TopTop
Begin typing your search above and press return to search.

ജസ്റ്റിസ് ഗോഗോയിമാരുടെ പുതിയ ഇന്ത്യ; മഹത്തായ ഈ ജനാധിപത്യ റിപ്പബ്ലിക്കിനെ എങ്ങനെ വീണ്ടെടുക്കും?

ജസ്റ്റിസ് ഗോഗോയിമാരുടെ പുതിയ ഇന്ത്യ; മഹത്തായ ഈ ജനാധിപത്യ റിപ്പബ്ലിക്കിനെ എങ്ങനെ വീണ്ടെടുക്കും?

എഡിറ്റോറിയല്‍

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ലൈംഗികാതിക്രമ ആരോപണം നേരിടേണ്ടി വന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്- ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തതു വഴി എന്താണ് തന്റെ സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയമെന്നും മൂല്യങ്ങളെന്നുമുള്ള തുറന്ന ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. ഗോഗോയി- വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്-യെ രാജ്യസഭയിലേക്ക് അയയ്ക്കുന്ന തീരുമാനം ഇന്ത്യയിലെ ജുഡീഷ്യറിക്കും കൂടിയുള്ള ശക്തമായ ഒരു സന്ദേശമാണ്. കോടതികള്‍ സര്‍ക്കാര്‍ പറയുന്നിടത്ത് നില്‍ക്കണം, സര്‍ക്കാരിന്റെ പിന്തുണയും ആശീര്‍വാദങ്ങളുമുണ്ടെങ്കില്‍ നിങ്ങള്‍ എന്തെങ്കിലും കുറ്റങ്ങള്‍ ചെയ്താല്‍ പോലും അതൊന്നും പ്രശ്‌നമാകില്ല എന്നതാണ് ആ സന്ദേശം.

സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം, പല കാര്യങ്ങള്‍ക്കൊണ്ടും വലിയ തോതില്‍ പ്രത്യാഘാതങ്ങളുണ്ടാാക്കുന്നതും അസാധാരണവുമാണ്. കാരണം, ഇത് നമ്മുടെ ജനാധിപത്യത്തെ അത്രത്തോളം അധ:പതിപ്പിക്കുന്നതിനും ഇടയാക്കും.

ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, പുതിയ ഇന്ത്യയെ രൂപപ്പെടുത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്കുള്ള ഒരുവഴി വെട്ടിത്തുറന്ന ആള്‍ കൂടിയാണ് ജസ്റ്റിസ് ഗോഗോയി. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ സത്യസന്ധതയും കേസുകള്‍ അലോട്ട് ചെയ്യുന്നതുമൊക്കെ ചോദ്യം ചെയ്തു കൊണ്ട് അസാധാരണമായ വിധത്തില്‍ പുറത്തിറങ്ങി മാധ്യമങ്ങളെ കണ്ട നാല് ജഡ്ജിമാരില്‍ ഒരാളായിരുന്നു ജസ്റ്റിസ് ഗോഗോയി. അടുത്ത ചീഫ് ജസ്റ്റിസ് ആകേണ്ട ആള്‍ തന്നെ ഇത്തരത്തില്‍ പരസ്യമായി രംഗത്തു വന്നത് വലിയൊരു പ്രതീക്ഷയാണ് കോടിക്കണക്കിനായ ഇന്ത്യക്കാരില്‍ ഉണ്ടാക്കിയത്. ജസ്റ്റിസ് ഗോഗോയിക്ക് കീഴിലുള്ള സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ, മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധവും ഏകാധിപത്യപരവുമായ സമീപനങ്ങള്‍ക്ക് ഒരു തടയിടും എന്നതായിരുന്നു ആ പ്രതീക്ഷയ്ക്ക് പിന്നില്‍.

