TopTop
Begin typing your search above and press return to search.

ഭൂമി കാലാവസ്ഥ വ്യതിയാനത്തിന്റെ പിടിയിലമരുന്നു

ഭൂമി കാലാവസ്ഥ വ്യതിയാനത്തിന്റെ പിടിയിലമരുന്നു

ജോബി വറിക്, ക്രിസ് മൂണി
വാഷിംഗ്ടണ്‍ പോസ്റ്റ്


അന്തരീക്ഷത്തിലെ ഹരിതഗേഹ വാതകങ്ങളുടെ സാന്നിധ്യം വര്‍ദ്ധിക്കുന്നത് മൂലം ഭൂമി തിരിച്ച് പിടിക്കാനാവാത്ത വിധത്തിലുള്ള കാലാവസ്ഥ വ്യതിയാനത്തിന്റെ പിടിയിലാണെന്നും മലിനീകരണം നാടകീയമായി തടയുന്നതിന് അന്താരാഷ്ട്ര സമവായം ഉണ്ടാവാത്ത പക്ഷം കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും കാലാവസ്ഥ ശാസ്ത്രജ്ഞന്മാരുടെ അന്താരാഷ്ട്ര പാനല്‍ ഞായറാഴ്ച മുന്നറിയിപ്പ് നല്‍കി.

കാര്‍ബണ്‍ ഡയോക്‌സൈഡിന്റെയും മറ്റ് വാതകങ്ങളുടെയും അമിതമായ സാന്നിധ്യം നിമിത്തം നമ്മുടെ ഗ്രഹം കടുത്ത കാലാവസ്ഥയും സമുദ്ര നിരപ്പിലുള്ള ഉയര്‍ച്ചയും ധ്രുവങ്ങളിലെ മഞ്ഞുരുക്കവും നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് യുഎന്‍ പാനല്‍ അഭിപ്രായപ്പെട്ടു. അപകടകരമായ തകര്‍ച്ചയിലേക്ക് നയിക്കുന്നതിന് കാരണമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്ന അവസ്ഥയിലേക്ക് അന്തരീക്ഷ താപം വര്‍ദ്ധിക്കുന്നത് തടയുന്നതിനായി, കുറഞ്ഞ സമയ പരിധിക്കുള്ളില്‍ വാതക പ്രസാരണം വെട്ടിക്കുറയ്ക്കുന്നതിന് മുന്‍പില്ലാത്ത വിധത്തിലുള്ള ആഗോള ഇടപെടല്‍ മാത്രമാണ് ഏക പോംവഴി.

'ഹരിതഗേഹ വാതകങ്ങളുടെ തുടര്‍ച്ചയായ പുറന്തള്ളല്‍ അന്തരീക്ഷ താപം വര്‍ദ്ധിപ്പിക്കുകയും തീവ്രവും, സര്‍വവ്യാപിയും തിരിച്ചെടുക്കാനാവാത്ത വിധത്തിലുള്ളതുമായ ആഘാതങ്ങള്‍ കാലാവസ്ഥ സംവിധാനത്തിന്റെ എല്ലാ ഘടകങ്ങളെയും ദീര്‍ഘകാലം നിലനില്‍ക്കുന്ന തരത്തില്‍ ബാധിക്കുകയും ചെയ്യും,' ലോകത്തെമ്പാടുമുള്ള ആയിരക്കണക്കിന് ശാസ്ത്രജ്ഞന്മാരുടെ ബൗദ്ധിക സംഭാവനകള്‍ സ്വീകരിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ച അന്തര്‍സര്‍ക്കാര്‍ പാനല്‍ (Intergovermental Panel on Climate Change (IPCC)) അതിന്റെ റിപ്പോര്‍ട്ട് ഇങ്ങനെ ഉപസംഹരിച്ചിരിക്കുന്നു.

