന്നു എന്നത് സുവ്യക്തമാണ്. ആ കപില്‍ മിശ്ര 23-ന് പ്രസ്താവന നടത്തുമ്പോള്‍ അവിടെ ഈ ആനന്ദ് ഭരദ്വാജും ഉണ്ടായിരുന്നു. തുടര്‍ന്ന് അയാള്‍ മുസ്ലീങ്ങള്‍ക്കെതിരെ കുറ്റവും ചാര്‍ത്തുന്നത് മുകളിലെ ട്വീറ്റില്‍ കാണാം. കപില്‍ മിശ്രയും ഇയാളും തമ്മില്‍ മറ്റു ചില സാമ്യങ്ങളുമുണ്ട്. രണ്ടു പേരും ഉന്നതജാതിക്കാരാണ്. രണ്ടു പേരും സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ നിന്നു വരുന്ന, ഉന്നത വിദ്യാഭ്യാസം ലഭിച്ച ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളാണ്. അവര്‍ക്ക് മറ്റു മതസ്ഥര്‍ ശത്രുക്കളാണ്. വെറുപ്പും വിദ്വേഷവുമാണ് അവരുടെ കൈമുതല്‍.

അതുകഴിഞ്ഞു. ഇനി താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കുക. ഫെബ്രുവരി 25-ന് റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ ചീഫ് ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖി എടുത്ത ചിത്രം ഡല്‍ഹി കലാപത്തിന്റെ എല്ലാ ഭീകരതയും വ്യക്തമാക്കുന്ന ഒന്നാണ്. ആദ്യ ചിത്രത്തില്‍ കണ്ണാടി വച്ച ഒരാളെ കാണുന്നില്ലേ? അതാണ് ആനന്ദ് ഭരദ്വാജ് എന്നാണ് ആരോപണം. രണ്ടാമത്തെ ചിതത്തില്‍ നിലത്തു വീണു കിടക്കുന്ന ആളെ ചവിട്ടുന്ന ഇയാളുടെ കാലുകള്‍ കാണാം.

തുടര്‍ന്ന് കുറച്ചു ദിവസങ്ങളിലേക്ക് ഇയാളുടെ സോഷ്യല്‍ മീഡിയ ആക്ടിവിറ്റികള്‍ വളരെ കുറവായിരുന്നു. പിന്നീട് പ്രത്യക്ഷപ്പെടുന്നത് ഫെബ്രുവരി 28-നാണ്. അന്ന് രണ്ടു ട്വീറ്റുകളാണ് പ്രധാനമായും ഇയാള്‍ ചെയ്തത്. അതിലൊന്ന് ഡല്‍ഹിയിലെ ഓവുചാലുകളില്‍ നിറയെ മുസ്ലീങ്ങളെ ഹിന്ദുക്കള്‍ കൊന്നു തള്ളിയിരിക്കുകയാണ് എന്നൊക്കെ പറയുന്ന ഒന്ന്. മറ്റൊന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ജോണ്‍ ഒലിവറിന്റെ പ്രശസ്തമായ പരിപാടിയെക്കുറിച്ചുള്ള ഒന്ന്. ഇന്ത്യയെക്കുറിച്ചും മോദിയെക്കുറിച്ചും ജോണ്‍ ഒലിവര്‍ എങ്ങനെയാണ് നുണകള്‍ പ്രചരിപ്പിക്കുന്നത് എന്ന് ആക്രോശിക്കുന്ന ഇയാള്‍, ഒലിവറിന് ഇന്ത്യയെക്കുറിച്ചും പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയെക്കുറിച്ച് ഒന്നും അറിയില്ലെന്നും പരിതപിക്കുന്നു.

അത് വാസ്തവമായിരിക്കാം, ഇന്നത്തെ ഇന്ത്യയെക്കുറിച്ചും ആ ഇന്ത്യയിലെ ഭരണാധികാരികളെക്കുറിച്ചും അവര്‍ നടത്തുന്ന നരഹത്യകളെക്കുറിച്ചും പുറംലോകത്തിന് അത്ര എളുപ്പം മനസിലാക്കാന്‍ സാധിച്ചെന്നു വരില്ല.

ഈ ട്വീറ്റില്‍ ആനന്ദ് ഭരദ്വാജിനെ ട്വിറ്ററിലുള്ള മറ്റുള്ളവര്‍ ചോദ്യം ചെയ്യുന്നു. നാണക്കേട് തോന്നുന്നില്ലേ ഇത്തരത്തില്‍ കലാപത്തില്‍ പങ്കെടുത്തിട്ടു വന്നിട്ട് ഇങ്ങനെ പ്രസംഗിക്കാന്‍ എന്നൊക്കെയുള്ള ചോദ്യത്തിന് ഇയാളുടെ ആദ്യ മറുപടി ഇങ്ങനെയാണ്. ഞാന്‍ ഒന്നും ചെയ്തില്ല. എന്റെ അടുത്താണ് ഈ ബഹളങ്ങളൊക്കെ നടന്നത് എന്നാണ്.

