TopTop
Begin typing your search above and press return to search.

അഹന്തയുടെ ആണ്‍ മസിലുകളല്ല, നമുക്ക് വേണ്ടത് ശിവാംഗിമാരും റീമ കല്ലിങ്കല്‍മാരും പാര്‍വതിമാരുമാണ്

അഹന്തയുടെ ആണ്‍ മസിലുകളല്ല, നമുക്ക് വേണ്ടത് ശിവാംഗിമാരും റീമ കല്ലിങ്കല്‍മാരും പാര്‍വതിമാരുമാണ്

എഡിറ്റോറിയല്‍

ഇന്ത്യന്‍ പാര്‍ലമെന്റ് ഇന്നലെ ഏറെ പ്രക്ഷുബ്ദമായിരുന്നു. ഹൈദരാബാദില്‍ കൂട്ടബലാത്സംഗത്തിനിരയായി ക്രൂരമായി കൊല ചെയ്യപ്പെട്ട 27-കാരിയായ പ്രിയങ്ക റെഡ്ഡിയുടെ അനുഭവം ഒരു പെണ്‍കുട്ടിക്കും ഇനിയുണ്ടാവരുതെന്ന് പാര്‍ട്ടി ഭേദമന്യേ എംപിമാരൊക്കെ ആവര്‍ത്തിച്ചു. സമാജ്‌വാദി പാര്‍ട്ടി എംപി ജയാ ബച്ചനെ പോലുള്ള ചിലര്‍ കുറ്റവാളികളെ പരസ്യമായി തല്ലിക്കൊല്ലണമെന്ന് ആവശ്യപ്പെട്ടു. കുറ്റവാളികളെ ഷണ്ഡീകരിക്കണമെന്നും ഉടനടി തൂക്കിലേറ്റണമെന്നുമൊക്കെ അഭിപ്രായമുയര്‍ന്നു. ഈ അഭിപ്രായങ്ങളും ആക്രോശങ്ങളുമൊക്കെ ഇതിനേക്കാള്‍ ശക്തമായി നാം ഒമ്പതു വര്‍ഷം മുമ്പും കേട്ടിരുന്നു. 2012-ലെ നിര്‍ഭയ സംഭവത്തിനു ശേഷവും ഇതേ മുറവിളികളും സ്ത്രീകളുടെ സുരക്ഷയ്ക്കു വേണ്ടിയുള്ള നിയമനിര്‍മാണവും ഒക്കെയുണ്ടായി. എന്നാല്‍ എന്തെങ്കിലും മാറ്റമുണ്ടായോ? മറിച്ച് അങ്ങേയറ്റം സ്ത്രീവിരുദ്ധവും പുരുഷമേധാവിത്വത്തില്‍ അധിഷ്ഠിതവും അങ്ങേയറ്റം പിന്തിരിപ്പനുമായ ഒരു സമൂഹമായി നാം കൂടുതല്‍ മാറിക്കൊണ്ടിരിക്കുന്നതാണ് ദിവസേനെ കാണുന്നത്.

