തൊഴിലും ജീവിതവും കൂടുതല്‍ ഇഴചേരുന്ന കാലത്തെ പഠനം വളരെ ശ്രദ്ധാപൂര്‍വമായിരിക്കണം. തങ്ങളുടെ അഭിരുചിയ്ക്കും ബുദ്ധിശക്തിയ്ക്കും ചേര്‍ന്ന തരത്തിലുള്ള വിഷയങ്ങളാവണം പഠനത്തിനായി തെരഞ്ഞെടുക്കേണ്ടത്. കൊറോണാനന്തരക്കാലം മറ്റെന്തിനേയും എന്നതുപോലെ പഠനത്തേയും പഠനശീലങ്ങളേയും വലിയതോതില്‍ ബാധിച്ചു കഴിഞ്ഞ ഘട്ടത്തില്‍ വിശേഷിച്ചും. തല്ക്കാലത്തേയ്ക്കെങ്കിലും വീട് ക്ലാസ് മുറികളായി മാറിയിരിക്കുന്നു. എത്രനാള്‍ നീണ്ടേക്കും ഈ അവസ്ഥ എന്ന കാര്യത്തില്‍ വ്യക്തത പോര. ഫെബ്രുവരിയോടെ ലോകമെങ്ങും കടുത്ത കൊറോണ മഹാമാരിയുടെ പിടിയിലേക്ക് ഇന്ത്യ കൂടുതലായി വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലും കേസുകള്‍ അടിക്കടി വര്‍ധിച്ചുവരുന്നു. ഇതിനിടയിലാണ് പത്താം ക്ലാസിന്റേയും പ്ലസ് ടുവിന്റേയും ഫലം വന്നിരിക്കുന്നത്.
വ്യാധികാലത്തിന് അനുരോധമായ തരത്തില്‍ പഠനവും പഠനശീലങ്ങളും പഠന സമ്പ്രദായങ്ങളും മാറ്റി പലതരത്തിലുള്ള പരീക്ഷണങ്ങളിലാണ് സര്‍ക്കാരും സര്‍വകലാശാലകളും. ഉന്നതവിദ്യാഭ്യാസ മേഖലയിലും വ്യാധി അതിന്റെ കൈയൊപ്പിട്ടുകഴിഞ്ഞു. ഈ സമയത്ത് തങ്ങളുടെ ഉന്നത പഠനത്തിന്റെ ചേരുവകള്‍ അന്വേഷിക്കുന്ന കുട്ടികള്‍ക്ക് മുന്നിലേക്ക് ചില ചിന്തകള്‍ അവതരിപ്പിക്കുകയാണ്. കൂടിക്കുഴയാത്ത വിധം ജീവിതവും തൊഴിലും കൊണ്ടുപോകുന്നതിന് സഹായകമായ ഉദ്യോഗത്തിലേക്ക് എത്തുന്നതിന് പ്രാപ്തരാക്കുന്ന, വ്യക്തികളുടെ അഭിരുചികള്‍ക്കൊത്ത പഠനശാഖകള്‍ തെരഞ്ഞെടുക്കുക എന്നതാണ് പരമ്പരാഗതമായി ചെയ്തുവരുന്നത്.
വര്‍ക്ക് ലൈഫ് ബാലന്‍സ് എന്നതായിരുന്നു പരമ്പരാഗതമായി പുലര്‍ത്തിവന്നിരുന്നത്. തൊഴിലും ജീവിതവും രണ്ട് വ്യത്യസ്ത തലങ്ങളില്‍ സമരസപ്പെടുത്തി കൊണ്ടുപോകല്‍. പക്ഷെ, സമകാലീക ലോകത്ത് വര്‍ക്ക് ലൈഫ് ബാലന്‍സ് എന്നത് വര്‍ക്ക്ലൈഫ് ഇന്റഗ്രേഷന്‍ എന്നതിന് വഴിമാറിയിരിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗവും ചിട്ടപ്പടി ജീവിതവും ഒക്കെ ശീലിച്ച ശരാശരി മധ്യവര്‍ഗക്കാര്‍ക്ക് അത്രയ്ക്കങ്ങ് പൊരുത്തപ്പെടാന്‍ കഴിയാത്ത ഒന്നാണ് വര്‍ക്ക് ലൈഫ് ഇന്റഗ്രേഷന്‍.