എല്ലാ തരത്തിലുള്ള ജൈവ ഇന്ധന ഉപഭോഗം നിറുത്തലാക്കിയാലും ചില കാലാവസ്ഥ വ്യതിയാനങ്ങളുടെ ആഘാതം 'നൂറ്റാണ്ടുകളോളം തുടരും' എന്നും റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് സംഭാവന നല്‍കിയ ശാസ്ത്രജ്ഞരുടെ അഭിപ്രായപ്രകാരം, ക്രമേണയുള്ള താപവര്‍ദ്ധനയ്‌ക്കെതിരെ മനുഷ്യനും സ്വാഭാവിക ആവാസവ്യവസ്ഥകള്‍ക്കും താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്ന വേഗത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമോ അതോ താപനത്തെ കുരുക്കിയിടുന്ന വാതകങ്ങളുടെ പുതപ്പിനുള്ളില്‍ കുടുങ്ങി അന്തരീക്ഷവും സമുദ്രങ്ങളും കൂടുതല്‍ താപോര്‍ജ്ജത്തെ വലിച്ചെടുക്കുന്നതില്‍ നിന്നും ഉണ്ടാവുന്ന 'അപ്രതീക്ഷിതവും തിരിച്ചെടുക്കാനാവാത്തതുമായ മാറ്റങ്ങള്‍' എന്ന സാഹസം ഏറ്റെടുക്കണോ എന്നതാണ് സര്‍ക്കാരുകള്‍ നേരിടുന്ന അടിയന്തിര ചോദ്യം. 'ചെലവ് കുറഞ്ഞ രീതിയില്‍ ഫലപ്രദമായി-അല്ലെങ്കില്‍ ഫലപ്രദമായി തന്നെ- ഇടപെടാനുള്ള അവസരങ്ങളുടെ ജനാല അതിവേഗം അടഞ്ഞുകൊണ്ടിരിക്കുകയാണ്,' എന്ന് റിപ്പോര്‍ട്ടിന് സംഭാവന നല്‍കിയ ആളും പ്രിന്‍സ്ടണ്‍ സര്‍വകലാശാലയിലെ ജിയോസയന്‍സ് പ്രൊഫസറുമായ മൈക്കിള്‍ ഓപ്പന്‍ഹെയ്മര്‍ ചൂണ്ടിക്കാട്ടുന്നു.

കാലാവസ്ഥ വ്യതിയാനത്തെയും അതിന്റെ അനന്തരഫലങ്ങളെയും കണ്ടെത്തുന്നതിന് നടത്തിയ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അന്തരീക്ഷത്തിലെ നേരിട്ടുള്ള സാന്നിധ്യം അളക്കുന്നത് മുതല്‍ സമാനചിന്താഗതിക്കാരായ ശാസ്ത്രജ്ഞര്‍ വിലയിരുത്തിയ നൂറുകണക്കിന് ശാസ്ത്രീയ പഠനങ്ങള്‍ വരെയുള്ള ഏറ്റവും പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. 1990 മുതല്‍ നടന്ന അഞ്ച് വിലയിരുത്തല്‍ പ്രബന്ധങ്ങളില്‍ നിന്നും രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന അന്തിമ റിപ്പോര്‍ട്ട്, അടുത്ത വര്‍ഷം അവസാനം പാരീസില്‍ നടക്കുന്ന ഉച്ചകോടിയില്‍ അന്താരാഷ്ട്ര കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ച് ഒരു ഉടമ്പടിയില്‍ എത്താന്‍ ലോകനേതാക്കള്‍ക്ക് ഒരു ശാസ്ത്രീയ അടിത്തറ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് തയ്യാറാക്കുന്നത്.

