TopTop
Begin typing your search above and press return to search.

ഭാഷയിലെ പിഴവ് അലോസരപ്പെടുത്തുന്നുവോ? എങ്കിൽ നിങ്ങള്‍ അന്തര്‍മുഖരായിരിക്കും

ഭാഷയിലെ പിഴവ്  അലോസരപ്പെടുത്തുന്നുവോ? എങ്കിൽ നിങ്ങള്‍ അന്തര്‍മുഖരായിരിക്കും

ചങ്ങാതിയുടെ ഇ മെയില്‍ സന്ദേശത്തിലെ വ്യാകരണപ്പിശക് നിങ്ങളെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ടോ? ഓഫീസില്‍ സെക്രട്ടറി കൊണ്ടുവന്ന കുറിപ്പിലെ ചെറിയ അക്ഷരപ്പിഴപോലും നി്ങ്ങളെ ദേഷ്യം പിടിപ്പിക്കുന്നുണ്ടോ? വാക്കുകളുടെ കൃത്യതയ്ക്കായി നിങ്ങള്‍ അവരുമായി അടിയ്ക്കടി ശണ്ഠകൂടാറുണ്ടോ? ഇത്തരത്തിലുള്ള ഭാഷാ പിഴവ് അടിസ്ഥാനപ്പെടുത്തി ആളുകളുടെ വ്യക്തിത്വത്തെ കുറിച്ച് തന്നെ വിധി പ്രസ്താവങ്ങള്‍ നടത്താന്‍ ശ്രമിക്കാറുണ്ടൊ?

അങ്ങനെയെങ്കില്‍ ഒന്നു മനസ്സില്‍ വെച്ചേയ്ക്കൂ. നിങ്ങള്‍ തീര്‍ച്ചയായും അന്തര്‍മുഖനാകാന്‍ ഇടയുണ്ട്. ഇത് വെറുതെ പറയുന്നതല്ല. അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയിലെ ഭാഷാശാസ്ത്രജ്ഞര്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അച്ചടിപ്പിശകും വ്യാകരണപ്പിശകും ബഹിര്‍മുഖ വ്യക്തിത്വമുള്ളവരേക്കാള്‍ അലോസരപ്പെടുത്തുക അന്തര്‍മുഖരെയാണെന്നാണ് വ്യക്തിത്വ സവിശേഷതകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നത്.

വ്യവസ്ഥാപിതമായ രീതിയില്‍, ഒരു പ്രത്യേക ക്രമത്തില്‍ കാര്യങ്ങള്‍ നടക്കണമെന്ന നിര്‍ബന്ധ ബുദ്ധിക്കാരായിരിക്കും അന്തര്‍മുഖര്‍.വ്യാകരണ പുസ്തകം പറയുന്നതുപോലെ മാത്രമേ എഴുതാന്‍ ആകൂവെന്ന് ഇത്തരക്കാര്‍ സദാപി ശാഠ്യം പിടിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഭാഷാ പിഴവുകള്‍ വരുത്തുന്നവരോട് പൊറുക്കില്ലെന്ന് മാത്രമല്ല അത്തരക്കാരുമായി ഒരുതരത്തിലുള്ള സംസര്‍ഗത്തിനും ഈ ആളുകള്‍ തയാറാകുകയും ഇല്ലെന്നാണ് പഠനം പറയുന്നത്.