എന്നാല്‍ ചിലര്‍, ചില മാതാപിതാക്കള്‍, ചില പെണ്‍കുട്ടികള്‍ ഇതിനെയൊക്കെ ചെറുത്തുതോല്‍പ്പിച്ച് നമുക്ക് മുന്നില്‍ വഴികാട്ടികളാകുന്നതിനും നാം സാക്ഷ്യം വഹിക്കുന്നുണ്ട്. ഇന്ത്യന്‍ വ്യോമസേനയില്‍ ആദ്യമായി യുദ്ധവിമാനം പറത്തിയ ആവണി ചതുര്‍വേദിയും മോഹന സിംഗും ഭാവന കാന്തും അവരില്‍ ചിലരായിരുന്നു. തന്ത്രപ്രധാന ജോലികളില്‍ നിന്നും സ്ത്രീകളെ അകറ്റി നിര്‍ത്തിയിരുന്ന ഇന്ത്യന്‍ സൈനിക സംവിധാനങ്ങളുടെ കോട്ട ഭേദിച്ചാണ് കഴിഞ്ഞ വര്‍ഷം ഈ സ്ത്രീകള്‍ ഈ നേട്ടം സ്വന്തമാക്കിയത്. ആണ്‍യുക്തികളില്‍ അധിഷ്ഠിതമാണ് നമ്മുടെ സമൂഹം എന്നതു കൊണ്ട് തന്നെ സ്ത്രീകളെ പല മേഖലയില്‍ നിന്നും തടഞ്ഞു നിര്‍ത്തുന്നതിന് നിരവധി കാരണങ്ങള്‍ എല്ലായ്‌പ്പോഴും സമൂഹം മുന്നോട്ടുവച്ചു കൊണ്ടിരിക്കും. എന്നാല്‍ അതിനെയൊക്കെ ഭേദിച്ചു കൊണ്ടാണ് ചിലര്‍ മുന്നോട്ടു വരുന്നത്. പ്രിയങ്ക റെഡ്ഡിമാരുടെ അനുഭവം ഇനിയൊരു പെണ്‍കുട്ടിക്കും ഉണ്ടാകാതിരിക്കണമെങ്കില്‍ മാറേണ്ടത് സമൂഹമാണ്. അത് കുടുംബങ്ങളില്‍ നിന്നു തന്നെ തുടങ്ങുകയും വേണം.

തീന്‍മേശയില്‍ വറുത്ത മീന്‍ കക്ഷണം വീതം വയ്ക്കുന്ന ഉദാഹരണം ചൂണ്ടിക്കാട്ടി നമ്മുടെയൊക്കെ കുടുംബങ്ങളില്‍ സ്ത്രീകളോടുള്ള വിവേചനം ഏതുവിധത്തിലാണ് തുടങ്ങുന്നത് എന്നത് റീമാ കല്ലിങ്കല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അവരെ പരിഹസിച്ചും അപഹസിച്ചും ആര്‍ത്തട്ടഹസിക്കുകയാണ് നമ്മുടെ ആണ്‍സമൂഹം ചെയ്തത്. എന്നാല്‍ അവര്‍ പറഞ്ഞതിന്റെ വ്യാപ്തി വളരെ വലുതാണ് എന്ന് ഓരോ ദിവസവും നാം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നു. കസബയിലെ മമ്മൂട്ടി കഥാപാത്രം പോലീസ് ഉദ്യോഗസ്ഥയുടെ മടിക്ക് കുത്തിപ്പിടിക്കുന്നതിനെ വിമര്‍ശിക്കുന്ന, അര്‍ജുന്‍ റെഡ്ഡിമാരും കബീര്‍ സിംഗുമാരുമല്ല നമുക്ക് വേണ്ടത് എന്നും പറയുന്ന പാര്‍വതിയേയും നാം പരിഹസിക്കുന്നു. എന്നാല്‍ അവരൊക്കെ ചൂണ്ടിക്കാട്ടുന്നത് നമ്മുടെ സമൂഹം എന്താണ് എന്നുള്ളതാണ്. എവിടെയാണ് അത് മാറേണ്ടത് എന്നാണ്. ആ മാറ്റം സമൂഹത്തിന് സാധ്യമാകും എന്നതാണ് ഇന്നലെ നാവിക സേനയുടെ ആദ്യ വനിതാ പൈലറ്റായി കൊച്ചി ആസ്ഥാനത്ത് ജോലി ആരംഭിച്ച 24-കാരി ശിവാംഗിയുടെ ജീവിതവും പറയുന്നത്.

