TopTop
Begin typing your search above and press return to search.

കൊറോണയ്ക്കെതിരെ 21 ദിവസം വീട്ടിലിരിക്കാനുള്ള മോദിയുടെ ആഹ്വാനം സ്വാഗതാര്‍ഹം; വീടും തൊഴിലും ഇല്ലാത്തവരോ?

കൊറോണയ്ക്കെതിരെ 21 ദിവസം വീട്ടിലിരിക്കാനുള്ള മോദിയുടെ ആഹ്വാനം സ്വാഗതാര്‍ഹം; വീടും തൊഴിലും ഇല്ലാത്തവരോ?

എഡിറ്റോറിയല്‍

ആരുടേയും കണ്ണുനനയിക്കുന്ന ഒരു കാഴ്ചയാണ് ഇന്നലെ ചില ടിവി ചാനലുകള്‍ പുറത്തുവിട്ടത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ മിക്ക സംസ്ഥാനങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ എവിടേക്ക് പോകണമെന്നറിയാതെ മൂന്നു ദിവസമായി ഡല്‍ഹി-യുപിയിലെ അതിര്‍ത്തിയിലുള്ള ആനന്ദ് വിഹാര്‍ ബസ് ഡിപ്പോയ്ക്കടുത്ത് കുടുങ്ങിപ്പോയ, ഏറിയാല്‍ 20 വയസു മാത്രം വരുന്ന ഒരു കൗമാരക്കാരന്റെ കരച്ചില്‍. ഡല്‍ഹിയിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്വദേശമായ ബിഹാറിലേക്ക് പോകാനായി എത്തിയതാണ് ആ പയ്യനും കൂടെയുള്ളവരും. പോക്കറ്റും വയറും കാലി. മൂന്നു ദിവസമായി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചുറ്റിത്തിരിയുന്നെങ്കിലും സംസ്ഥാനാനന്തര ബസ് സര്‍വീസുകള്‍ നിര്‍ത്തിയതിനാല്‍ അവര്‍ക്ക് പോകാനാകുന്നില്ല. അതിനു പുറമെയാണ് പോലീസ് അവരെ ഓടിക്കുന്നത്. പോലീസ് തല്ലാനായി ഓടിച്ചു എന്നു പറഞ്ഞാണ് ആ പയ്യന്‍ വിതുമ്പിക്കരയുന്നത്.

आनंद विहार बस अड्डे से बड़ी संख्या में मजदूर तपके के लोग पैदल जा रहे हैं,दिल्ली से वापस अपने घर जाना चाहते हैं,लेकिन जाने का कोई साधन नहीं,न जेब में पैसा है ,एक लड़का काफी रो रहा है कह रहा है पुलिस मारने के लिए दौड़ती है,हम कहाँ जाएं#lockdownindia #Corinnavirus pic.twitter.com/Cw5buZIzVP
— Mukesh singh sengar मुकेश सिंह सेंगर (@mukeshmukeshs) March 24, 2020

ഇതാണ് കുറച്ചു ദിവസമായി രാജ്യത്തെ അവസ്ഥ. കൊറോണയെ നേരിടാന്‍ ഇന്നലെ പ്രധാനമന്ത്രി രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ഒരു അവശ്യനടപടി തന്നെയാണ്. അടുത്ത മൂന്നാഴ്ച- 21 ദിവസം- ആളുകള്‍ വീടിനുള്ളില്‍ ഇരിക്കണമെന്നാണ് നരേന്ദ്ര മോദി വ്യക്തമാക്കിയത്. വീടില്ലാത്തവര്‍? ചെറിയ കുടുസു മുറികളില്‍ അട്ടിയട്ടിയായി ഉറങ്ങുന്ന, ബിഹാറിലേയും ബംഗാളിലേയും യുപിയിലേയും ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലെത്തിപ്പെട്ടവര്‍ അവര്‍ എവിടെ പോകും? എന്താണ് അവരുടെ പട്ടിണി മാറ്റാനുള്ളത്? അവരുടെ കുടുംബങ്ങള്‍ എങ്ങനെ കഴിയും? എന്താണ് നിങ്ങളുടെ വീടുകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിക്കുന്നവര്‍, കൂലിപ്പണിക്കാര്‍, ചെരുപ്പു തുന്നുന്നവര്‍, റെയില്‍ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമൊക്കെ സാധനങ്ങള്‍ വില്‍ക്കുന്നവര്‍, പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്നവര്‍, സൈക്കിള്‍ റിക്ഷയും ഓട്ടോ റിക്ഷയുമൊക്കെ ഓടിക്കുന്നവര്‍.. അങ്ങനെ നിത്യജീവിതത്തിന്റെ ഭാഗമായി നാം കാണുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അവരെന്തു ചെയ്യും? പെന്‍ഷനോ നീക്കിയിരിപ്പോ ഒന്നുമില്ലാത്തവരാണ് അവര്‍. ഇത്തരമൊരു വലിയ അനിശ്ചിതാവസ്ഥ ബാക്കി വച്ചിട്ടാണ് ഇന്നലെ പ്രധാനമന്ത്രി മൂന്നാഴ്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. മുന്നൊരുക്കങ്ങള്‍ വേണമെന്ന് നിരവധി തവണ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും ഉണ്ടായില്ല എന്നു മാത്രമല്ല, കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ശാരീരികമായി മാത്രമല്ല, മാനസികമായും രോഗം ബാധിച്ച ഒരു സമൂഹമാണ് നമ്മുടേത് എന്നതിന് ഇതിനും വലിയ തെളിവുകളില്ല.