എന്നാല്‍ സംഭവിച്ചതാകട്ടെ, ഒരു ഓര്‍വേലിയന്‍ വ്യവസ്ഥയയെ അക്ഷരാര്‍ത്ഥത്തില്‍ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ജസ്റ്റിസ് ഗോഗോയി മാറുന്നതാണ്. എല്ലാവിധത്തിലുള്ള മാനുഷിക പരിഗണനകളും കാറ്റില്‍പ്പറത്തുന്നതും എല്ലാവിധ താളപ്പിഴകളും നിറഞ്ഞ രീതിയിലായിട്ടും അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കാന്‍ ജസ്റ്റിസ് ഗോഗോയി അതിശക്തമായി തന്നെ നിലകൊണ്ടു. ഫലം, പൗരത്വം നഷ്ടപ്പെട്ട 19 ലക്ഷം മനുഷ്യര്‍ ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ അടയ്ക്കപ്പെടേണ്ട സാഹചര്യമുണ്ടായി. അതില്‍ ഹിന്ദുക്കളും മുസ്ലീങ്ങളുമുണ്ട്. അനവധി ക്രമക്കേടുകളും ഈ വിഷയവുമായി ബന്ധപ്പെട്ടുണ്ടായി: സമൂഹത്തിന്റെ ഏറ്റവും തഴേത്തട്ടിലുള്ളവരും ആവശ്യമായ രേഖകള്‍ ഇല്ലാത്തവരുമായ പാവപ്പെട്ടവരാണ് ഇതിന്റെ ഇരകളാക്കപ്പെട്ടവരില്‍ ഭൂരിഭാഗവും, മറ്റൊന്ന്, ഒട്ടും സുതാര്യമല്ലാതെയും വഴിവിട്ട രീതികളിലുമൊക്കെയാണ് ആ നടപടികള്‍ ഉണ്ടായത്. എന്നാല്‍ ജസ്റ്റിസ് ഗോഗോയി അതൊന്നും പരിഗണിച്ചില്ല. 2019 ഓഗസ്റ്റില്‍ എന്‍ആര്‍സിയുടെ അന്തിമ പട്ടിക പുറത്തു വിടാന്‍ ഗോഗോയി ഉത്തരവ് നല്‍കി, ഒരു ഭരണകൂടം സ്വന്തം ജനങ്ങളോട് ചെയ്ത കണ്ണില്‍ച്ചോരയില്ലാത്ത നടപടിയായിരുന്നു അത്.

അസമില്‍ നടന്ന എന്‍ആര്‍സി, നരേന്ദ്ര മോദി സര്‍ക്കാരിന് തുറന്നു കൊടുത്തത് വലിയ സാധ്യതകളാണ്. അങ്ങേയറ്റം പിന്തിരിപ്പനായ, ഭരണഘടനാ വ്യവസ്ഥകളെ തന്നെ ലംഘിക്കുന്ന പൗരത്വ ഭേദഗതി നിയമം (സിഎഎ) കൊണ്ടുവരുന്നത് ഇതിന്റെ ഭാഗമായാണ്. അസം പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ട ഹിന്ദുക്കളെ വീണ്ടും 'പൗരന്മാരാ'ക്കാനും അതുവഴി മുസ്ലീങ്ങള്‍ മാത്രം പൗരത്വം നഷ്ടപ്പെട്ടവരാകുമെന്ന് ഉറപ്പാക്കാനുമുള്ള ഒന്നായിരുന്നു അത്. ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരുന്നു ഈ പരിപാടികള്‍ നടപ്പാക്കാന്‍ മുമ്പന്തിയില്‍. അത് നല്‍കിയതാകട്ടെ, ജസ്റ്റിസ് ഗോഗോയി തുറന്നുകൊടുത്ത വാതിലിലൂടെ സുപ്രീം കോടതിയും.

ഇതു മാത്രമല്ല, 2019-ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയ റാഫേല്‍ അഴിമതി ആരോപണവും ജസ്റ്റിസ് ഗോഗോയില്‍ തട്ടിപ്പോയി. കടക്കെണിയില്‍ മുങ്ങിക്കിടക്കുന്ന അനില്‍ അംബാനിക്ക് റാഫേല്‍ കരാറിന്റെ ഇന്ത്യന്‍ പങ്കാളിത്തം നല്‍കിയതില്‍ പ്രഥമദൃഷ്ട്യാ സംശയങ്ങള്‍ ഉണ്ടായിട്ടും ഈ കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ ജസ്റ്റിസ് ഗോഗോയിയുടെ അധ്യക്ഷതയിലുള്ള ബഞ്ച് തയാറായില്ല. മോദി സര്‍ക്കാരിന് ലഭിച്ച വലിയൊരു ആശ്വാസമായിരുന്നു അത്.

