സാമൂഹ്യജീവിതത്തിലും പഠനക്രമത്തിലും അധ്യയനരീതികളിലും മറ്റുമുള്ള എല്ലാത്തരം മാറ്റങ്ങളേയും ഒരുപോലെ ഉള്‍ക്കൊള്ളാനുള്ള സന്നദ്ധതയോടെവേണം അനുയോജ്യമായ കരിയര്‍ തെരഞ്ഞെടുക്കാനും അതിനായുള്ള പഠനക്രമങ്ങള്‍ രൂപപ്പെടുത്താനും. അഭിരുചിക്കൊത്ത കരിയറിലേക്ക് എത്തിച്ചേരുന്നതിന് തന്റെ വ്യക്തിത്വശീലങ്ങള്ക്കും താല്പര്യങ്ങള്ക്കും ഉതകുന്ന പഠന ശാഖകള്‍ കണ്ടെത്തുക എന്നത് സുപ്രധാനമാണ്. അടിസ്ഥാന തെരഞ്ഞെടുപ്പ് തന്നെ പാളാതിരിക്കാനുള്ള ജാഗ്രത കാണിക്കണം. ആദ്യഘട്ടത്തിലെ തെരഞ്ഞെടുപ്പ് പിഴച്ചാല്‍ തുടര്‍ന്നുള്ള ഓരോ ഘട്ടങ്ങളിലും അതിന്റെ ബുദ്ധുമുട്ടുകള്‍ അനുഭവിക്കേണ്ടിയും വരും. അതുകൊണ്ടുതന്നെ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി അടുത്ത ഘട്ടത്തിലെ തെരഞ്ഞെടുപ്പുകള്‍ വളരെ ശ്രദ്ധാപൂര്‍വം വേണം ചെയ്യാന്‍.
ഇത്തരം ഘട്ടത്തില്‍ വിദ്യാര്‍ത്ഥികളുടെ സഹായത്തിനെത്താന്‍ ഇക്കാലത്ത് ഏറെ സംവിധാനങ്ങളും നിലവിലുണ്ട്. അഭിരുചി തിരിച്ചറിവ്, അഭിരുചിക്കൊത്ത വണ്ണമുള്ള പഠനവും നൈപുണി വര്‍ദ്ധനയും പരിശീലനവും മികച്ച കരിയറിലേക്ക് എത്തിച്ചേരുന്ന കാര്യത്തില്‍ സുപ്രധാനമാണ്. പ്രാഥമികമായ സംഗതി അഭിരുചി മനസ്സിലാക്കുക എന്നതാണ്. കാല്പനികമായല്ല, യാഥാര്‍ത്ഥ്യബോധത്തോടെ വേണം സ്വന്തം അഭിരുചി എന്തെന്ന് മനസ്സിലാക്കല്‍. അഭിരുചികള്‍ സ്വയം തിരിച്ചറിയുക, അധ്യാപകരുടേയും കൗണ്സലര്മാരുടേയും സഹായത്തോടെ കണ്ടെത്തുക തുടങ്ങിയ പരമ്പരാഗത വഴികള്‍ക്കൊപ്പം അഭിരുചികള്‍ മനസ്സിലാക്കുന്നുള്ള സൈക്കോമെട്രിക് പരിശോധനകളും മറ്റും ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ സഹായത്തിനെത്തുന്നു. ഓണ്‍ലൈന്‍ വഴിയും അല്ലാതെയും ഇതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്.
അഭിരുചി തെരഞ്ഞെടുപ്പ് പൂര്‍ണമായും വിദ്യാര്‍ത്ഥിയുടേത് തന്നെയാകണം. രക്ഷിതാക്കളോ അധ്യാപകരോ മറ്റു ഗ്രൂപ്പുകള്‍ സൃഷ്ടിക്കുന്ന പിയര്‍ പ്രഷറുകളോ ഈ തീരുമാനത്തെ ഒരു തരത്തിലും ബാധിക്കരുത്. അത്തരം തെരഞ്ഞെടുപ്പുകള്‍ പില്ക്കാലത്ത് കുട്ടികളെ വലിയ പ്രതിസന്ധികളിലേക്ക് എടുത്തെറിഞ്ഞേക്കാം. അതുകൊണ്ടു തന്നെ യുക്തിപൂര്‍വവും ബുദ്ധിപൂര്‍വവും ആത്മാര്‍ത്ഥവും ആയിട്ടുവേണം ഇത്തരം തെരഞ്ഞെടുപ്പുകള്‍ നടത്താന്‍.