കൊറോണ വൈറസ് വിവിധ സംസ്ഥാനങ്ങളിലായി പടര്‍ന്നു പിടിച്ചു കൊണ്ടിരുന്ന, മിക്ക സംസ്ഥാനങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന കേന്ദ്ര സര്‍ക്കാരിന്റെ ഒരു യോഗം, പുതിയ പാര്‍ലമെന്റും സെക്രട്ടറിയേറ്റ് ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്തയും നിര്‍മിക്കാന്‍ അന്തിമ രൂപം നല്‍കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു. അതായത്, സ്വതന്ത്ര ഇന്ത്യ ഇതുവരെ ദര്‍ശിക്കാത്ത ഒരു മഹാമാരിയെ നേരിടുന്ന സമയത്ത്, നിലവിലുള്ള പാര്‍ലമെന്റിനും മറ്റ് കെട്ടിടങ്ങള്‍ക്കും പകരം 20,000 കോടി രൂപ മുടക്കി പുതിയത് നിര്‍മിക്കുക എന്നതാണ് ഒരു സര്‍ക്കാരിന്റെ മുന്‍ഗണന എങ്കില്‍ അത് ലജ്ജാകരമാണ്. കാരണം, ഇന്ത്യയിലെ ആരോഗ്യ മേഖല നോക്കുക. 130 കോടി മനുഷ്യരുള്ള ഒരു രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലുള്ള ആകെയുള്ള ബഡ്ഡിന്റെ എണ്ണം വെറും 7,13,986 മാത്രമാണ്. അതായത്, 1000 പേര്‍ക്ക് 0.55 ബെഡ്ഡ്. ഝാര്‍ഖണ്ഡ്, യുപി, ഗുജറാത്ത്, ബിഹാര്‍, മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മണിപ്പൂര്‍, അസം, ഛത്തീസ്ഗഡ്, ആന്ധ്രാ പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലുള്ള ബെഡ്ഡിന്റെ ലഭ്യത ദേശീയ ശരാശരിക്കും താഴെയാണ്. ഈ 12 സംസ്ഥാനങ്ങളിലാണ് ഇന്ത്യന്‍ ജനസംഖ്യയുടെ 70 ശതമാനവും ജീവിക്കുന്നത് എന്നറിയുമ്പോഴാണ് നാം അകപ്പെട്ടിരിക്കുന്ന ഭീതിദമായ അവസ്ഥ മനസിലാവുക. (ബംഗാള്‍- 1000 പേര്‍ക്ക് 2.25, സിക്കിം- 2.34, ഡല്‍ഹി- 1.05, കേരളം- 1.05, തമിഴ്‌നാട്- 1.1 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി). ഈ സമയത്ത്, പുതിയ പാര്‍ലമെന്റും സെന്‍ട്രല്‍ വിസ്തയും നിര്‍മിക്കലാണോ മികച്ച ആരോഗ്യ സംവിധാനങ്ങള്‍ ഒരു രാജ്യത്ത് ഉണ്ടാക്കുന്നതിന് പ്രാമുഖ്യം നല്‍കലാണോ വേണ്ടത്? മാര്‍ച്ച് 19-ന് കൊറോണയെ നേരിടാനുള്ള പ്രത്യേക സാമ്പത്തിക പാക്കേജ് ഉണ്ടാക്കാന്‍ ധനമന്ത്രി അധ്യക്ഷയായ സമിതിയെ നിയോഗിക്കുമെന്ന് മോദി പ്രസംഗിച്ചിട്ട് ഇന്ന് ആറു ദിവസമാകുന്നു. ഇതുവരെയും അക്കാര്യത്തിലൊരു തീരുമാനം ഉണ്ടായിട്ടില്ല.

പാര്‍ലമെന്റ് നടപടികള്‍ നിര്‍ത്തിവച്ച് ജനപ്രതിനിധികളെ തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് പറഞ്ഞയയ്ക്കുകയും കേന്ദ്ര സര്‍ക്കാര്‍ കൊറോണയ്‌ക്കെതിരായ പോരാട്ടം ഊര്‍ജിതമാക്കുകയും ചെയ്യേണ്ടതിനു പകരം പാര്‍ലമെന്റ് നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപിക്ക് പുതിയ സര്‍ക്കാരുണ്ടാക്കാന്‍ സമയം നല്‍കാനാണ് ഇതെന്ന ആരോപണം ശക്തമാണ്. കൊറോണ ഭീഷണി മൂലം പാര്‍ലമെന്റ് പിരിച്ചു വിട്ടാല്‍ മധ്യപ്രദേശ് അസംബ്ലി ചേരുക അസാധ്യമാകുമെന്നും അങ്ങനെ വന്നാല്‍ മധ്യപ്രദേശിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് അത് തടസമാകും എന്നതുകൊണ്ടാണ് ബജറ്റ് സമ്മേളനം പിരിച്ചു വിടാതിരുന്നത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഫലം, എത്രയോ എംപിമാരാണ് ഇപ്പോള്‍ സ്വയം ഐസൊലേഷനില്‍ കഴിയുന്നത്. ഗായിക കനിക കപൂര്‍ ഒരു നിമിത്തമായി എന്നു മാത്രമേയുള്ളൂ.