ഇംഗ്ലീഷ് ഭാഷ എഴുതുമ്പോള്‍ സാധാരണ ഉണ്ടാകാറുള്ള രണ്ടു തരത്തിലുള്ള തെറ്റുകളാണ്. വ്യാകാരണ ശാസ്ത്രത്തിലെ അറിവു കുറവുകൊണ്ടുവരുത്തുന്ന ഗ്രാമോസ്-gramos-എന്നറിയപ്പെടുന്ന തെറ്റുകള്‍. മറ്റൊന്ന് തെറ്റായി സ്പെല്‍ ചെയ്ത് ഉണ്ടാക്കുന്ന ടൈപ്പോസ്-typos-എന്ന തരത്തിലെ തെറ്റുകള്‍. ഇവരണ്ടും എങ്ങനെയാണ് ആളുകളില്‍ പ്രതികരണം സൃഷ്ടിക്കുകയെന്നതായിരുന്നു പഠനത്തിന്റെ ഊന്നല്‍. സര്‍വകലാശാലയിലെ ഭാഷാശാസ്ത്രജ്ഞരായ ജൂലി ബൊളാങ്ങും റോബിന്‍ ക്വീനുമാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. പഠനത്തിന്റെ ഭാഗമായി വിവിധ പ്രായത്തിലുള്ള, വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നും ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത ആളുകളുടെ പക്കല്‍ എതാനും ഇ മെയില്‍ സന്ദേശങ്ങള്‍ നല്‍കി. റൂംമേറ്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള പരസ്യത്തിന്റെ പ്രതികരണമായി ലഭിച്ച കത്തുകളായിരുന്നു അവയെല്ലാം. തുടര്‍ന്ന് പഠനത്തിനായി തെരഞ്ഞെടുത്തവരുടെ വ്യക്തിത്വ സവിശേഷതകളെ അഗീകൃത മനശാസ്ത്ര മാനകമായ ബിഗ് 5 ട്രെയിറ്റുകളുടെ അടിസ്ഥാനത്തില്‍ പഠനത്തിനു വിധേയമാക്കി. വ്യക്തിത്വങ്ങളെ openness, conscientiounsess, extroversion-introversion, agreeableness, neuroticism എന്നിങ്ങനെ വര്‍ഗീകരിച്ച് പഠനത്തിനു വിധേയമാക്കുന്ന സബ്രദായമാണ് ബിഗ് 5 ട്രെയിറ്റ് പഠന രീതിയില്‍ അവലംബിക്കുന്നത്.

മിഷിഗണ്‍ സര്‍വകലാശാലയിലെ പണ്ഡിതര്‍ നടത്തിയ വിശകലനങ്ങള്‍ അന്തര്‍മുഖര്‍ ഭാഷാ പിഴവുകള്‍ ഉള്ളവരെ സഹമുറിയന്മാരായി തെരഞ്ഞെടുക്കില്ലെന്ന കണ്ടെത്തലിലേക്ക് എത്തിച്ചു. അന്തര്‍മുഖത്വം ഉള്ളവര്‍ വ്യക്തിത്വത്തില്‍ ഊഷ്മളത്വം പൂര്‍ണമായും കൈമോശം വന്നവരൊന്നുമാകണമെന്നില്ല. പിന്നെ എന്തുകൊണ്ടാണ് ഇത്തരം സവിശേഷത അവര്‍ വെച്ചുപുലര്‍ത്തുന്ന കാര്യം ഒട്ടൊക്കെ പഠിതാക്കളെ അത്ഭുതപ്പെടുത്തുകയും ചെയ്തു.

അന്തര്‍മുഖരെ ഹൈപ്പര്‍ സെന്‍സിറ്റീവ് പീപ്പിള്‍(എച്ച്എസ്പി) എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. റോബിന്‍ ക്വീന്‍ പറയുന്നത് നിര്‍ദ്ദിഷ്ട തത്വങ്ങളില്‍ നിന്നും വ്യതിചലിച്ച് ഭാഷ ഉപയോഗിക്കുന്നത് ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് വായിച്ച് കാര്യം ഗ്രഹിച്ചെടുക്കുന്നതില്‍ കൂടുതല്‍ പ്രയത്നം വേണ്ടിവരുന്ന സാഹചര്യം സൃഷ്ടിച്ചേക്കാമെന്നാണ്. ഇതവരുടെ സംവേദനങ്ങളെ കൂടുതല്‍ ഉദ്ദീപിപ്പിക്കാന്‍ ഇടവെച്ചേക്കാം. അന്തര്‍മുഖര്‍ മിക്കവാറും എല്ലായിപ്പോഴും അതി ഉദ്ദിപ്ത മാനസികാവസ്ഥയില്‍ -hyperarousal-ജീവിയ്ക്കുന്നവരാണ്.