നയരൂപീകരണത്തില്‍ നിന്നും ഐപിസിസിയെ തടഞ്ഞിട്ടുണ്ടെങ്കിലും, റിപ്പോര്‍ട്ട് സാധ്യമായ സാഹചര്യങ്ങളെ കുറിച്ച് വിശദീകരിക്കുകയും ഇപ്പോഴത്തെ നിലയില്‍ കാര്‍ബണ്‍ വികിരണം തുടരുകയാണെങ്കില്‍ സാധ്യതകള്‍ കൂടുതല്‍ കൂടുതല്‍ പരിമിതമാവുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.

'ഇപ്പോഴും വൈകിയിട്ടില്ല, എന്നാല്‍ നിങ്ങളുടെ കാത്തിരിപ്പിന്റെ നീളം കൂടും തോറും അത് വളരെ ചിലവേറിയതാവും,' റിപ്പോര്‍ട്ടിന്റെ കരട് തയ്യാറാക്കുന്നതില്‍ സഹകരിച്ച, വെസ്ലെയാന്‍ സര്‍വകലാശാല പ്രൊഫസര്‍ ഗാരി യോഹെ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

1990 കള്‍ മുതല്‍ തുടര്‍ച്ചയായി വരുന്ന ഐപിസിസി റിപ്പോര്‍ട്ടുകളില്‍ കാലാവസ്ഥ വ്യതിയാനവും മനുഷ്യന്റെ ഇടപെടലും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് വ്യക്തമായ ചിത്രങ്ങളാണ് നല്‍കുന്നത്. എന്നാല്‍ ഞായറാഴ്ച പുറത്തിറക്കിയ 'സങ്കലിത റിപ്പോര്‍ട്ട്' മുമ്പെങ്ങും ഇല്ലാത്ത വിധം ഇക്കാര്യം ഊന്നി പറയുന്നു. 1950 കള്‍ക്ക് ശേഷം കരയിലും സമുദ്രത്തിലുമുണ്ടായിട്ടുള്ള താപനം 'സമാനതകളില്ലാത്തത്' ആണെന്നും അതിന് പ്രധാനകാരണം മനുഷ്യന്റെ ഇടപെടല്‍ ആകാനുള്ള 'അങ്ങേയറ്റത്തെ സാധ്യത' - 95 അതില്‍ കൂടുതലോ ശതമാനം സാധ്യതയുള്ള കാര്യങ്ങള്‍ക്ക് ഐപിസിസി ഉപയോഗിക്കുന്ന പ്രയോഗം ആണ് കാണുന്നതെന്നും റിപ്പോര്‍ട്ട് ഉറപ്പിക്കുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം

റൂബെല്ലയ്ക്ക് പിറകെ റോട്ടാ വൈറസ് വാക്‌സിനും; മരുന്നുപരീക്ഷണശാലയാവുന്ന കേരളം
ഭരണകൂടത്തിന്‍റെ ചാരക്കണ്ണുകളില്‍ നിന്ന് ഐഫോണ്‍ നിങ്ങളെ രക്ഷിക്കുമോ?
നിയാണ്ടര്‍ത്താല്‍ പൂര്‍വികരുടെ ഫോസിലുകള്‍ സ്പെയിനില്‍
ആശുപത്രിയില്‍ ഇനി ടാബ്‌ലെറ്റും ആയുധം
എബോള ഉയര്‍ത്തുന്ന ധാര്‍മ്മിക പ്രതിസന്ധി

'കാലാവസ്ഥ സംവിധാനത്തിലുള്ള മനുഷ്യ സ്വാധീനം വ്യക്തമാണ്,' നയരൂപകര്‍ത്താക്കളെ ഉദ്ദേശിച്ച് തയ്യാറാക്കിയിരിക്കുന്ന 40 പേജ് വരുന്ന സംഗ്രഹത്തില്‍ പാനല്‍ അഭിപ്രായപ്പെടുന്നു.


