TopTop
Begin typing your search above and press return to search.

ഇന്ത്യ എന്ന മഹത്തായ ആശയത്തെ കുഴിച്ചുമൂടും മുമ്പ് മോദി - അമിത് ഷാമാരെ തടഞ്ഞേ മതിയാകൂ

ഇന്ത്യ എന്ന മഹത്തായ ആശയത്തെ കുഴിച്ചുമൂടും മുമ്പ് മോദി - അമിത് ഷാമാരെ തടഞ്ഞേ മതിയാകൂ

എഡിറ്റോറിയല്‍

വിഷം വമിപ്പിക്കുന്ന പൗരത്വ ഭേദഗതി ബില്ലിന്റെ വേരുകള്‍ കിടക്കുന്നത് 2002-ലാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഗോധ്ര ട്രെയിന്‍ ദുരന്തമുണ്ടായിക്കഴിഞ്ഞുള്ള ഏതാനും മണിക്കൂറുകളില്‍. ആ ദുരന്തമുണ്ടായതിനു പിന്നാലെ ഗോധ്രയിലെത്തിയ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത് അതിനു പിന്നില്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ ആണെന്നാണ്. യാതൊരു തെളിവുകളുടേയും പിന്‍ബലത്തിലല്ലായിരുന്നു അത്. തുടര്‍ന്ന്, മരിച്ച കര്‍സേവകരുടെ മൃതദേഹങ്ങള്‍ അനധികൃതമായി വിഎച്ച്പിക്ക് വിട്ടുകൊടുത്തു. ആ മൃതദേഹങ്ങളും വഹിച്ചുകൊണ്ട് അഹമ്മദാബാദില്‍ നടത്തിയ യാത്രയാണ് 2002-ലെ കലാപത്തിലും കൂട്ടക്കൊലയിലും എത്തിച്ചത്.

ആള്‍ക്കൂട്ട നീതിയെക്കുറിച്ചുള്ള മോദിയുടെ ഭ്രമാത്മകതയും മുസ്ലീങ്ങളെ ഒരു പാഠം പഠിപ്പിക്കണമെന്ന വര്‍ഗീയത നിറഞ്ഞ മനോനിലയും അധികാരത്തിനു വേണ്ടിയുളള അപരിഷ്‌കൃതമായ ആ മനസിന്റെ ആര്‍ത്തിയുമാണ് ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത്. നമ്മുടെ കോടതികളും നമ്മുടെ അന്വേഷണ ഏജന്‍സികളും നമ്മുടെ സാമൂഹിക പ്രവര്‍ത്തകരുമൊക്കെ ദുര്‍ബലമായതിനാല്‍ ഇതില്‍ നിന്നൊക്കെ മോദി രക്ഷപെട്ടു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദൗര്‍ബല്യം നിമിത്തം ഓരോ തവണയും മോദി രക്ഷപെട്ടുകൊണ്ടിരുന്നു.

അന്നു മുതല്‍, ജനാധിപത്യമെന്നത് ഭരണഘടനാ വിരുദ്ധമായ അധികാരത്തിന്റെ പ്രദര്‍ശനമാണെന്ന് മോദി ഗുജറാത്തില്‍ മാറ്റിയെഴുതി. യാതൊരു വിധ രാഷ്ട്രീയ, സാമൂഹിക അധികാരങ്ങളും അവകാശങ്ങളുമില്ലാതെ മുസ്ലീങ്ങളെ ഘെട്ടോകളിലേക്ക് തളളി മാറ്റി. മുസ്ലീങ്ങളുടെ അഭയാര്‍ത്ഥി ക്യാമ്പുകളെ അയാള്‍ വിളിച്ചത് 'കുട്ടികളെ ഉത്പാദിപ്പിക്കുന്ന ഫാക്ടറി' എന്നാണ്. സോണിയാ ഗാന്ധിയേയും മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജെഎം ലിംഗ്‌തോയേയും മോദി അവരുടെ ക്രിസ്ത്യന്‍ പേരുകള്‍ക്ക് ഊന്നല്‍ നല്‍കി വിശേഷിപ്പിച്ചു. അധാര്‍മികവും അതേ സമയം നിയമവിരുദ്ധവുമായ വര്‍ഗീയതയുടെ തുറന്ന രാഷ്ട്രീയമാണ് മോദി ഓരോ സമയത്തും കളിച്ചത്.

