TopTop
Begin typing your search above and press return to search.

മോദി - അമിത് ഷാമാരുടെ ഔദാര്യമല്ല ഇന്ത്യന്‍ ജനാധിപത്യവും ഭരണഘടനയും

മോദി - അമിത് ഷാമാരുടെ ഔദാര്യമല്ല ഇന്ത്യന്‍ ജനാധിപത്യവും ഭരണഘടനയും

എഡിറ്റോറിയല്‍

രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്‍അവതരിപ്പിക്കുന്നതിനു മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി എംപിമാരുടെ യോഗത്തില്‍ സംസാരിച്ചിരുന്നു. ഭരണഘടനാ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നവര്‍ക്ക് പാക്കിസ്ഥാന്റെ ശബ്ദമാണ് എന്നാണ് അദ്ദേഹം യോഗത്തില്‍ പറഞ്ഞതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതായത്, മോദിയുടേയും അമിത് ഷായുടേയും നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളോട് എതിര്‍പ്പുള്ളവര്‍, അവരുടെ തീരുമാനങ്ങളെ എതിര്‍ക്കുന്നവര്‍ രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് വേണ്ടിയല്ല ശബ്ദിക്കുന്നതെന്നും മറിച്ച് പാക്കിസ്ഥാന്റെ അതേ ശബ്ദമാണ് അവര്‍ക്കെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞു വയ്ക്കുന്നത്. ഇത് ഭരണഘടനയില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ ജനാധിപത്യം ഇവിടുത്തെ ഓരോ പൗരന്മാര്‍ക്കും നല്‍കിയിട്ടുള്ള എല്ലാ അവകാശങ്ങളുടേയും ലംഘനമാണ്. മോദിയുടെ അഭിപ്രായത്തില്‍ പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നവര്‍ അങ്ങനെ ദേശവിരുദ്ധരായി മാറുമെന്നാണ് പറഞ്ഞുവച്ചിരിക്കുന്നത്.

എല്ലാ അര്‍ത്ഥത്തിലും ഭരണഘടനാ വിരുദ്ധവും ഇന്ത്യ എന്ന, ലോകത്തിനു മുന്നില്‍ ബഹുമാനിക്കപ്പെട്ടിരുന്ന ലിബറല്‍ ജനാധിപത്യ മൂല്യങ്ങള്‍ക്ക് എതിരുമാണ് ഇപ്പോള്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയ പൗരത്വ ഭേദഗതി ബില്‍. ഞങ്ങള്‍ ഇതിനെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. [ 1 .

പൗരത്വ (ഭേദഗതി) ബില്‍; ഇന്ത്യ എന്ന മഹത്തായ ആശയത്തിന് അന്ത്യകൂദാശ ചൊല്ലുമ്പോള്‍

2.

ഇന്ത്യയെ ഹിന്ദു പാക്കിസ്ഥാനാക്കുമ്പോള്‍; ജിന്ന കുഴിമാടത്തില്‍ കിടന്ന് ചിരിക്കുന്നുണ്ടാവണം

3 .

EXPLAINER:

]

1. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം തീരുമാനിക്കുക എന്നത് ഇന്ത്യന്‍ ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണ്. മതത്തിന്റേയോ ജാതിയുടേയോ വംശത്തിന്റെയോ ലിംഗത്തിന്റെയോ ഭാഷയുടേയോ അടിസ്ഥാനത്തില്‍ പൗരത്വം തീരുമാനിക്കാന്‍ പാടില്ല എന്നാണ് ഇന്ത്യന്‍ ഭരണഘടന എഴുതിവച്ചിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 14 അനുസരിച്ച് ഇത്തരം ഏതെങ്കിലും കാര്യത്തിന്റെ അടിസ്ഥാനത്തില്‍ തുല്യത നിഷേധിക്കാനും പാടില്ല. ഇന്ത്യയിലുള്ള എല്ലാവരും ഇന്ത്യക്കാരാണ്.

