TopTop

ക്ലാസ് മുറികള്‍ സ്മാര്‍ട്ടാക്കിക്കോളൂ... പക്ഷേ, അതിര്‍ത്തി ഗ്രാമത്തിലുള്ള ഈ എല്‍പി സ്കൂളിന് ചിലത് പറയാനുണ്ട്

ക്ലാസ് മുറികള്‍ സ്മാര്‍ട്ടാക്കിക്കോളൂ... പക്ഷേ, അതിര്‍ത്തി ഗ്രാമത്തിലുള്ള ഈ എല്‍പി സ്കൂളിന് ചിലത് പറയാനുണ്ട്
പുത്തന്‍ സാങ്കേതിക വിദ്യകള്‍ക്ക് പിന്നാലെ നാടും നഗരവും ഓടിത്തുടങ്ങുമ്പോള്‍ സര്‍ക്കാരും അതിനുപിന്നാലെ പാഞ്ഞെത്താന്‍ ശ്രമങ്ങള്‍ നടത്തുന്നത് അഭിനന്ദനാര്‍ഹം തന്നെ. പുതിയ കാലത്തെ സകല സൗകര്യങ്ങളും ചേര്‍ത്ത് നിര്‍മ്മിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളോട് കിടപിടിക്കാന്‍ പൊതുവിദ്യാലയങ്ങളെക്കൂടി പ്രാപ്തമാക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതിനോടൊപ്പം, പ്രത്യേക ശ്രദ്ധ ആവശ്യമായ ഇടങ്ങളിലേക്ക് സര്‍ക്കാരിന്റെ കാഴ്ചകള്‍ എത്തുക തന്നെ വേണം. കൃത്യമായ വാഹന സൗകര്യങ്ങളില്ലാതെയും ഇരുന്ന് പഠിക്കാന്‍ അടച്ചുറപ്പുള്ള ക്ലാസ് മുറികളില്ലാതെയും പാഠപുസ്തകങ്ങളും ടീച്ചര്‍മാര്‍ക്കുള്ള കൈപ്പുസ്തകങ്ങളും എത്താന്‍ വൈകുന്നതും, കാട്ടാനകളെ പേടിച്ചും പൊതുവിദ്യാലയങ്ങളെ പേടിയോടെ മാത്രം നോക്കിക്കാണുന്നതുമായ വലിയൊരു ശതമാനം കുട്ടികളുള്ള കാസര്‍ഗോഡിനെ കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കുകയില്ല.

കാസര്‍ഗോഡ് പിന്നാക്ക ജില്ലയായി കാലാകാലം തഴയപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതൊരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, ഭാവിവാഗ്ദാനങ്ങളെ വാര്‍ത്തെടുക്കേണ്ടുന്ന പൊതുവിദ്യാലയങ്ങളുടെ കാര്യത്തില്‍ കാണിക്കുന്ന ഈ അലസത തുടര്‍ന്നാല്‍ അധികം വൈകാതെ തന്നെ ജില്ലയിലെ ഒരുവിഭാഗം മനസ്സില്ലാ മനസോടെ അത്തരം വിദ്യാലയങ്ങളെ കയ്യൊഴിയുകതന്നെ ചെയ്യും. കാസര്‍ഗോഡിന്റെ അതിര്‍ത്തി പ്രദേശത്ത് കര്‍ണാടകയുമായി അതിര്‍ത്തി പങ്കിട്ട് കിടക്കുന്ന വോര്‍ക്കാടിയിലെ ജനങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്നത് അത്ര വലിയ അവഗണനയാണ്. പഞ്ചായത്തിലാകെയുള്ളത് ഒരേയൊരു സര്‍ക്കാര്‍ സ്കൂള്‍. അതാണെങ്കില്‍ ദശാബ്ദങ്ങളായിട്ടും അപ്ഗ്രേഡ് ചെയ്യപ്പെടാതെ എല്‍പി സ്‌കൂളായി തന്നെ തുടരുന്നു.

1949-ലാണ് വോര്‍ക്കാടിയിലെ പാത്തൂരില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ തുടങ്ങിയത്. ബാലകൃഷ്ണ പയ്യത്തായ എന്ന പ്രാദേശിക വ്യക്തി സ്ഥലം നല്‍കിയതിനെ തുടര്‍ന്ന് പൊതുവിദ്യാലയം തുറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. കന്നഡ ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായതിനാല്‍ തന്നെ കന്നഡ മീഡിയം സ്‌കൂളായാണ് പാത്തൂര്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാന അധ്യാപകനടക്കം അഞ്ച് അധ്യാപകരും ഒന്നുമുതല്‍ നാലാം തരം വരെയായി 19 വിദ്യാര്‍ത്ഥികളും, ക്ലീനിംഗിനും പാചകത്തിനുമായി ഓരോ തൊഴിലാളികളുമാണ് സ്‌കൂളിലുള്ളത്.

