എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാഫലങ്ങള്‍ വന്നുകഴിഞ്ഞാല്‍ ഏത് കോഴ്സ് തെരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ കുട്ടികള്‍ക്കെപ്പോഴും ആശങ്കകള്‍ ഉണ്ടാകും. ഒരു ചെറിയ ന്യൂനപക്ഷം മാത്രമാകും വളരെ ചെറുപ്പത്തിലെ തന്നെ വ്യക്തമായി തങ്ങളുടെ അഭിരുചികള്‍ മനസ്സിലാക്കി പഠനം നടത്തുകയുള്ളു. ബഹുഭൂരിപക്ഷവും അക്കാര്യത്തില്‍ ആശങ്കകള്‍ ഉള്ളവരായിരിക്കും. രക്ഷിതാക്കളുടെ കൂടി ഇടപെടലുകള്‍ കൂടി ആകുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണങ്ങളാവുകയും ചെയ്യും. മിക്കവാറും ഘട്ടങ്ങളില്‍ രക്ഷിതാക്കളുടെ താല്പര്യങ്ങളും കുട്ടികളുടെ ഇഷ്ടങ്ങളും സമാന്തരമായി പോകുന്നതാണ് കണ്ടുവരുന്നത്.
പക്ഷെ കുട്ടികളുടെ സമ്യക്കായ വ്യക്തിത്വ വളര്‍ച്ചയ്ക്കും പഠനപുരോഗതിക്കും ഈ രണ്ടു താല്പര്യങ്ങളും സംക്രമിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കൗമാരക്കാരയ കുട്ടികളേക്കാള്‍ യാഥാര്‍ത്ഥ്യബോധത്തോടെ ഇടപെടലുകള്‍ നടത്തേണ്ടത് രക്ഷിതാക്കളാണ്. രക്ഷിതാക്കളുടെ താലപര്യങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വിധേയരായി പ്രഫഷണല്‍ പഠനങ്ങള്‍ക്ക് ചേര്‍ന്ന് ക്ലാസ് മുറികളില്‍ വല്ലാതെ ക്ലേശിക്കുകയും സപ്ലികളുടെ നീണ്ടനിരയുമായി കോളജ് വിടേണ്ടിവരികയും ചെയ്യുന്നവര്‍ അപൂര്‍വകാഴ്ചയല്ല. സപ്ലി സിന്‍ഡ്രോം എന്ന രോഗം തന്നെ ഇക്കാലത്തു രൂപപ്പെട്ടിരിക്കുന്നതായി മനശാസ്ത്രജ്ഞന്മാര് പറയുന്നു.
ഇഷ്ടമില്ലാത്ത കോഴ്സിനു ചേര്‍ന്ന് എങ്ങനെയെങ്കിലും തട്ടിയും മുട്ടിയും പരീക്ഷ പാസായി ഒന്നിനും കൊള്ളാത്തവരായി വലിയ ഒരു വിഭാഗം ആളുകള്‍ ഇന്ന് സമൂഹത്തില്‍ ഉണ്ടാകുന്നതും നമ്മള് കാണാതിരിക്കരുത്. അഭിരുചികള്‍ക്കൊത്ത കോഴ്സുകള്‍ പഠിച്ചിരുന്നുവെങ്കില്‍ ഇവര്‍ വലിയ സാധ്യതകളിലേക്ക് എത്തിച്ചേരേണ്ടവരായിരുന്നു. പക്ഷെ, ദൗര്‍ഭാഗ്യവശാല്‍ അത് കഴിയാതെ പോകുന്നു. രക്ഷിതാക്കളെ പലപ്പോഴും പ്രേരിപ്പിക്കുന്നത് സമൂഹത്തില്‍ ആകെ പറഞ്ഞു നടക്കാവുന്ന കോഴ്സുകള്‍, എളുപ്പത്തില്‍ പണം നേടാവുന്ന കോഴ്സുകള്‍ തുടങ്ങിയവയാണ്. അത്തരം പരിചിതമായ കുറ്റികളില്‍ നിന്നും പുറത്തുവരാന്‍ രക്ഷിതാക്കള്‍ തയാറാകണം.
കുട്ടികളുടെ അഭിരുചികള്‍ക്കൊത്ത കോഴ്സുകള്‍ കണ്ടെത്തി അവരെ ശരിയായ പാതയില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതില്‍ രക്ഷിതാക്കളുടെ പങ്ക് വളരെ വലുതാണ്.അവര്‍ ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങളാണ് ചുവടെ പറയുന്നത്. കുട്ടികളുടെ കരിയര്‍ സ്വപ്നങ്ങള്‍ അവരുമായി സംസാരിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കണം. ഹൈസ്കൂള്‍ ക്ലാസുകളുടെ തുടക്കം മുതല്‍ തന്നെ ഇതിനുള്ള ശ്രമം വേണം. കുട്ടികളുമായി എല്ലാതരത്തിലും തുറന്ന സംസാരത്തിന് തയാറാവണം. വിശേഷിച്ചും പത്താം ക്ലാസും പ്ലസ് ടുവും ഒക്കെ കഴിഞ്ഞ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന വേളയില്‍. കുട്ടികളുടെ അവസ്ഥയിലേക്ക് എത്തി-എംപതൈസ് ചെയ്ത്- അവരുടെ വിചാരങ്ങളെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക. കുട്ടികളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസ്സിലാക്കുകപോലൈ തന്നെ പ്രധാനമാകുന്നു അവരുടെ മുന്‍വിധികളേയും റോള്മോഡലുകളേയും യാഥാര്‍ത്ഥ്യബോധത്തോടെ ഉള്‍ക്കൊള്ളുക എന്നതും.
അധ്യാപകരുമായും കൂട്ടുകാരുമായും ഒക്കെ സംവദിച്ച് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണം. അഭിരുചി പരീക്ഷകളിലൂടെ ഒരു വട്ടം കൂടി ഇതൊക്കെ പരിശോധിക്കാവുന്നതും ആണ്. മാര്‍ക്ക് ലിസ്റ്റുകള്‍ പരിശോധിച്ച് അവയുമായി കോറിലേറ്റ് ചെയ്തു നോക്കാവുന്നതും ആണ്.ഒരിയ്ക്കലും രക്ഷിതാക്കളുടെ താല്പര്യം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കരുത്. കുട്ടികളുടെ തല്പര വിഷയങ്ങളുടെ സാധ്യതകള്‍, അത്തരം പഠനത്തിന്റെ ചെലവും മറ്റും തങ്ങള്‍ക്ക് താങ്ങാനാവുമോയെന്ന കാര്യം അടക്കം എല്ലാം സമഗ്രമായി പരിശോധിക്കണം. വിദഗ്ദ്ധരുമായി ആശയവിനിമയം നടത്തുകയും വേണം.നിലവിലുള്ളതും പുത്തന്‍ കാല തൊഴില്‍ മേഖലാ സാധ്യതകള്‍ സംബന്ധിച്ചും കുട്ടികളുമായി വിശദമായ ചര്‍ച്ച വേണം. അവര്‍ എല്ലാത്തരത്തിലും സജ്ജമായ കോഴ്സുകളിലേക്ക് മാത്രമേ പ്രവേശനത്തിനു ശ്രമിക്കാവു. അല്ലാത്ത ഏത് നടപടികളും പില്ക്കാലത്ത് തിരിച്ചടി ഉണ്ടാക്കുക തന്നെ ചെയ്യും.