2. അഭയാര്‍ത്ഥികളായി ഇവിടെ എത്തിയിട്ടുള്ളവര്‍ക്ക് എല്ലാക്കാലത്തും അഭയം കൊടുത്തിട്ടുള്ള മഹത്തായ ഒരു പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. ഒരാള്‍ അഭയാര്‍ത്ഥിയാക്കപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ടാകും. ഓരോ മനുഷ്യരുടേയും നിലനില്‍പ്പു തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് അത്. അവിടെ സഹായഹസ്തം നീട്ടിയിട്ടുള്ള പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. അത് മതത്തിന്റെയോ ജാതിയുടേയോ അടിസ്ഥാനത്തിലല്ല, മറിച്ച് മനുഷ്യര്‍ക്ക് മറ്റുള്ള മനുഷ്യരോടുള്ള സഹാനുഭൂതിയുടേയും ഭൂതദയയുടേയും അടിസ്ഥാനത്തിലാണ്. ഇതിനെ പൂര്‍ണമായി നിരാകരിക്കുന്നതാണ് ബില്‍. അത് പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങളെ മാത്രം ഒഴിവാക്കിയിരിക്കുന്നു.

3. അയല്‍രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങളായതിന്റെ പേരില്‍ പീഡനങ്ങള്‍ അനുഭവിക്കുന്നതിനെ തുടര്‍ന്ന് ഇന്ത്യയില്‍ അഭയം പ്രാപിക്കുന്ന ഹിന്ദു, സിക്ക്, ജൈന, ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍, പാഴ്‌സി തുടങ്ങിയ സമുദായങ്ങള്‍ക്ക് അഭയം കൊടുക്കും എന്നാണ് ബില്‍ പറയുന്നത്. എന്നാല്‍ പാക്കിസ്ഥാനില്‍ നിരന്തരമായി പീഡിപ്പിക്കപ്പെടുന്ന അഹമ്മദിയ മുസ്ലീങ്ങളുണ്ട്, അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ കൊന്നൊടുക്കുന്ന ഷിയ ഹസാരാസ് മുസ്ലീങ്ങളുണ്ട്. ഇന്ത്യയുമായി 1643 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന മ്യാന്‍മാറിലെ 'ബുദ്ധിസ്റ്റ്' ഭരണകൂടം വംശഹത്യ നടത്തുന്ന രോഹിംഗ്യ മുസ്ലീങ്ങളുണ്ട്. ശ്രീലങ്ക എന്ന 'ബുദ്ധിസ്റ്റ്' ഭരണകൂടത്തിന്റെ വംശഹത്യയെ തുടര്‍ന്ന് അഭയം ആവശ്യമുള്ള ഒരുലക്ഷത്തോളം ഹിന്ദു തമിഴരുണ്ട്. ഇവര്‍ക്കൊന്നും ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹതയില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതായത്, മുസ്ലീങ്ങളും തമിഴരും വേണ്ട എന്ന്.

