പമ്പാടി നെഹ്രു എന്‍ജിനിയറിംഗ് കോളേജില്‍ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണേയിയുടെ വീട് വിദ്യഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് സന്ദര്‍ശിച്ചു. മകന് ഒരിക്കലും കോപ്പി അടിക്കില്ലെന്നും നന്നായി പഠിക്കുന്നയാളായിരുന്നെന്നും ജിഷ്ണുവിന്റെ മാതാപിതാക്കള്‍ മന്ത്രിയെ അറിയിച്ചു. ശരീരത്തിലെ മുറിവുകളില്‍ ദുരൂഹതയുണ്ടെന്നും മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
മകന് ആത്മഹത്യക്കുറിപ്പ് എഴുതാന്‍ സാധ്യതയില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും അവര്‍ മന്ത്രിയെ അറിയിച്ചു. അതേസമയം ജിഷ്ണു കോപ്പി അടിച്ചിട്ടില്ലെന്ന് സര്‍വകലാശാല സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നെഹ്രു കോളേജില്‍ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാണെന്നും ഇതേക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
ഇരുപത് മിനിറ്റോളം മന്ത്രി ജിഷ്ണുവിന്റെ വീട്ടില്‍ ചെലവഴിച്ചു. ഇ കെ വിജയന് എംഎല്‍എയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറാനാണ് വിദ്യാഭ്യാസ മന്ത്രി എത്തിയത്.