അയോധ്യാ വിധി? സമാധാനത്തിന് ആഹ്വാനം ചെയ്തും ക്രമസമാധാനം തകരാറിലാകാതിരിക്കാന്‍ വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയും ജസ്റ്റിസ് ഗോഗോയിയുടെ അധ്യക്ഷതയിലുള്ള ബഞ്ച് പുറപ്പെടുവിച്ച ഏകകണ്ഠമായ വിധി, ഇന്ത്യ എന്ന സത്തയെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. അയോധ്യയില്‍ ബാബറി മസ്ജിദ് പൊളിച്ചതിനെ വിമര്‍ശിക്കുമ്പോള്‍ തന്നെയായിരുന്നു ആ ആരാധനാലയം നിലനിന്ന ഇടം പൂര്‍ണമായും ഒരുഭാഗത്തിന് മാത്രമായി വിട്ടുകൊടുക്കുന്നത്. മാത്രമല്ല, സര്‍ക്കാര്‍ ചെലവില്‍ അവിടെ ആരാധനാലയം നിര്‍മിക്കാനും ഉണ്ടായ ആ വിധി, സുപ്രീം കോടതിയില്‍ നിന്നായതു കൊണ്ട് ആ വിഷയം അവിടെ അവസാനിക്കുകയും ചെയ്തു. ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ നീതിയും നിയമവും നടപ്പാകുന്നുണ്ടോ എന്നതാണ് കോടതി പരിഗണിക്കേണ്ട കാര്യമെന്നിരിക്കെയാണ് ഈ വിധി ഉണ്ടായത് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

എന്തുകൊണ്ടാണ് മണ്ഡലകാലം തുടങ്ങുന്നതിനു തൊട്ടുമുമ്പ്, ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്നതിനു തൊട്ടുമുമ്പ്, ശബരിമല വിധി ഉണ്ടായത്? അക്രമങ്ങളും തെറിവിളികളുമായി ഒരു വിഭാഗം അഴിഞ്ഞാടുകയും സുപ്രീം കോടതി വിധിയെ തന്നെ പരസ്യമായി ചോദ്യം ചെയ്തിട്ടും വിഷയം അടിയന്തരമായി പരിഗണിക്കാന്‍ കോടതി തയാറായില്ല. സുപ്രീം കോടതി വിധിക്കും വിശ്വാസികളുടെ പേരില്‍ അഴിഞ്ഞാടിയ ഗുണ്ടകള്‍ക്കും ഇടയില്‍ സര്‍ക്കാര്‍ നിസഹായരായിട്ടും, ഒരു സംസ്ഥാനത്തെ ക്രമസമാധാനം തന്നെ പൂര്‍ണമായി തകരുന്ന വിധത്തിലേക്ക് അത് മാറിയിട്ടും ആ വിഷയം ഉടന്‍ പരിഗണിക്കേണ്ട ഒന്നായി ജസ്റ്റിസ് ഗോഗോയിക്ക് തോന്നിയതേയില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. പലര്‍ക്കും അത് 'സുവര്‍ണാവസര'വുമായിരുന്നു.

ഇങ്ങനെ കൂട്ടക്കുഴപ്പങ്ങളും വിവാദങ്ങളും നിറഞ്ഞതായിരുന്നു ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ ജസ്റ്റിസ് ഗോഗോയി തലപ്പത്തിരുന്ന സമയം. ഗുരുതരമായ പിഴവുകള്‍ക്കു പുറമെ, വ്യക്തിഗത സ്വാതന്ത്ര്യത്തെ ആക്രമിച്ചും ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളെ പൂര്‍ണമായി തകര്‍ത്തെറിഞ്ഞും ഇന്ത്യയുടെ ബഹുസ്വര സ്വഭാവത്തെ ചോദ്യം ചെയ്തുമുള്ള സര്‍ക്കാരിന്റെ നടപടികളെ യാതൊരു വിധത്തിലും ചോദ്യം ചെയ്യാനും അക്കൗണ്ടബിള്‍ ആക്കാനുമുള്ള യാതൊരു നടപടികളും ജസ്റ്റിസ് ഗോഗോയിയുടെ ഭാഗത്തു നിന്നുണ്ടായില്ല. അതിനൊപ്പമാണ്, ഇന്ത്യയുടെ പരമോന്നത കോടതിയുടെ തലപ്പത്തിരിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ജസ്റ്റിസ് ഗോഗോയിയുടെ ചോദ്യം ചെയ്യപ്പെടേണ്ട വ്യക്തിഗത സ്വഭാവവും.