മോദിയുടെ ഈ രാഷ്ട്രീയത്തിന് പറ്റിയ സഹായിയാണ് അമിത് ഷാ. മോദിക്ക് ഭീകരവാദ ഭീഷണിയുണ്ടെന്ന വ്യാജ നരേറ്റീവ് ഉണ്ടാക്കി. തുടര്‍ന്ന് വ്യാജമായ നിരവധി ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ചു, ആളുകളെ കൊലപ്പെടുത്തി. ഗുജറാത്ത് കൂട്ടക്കൊലയ്ക്കിടെ സമാധാനം ഉണ്ടക്കാന്‍ ശ്രമിച്ച, ഭരണഘടനയോട് കൂറു പ്രഖ്യാപിച്ച ഉദ്യോഗസ്ഥരെയൊക്കെ അവര്‍ അരികുകളിലേക്ക് തള്ളി, അവരെ ദ്രോഹിച്ചു. അഴിമതിക്കാരും മതഭ്രാന്തന്മാരുമായ ഉദ്യോഗസ്ഥരെ അവര്‍ നിരന്തരം പ്രോത്സാഹിപ്പിച്ചു..

ഭരണഘടനാവിരുദ്ധമായി തുടര്‍ച്ചയായി ഇത്തരം കാര്യങ്ങള്‍ ചെയ്തുകൊണ്ടിരുന്നിട്ടും ഈ രണ്ടു പേര്‍ക്കും ഒന്നും സംഭവിച്ചില്ല. സാമ്പത്തിക ഉദാരവത്ക്കരണത്തിന്റെ പിന്നാലെ വന്ന ഇന്നത്തെ തലമുറ ഇന്ത്യക്കാര്‍ക്ക് അതിനെക്കുറിച്ചൊന്നും വേവലാതികള്‍ ഉണ്ടായിരുന്നില്ല. അവര്‍ പുതിയ കാറുകളും അപാര്‍ട്ട്‌മെന്റുകളും വാങ്ങുന്ന തിരക്കിലും കുടുംബവുമൊത്ത് അവധിക്കാലങ്ങള്‍ ചെലവഴിക്കുന്ന തിരക്കിലുമായിരുന്നു. നമ്മുടെ ഭരണഘടനാ-വ്യവസ്ഥാപിത സ്ഥാപനങ്ങള്‍ ദുര്‍ബലപ്പെട്ടു കൊണ്ടിരുന്നു. അവര്‍ ഉണ്ടാക്കിയ ഭൂരിപക്ഷതാവാദത്തിന്റെ മറവില്‍ ഈ രണ്ടു പേരും ഓരോ സമയത്തും രക്ഷപെട്ടു കൊണ്ടുമിരുന്നു.

ഇന്ത്യയിലെ കോര്‍പറ്റേുകളുടെ അകമഴിഞ്ഞ പിന്തുണ, വന്‍ തോതിലുള്ള പണം, ഹിന്ദുക്കള്‍ ഭീഷണി നേരിടുകയാണെന്ന വന്‍ വ്യാജ പ്രചരണം... ഇതിന്റെയൊക്കെ ബലത്തില്‍ മോദി തന്റെ വെറുപ്പും പകയും വിവരമില്ലായ്മയും നിറഞ്ഞ രാഷ്ട്രീയം സൃഷ്ടിക്കുകയും അതിന് ആഴത്തില്‍ വേരോട്ടമുണ്ടാക്കുകയും ചെയ്തു. അഭ്യസ്തവിദ്യരും ധാര്‍മിക ബോധമുള്ളവരുമായ മനുഷ്യരെ അയാള്‍ അവമതിച്ചു, ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തന്റെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തുവിടാന്‍ വിസമ്മതിച്ചു. കവിയും എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനും സാങ്കേതിക വിദഗ്ധനും അഭിനവ ഗാന്ധിയും ഒക്കെയായി അയാള്‍ നടിച്ചു. പി.ആര്‍ കമ്പനികളുടെ അതിശക്തമായ പ്രചരണത്തിന് സ്വയം വിറ്റു.

