ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കി രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സര്‍വകലാശാലയായ 'കേരളാ യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നോവേഷന്‍ ആന്‍ഡ് ടെക്നോളജി' ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കേരള സര്‍ക്കാര്‍ രണ്ടു പതിറ്റാണ്ട് മുന്‍പ് സ്ഥാപിച്ച 'ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് കേരള'-യുടെ പദവി ഉയര്‍ത്തിയാണ് ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ടെക്നോസിറ്റിയിലെ 10 ഏക്കര്‍ സ്ഥലത്താണ് ഡിജിറ്റല്‍ സര്‍വകലാശാലയുടെ ആസ്ഥാനം.
കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളുടേയും ഗവേഷണസ്ഥാപനങ്ങളുടേയും ലൈബ്രറികളെ വെബ് നെറ്റ്വര്‍ക്കിലൂടെ ബന്ധിപ്പിക്കുന്ന കാള്‍നെറ്റ് (കേരള അക്കാദമിക് ലൈബ്രറി നെറ്റ്വര്‍ക്ക്) വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നു. ലോകത്തെവിടെ നിന്നും ഓണ്‍ലൈനായി ഗവേഷകര്‍ക്ക് സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലാ ലൈബ്രറികളിലേയും പുസ്തകശേഖരങ്ങളെപ്പറ്റിയും ജേര്‍ണലുകളെപ്പറ്റിയും ഗവേഷണ പ്രബന്ധങ്ങളെപ്പറ്റിയും അറിയാനും പ്രസക്തമായ ഉള്ളടക്കം ഇ-മെയില്‍ വഴി സമ്പാദിക്കാനും ഇതു സഹായിക്കുന്നു. ഉള്ളടക്കം വെബ്സൈറ്റില്‍ നിന്നു തന്നെ വായിക്കാനുള്ള സൗകര്യം ക്രമേണ ഒരുക്കും.എല്ലാ കോളേജ് ലൈബ്രറികളും താമസിയാതെ കാള്‍നെറ്റിന്റെ ഭാഗമാകും. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുപ്രധാന ചുവടുവെയ്പ്പാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.