ബിഹാറിലെ മുസഫര്‍പൂര്‍ ജില്ലയിലുള്ള ഫത്തേബാദ് എന്ന ഗ്രാമത്തില്‍ നിന്നാണ് ശിവാംഗി വരുന്നത്. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്യുന്നത് ഒരു അസാധാരണ കാര്യമായി കാണുന്ന, പെണ്‍കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുക എന്നത് ഒരു നാട്ടുനടപ്പേയല്ലാത്തത്ര യാഥാസ്ഥിതികമായ ഒരു സമൂഹത്തില്‍ നിന്നാണ് ശിവാംഗി തന്റെ സ്വപ്നങ്ങള്‍ എത്തിപ്പിടിച്ചത്. ശിവാംഗിയുടെ പിതാവ് ഹരി ഭൂഷണ്‍ സിംഗ് ഒരു സര്‍ക്കാര്‍ പെണ്‍പള്ളിക്കുടത്തിലെ അധ്യാപകനും പ്രിന്‍സിപ്പലിന്റെ ചാര്‍ജ് വഹിക്കുന്നയാളുമാണ്. മാതാവ് പ്രിയങ്ക വീട്ടമ്മയും. ശിവാംഗിയുടെ രണ്ട് സഹോദരങ്ങള്‍ ജാഗ്രിതിയും ഹര്‍ഷും ഉന്നത വിദ്യാഭ്യാസം ചെയ്യുന്നു. ശിവാംഗിയുടെ കൃഷിക്കാരനായിരുന്ന മുതുമുത്തശ്ശന്‍ 1980-ല്‍ തന്റെ രണ്ടേക്കര്‍ സ്ഥലം പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂള്‍ നിര്‍മിക്കാനായി വിട്ടുകൊടുത്തു- ബ്രഹ്മര്‍ഷി യമുനാ ബാലികാ ഉച്ച് വിദ്യാലയ. ഇത് പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്തു. അവിടെയാണ് ശിവാംഗിയുടെ പിതാവ് പഠിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ പിതാവും കൃഷിക്കാരനായിരുന്നു. ഹരി ഭൂഷന്‍ സിംഗിന്റെ മൂന്നു മക്കള്‍ക്കും പേരിനൊപ്പം വാലുകളില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

"എന്റെ സ്വപ്നങ്ങള്‍ എന്താണോ അതിനു പിന്നാലെ പോകാന്‍ അച്ഛന്‍ എല്ലാക്കാലത്തും പ്രോത്സാഹിപ്പിച്ചിരുന്നു. സംസ്ഥാനത്തിനു പുറത്തു പോകണമെന്നും ലോകം എന്താണ് എന്നറിയണമെന്നും നിര്‍ദേശിച്ചത് അച്ഛനാണ്. പിന്നീട് ബിടെകിന് ചേരാനും അവിടെ നിന്ന് നേവിയില്‍ ചേരാനും. അച്ഛന് എന്നില്‍ വിശ്വാസമുണ്ടായിരുന്നു. ഒരിക്കലും അനാവശ്യമായ സംരക്ഷണ കവചം ഉണ്ടാക്കാനോ സമ്മര്‍ദ്ദം ഉണ്ടാക്കാനോ ശ്രമിക്കാതെ പിന്തുണയ്ക്കുക മാത്രം ചെയ്തു"- ശിവാംഗി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. സ്‌കൂള്‍ പഠനകാലം അത്ര മികച്ചതൊന്നുമായിരുന്നില്ല ശിവാംഗിയുടേത്. 84 ശതമാനം മാര്‍ക്കാണ് ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവയ്ക്ക് പ്ലസ്-ടുവിന് ലഭിച്ചത്. അതു പോരാ എന്ന് പിതാവിനും തോന്നിയിരുന്നു. എന്നാല്‍, "അവള്‍ അങ്ങനെ കുത്തിയിരുന്ന് പഠിക്കുന്ന ആളൊന്നും അല്ലായിരിക്കാം, പക്ഷേ, അവളെപ്പോഴും വെല്ലുവിളികളെ ഏറ്റെടുക്കുന്നത് ഇഷ്ടപ്പെട്ടിരുന്നു. ഒരിക്കലും വിട്ടുകൊടുക്കില്ല എന്ന അവളുടെ മനോഭാവം തന്നെയാണ് ഇന്ന് അവളുടെ സ്വപ്ന നേട്ടത്തിന് കാരണം"- ഹരി ഭൂഷണ്‍ സിംഗ് പറയുന്നു.