ബുദ്ധിയോ ബോധമോ വിവേകമോ അല്ല, മറിച്ച് അന്ധമായ ഭക്തിയും കൂറും മാത്രമാണ് നമുക്കുള്ളത്, അതു മാത്രമാണ് നമ്മെ നയിക്കുന്നത് എന്നതു കൊണ്ടാണ് ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അഭിവാദ്യം അര്‍പ്പിക്കാന്‍ പാത്രമെടുത്തു കൊട്ടാനുളള മോദിയുടെ ആഹ്വാനം കേട്ട് ജനം ഉത്സവപ്രതീതിയില്‍ നിരത്തിലിറങ്ങിയത്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് എന്നതു പോകട്ടെ, കൊറോണ വൈറസ് എന്ന മഹാമാരിയെക്കുറിച്ച് ഇത്രയും വിഡ്ഡിത്തം നിറഞ്ഞ ഒരു സമീപനം മറ്റൊരു ജനതയും കാണിച്ചിട്ടുണ്ടാകില്ല. ഇതേ മധ്യവര്‍ഗക്കാര്‍ തന്നെയാണ് തങ്ങളുടെ ഹൗസിംഗ് കോളനികളില്‍ താമസിക്കുന്ന ഡോക്ടര്‍മാരെ ഇറക്കിവിടാന്‍ ഉത്സാഹം കാണിക്കുന്നതുമെന്നതു കൂടി നാം ആലോചിക്കണം. അതിന്റെ മറുവശമായിരുന്നു ശബ്ദം കേട്ട് കൊറോണ ഓടിക്കോളുമെന്ന വിഡ്ഡിത്തം പങ്കുവച്ച മലയാളത്തിന്റെ മഹാനടനും ബോളിവുഡിന്റെ ചക്രവര്‍ത്തിയുമൊക്കെ ചെയ്യുന്നതും. മൂന്നാഴ്ചത്തെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മോദി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലുമുണ്ടായത് മരണവെപ്രാളമായിരുന്നു. ജനം സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ പരക്കം പാഞ്ഞു. എന്നാല്‍ അവശ്യസാധനങ്ങള്‍ ലഭ്യമാകുമെന്ന് ജനങ്ങളോട് പറയാനോ അവശ്യസാധനങ്ങളുമായി പോകുന്നവരേയും അവശ്യസേവനങ്ങള്‍ക്കായി പോകുന്നവരെയും തടയരുതെന്ന് പോലീസ് അടക്കമുള്ള നിയമസംവിധാനങ്ങളോട് പറയാനോ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരെ നടക്കുന്ന വംശീയ അതിക്രമങ്ങള്‍ അരുതെന്ന് പറയാനോ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നോ പറയാനോ തൊഴിലില്ലാത്ത, പട്ടിണി കിടക്കേണ്ടി വരുന്ന മനുഷ്യര്‍ക്ക് എന്താണ് മുന്നോട്ടു പോകാനുള്ള വഴിയെന്ന് പറയാനോ പ്രസംഗത്തില്‍ മോദി തയാറായില്ല. അത്, സാധാരണ ജനങ്ങളുടെ സാധാരണ ജീവിതം എന്താണ് എന്നതിനെക്കറിച്ചുള്ള ബോധ്യങ്ങളുടെ കുറവാണ്.

ഇന്ത്യന്‍ ജനതയ്ക്ക് നാടകീയത വലിയ ഇഷ്ടമാണ്. സിനിമയും കലാരൂപങ്ങളും മുതല്‍ സ്വന്തം ജീവിതത്തില്‍ വരെ അത് പകര്‍ത്തുന്നവരാണ് അവര്‍. പക്ഷേ, ഭരണാധികാരികള്‍ ആ നാടകീയതയെ മുന്നില്‍ നിര്‍ത്തി ജനങ്ങളോട് സംസാരിക്കുമ്പോള്‍ അതിനു പിന്നില്‍ കൃത്യമായ പദ്ധതി നിര്‍വണത്തിനുള്ള ഒരുക്കങ്ങളും ഉണ്ടാവണം. വാചാടോപം ആര്‍ക്കുമാകാം, ഭരണാധികാരികള്‍ക്ക് അതു മാത്രം പോര. മധ്യവര്‍ഗക്കാര്‍ മാത്രം ലോക്ക്ഡൗണ്‍ ആചരിച്ചാല്‍ മാറുന്നതല്ല കൊറോണ ഭീഷണി.

Next Story

Related Stories