4. മതത്തിന്റെ പേരിലാണ് ഇന്ത്യയെ വിഭജിച്ചതെന്നും അന്ന് അയല്‍ രാജ്യങ്ങളില്‍ പെട്ടുപോവുകയും അവിടെ ന്യൂനപക്ഷമാവുകയും ചെയ്തവര്‍ക്ക് നീതി നല്‍കുന്ന തെറ്റുതിരുത്തലാണ് ഇപ്പോഴെന്നുമാണ് അമിത് ഷാ പറയുന്നത്. ഇന്ത്യയെ വിഭജിച്ച് രണ്ട് മത രാഷ്ട്രങ്ങളാക്കണമെന്ന് വാദിച്ചവരാണ് ഷായുടെ പിന്മുറക്കാരായ ഹിന്ദു മഹാസഭക്കാരും ജനസംഘും. എന്നാല്‍ പാക്കിസ്ഥാന്‍ ഇസ്ലാമിക് മതരാഷ്ട്രമായി മാറിയപ്പോള്‍ ഇന്ത്യ മതേതര ജനാധിപത്യ രാജ്യമായി തുടരാനാണ് തീരുമാനിച്ചത്. അല്ലാതെ മുസ്ലീങ്ങളല്ലാത്തവര്‍ക്ക് വേണ്ടി ഉണ്ടാക്കിയതല്ല ഇന്ത്യ. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും സിക്കുകാര്‍ക്കും പാഴ്‌സികള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒക്കെക്കൂടി ഉള്ളതാണ് ഇന്ത്യ. അവരൊക്കെ ഈ രാജ്യത്തെ പൗരന്മാരാണ്. ആ വസ്തുതകളെ കൂടിയാണ് ബിജെപി സര്‍ക്കാര്‍ നിരാകരിച്ചിരിക്കുന്നത്.

5. ഇത് പൂര്‍ണമായി ഇന്ത്യയിലെ മുസ്ലീങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ളതാണ്. മുസ്ലീങ്ങള്‍ക്ക് മാത്രം പ്രവേശനമില്ല എന്ന കാര്യം ബില്ലില്‍ ഉള്‍ക്കൊള്ളിച്ചതോടെ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം അവര്‍ ഈ രാജ്യത്തെ രണ്ടാംകിട പൗരന്മാരാണ് എന്നാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. തലമുറകളായി ഇവിടെ ജീവിച്ചു വരുന്നവരാണ് ഇന്ത്യയിലെ മുസ്ലീങ്ങള്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടപ്പാക്കിക്കൊണ്ടിരിക്കുന്ന മുത്തലാക്ക് ബില്‍, ജമ്മു-കാശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ എടുത്തു കളഞ്ഞ തീരുമാനം, ഇപ്പോള്‍ പൗരത്വ ദേദഗതി ഒക്കെ ഇന്ത്യയിലെ മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ള ബിജെപി-സംഘപരിവാറിന്റെ അജണ്ടയുടെ ഭാഗമാണ്. ഇന്ത്യന്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഭാഗമായ, അതിന് വലിയ സംഭാവനകള്‍ നല്‍കിയ ഒരു സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്ക് തളളിയിടുക എന്ന വെറുപ്പ് നിറഞ്ഞ പ്രത്യയശാസ്ത്രമാണ് ഇതിനു പിന്നില്‍.

6. സിഎബി എന്ന പൗരത്വ ഭേദഗതി ബില്ലു കൊണ്ട് ഉദ്ദേശിക്കുന്നത് ഇന്ത്യയില്‍ ഉടനീളം ദേശീയ പൗരത്വ രജിസ്റ്റര്‍ (NRC) നടപ്പാക്കുക എന്നതാണ്. രാജ്യത്ത് നുഴഞ്ഞു കയറിയിരിക്കുന്നവരെ കണ്ടെത്താനാണ് ഇതെന്നാണ് മോദിയും അമിത് ഷായും പറയുന്നത്. നാളെ ഈ രാജ്യത്തെ ഓരോ മനുഷ്യരും സ്വന്തം പൗരത്വം തെളിയിക്കേണ്ടി വരും. അതിന് നമ്മുടെ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ മുന്നില്‍ ക്യൂ നിന്ന് അവരുടെ കരുണയ്ക്കായി ആപേക്ഷിക്കേണ്ടി വരും. തലമുറകളായി ഇവിടെ ജീവിച്ചിരുന്നു എന്ന രേഖകള്‍ ഇല്ലെങ്കില്‍ നിങ്ങള്‍ വിദേശിയാണ്. മുസ്ലീങ്ങള്‍ അല്ലെങ്കില്‍ ഇവിടെ നിങ്ങള്‍ക്ക് അഭയം ലഭിക്കും. സര്‍ക്കാരിന്റെ കാരുണ്യത്തില്‍ രണ്ടാംകിട പൗരന്മാരായി ഇവിടെ തുടരാം. മുസ്ലീങ്ങളാണെങ്കില്‍ ഡിറ്റന്‍ഷന്‍ ക്യാമ്പുകളിലെ തടവുകാരായി മാറും. ഇപ്പോള്‍ അസമില്‍ സംഭവിക്കുന്നതും അതാണ്. അവിടെ എന്‍ആര്‍സി നടപ്പാക്കിയതോടെ പുറത്താക്കപ്പെട്ട 19 ലക്ഷം പേരില്‍ അഞ്ചര ലക്ഷം പേര്‍ ഹിന്ദുക്കളാണ്. ഇവര്‍ക്ക് പൗരത്വം ലഭിക്കുമ്പോള്‍ 14 ലക്ഷം മുസ്ലീങ്ങളായ ഇന്ത്യന്‍ പൗരന്മാര്‍ ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ അടയ്ക്കപ്പെടും. ഇത്തരത്തില്‍ രാജ്യം മുഴുവന്‍ ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ ആരംഭിക്കുകയും ലക്ഷക്കണിക്കിന് മനുഷ്യര്‍ ഈ വിധത്തില്‍ നരകിക്കുകയും ചെയ്യും. എന്തിനു വേണ്ടി?