2014-ല്‍ യുപിഎ സര്‍ക്കാരിനെതിരെ ഉണ്ടായ അഴിമതി വിരുദ്ധ മുന്നേറ്റത്തെ മോദിയുടെ പിആര്‍ സംവിധാനം പൂര്‍ണമായി തട്ടിയെടുത്തു. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളിലേക്ക് അവര്‍ പണമൊഴുക്കി. അഴിമതി വിരുദ്ധനും പരിഷ്‌കര്‍ത്താവും ഒക്കെയായി നടിക്കുമ്പോള്‍ തന്നെ ഭരണഘടനയെ എല്ലാ വിധത്തിലും അപഹസിച്ചുകൊണ്ട് മോദി തന്റെ കരിയര്‍ പടുത്തുയര്‍ത്തി.

മോദിയുടെ ഓരോ പ്രവര്‍ത്തിയും- നോട്ട് നിരോധനം മുതല്‍ കാശ്മീര്‍ വരെ, എന്‍ആര്‍സി മുതല്‍ പൗരത്വ ഭേദഗതി വരെ, തെരഞ്ഞെടുപ്പ് ബേണ്ടുകള്‍ മുതല്‍ ഓരോ തവണയും പുറത്തുവിടുന്ന അജ്ഞതയും മറ്റുള്ളവരെ പരിഹസിക്കലും വരെ- കാണേണ്ടത് മുകളില്‍ പറഞ്ഞ കണ്ണാടികളിലൂടെയാണ്.

ബിജെപിയെ പൂര്‍ണമായി ഹൈജാക്ക് ചെയ്യുകയും ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ അതിന്റെ എല്ലാ ജനാധിപത്യ മൂല്യങ്ങളും ഇല്ലാതാക്കുകയും, രാജ്യത്തിന്റെ അധികാരം പുര്‍ണമായി കൈപ്പിടിയില്‍ ഒതുക്കുകയും ചെയ്തു. ജനാധിപത്യ, മതേതര ഇന്ത്യയുടെ ആത്മാവിനെയാണ് മോദി-ഷാ ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. കുറഞ്ഞത് ഒരു രണ്ടു ദശകമെങ്കിലുമായി ഇരുവരും ചെയ്യുന്നത് ഇക്കാര്യങ്ങളാണ്. ഇതൊക്കെ ചെയ്യുന്നത് വന്‍ ചെലവുള്ള കാര്യങ്ങളുമാണ്. പകുതി തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ പോലുള്ള അനധികൃത മാര്‍ഗങ്ങളിലൂടെയും പകുതി രാജ്യത്തിന്റെ ഖജനാവിലുള്ള കണക്കു വയ്‌ക്കേണ്ട പണവുമാണ് ഇതിനൊക്കെയായി ഒഴുക്കുന്നത്.