2018 ഒക്‌ടോബറില്‍ താന്‍ ഒരു ജൂനിയര്‍ കോടതി അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന വേളയില്‍ ജസ്റ്റിസ് ഗോഗോയി തന്നെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചു എന്ന് സുപ്രീം കോടതിയിലെ ഒരു ജീവനക്കാരി പരാതിപ്പെടുന്നത് 2019 ഏപ്രിലിലാണ്. സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് അയച്ച പരാതിയില്‍ താന്‍ നേരിടേണ്ടി വന്ന അതിക്രമങ്ങള്‍ വിശദമാക്കിയ അവര്‍, ജസ്റ്റിസ് ഗോഗോയിക്കെതിരെ അന്വേഷണവും വേണമെന്ന് ആവശ്യപ്പെട്ടു. ഈ അന്വേഷണം ആവശ്യപ്പെട്ടതിന്റെ പേരില്‍ താനും തന്റെ കുടുംബവും നിരന്തരം നേരിട്ടു കൊണ്ടിരിക്കുന്ന ഭീഷണികളും പ്രശ്‌നങ്ങളും അവര്‍ വിശദമാക്കുകയുണ്ടായി. ലൈംഗികതാത്പര്യങ്ങള്‍ക്ക് വഴങ്ങാത്തതിന്റെ പേരില്‍ തനിക്കെതിരെ വ്യാജമായി ഒരു കൈക്കൂലി കേസ് ഫയല്‍ ചെയ്യപ്പെട്ടുവെന്നും ആ യുവതി ആരോപിച്ചു. 2018 ഡിസംബര്‍ 21-ന് തന്നെ പിരിച്ചു വിടുകയും പിന്നാലെ ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍മാരായ തന്റെ ഭര്‍ത്താവിനെയും സഹോദരനെയും സസ്‌പെന്‍ഡ് ചെയ്ത കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. 2019 ജൂണില്‍ അവരുടെ ബന്ധുക്കളെ തിരികെ സര്‍വീസില്‍ പ്രവേശിപ്പിച്ചു.

ഈ ആരോപണങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയുണ്ടായത് നീതിന്യായ വ്യവസ്ഥകളെ പരിഹസിക്കുന്ന കാര്യങ്ങളായിരുന്നു. ജസ്റ്റിസ് ഗോഗോയി തന്നെ തനിക്കെതിരെയുള്ള ആരോപണം തള്ളിക്കളയാന്‍ കോടതി ചേരുന്നതും ആരോപണം തള്ളിക്കളയുന്നതുമാണ് പിന്നീട് രാജ്യം കണ്ടത്. തുടര്‍ന്ന്, ഇന്ത്യന്‍ ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തെ തന്നെ ബാധിക്കുന്ന നിലയില്‍ അങ്ങേയറ്റം 'ഗുരുതരമായ പൊതുപ്രാധാന്യമുള്ള' വിഷയമെന്ന നിലയില്‍ ഇക്കാര്യം പരിഗണിക്കാന്‍ മൂന്നംഗ ബഞ്ചിന് സുപ്രീം കോടതി രൂപം നല്‍കി. ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തെ തകിടം മറിക്കുന്നത് ലക്ഷ്യമിട്ട് ജസ്റ്റിസ് ഗോഗോയിക്കെതിരെ ആസൂത്രണം ചെയ്യപ്പെട്ട ഗൂഡാലോചനയാണോ ഈ വിഷയം എന്നതായിരുന്നു ഈ ബഞ്ചിന്റെ പ്രധാന പരിഗണനാവിഷയം. ചണ്ഡീഗഡ് കേന്ദ്രമാക്കിയുള്ള ഒരു അഭിഭാഷകന്റെ അവകാശവാദത്തെ തുടര്‍ന്നായിരുന്നു ഇത്.

ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് (റിട്ട) എ.കെ പട്‌നായിക്കിന്റെ അധ്യക്ഷതയില്‍ കോടതി രൂപം കൊടുത്ത കമ്മിറ്റി, ജസ്റ്റിസ് ഗോഗോയിയെ കുടുക്കാന്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന വിഷയത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും വ്യക്തമാക്കിയിരുന്നു.