7. അസമും ത്രിപുരയും കത്തുകയാണ്. അവിടെ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നു. സൈന്യം ഫ്‌ളാഗ് മാര്‍ച്ച് നടത്തി. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ നിര്‍ത്തിവച്ചു. അസമിലെ മുസ്ലീങ്ങള്‍ മാത്രമല്ല അവിടെ പ്രതിഷേധിക്കുന്നത്. മറിച്ച് തദ്ദേശീയരായ അസമികളാണ്. കാരണം, പൗരത്വ ഭേദഗതി ബില്‍ പാസായതോടെ ലക്ഷണക്കിന് വരുന്ന ബംഗാളി ഹിന്ദുക്കള്‍ ബംഗ്ലാദേശില്‍ നിന്നും അസമില്‍ എത്തിച്ചേരും എന്നതാണ് അവര്‍ ഭയക്കുന്നത്. അതിനൊപ്പം, 1985-ലെ അസം കരാറിന് വിരുദ്ധമാണ് ഇപ്പോഴത്തെ ബില്‍ എന്നതും അവര്‍ ചൂണ്ടിക്കാട്ടുന്നു. ആറു വര്‍ഷം നീണ്ട കലാപങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശേഷമാണ് അസം കരാര്‍ ഒപ്പുവയ്ക്കുന്നത്. 1971-നു മുമ്പ് അസമിലെത്തിയവര്‍ക്ക് പൗരത്വം നല്‍കുമെന്നും ബാക്കിയുള്ളവരെ അനധികൃത കുടിയേറ്റക്കാരായി പ്രഖ്യാപിക്കണമെന്നുമാണ് കരാറിലുള്ളത്. ഇതിന്റെ ഭാഗമായി നടത്തിയ എന്‍ആര്‍സിയെ തുടര്‍ന്നാണ് 19 ലക്ഷം പേര്‍ പുറത്തായത്. 2014 ഡിസംബര്‍ 31-ന് മുമ്പ് രാജ്യത്ത് എത്തിയവര്‍ക്ക് പൗരത്വം എന്നതാണ് പുതിയ ബില്‍ പറയുന്നത് എങ്കിലും അങ്ങനെയല്ല കാര്യങ്ങള്‍ സംഭവിക്കുക എന്നാണ് അസംകാര്‍ പറയുന്നത്. എല്ലാക്കാലത്തും ബംഗാളി ഹിന്ദുക്കളുടെ അപ്രമാദിത്വം നേരിട്ടുള്ളവരാണ് തദ്ദേശീയരായ അസമികള്‍. ബ്രിട്ടീഷ് ഭരണകാലത്ത് ബംഗാളിയെ അസമിന്റെ ഔദ്യോഗിക ഭാഷയായി പോലും പ്രഖ്യാപിച്ചിരുന്നു. പുതിയ ബില്ലോടു കൂടി ബംഗാളി ഹിന്ദുക്കള്‍ തങ്ങളുടെ ഭൂമിയും കാര്യങ്ങളും കൈയടക്കുമെന്നും സംസ്‌കാരം നശിപ്പിക്കുമെന്നുമാണ് അസംകാരുടെ ഭയം. അതാണ് ഇന്നലെ മുഖ്യമന്ത്രി സര്‍ബാനന്ദ സോസോവാളിന്റെയും മന്ത്രിമാരുടേയും വീടുകളും ബിജെപിയുടേയും ആര്‍എസ്എസിന്റെയും ഓഫീസുകളും ആക്രമിക്കുന്നതിലേക്ക് അവരെ നയിച്ചത്. ഇതിന് സമാനമായ സ്ഥിതിയാണ് ത്രിപുരയിലേതും. അസമികളുടെ സ്ഥാനത്ത് ഗോത്രവര്‍ക്കാരാണ് അവിടെ എതിര്‍പ്പ് ഉയര്‍ത്തുന്നത് എന്നു മാത്രം.