അഭിരുചികളെ തിരിച്ചറിയുകയും അതിലെ നൈപുണി വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ പഠനവും പരിശീലനവും നേടിയെടുക്കുകയും കൂടി ചെയ്താല്‍ മാത്രമേ ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട കരിയറുകളിലേക്ക് എത്തിച്ചേരാന്‍ സാധിക്കുകയുള്ളു. വളരെ മത്സരാത്മകമായ അന്തരീക്ഷത്തിലാണ് നമ്മള് ജീവിക്കുന്നത്. ഏറെ മത്സരാര്‍ത്ഥികളും കുറഞ്ഞ അവസരങ്ങളും വന്നുപെടുമ്പോള്‍ അഭിരുചി ഉണ്ടെന്നതിന്റെ പേരില്‍ മാത്രം എല്ലാവര്ക്കും അവര്‍ ആഗ്രഹിക്കുന്ന വിഷയങ്ങള്‍ പഠിയ്ക്കാന്‍ അവസരം ലഭിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ക്ക് ഓരോ ചുരുക്കപ്പട്ടിക ഉണ്ടാക്കുന്നത് നന്നായിരിക്കും. ഇഷ്ടങ്ങളുടെ കാര്യത്തില്‍ ഒരു മുന്‍ഗണനാക്രമം രൂപപ്പെടുത്തുന്നതും നന്നായിരിക്കും.
അഭിരുചിക്കൊത്ത കരിയറിലേക്ക് എത്തിക്കഴിഞ്ഞശേഷവും നിരന്തരമായ പഠനങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും എല്ലാവരും സന്നദ്ധരായിരിക്കണം.ഓരോ തൊഴിലിനും വേണ്ടുന്ന സാങ്കേതിക ഉള്ളടക്കങ്ങള്‍ നിരന്തരം മാറക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ജീവിതത്തില്‍ ഉടനീളം പഠിച്ചുകൊണ്ടിരിക്കുന്നതിനുള്ള സന്നദ്ധത അനിവാര്യമായി തീര്‍ന്നിരിക്കുന്നു. സര്‍ഗാത്മകത ഏറിയവരില്‍ പലര്‍ക്കും സാങ്കേതികമായ അറിവിന്റെ ഉള്‍ക്കൊള്ളലിന്റെ കാര്യത്തില്‍ പലപ്പോഴും പിന്നോക്കം പോക്ക് കാണാം. പക്ഷെ ഇക്കാലത്ത് സാങ്കേതിക വിദ്യയുടെ, വിശേഷിച്ചും വിവര സാങ്കേതിക വിദ്യയുടെ കാര്യത്തിലുള്ള പരിജ്ഞാനം ഏത് തൊഴില്‍ ചെയ്യുന്നതിനും അനിവാര്യമാകുന്നു. അതുകൊണ്ടുതന്നെ സാങ്കേതിക വിദ്യയിലെ നൈപുണി വര്‍ദ്ധനയ്ക്കും ഊന്നല്‍ നല്‍കണം. ഇത്തരം കാര്യങ്ങളിലെ അടിസ്ഥാന വിവരങ്ങള്‍ പഠനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ സ്വായത്തമാക്കുകയും അതിനെ പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യണം.
പത്താം ക്ലാസ് കഴിഞ്ഞ് ഹയര്‍ സെക്കന്‍ഡറി കോഴ്സിന് ഏത് കോമ്പിനേഷന്‍ എടുക്കണമെന്നത് സംബന്ധിച്ച് സഹായിക്കുന്നതിന് സര്‍ക്കാര്‍ തലത്തിലും വിവിധ സ്വകാര്യ ഏജന്‍സികളുടേയും സഹായം ലഭ്യമാണ്. വിദ്യാഭ്യാസ വകുപ്പ് തന്നെ ഓണ്‍ലൈന്‍ അഭിരുചി പരീക്ഷ നടത്തുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനു കീഴിലുള്ള കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് ആഡോളസന്റ് കൗണ്‍സിലിംഗ് സെല്‍ ഇത് നടത്തുന്നത്. കേരള ഡിഫറന്‍ഷ്യല്‍ ആപ്റ്റിറ്റിയൂഡ് ടെസ്- കെഡാറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച ഹയര്‍ സെക്കന്‍ഡറിയിലെ 200 ഓളം നോഡല്‍ അധ്യാപകരാണ് ഈ പരീക്ഷയ്ക്കു നേതൃത്വം കൊടുക്കുന്നത്. വീട്ടില്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടൊപ്പം ടാബ് അല്ലെങ്കില്‍ കംപ്യൂട്ടര്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കും. മൊബൈല്‍ ഫോണ്‍ വഴിയോ വാട്സാപ്പ് വഴിയോ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കിയാണ് പരീക്ഷ നടത്തുക. പരീക്ഷയില്‍ കുട്ടിയുടെ ആബ്സ്ട്രാക്ട് റീസണിംഗ്, ന്യൂമെറിക്കല്‍ എബിലിറ്റി, മെക്കാനിക്കല്‍ റീസണിംഗ്, സ്പേസ് റിലേഷന്‍സ്, വെര്‍ബല്‍ റിലേഷന്‍സ്, വെര്‍ബല്‍ എബിലിറ്റി തുടങ്ങിയ ശേഷികളാണ് പരിശോധിക്കുക. http://careerguidance.dhse.kerala.gov.in/ എന്ന വെബ് വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.