2013 ന്റെ അവസാനം, ഐപിസിസി ഗവേഷണങ്ങളുടെ ആദ്യ റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍, ആഗോളതാപന നിരക്ക് സമീപ വര്‍ഷങ്ങളില്‍ 'ഇല്ലാതാവുകയോ' അല്ലെങ്കില്‍ അതിന്റെ വേഗത കുറയുകയോ ചെയ്തിട്ടുണ്ടെന്ന വിലയിരുത്തലിന് ഊന്നല്‍ നല്‍കാനാണ് വിമര്‍ശകര്‍ ശ്രദ്ധിച്ചത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന രേഖകള്‍ ഈ ആശയത്തെ പൂര്‍ണമായും നിരാകരിക്കുന്നു. കഴിഞ്ഞ 15 വര്‍ഷത്തെ താപന നിരക്ക് 1951 മുതലുള്ള നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞിട്ടുണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ, 'ഹൃസ്വകാലയളവിലുള്ള വ്യതിയാനങ്ങള്‍ വളരെ സൂക്ഷ്മവേധിയാണെന്നും അതിന്റെ തുടക്ക, അവസാന തീയതികള്‍ ദീര്‍ഘകാല കാലാവസ്ഥ വ്യതിയാനങ്ങളുടെ പൊതു പ്രതിഫലനമാവില്ലെന്നും,' അത് മുന്നറിയിപ്പ് നല്‍കുന്നു.

വളരെ ധൃതിപിടിച്ച ഒരു വിലയിരുത്തലാണെങ്കിലും, ഇപ്പോള്‍ വെളിയില്‍ വരുന്ന കണക്കുകള്‍ ആഗോളതാപനം കുറയാനുള്ള സാധ്യതകളെ കുറിച്ചുള്ള ആവകാശവാദങ്ങളെ തള്ളിക്കളയുന്നുണ്ട്: നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്റെ കണക്കുകള്‍ പ്രകാരം 2014 ല്‍ നാലു തവണ- മേയ്, ജൂണ്‍, ആഗസ്റ്റ്, സെപ്തംബര്‍- താപനില റിക്കോര്‍ഡുകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ വര്‍ഷമായി 2014 രേഖപ്പെടുത്താനുള്ള സാധ്യതകള്‍ വര്‍ദ്ധിക്കുകയാണ്.

ഇതുവരെയുള്ള എല്ലാ താപനങ്ങള്‍ക്കും കാരണം കഴിഞ്ഞ 60 വര്‍ഷങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വന്നിട്ടുള്ള കാര്‍ബണിന്റെയും മീഥെയ്‌ന്റെയും മറ്റു ഹരിതഗേഹ വാതകങ്ങളുടെയും വികിരണത്തിന്റെ ഫലമാണെന്ന് മുന്നറിയിപ്പിന്റെയും എന്നാല്‍ സങ്കീര്‍ണമായ സാങ്കേതികത്വത്തിന്റെയും ഭാഷയില്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സസ്യങ്ങളുടെ ശ്വാസോച്ഛാസവുമായി ബന്ധപ്പെട്ട് പ്രകൃതിയിലേക്ക് സ്വാഭാവികമായി വികിരണം ചെയ്യപ്പെടുന്ന ഒന്നാണ് കാര്‍ബണ്‍ ഡയോക്‌സൈഡ് എങ്കിലും അന്തരീക്ഷത്തില്‍ ഇത് അപകടകരമായ നിരക്കില്‍ അടിഞ്ഞുകൂടുന്നതിനുള്ള പ്രധാന കാരണം വാഹനങ്ങളിലും ഊര്‍ജ്ജശാലകളിലും ഫാക്ടറികളിലും ജൈവ ഇന്ധനം ഉപയോഗിക്കുന്നത് കൊണ്ടാണെന്നാണ് വിലയിരുത്തല്‍. ചൂടിനെ കുരുക്കിയിടുന്ന വാതകങ്ങളുടെ സാന്നിധ്യം വ്യാവസായിക പൂര്‍വ കാലഘട്ടത്തെക്കാള്‍ 70 ശതമാനം കൂടുതലാണ്. ഇത് 'കഴിഞ്ഞ 800000 വര്‍ഷങ്ങളുടെ ചരിത്രത്തില്‍ അഭൂതപൂര്‍വമായ' പ്രതിഭാസമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