ഇന്ത്യയില്‍ എല്ലാം നന്നായിരിക്കുന്നു എന്നാണ് മോദി അമേരിക്കയില്‍ പ്രസംഗിച്ചത്. ജമ്മു-കാശ്മീര്‍ എന്ന ഇന്ത്യ രൂപീകൃതമായ കാലം മുതല്‍ ഈ രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശം, അതിന്റെ സംസ്ഥാന പദവി എടുത്തുകളയുകയും രണ്ടാക്കി വെട്ടിമുറിച്ച് കേന്ദ്ര ഭരണപ്രദേശങ്ങളാക്കുകയും ചെയ്തു. ഇപ്പോള്‍ ഡല്‍ഹിയിലിരുന്ന് ആഭ്യന്തര മന്ത്രാലയം നേരിട്ടാണ് അവിടെ ഭരണം. ജമ്മു-കാശ്മീര്‍ സാധാരണനിലയിലാണ് എന്നാണ് അമിത് ഇന്നലെയും പറഞ്ഞത്. രാഷ്ട്രീയ നേതാക്കളൊക്കെ തടവില്‍. ജനം സൈന്യത്തിന്റെ തോക്കിന്‍മുനയ്ക്ക് കീഴില്‍ പേടിച്ചു ജീവിക്കുന്നു. നാലു മാസം കഴിഞ്ഞിട്ടും ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ പുന:സ്ഥാപിച്ചിട്ടില്ല. ഇവിടെ വിന്യസിച്ചിരിക്കുന്ന സൈന്യത്തില്‍ ഒരു ഭാഗമാണ് ഇപ്പോള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് അയച്ചിരിക്കുന്നത്. അസമിലെയും ത്രിപുരയിലെയും മിക്ക ഭാഗങ്ങളിലും അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്റര്‍നെറ്റ് സംവിധാനം നിര്‍ത്തി വച്ചിരിക്കുന്നു. ഇന്ത്യയില്‍ എല്ലാം ശാന്തമാണ് എന്നാണ് മോദിയും അമിത് ഷായും പറയുന്നത്. ഇതാണ് മോദി വാഗ്ദാനം ചെയ്ത പുതിയ ഇന്ത്യ.