ഇതിനെ തുടര്‍ന്ന് ജസ്റ്റിസ് എസ്.എ ബോബ്‌ഡേ (ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ്), ജസ്റ്റിസുമാരായ എന്‍.വി രമണ, ഇന്ദിരാ ബാനര്‍ജി എന്നിവരുള്‍പ്പെട്ട ബഞ്ച് ഈ വിഷയം പരിഗണിക്കാന്‍ രൂപീകരിച്ചത്. എന്നാല്‍ ഈ ബഞ്ചില്‍ ജസ്റ്റിസ് രമണയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നതോടെ അദ്ദേഹം ഈ കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറി. അദ്ദേഹത്തിന് പകരം ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ ബഞ്ചില്‍ ഉള്‍പ്പെടുത്തി. തുടര്‍ന്ന് ബഞ്ച് എത്തിയ നിഗമനം, ജസ്റ്റിസ് ഗോഗോയിക്കെതിരെ യുവതി ഉയര്‍ത്തിയ ആരോപണത്തില്‍ കഴമ്പില്ല എന്നാണ്.

പ്രത്യേക ബഞ്ച് ഈ കേസ് പരിഗണിച്ചു കൊണ്ടിരിക്കെ, ഇതിന്റെ മൂന്നാം ദിവസം പരാതിക്കാരി ഇതില്‍ നിന്ന് പിന്മാറി. സുതാര്യമല്ലാതെയാണ് നടപടി ക്രമങ്ങള്‍ എന്ന് ആരോപിച്ചു കൊണ്ടായിരുന്നു ഇത്. ജസ്റ്റിസ് ഗോഗോയിക്ക് സുപ്രീം കോടതി ബഞ്ച് ക്ലീന്‍ ചീട്ട് നല്‍കിയതില്‍ യുവതി ആശങ്ക രേഖപ്പെടുത്തുകയും സുപ്രീം കോടതി തീരുമാനത്തിന്റെ പകര്‍പ്പ് നല്‍കാത്തതില്‍ അവര്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ നീതിന്യായ സംവിധാനങ്ങളെ കാറ്റില്‍പ്പറത്തുന്ന കംഗാരു കോടതികളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് അന്ന് കാര്യങ്ങള്‍ നടന്നത്.

സര്‍ക്കാര്‍ ഈ കാര്യങ്ങളിലൊക്കെ നിശബ്ദത പാലിച്ചു. ജസ്റ്റിസ് ഗോഗോയിയുടെ പിന്നീടുള്ള വിധികളും ഇപ്പോഴുള്ള രാജ്യസഭാ സ്ഥാനവും ഇതിന്റെ കാരണങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നതുമാണ്.

മുമ്പുണ്ടായിട്ടുള്ള കാര്യങ്ങള്‍

ജസ്റ്റിസ് ഗോഗോയിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത് അസാധാരണം തന്നെയാണ്. കാരണം, ഇതിനു സമാനമായ വിധത്തില്‍ മുമ്പ് കാര്യങ്ങള്‍ ഉണ്ടായിട്ടില്ല.

ജസ്റ്റിസ് ഗോഗോയിയെ നാമനിര്‍ദേശം ചെയ്ത രാഷ്ട്രപതിയുടെ നടപടിയും അസാധാരണമാണ്- കാരണം, സാധാരണ സെലിബ്രിറ്റികളും വ്യവസായികളും ഓരോ മേഖലയിലെ വിദഗ്ധരുമൊക്കെയാണ് ഇങ്ങനെ നോമിനേറ്റ് ചെയ്യപ്പെടാറ്. ഒരു ചീഫ് ജസ്റ്റിസും മുമ്പ് ഈ വിധത്തില്‍, അതും വിരമിച്ച് നാലു മാസത്തിനുള്ളില്‍, നോമിനേറ്റ് ചെയ്യപ്പെട്ടിട്ടില്ല. ജുഡീഷ്യറിയുടെ ഭാഗമായിരുന്നവര്‍ പിന്നീട് നിയമനിര്‍മാണ സഭകളില്‍ എത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊക്കെ അവര്‍ വിരമിച്ച് വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

ഏതാനും ദശകങ്ങള്‍ക്ക് മുമ്പ് മുന്‍ ചീഫ് ജസ്റ്റിസായിരുന്ന രംഗനാഥ മിശ്ര കോണ്‍ഗ്രസില്‍ ചേരുകയും പിന്നീട് പാര്‍ലമെന്റില്‍ അംഗമാവുകയും ചെയ്തു. എന്നാല്‍ അദ്ദേഹം വിരമിച്ചത് 1991-ലാണ്. രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെടുന്നത് 1998-ലും. 2004-ല്‍ കാലാവധി അവസാനിച്ചു.

