TopTop
Begin typing your search above and press return to search.

സ്നോഡന്‍ ഖേദിക്കുന്നു; നേരത്തെ മുന്നോട്ട് വരാന്‍ കഴിയാത്തതില്‍

സ്നോഡന്‍ ഖേദിക്കുന്നു; നേരത്തെ മുന്നോട്ട് വരാന്‍ കഴിയാത്തതില്‍

വില്‍ ഒരേമസ്
(സ്ലേറ്റ്)

തന്നെ കേന്ദ്രമാക്കി നിര്‍മ്മിച്ച 'സിറ്റിസെണ്‍ഫോര്‍' മികച്ച ഡോക്യുമെന്‍ററിക്കുള്ള ഓസ്കാര്‍ പുരസ്കാരം നേടിയതിന് ശേഷം Reddit-ല്‍ “ആസ്ക് മി എനിതിംഗ്” എന്ന ചോദ്യോത്തര പരിപാടിയില്‍ പ്രത്യക്ഷപ്പെട്ട എഡ്വാര്‍ഡ് സ്നോഡന്‍ തന്നെ വഞ്ചകനെന്ന് ആളുകള്‍ വിളിച്ചാലും താന്‍ കാര്യമാക്കുന്നില്ലെന്ന് പറയുകയുണ്ടായി.

ഓസ്കാര്‍ അവതാരകന്‍ നീല്‍ പാട്രിക് ഹാരിസിന്റെ താങ്കളെക്കുറിച്ചുള്ള ദ്വയാര്‍ത്ഥ പ്രയോഗത്തെക്കുറിച്ച് എന്തുതോന്നുന്നു എന്നായിരുന്നു ആദ്യ ചോദ്യങ്ങളിലൊന്ന്. (“Edward Snowden couldn’t be here for some treason”) സ്നോഡന്റെ കൂടെനില്‍ക്കുന്നവരില്‍ പലരും അതിനെ അപമാനകാരവും നിരുത്തരവാദപരവുമായാണ് കണ്ടതെങ്കിലും അയാള്‍ അതൊരു തമാശ മാത്രമായാണ് എടുത്തത്.

“സത്യം പറഞ്ഞാല്‍ ഞാന്‍ ചിരിച്ചു. അതൊരു രാഷ്ട്രീയ പ്രസ്താവനയായി ഞാന്‍ കാണുന്നില്ല. ഇനി അങ്ങനെയായാലും അതത്ര മോശമല്ല. നിങ്ങളുടെ രാജ്യത്തെ സഹായിക്കവേ എന്തെങ്കിലുമൊക്കെ ചീത്ത കേള്‍ക്കാന്‍ തയ്യാറല്ലെങ്കില്‍, നിങ്ങള്‍ അതത്ര ശ്രദ്ധിക്കുന്നില്ലെന്നാണ് എന്റെ അഭിപ്രായം.”

മറ്റൊരു ചോദ്യം കുറച്ചുകൂടി കാമ്പുള്ളതായിരുന്നു. “ഒരിക്കല്‍ക്കൂടി എല്ലാം ചെയ്യാന്‍ അവസരം ലഭിച്ചാല്‍ നിങ്ങള്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുമോ? അങ്ങനെയെങ്കില്‍ എന്താണ്?”

ജോലിയില്‍ കയറിപ്പറ്റാന്‍ അഭിമുഖത്തില്‍ കാണിച്ച മിടുക്ക് സ്നോഡന്റെ ഉത്തരത്തിലുണ്ടായിരുന്നു. ഖേദം? ഉണ്ട്, ഒരു കാര്യത്തിലുണ്ട്: “ഞാന്‍ നേരത്തെ മുന്നോട്ടുവരേണ്ടതായിരുന്നു. ഞാന്‍ ഇതേക്കുറിച്ച് ഡാനിയല്‍ എല്‍സ്ബെര്‍ഗിനോടു സംസാരിച്ചിട്ടുണ്ട്. എന്നെക്കാള്‍ നന്നായി അദ്ദേഹം അത് വിശദമാക്കിയിട്ടുമുണ്ട്.”“ഞാന്‍ നേരത്തെ മുന്നോട്ട് വന്നിരുന്നെങ്കില്‍ ഈ പദ്ധതികള്‍ ഇത്ര ആഴത്തില്‍ പോകില്ലായിരുന്നു. സര്‍ക്കാരിന് നിങ്ങള്‍ ഒരിക്കല്‍ ഒരധികാരമോ, ശക്തിയോ നല്കിയാല്‍ അത് തിരിച്ചെടുക്കാന്‍ വളരെ പാടാണ്. അത് നിങ്ങളുടെ രാജ്യത്തു സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിയ്ക്കുക.”

