TopTop
Begin typing your search above and press return to search.

പഠനത്തിന്റെ ചിട്ടയും താളവും എങ്ങനെ കണ്ടെത്താം? ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

പഠനത്തിന്റെ ചിട്ടയും താളവും എങ്ങനെ കണ്ടെത്താം? ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

പഠനത്തിന് ചിട്ടയും അച്ചടക്കവും ഉണ്ടാക്കിയെടുക്കേണ്ടത് അനിവാര്യമാണ്. അത് ഏത് സമ്പ്രദായത്തെ പിന്‍തുടരുമ്പോഴും അനിവാര്യമാകുന്നു. കൃത്യമായ ചിട്ടയും താളവും സ്വയം ഉണ്ടാക്കിയെടുക്കണം.അഭിരുചിക്കൊത്ത വിഷയം തെരഞ്ഞെടുത്തതുകൊണ്ടു മാത്രമായില്ല, അതില്‍ മുന്നോട്ട് പോകുന്നതിന് സ്വന്തം വ്യക്തിത്വത്തിന് ഉതകുന്ന തരത്തിലുള്ള മാര്‍ഗങ്ങളും കണ്ടത്തേണ്ടതുണ്ട്. നിലവിലെ പരീക്ഷ, വിലയിരുത്തല്‍ സമ്പ്രദായങ്ങളില്‍ മികച്ച ഗ്രേഡ് ലഭിക്കുന്നതിന് സഹായിക്കുന്ന തരത്തിലും സര്‍ഗാത്മകത പരിപോഷിപ്പിക്കുന്ന തരത്തില്‍ വിപുലീകരിച്ച് എടുക്കുന്നതിലും ഓരോരുത്തരും ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്.

നമ്മുടെ വിദ്യാഭ്യാസ ക്രമം വലിയ തോതില്‍ മത്സരാത്മകമാണ്. ഒരു വലിയ അളവ് വരെ അത് ഓര്‍മ്മശക്തി പരിശോധനയും ആണ്. ഇത്തരം കാര്യങ്ങളൊക്കെ മനസ്സിലാക്കി വേണം പഠനത്തെ ചിട്ടപ്പെടുത്താന്‍. ശാസ്ത്രീയമായ സമീപനം അതിനായി അവലംബിക്കുകയും വേണം. അക്കാര്യത്തില്‍ സഹായകമായ ചില സംഗതികളാണ് ചുവടെ കൊടുക്കുന്നത്.

1. ആത്മവിശ്വാസം

ഏത് കാര്യം ചെയ്യുമ്പോഴും ആത്മവിശ്വാസം അനിവാര്യമാകുന്നു. പഠനത്തില്‍ വിശേഷിച്ചും. പ്രതിസന്ധികളില്‍ പകച്ചുപോകരുത്. വ്യക്തമായ ലക്ഷ്യത്തോടെ പഠനത്തെ കാണുക. കല്ലുകള്‍ അടുക്കിവെച്ച് കല്ലടരുകള്‍ നിര്‍മിച്ച് സൗധം പണിയുന്നതുപോലെ തികഞ്ഞ ആത്മവിശ്വാസത്തോടെ ഓരോ കാര്യങ്ങളും ചെയ്യുക. പഠനത്തിനിടെ ഏതെങ്കിലും ഭാഗം മനസ്സിലാക്കാന്‍ ആവാതെ പോകുമ്പോഴോ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാവാതെ വരുമ്പോഴോ വഴിമുട്ടി എന്ന ചിന്ത വളര്‍ത്തരുത്. പ്രശ്‌നങ്ങള്‍ അധ്യാപകരോട്, രക്ഷിതാക്കളോട്, ചങ്ങാതിമാരോട് ഒക്കെ സംസാരിക്കണം. ഇത്തരം സംസാരങ്ങള്‍ തന്നെ പലപ്പോഴും പ്രശ്‌നപരിഹാരങ്ങളായി തീരും എന്നതാണ് വാസ്തവം.

വലിയ ദൂരം പിന്നിടാനിറങ്ങിയ ഓട്ടക്കാരാണെന്ന ഓര്‍മ്മ വേണം. എത്തേണ്ടിടം ഏതെന്ന വ്യക്തതയോടെ, ലക്ഷ്യബോധത്തോടെ വേണം ഓരോ കാര്യങ്ങളും ചെയ്യാന്‍. പ്രതിസന്ധികള്‍ വന്നാലും പാതിവഴിയില്‍ ഓട്ടം നിര്‍ത്തരുത്. വഴിമധ്യെ തളര്‍ന്നുപോകുന്നവരോട് ഒരു കരുണയും കാണിക്കാത്ത തികച്ചും മത്സരാധിഷ്ടിതമായ സമൂഹമാണ് നമ്മുടേത്. തുടര്‍ച്ച ഉറപ്പാക്കി, സ്ഥിരമായി അധ്വാനിക്കുക. നിഷേധാത്മകമായ ചിന്തകളെ തള്ളിക്കളയണം. ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള ജീവിതക്രമം ഉണ്ടാക്കിയെടുക്കണം. പ്രചോദാത്മകങ്ങളായ പുസ്തകങ്ങള്‍ വായിക്കണം. പ്രതിസന്ധികളെ അതിജീവിച്ച് ഉന്നതിയില്‍ എത്തിയവരുടെ ജീവിതം പരിചയപ്പെടണം. കഴിയുമെങ്കില്‍ അത്തരക്കാരുമായി വ്യക്തിപരമായ അടുപ്പം തന്നെ ഉണ്ടാക്കണം. മനസ്സിന്റെ ഭാരം കുറയ്ക്കുന്ന വ്യായാമങ്ങളിലും ജീവിത ചര്യകളിലും ഏര്‍പ്പെടണം.