ഉദ്ദിപ്ത ഇന്ദ്രീയതലവും വൈകാരികാവസ്ഥയും സങ്കീര്‍ണമാക്കിയ വ്യക്തിത്വമുള്ള അന്തര്‍മുഖര്‍ സോഷ്യല്‍ ബേണൗട്ട് എന്നും ഇന്‍ട്രോവര്‍ട് ഹാങ്ങോവര്‍ എന്നും വിശേഷിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിപ്പെടാറുണ്ട്. കടുത്ത ശാരീരിക ക്ഷീണവും മാനസികമായ എരിഞ്ഞുതീരലും ഇതിന്റെ ഭാഗമായി ഉണ്ടാകും. ഇത്തരം അവസ്ഥയില്‍ എത്തിനില്‍ക്കുന്ന ഒരാള്‍ക്ക് തെറ്റായ ഭാഷയിലേയും പ്രയോഗങ്ങളിലേയും നെല്ലും പതിരും വ്യവച്ഛേദിച്ച് കാര്യങ്ങള്‍ കൃത്യമായി ഗ്രഹിച്ചെടുക്കുന്നതിന് കൂടുതല്‍ യത്നിക്കേണ്ടിവന്നേക്കാം. ഇതവരെ കടുത്ത അസ്വസ്ഥതയിലേക്ക് എത്തിയ്ക്കുന്നതാവണം ഭാഷാ പിഴവുള്ളവരെ പടിയ്ക്കുപുറത്തുനിര്‍ത്താന്‍ പ്രേരിപ്പിക്കുന്നത്. റോബിന്‍ ക്വീന്‍ പറയുന്നു.

ബഹിര്‍മുഖര്‍ക്കാവട്ടെ ഇത്തരം അലോസരങ്ങള്‍ ഒന്നുമില്ല. അവര്‍ക്ക് ചഞ്ചലചിത്തരേയും അവരുടെ കൈക്കുറ്റപ്പാടുകളിലെ പിഴകളേയും ഒക്കെ ഉള്‍ക്കൊള്ളാന്‍ കൂടുതല്‍ സമയമൊന്നും വേണ്ടിവരില്ല. ഇത്തരക്കാരുമായുള്ള സംസര്‍ഗം ഊര്‍ജ്ജദായകം എന്നാണ് ബഹിര്‍മുഖരുടെ നിലപാട്.

സീക്രട്ട് ലൈവ്സ് ഓഫ് ഇന്‍ട്രോവര്‍ട്സ് ഇന്‍സൈഡ് അവര്‍ ഹിഡന്‍ വേള്‍ഡ് എന്ന പുസ്തകത്തിലൂടെ പ്രസിദ്ധയായ ജെന്‍ ഗ്രാനെമാന്‍ എന്ന എഴുത്തുകാരിയാണ് മിഷഗണ്‍ സര്‍വകലാശാലയിലെ പഠനത്തിലെ കണ്ടെത്തലുകള്‍ വിശദീകരിച്ച് പ്രമുഖ മനശാസ്ത്ര പ്രസിദ്ധീകരണമായ സൈക്കോളജി ടുഡേയില്‍ ലേഖനം എഴുതിയിരിക്കുന്നത്. പഠനം പുറത്തുവിട്ട വിവരങ്ങള്‍ തനിയ്ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണെങ്കിലും വിപുലമായ അന്തര്‍മുഖ സമൂഹം ഇക്കാര്യത്തെ കുറിച്ച് എങ്ങനെ പ്രതികരി്ക്കുമെന്നറിയാന്‍ അവര്‍ക്ക് തികഞ്ഞ കൗതുകം ഉണ്ടായിരുന്നു. 80,000ത്തില്‍ പരം അംഗങ്ങളുള്ള അന്തര്‍മുഖരുടെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ പഠനത്തി്ലെ വിവരങ്ങള്‍ പങ്കുവെച്ചപ്പോള്‍ ലഭിച്ച പ്രതികരണങ്ങള്‍ പഠനത്തെ കൂടുതല്‍ സ്ഥിരീകരിക്കുന്നവയായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജെന്‍ ഗ്രാനെമാന്‍ 2013ല്‍ ഉണ്ടാക്കിയ IntrovertDear.com എന്ന വെബ് സൈറ്റ് ലോകത്തെലെങ്ങുമുള്ള അന്തര്‍മുഖരുടെ ഏറ്റവും വലിയ കൂട്ടായ്മയാണ്.


Next Story

Related Stories