രാജ്യം അതിഭയങ്കരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കുന്ന സമയത്തു കൂടിയാണ് ഈ കാര്യങ്ങള്‍ നടക്കുന്നത് എന്നോര്‍ക്കണം. തൊഴിലില്ലായ്മ 45 കൊല്ലത്തെ ഏറ്റവും കൂടുതല്‍. വളര്‍ച്ചാ നിരക്ക് 4.5 ശതമാനമായി ഇടിഞ്ഞിരിക്കുന്നു. എല്ലാ മേഖലകളും സ്തംഭിച്ചിരിക്കുന്നു. പുതിയ തൊഴിലുകള്‍ ഉണ്ടാകുന്നില്ല. വ്യവസായ സ്ഥാപങ്ങള്‍ അടച്ചു പൂട്ടുന്നു. കര്‍ഷക ആത്മഹത്യകള്‍ പെരുകിവരുന്നു. വിലക്കയറ്റം അതിന്റെ മൂര്‍ധന്യത്തിലാണ്. പെട്രോളിനും ഡീസലിനും വില കൂടുന്നു, രൂപയുടെ വിലയിടിയുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിച്ചും റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം പോലും എടുത്തുമാണ് സര്‍ക്കാര്‍ ചെലവ് നടത്തുന്നത്. എല്ലാ ഭരണഘടനാ സ്ഥാപങ്ങളും തകര്‍ത്തു, ഫീസുകള്‍ കുത്തനെ ഉയര്‍ത്തിയാതോടെ വിദ്യാര്‍ഥികള്‍ പെരുവഴിയില്‍. സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചക്കഞ്ഞിക്ക് ഒപ്പം കറിയായി ഉപ്പ് വിളമ്പുന്നു, സ്ത്രീകള്‍ക്ക് യാതൊരു വിധത്തിലും ജീവിക്കാന്‍ പോലുമാകാത്ത അവസ്ഥ. ബലാത്സംഗങ്ങളും ചുട്ടുകൊല്ലലുമൊക്കെ ഒരു സാധാരണ സംഭവമായിരിക്കുന്നു. റിപ്പോര്‍ട്ടുകളും സര്‍വേകളും പൂഴ്ത്തിവയ്ക്കുകയും കണക്കുകള്‍ തിരുത്തി തങ്ങളുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് അവയെ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. എന്നിട്ടും എല്ലാം ശാന്തമാണ്, എല്ലാം നന്നായിരിക്കുന്നു എന്നാണ് മോദിയും അമിത് ഷായും പറയുന്നത്. സൈനിക വിന്യാസം നടത്തുക, എതിര്‍പ്പുകളെ അടിച്ചമര്‍ത്തുക, എല്ലാ വിധത്തിലുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങളും നിര്‍ത്തലാക്കുക, മാധ്യമങ്ങളെ വരുതിക്ക് നിര്‍ത്തുക- ഇതാണ് മോദിയുടെ ഇന്ത്യയിലെ പുതിയ 'നോര്‍മല്‍സി'.

തങ്ങള്‍ക്ക് ജനം ഭൂരിപക്ഷം നല്‍കിയിട്ടുണ്ട് എന്നാണ് മോദിയും അമിത് ഷായും പറയുന്നത്. ആ ഭൂരിപക്ഷം നല്‍കിയത് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പരിഹരിക്കാനാണ്. അല്ലാതെ ഇന്ത്യന്‍ ഭരണഘടന തകര്‍ക്കാനും ഈ സമൂഹത്തില്‍ ഭിന്നതയുണ്ടാക്കിയും ജനങ്ങളെ തമ്മിലടിപ്പിക്കാനുമല്ല. ഇന്ത്യന്‍ മുസ്ലീങ്ങള്‍ ഒന്നു കൊണ്ടും പേടിക്കേണ്ടതില്ല എന്നാണ് അമിത് ഷാ ഇന്നലെയും പറഞ്ഞത്. അമിത് ഷായുടെയും മോദിയുടെയും ഔദാര്യമല്ല ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ള ജനാധിപത്യാവകാശങ്ങളും ഇന്ത്യന്‍ പൗരത്വവും. അത് ഇന്ത്യന്‍ ഭരണഘടന ഇവിടുത്തെ ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ഉറപ്പാണ്.

Next Story

Related Stories