ഇതോടെ തന്നെ റഷ്യയിലെ ഒരു രാഷ്ട്രീയ അഭയാര്‍ത്ഥിയാക്കി മാറ്റിയ വെളിപ്പെടുത്തലുകളില്‍ തനിക്ക് പുനരാലോചനയുണ്ടാകാം എന്ന സൂചനയെ സ്നോഡന്‍ തള്ളിക്കളഞ്ഞു. യു എസില്‍ മോഷണവും ചാരപ്രവര്‍ത്തിയും അടക്കമുള്ള കുറ്റാരോപണങ്ങള്‍ നേരിടുന്നെങ്കിലും റഷ്യയില്‍ തന്റെ ജീവിതം മികച്ചതാണെന്ന് സ്നോഡന്‍ പറയുന്നു.

പ്രായോഗികതലത്തില്‍ എത്ര മുമ്പ് അയാള്‍ക്ക് മുന്നോട്ട് വരാമായിരുന്നു എന്നത് വ്യക്തമല്ലാത്ത ഒന്നാണ്. ഗ്രീന്‍വാള്‍ഡ്(ഗാഡിയന്‍), പോയിട്രസ്, വാഷിംഗ്ടണ്‍ പോസ്റ്റിലെ ബാര്‍ടന്‍ ജെല്‍മാന്‍ എന്നിവര്‍ക്ക് രേഖകള്‍ ചോര്‍ത്തുന്നതിന് മുന്‍പ് അയാള്‍ കുറച്ചു മാസങ്ങള്‍ മാത്രമാണു ബൂസ് അലനില്‍ ജോലിചെയ്തിരുന്നത്.

മറിച്ച്, ഡെല്ലില്‍ ജോലി ചെയ്തിരുന്ന കാലത്ത് ആ സ്ഥാപനം 2011-നും 2013-നും ഇടക്ക് സി ഐ എ, എന്‍ എസ് എ രേഖകള്‍ കൈകാര്യം ചെയ്തിരുന്ന വിഭാഗത്തിലിരുന്നപ്പോഴത്തെ രേഖകളാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയതിലേറെയും. അന്ന് വിളിച്ചു പറഞ്ഞിരുന്നെങ്കില്‍ പദ്ധതികള്‍ തീര്‍ച്ചയായും കുറഞ്ഞ അളവിലായിരിക്കും. അന്നതത്ര എളുപ്പമായിരുന്നോ എന്നത് വേറെ കാര്യം.

2016-ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ എന്‍ എസ് എ ചാരപ്പണി ഒരു വിഷയമാക്കി മാറ്റുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, സര്‍ക്കാരിന്റെ അമിത കൈകടത്തലിനെതിരെ സജീവമായി പോരാടണമെന്നാണ്, ആവശ്യമെങ്കില്‍ നിയമം ലംഘിച്ചു തന്നെ, സ്നോഡന്‍ മറുപടി നല്കിയത്.

“ചരിത്രത്തിലേക്ക് നോക്കിയാല്‍, പാശ്ചാത്യ നാഗരികതയും മനുഷ്യാവകാശങ്ങളും വാസ്തവത്തില്‍ സ്ഥാപിക്കപ്പെട്ടത് നിയമലംഘനങ്ങളിലാണ് എന്നു കാണാം. അമേരിക്കാ സ്ഥാപിക്കപ്പെട്ടതുതന്നെ, അന്നത്തെ നിയമത്തിനും രാജാവിനുമെതിരായ സംഘര്‍ഷാത്മകമായ വിപ്ലവത്തിലൂടെയാണ്. ചരിത്രപരമായ തെറ്റുകളെ തിരുത്തുന്നത് കുറ്റബോധമില്ലാതെ കുറ്റകൃത്യങ്ങളിലൂടെയാണെന്ന് ചരിത്രം കാണിക്കുന്നു. അടിമത്തം, വേട്ടയാടപ്പെട്ട യഹൂദരെ സംരക്ഷിക്കല്‍...”അതെങ്ങിനെയാണ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യവുമായി ബന്ധിപ്പിക്കാനാവുന്നത്?