സ്‌കൂള്‍ കെട്ടിടം സ്ഥാപിച്ചു നല്‍കി എന്നല്ലാതെ സ്ഥലം സര്‍വ്വേ ചെയ്തിട്ടില്ലാത്തതിനാല്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ അതിരുകള്‍ തിരിച്ചിട്ടില്ല. എല്‍.പി സ്‌കൂളിലെ കുട്ടികള്‍ക്കെല്ലാം കളിച്ചു നടക്കാനൊരു ഗ്രൗണ്ട് എന്ന സ്വപ്നത്തിനും കാല്‍ നൂറ്റാണ്ടിലധികം പഴക്കമുണ്ട്. സ്‌കൂള്‍ സ്ഥിതിചെയ്യുന്ന പാത്തൂരില്‍ നിന്നും ഒന്നര കിലോമീറ്റര്‍ പിന്നിട്ട് കഴിഞ്ഞാല്‍ കര്‍ണ്ണാടകയില്‍ നിരവധി സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ സജീവമാണെന്നിരിക്കെയാണ് കാസര്‍ഗോട്ടെ സ്‌കൂളിന്റെ ഈ ദുര്‍ഗ്ഗതി. സൗകര്യങ്ങള്‍ പൊതുവേ കുറവായ സര്‍ക്കാര്‍ സ്‌കൂളിലേക്ക് കുട്ടികളെ പറഞ്ഞയയ്ക്കാന്‍ സാധിക്കാത്തതിനാല്‍ പല രക്ഷിതാക്കളും മക്കളെ ഇവിടെ ചേര്‍ക്കാന്‍ മടിക്കുന്നുവെന്ന് അധ്യാപകര്‍ പറയുന്നു.സ്‌കൂളിലെ അദ്ധ്യാപകനായ അബ്ദുല്‍ മജീദ് പറയുന്നതിങ്ങനെ; 'രണ്ട് ഏക്കര്‍ 32 സെന്റ് സ്ഥലം സ്‌കൂളിനുണ്ടെന്ന് അറിയാമെങ്കിലും സര്‍വ്വേ ചെയ്ത് സ്ഥലം അളന്ന് തിട്ടപ്പെടുത്താത്ത സാഹചര്യത്തില്‍ വലിയ പ്രശ്നങ്ങളാണ് സ്‌കൂള്‍ നേരിടുന്നത്. സ്‌കൂള്‍ പറമ്പിലൂടെ നാല് വീട്ടിലേക്കുള്ള വഴികളാണുള്ളത്. വാഹനങ്ങളിലും മറ്റുമുള്ള പ്രദേശവാസികളുടെ സഞ്ചാരം പാടില്ലെന്ന് പറയാനോ, ചുറ്റുമതില്‍ കെട്ടാനോ മതിയായ രേഖകള്‍ സ്‌കൂളിന്റെ പക്കലില്ല. കുട്ടികള്‍ കളിക്കാനും മറ്റുമായി ഇറങ്ങുന്ന സമയങ്ങളില്‍ അധ്യാപകരും സദാ കൂടെ നില്‍ക്കേണ്ട അവസ്ഥയാണിപ്പോഴുള്ളത്. വീട്ടുകാരുടേയും അധ്യാപകരുടേയും കയ്യില്‍ സ്‌കൂള്‍ പരിസരത്ത് സ്ഥാപിച്ച ഗേറ്റിന്റെ താക്കോലുമായി പരസ്പര വിശ്വാസത്തിന്റെ പുറത്താണ് ഇപ്പോള്‍ ഇതുവഴിയുള്ള സമീപവാസികളുടെ യാത്ര. പ്രായമായവരും താമസിച്ചുവരുന്ന സമീപത്തുള്ള വീടുകളിലുള്ളവര്‍ക്കും ഇത് തലവേദനയാണ്. റവന്യൂ മന്ത്രിയുടെ സ്വന്തം ജില്ലയില്‍ നിന്നും ഇങ്ങനെയൊരാവശ്യത്തിനായി പലതവണ അലയേണ്ടി വരുന്നത് സങ്കടപ്പെടുത്തുന്നുണ്ട്.


