'ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കല്‍: കേരളത്തിന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍' എന്ന വിഷയത്തില്‍ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് (സിപിപിആര്‍) ജനുവരി 7 ന് വൈകുന്നേരം 4:30 മുതല്‍ 6:30 വരെ വെബിനാര്‍ സംഘടിപ്പിക്കുന്നു.
പുതിയ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി 2020) നടപ്പിലാക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ നിലവിലുള്ള സ്കൂള്‍ വിദ്യാഭ്യാസ സാഹചര്യങ്ങളെക്കുറിച്ചും, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ നയം നടപ്പിലാക്കുന്നതില്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനും, കേരളത്തിന്റെ വിദ്യാഭ്യാസ മേഖലക്ക് കോവിഡ് നല്കിയ ആഘാതം മനസിലാക്കുന്നതിനും ചര്‍ച്ച ലക്ഷ്യമിടുന്നതായി സംഘാടകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
സിപിപിആറിലെ പ്രത്യേക ഉപദേഷ്ടാവ് ഡോ ഷക്കീല ഷംസു പാനലില്‍ ഉള്‍പ്പെടുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ ഒഎസ്ഡി ആയും, ദേശീയ വിദ്യാഭ്യാസ നയം തയ്യാറാക്കുന്നതിനുള്ള സമിതിയുടെ സെക്രട്ടറിയുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ആസൂത്രണവും നയരൂപീകരണവും, അധ്യാപക വിദ്യാഭ്യാസം, ഐസിടി, ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിംങ് എന്നിവയാണ് പ്രധാന പ്രവര്‍ത്തന മേഖലകള്‍.
സിപിപിആര്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ഡോ ഡി. ധനുരാജ് ചര്‍ച്ച മോഡറേറ്റ് ചെയ്യും.കൂടുതല്‍ വിവരങ്ങള്‍ക്കും സെഷനില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും https://www.cppr.in/educationdialogues എന്ന ലിങ്ക് സന്ദര്‍ശിക്കുക. രജിസ്ട്രേഷന് സൗജന്യമാണ്.