"ഞങ്ങള്‍ വളരെ സാധാരണ കുടുംബത്തില്‍ നിന്നു വരുന്നവരാണ്. ഞങ്ങളുടെ മകള്‍ ഇന്ന് ഞങ്ങളെ പ്രശസ്തരാക്കി. അവളെ പ്രതി വളരെ അഭിമാനം തോന്നുന്നു. പെണ്‍മക്കള്‍ എന്തു ചെയ്യാനാണോ ആഗ്രഹിക്കുന്നത് അതിന് അവരെ പിന്തുണയ്ക്കുകയാണ് വേണ്ടത് എന്ന് ഞാന്‍ വിശ്വസിക്കുന്നു"- അദ്ദേഹം എന്‍ഡിടിവിയോട് പറഞ്ഞു.

10 വയസില്‍ തുടങ്ങിയതാണ് പൈലറ്റാവുക എന്ന ശിവാംഗിയുടെ സ്വപ്നം. രാഷ്ട്രീയക്കാരെയും വഹിച്ചുകൊണ്ട് ഹെലികോപ്റ്ററുകള്‍ പറന്നിറങ്ങുന്നത് കണ്ടപ്പോള്‍ മുതല്‍ മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം. സിക്കിം മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ബിടെക് (മെക്കാനിക്കല്‍) ചെയ്യുന്ന സമയത്ത്, ഒരു നേവി ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ നേവിയെ കുറിച്ചുള്ള ഒരു വീഡിയോ അവിടെ കാണിച്ചതാണ് ശുഭാംഗിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. "അതായിരുന്നു ഇന്ത്യന്‍ സൈന്യത്തക്കുറിച്ചുള്ള ഒരു ധാരണ ആദ്യമായി എനിക്കുണ്ടാക്കിയത്. പിന്നാലെ വനിതാ പൈലറ്റുമാരെ ഉള്‍ക്കൊള്ളിക്കാന്‍ നേവി തീരുമാനിച്ചു. പൈലറ്റാവുക എന്ന ആഗ്രഹം 10 വയസു മുതല്‍ കൊണ്ടുനടക്കുന്ന ഞാന്‍, ആ അവസരം ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു"-സബ് ലഫ്റ്റനന്റ് ശിവാംഗി പറയുന്നു.

ഇന്നലെ കൊച്ചിയില്‍ ഐഎന്‍എസ് വിരാടില്‍ നടന്ന ചടങ്ങിലാണ് ശിവാംഗി ഔദ്യോഗികമായി നേവിയുടെ ആദ്യ വനിതാ പൈലറ്റായി മാറിയത്. ഇന്ത്യന്‍ നേവിയുടെ ഏറ്റവും പഴക്കമുള്ള സ്‌ക്വാഡ്രണുകളിലൊന്നായ ഇന്ത്യന്‍ നേവല്‍ എയര്‍ സ്‌ക്വാഡ്രണ്‍ 550-ന്റെ നിരീക്ഷണ വിമാനമായ ഡ്രോണിയര്‍ 228-ലായിരുന്നു പരിശീലനം. ഇനി ഒരു അവസാന വട്ട പരിശീലന ഘട്ടവും കൂടി ബാക്കിയുണ്ട് ശിവാംഗിക്ക്. ഇതിനു ശേഷം ലോംഗ് റേഞ്ച് ആന്റി സബ് മറൈന്‍, ആന്റി-സര്‍ഫേസ് യുദ്ധവിമാനമായ ബോയിംഗ് P-8I -ലും അവര്‍ പരീശീലനം നേടും.

ഇനി മറ്റൊരു കാര്യം നോക്കാം.