ഇപ്പോള്‍, പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷമുപയോഗിച്ച് പാസാക്കിയതിനു പിന്നാലെ രാജ്യം വന്‍ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കും അക്രമാസക്തമായ സമരപരമ്പരകള്‍ക്കും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഈ ദു:സ്വപ്നം അവസാനിക്കണമെങ്കില്‍ ചെയ്യേണ്ടത് ഗോധ്ര-ഗുജറാത്ത് കലാപ കാലത്തേക്ക് തിരിച്ചു പോവുകയും അന്നുണ്ടായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തവും കൃത്യവുമായി രേഖപ്പെടുത്തുകയാണ്; അതിന് എന്തൊക്കെയാണ് ഒഴിവാക്കിയതെന്നും എന്തൊക്കെയാണ് കൂട്ടിച്ചേര്‍ത്തതെന്നും അറിയണം. ആള്‍ക്കൂട്ടം കൊലപ്പെടുത്താന്‍ എത്തിയപ്പോള്‍ ഇഹ്‌സാന്‍ ജാഫ്രി സഹായത്തിനായി മോദിയെ വിളിച്ചിരുന്നോ എന്നറിയണം. ഗുജറാത്ത് കത്തുമ്പോള്‍ എന്താണ് സംഭവിച്ചത് എന്നറിയണം, അത് സംസ്ഥാന ഭരണകൂടത്തിന്റെ പിന്തുണയോടെ നടപ്പാക്കിയ ഒരു പദ്ധതിയായിരുന്നോ എന്നറിയണം. ഓരോ ഏറ്റുമുട്ടല്‍ കൊലകള്‍ക്കും പിന്നിലുണ്ടായിരുന്ന കാര്യങ്ങള്‍ എന്തായിരുന്നു എന്നു രേഖപ്പെടുത്തണം. അന്നു മുതല്‍ മുസ്ലീങ്ങള്‍ക്ക് നേരെ സംസ്ഥാന ഭരണകൂടം പുലര്‍ത്തിക്കൊണ്ടിരിക്കുന്ന വിവേചനങ്ങളുടെ കണക്കെടുക്കണം. ജസ്റ്റിസ് ലോയയ്ക്ക് എന്താണ് സംഭവിച്ചത് എന്നറിയണം. അധികാരത്തിനു വേണ്ടി ഈ മോദി-ഷാ ദ്വന്ദങ്ങള്‍ കാട്ടിക്കൂട്ടിയ കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാവുന്നവരെ പിന്തുണയ്ക്കണം, അവര്‍ക്ക് ധൈര്യം പകരണം. എങ്ങനെയാണ് ചില വ്യവസായികള്‍ പൊടുന്നനെ ഈ സര്‍ക്കാരിന്റെ കണ്ണിലുണ്ണികളായതെന്നും അതിന് പ്രത്യുപകാരമായി അവര്‍ നല്‍കുന്ന ഫണ്ട് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എന്തെന്നുമറിയണം.

ഈ തെളിവുകളുടെ പിന്‍ബലത്തില്‍, ഓരോ സമയത്തും സംഭവിച്ച കാര്യങ്ങളുടെ വിശദാംശങ്ങളുടെ ബലത്തില്‍, ഇതിനൊക്കെ സാക്ഷികളായിരുന്നവരും, പൊതുജനവും ഇക്കാര്യങ്ങള്‍ക്ക് അക്കൗണ്ടബിലിറ്റി ആവശ്യപ്പെടണം, ഭരണഘടന ഉയര്‍ത്തിപ്പിടിക്കണം. നീതിയും നിയമവും നടപ്പാവുന്നുവെന്നും നിയമവാഴ്ച ഉറപ്പാക്കുന്നുവെന്നും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്നും കോടതികളേയും അന്വേഷണ ഏജന്‍സികളേയും നിര്‍ബന്ധിതരാക്കണം. ഇത് ഹിന്ദുവും മുസ്ലീമും തമ്മിലുള്ള പ്രശ്‌നമോ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്‌നമോ അല്ല. ഇത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. മാനവരാശിയുടെ ചരിത്രത്തിന്റെ ഏറ്റവും മഹത്തായ പരീക്ഷണമെന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ, ഈ രാജ്യത്തിന്റെ മാനവികതയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.

അത്തരത്തില്‍ വന്‍തോതിലുള്ള മുന്നേറ്റങ്ങളുണ്ടായില്ലെങ്കില്‍ ഈ രണ്ടു പേരും ചേര്‍ന്ന് ഇന്ത്യ എന്ന ആശയത്തെ എന്നെന്നേക്കുമായി കുഴിച്ചു മൂടും. ഈ മഹത്തായ റിപ്പബ്ലിക്കിന്റെ ചരമഗീതത്തിന്റെ വരികള്‍ ഓരോ ദിവസവും എഴുതിക്കൊണ്ടിരിക്കുകയാണ് ഈ രണ്ടു പേരും ചേര്‍ന്ന്. നമുക്ക് അവരെ തടഞ്ഞേ മതിയാകൂ.

പി.എസ്: ജനാധിപത്യം ഭിന്നിപ്പിക്കല്‍ തന്നെയാണ്. ഇവിടെ ജീവിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് നോര്‍ത്ത് കൊറിയയിലേക്ക് പോകാം- മേഘാലയ ഗവര്‍ണര്‍ തഥാഗത റോയ്


Next Story

Related Stories