താപനത്തിന്റെ അനന്തരഫലത്തെ കുറയ്ക്കുന്ന തരത്തില്‍ അധികമുണ്ടാവുന്ന താപത്തെ സമുദ്രങ്ങള്‍ ആകിരണം ചെയ്യുന്നു. എന്നാല്‍, 'എല്ലാ ഭൂഖണ്ഡങ്ങളിലെയും സമുദ്രങ്ങളിലെയും പരിസ്ഥിതി, മനുഷ്യ സംവിധാനങ്ങള്‍ക്ക്' കടുത്ത ആഘാതമാണ് കാലാവസ്ഥ വ്യതിയാനമെന്ന് പാനല്‍ ഉപസംഹരിക്കുന്നു. സമുദ്രനിരപ്പിന്റെ ഉയരം വര്‍ദ്ധിക്കുന്നതും കടുത്ത കാലാവസ്ഥകളും ചൂടേറിയ അന്തരീക്ഷ, സമുദ്ര താപനിലകളില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധന എന്നിവയാണ് പാനല്‍ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. കാര്‍ബണ്‍ ഡയോക്‌സൈഡ് അയിരക്കണക്കിന് വര്‍ഷങ്ങള്‍ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുമെന്നതിനാല്‍, ഇതുണ്ടാക്കുന്ന ചില അന്തരഫലങ്ങള്‍ ചിലപ്പോള്‍ നൂറ്റാണ്ടുകളോളം മാറ്റമില്ലാതെ നില്‍ക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

മനുഷ്യകാരണങ്ങളാല്‍ ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തിന്റെ വലിയ ഒരു ശതമാനവും നൂറ്റാണ്ടുകളോളം പരിഹരിക്കാനാവാതെ നിലനില്‍ക്കും,' റിപ്പോര്‍ട്ട് പറയുന്നു. ഉദാഹരണത്തിന് ധ്രുവങ്ങളിലെ മഞ്ഞ് ഉരുകുന്നത് മൂലം '2100ന് ശേഷവും സമുദ്രനിരപ്പ് വര്‍ദ്ധിച്ചുകൊണ്ടിരിക്കും.'

ശരാശരി ആഗോള താപനം 2 ഡിഗ്രി അല്ലെങ്കില്‍ 3.6 ഫാരന്‍ഹീറ്റില്‍ അധികമാകാതെ പിടിച്ചു നിറുത്തണമെന്ന ലക്ഷ്യത്തിലാണ് ശാസ്ത്രജ്ഞന്മാരും നയരൂപകര്‍ത്താക്കളും. ഇതിന് മുകളിലുള്ള ഏത് വര്‍ദ്ധനയും മനുഷ്യര്‍ക്കോ ആവാസവ്യവസ്ഥകള്‍ക്കോ താങ്ങാനാവില്ല എന്ന യാഥാര്‍ത്ഥ്യമാണ് ഇങ്ങനെ ഒരു ലക്ഷ്യം നിര്‍ണയിക്കുന്നതിനുള്ള അടിസ്ഥാന കാരണം. ഇത് നേടിയെടുക്കണമെങ്കില്‍ അന്തരീക്ഷത്തിലെ ഹരിതഗേഹ വാതകങ്ങളുടെ സാന്നിധ്യം പ്രതി മില്യണ്‍ 450 ഘടകങ്ങള്‍ എന്ന തോതില്‍ പിടിച്ചു നിറുത്താന്‍ സാധിക്കണമെന്ന് പാനല്‍ വ്യക്തമാക്കുന്നു. 2013 ലാണ് ആദ്യമായി വാതക സാന്നിധ്യം പ്രതി മില്യണ് 400 ഘടകങ്ങളില്‍ കൂടുതല്‍ ആയത്.

പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളിലേക്ക് അതിവേഗം മാറുമ്പോഴും അത്തരത്തിലുള്ള ഒരു തീവ്ര വെട്ടിക്കുറവെന്ന ദൗത്യം ഭയപ്പെടുത്തുന്നതാണെന്ന്, പാനല്‍ അംഗങ്ങള്‍ റിപ്പോര്‍ട്ട് സംബന്ധിച്ച അവസാന വിലയിരുത്തല്‍ നടത്തുന്നതിനിടെ കഴിഞ്ഞ ആഴ്ച ചേര്‍ന്ന യോഗത്തില്‍ ഐപിസിസി അദ്ധ്യക്ഷന്‍ രാജേന്ദ്ര പച്ചൗരി ചൂണ്ടിക്കാട്ടി.

'കാലാവസ്ഥ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതില്‍ പ്രതീക്ഷയില്ലെന്ന വികാരം തങ്ങളെ ഭരിക്കാന്‍ അനുവദിക്കരുതെന്ന് നയരൂപകര്‍ത്താക്കളോട് ഞാന്‍ വിനയപൂര്‍വം അപേക്ഷിക്കുന്നു,' പച്ചൗരി പറഞ്ഞു. 'ഇത് പ്രതീക്ഷയില്ലായ്മയല്ല. എന്നാല്‍ നമ്മുടെ ദൗത്യം എളുപ്പമാണെന്ന് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നില്ല'. പ്രധാനപ്പെട്ട നയരൂപീകരണ സമിതികളിലെല്ലാം പരിസ്ഥിതി നയങ്ങളെ സംബന്ധിച്ച വന്‍ വാദപ്രതിവാദങ്ങള്‍ക്ക് റിപ്പോര്‍ട്ട് കാരണമാകാന്‍ സാധ്യതയുണ്ട്. നേരത്തെയും കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും അങ്ങനെ ഒന്ന് ഉണ്ടോ എന്നതിനെ സംബന്ധിച്ചും നയരൂപീകരണ സമിതികളില്‍ വന്‍ വാദപ്രതിവാദങ്ങള്‍ നടന്നിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിന് അപ്പുറത്തേക്ക് സഞ്ചരിക്കുന്നതിനുള്ള സമയം ആഗതമായതായി റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിച്ചുകൊണ്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അഭിപ്രായപ്പെട്ടു. 'ഇത്തരം കടുത്ത യാഥാര്‍ത്ഥ്യങ്ങളുടെ ഇല്ലെങ്കില്‍ വലിയ ദുരന്തങ്ങളെ ഒഴിവാക്കാന്‍ നമുക്ക് സാധിക്കാതെ വന്നേക്കാം,' ഒരു പ്രസ്ഥാവനയില്‍ കെറി അഭിപ്രായപ്പെട്ടു. 'പ്രത്യയശാസ്ത്രത്തെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചുമുള്ള ചര്‍ച്ചകളില്‍ നമ്മള്‍ കുരുങ്ങി കിടക്കുന്നിടത്തോളം നടപടികള്‍ സ്വീകരിക്കാതിരിക്കുന്നത് മൂലമുണ്ടാകുന്ന നഷ്ടം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. ഈ റിപ്പോര്‍ട്ടില്‍ വളരെ വ്യക്തമായി വിശദീകരിക്കുന്ന ശാസ്ത്രത്തെ കുറിച്ച് അഭിപ്രായ വ്യത്യാസമുള്ളവരും ഇതിനെ നിരാകരിക്കാന്‍ ആഗ്രഹിക്കുന്നവരും നമ്മുടെ എല്ലാം ജീവനും നമ്മുടെ കുഞ്ഞുങ്ങളുടെയും പേരക്കുട്ടികളുടെയും ഭാവിക്കും ഭീഷണിയാവുകയാണ്.'


Next Story

Related Stories