തൊഴിലും ജീവിതവും രണ്ട് വ്യത്യസ്ത കംപാര്‍ട്ടുമെന്റുകളായി കൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ് വര്‍ക്ക്ലൈഫ് ഇന്റഗ്രേഷന്‍ ആവശ്യമായി വരുന്നത്. ഊണിലും ഉറക്കത്തിലും വരെ തൊഴിലും ജീവിതവും സമന്വയിപ്പിച്ച് കൊണ്ടുപോകല്‍ എന്നു പറയാം. ഔദ്യോഗിക ജീവിതത്തില്‍ നിന്നും പാടെ മാറി നിന്ന് വ്യക്തിജീവിതം സാധ്യമാകാത്ത പുത്തന്‍കാല തൊഴിലിട സംസ്കാരത്തില്‍ നിന്നും രൂപപ്പെട്ട സാഹചര്യം ആണിത്. വീട്ടിലും തൊഴിലിടത്തും രണ്ടിടങ്ങളിലേയും ധര്‍മ്മങ്ങള്‍ നിര്‍വഹിക്കപ്പെടേണ്ട അവസ്ഥ. ജീവനക്കാര്‍ക്കായി ലീഷര്‍ ഏരിയയും ജിംനേഷ്യവുമൊക്കെ ജോലിസ്ഥലത്തോട് ചേര്‍ന്ന് ഒരുക്കിയിട്ടുള്ളത് ഇക്കാലത്ത് അസാധാരണമല്ല. കുഞ്ഞുങ്ങളുമായി ജോലിക്കെത്തുന്ന അമ്മമാര്‍ പുത്തന്‍ കോര്‍പ്പറേറ്റ് തൊഴില്‍ സംസ്കാരത്തിന്റെ ഭാഗമാണ്. ഡെ കെയര്‍ ഒക്കെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളോട് ചേര്‍ന്ന് ഒരുക്കപ്പെട്ടിരിക്കുന്നു. തൊഴിലിടവും ജീവിത ഇടവും വ്യത്യസ്തമല്ലാത്ത അവസ്ഥ.
ഇത്തരം വര്‍ക്ക് ലൈഫ് ഇന്റഗ്രേഷന്‍ കൂടുതല്‍ വിപുലമാകുന്ന കാഴ്ചയാണ് കോവിഡ് കാലം ലോകത്തെങ്ങും സൃഷ്ടിച്ചെടുത്തിരിക്കുന്നത്.കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള അടച്ചിരിപ്പ് വീടിനെ ജോലി സ്ഥലമായി മാറ്റിത്തീര്‍ത്തു. വീട്ടിലിരുന്ന് ജോലി പൂര്‍ണമായും തന്നെ നിര്‍വഹിക്കേണ്ട അവസ്ഥ വര്‍ക്ക് ലൈഫ് ഇന്റഗ്രേഷനെ കൂടുതല്‍ വിപുലമാക്കിതീര്ത്തിരിക്കുന്നു. കൂടുതല്‍ സങ്കീര്‍ണ്ണവും. ഓഫീസിനകത്തെ നിശ്ചിത സമയക്രമം മാറി ദിവസം മുഴുവന്‍ ജോലി എന്നതിലേക്ക് പ്രഫഷണലുകളെ കൊണ്ടെത്തിച്ചിരിക്കുന്നു. ഊണിലും ഉറക്കത്തിലും ജോലി ചെയ്യേണ്ടിവരുന്ന അവസ്ഥ. കോവിഡ് ഭീതി ഒഴിയുന്നതോടെ ഇതൊക്കെ അവസാനിക്കും എന്ന് നമുക്ക് ആശിക്കാം. പക്ഷെ അത് അങ്ങനെ തന്നെ ആവണമെന്നില്ല. കോവിഡാനന്തരം ലോകമെങ്ങും രൂപപ്പെട്ടിട്ടുള്ള സാമ്പത്തിക പ്രതിസന്ധികളും സാമൂഹികാന്തരീക്ഷവും സങ്കീര്‍ണാവസ്ഥ കൂടുതല്‍ നീളുമെന്ന സൂചനകളാണ് നല്‍കുന്നത്.
കോവിഡാനന്തരകാലത്തെ വലിയ തോതില്‍ രൂപപ്പെട്ടിരിക്കുന്ന തൊഴില്‍ നഷ്ടവും അനിശ്ചിതത്വവും കൂടുതല്‍ സമയം ജോലിയില്‍ വ്യാമുഗ്ദ്ധരാകാന് ഓരോരുത്തരേയും പ്രേരിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നിരന്തരം മാറിക്കൊണ്ടിരിക്കുന്ന തൊഴില്‍ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സ്വയം സജ്ജരാവുന്നതിന് ഉതകുന്ന തരത്തിലുള്ള പഠനക്രമങ്ങളായിരിക്കണം ഓരോ വ്യക്തിയും തെരഞ്ഞെടുക്കേണ്ടത്.