കലാപത്തില്‍ പങ്കെടുക്കുന്ന ഇയാളുടെ ചിത്രം ചൂണ്ടിക്കാട്ടി വീണ്ടും ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ അടുത്ത മറുപടി താന്‍ പരീക്ഷയ്ക്ക് പങ്കെടുക്കാന്‍ പോയതായിരുന്നു എന്നായി.

കൂടുതലാളുകള്‍ ചോദ്യവുമായി എത്തിയതോടെ ഇയാള്‍ വീണ്ടും നിലപാട് മാറ്റി. താന്‍ വീട്ടിലായിരുന്നു എന്നാണ് വീഡിയോയില്‍ പറയുന്നത്. തന്റെ കണ്ണാടി മാറ്റി പുതിയൊരു രൂപത്തിലായിരുന്നു ഇയാളുടെ വരവ്.

എന്തായാലും ഡല്‍ഹി പോലീസിനെ ഇയാളെ ചൂണ്ടിക്കാട്ടിക്കൊണ്ട് കൂടുതല്‍ ആളുകള്‍ രംഗത്തു വന്നതോടെ ട്വിറ്ററില്‍ നിന്ന് ഇയാളുടെ പ്രൊഫൈല്‍ തന്നെ അപ്രത്യക്ഷമായി. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടേയും തലയടിച്ചു പൊട്ടിച്ച എബിവിപിയുടെ മുഖംമൂടി അക്രമികളുടെ കൂട്ടത്തിലുണ്ടായിരുന്ന ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനി കോമള്‍ ശര്‍മ 'അപ്രത്യക്ഷമായ'തു പോലെ ആനന്ദ് ഭരദ്വാജും അപ്രത്യക്ഷമാകും. ഡല്‍ഹി പോലീസ് അവരെ അറസ്റ്റ് ചെയ്ത് കൊലപാതക കുറ്റവും കലാപത്തില്‍ ഉള്‍പ്പെട്ട കുറ്റവും ചുമത്തി വിചാരണ നടത്തുകയുമില്ല. കാരണം, അവര്‍ ഇന്നത്തെ ഇന്ത്യയില്‍ സംരക്ഷിക്കപ്പെടേണ്ടവരാണ്.

നേരത്തെ നമ്മള്‍ പറഞ്ഞു, തൊഴിലില്ലാതെ നടക്കുന്ന ലക്ഷക്കണക്കിന് യുവാക്കളെ ഏതുവിധത്തിലാണ് വര്‍ഗീയ വിദ്വേഷം കുത്തിവച്ച് കലാപങ്ങളിലേക്ക് നിയോഗിക്കുന്നത് എന്ന്. ഡല്‍ഹി കലാപത്തിലും അതുണ്ടായി. എന്തായാലും കപില്‍ ശര്‍മയൂടെ ആഹ്വാനം കേട്ട് പെട്ടെന്ന് രംഗത്തിറങ്ങിയവരല്ല അതില്‍ ഉള്‍പ്പെട്ടവരൊന്നും. യുപിയിലെ മീററ്റ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് ബസുകളില്‍ ശനിയാഴ്ചയും ഞായറാഴ്ചയുമായി ഡല്‍ഹിയില്‍ കൊണ്ടുവന്നിറക്കിയ അക്രമിക്കൂട്ടമാണ് ഡല്‍ഹിയില്‍ പ്രധാനമായും കലാപം നടത്തിയത്. പ്രദേശവാസികളാകട്ടെ, അക്രമികള്‍ക്ക് ഇരകളെ ചൂണ്ടിക്കാട്ടിക്കൊടുക്കാനും മുന്നിലുണ്ടായിരുന്നു. എന്നാല്‍ ആനന്ദ് ഭരദ്വാജിനെ പോലുള്ളവരാകട്ടെ, അടുത്ത കപില്‍ മിശ്രമാരാകാന്‍ തയാറെടുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം കലാപങ്ങളില്‍ ഉള്‍പ്പെടുന്നത്. ഈ ഇരുകൂട്ടരെയും ചേര്‍ത്തു നിര്‍ത്തുന്ന പ്രധാന വിഷയമെന്നത് മറ്റുളളവരോടുള്ള വെറുപ്പാണ്. അതാകട്ടെ, ഇവരില്‍ മാത്രം അവശേഷിക്കുന്നതുമല്ല. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ കൊച്ചുമകള്‍ മുസ്ലീങ്ങളെ തല്ലിക്കൊല്ലുന്നത് കണ്ടിട്ട് ട്വിറ്ററില്‍ സന്തോഷം പങ്കുവയ്ക്കുന്നുണ്ടെങ്കില്‍ അത് നമ്മുടെ സമൂഹം എത്തി നില്‍ക്കുന്നത് എവിടെയാണ് എന്നു കാണിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ഒരാള്‍ കൂടിയാണ് മഹിമാ ശാസ്ത്രി എന്നതാണ് അതിന്റെ ഉത്തരവും അതിന്റെ കാരണവും.


Next Story

Related Stories