രാജ്യത്തെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 2005-ലെ 36.7 ശതമാനത്തില്‍ നിന്ന് 2018 ആയപ്പോഴേക്കും 26 ശതമാനമായി കുറഞ്ഞു. സ്ത്രീകള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാത്തതും സാമൂഹിക, സാമ്പത്തിക തടസങ്ങളുമാണ് ഇതിന്റെ കാരണമെന്ന് Deloitte റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ തന്നെ 95 ശതമാനം സ്ത്രീകളും- 19.5 കോടി- ജോലി ചെയ്യുന്നത് അസംഘടിത മേഖലയിലും അല്ലെങ്കില്‍ കൂലി കിട്ടാത്ത അവസ്ഥയിലുമാണ്. ആഗോള തൊഴില്‍ ശക്തിയില്‍ സ്ത്രീ പങ്കാളിത്തം 48 ശതമാനമാണ് എന്നതും കണക്കാക്കുമ്പോഴാണ് ഇന്ത്യന്‍ സ്ത്രീകളുടെ അവസ്ഥ എത്രത്തോളം പരിതാപകരമാണ് എന്നു മനസിലാവുക.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ (NSO) ഈ വര്‍ഷത്തെ പീഡിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വെ പറയുന്നത് നഗരകേന്ദ്രീകൃതമായി ജോലി ചെയ്യുന്ന ശമ്പളക്കാരില്‍ സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള്‍ വര്‍ധിച്ചു എന്നാണ്. ശമ്പളക്കാരായ സ്ത്രീകളുടെ എണ്ണം 2018-ല്‍ 48.3 ശതമാനം ആയിരുന്നെങ്കില്‍ 2019 മാര്‍ച്ചില്‍ ഇത് 50 ശതമാനമായി. എന്നാല്‍ Monster Salary Index മറ്റൊരു കാര്യം ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന വേതനം 19 ശതമാനം കുറവാണ്. വേതനത്തിന്റെ കാര്യത്തിലുള്ള ഈ ലിംഗ വിവേചനം എല്ലാ തൊഴില്‍ മേഖലകളിലും നിലനില്‍ക്കുന്നുണ്ട്.

നമ്മുടെ രാജ്യത്തെ ജനസംഖ്യയില്‍ പകുതിപ്പേര്‍ സ്ത്രീകളാണ്. എന്നാല്‍ ഇന്നും രണ്ടാംകിടക്കാരായി പരിഗണിക്കപ്പെടാനും ബലാത്സംഗത്തിന് ഇരകളാകാനും കൊല്ലപ്പെടാനുമുള്ള ഭീഷണികളാണ് അവര്‍ക്ക് മുന്നിലുള്ളത്. അത് പക്വതയെത്തിയ ഒരു ജനാധിപത്യം എന്ന് കണക്കാക്കുന്ന ഇന്ത്യക്ക് ഏറെ വെല്ലുവിളികളും നാണക്കേടും ഉണ്ടാക്കുന്ന ഒന്നുകൂടിയാണ്. മാറേണ്ടത് ഇവിടുത്തെ പുരുഷന്മാരും പുരുഷാധിപത്യ മൂല്യങ്ങളില്‍ അടിയുറച്ച സമൂഹവും അതിന്റെ അനുബന്ധമായി ഉണ്ടാകുന്ന വിവേചനങ്ങളുമാണ്. സ്ത്രീകള്‍ക്ക് പുറത്തിറങ്ങി ശുദ്ധവായു ശ്വസിക്കാനും ഏതു സമയത്തും പേടി കൂടാതെ സഞ്ചരിക്കാനും കഴിയണം. കുടുംബങ്ങളിലും പുറത്തും നീണ്ടു വരുന്ന കൈകളെ ഭയക്കാതെ അവര്‍ക്കും ജീവിക്കണം. അത് ആരുടേയും ഔദാര്യമല്ല, മനുഷ്യജീവികളെന്ന നിലയില്‍ അവരുടെ അവകാശവും അവരുടെ സ്വാതന്ത്ര്യവുമാണ്.


Next Story

Related Stories