പിന്നീട്, ചീഫ് ജസ്റ്റിസായിരുന്ന പി. സദാശിവത്തെ നരേന്ദ്ര മോദി സര്‍ക്കാര്‍ കേരള ഗവര്‍ണറായി നിയമിച്ചതാണ് മറ്റൊരു സംഭവം. ഇന്ന് ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മില്‍ മാറിവന്ന ബന്ധത്തിന്റെ പുതിയ തുടക്കം എവിടെ നിന്നാണ് എന്ന് പരിശോധിച്ചാല്‍ എത്തുക ഈ നിയമനത്തിലാണ്.

ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് ജസ്റ്റിസ് ബഹറുള്‍ ഇസ്ലാം രാജ്യസഭാംഗമായിരുന്നു. 1980-ല്‍ അദ്ദേഹത്തെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. അര്‍ബന്‍ കോഓപറേറ്റീവ് ബാങ്ക് കുംഭകോണവുമായി ബന്ധപ്പെട്ട് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയെ കുറ്റവിമുക്തനാക്കിയത് ജസ്റ്റിസ് ഇസ്ലാമാണ്. ജഡ്ജിയായിരിക്കെ രാജിവച്ച അദ്ദേഹം പിന്നീട് വീണ്ടും രാജ്യസഭാംഗമാവുകയും ചെയ്തു.

രാഷ്ട്രീയത്തില്‍ നിന്ന് ജുഡീഷ്യറിയിലേക്കെത്തിയ പുകള്‍പെറ്റ ജഡ്ജിമാരും നമുക്കുണ്ട്- ഇന്ത്യയില്‍ ജുഡീഷ്യല്‍ ആക്ടിവിസത്തിന് തുടക്കം കുറിച്ചവരിലൊരാളായ ജസ്റ്റിസ് കൃഷ്ണയ്യര്‍, 1957-ലെ ഒന്നാം ഇ.എം.എസ് സര്‍ക്കാരില്‍ നിയമ, ആഭ്യന്തര മന്ത്രിയായിരുന്നു.

സുപ്രീം കോടതി ജഡ്ജിയായി വിരമിച്ച ശേഷം സര്‍ക്കാരില്‍ നിന്ന് യാതൊരു പദവികളും സ്വീകരിക്കില്ലെന്ന് സര്‍വീസില്‍ ഇരിക്കുമ്പോള്‍ തന്നെ വ്യക്തമാക്കിയ രണ്ട് സമീപകാല ഉദാഹരണങ്ങളും നമുക്കുണ്ട്- ജസ്റ്റിസ് ജെ ചെലമേശ്വറും ജസ്റ്റിസ് കുര്യന്‍ ജോസഫും.

ജസ്റ്റിസ് ഗോഗോയിയുമായി താരതമ്യപ്പെടുത്തിയാല്‍ യാതൊരു വിധത്തിലും സമാനതകളില്ലാത്ത കാര്യങ്ങളാണ് ഇവയൊക്കെ.

ഇപ്പോള്‍ എല്ലാവിധത്തിലും നഗ്നമായ രീതിയില്‍ കാര്യങ്ങള്‍ നടപ്പായിത്തുടങ്ങിയിരിക്കുന്നു. 'പുതിയ ഇന്ത്യ'യില്‍ ധാര്‍മികതയ്‌ക്കോ മനുഷ്യപ്പറ്റിനോ സ്ഥാനമില്ല. വര്‍ഗീയവാദവും അപരവിദ്വേഷവും നിയമവ്യവസ്ഥയെ അപഹസിക്കുന്നതുമാണ് പുതിയ നടപ്പുരീതികള്‍. നിങ്ങള്‍ എത്രത്തോളം കൊള്ളരുതാത്തവരും കുറ്റവാളികളുമാണോ, പുതിയ ഇന്ത്യയില്‍ നിങ്ങളുടെ ഭാവി ശോഭനമാണ്.

ഇവിടെ ബിജെപിയോ കോണ്‍ഗ്രസോ, ഭരണപക്ഷമോ പ്രതിപക്ഷമോ എന്നതില്ല. ഇതാണ് 'പുതിയ ഇന്ത്യ' എന്ന ആശയം. ഇത് അവസാനിപ്പിച്ചേ മതിയാകൂ. അല്ലെങ്കില്‍ ഇന്ത്യ എന്ന മഹത്തായ ആശയം, മഹത്തായ ഈ ജനാധിപത്യ റിപ്പബ്ലിക് ഇനി ചരിത്രം മാത്രമാകും.

Next Story

Related Stories