2. പഠനാന്തരീക്ഷം

പഠനത്തിന് സഹാകമായ അന്തരീക്ഷം സൃഷ്ടിയ്ക്കണം. അതിനായി മറ്റുള്ളവരുടെ ഇടപെടലൊന്നുമില്ലാത്ത സ്വന്തം മുറി എന്നൊക്കെ പറയുന്നത് എല്ലാവരുടേയും കാര്യത്തില്‍ സാധ്യമാകണമെന്നില്ല. അതില്ലെന്ന് ഓര്‍ത്ത് വിഷമിക്കുകയും വേണ്ട. മുറിയോ പ്രത്യേക ഇടമോ വീടിനുള്ളില്‍ ഉണ്ടെങ്കില്‍ നല്ലത്.

നല്ല കാറ്റും വെളിച്ചവും ഉള്ള സ്ഥലമായിരിക്കണം പഠനത്തിനായി തെരഞ്ഞെടുക്കേണ്ടത്. വീട്ടിനകത്ത് മതിയായ സൗകര്യങ്ങളില്ലാത്തവര്‍ ശാന്തമായിരിക്കാവുന്ന മരത്തണലോ മൈതാനങ്ങളോ ഒക്കെ തെരഞ്ഞെടുക്കുന്നതിലും തെറ്റില്ല. മനസ്സിനും ശരീരത്തിനും ഊര്‍ജ്ജം പകരുന്ന ഇടത്തിലിരുന്നു പഠിക്കാന്‍ ശ്രമിക്കുക. ആവുന്നത്ര അടുക്കം ചിട്ടയും പാലിക്കാന്‍ ശ്രമിക്കുക. പഠനത്തിനാവശ്യമായ സാധനങ്ങള്‍ ലഭ്യമായ ഇടത്തില്‍ ചിട്ടയോടെ സൂക്ഷിക്കുക. പഠന സാമഗ്രികള്‍, പേന, പുസ്തകങ്ങള്‍ തുടങ്ങിയവയെല്ലാം കൈയെത്തുന്ന അകലത്തില്‍ തന്നെ വയ്ക്കണം. പഠിക്കുന്ന ഇടവുമായി ആത്മബന്ധം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം.

അസ്വസ്ഥതയുണ്ടാക്കുന്ന തരത്തില്‍ വെളിച്ചം വീഴുന്നത് ഒഴിവാക്കണം. സൂര്യപ്രകാശത്തിനോ വൈദ്യുതി വെളിച്ചത്തിനോ നേരെ താഴെയോ അഭിമുഖമായോ ഇരുന്ന് പഠിക്കുന്ന രീതി അവലംബിക്കരുത്. ശരീരത്തിനോ മനസ്സിനോ അലോസരങ്ങള്‍ ഉണ്ടാകുന്ന തരത്തിലുള്ള സാഹചര്യങ്ങളില്‍ ഇരുന്ന് കഴിവതും പഠിക്കാതെ ഇരിക്കുന്നതാണ് നല്ലത്.

3. സമയക്രമീകരണം

സമയം ക്രമീകരിച്ചുകൊണ്ടു പഠിക്കണം. അതിനായി ആസൂത്രണം വേണം. ടൈം ടേബിളും. സമയക്രമീകരണം വിദ്യാര്‍ത്ഥി ജീവിതത്തിലേ ശീലിക്കേണ്ട ഒന്നാണ്. ഓരോ ദിവസവും പഠിക്കാനുള്ളത് അന്നന്ന് തന്നെ പഠിക്കണം. മാറ്റി വെയ്ക്കരുത്. ഇത്തരം ചിട്ട പിന്നീടുള്ള ജീവിതത്തിലും ഏറെ പ്രയോജനകരമായിരിക്കും. വിഷമകരായ വിഷയങ്ങള്‍/ഭാഗങ്ങള്‍ പഠിക്കാനായി കൂടുതല്‍ സമയം നീക്കിവെയ്ക്കണം. കൂടുതല്‍ ഊര്‍ജ്ജം ഉള്ള സമയവും അത്തരം ഭാഗങ്ങള്‍ക്കായി നീക്കിവെയ്‌ക്കേണ്ടതുണ്ട്. പലരും ഇതിനു വിരുദ്ധമായ ശീലങ്ങള്‍ പാലിക്കുന്നതായി കണ്ടുവരുന്നു. അത് ശരിയല്ല. പഠനത്തിനായി ഒരു മുന്‍ഗണനാ പട്ടികയും പരിശോധന പട്ടികയും സ്വന്തം നിലയില്‍ ഉണ്ടാക്കിയെടുത്ത് വേണം സമയക്രമീകരണം നടത്താന്‍.