“നമ്മുടെ അവകാശങ്ങളുടെ കാവല്‍ക്കാരായില്ലെങ്കില്‍, നമ്മുടെ അവകാശങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ നടപ്പാക്കുക മാത്രമല്ല അത്തരം അവകാശങ്ങളില്‍ ഇടപെടാന്‍ കഴിയുന്ന അധികാരങ്ങള്‍ സര്‍ക്കാരുകളില്‍ നിന്നും നമ്മള്‍ ജനങ്ങള്‍ എടുത്തുമാറ്റുമെന്ന് സര്‍ക്കാരുകളെ ബോധ്യപ്പെടുത്താനുള്ള വഴികള്‍ പ്രയോഗത്തിലും ശാസ്ത്ര സാങ്കേതികവിദ്യയിലൂടെയും നമുക്ക് കണ്ടെത്താനാകും. വമ്പന്‍ സാങ്കേതിക സ്ഥാപനങ്ങള്‍ വിവരങ്ങള്‍ രഹസ്യമാക്കി മാറ്റുന്നതിനെതിരെ സര്‍ക്കാര്‍ അധികൃതര്‍ പരാതി പറയുന്നത് ഈ ദിവസത്തിന്റെ തുടക്കമാണെന്ന് നിങ്ങള്‍ക്ക് കാണാം. സ്വയം അരാജകത്വത്തിലേക്ക് വലിച്ചെറിയുകയും സര്‍ക്കാരിനെ ഒഴിവാകുകയുമല്ല ഇത്. ഭരിക്കുന്നവര്‍ക്കും ഭരിക്കപ്പെടുന്നവര്‍ക്കുമിടയില്‍ ഒരു അധികാര സന്തുലനം എപ്പോഴുമുണ്ടാകണമെന്ന് സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുകയാണ്.”

സ്നോഡനെ നിങ്ങളെന്തും വിളിച്ചുകൊള്ളൂ, പക്ഷേ ഇത്രത്തോളം അയാള്‍ ശരിയാണ്: യു എസ് സര്‍ക്കാര്‍ തങ്ങളുടെ ചാരവൃത്തി ശേഷിയെക്കാള്‍ കുറഞ്ഞ മുന്‍ഗണനയെ പൌരന്മാരുടെ സ്വകാര്യതയ്ക്ക് നല്‍കുന്നുള്ളൂ. ഇത് എന്‍ എസ് എയുടെ പദ്ധതികളില്‍ മാത്രമല്ല, സര്‍ക്കാരിന് നിയന്ത്രിക്കാന്‍ പറ്റുന്ന ഇത്തരം ചോര്‍ത്തലുകള്‍ക്കായി വാദിക്കുന്ന പ്രസിഡണ്ട് ഒബാമയുടെ വാക്കുകളിലും കാണാം.

“നമ്മുടെ അവകാശങ്ങള്‍ സര്‍ക്കാരുകള്‍ തന്നതല്ല,”സ്നോഡന്‍ പറയുന്നു. “അത് നമ്മുടെ പ്രകൃതത്തില്‍ ഉള്ളതാണ്. പക്ഷേ സര്‍ക്കാരുകള്‍ക്ക് അത് നേരെ തിരിച്ചാണ്.”

പ്രകൃതിയില്‍ മനുഷ്യര്‍ക്കുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് തോമസ് ഹോബ്സ്, സ്നോഡനുമായി വിയോജിച്ചേക്കാം. എന്നാല്‍ “ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മില്‍ അധികാരത്തിന്റെ ഒരു സന്തുലനം ഉണ്ടാകണം” എന്നതില്‍ ജോണ്‍ ലോകെയും മറ്റ് പലരും അയാളുമായി യോജിപ്പിലെത്തും.

നീല്‍ പാട്രികിന്റെ ദ്വയാര്‍ത്ഥ പ്രയോഗത്തില്‍ ഇനിയും നമ്മള്‍ തൂങ്ങിനില്‍ക്കേണ്ടതില്ല. അയാള്‍ അന്ന് രാത്രി പറഞ്ഞ അപൂര്‍വം തമാശകളില്‍ ഒന്ന് മാത്രമാണത്.


Next Story

Related Stories