കണ്ണൂര്‍ സര്‍വകലാശാല മൈക്രോബയോളജി ആന്‍ഡ് ബയോടെക്നോളജി വിഭാഗം ഗവേഷക വിദ്യാര്‍ത്ഥികളുടെ സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ ഇന്സിനാരിയോ ലാബ്സ് കണ്ണൂര്‍ സര്‍വകലാശാലയുമായി ധാരണാ പത്രം ഒപ്പുവെച്ചു. അക്കാദമിക പഠനങ്ങളുടെ ഭാഗമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രബന്ധങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകാതെ പൊതുസമൂഹത്തിന് ഉപയോഗപ്രദമായ ഉല്‍പ്പന്നങ്ങളാക്കി മാറ്റി വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു കൂട്ടം ഗവേഷക വിദ്യാര്‍ത്ഥികള്‍ 'ഇന്സിനാരിയോ ലാബ്സ്' എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്.
മിക്കവാറും ചെറുകിട സംരംഭങ്ങള്‍ ആവശ്യമായ ഗവേഷണ അടിത്തറയില്ലാതെയാണ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. എന്നാല്‍ ഗവേണത്തിന്റെ പിന്‍ബലത്തോടെ കൃത്യമായ അളവില്‍ ചേരുവകള്‍ ചേര്‍ത്ത് ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിച്ച് ഗുണഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ഇന്സിനാരിയോ ലാബ്സ് ചെയ്യുന്നതെന്ന് മാനേജിങ് ഡയറക്ടറും ലൈഫ് സയന്‍സ് ഗവേഷക വിദ്യാര്‍ത്ഥിയുമായ ജെ. അഭിതാജ് പത്രക്കുറിപ്പില്‍ പറഞ്ഞു.
രോഗനിര്‍ണയത്തിന് ആവശ്യമായ പി.സി.ആര് അധിഷ്ടിത കിറ്റ്, വിവിധ പ്രായക്കാര്ക്കാവശ്യമായ പോഷക സമ്പന്നമായ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഇന്സിനാരിയോ ലാബ്സ് വിപണിയിലെത്തിക്കുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്, പ്രൊ വൈസ് ചാന്‍സലര്‍ പ്രഫ. സാബു എ, മൈക്രോബയോളജി ആന്‍ഡ് ബയോടെക്നോളജി വകുപ്പ് മേധാവി ഡോ. ഇ ജയദേവി വാര്യര്‍, കമ്പനി പ്രതിനിധി സി ശരണ്യ സി, എം കിരണ്‍ എന്നിവര്‍ പങ്കെടുത്തു.