4. ആവര്‍ത്തിച്ച് ഉറപ്പിക്കല്‍

നമ്മുടെ പരീക്ഷ ക്രമം കാലങ്ങളായി ഓര്‍മ്മ പരിശോധന കൂടി ആയിത്തീരുന്നതിനാല്‍ ആവര്‍ത്തിച്ച് ഉറപ്പിക്കല്‍ അനിവാര്യമാണ്. അത്തരം സമ്പ്രദായം ശരിയോ തെറ്റോ എന്നത് മറ്റൊരു വിഷയമാണ്. വ്യക്തമായി ഓര്‍മ്മിച്ചെടുക്കാന്‍ സാധിക്കല്‍ നമ്മുടെ പരമ്പരാഗത പരീക്ഷ സമ്പ്രദായത്തില്‍ മികച്ച വിജയത്തിന് അനിവാര്യമാണ്. ആവര്‍ത്തനമാണ് ഓര്‍മ്മ പരിശോധിക്കുന്നതിനുള്ള ഉത്തമമായ മാര്‍ഗം. വായനയ്ക്കിടെ തന്നെ കുറിപ്പുകള്‍ തയാറാക്കുന്നത് ആവര്‍ത്തിച്ച് ഉറപ്പിക്കാന്‍ സഹായകരമായിരിക്കും. പല സമയങ്ങളില്‍, പലവട്ടം ആവര്‍ത്തിച്ച് ഓര്‍മ്മയില്‍ ദൃഢീകരിക്കണം. അങ്ങനെയെങ്കില്‍ മാത്രമേ പരീക്ഷ സമയത്ത് പ്രയോജനകമാകുന്ന തരത്തില്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ആവുകയുള്ളു.

5. കുടുംബാന്തരീക്ഷം, സ്‌കൂള്‍ അന്തരീക്ഷം, വ്യക്തി ശീലങ്ങള്‍

പ്രോത്സാഹന ജനകവും പ്രചോദനാത്മകവും അനുകൂലമായ കുടുംബാന്തരീക്ഷം പഠനത്തിന് അനിവാര്യമാണ്. ഇത് നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ശിക്ഷകള്‍, കുട്ടികളില്‍ മനോസമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകുന്ന തരത്തിലുള്ള പെരുമാറ്റങ്ങള്‍ ഒക്കെ ഒഴിവാക്കണം. പഠനം കൃത്യമായും സമയ ക്രമം പാലിച്ചും നടത്തുന്നതിനുള്ള സഹായം, പാഠ്യേതര വായനക്കും മറ്റു ഹോബികള്‍ക്കുമുള്ള പ്രചോദനം തുടങ്ങിയവയെല്ലാം കുടുംബത്തില്‍ നിന്ന് ഉറപ്പാക്കണം. സംതൃപ്തമായ കുടുംബ ബന്ധവും അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള സാഹചര്യങ്ങളും കുട്ടികള്‍ക്ക് പഠനം കൂടുതല്‍ സുഖകരമാക്കുന്നതിന് സഹായിക്കും. രക്ഷിതാക്കള്‍ അമിത ഇടപെടലുകള്‍ നടത്തരുത്. എന്നാല്‍ നിരീക്ഷണം ഒഴിവാക്കുകയും അരുത്. പരീക്ഷയടുക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് ഉത്കണ്ഠയുണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും അവ കുട്ടികളിലേക്ക് പകര്‍ന്ന് അവരെ തന്നെ കുഴപ്പത്തിലാക്കുന്ന തരത്തില്‍ എത്തിച്ചേരാതിരിക്കാന്‍ ശ്രദ്ധിക്കണം.

കുട്ടികള്‍ക്ക് മികച്ച സ്‌കൂള്‍ അന്തരീക്ഷം ലഭിക്കുന്നുവെന്ന കാര്യം ഉറപ്പാക്കാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. അധ്യാപകരുമായി നിരന്തര സമ്പര്‍ക്കം പാലിക്കണം. ഭീതി ഇല്ലാതെ, സമ്മര്‍ദ്ദങ്ങള്‍ അടിപ്പെടാതെ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ കുട്ടികള്‍ക്ക് കഴിയണം. അതിന് പ്രാപ്തമാക്കുന്ന തരത്തിലെ വ്യക്തിശീലങ്ങള്‍ വളര്‍ത്തിയെടുക്കണം. ആവശ്യമായ ഉറക്കം, വ്യായാമം, വിനോദങ്ങള്‍ തുടങ്ങിയവ ഉറപ്പാക്കണം. അത് സാധ്യമായാല്‍ മാത്രമേ പഠനം കൂടുതല്‍ കാര്യക്ഷമമായും സര്‍ഗാത്മകമായും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുകയുള്ളു.


Next Story

Related Stories