കഴിഞ്ഞ കലോത്സവത്തില്‍ കന്നഡ വിഭാഗത്തില്‍ മഞ്ചേശ്വരം സബ്ജില്ലയില്‍ രണ്ടാംസ്ഥാനത്തെത്താന്‍ പാത്തൂരിലെ കുഞ്ഞുങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ പ്രവര്‍ത്തി പരിചയ മേളയിലും കലാരംഗങ്ങളിലും കുട്ടികള്‍ നല്ല മികവ് പുലര്‍ത്തുന്നുണ്ട്. കായിക രംഗത്തും ഈ വിജയങ്ങള്‍ ആവര്‍ത്തിക്കാന്‍ നല്ലൊരു പ്ലേ ഗ്രൗണ്ടും കൃത്യ സമയത്ത് ലഭ്യമാകുന്ന പാഠ പുസ്തകങ്ങളുമൊക്കെയാണ് ഈ കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും ആവശ്യം.'

കന്നഡ മീഡിയം സ്‌കൂളുകളെല്ലാം നേരിടുന്ന മറ്റ് പ്രശ്നങ്ങളും ജി.എല്‍.പി.എ സ്‌കൂള്‍ പാത്തൂരും നേരിടുന്നുണ്ട്. കല, കായികം, കൈവേല വിഷയങ്ങള്‍ക്ക് പുതിയതായി പാഠപുസ്തകങ്ങള്‍ സര്‍ക്കാര്‍ ഇറക്കിയെങ്കിലും, പാഠപുസ്തകങ്ങള്‍ ഈ അധ്യയന വര്‍ഷം എത്തിയത് മലയാളം മീഡിയങ്ങളില്‍ മാത്രമാണ്. വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനായുള്ള അധ്യാപകരുടെ കൈപ്പുസ്തകങ്ങളും എത്തിയിട്ടില്ല. ഇത് ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് അവിടെയും അവഗണന തന്നെ.

ഫെബ്രുവരിക്കും മുന്‍പ് തന്നെ ജലക്ഷാമം നേരിടുന്ന പഞ്ചായത്താണ് വോര്‍ക്കാടി. പഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളിലെന്ന പോലെ തന്നെ സ്‌കൂളും ജലക്ഷാമം നേരിടുന്നു. കഴിഞ്ഞ കുറച്ച് കാലമായി സ്‌കൂളിനായി നിര്‍മ്മിച്ച കുഴല്‍ക്കിണര്‍ മാത്രമാണ് സ്‌കൂളിനുള്ള ഏക ജലസ്രോതസ്സ്. വേനല്‍ കടുത്താല്‍ ഇതും വറ്റും. മാര്‍ച്ച് മാസത്തില്‍ വാര്‍ഷിക പരീക്ഷ കഴിഞ്ഞ് രണ്ട് മാസക്കാലം സ്‌കൂള്‍ അടക്കുമല്ലോ എന്ന പ്രതീക്ഷയിലാണ് അധ്യാപകര്‍.

അതിര്‍ത്തി ഗ്രാമത്തിലെ ഒരേയൊരു പൊതു വിദ്യാലയത്തിന്റെ പരിതാപകരമായ അവസ്ഥയാണിത്. ദശാബ്ദങ്ങളായി പല തലമുറകള്‍ പോരായ്മകളിലും ഇരുന്ന് പഠിച്ചിറങ്ങിയ ക്ലാസ് മുറികളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇരുപതിലും താഴേക്കെത്താനുള്ള പ്രധാനകാരണങ്ങളെല്ലാം ബോധ്യമായിരുന്നിട്ടും, അതൊന്നും വകവെയ്ക്കാതെയാണ് ക്ലാസ് മുറികള്‍ സ്മാര്‍ട്ടാക്കാന്‍ ഒരുങ്ങുന്നത്. ഭാഷാ ന്യൂനപക്ഷങ്ങളോടും അതിര്‍ത്തി പ്രദേശങ്ങളിലെ ജീവിതങ്ങളോടും കാട്ടുന്ന കടുത്ത അവഗണന മതിയാക്കാന്‍ ഇനിയും സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഈ പ്രദേശങ്ങളില്‍ പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക എന്ന കടമ്പ കീറാമുട്ടിയാവുക തന്നെ ചെയ്യും.

(മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

[PS: കുട്ടികളുടെ ചിത്രം ഉപയോഗിച്ചിരിക്കുന്നത് ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയോടെ. പകര്‍ത്താനോ ദുരുപയോഗം ചെയ്യാനോ പാടില്ല.]


Next Story

Related Stories